"കൾട്ട്കളുടെ സ്വഭാവങ്ങൾ" എന്ന എന്റെ ലേഖനം പാർട്ട് 1 & 2 വായിച്ചവരിൽ നിന്നും ലഭിച്ച ചോദ്യങ്ങളിൽ വേദവിപരീതി ഷിബുവിന്റെ കൾട്ട് പ്രമാണങ്ങളെ കുറിച്ചു കൂടുതൽ എഴുതാൻ എനിക്കു പ്രേരണ ഉണ്ടായി. ഈ ലേഖനത്തിൽ നമ്മൾ വിശുദ്ധ ഐറേനിയോസ് പിതാവ് തന്റെ "പാഷാണ്ഡതകൾക്കു എതിരെ" (Against Heresies) എന്ന തന്റെ ഗ്രന്ഥത്തിന്റെ 27 ആം അദ്ധ്യായത്തിൽ എഴുതിയിരിക്കുന്ന "സെർദോയുടെയും മാർഷിയന്റെയും സിദ്ധാന്തങ്ങൾ" എന്ന എഴുത്തുകളെ അടിസ്ഥാനമാക്കി ഷിബു മുന്നോട്ട് വയ്ക്കുന്ന "നിയോ - മാർഷിയനിസം" എന്ന വേദവിപരീതത്തെ പരിശോധന ചെയ്യുന്നു.
27 ആം അദ്ധ്യായത്തിൽ ആമുഖമായി വിശുദ്ധ ഐറേനിയോസ് ഇപ്രകാരം എഴുതിയിരിക്കുന്നു, " ശേമവൂന്റെ പിൻഗാമികളിൽ നിന്ന് തന്റെ വ്യവസ്ഥ സ്വീകരിച്ച്, അപ്പോസ്തലന്മാർ മുതൽ താഴേക്കുള്ള എപ്പിസ്കോപ്പൽ പരമ്പരയിൽ ഒമ്പതാം സ്ഥാനം വഹിച്ച ഹൈജിനസ് എപ്പിസ്ക്കോപ്പായുടെ കാലത്ത് റോമിൽ താമസിച്ച ഒരാളായിരുന്നു സെർദോ. പഴയ നിയമത്തിലൂടെയും പ്രവാചകന്മാരിലൂടെയും പ്രഖ്യാപിച്ച ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവല്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. കാരണം, ആദ്യത്തേത് അറിയപ്പെട്ടിരുന്നു, പക്ഷേ രണ്ടാമത്തേത് അജ്ഞാതമായിരുന്നു; ഒരാൾ നീതിമാനായിരുന്നു, മറ്റേയാൾ ദയാലുവായിരുന്നു." ഐറെനിയസ് പറയുന്ന ഈ സെർദോ, രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹൈജിനസ് മെത്രാന്റെ ഭരണകാലത്ത് റോമിലെത്തിയ ഒരു സിറിയൻ ജ്ഞാനവാദിയായിരുന്നു. രണ്ട് ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു ദ്വൈത സിദ്ധാന്തം അദ്ദേഹം രഹസ്യമായി പഠിപ്പിച്ചു: ഒന്നാമത്തെ ദൈവം പഴയനിയമത്തിലെ അറിയപ്പെടുന്നതും നീതിമാനുമായ യഹോവ ആയിരുന്നു, രണ്ടാമത്തെത് പഴയനിയമത്തിൽ അജ്ഞാതനായ് ഇരിക്കുന്ന എന്നാൽ ദയാലുവുമായ ഒരു ദൈവം ഇതാണ് സുവിശേഷത്തിലെ യേശുക്രിസ്തുവിന്റെ പിതാവ്. സെർദോ ഇടയ്ക്കിടെ തന്റെ പാഷണ്ഡതകൾ ഉപേക്ഷിച്ച് സഭയിൽ വീണ്ടും ചേർന്നു, പക്ഷേ പിന്നീട് തന്റെ വഞ്ചനാപരമായ പഠിപ്പിക്കലുകളിലേക്ക് മടങ്ങുകയും ഒടുവിൽ സഭയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായ കൂടുതൽ കുപ്രസിദ്ധനായ മാർഷ്യൻ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.
