യോനാ 4:5–11 ലെ ദൃശ്യപാഠം: ദൈവിക കരുണയും മനുഷ്യഹൃദയത്തിന്റെ രൂപാന്തരവും സംബന്ധിച്ച ഒരു വ്യാഖ്യാന പഠനം
ബാർ -യുഹാനോൻ റമ്പാൻ, പിറമാടം ദയറ
[ *Note:* __ഇംഗ്ലീഷിൽ എഴുതിയ എന്റെ ഒരു Exegetical paper ന്റെ ഭേദപ്പെടുത്തിയ മലയാള പരിഭാഷ ആണ്. വലിയ നോമ്പ് -കഷ്ടനുഭവ ആഴ്ചയിൽ ഈ ചിന്ത നല്ലത് എന്ന് കരുതി ഷെയർ ചെയ്യന്നു. പ്രത്യേകിച്ച് ഇത് വൈദികർക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു_ .]
*ആമുഖം*
യോനാ നിബിയുടെ പ്രവചന ഗ്രന്ഥം തന്റെ ഉച്ചസ്ഥിതിയിലെത്തുന്നത് നാം പലപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് പോലെ മത്സ്യത്തിന്റെ കഥയിലോ നിനവേയുടെ മാനസാന്തിരത്തിലോ അല്ല മറിച്ചു യോനാ 4:5–11 ഭാഗത്തിൽ കാണുന്നപോലെ ദൈവത്തിന്റെ അവസാന ചോദ്യത്തിനു ഉത്തരം കൊടുക്കാൻ സാധിക്കാത്ത വിധത്തിൽ മൗനമാക്കപ്പെടുന്നത് വഴി തന്റെ തെറ്റ് തിരിച്ചറിയുന്ന പ്രവാചകനിലൂടെ ആണ്. ഈ ഭാഗത്തിൽ, ഒരു ചെടി, ഒരു കീടം, ഒരു ശക്തമായ കിഴക്കൻ കാറ്റ് എന്നിവ ഉൾപ്പെടുന്ന ലളിതമായ ഒരു സംഭവത്തിലൂടെ ദൈവം യോനാവിനെ പഠിപ്പിക്കുന്നു. ഗ്രന്ഥത്തിൽ ദൈവം ഈ ചെടിയെയും, കീടത്തെയും, കാറ്റിനെയും “നിയമിച്ചു” എന്ന് പറയുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹീബ്രു ക്രിയയായ *מָנָה (manah) മാനാഹ്* ഈ സംഭവങ്ങളിലേക്കുള്ള ദൈവത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. ഈ രംഗം സാധാരണയായി ഒരു *ദൃശ്യപാഠം (object lesson)* എന്നു വിളിക്കപ്പെടുന്നു. ഇത് കഥയിലെ ഒരു ചെറിയ വിശദാംശം മാത്രമല്ല, മുഴുവൻ ഗ്രന്ഥത്തിന്റെ സന്ദേശം വ്യക്തമാക്കുന്ന ഒരു പ്രധാന ഘട്ടമാണ്.
യോനാ നഗരത്തിന് പുറത്തു ഇരുന്ന് എന്ത് സംഭവിക്കും എന്ന് കാണാൻ കാത്തിരിക്കുന്നു. ദൈവം *קִיקָיוֹן (qiqayon) കിക്കയോൻ* എന്നു വിളിക്കപ്പെടുന്ന ഒരു ചെടി വളരാൻ ഇടയാക്കുകയും അത് യോനാവിന് നിഴൽ നൽകുകയും ചെയ്യുന്നു. പിന്നീട്, ആ ചെടിയെ നശിപ്പിക്കാൻ ദൈവം ഒരു കീടത്തെ നിയമിക്കുകയും, യോനാവിന്റെ കഷ്ടത വർധിപ്പിക്കാൻ ഒരു ചൂടുള്ള കിഴക്കൻ കാറ്റായ *רוּחַ קָדִים (ruach qadim) റൂഖാ കാഡിം* അയക്കുകയും ചെയ്യുന്നു. ഈ സംഭവങ്ങളിലൂടെ, ദൈവം യോനാവിനെ ആശ്വാസത്തിൽ നിന്ന് കഷ്ടതയിലേക്ക് നയിക്കുന്നു. ഈ മാറ്റം ദൈവത്തിന്റെ അവസാന ചോദ്യം സ്വീകരിക്കാൻ യോനാവിനെ തയ്യാറാക്കുന്നു; അതുവഴി യോനാ പുസ്തകത്തിന്റെ യഥാർത്ഥ അർത്ഥം നമുക്ക് വെളിപ്പെടുന്നു.
*Method and Sources*
ഈ പഠനം യോനാ 4:5–11 ഭാഗത്തെ അതിന്റെ സാഹിത്യപരവും ദൈവശാസ്ത്രപരവുമായ സാഹചര്യത്തിൽ പരിശോധിക്കുന്നു. ഈ ദൃശ്യപാഠം യോനാ ഗ്രന്ഥത്തിനുള്ളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. ഇതിന് ഉത്തരം തേടുന്നതിനായി, ഈ പഠനം വ്യത്യസ്ത പാരമ്പര്യങ്ങളിൽ നിന്നുള്ള സ്രോതസുകൾ ഉപയോഗിക്കുന്നു. ഒരു പ്രധാന സ്രോതസ്സ് അലക്സാണ്ട്രിയൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്, അലക്സാണ്ട്രിയയിലെ കൂറിലോസ് (സിറിൾ), അദ്ദേഹം ഈ ഗ്രന്ഥത്തെ ആത്മീയവും ദൈവശാസ്ത്രപരവുമായ രീതിയിൽ വായിക്കുന്നു. മറ്റൊരു സ്രോതസ്സ് ആന്ത്യോക്യൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്, പ്രത്യേകിച്ച് മൊപ്സൂസ്റ്റിയയിലെ തീയഡോർ, അദ്ദേഹം ഈ ഗ്രന്ഥത്തെ ചരിത്രപരമായ അടിസ്ഥാനത്തിലുള്ള പഠനമായി മനസ്സിലാക്കുന്നു. തിരുവെഴുത്തിലെ ഈ സംഭവങ്ങൾ “വ്യക്തമായി കാണിക്കേണ്ടതിനായി”യും ഉപദേശത്തിനായും നൽകിയവയാണെന്ന് തീയഡോർ വിശദീകരിക്കുന്നു.
ഇതോടൊപ്പം, ജെ. എം. സാസ്സോൺ, ഡബ്ല്യു. ഡെന്നിസ് ടക്കർ ജൂനിയർ, സാൻഡി ഹബീബ്, എഡ്വേർഡ് വോങ് എന്നിവരുപോലുള്ള ആധുനിക പണ്ഡിതരും ഈ ഭാഗത്തിന്റെ ഘടന, ഭാഷ, അർത്ഥം എന്നിവയെക്കുറിച്ച് പ്രധാനമായ അറിവുകൾ നൽകുന്നു. ആധുനിക പഠനങ്ങൾ കാണിക്കുന്നത്, യോനാ ഗ്രന്ഥം വായനക്കാരനെ ഒരു അന്തിമചോദ്യത്തിലും പ്രതികരണത്തിലും എത്തിക്കുന്ന ഒരു കഥാരൂപത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്നാണ്.
