പുതുഞായറാഴ്ച: സഭ മിശിഹായുടെ ഏകകർതൃത്വത്തെ പ്രഖ്യാപിക്കുന്ന നാൾ


(ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ.)

[Note: അത്താനാസിയോസിന്റെ _"On the Incanation"_ ഇംഗ്ലീഷിൽ നിന്നും തർജ്ജിമ ചെയ്ത ബഹുമാനപ്പെട്ട അലക്സ് ചാണ്ടി സാറിന്റെ ചോദ്യത്തിന്റെ ഉത്തരം വിശദമാക്കുവാൻ വേണ്ടി എഴുതിയത് ആണ്. പെട്ടന്ന് എഴുതിയത് കൊണ്ട് ന്യൂനതകൾ കണ്ടേക്കാം ക്ഷമിക്കണം. റഫറൻസ് ഇല്ലാതെ വിശ്വസിക്കാത്ത അഭിനവ തോമാമാർ ഇത് വായിച്ച ശേഷം മിശിഹായുടെ ഏക കർതൃത്വത്തെ പ്രഖ്യാപിക്കുവാൻ റഫറൻസ് കൊടുത്തിട്ടുണ്ട്. ]


 പുതുഞായറാഴ്ചയുടെ ചിന്ത "തോമ ശ്ലീഹയുടെ ഓർമ്മ" അല്ല "മോറാൻ യേശു മിശിഹായുടെ ഏക കർതൃത്വത്തിന്റെ പ്രഖ്യാപനത്തിന്റെ" ആണ്.വിശുദ്ധ തോമ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിൽ വായിക്കേണ്ട ഏവൻഗേലിയോൻ എന്നത് പുതുഞായറാഴ്ചയുടെ ക്രമീകരണമനുസരിച്ച് ഉള്ളതിൽ നിന്നാണ്. കാരണം പരിശുദ്ധനെ കുറിച്ച് ഏറ്റവും ദീർഘമായ പരാമർശങ്ങൾ ഇതിൽ ഉള്ളത് കൊണ്ടു ആണ്. പരിശുദ്ധന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ആചരിക്കുന്നത് ഡിസംബർ മാസം 21 നു ആണ്, അതുപോലെ ഇന്ത്യയിൽ നിന്നും എടുത്ത അസ്ഥികൾ ഏദേസ്സയിൽ സ്ഥാപിച്ചതിന്റെ ഓർമ ജൂലൈ 3 നു സെന്റ് തോമസ് ഡേ ആയി എല്ലാ മാർത്തോമാ പാരമ്പര്യ ക്രിസ്ത്യനികളും ആചരിച്ച് വരുന്നു. പുതുഞായറാഴ്ച അത് അല്ല വിഷയം, അന്ന് യേശു മിശിഹാ ഏക കർത്താവും ദൈവവും ആണെന്ന് സഭ പ്രഖ്യാപിച്ച ദിവസം ആണ്.

നമ്മുടെ കർത്താവ് ജഡം ധരിച്ച വചനമാം ദൈവം ആണ്. എന്നാൽ മിശിഹാ സ്വീകരിച്ച ഈ ശരീരം നമ്മുടെ പോലെ തന്നെ ദ്രവത്വമുള്ളത് (corruptible) ആയിരുന്നു. തൻ മൂലം ഈ ശരീരം നമ്മെ പോലെ സഹനങ്ങളിലൂടെ കടന്നു പോയി അവസാനം കുരിശിൽ മരിച്ചു. സകല വികാരങ്ങൾക്കും അതീതനായ ദൈവം ശരീരത്തിൽ കഷ്ടത അനുഭവിച്ച് മരിച്ചു. 

ഇത് അലക്സന്ത്രയിലെ കൂറിലോസ് തന്റെ പ്രസിദ്ധമായ "അപാത്തോസ് എപ്പാതേൻ" എന്നുള്ള പ്രയോഗം വഴി പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ "വികാരരഹിതമായി സഹിച്ചു" (apathōs epathen) എന്ന പ്രയോഗം അറിഞ്ഞു കൊണ്ടു വേണം നമുക്ക് പുതുഞായറാഴ്ചയുടെ ചിന്തയിലേക്ക് കടന്നു വരാൻ. 