ഈ മാർഷിയനെപറ്റി വിശുദ്ധ ഐറേനിയോസ് എഴുതി, "പൊന്തസിലെ മാർഷിയൻ അദ്ദേഹത്തിന് ശേഷം വന്നു, തന്റെ സിദ്ധാന്തം വികസിപ്പിച്ചെടുത്തു. അങ്ങനെ ചെയ്തുകൊണ്ട്, നിയമവും പ്രവാചകന്മാരും ദൈവമായി പ്രഖ്യാപിക്കപ്പെട്ടവനെതിരെ ഏറ്റവും ധീരമായ ദൈവദൂഷണം അദ്ദേഹം മുന്നോട്ടുവച്ചു, അവൻ തിന്മകളുടെ സ്രഷ്ടാവാണെന്നും, യുദ്ധത്തിൽ ആനന്ദിക്കുമെന്നും, ഉദ്ദേശ്യശൂന്യനാണെന്നും, തനിക്കെതിരെ പോലും ആയിരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ലോകത്തെ സൃഷ്ടിച്ച ദൈവത്തിന് മുകളിലായ പിതാവിൽ നിന്ന് ഉത്ഭവിച്ചതും, തിബെരിയസ് സീസറിന്റെ ഭരണാധികാരിയായിരുന്ന പൊന്തിയോസ് പീലാത്തോസിന്റെ കാലത്ത് യെഹൂദ്യയിലേക്ക് വന്നതുമായ യേശു, പ്രവാചകന്മാരെയും നിയമത്തെയും ലോകത്തെ സൃഷ്ടിച്ച ദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയും ഇല്ലാതാക്കിക്കൊണ്ട് യെഹൂദ്യയിലുള്ളവർക്ക് ഒരു മനുഷ്യന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു, അവനെ അവൻ കോസ്മോക്രാറ്റർ എന്നും വിളിക്കുന്നു. ഇതിനുപുറമെ, ലൂക്കോസിന്റെ അഭിപ്രായത്തിൽ സുവിശേഷം വികൃതമാക്കുകയും, കർത്താവിന്റെ തലമുറയെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം നീക്കം ചെയ്യുകയും, കർത്താവിന്റെ പഠിപ്പിക്കലിന്റെ വലിയൊരു ഭാഗം മാറ്റിവയ്ക്കുകയും ചെയ്യുന്നു, അതിൽ കർത്താവ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് തന്റെ പിതാവാണെന്ന് ഏറ്റുപറയുന്നതായി ഏറ്റവും പ്രിയങ്കരമായി രേഖപ്പെടുത്തിയിരിക്കുന്നു. സുവിശേഷം നമുക്ക് കൈമാറിയ അപ്പോസ്തലന്മാരെക്കാൾ താൻ തന്നെയാണ് ബഹുമതിക്ക് യോഗ്യനെന്ന് അദ്ദേഹം തന്റെ ശിഷ്യന്മാരെ ബോധ്യപ്പെടുത്തി, സുവിശേഷം അവർക്ക് നൽകിയില്ല, മറിച്ച് അതിന്റെ ഒരു ഭാഗം മാത്രമാണ് അവർക്ക് നൽകിയത്. അതുപോലെ, പൗലോസിന്റെ ലേഖനങ്ങളും അദ്ദേഹം കഷണങ്ങളാക്കി, ലോകത്തെ സൃഷ്ടിച്ച ദൈവത്തെക്കുറിച്ച് അപ്പോസ്തലൻ പറഞ്ഞതെല്ലാം നീക്കം ചെയ്തു, അതായത്, അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവാണെന്ന്, അപ്പോസ്തലൻ ഉദ്ധരിക്കുന്ന പ്രവചന രചനകളിൽ നിന്നുള്ള ഭാഗങ്ങളും നീക്കം ചെയ്തു. കർത്താവിന്റെ വരവിനു മുമ്പുതന്നെ അവർ പ്രഖ്യാപിച്ചുവെന്ന് നമ്മെ പഠിപ്പിക്കാൻ വേണ്ടിയാണിത്."
മാർഷിയൻ തന്റെ ഗുരുവായ സെർദോയുടെ തെറ്റായ ആശയങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി എന്ന് ഐറേനിയസ് വിശേഷിപ്പിക്കുന്നു. പഴയനിയമത്തിൽ കൂടി വെളിപ്പെട്ട യഹോവയാം ദൈവത്തെ അപമാനിക്കുന്നതിൽ മാർഷ്യൻ ഒരു ലജ്ജയും കാണിച്ചില്ലെന്ന് ഐറേനിയസ് പറയുന്നു. ഈ യഹോവ തിന്മയുടെ സ്രഷ്ടാവാണെന്നും, യുദ്ധത്തെ സ്നേഹിച്ചിരുന്നെന്നും, വൈരുദ്ധ്യങ്ങൾ നിറഞ്ഞവനാണെന്നും, ക്രൂരനായ പിശാച് ആണെന്നും മാർഷ്യൻ അവകാശപ്പെട്ടു. യേശു ഈ സ്രഷ്ടാവായ യഹോവയിൽ നിന്നല്ല, മറിച്ച് വ്യത്യസ്തനും, ഉന്നതനും, മികച്ചതുമായ ഒരു പിതാവിൽ നിന്നാണെന്നും അദ്ദേഹം പഠിപ്പിച്ചു.