അതേ സമയം, ഈ ഗ്രന്ഥത്തിന്റെ സ്വഭാവത്തെക്കുറിച്ചു വ്യത്യസ്തമായ ധാരണകൾ ഉണ്ട്. *ഇന്റർനാഷണൽ ക്രിറ്റിക്കൽ കമന്ററി* ഈ കഥ “ചരിത്രപരമല്ല, കവിതാത്മകമാണ്” എന്ന് വ്യക്തമാക്കുന്നു. ഈ മനസ്സിലാക്കൽ യോനാ ഗ്രന്ഥം കഥാരൂപത്തിലൂടെ ദൈവശാസ്ത്ര സത്യങ്ങൾ പഠിപ്പിക്കുന്നതിനായി എഴുതപ്പെട്ടതാണ് എന്ന് കാണിക്കുന്നു. അതിനാൽ, യോനാ 4-ലെ ദൃശ്യപാഠം യാദൃശ്ചികമല്ല; അത് സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഒരു ഉപദേശരീതിയുടെ ഭാഗമാണ്.
ഈ വേദഭാഗത്തെകുറിച്ചുള്ള നമ്മുടെ ഈ ലേഖനത്തിന്റെ വാദം, യോനാ 4:5–11 ലെ ദൃശ്യപാഠം ദൈവിക ഉപദേശത്തിന്റെ സൂക്ഷ്മമായി ക്രമീകരിച്ച ഒരു പ്രവൃത്തിയാണ് എന്നതാണ്. കിക്കയോൻ എന്ന ചെടിയിലൂടെ, കീടത്തിലൂടെ, കിഴക്കൻ കാറ്റിലൂടെ, ദൈവം യോനാവിന്റെ ഹൃദയത്തിലെ തെറ്റായ മൂല്യങ്ങളെ വെളിപ്പെടുത്തുകയും, അവന്റെ വികാരങ്ങളെ വെല്ലുവിളിക്കുകയും, തന്റെ കരുണയെ പ്രകടമാക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥത്തിലെ ദൈവത്തിന്റെ അവസാന ചോദ്യം ഈ പാഠം യോനാവിനായി മാത്രമല്ല, വായനക്കാരനുവേണ്ടിയും ആണെന്ന് വ്യക്തമാക്കുന്നു.
*സാഹിത്യവും ഘടനാപരവുമായ പശ്ചാത്തലം* (Literary and Structural Context)
യോനാ 4:5–11 ഭാഗം ഈ പ്രവചനഗ്രന്ഥത്തിന്റെ അവസാനം നിലകൊള്ളുന്നതും അതിന്റെ അവസാന ഘടകമായും പ്രവർത്തിക്കുന്നതുമാണ്. ഈ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇതിന് മുമ്പ് സംഭവിച്ച എല്ലാത്തിന്റെയും അർത്ഥം ഇതിലൂടെ വിശദീകരിക്കപ്പെടുന്നു. കഥ യോനാവിന്റെ നിനവെയിലെ പ്രസംഗത്തോടെ അവസാനിക്കുന്നില്ല; മറിച്ച്, യോനാവും ദൈവവും തമ്മിലുള്ള ഒരു സംഭാഷണത്തോടെ അവസാനിക്കുന്നു. ഇതിലൂടെ ഗ്രന്ഥത്തിന്റെ പ്രധാന ഉദ്ദേശ്യം നിനവെയുടെ മാനസാന്തരമത്രമല്ല, യോനാവിന്റെ രൂപാന്തരവുമാണെന്ന് വ്യക്തമാകുന്നു.
പണ്ഡിതന്മാർ ഇവിടെ ശ്രദ്ധിച്ചിരിക്കുന്നത്, യോനാ 4-ന്റെ ഘടന വളരെ സൂക്ഷ്മമായി ക്രമീകരിക്കപ്പെട്ടതാണ് എന്നതാണ്. ജെ. എം. സാസ്സോൺ ഈ അധ്യായത്തെ രണ്ട് പ്രധാന ഭാഗങ്ങളായി വിഭജിക്കുന്നു: യോനാ 4:1–6 എന്ന ആദ്യ ഭാഗവും, യോനാ 4:7–11 എന്ന രണ്ടാം ഭാഗവും. ഈ വിഭജനം യോനാവിന്റെ അവസ്ഥയിലെ വ്യക്തമായ മാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യ ഭാഗത്തിൽ, യോനാ ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്ക് നീങ്ങുന്നു; രണ്ടാം ഭാഗത്തിൽ, സന്തോഷത്തിൽ നിന്ന് വീണ്ടും കഷ്ടതയിലേക്ക് നീങ്ങുന്നു. ഈ വികാരമാറ്റം (reversal) ഈ അധ്യായത്തെ മനസ്സിലാക്കുന്നതിനുള്ള കേന്ദ്രഘടകമാണെന്ന് സാസ്സോൺ നിരീക്ഷിക്കുന്നു.
യോനാ 4-ന്റെ ഘടന സൂക്ഷ്മമായി ക്രമീകരിക്കപ്പെട്ടതാണെങ്കിലും, മുഴുവൻ ഗ്രന്ഥത്തിന്റെ സ്വഭാവവും പരിഗണിക്കേണ്ടതാണ്. ICC കമന്ററി ഈ കഥ “ചരിത്രപരമല്ല, കവിതാത്മകമാണ്” എന്ന് സൂചിപ്പിക്കുന്നു. അതായത്, സംഭവങ്ങൾ ലളിതമായ റിപ്പോർട്ടിംഗിനായി അല്ല, ഉപദേശത്തിനായി അവതരിപ്പിക്കപ്പെട്ടവയാണ്. അതിനാൽ, യോനാ 4:5–11-ന്റെ ഘടന ഈ ദൃശ്യപാഠം ദൈവശാസ്ത്രസന്ദേശം കൈമാറുന്നതിനായി ഉദ്ദേശ്യപൂർവ്വം രൂപകൽപ്പന ചെയ്തതാണ് എന്ന് ഉറപ്പിക്കുന്നു.
