ബാർ യുഹാനോൻ റമ്പാൻ
റമ്പാച്ചാ! ഷിബു പീടിയേക്കൽ പഠിപ്പിക്കുന്നത് പോലെ 'യഹോവ' ഒരു ഗോത്ര ദൈവം ആണോ? കണിയാപറമ്പിൽ അച്ചൻ തർജ്ജ്ജിമ ചെയ്ത വിശുദ്ധ ഗ്രന്ഥത്തിൽ എന്തുകൊണ്ട് ആണ് 'യഹോവ' യ്ക്ക് പകരം കർത്താവ് എന്നു കൊടുത്തിരിക്കുന്നത്? ഇത്തരം ചോദ്യങ്ങൾ ധാരാളമായി എനിക്കു കിട്ടികൊണ്ടിരിക്കുന്നു. ദീർഘമായ ഒരു ലേഖനം എഴുതാൻ ഇപ്പോൾ സമയവും സാഹചര്യവും ഇല്ല. എന്നാൽ വളരെ പ്രധാനപ്പെട്ട ഈ വിഷയം കണ്ടില്ല എന്നു നടിക്കുന്നത് ശരിയല്ലല്ലോ.
പൂർവികരാൽ നിലനിർത്തപ്പെട്ടു പോന്നതും, അപ്പോസ്‌തോലൻമാരാൾ ഭരമേൽപ്പിക്കപ്പെട്ടതുമായ സുവിശേഷത്തിന്റെ മർമ്മത്തിൽ നിന്നും വളരെ പെട്ടന്ന് 'മറ്റൊരു സുവിശേഷം' കേട്ടപ്പോൾ വീണുപോയ വിശ്വാസികൾക്ക് വേണ്ടി ഇത് ചുരുക്കി എഴുതുന്നു. നിങ്ങളെ ഞാൻ എങ്ങനെ അഭിസംബോധന ചെയ്യേണ്ടു, പൗലോസ് ഗലാത്യരെ വിളിച്ചപോലെ 'ബുദ്ധിയില്ലാത്തവരെ' എന്നു വിളിക്കണോ. ഞായറാഴ്ച തോറും 'പൗലോസ് ശ്ലീഹാ ധന്യൻ ചൊൽ.... ' എന്നു ആവർത്തിച്ച് പാടിയിട്ടും നിങ്ങളെ ഞങ്ങൾ അറിയിച്ച സുവിശേഷം വിട്ട് 'മറ്റൊരുവൻ വന്നറിയിച്ചപ്പോൾ' ശാപം ഏൽക്കാനായിട്ടാണോ അവനെ നിങ്ങൾ ഒരു ദൂതനെ പോലെ കൈക്കൊണ്ടത്.
യഹോവയായ ദൈവം ഗോത്ര ദൈവവും ക്രൂരനുമാണ് എന്നു പഠിപ്പിച്ച മാർസിയോനെ സഭ ശപിച്ച് തള്ളിയത് നിങ്ങൾ പഠിച്ചിട്ടില്ലയോ. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ശിക്ഷ്യനും അപ്പോസ്തോലിക പിതാവുമായ സ്മിർണ്ണായിലെ പോളികോർപ്പസ് ഈ വേദവിപരീതം പഠിപ്പിച്ച മാർസിയോനെ ശപിച്ച് പറഞ്ഞത് അവൻ 'സാത്താന്റെ ആദ്യജാതൻ' എന്നാണ്. മാത്രമല്ല, മാർസിയോനെ പോലെ യഹോവയായ ദൈവത്തെ ഗോത്രദൈവമോ, പഴയ നിയമത്തിലെ ദൈവമോ, ക്രൂരനായ ദൈവമോ അഥവാ സത്യത്തിനു വിരുദ്ധമായി
മറ്റെന്തെങ്കിലും രീതിയിലോ തുഛീകരിച്ച് പഠിപ്പിക്കുകയോ അങ്ങനെ വിശ്വസിക്കുകയോ ചെയ്യുന്നവരെയും 'പിശാചിന്റെ മക്കൾ' ആയിട്ടാണ് വിശുദ്ധ പോളികോർപ്പ് കരുതിയത്.
