സുറിയാനി ഓർത്തഡോക്സ് സഭയിലെ ഭവന വിശുദ്ധീകരണത്തിന്റെ ദൈവശാസ്ത്രം


ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ


[ _മഞ്ഞിനിക്കര ദയറയിലെ പ്രിയ സഹപാഠി സുവിശേഷ സമാജത്തിന്റെ വന്ദ്യ ബിൻസു അച്ചന്റെ നിർദേശ പ്രകാരം എഴുതിയത്_ ]



മുഴുവൻ ഭൗതിക ലോകത്തിനും ദിവ്യകാരുണ്യത്താലും കൃപയാലും നിറയാൻ കഴിയുമെന്നും വിശ്വാസിയുടെ ഭവനം ഒരു "ഗാർഹിക സഭ" ആണെന്നുമുള്ള പരിശുദ്ധ സഭയുടെ വിശ്വാസത്തിൽ വേരൂന്നിയതാണ് വെള്ളം വാഴ്‌വിന്റെ ക്രമവും ഭവന ശുദ്ധീകരണവും . ഈ ആചാരത്തെ ജാതികളുടെ പോലുള്ള ഒരു "മാന്ത്രിക" ആചാരം ആയിട്ടല്ല, മറിച്ച് ക്രിസ്തുവിനെ നമ്മുടെ കുടുംബത്തിന്റെ എല്ലാ ദൈനംദിന ജീവിതത്തിന്റെ കാര്യങ്ങളിലും ഉൾക്കൊള്ളിക്കാനുള്ള ഒരു ക്ഷണമായിട്ടാണ് കാണുന്നത്.


കൽസ്സിദോന്യ ഓർത്തഡോൿസ്‌ സഭകളിൽ ഇത് ദനഹായ്ക്കു ശേഷവും സുറിയാനി സഭയിൽ ഇത് ഉയിർപ്പ് കഴിഞ്ഞു പെന്തകോസ്തിയ്ക്കു മുൻപുള്ള ദിവസങ്ങളിൽ ആണ് നടത്തുന്നത്. ഈ ദിവസങ്ങളിൽ പരിശുദ്ധ സഭയുടെ എല്ലാ ഭാവനങ്ങളിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിനെ ക്ഷണിക്കുക ആണ്. അങ്ങനെ നമ്മുടെ ക്ഷണം സ്വീകരിച്ചു നമ്മുടെ ഭവനങ്ങളിലേക്കുള്ള കർത്താവിന്റെ പ്രവേശനം മൂലം സുവിശേഷത്തിൽ പറയുന്നത് പോലെ "ഇവനും അബ്രഹാമിന്റെ പുത്രൻ അകയാൽ ഇന്നീ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു, നഷ്‌ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്‌ഷിക്കാനാണ്‌ മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌" (ലൂക്കോസ് 19 :9- 10) എന്നുള്ള തിരുവചനം നമ്മളിൽ നിറവേറുന്നു. ഇത് ഒരു ലിറ്റർജിക്കൽ പാരമ്പര്യത്തിലൂടെ സഭ അനുഷ്ഠിയ്ക്കുന്നു.


കൽക്കിദോന്യ സഭകളിൽ ഇത് ദനഹാ പെരുന്നാൾ ആയിട്ടു ബന്ധപ്പെട്ടു ആണ് എന്ന് പറഞ്ഞുവല്ലോ. കാരണം, യഥാർത്ഥത്തിൽ സുറിയാനി സഭയിൽ ദനഹാ പെരുന്നാളിൽ വെള്ളം വാഴ്വിന്റെ ക്രമം പണ്ട് ഇല്ലായിരുന്നു, എന്നാൽ ക്രിസ്തുവിന്റെ മാമോദിസയുടെ ഓർമ്മയുടെ ആചരണം ആയിരുന്നു ഉണ്ടായിരുന്നത്. മറ്റു ഓർത്തഡോൿസ്‌ സഭകളുടെ സ്വാധീനം മൂലം ആണ് വെള്ളം വാഴ്വിന്റെ ക്രമം പിന്നീട് നമ്മുടെ സഭയിൽ കടന്നു വന്നത്. അതുകൊണ്ട് തന്നെ ഭവന കൂദാശ്ശയുടെ വെള്ളം വാഴ്വിന്റെ ക്രമം പുരാതന കാലത്ത് എന്നത് പോലെ ഭവനത്തിൽ വച്ച് തന്നെ തത്സമയം ചെയ്തു വരുന്നു.