പഴയ നിയമ സ്രഷ്ടാവായ യഹോവയിൽ നിന്നുള്ള പ്രവാചകന്മാരെയും നിയമത്തെയും നശിപ്പിക്കാനാണ് യേശു വന്നതെന്ന് മാർഷ്യൻ പഠിപ്പിച്ചുവെന്ന് ഐറേനിയസ് വിശദീകരിക്കുന്നു. യേശു ഒരു യഥാർത്ഥ മനുഷ്യനായി ജനിച്ചില്ല, മറിച്ച് ഒരു മനുഷ്യനായി മാത്രമേ തോന്നിയുള്ളൂ എന്നും മാർഷ്യൻ പിന്നീട് പറഞ്ഞു. ഈ തെറ്റായ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്നതിനായി, മാർഷ്യൻ ലൂക്കോസിന്റെ സുവിശേഷവും അപ്പോസ്തലനായ പൗലോസിന്റെ കത്തുകളും വെട്ടിമാറ്റി, യേശുവും പഴയനിയമവും തമ്മിലുള്ള ബന്ധം കാണിക്കുന്ന എന്തും എടുത്തുകളയുകയോ എതിർക്കുകയോ ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്തു. ഈ വളച്ചൊടിച്ച പഠിപ്പിക്കൽ മാർഷ്യൻ യഥാർത്ഥത്തിൽ പിശാചിനുവേണ്ടി സംസാരിക്കുന്നത് ആണെന്നും അവന്റെ പഠിപ്പിക്കലിൽ അത് കാണിക്കുന്നുണ്ടെന്നും വിശുദ്ധ ഐറേനിയസ് പറയുന്നു.
മാർഷ്യനെതിരെയുള്ള ഐറേനിയോസിന്റെ പഠിപ്പിക്കലിൽ "മാർഷിയനിസം" പിന്തുടരുകയോ അവനോട് സഹകരിക്കുകയോ, അവനുമായി ഏതെങ്കിലും വിധത്തിലുള്ള കൂട്ടായ്മയിലേക്ക് വരുകയോ ചെയ്യുന്നതിനെ വിശുദ്ധ പിതാവ് ശക്തമായി അപലലിക്കുകയും മാർഷ്യനും അവനോടു ചേരുന്നവരെയും "ശപിക്കപ്പെട്ടവർ" എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. 27 ആം അദ്ധ്യായത്തിന്റെ ഉപസംഹാത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "എന്നാൽ തിരുവെഴുത്തുകളെ പരസ്യമായി വികൃതമാക്കാനും, ദൈവത്തിനെതിരെ നിന്ദിക്കാൻ മറ്റുള്ളവരെക്കാൾ നാണമില്ലാതെ കുറ്റപ്പെടുത്താനും ധൈര്യപ്പെട്ട ഒരേയൊരു വ്യക്തി ഈ മനുഷ്യനായതിനാൽ, അവന്റെ സ്വന്തം രചനകളിൽ നിന്ന് അവനെ കുറ്റക്കാരനാക്കി അവനെ നിരാകരിക്കാൻ ഞാൻ പ്രത്യേകം ഉദ്ദേശിക്കുന്നു; ദൈവത്തിന്റെ സഹായത്തോടെ, കർത്താവിന്റെയും അപ്പോസ്തലന്മാരുടെയും ആ പ്രഭാഷണങ്ങളിൽ നിന്ന് ഞാൻ അവനെ പുറത്താക്കും, അവ അവനോടൊപ്പം അധികാരമുള്ളതും അവൻ ഉപയോഗിക്കുന്നതുമാണ്. എന്നിരുന്നാലും, ഇപ്പോൾ ഞാൻ അദ്ദേഹത്തെ പരാമർശിക്കാൻ പ്രേരിപ്പിച്ചത്, ഏതെങ്കിലും വിധത്തിൽ സത്യത്തെ ദുഷിപ്പിക്കുകയും സഭയുടെ പ്രസംഗത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നവരെല്ലാം ശമര്യയിലെ സൈമൺ മാഗസിന്റെ ശിഷ്യന്മാരും പിൻഗാമികളുമാണെന്ന് നിങ്ങൾ അറിയേണ്ടതിനാണ്. മറ്റുള്ളവരെ കൂടുതൽ വശീകരിക്കാൻ വേണ്ടി അവർ തങ്ങളുടെ ഗുരുവിന്റെ പേര് ഏറ്റുപറയുന്നില്ലെങ്കിലും, അവർ അവന്റെ ഉപദേശങ്ങൾ പഠിപ്പിക്കുന്നു. തീർച്ചയായും, അവർ ക്രിസ്തുയേശുവിന്റെ നാമം ഒരുതരം പ്രലോഭനമായി അവതരിപ്പിച്ചു, പക്ഷേ പലവിധത്തിൽ അവർ സൈമണിന്റെ ദുഷ്ടതകൾ അവതരിപ്പിക്കുന്നു; അങ്ങനെ അവർ ബഹുജനങ്ങളെ നശിപ്പിക്കുന്നു, ഒരു നല്ല നാമം ഉപയോഗിച്ച് സ്വന്തം ഉപദേശങ്ങൾ ദുഷ്ടമായി പ്രചരിപ്പിക്കുന്നു, അതിന്റെ മധുരവും സൗന്ദര്യവും ഉപയോഗിച്ച്, വിശ്വാസത്യാഗത്തിന്റെ മഹാനായ രചയിതാവായ സർപ്പത്തിന്റെ കയ്പേറിയതും മാരകവുമായ വിഷം അവരുടെ ശ്രോതാക്കൾക്ക് നൽകുന്നു. വെളിപാട് 12:9."