അതുകൊണ്ട് യു ട്യൂബ് അപ്പോസ്തോലൻ ഏതു ആത്മാവിൽ ഉള്ളവൻ എന്നു നിങ്ങൾ ശോധന ചെയ്യുവിൻ. നിസ്സായിലെ ഗ്രിഗോറിയോസ് പിതാവു തന്റെ സഹോദരിയായ വിശുദ്ധ മക്രീനായ്ക്കു എഴുതിയത് ഇത്തരം തത്വചിന്തകളെ നിങ്ങൾ തിരുവെഴുത്തുകളുടെ സഹായത്താൽ വിവേചിച്ച് പഠിക്കുവിൻ എന്നാണ്. എന്തുകൊണ്ടന്നാൽ വിശുദ്ധ ഗ്രിഗോറിയോസ് പറയുന്നത് തിരുവിഴുത്തുകൾ ദൈവനിശ്വാസനീയമാണ് അതുകൊണ്ട് അത് സഭയുടെ എഴുതപ്പെട്ട ആധികാരിക രേഖയെന്നും ആകുന്നു. പിശാചിന്റെ ആത്മാവിൽ ഉള്ളവൻ തിരുവെഴുത്തുകളെ ടോയ്ലറ്റ് പേപ്പറിനോട് ആണ് ഉപമിച്ചത് എന്നു നിങ്ങൾ ഓർത്തു കൊള്ളണം. ദൈവാത്മാവിൽ ഉള്ളവൻ ഒരിക്കലും അപ്രകാരം തമാശയ്ക്കു പോലും പറയുകയില്ല. എന്തുകൊണ്ടന്നാൽ പരിശുദ്ധ രൂഹയ്ക്ക് എതിരെയുള്ള പാപം നിലനിൽക്കുന്നത് ആണെന്ന് കർത്താവ് തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
കൂടാതെ ഇവൻ പരിശുദ്ധ ശ്ലീഹന്മാരെ അധിഷേപിക്കുകയും എന്നാൽ 'സുറിയാനി സഭയുടെ പിതാക്കന്മാർ" തയ്യാർ ആക്കിയോ ആരാധന ക്രമത്തിൽ മാത്രം ആണ് സത്യം ഉള്ളത് എന്ന് പഠിപ്പിക്കുകയും ചെയ്തു. അപ്പോസ്തോല പ്രവർത്തികൾ 15 ആം അദ്ധ്യായത്തിൽ അപ്പോസ്തോലന്മാർ തള്ളി കളഞ്ഞ യൂദക്രിസ്ത്യാനികളുടെ 'മതവാദം' മറ്റൊരു വിധത്തിൽ പഠിപ്പിച്ചു കൊണ്ടു ഇവൻ അനേകരെ വഴി തെറ്റിച്ചു. സഭാ പിതാക്കന്മാരുടെ രചനകൾ തീർച്ചയായും നല്ലത് ആണ് പക്ഷേ അവ 'തിരുവെഴുത്തുകൾ' എന്നത് പോലെ എഴുതപ്പെട്ടത് അല്ല. പിതാക്കന്മാരുടെ ആരാധനക്രമങ്ങൾ ആരാധനയുടെ ഭംഗിയ്ക്കും, പൂർണ്ണതയ്ക്കും മറ്റുമായി നമ്മൾ ഉപയോഗിക്കുമ്പോൾ അത് എല്ലാം തന്നെ വിശുദ്ധ ഗ്രന്ഥത്തിനു അനുരൂപമായി രചിക്കപ്പെട്ടതും സുവിശേഷത്തിന്റെ ആരാധനപരമായ വിഷയത്തിൽ ഉള്ള പ്രായോഗിക സമീപനവും ആയി കാണണം. വിശ്വാസം പഠിക്കുവാനുള്ള പ്രധാന ആധികാരിക ശ്രോതസ്സ് വിശുദ്ധ ഗ്രന്ഥം ആണ് (എന്നാൽ വിശുദ്ധ ഗ്രന്ഥം മാത്രം അല്ല മറ്റു ശ്രോതസ്സും ഉണ്ട് സഭയിൽ ).