ഹീബ്രു പാഠവും ഈ ഘടനയെ പിന്തുണക്കുന്നു. യോനാ 4:1-ൽ, യോനാവ് വലിയ ദുഃഖം അനുഭവിക്കുന്നു; ഇവിടെ ഉപയോഗിച്ചിരിക്കുന്ന *רָעָה (ra‘ah) റാആ* എന്ന പദം പ്രവാചകന്റെ ദുർഘടാവസ്ഥയെയോ ദുരിതത്തെയോ സൂചിപ്പിക്കുന്നു. തുടർന്ന്, യോനാ 4:6-ൽ, യോനാവ് വലിയ സന്തോഷം അനുഭവിക്കുന്നു; അത് *שִׂמְחָה (simchah) സിമ്ഖാ* എന്ന പദത്തിലൂടെ വിവരിക്കപ്പെടുന്നു. ഈ രണ്ട് വികാരപ്രകടനങ്ങളും ആദ്യ ഭാഗത്തെ ഘടനാപരമായി ചുറ്റിപ്പറ്റുന്ന ഒരു മാതൃക രൂപപ്പെടുത്തുന്നതായി സാസ്സോൺ കാണിക്കുന്നു. ഇതിലൂടെ കഥ യാദൃശ്ചികമല്ല, സൂക്ഷ്മമായി രൂപകൽപ്പന ചെയ്തതാണെന്ന് വ്യക്തമാണ്.
രണ്ടാം ഭാഗമായ യോനാ 4:7–11-ൽ, കഥയിൽ ഒരു പുതിയ നീക്കം കാണാം. ദൈവം വീണ്ടും *מָנָה (manah) മാനാഹ്* എന്ന ക്രിയ ഉപയോഗിച്ച് സംഭവങ്ങളെ “ _നിയമിക്കുന്നു_ .” ആദ്യം, ചെടിയെ നശിപ്പിക്കാൻ ഒരു കീടത്തെ നിയമിക്കുന്നു. തുടർന്ന്, യോനാവിന്റെ കഷ്ടത വർധിപ്പിക്കാൻ ശക്തമായ ഒരു കിഴക്കൻ കാറ്റായ *רוּחַ קָדִים (ruach qadim)* അയക്കുന്നു. ഈ സംഭവങ്ങൾ യോനാവിനെ വീണ്ടും ദുഃഖത്തിലേക്ക് നയിക്കുകയും, ദൈവത്തിന്റെ അന്തിമചോദ്യത്തിനായി അവനെ തയ്യാറാക്കുകയും ചെയ്യുന്നു.
ഈ സംഭവക്രമം വ്യക്തമായ ഒരു കഥാഗതിപ്രവാഹം കാണിക്കുന്നു. ഡബ്ല്യു. ഡെന്നിസ് ടക്കർ ജൂനിയർ വ്യക്തമാക്കുന്നത്, യോനായുടെ ഗ്രന്ഥം പ്രധാനമായും ഒരു കഥയായിരുന്നാലും, അതിന്റെ അർത്ഥത്തെ നയിക്കുന്ന പ്രധാനപ്പെട്ട പ്രസംഗഘട്ടങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. ഈ ഭാഗത്തിൽ, ദൈവത്തിന്റെ പ്രവൃത്തികൾക്ക് പിന്നാലെ അവയെ വ്യാഖ്യാനിക്കുന്ന ദൈവിക വചനങ്ങൾ വരുന്നു. അതിനാൽ, ദൃശ്യപാഠത്തെ ശരിയായി മനസ്സിലാക്കാൻ, സംഭവങ്ങളെയും ദൈവത്തിന്റെ അന്തിമവചനത്തെയും ഒരുമിച്ച് കാണേണ്ടതാണ്.
ആധുനിക കഥാപരമായ പഠനങ്ങളും ഈ വായനയെ പിന്തുണക്കുന്നു. സാൻഡി ഹബീബ് കാണിക്കുന്നത്, യോനായുടെ ഗ്രന്ഥത്തിന്റെ അവസാന അധ്യായം ഒരു open ending കൈവരിക്കുന്നുവെന്നാണ്, അതുവഴി വായനക്കാരനെ പ്രതികരിക്കാൻ ക്ഷണിക്കുന്നു. അതിനാൽ, യോനാ 4:5–11-ന്റെ ഘടന യോനാവിന്റെ അനുഭവത്തെ മാത്രം കുറിച്ചല്ല, വായനക്കാരന്റെ മനസ്സിലാക്കലിനെയും കുറിച്ചാണ്. ഈ ദൃശ്യപാഠം മുഴുവൻ ഗ്രന്ഥത്തിന്റെ സന്ദേശം വെളിപ്പെടുത്തുന്നതിലേക്കു ഹൃദയം തുറന്നു കൊടുക്കുന്ന ഒരു താക്കോൽ ആയി വർത്തിക്കുന്നു.
*ദൃശ്യപാഠത്തിന്റെ പ്രവൃത്തിയിൽ പ്രകടനം* (The Object Lesson in Action – Jonah 4:5–8)
യോനാ 4:5 യോനാ നിബി നഗരത്തിൽ നിന്ന് പുറത്തേക്കു പോയി നിനവെയുടെ കിഴക്കുഭാഗത്ത് ഇരിക്കുന്നതോടെ ആരംഭിക്കുന്നു. എന്ത് സംഭവിക്കുമെന്ന് കാണാൻ അവൻ “ഇരുന്നു” കാത്തിരിക്കുന്നു എന്ന് വാചകം പറയുന്നു. ഈ വാക്യത്തിൽ ആവർത്തിക്കുന്ന പ്രവർത്തികൾ അവന്റെ സംശയവും അനിശ്ചിതത്വവും കാണിക്കുന്നു. സാസ്സോൺ പറയുന്നതുപോലെ, ഈ വാക്യം “വളരെ വിശദമായി നീളുന്നതുപോലെ” അവതരിപ്പിക്കപ്പെടുന്നു, അതുവഴി യോനാ വ്യക്തമായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു. “നഗരം” എന്ന പദത്തിന്റെ ആവർത്തനവും വായനക്കാരന്റെ ശ്രദ്ധ നിനവെയിലേക്കു തന്നെ തിരിച്ചു നിർത്തുന്നു; നഗരത്തിനെന്തു സംഭവിക്കും എന്നത് തന്നെയാണ് യോനാവിന്റെ ആശങ്കയുടെ കേന്ദ്രം.
യോനാ നിബി ഒരു താൽക്കാലിക കുടിൽ, അഥവാ *סֻכָּה (sukkah) സുക്കാഹ്* നിർമ്മിച്ച് അതിന്റെ നിഴലിൽ ഇരിക്കുന്നു. ഈ കുടിൽ ദുർബലവും താൽക്കാലികവുമാണ്. ഇത് വരാൻ പോകുന്ന സംഭവത്തിനുള്ള ഒരുക്കമാണ്, അവിടെ ദൈവം കൂടുതൽ നല്ല നിഴൽ നൽകുന്നു. സാസ്സോൺ പറയുന്നതുപോലെ, ഈ _സുക്കാഹ്_ എന്ന പരാമർശം പിന്നീട് ദൈവം നൽകുന്ന _കിക്കയോൻ_ ചെടിയോടുള്ള യോനാവിന്റെ പ്രതികരണത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നു.