മാർഷ്യൻ തിരുവെഴുത്തുകളെ പരസ്യമായി ദുഷിപ്പിക്കുകയും യഹോവയാകുന്ന ദൈവത്തിനെതിരെ സംസാരിക്കുകയും ചെയ്തു, ഇത് ഐറേനിയസിനെ അവനെതിരെ വാദിക്കാൻ പ്രേരിപ്പിച്ചു. മാർഷ്യനെയും അനുയായികളെയും സത്യത്തെ ദുഷിപ്പിക്കുകയും സഭയുടെ പഠിപ്പിക്കലുകൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നവരായി ഐറേനിയസ് കണ്ടു, അവരുടെ ആശയങ്ങളെ കയ്പേറിയതും മാരകവുമായ വിഷവുമായി അദ്ദേഹം താരതമ്യം ചെയ്തു.
ഇന്ന് നമ്മുടെ കാലത്ത് മാർഷ്യന്റെ പഠിപ്പിക്കൽ വീണ്ടും ഉയർന്നു വന്നിരിക്കുന്നു. ഷിബു പീടിയെക്കൽ എന്നൊരു കൾട്ട് ഗുരു ആണ് ഇതിന്റെ വക്താവ്. സെർദോയും മാർഷ്യനും പഠിപ്പിക്കുന്ന പോലെ ഇവനും പഴയ നിയമത്തിലെ ദൈവവീക്ഷണം രണ്ടായി തിരിച്ചു പഠിപ്പിക്കുന്നു. കൾട്ട് ഷിബു പഠിപ്പിക്കുന്നത് യഹോവ ക്രൂരനായ പിശാച് ആണെന്നാണ്, എന്നാൽ പുതിയ നിയമത്തിലെ യേശുവിന്റെ പിതാവ് കരുണയുള്ള സ്നേഹമുള്ള പിതാവ് ആണെന്നും പഴയ നിയമത്തിൽ യഹോവയുടെ പീഡകൾ ഏറ്റവരെ ഈ സ്നേഹപിതാവ് രക്ഷിക്കുന്നു എന്നും ആണ്. യാക്കോബായ സഭയെ യഹോവയിൽ നിന്നും രക്ഷിക്കണം എന്നാണ് ഇവന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. ഇവൻ വിശുദ്ധ തിരുവിഴുത്തുകൾക്കു ഇവന്റെ രീതിയിൽ ഉള്ള മൂല്യനിർണയം കൊടുത്തു കൊണ്ടു തന്റെ അനുയായികൾക്കു തെറ്റായ നിർദേശങ്ങൾ നൽകുന്നു. ഇവൻ പഴയ നിയമം തള്ളി കളയുകയും പുതിയ നിയമത്തെ വികലമായി പഠിപ്പിക്കുകയും ചെയ്യുന്നു. ലിറ്റർജി വ്യാഖ്യാനം വഴി ദൈവശാസ്ത്രം പഠിപ്പിക്കുന്നു എന്നു അവകാശപ്പെട്ടു കൊണ്ട് സുറിയാനി ലിറ്റർജിയെ വികലമാക്കി പഠിപ്പിക്കുന്നു.
ഈ ലേഖനം നിങ്ങൾക്കു ഇവനെ തിരിച്ചറിയുവാനും, ഇവന്റെ കെണിയിൽ വീണിട്ട് ഉണ്ടെങ്കിൽ അനുതപിച്ച് തിരിച്ചു വരുവാനും വേണ്ടി എഴുതിയിരിക്കുന്നു.
ചെങ്കടൽ കടക്കുമ്പോൾ യഹോവയെ സ്തുതിച്ചു കൊണ്ട് മോശയുടെ സഹോദരി മറിയം തപ്പു കൊട്ടി പാടി, "മി കാമോക്ക ബ് എലേo യഹോവേ" യഹോവയായ ദൈവത്തെ പോലെ മറ്റൊരു ദൈവം വേറെ ആരുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