'യഹോവ' എന്ന പദം തന്റെ നിത്യനാമം ആയിട്ട് ആദ്യമായി ഉപയോഗിച്ചത് നമ്മുടെ ദൈവം തന്നെ ആകുന്നു. മോശ ദൈവത്തോട് അവന്റെ പേര് ആരായുമ്പോൾ ദൈവം അവനു കൊടുത്ത തന്റെ നിത്യമായ നാമം 'എഹ് യാഹ് ആശേർ എഹ് യാഹ് ' എന്നതിന്റെ ചുരുക്കമാണ് 'യാഹ്' അഥവാ 'യഹോവ'. ഇപ്രകാരം എഴുതപെട്ടിരിക്കുന്നു,
"13 മോശ ദൈവത്തോട്: ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ പക്കല്‍ അയച്ചിരിക്കുന്നു എന്നുപറയുമ്പോള്‍; അവന്‍റെ നാമം എന്ത് എന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം എന്നു ചോദിച്ചു. 14 അവന്‍ പറഞ്ഞത്: ആഹിയാഹ് ആശാറാഹിയാഹ്. നീ ഇസ്രായേല്‍ മക്കളോട് ഇപ്രകാരം പറയുക: ആഹിയാഹ് എന്നെ നിങ്ങളുടെ പക്കല്‍ അയച്ചിരിക്കുന്നു. 15 ദൈവം വീണ്ടും മോശയോടു പറഞ്ഞത്: നീ ഇസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം, അബ്രഹാമിന്‍റെ ദൈവം, ഇസഹാക്കിന്‍റെ ദൈവം, യാക്കോബിന്‍റെ ദൈവം എന്നെ നിങ്ങളുടെ പക്കല്‍ അയച്ചിരിക്കുന്നു." (പുറപ്പാട് 3:13-15a)
ഇപ്രകാരം, അബ്രഹാമിന്റെയും ഇസഹാഖിന്റെയും യാക്കോബിന്റെയും ദൈവം തന്നെ ആണ് മോശയോട് തന്റെ പേര് 'എഹ് യാഹ്' അഥവാ 'യാഹ്' എന്നു സ്വയം വെളിപ്പെടുത്തിയത്. വീണ്ടും ഈ നാമം എല്ലാ നാമത്തേക്കാൾ പ്രധാനമാണ് എന്നുള്ളത് വാക്യം 15b യിൽ തുടർന്നുള്ള വാക്കുകളിൽ കാണാൻ സാധിക്കുന്നു. മറ്റു നാമങ്ങൾ എല്ലാം ദൈവത്തിന്റെ നിത്യ നാമത്തിന്റെ വിശേഷണങ്ങൾ മാത്രം ആകുന്നു എന്നുള്ളത് തുടർ വാക്യങ്ങൾ വെളിപ്പെടുത്തുന്നത് ഇപ്രകാരം ആണ്, "എന്നേക്കും എന്‍റെ നാമം ഇതാണ്; തലമുറ തലമുറകളിലേക്ക് എന്‍റെ സ്മരണയും ഇതുതന്നെ." ഇത് സാക്ഷാൽ ദൈവം നേരിട്ടു മോശയ്ക്കു വെളിപ്പെടുത്തിയ സത്യം ആണ്. ഇത് വെളിപ്പെടുമ്പോൾ വിശുദ്ധ തൃത്വമായി ആണ് വെളിപ്പെട്ടത് എന്നു സ്‌റൂഗിലെ മോർ യാക്കോബ് തന്റെ എരിയാതെ എരിയുന്ന മുൾമരത്തെപ്പറ്റിയുള്ള വ്യാഖ്യാനം വഴി പഠിപ്പിക്കുന്നു. അതിന്റെ അർത്ഥം യഹോവ എന്ന നിത്യമായ നാമം പിതാവും പുത്രനും പരിശുദ്ധ റൂഹായും ആയുള്ള ഏക സത്യ ദൈവത്തിന്റെ നിത്യമായ നാമം ആകുന്നു.
അങ്ങനെ എങ്കിൽ എന്തുകൊണ്ട് ആണ് മോശയ്ക്കു മുൻപ് ഈ നാമത്തിൽ ദൈവം അറിയപ്പെടാഞ്ഞത് എന്നുള്ള ഒരു ചിന്ത നമുക്ക് ഉണ്ടാകാം. അതിനുള്ള ഉത്തരവും ദൈവം മോശയ്ക്കു കൊടുക്കുന്നുണ്ട്, പുറപ്പാട് 6 : 2-3 വാക്യങ്ങളിൽ ദൈവം അരുൾ ചെയ്തത്, " കര്‍ത്താവു മോശയുമായി സംസാരിച്ചു: ഞാന്‍ കര്‍ത്താവു ആകുന്നു. 3 ഈല്‍ ശാദായ് (സര്‍വശക്തനായ ദൈവം) ആയി ഞാന്‍ അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും വെളിപ്പെട്ടു. എന്‍റെ നാമം ഞാന്‍ അവരെ അറിയിച്ചില്ല" എന്നാണ്.