യോനാ 4:6-ൽ, ദൈവം *קִיקָיוֹן (qiqayon) കിക്കയോൻ* എന്ന ചെടിയെ *מָנָה (manah) മാനാഹ്* എന്ന ക്രിയ ഉപയോഗിച്ച് നിയമിക്കുന്നു. ഈ ക്രിയ ഇതിനകം ഗ്രന്ഥത്തിൽ മുമ്പ് വലിയ മൽസ്യത്തെ നിയമിക്കുമ്പോഴും ഉപയോഗിച്ചിരുന്നു. ഇതിലൂടെ ഈ ചെടി സ്വാഭാവികമായുണ്ടായ ഒന്നല്ല, ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമാണെന്ന് വ്യക്തമാകുന്നു. ഈ ചെടിയുടെ ഉദ്ദേശ്യം വ്യക്തമായി പറയുന്നു: അത് “അവന്റെ ദുഃഖത്തിൽ നിന്ന് അവനെ രക്ഷിക്കാനാണ്.” മുമ്പ് *רָעָה (ra‘ah) റാആ* എന്ന പദത്തിലൂടെ വിവരിക്കപ്പെട്ട യോനാവിന്റെ ദുരിതം നീക്കുന്നതിനായാണ് ഈ ചെടി നൽകിയതെന്ന് സാസ്സോൺ സൂചിപ്പിക്കുന്നു.
ഈ ചെടിയോടുള്ള യോനാവിന്റെ പ്രതികരണം വളരെ ശക്തമാണ്. “വലിയ സന്തോഷത്തോടെ സന്തോഷിച്ചു” (*שִׂמְחָה גְדוֹלָה – സിമ്ഖാഹ് ഗ്ദോലാഹ്* ) എന്ന വാചകത്തിലൂടെ ഇത് പ്രകടമാകുന്നു. സാസ്സോൺ കാണിക്കുന്നത്, ഈ പ്രസ്താവന യോനാവിന്റെ മുൻകാല ദുഃഖത്തോടുള്ള വ്യക്തമായ വൈരുധ്യം സൃഷ്ടിക്കുന്നു. അതായത്, യോനാവ് ആഴത്തിലുള്ള ദുഃഖത്തിൽ നിന്ന് വലിയ സന്തോഷത്തിലേക്ക് മാറുന്നു അതും ഒരു സാധാരണ ചെടിയുടെ കാരണത്താൽ. ഈ ദൃശ്യം ചെടിയുടെ പങ്ക് മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. ഇത് ഒരു സ്വാഭാവിക സംഭവം മാത്രമല്ല; മറിച്ച്, ദൈവം യോനയുടെ ജീവിതത്തിൽ ക്രമീകരിച്ച ഒരു പഠനപ്രക്രിയയുടെ ഭാഗമാണ്. ചെടിയുടെ അപ്രതീക്ഷിതമായ വളർച്ചയും നാശവും യോനാവിന്റെ ജീവിതാനുഭവത്തെ നയിക്കുകയും അവനെ ആന്തരീക രൂപാന്തരണത്തിനുള്ള ആലോചനയിലേക്കു നയിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ദൃശ്യമായ സംഭവങ്ങൾ ഉപയോഗിച്ച് കഥ ആഴത്തിലുള്ള ദൈവശാസ്ത്രസന്ദേശം കൈമാറുന്നു.
ഈ അപ്രതീക്ഷിത സന്തോഷം ദൃശ്യപാഠം മനസ്സിലാക്കുന്നതിനുള്ള പ്രധാന ഘടകമാണ്. സാൻഡി ഹബീബ് വ്യക്തമാക്കുന്നത്, ഈ ചെടി യോനാവിനെ ശാരീരികമായും മാനസികമായും സഹായിക്കുന്നു എന്നതാണ്. അത് അവന് ആശ്വാസവും സമാധാനവും നൽകുന്നു, പക്ഷേ അതേ സമയം ഒരു ആഴത്തിലുള്ള പാഠത്തിനായി അവനെ തയ്യാറാക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ, താൻ അതിനെ സൃഷ്ടിച്ചതല്ലെങ്കിലും, വളർത്തിയതുമല്ലെങ്കിലും യോനാവ് ഈ ചെടിയെ വളരെ വിലമതിക്കുന്നു, .
യോനാ 4:7-ൽ, ദൈവം വീണ്ടും *מָנָה (manah) മാനാഹ്* എന്ന ക്രിയ ഉപയോഗിച്ച് ഒരു കീടത്തെ നിയമിക്കുന്നു. ഈ കീടം ചെടിയെ ആക്രമിക്കുകയും അത് വാടിപ്പോകുകയും ചെയ്യുന്നു. സാസ്സോൺ പറയുന്നതുപോലെ, ഈ കീടത്തിന്റെ പ്രവർത്തി ശക്തമായ രീതിയിൽ വിവരിക്കപ്പെടുന്നു, അതുവഴി കഥയിലെ സംഘർഷം വർധിക്കുന്നു. ചെടിയുടെ നാശം പെട്ടെന്ന്, പൂർണ്ണമായും സംഭവിക്കുന്നു.
യോനാ 4:8-ൽ, ദൈവം ശക്തമായ ഒരു കിഴക്കൻ കാറ്റായ *רוּחַ קָדִים (ruach qadim)* നിയമിക്കുന്നു, സൂര്യനും യോനാവിന്റെ തലയിൽ ശക്തമായി വീഴുന്നു. കാറ്റും സൂര്യനും ചേർന്ന് കടുത്ത കഷ്ടത സൃഷ്ടിക്കുന്നു. സാസ്സോൺ വിശദീകരിക്കുന്നത്, കിഴക്കൻ കാറ്റ് പലപ്പോഴും നാശകരമായ ശക്തിയുമായി ബന്ധപ്പെട്ടതാണ്, അത് പ്രകൃതിയിന്മേൽ ദൈവത്തിന്റെ നിയന്ത്രണത്തെ കാണിക്കുന്നു. ഇതിന്റെ ഫലമായി, യോനാവ് ദുർബലനാകുകയും വീണ്ടും മരണത്തെ ആഗ്രഹിക്കുകയും ചെയ്യുന്നു.
യോനാവിന്റെ പ്രതികരണം “എനിക്ക് ജീവിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലത്” എന്ന വാക്കുകളിൽ പ്രകടമാകുന്നു. ഇത് അവന്റെ മുൻകാല സന്തോഷത്തിൽ നിന്ന് പൂർണ്ണമായൊരു തിരിച്ചുപോക്കാണ്. എഡ്വേർഡ് വോങ് കാണിക്കുന്നത്, യോനാവിന്റെ വികാരപ്രതികരണം അതിതീവ്രതയിലേക്കും അസ്ഥിരതയിലേക്കും നീങ്ങുന്നു, ഇത് ദൈവത്തിന്റെ അന്തിമചോദ്യത്തിനുള്ള തയ്യാറെടുപ്പാണ്. ഇങ്ങനെ, ദൃശ്യപാഠം ആശ്വാസത്തിൽ നിന്ന് കഷ്ടതയിലേക്ക് മാറി, യോനാവിന്റെ താൽക്കാലിക വസ്തുക്കളിലേക്കുള്ള ആശ്രയത്വം വെളിപ്പെടുത്തുന്നു.