യേശുക്രിസ്തു കുരിശിലെ കഠിനമായ വേദന (passion) അനുഭവിച്ചപ്പോഴും, അവിടുത്തെ ദൈവസ്വഭാവം മാറ്റമില്ലാത്തതും (impassionate) വേദനകൾക്ക് അതീതവുമായിരുന്നു എന്ന് വ്യക്തമാക്കാനാണ് വിശുദ്ധൻ ഈ പ്രയോഗം നടത്തിയത്. ദൈവവചനമായ ക്രിസ്തു ഒരേയൊരു വ്യക്തി/ കർത്താവ് ആണെന്നും (തൃത്വത്തിൽ രണ്ടാമത്തെ ക്നൂമാ), അതിനാൽ അവിടുത്തെ മനുഷ്യശരീരത്തിന് സംഭവിക്കുന്നതെല്ലാം ആ കർത്താവിനു തന്നെ സംഭവിക്കുന്നതാണെന്നും മോർ കൂറിലോസ് വാദിച്ചു. അതുകൊണ്ട് "ദൈവം സഹിച്ചു" എന്ന് പറയുന്നത് ശരിയാണ്, കാരണം സഹിക്കുന്നത് ദൈവപുത്രനാണ്. എന്നാൽ ഈ പീഡാനുഭവം സംഭവിച്ചത് അവിടുത്തെ മനുഷ്യസ്വഭാവത്തിലാണെന്നും (ജഡത്തിൽ), മർദ്ദനങ്ങൾക്കോ മാറ്റങ്ങൾക്കോ വിധേയമല്ലാത്ത ദൈവസ്വഭാവത്തിലല്ലെന്നും സിറിൽ വ്യക്തമാക്കി.

ഈ വൈരുദ്ധ്യത്തെ വിശദീകരിക്കാൻ തീയും ഇരുമ്പും എന്ന ഉദാഹരണമാണ് സിറിൽ ഉപയോഗിച്ചത്. തീയിൽ പഴുപ്പിച്ച ഒരു ഇരുമ്പ് കഷ്ണം ചുറ്റിക കൊണ്ട് അടിക്കുമ്പോൾ, ആ ആഘാതം ഇരുമ്പിലാണ് ഏൽക്കുന്നത്. ഇരുമ്പിനുള്ളിലെ അഗ്നിയെ ചുറ്റിക കൊണ്ട് തകർക്കാനോ മുറിപ്പെടുത്താനോ കഴിയില്ല. അതുപോലെ, വചനമായ ദൈവം മനുഷ്യരൂപമെടുത്ത് പീഡാനുഭവങ്ങളെ സ്വന്തം അനുഭവമായി സ്വീകരിച്ചെങ്കിലും, ദൈവസ്വഭാവത്തിന് യാതൊരു പരിക്കും ഏറ്റില്ല. ക്രിസ്തു യഥാർത്ഥത്തിൽ സഹിച്ചില്ലെങ്കിൽ നമ്മുടെ രക്ഷ അസാധ്യമാണ്; എന്നാൽ അവിടുത്തെ ദൈവസ്വഭാവത്തിന് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിരുന്നെങ്കിൽ, മരണത്തെ കീഴടക്കാൻ അവിടുത്തേക്ക് കഴിയുമായിരുന്നില്ല. ഇതാണ് ഈ വിശ്വാസസത്യത്തിന്റെ കാതൽ. 

വിശുദ്ധ അത്തനാസിയൂസിന്റെ 'കമ്മ്യൂണിക്കേറ്റൊ ഇഡിയമാറ്റം' (Communicatio Idiomatum) എന്ന ആശയത്തെ (cf: അത്തനാസ്സിയോസ്സിന്റെ " _ജഡധാരണത്തെ കുറിച്ച്_ " ) വിപുലീകരിച്ച് കൊണ്ടാണ് മോർ കൂറിലോസ് ഇത് വ്യക്തമാക്കിയത്.
അതായത്, ദൈവപുത്രനായ ലോഗോസ് തന്റെ മനുഷ്യശരീരത്തിന്റെ സവിശേഷതകളെ സ്വന്തമാക്കിയെന്നും, അതിനാൽ വിശപ്പും വേദനയും പോലുള്ള ശാരീരികാനുഭവങ്ങൾ ഒരു സാധാരണ മനുഷ്യന്റേതല്ല, മറിച്ച് ദൈവവചനത്തിന്റേതാണെന്നും അത്തനാസിയൂസ് ഉറപ്പിച്ചു പറഞ്ഞു. സിറിൽ ഈ ആശയത്തെ അതിന്റെ പൂർണ്ണതയിലെത്തിച്ചു; ക്രിസ്തുവിൽ ഒരേയൊരു 'കർത്താവ്' (Subject) അഥവാ ദൈവിക ക്നൂമ മാത്രമേയുള്ളൂ എന്നതിനാൽ, മാനുഷികവും ദൈവീകവുമായ ഗുണങ്ങൾ ആ ഏക വ്യക്തിയിൽ പങ്കുവെക്കപ്പെടുന്നു എന്ന് അദ്ദേഹം വാദിച്ചു. ഇതനുസരിച്ച്, ദൈവസ്വഭാവം വേദനകൾക്ക് അതീതമാണെങ്കിലും (impassible), തന്റെ ശരീരത്തിന് ഏൽക്കുന്ന പീഡാനുഭവങ്ങളെ വചനമായ ദൈവം സ്വന്തം വ്യക്തിപരമായ അനുഭവമായി സ്വീകരിക്കുന്നു. ദൈവപുത്രൻ മനുഷ്യരൂപമെടുക്കുന്നതിനെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ ചിന്തകളെ തന്റെ 'ഏക-കർതൃത്ത്വ' (Single-Subject) സിദ്ധാന്തവുമായി ബന്ധിപ്പിച്ചതിലൂടെ, കുരിശിലെ കഷ്ടാനുഭവം സാക്ഷാൽ ദൈവത്തിന്റേതാണെന്നും, അതിനാൽ നമ്മുടെ രക്ഷ ദൈവീകവും അനന്തവുമാണെന്നും മോർ കൂറിലോസ് ഉറപ്പുവരുത്തി. (Cf: കൂറിലോസിന്റെ " _ക്രിസ്തുവിന്റെ ഐക്യത്തെ കുറിച്ച്_ ")