ഇതിൽ നിന്നും അബ്രഹാം പിതാവ് ഉൾപ്പെടെ ഉള്ള സകല ഗോത്രപിതാക്കന്മാരും മുൻപ് ദൈവത്തെ അറിഞ്ഞത് 'സർവ്വശക്തനായ ദൈവം' (ഈൽ ശദ്ദായ്) എന്ന പേരിൽ ആണ് പക്ഷേ ദൈവം താൻ ആഗ്രഹിച്ച സമയത്ത് മോശ വഴി തന്റെ 'യാഹ്' നിത്യമായ നാമം വെളിപ്പെടുത്തി കൊടുത്തു. കൂടാതെ തന്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്നൊരു കല്പനയും കൊടുത്തു.
നമ്മുടെ പ്ശീത്താ സുറിയാനി ബൈബിൾ പരിഭാഷയിൽ യാഹ് അല്ലെങ്കിൽ യഹോവ എന്നു ഉള്ളിടത്തു എല്ലാം പകരം 'കർത്താവ്' എന്നു കൊടുത്തിട്ടുണ്ട്. ഇതിന്റെ കാരണവും പരിഭാഷകൻ തന്റെ ആമുഖകുറിപ്പിൽ പറയുന്നുണ്ട്. യഥാർത്ഥത്തിൽ 'യാഹ്' എന്നുള്ള നാമം ഉച്ചരിക്കാൻ പോലും ഇസ്രായേൽ മക്കൾ ഭയപെട്ടിരുന്നു. പഴയ നിയമം പകർത്തി എഴുതുമ്പോൾ യാഹ് എന്നു എഴുതാൻ അവർ പ്രത്യേകമായ എഴുത്തു കോൽ ഉപയോഗിച്ച് വന്നിരുന്നു. പുസ്തകം വായിക്കുമ്പോൾ യാഹ് എന്ന് എഴുതപ്പെട്ട ഭാഗം വരുമ്പോൾ എല്ലാം അവർ പകരം 'അഡോണായ്' എന്നുള്ള പേര് ഉപയോഗിച്ച് കൊണ്ടു തങ്ങൾക്കു ദൈവത്തിന്റെ നിത്യമായ നാമത്തോടുള്ള ബഹുമാനം പ്രകടിപ്പിച്ചു. ഇത് ഒരു പാരമ്പര്യം ആയി മാറി. പിന്നീട് റബ്ബിമാരുടെ ഈ പാരമ്പര്യം മൂലം ചുരുക്കമായ ചില സ്ഥലങ്ങളിൽ ഒഴിച്ച് എല്ലായിടത്തും അഡോണായ് എന്നു ചേർത്ത് എഴുതാൻ തുടങ്ങി. സുറിയാനി തർഗം മറ്റും വികസനം പ്രാപിച്ചപ്പോൾ അവിടെ എല്ലാം അഡോനായ് എന്നുള്ളതിന് പകരം 'മോറിയോ' എന്നു ചേർക്കാൻ തുടങ്ങി. ഗ്രീക്കിൽ പരിഭാഷ ചെയ്തപ്പോൾ ഈ സ്ഥാനത്ത് 'കുറിയോസ്' എന്നു ചേർത്ത് എഴുതാൻ തുടങ്ങി. ഇങ്ങനെ യാഹ് എന്നുള്ള നിത്യമായ നാമം ഉച്ചരിക്കാതെ എഴുതാതെ ഹൃദയത്തിൽ മാത്രം ഉരുവിട്ട് കൊണ്ടു നിലനിർത്തി പോന്നു.