ഈ ചെടി–കീടം–കാറ്റ് എന്ന സംഭവക്രമം വ്യക്തമായ ഒരു മാതൃക രൂപപ്പെടുത്തുന്നു. ആദ്യം ദൈവം ആശ്വാസം നൽകുന്നു, തുടർന്ന് അത് നീക്കുന്നു, പിന്നെ കഷ്ടത വർധിപ്പിക്കുന്നു. ഈ പ്രവർത്തികൾ യാദൃശ്ചികമല്ല; അവ സൂക്ഷ്മമായി ക്രമീകരിച്ചവയാണ്, യോനാവിനെ തന്റെ സ്വന്തം മൂല്യങ്ങളെ നേരിടേണ്ട ഒരു ഘട്ടത്തിലേക്ക് നയിക്കുന്നതിനായി. അതിനാൽ, ഈ ദൃശ്യപാഠം യഥാർത്ഥ സംഭവങ്ങളിലൂടെ യോനാവിന്റെ ശരീരത്തെയും മനസ്സിനെയും സ്പർശിക്കുന്ന വിധത്തിൽ നടപ്പാക്കപ്പെടുന്നു.
*ദൃശ്യപാഠത്തിന്റെ വ്യാഖ്യാനം* (The Object Lesson Interpreted – Jonah 4:9–11)
യോനാ 4:9-ൽ, ദൈവം വീണ്ടും യോനാവിനോടു സംസാരിക്കുകയും ഒരു ചോദ്യം ചോദിക്കുകയും ചെയ്യുന്നു. ഈ ചോദ്യം യോനാ 4:4-ലെ മുൻചോദ്യത്തിന്റെ ആവർത്തനമാണ്, പക്ഷേ ഇപ്പോൾ അത് ചെടിയിലേക്കു കേന്ദ്രീകരിക്കുന്നു. ഹീബ്രു പ്രയോഗമായ *ഹേതെവ് ഹാരാഹ് ലെഖാ* (hetev harah lekha) യോനാവിന്റെ കോപമോ ദുഃഖമോ ശരിയാണോ എന്ന് ചോദിക്കുന്നു. സാസ്സോൺ പറയുന്നതുപോലെ, ഈ ചോദ്യം ദുഃഖത്തിന്റെ കാരണം മാത്രമല്ല, അതിന്റെ ആഴത്തെയും ലക്ഷ്യമിടുന്നതാണ്. ദൈവം യോനാവിന്റെ വികാരപ്രതികരണത്തെ കിക്കയോൻ എന്ന ചെടിയോട് ബന്ധപ്പെട്ട് ശ്രദ്ധയിൽ കൊണ്ടുവരുന്നു.
യോനാവ് “മരണത്തോളം” ദുഃഖിക്കുന്നു എന്ന് മറുപടി നൽകുന്നു (*עַד־מָוֶת – ad mavet ആദ്- മാവത്*). സാസ്സോൺ കാണിക്കുന്നത്, ഈ പ്രസ്താവന ഒരു അതിശയോക്തിയെന്നതിലുപരി ഗൗരവത്തോടെ എടുക്കേണ്ടതാണ്. യോനാവിന്റെ ഈ മറുപടി, അവൻ ചെടിയെ വളരെ വിലമതിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അത് താൽക്കാലികവും അവൻ സ്വന്തമായി സൃഷ്ടിച്ചതുമല്ലെങ്കിലും, അവന്റെ പ്രതികരണം വളരെ ശക്തമാണ്.
ഈ സംഭാഷണം യോനാ 4:10–11-ൽ ദൈവത്തിന്റെ അന്തിമ പ്രസംഗത്തിനുള്ള തയ്യാറെടുപ്പാണ്. ഇവിടെ ദൈവം ദൃശ്യപാഠത്തിന്റെ അർത്ഥം വ്യക്തമാക്കുന്നു. ആദ്യം, യോനാവിന്റെ ചെടിയോടുള്ള കരുണയെ അടിസ്ഥാനമാക്കി വാദം ആരംഭിക്കുന്നു. യോനാവ് ചെടിക്കു കരുണ കാട്ടി, എന്നാൽ അതിനായി അവൻ പരിശ്രമിച്ചില്ല, അത് വളർത്തിയതുമല്ല. അത് ഒരു രാത്രിയിൽ വളർന്നു, ഒരു രാത്രിയിൽ നശിച്ചു. ഇതിലൂടെ, യോനാവിന്റെ കരുണയുടെ വിഷയം എത്ര ചെറിയതും താൽക്കാലികവുമാണെന്ന് വ്യക്തമാകുന്നു.
തുടർന്ന്, ദൈവം നിനവെയോടുള്ള തന്റെ കരുണ അവതരിപ്പിക്കുന്നു. ആ നഗരം വലിയതാണെന്നും, വലതുകൈയും ഇടതുകൈയും തിരിച്ചറിയാൻ കഴിയാത്ത പന്ത്രണ്ടായിരത്തിലധികം മനുഷ്യർ അവിടെ ഉണ്ടെന്നും പറയുന്നു. കൂടാതെ, *וּבְהֵמָה רַבָּה (u-behemah rabbah) വ് ബെഹ്‌മാഹ് റാബ്ബാഹ്* എന്ന പ്രയോഗത്തിലൂടെ മൃഗങ്ങളെയും ഉൾപ്പെടുത്തുന്നു. ഇതിലൂടെ ദൈവത്തിന്റെ കരുണ മനുഷ്യരെയും മറികടന്ന് എല്ലാ ജീവികളിലേക്കും വ്യാപിക്കുന്നു. നിനവെയുടെ പ്രാധാന്യവും ഇവിടെ കൂടുതൽ വ്യക്തമാണ്. ഇസ്രായേലിനു പുറത്തുള്ള ഒരു ജനതയായിട്ടും, അത് ദൈവിക കരുണയുടെ കേന്ദ്രമായി മാറുന്നു. *യോനാവിന്റെ പരിമിതമായ കരുണയും ദൈവത്തിന്റെ വിശാലമായ കരുണയും തമ്മിലുള്ള ഈ വൈരുധ്യം പ്രവാചക ഗ്രന്ഥത്തിന്റെ സന്ദേശം ദേശീയപരിധികളെ മറികടക്കുന്നതാണെന്ന് കാണിക്കുന്നു.* ഇതിലൂടെ വായനക്കാരനെ ദൈവിക കരുണയുടെ വ്യാപ്തിയെ പുനർവിചാരിക്കാൻ ക്ഷണിക്കുന്നു.