"നിങ്ങളുടെ വീടിനെ ഒരു ദൈവാലയമാക്കുക" എന്നു തന്റെ ഉല്പത്തിയെക്കുറിച്ചുള്ള പ്രഭാഷണത്തിൽ വിശുദ്ധ ജോൺ ക്രിസോസ്റ്റം പ്രബോധിപ്പിച്ച് എഴുതി. വിശ്വാസിയുടെ വീട് വെറുമൊരു മതേതരമായ താമസകേന്ദ്രമല്ല, മറിച്ച് അപ്പനും അമ്മയും മക്കളും എല്ലാം ചേർന്നു ഒരു സഭയായി പ്രവർത്തിക്കുന്ന ഒരു പവിത്രമായ ഇടമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. വിശ്വസിയുടെ കുടുംബത്തെ ഒരു "ചെറിയ സഭ" എന്ന് പരാമർശിക്കുന്നതിലൂടെ, കുടുംബജീവിതത്തിന്റെ ദൈനംദിന ഇടപെടലുകൾ അതായത് ഭക്ഷണം കഴിക്കൽ, സംസാരിക്കൽ, ജോലി ചെയ്യൽ തുടങ്ങി എല്ലാം സുവിശേഷത്തിൽ ജീവിക്കപ്പെടുന്നതിനുള്ള പ്രാഥമിക ആരാധനാക്രമങ്ങളാണെന്ന് അദ്ദേഹം പഠിപ്പിച്ചു.


ഈ ദൈവശാസ്ത്രം വിശുദ്ധിയുടെ ശ്രദ്ധയെ ഒരു ഇടവക ദൈവാലയവുമായി മാത്രം ബന്ധിപ്പിച്ചിരിക്കുന്നതിൽ നിന്ന് മാറ്റുന്നു. വിശുദ്ധ ക്രിസോസ്റ്റമിന്റെ വീക്ഷണത്തിൽ, ഒരു വീട് പ്രാർത്ഥന, തിരുവെഴുത്ത്, പരസ്പര സ്നേഹം എന്നിവയാൽ നിറഞ്ഞിട്ടുണ്ടെങ്കിൽ, അത് ക്രിസ്തു തലയായിരിക്കുന്ന ഒരു "ആത്മീയ ഭവനം" ആയി മാറുന്നു. അതിനാൽ, മനുഷ്യ അസ്തിത്വത്തിന്റെ ഒരു ഭാഗവും "അപ്രധാനമല്ല" അല്ലെങ്കിൽ ദൈവത്തിന്റെ പരിധിക്ക് പുറത്തുള്ളതല്ലെന്ന് തിരിച്ചറിയുന്ന പ്രക്രിയയാണ് ഭവനത്തിന്റെ വിശുദ്ധീകരണം. ഒരു പുരോഹിതൻ ഒരു വീടിനെ അനുഗ്രഹിക്കുമ്പോൾ, അദ്ദേഹം ഈ യാഥാർത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ചുവരുകൾ, അടുക്കള, മേശ, കിടപ്പുമുറികൾ എന്നിവയെല്ലാം പരിശുദ്ധാത്മാവിന് പ്രവർത്തിക്കാനുള്ള വേദികളാണെന്നത് അദ്ദേഹം സ്ഥിരീകരിക്കുന്നു. കൂടാതെ, മാതാപിതാക്കൾ ഈ ഗാർഹിക വിശുദ്ധമന്ദിരത്തിലെ "പുരോഹിതന്മാരായി" പ്രവർത്തിക്കുന്നുവെന്ന് വിശുദ്ധ ക്രിസോസ്റ്റം ഊന്നിപ്പറഞ്ഞു. ബൈബിൾ വായിക്കുന്നതിലൂടെയും ഒരുമിച്ച് സ്തുതിഗീതങ്ങൾ ആലപിക്കുന്നതിലൂടെയും, കുടുംബം അവരുടെ താമസസ്ഥലത്തെ ലോകത്തിൽ നിന്നുള്ള ഒരു അഭയസ്ഥാനമാക്കി മാറ്റുന്നു. ഈ "ചെറിയ സഭ" വലിയ സഭാശരീരത്തിന്റെ അടിസ്ഥാന ഘടകമായി വർത്തിക്കുന്നു; വിശ്വസിയുടെ വീട് വിശുദ്ധീകരിക്കപ്പെടുകയും അത് സമാധാനപരവുമാണെങ്കിൽ, മുഴുവൻ സഭാ സമൂഹവും ശക്തിപ്പെടുത്തപ്പെടുകയും ചെയ്യുന്നു.