അതുകൊണ്ട്, കുരിശിൽ മരിച്ചു അടക്കപ്പെട്ടത് സാക്ഷാൽ ദൈവം തന്നെ ആകുന്നു. ഇത് സാധിച്ചത് നമ്മുടെ ബലഹീനമായ സ്വഭാവത്തെ ജഡധാരണത്തിലൂടെ സ്വീകരിച്ചതിനാൽ അത്രേ. ആയതു കൊണ്ടു യേശുവിന്റെ മനുഷ്യശരീരം ഒരു ദ്രവത്വമുള്ള ശരീരം (corruptible body) ആയിരുന്നു എന്ന് നമ്മൾ വിശ്വസിക്കണം. ഇത് അന്ത്യോക്യയിലെ വിശുദ്ധ സേവേറിയോസ് പാത്രിയാർക്കീസ് വിശദമായി പഠിപ്പിക്കുന്നുണ്ട്.

ഹാലികാർണാസസിലെ ജൂലിയന് എതിരെയുള്ള അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിൽ ഇത് വ്യക്തമാണ്. Fr. ജേക്കബ് ജോസഫ് (വള്ളിക്കോട് കോട്ടയം) പറയുന്നു, "സെവേറിയോസിനെ സംബന്ധിച്ചിടത്തോളം യേശുവിന്റെ കഷ്ടപ്പാടുകൾ യഥാർത്ഥമായിരുന്നു, അത് ദൈവവും മനുഷ്യരും തമ്മിലുള്ള ഒരു 'സത്തയുടെ സ്വത്വം' മാത്രമായിരുന്നു. അതിനെ ഒരു ഫാന്റസിയായി മനസ്സിലാക്കാൻ കഴിയില്ല." (Cf: __The Christ Who Embraces,_ page:151 ) അതായത്, കർത്താവിന്റെ ശരീരം ദ്രവത്വമുള്ളത് അല്ലങ്കിൽ യൂലിയൻ പറയുന്നത് പോലുള്ള വേദവിപരീതങ്ങൾക്കു പ്രസക്തി ഉണ്ടാകും. നമ്മുടെ രക്ഷ ക്രിസ്തുവിന്റെ ശരീരത്തിലൂടെ സാധിക്കുകയും ഇല്ല. എന്നാൽ ക്രിസ്തു നമ്മുടെ എന്നത് പോലെ ദ്രവത്വമുള്ള ശരീരം സ്വീകരിച്ചു കൊണ്ടു ശരീരത്തിൽ മരിക്കുകയും ആത്മാവിൽ ജീവിച്ചിരിക്കുകയും ചെയ്തു. എന്നാൽ തന്റെ ശരീരത്തിൽ നിന്നോ ആത്മാവിൽ നിന്നോ ദൈവത്വമോ മനുഷ്യത്വമോ ഒരിക്കലും വേർപെട്ടിരുന്നില്ല. ആയത് കൊണ്ട് മരിച്ചത് ദൈവത്തിന്റെ ശരീരം ആയിരുന്നു. ഉയിർത്തതും ദൈവത്തിന്റെ ശരീരം ആയിരുന്നു. 