സാസ്സോൺ പറയുന്നതുപോലെ, ഈ വാദം “ചെറുതിൽ നിന്ന് വലുതിലേക്കുള്ള” (lesser to greater) ഒരു തർക്കരീതിയെ പിന്തുടരുന്നു. യോനാവ് താൻ സൃഷ്ടിക്കാത്ത ഒരു ചെടിയെക്കുറിച്ച് പരിഗണിക്കുന്നു; അതിനേക്കാൾ വലിയ രീതിയിൽ, ദൈവം താൻ സൃഷ്ടിച്ച മനുഷ്യരും മൃഗങ്ങളും നിറഞ്ഞ ഒരു നഗരത്തെക്കുറിച്ച് പരിഗണിക്കുന്നു. ഈ താരതമ്യം യോനാവിന്റെ മൂല്യങ്ങളും ദൈവത്തിന്റെ മൂല്യങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു.
ഈ വാദത്തിന്റെ ഘടന വ്യക്തമാണ്. യോനാവിന്റെ കരുണ പരിമിതവും സ്വകേന്ദ്രിതവുമാണ്; ദൈവത്തിന്റെ കരുണ വിശാലവും ജീവനെ ലക്ഷ്യമാക്കുന്നതുമാണ്. “നീ” എന്നും “ഞാൻ” എന്നും വരുന്ന പ്രയോഗങ്ങൾ ഈ വ്യത്യാസത്തെ ശക്തമായി അടയാളപ്പെടുത്തുന്നു എന്ന് സാസ്സോൺ നിരീക്ഷിക്കുന്നു.
ഈ അന്തിമ പ്രസംഗം ദൃശ്യപാഠത്തിന്റെ വ്യാഖ്യാനം നൽകുന്നു. ചെടി, കീടം, കാറ്റ് എന്നിവ യാദൃശ്ചിക സംഭവങ്ങളല്ല; അവ ഒരു ഉപദേശപ്രക്രിയയുടെ ഭാഗങ്ങളാണ്. സാൻഡി ഹബീബ് പറയുന്നതുപോലെ, *ഈ പ്രക്രിയയുടെ ലക്ഷ്യം യോനാവിന്റെ രൂപാന്തരമാണ്.* ദൈവം അനുഭവങ്ങളിലൂടെ യോനാവിനെ നയിക്കുന്നു, മനുഷ്യജീവിതത്തിന്റെ മൂല്യവും ദൈവിക കരുണയും അവൻ മനസ്സിലാക്കേണ്ടതിനായിട്ടാണ് ഇതെല്ലാം.
എഡ്വേർഡ് വോങ് കൂട്ടിച്ചേർക്കുന്നത്, ദൈവത്തിന്റെ ഈ ചോദ്യോത്തര ഘടന യോനാവിനെ അവന്റെ തന്നെ മറുപടിയിലൂടെ അവന്റെ അസംഗതിയെ വെളിപ്പെടുത്തുന്ന സ്ഥാനത്ത് എത്തിക്കുന്നു എന്നതാണ്. യോനാവ് ഒരു ചെടിക്കായി ആഴത്തിലുള്ള പരിഗണന കാണിച്ചുകൊണ്ടിരിക്കുമ്പോൾ, മനുഷ്യർക്കായി അതേ പരിഗണന കാണിക്കുന്നില്ല. ഈ വൈരുധ്യം അവന്റെ പാകരമായ കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു.
ഈ ഭാഗം ദൈവത്തിന്റെ ഒരു ചോദ്യത്തോടെ അവസാനിക്കുന്നു. യോനാവിൽ നിന്ന് മറുപടി ഇല്ല. ഈ open ending വളരെ പ്രധാനമാണ്. അത് വായനക്കാരനെ പ്രതികരിക്കാൻ ക്ഷണിക്കുന്നു. അതിനാൽ, ഈ ദൃശ്യപാഠം യോനാ നിബിയെ മറികടന്ന്, ഈ ഗ്രന്ഥം വായിക്കുന്ന എല്ലാവരോടും അന്നത്തെ പോലെ ഇന്നും സംസാരിക്കുന്നു. *ദൈവത്തോട് കരുണ യാചിക്കുന്ന നീ സഹജീവികളോട് കരുണയുള്ളവൻ ആണോ?* ഇതാണ് യോനായുടെ പുസ്തകം നൽകുന്ന സന്ദേശത്തിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ചോദ്യം.
*ദൃശ്യപാഠത്തിന്റെ പ്രവർത്തനം* (The Function of the Object Lesson)
യോനാ 4:5–11 ലെ സംഭവങ്ങൾ സാധാരണ കഥാവിവരങ്ങൾ മാത്രമല്ല. ദൈവം യോനാവിനെ പഠിപ്പിക്കുന്നതിനായി സൂക്ഷ്മമായി ക്രമീകരിച്ച ഒരു ദൃശ്യപാഠമാണ് അവ. ഈ പാഠം പല തലങ്ങളിൽ പ്രവർത്തിക്കുന്നു: പഠനപരമായും (pedagogical), വാദാത്മകമായും (rhetorical), മനശാസ്ത്രപരമായും (psychological), ദൈവശാസ്ത്രപരമായും (theological) എല്ലാം ഇത് നമ്മോട് സംസാരിക്കുന്നു. ഓരോ തലവും ഈ ഭാഗം യോനാ ഗ്രന്ഥത്തിനുള്ളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വ്യക്തമാക്കുന്നു.
ആദ്യം, ഈ ദൃശ്യപാഠത്തിന് ഒരു പഠനപരമായ പ്രവർത്തനമുണ്ട്. ദൈവം യോനാവിനെ വചനം കൊണ്ട് മാത്രം തിരുത്തുന്നില്ല; അനുഭവത്തിലൂടെയാണ് പഠിപ്പിക്കുന്നത്. ചെടി, കീടം, കിഴക്കൻ കാറ്റ് (*רוּחַ קָדִים – ruach qadim*) എന്നിവ യോനാവിന്റെ ശരീരത്തിൽ തന്നെ അനുഭവിക്കേണ്ട ഒരു സാഹചര്യം സൃഷ്ടിക്കുന്നു. ഈ പ്രക്രിയയിലൂടെ, യോനാവ് ആശ്വാസത്തിൽ നിന്ന് കഷ്ടതയിലേക്ക് നീങ്ങുന്നു. സാൻഡി ഹബീബ് പറയുന്നതുപോലെ, ഈ സംഭവക്രമത്തിന്റെ ലക്ഷ്യം യോനാവിന്റെ രൂപാന്തരമാണ്; അദ്ദേഹം ഇതിനെ “ദൈവം യോനാവിനെ മാറ്റാൻ നടത്തുന്ന ശ്രമം” എന്നുവിളിക്കുന്നു. അതിനാൽ, ഈ പാഠം സിദ്ധാന്തപരമല്ല, അനുഭവപരമാണ്.