വിശുദ്ധ പത്രോസ് മാമോദിസയുടെ വെള്ളത്തെ ക്രിസ്തുവിന്റെ രക്തത്തോട് ഉപമിച്ചത് നമുക്ക് 1 പത്രോസ് 1:1 ലെ ആശംസകളിലൂടെ കാണുവാൻ കഴിയും. "അവന്റെ രക്തത്താൽ തളിക്കപ്പെടുന്നതിനും വേണ്ടി" എന്നുള്ളത് മൂലഭാഷയിൽ "അവന്റെ രക്തത്താൽ സ്നാനപ്പെടുന്നതിനും വേണ്ടി" എന്നാണ്. ഇവിടെ വാഴ്ത്തപ്പെട്ട വെള്ളത്തെ ക്രിസ്തുവിന്റെ രക്തത്തോട് വിശുദ്ധ പത്രോസ് അലങ്കാരപ്പെടുത്തുന്നത് വഴി പരിശുദ്ധ സഭയിൽ 'വെള്ളം' ക്രിസ്തുവിന്റെ രക്തത്തിന്റെ ഒരു 'പ്രതീകം' ആയി പ്രായോഗിക്കപ്പെടുന്നു. എന്നാൽ വിശുദ്ധ കുർബാനയിൽ വീഞ്ഞു 'പ്രതീകം' അല്ല 'യഥാർത്ഥ' രക്തം ആയി രൂപാന്തരപ്പെടുന്നു. യഥാർത്ഥത്തിൽ ഉള്ള രക്തം പുതിയ നിയമത്തിന്റെ പാനം ചെയ്യപ്പെടെണ്ട രക്തം ആണെങ്കിൽ 'പ്രതീക രക്തം' വിശ്വസിയുടെ മാമോദിസയ്ക്കും അവന്റെ ഭവനത്തിൽ നിന്നും 'സംഹാരകൻ' കടന്നു പോയി 'രക്ഷകൻ' പ്രവേശിക്കുവാനുള്ള "മുദ്രയ്ക്കും തളിപ്പിനും" ആയിട്ടു പ്രയോജനപ്പെടുന്നു.


ഭവന കൂദാശ്ശയുടെ വെള്ളം "പ്രതീക രക്തം" ആണ്.പഴയ നിയമത്തിൽ പെസഹയ്ക്കു അറുക്കപ്പെട്ട കുഞ്ഞാടിന്റ രക്തം കട്ടിളപടിയിൽ നെടുകയും കുറുകയും (കുരിശ് അകൃതി) മുദ്രകുത്തിയപ്പോൾ "സംഹാര ദൂതൻ" കടന്നു പോയി. ഭവന ശുദ്ധീകരണത്തിൽ വാഴ്വിന്റെ വെള്ളം നമുക്ക് വേണ്ടി കുരിശിൽ അറുക്കപ്പെട്ട മിശിഹാ കുഞ്ഞാടിന്റ രക്തത്തിന്റെ പ്രതീകം ആയതിനാൽ കട്ടിളപടിയിൽ റൂശ്മാ ചെയ്യുമ്പോൾ "സംഹാരകൻ" അകന്നു പോകുന്നു. വീണ്ടും, അത് ഭവനത്തിൽ തളിക്കുമ്പോൾ ആ ഭവനം യേശുവിന്റെ രക്തം കൊണ്ടുള്ള തളിപ്പ് മൂലം രക്ഷ പ്രാപിക്കുന്നു. യേശു ആ വീടിന്റെ രക്ഷകൻ ആയി പ്രഖ്യാപിക്കപെടുകയും, അവനെ ക്ഷണിക്കുകയും അവൻ അവിടെ പ്രവേശിച്ച് അവരോട് കൂടി വസിക്കുകയും ചെയ്യുന്നു.


ഉപസംഹാരമായി പറയട്ടെ, നിങ്ങൾ ഒരു യഥാർത്ഥ വിശ്വാസി ആണെങ്കിൽ ഇടവക ദൈവാലയത്തെ പരിശുദ്ധാമാവിൽ പുതുക്കി ഉറപ്പിക്കുന്ന പെന്തകോസ്ത് പെരുന്നാളിന് മുൻപ് തന്നെ നിങ്ങളുടെ "ഗാർഹിക ദൈവാലയത്തെ" യേശുവിന്റെ രക്തം കൊണ്ട് തളിച്ചും അതിന്റെ കട്ടിള പടികൾ വിശുദ്ധ സ്ലീബാ അടയാളത്താൽ മുദ്രകുത്തിക്കൊണ്ടും നിങ്ങളുടെ കുടുംബസഭയുടെ പെരുന്നാൾ ആഘോഷിക്കുക. ഭവന ശുദ്ധീകരണം എന്നത് നിങ്ങളുടെ കുടുംബം പത്രോസ് പറയുന്ന പോലെ ദൈവിക സ്വഭാവത്തിൽ പങ്കുകാർ (2 പത്രോസ് 1:4) ആകുവാനുള്ള ഒരു ശ്രേഷ്ഠ ശുശ്റൂക്ഷ ആകുന്നു. എന്തെങ്കിലും ന്യായങ്ങൾ പറഞ്ഞു അത് ഒഴിവാക്കുന്നത് നിങ്ങളുടെ കുടുംബത്തെ ആ ദൈവസ്വഭാവത്തിൽ നിന്നും അകറ്റുന്നതിന് കാരണം ആകുന്നു. എന്നാൽ അനുസരിച്ചു പ്രവർത്തിക്കുന്നവർ കൂടുതൽ അനുഗ്രഹിക്കപ്പെടുന്നു.
 

അഭിപ്രായങ്ങള്‍