നമ്മൾ പുതുഞായറാഴ്ചയുടെ ചിന്തയിലേക്ക് വരുമ്പോൾ മേല്പറഞ്ഞ വിശ്വാസ സത്യങ്ങൾ അറിഞ്ഞിരിക്കണം. ഉയിർപ്പിന് മുൻപ് ദ്രവത്വമുള്ള ശരീരം ആയിരുന്നു എന്നത് നമ്മൾ കണ്ടുവല്ലോ. എന്നാൽ ഇപ്പോൾ എന്താണ് കാണുന്നത് അടച്ചിട്ട മുറിയിലേക്ക് കടന്നു വരുന്ന ദൈവശരീരം. കാരണം സംകീർത്തനക്കാരൻ പാടിയിട്ടുണ്ട്, "അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല; *അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല* ." (സങ്കീര്‍ത്തനങ്ങള്‍ 16 : 10). തങ്ങൾ ഒരു ഭൂതത്തെ ആണ് കാണുന്നത് എന്ന് വിചാരിച്ചു പേടിച്ച ശിക്ഷ്യ്രോട് തന്റെ ശരീരത്തെ പറ്റി യേശു തന്നെ സാക്ഷിച്ചു പറഞ്ഞു, "എന്റെ കൈകളും കാലുകളും കണ്ട്‌ ഇതു ഞാന്‍ തന്നെയാണെന്നു മനസ്‌സിലാക്കുവിന്‍.
എന്നെ സ്‌പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്‌ഥികളും ഭൂതത്തിന്‌ ഇല്ലല്ലോ." (ലൂക്കാ 24 : 39-40) തുടർന്നു അവൻ അവരോടോപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. 

ഇവിടെ എന്തിനു വേണ്ടി ആണ് കർത്താവ് ഇപ്രകാരം എല്ലാം അവർക്ക് പ്രത്യക്ഷപ്പെട്ടത് എന്നും തന്റെ മുറിവേറ്റ കൈകളും കാലുകളും കാണിച്ചു കൊടുത്തതും എന്നുള്ളതിന്റെ ഉത്തരം ആണ് ഇന്നത്തെ ചിന്താവിഷയം. അത് പക്ഷെ തോമ ശ്ലീഹാ ആണ് പ്രഖ്യാപിച്ചത്. തോമസ്‌ പറഞ്ഞു: *എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!* 
(യോഹന്നാന്‍ 20 : 28). കുരിശിൽ മരിച്ച ദൈവം ദ്രവത്വമുള്ള ശരീരത്തിന്റെ ബലഹീനത നീക്കി നമുക്കും അവൻ മൂലം അക്ഷയമായ ശരീരം പ്രാപിയ്ക്കുവാൻ വേണ്ടി ഉയിർത്തു എഴുന്നേറ്റു എന്നുള്ള സത്യം തിരിച്ചറിഞ്ഞപ്പോൾ ആണ് തോമ വിശ്വാസപ്രഖ്യാപനം നടത്തിയത്. 

ഈ പ്രഖ്യാപിച്ച വിശ്വാസത്തിൽ എല്ലാം ഉണ്ട്, 1) ഏക കർത്താവ് ദ്രവത്വമുള്ള ശരീരം സ്വീകരിക്കുവാൻ ജഡം ധരിച്ചു, 2) ഏക കർത്താവ് ശരീരത്തിൽ നമ്മെ പോലെ കഷ്ടം അനുഭവിച്ചു, 3) ഏക കർത്താവ് ശരീരത്തിൽ മരിച്ചു ആത്മാവിൽ ജീവിച്ചു, 4) ഏക കർത്താവ് ആത്മാവിനെ വീണ്ടും ശരീരത്തോട് യോജിപ്പിച്ച് ഉയിർത്തു എഴുന്നേറ്റു, 5) ഏക കർത്താവ് നമ്മുടെ പാപം മൂലം ഉണ്ടായ ശരീരത്തിന്റെ ദ്രവത്വത്തെ നീക്കം ചെയ്തു, 6) ഏക കർത്താവ് ഉയിർപ്പിന് ശേഷവും പൂർണമനുഷ്യനും പൂർണ്ണദൈവവുമായി തുടർന്നു, 7) ഏക കർത്താവ് നമ്മുടെ വേദനകൾ സത്യമായും ഇന്നും ശരീരത്തിൽ വഹിക്കുന്ന ദൈവത്തിന്റെ ദാസൻ ആകുന്നു.

തോമസ്‌ സംശയം നീങ്ങി വിശ്വാസം പ്രഖ്യാപിച്ചു പറഞ്ഞു, "എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!
 യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍."
(യോഹന്നാന്‍ 20 : 28-29)

ഇന്ന് നമ്മൾ കാണാതെ വിശ്വസിച്ച് ഈ വിശ്വാസം ഏറ്റു പറയുവാൻ വേണ്ടി യോഹന്നാൻ എഴുതി, "എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌. (യോഹന്നാന്‍ 20 : 31). പുതുഞായറാഴ്ച നമ്മുടെ രക്ഷകന്റെ ഏകകർതൃത്തത്തിൽ വിശ്വസിച്ചു നമുക്ക് രക്ഷ പ്രാപിക്കാം.

 

അഭിപ്രായങ്ങള്‍