ഈ ധാരണ ആന്ത്യോക്യൻ പാരമ്പര്യത്താലും പിന്തുണയ്ക്കപ്പെടുന്നു. മൊപ്സൂസ്റ്റിയയിലെ തീയഡോർ തിരുവെഴുത്തിലെ സംഭവങ്ങളെ വായനക്കാരുടെ ഉപദേശത്തിനായി നൽകിയവയായി മനസ്സിലാക്കുന്നു. അദേഹം വ്യക്തമാക്കുന്നത്, ഈ സംഭവങ്ങൾ “രൂപകങ്ങളായി എഴുതപ്പെട്ടതും, നമ്മെ ഉപദേശിക്കുന്നതിനായി രേഖപ്പെടുത്തിയതുമാണ്” എന്നതാണ്. ഇതിലൂടെ, ഈ ദൃശ്യപാഠം യോനാവിനായി മാത്രം അല്ല, വായനക്കാരനും വേണ്ടിയുള്ളതാണ് എന്ന് കാണിക്കുന്നു. ഇത് മനസ്സിലാക്കലിനെ രൂപപ്പെടുത്തുന്ന ഒരു പഠനരീതിയായി പ്രവർത്തിക്കുന്നു.
രണ്ടാമതായി, ഈ ദൃശ്യപാഠത്തിന് വാദാത്മകമായ (rhetorical) പ്രവർത്തനമുണ്ട്. ഈ ഭാഗത്തിന്റെ ഘടന യോനാവിനെ അവന്റെ സ്വന്തം വാക്കുകൾകൊണ്ട് തന്നെ അവന്റെ പിഴവ് വെളിപ്പെടുത്തുന്ന ഒരു നിലയിലേക്കു നയിക്കുന്നു. ദൈവം ചോദിക്കുന്ന ചോദ്യം *קִיקָיוֹן (qiqayon)* എന്ന ചെടിയോടുള്ള യോനാവിന്റെ പ്രതികരണത്തെ കേന്ദ്രീകരിക്കുന്നു. യോനാവ് ഈ ചെടിയെക്കുറിച്ച് വളരെ ദുഃഖിക്കുന്നു എന്ന് സമ്മതിക്കുന്നു. ഈ സമ്മതം ദൈവത്തിന്റെ വാദത്തിനുള്ള അടിസ്ഥാനമാകുന്നു. എഡ്വേർഡ് വോങ് വ്യക്തമാക്കുന്നത്, ഈ പ്രക്രിയ യോനാവിന്റെ അസംഗതിയെ വെളിപ്പെടുത്തുകയും, അവന്റെ മറുപടി തന്നെ തിരുത്തലിന്റെ അടിസ്ഥാനമാകുന്ന സ്ഥിതിയിലേക്ക് അവനെ എത്തിക്കുകയും ചെയ്യുന്നു എന്നതാണ്. അതിനാൽ, ഈ ദൃശ്യപാഠം ഒരു ഉദാഹരണം മാത്രമല്ല, ഒരു ശക്തമായ വാദരീതിയായി പ്രവർത്തിക്കുന്നു.
മൂന്നാമതായി, ഈ ദൃശ്യപാഠത്തിന് മനശാസ്ത്രപരമായ (psychological) പ്രവർത്തനമുണ്ട്. ഇത് യോനാവിന്റെ ആന്തരിക അവസ്ഥ വെളിപ്പെടുത്തുന്നു. ചെടി വളരുമ്പോൾ യോനാവ് വലിയ സന്തോഷം കാണിക്കുന്നു; അത് നശിക്കുമ്പോൾ ആഴത്തിലുള്ള നിരാശയിലേക്കു വീഴുന്നു. സാസ്സോൺ പറയുന്നതുപോലെ, ഈ വികാരമാറ്റങ്ങൾ കഥയുടെ കേന്ദ്രത്തിലാണ്. ഈ അസ്ഥിരത യോനാവിന്റെ ഹൃദയത്തിന്റെ മൂല്യങ്ങൾ തെറ്റായ ക്രമത്തിലാണെന്ന് കാണിക്കുന്നു. അവൻ തന്റെ സ്വന്തം ആശ്വാസത്തെ വളരെ വിലമതിക്കുന്നു, എന്നാൽ നിനവെയിലെ ജനങ്ങളെക്കുറിച്ച് അതേ പരിഗണന കാണിക്കുന്നില്ല.
അലക്സാണ്ട്രിയയിലെ സിറിലും ഈ മാറ്റത്തെ ഒരു ആന്തരിക തിരുത്തലായി മനസ്സിലാക്കുന്നു. മനുഷ്യാത്മാവിന്റെ വൈദ്യനായ ദൈവം, യോനാവിന്റെ അവസ്ഥയ്ക്ക് യോജിച്ചതുപോലെ അവന്റെ പിഴവുകൾ തിരുത്തപ്പെടേണ്ടതിനായി, ഒരിക്കൽ കഷ്ടതയിലൂടെയും പിന്നെ കരുണയിലൂടെയും അവനെ സമീപിക്കുന്നു, ഈ സംഭവങ്ങൾ യാദൃശ്ചികമല്ല; അവ പഠനത്തിനായി ക്രമീകരിക്കപ്പെട്ടവയാണ്, “വ്യക്തമായി കാണിക്കേണ്ടതിനായി” നൽകിയതും മനസ്സിനെ ശരിയായ ബോധ്യത്തിലേക്ക് നയിക്കുന്നതുമാണ്. കൂടാതെ, ചെടിയോടുള്ള യോനാവിന്റെ പ്രതികരണം അവന്റെ ചിന്തയുടെ ദൗർബല്യം വെളിപ്പെടുത്തുന്നതായി സിറിൽ കാണിക്കുന്നു. ചെറിയതും താൽക്കാലികവുമായ ഒന്നിനുവേണ്ടി അവൻ ദുഃഖിക്കുന്നുവെങ്കിലും, അനേകം ജീവികളോടുള്ള ദൈവത്തിന്റെ കരുണയെ അവൻ ഗ്രഹിക്കുന്നില്ല. ഇങ്ങനെ ദൈവം സാവധാനമായി അവനെ തിരുത്തി, അവന്റെ പരിമിതമായ ആശങ്കയിൽ നിന്ന് ദൈവിക കരുണയുടെ വിശാലമായ ബോധ്യത്തിലേക്ക് നയിക്കുന്നു. ഈ മുഴുവൻ സംഭവവികാസം അവന്റെ ആന്തരിക സ്വഭാവത്തെ പുതുക്കുകയും, അവന്റെ പ്രവർത്തനങ്ങൾ മാത്രമല്ല, ചിന്തകളും വികാരങ്ങളും സത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
നാലാമതായി, ഈ ദൃശ്യപാഠത്തിന് ദൈവശാസ്ത്രപരമായ (theological) പ്രവർത്തനമുണ്ട്. ഇത് ദൈവത്തിന്റെ കരുണയുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. യോനാ 4:10–11-ൽ, ദൈവം ചെടിയോടുള്ള യോനാവിന്റെ കരുണയും നിനവെയോടുള്ള തന്റെ കരുണയും തമ്മിൽ താരതമ്യം ചെയ്യുന്നു. സാസ്സോൺ പറയുന്നതുപോലെ, ഈ വാദം “ചെറുതിൽ നിന്ന് വലുതിലേക്കുള്ള” രീതിയിലാണ്. യോനാവ് ചെറിയതും താൽക്കാലികവുമായ ഒന്നിനെക്കുറിച്ച് പരിഗണിക്കുന്നു; ദൈവം മനുഷ്യരും മൃഗങ്ങളും നിറഞ്ഞ ഒരു വലിയ നഗരത്തെക്കുറിച്ച് പരിഗണിക്കുന്നു. **וּבְהֵמָה רַבָּה (u-behemah rabbah)** എന്ന പ്രയോഗം ദൈവത്തിന്റെ കരുണ എല്ലാ ജീവികളിലേക്കും വ്യാപിക്കുന്നതാണെന്ന് കാണിക്കുന്നു.