അവസാനമായി ഗ്രീക്ക് പരിഭാഷ ചെയ്തപ്പോൾ വിവർത്തകർ ചെയ്ത ഒരു സംഗതി കൂടി വെളിപ്പെടുത്തികൊണ്ടു ഞാൻ ഉപസംഹരിക്കട്ടെ. ഗ്രീക്കിലേക്ക് പഴയ നിയമം തർജ്ജിമ ചെയ്തപ്പോൾ യാഹ് എന്നുള്ളത് വന്നിടത് എല്ലാം അവർ കുറിയോസ് (കർത്താവ് ) എന്നുള്ള പദം ചേർത്ത് എഴുതി എന്നു മുൻപ് പറഞ്ഞുവല്ലോ. എന്നാൽ പുറപ്പാട് 3:14 ലും 6:3 ലും അങ്ങനെ ചെയ്യാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് യഹോവ എന്നുള്ളത് അവിടെ എഴുതാൻ അവർ നിർബന്ധിതരായി. എന്നാൽ യാഹ് ന്റെ നിത്യമായ നാമം തർജ്ജിമ ചെയ്യാൻ അവർ ഭയപ്പെട്ടു. അതിനു അവർ ഒരു ഉപായം കണ്ടെത്തി ഹീബ്രു ഭാഷയിൽ യാഹ് എന്നു എഴുതിയാൽ എങ്ങനെ ഇരിക്കുമോ അതുപോലെ തോന്നുന്നവിധത്തിൽ ഗ്രീക്കിലുള്ള രണ്ടു അക്ഷരങ്ങൾ (അയോട്ട, പൈ) ഉപയോഗിച്ച് അവർ ഒരു സിംബൽ ഉണ്ടാക്കി ചേർത്തു. ഈ ഗ്രീക്ക് സിംബൽ ഗ്രീക്ക് വായിക്കും പോലെ വായിച്ചാൽ 'പിപി' എന്നാണ് വരുന്നത് പക്ഷേ കാഴ്ചയിൽ ഇത് ഹെബ്രായ പഴയ നിയമത്തിൽ യാഹ് എന്നു എഴുതപ്പെട്ടത് പോലെ തോന്നുകയും ചെയ്യുന്നു. ഈ ചരിത്രം വിശുദ്ധ ജെറോമും, മോർ ഗ്രിഗോറിയോസ് ബാർ എബ്രയ തന്റെ പുറപ്പാട് വ്യാഖ്യാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം മനസ്സിലാക്കുന്നത് അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം മോശയ്ക്കു വെളിപ്പെടുത്തി കൊടുത്ത തന്റെ നിത്യമായ നാമം ആണ് യഹോവ എന്നുള്ളത് എന്നാണ്.
അവസാനമായി, ചിലർ വിചാരിക്കും പോലെ ഇത് പിതാവായ ദൈവത്തിന്റെ മാത്രം നാമം അല്ല, ഇത് പുത്രന്റെയും, റൂഹ് കുദിശ്ശയുടെയും കൂടി ചേർന്നുള്ള പൊതു നാമം ആണ്. യേശു എന്നുള്ള പേരിൽ പോലും ഇത് മറഞ്ഞു കിടപ്പുണ്ട്. യേശു എന്നുള്ള പേരിന്റെ അർത്ഥം 'യഹോവ രക്ഷ ആകുന്നു' എന്നാകുന്നു.
പ്രിയപ്പെട്ട വിശ്വാസികളുടെ സമൂഹമേ, നിങ്ങൾക്കു വിശ്വാസം പഠിക്കുവാൻ ധാരാളം മാർഗ്ഗങ്ങൾ സഭയിൽ ഉള്ളപ്പോൾ എന്തിനാണ് പിശാചിന്റെ കെണിയിൽ വീഴാൻ പോകുന്നത്. യേശു യഹോവ അല്ല എന്നു പറയുന്നവൻ ആരോ അവൻ ശപിക്കപെട്ടവൻ.
പിതാവും പുത്രനും പരിശുദ്ധ റൂഹായും ആയ സത്യ ഏക ദൈവം സാക്ഷാൽ യാഹ് തന്നെ ആകുന്നു. യുട്യൂബ് അപ്പോസ്തോലനോ, യഹോവ സാക്ഷികളോ പഠിപ്പിക്കുന്നത് അല്ല മറിച്ചു പരിശുദ്ധ സഭയുടെ പഠിപ്പിക്കൽ പിന്തുടരുവാൻ നിങ്ങൾ പരിശ്രമിക്കുവിൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