ഈ ദൈവശാസ്ത്രബോധ്യം ഗ്രന്ഥത്തിന്റെ കേന്ദ്രസന്ദേശമാണ്. ദൃശ്യപാഠം ദൈവത്തിന്റെ കരുണ മനുഷ്യന്റെ പ്രതീക്ഷകളാൽ പരിമിതമല്ലെന്ന് കാണിക്കുന്നു. യോനാവിന്റെ പരിമിതമായ ദൃഷ്ടികോണം ദൈവത്തിന്റെ വിശാലമായ ദൃഷ്ടികോണത്തിലൂടെ തിരുത്തപ്പെടുന്നു.
അവസാനമായി, ഈ ദൃശ്യപാഠത്തിന് വായനക്കാരനെ ലക്ഷ്യമാക്കുന്ന (reader-oriented) ഒരു പ്രവർത്തനമുണ്ട്. ഈ ഭാഗം ഒരു ചോദ്യത്തോടെ അവസാനിക്കുന്നു; യോനാവ് അതിന് മറുപടി നൽകുന്നില്ല. ഈ open-ending വായനക്കാരനെ പ്രതികരിക്കാൻ ക്ഷണിക്കുന്നു. സാൻഡി ഹബീബ് പറയുന്നതുപോലെ, ഈ കഥ വായനക്കാരനെ യോനാവ് നേരിടുന്ന അതേ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കാൻ നയിക്കുന്നു. അതിനാൽ, ഈ പാഠം കഥയെ മറികടന്ന് നേരിട്ട് വായനക്കാരനോട് സംസാരിക്കുന്നു.
ഈ എല്ലാ കാരണങ്ങളാൽ, യോനാ 4:5–11 ലെ ദൃശ്യപാഠം മുഴുവൻ ഗ്രന്ഥം മനസ്സിലാക്കുന്നതിനുള്ള പ്രധാന കീ ആണ്. ഇത് കഥാപ്രവർത്തനവും, വികാരാനുഭവവും, ദൈവശാസ്ത്രബോധവും ഒരുമിച്ചു കൊണ്ടുവരുന്നു. ഈ പാഠത്തിലൂടെ ദൈവം യോനാവിന്റെ പരാജയവും തന്റെ കരുണയും വെളിപ്പെടുത്തുന്നു. ഇതിലെ സംഭവങ്ങൾ സൂക്ഷ്മമായി ക്രമീകരിച്ചവയാണ്; അവ യോനാവിനെയും വായനക്കാരനെയും ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ, ഈ ദൃശ്യപാഠം കഥയിലെ ഒരു സംഭവമത്രമല്ല, ഗ്രന്ഥത്തിന്റെ സന്ദേശം കൈമാറുന്ന ഒരു കേന്ദ്രമാർഗമാണ്.
*ക്രൈസ്തവജീവിതത്തിനുള്ള പ്രായോഗിക ആഹ്വാനം*
യോനാ 4-ലെ ദൃശ്യപാഠം വിശ്വാസികളെ അവരുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്ന രീതിയെ തിരിച്ചറിയാൻ വിളിക്കുന്നു. യോനാ മാറുന്ന സാഹചര്യങ്ങളിലൂടെ പഠിപ്പിക്കപ്പെടുന്നതുപോലെ, വിശ്വാസികളും ആശ്വാസത്തിലും കഷ്ടതകളിലും, ദാരിദ്രത്തിലും സമ്പന്നതയിലും, രോഗങ്ങളാലും സൗഖ്യങ്ങളാലും, അപകടങ്ങളാലും സംരക്ഷണങ്ങളാലും എല്ലാം ദൈവത്തിന്റെ രൂപീകരണപ്രവർത്തനങ്ങളെ ജീവിതത്തിൽ ഉൾക്കൊണ്ട് പഠിക്കേണ്ടവരാണ്. ജീവിതത്തിലെ സംഭവങ്ങൾ യാദൃശ്ചികമല്ല; അവ പലപ്പോഴും നമ്മുടെ മനോഭാവങ്ങളെ വെളിപ്പെടുത്താനും, നമ്മുടെ പിഴവുകൾ തിരുത്താനും, ദൈവത്തിന്റെ ഇഷ്ടത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നയിക്കാനും ഉപയോഗിക്കപ്പെടുന്നു. അതിനാൽ, വിശ്വാസികൾ ഈ അനുഭവങ്ങളോട് വിനയത്തോടും തുറന്ന മനസ്സോടും പ്രതികരിക്കണം; ദൈവത്തിന്റെ പ്രവർത്തനത്തെ എതിർക്കാതെ, അവന്റെ പഠനത്തിലും രൂപാന്തരപ്രവർത്തനത്തിലും സഹകരിക്കേണ്ടവരാണ്.
അതോടൊപ്പം, ഈ ഭാഗം വിശ്വാസികളെ അവരുടെ ആന്തരിക അവസ്ഥ പരിശോധിക്കാനും, അവരുടെ ജീവിതം ദൈവത്തിന്റെ കരുണയോടു യോജിപ്പിക്കാനും വെല്ലുവിളിക്കുന്നു. യോനാവിന്റെ ചുരുങ്ങിയ കാഴ്ചപ്പാടും വികാരങ്ങളിലെ അസ്ഥിരതയും, ക്രൈസ്തവജീവിതത്തിലും ഉണ്ടാകാവുന്ന ആഴത്തിലുള്ള പ്രശ്നത്തെ വെളിപ്പെടുത്തുന്നു. അതിനാൽ, വിശ്വാസികൾ പുറമേയുള്ള പ്രവൃത്തികളുടെ തിരുത്തലിൽ ഒതുങ്ങാതെ, ഉള്ളിലുള്ള പുതുക്കലിനായി ശ്രമിക്കേണ്ടവരാണ്—അവരുടെ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും ദൈവത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് രൂപപ്പെടേണ്ടതാണ്. ഇത് ക്ഷമ, കരുണ, സ്നേഹം എന്നിവയിൽ വളരുകയും, സ്വന്തം പരിധികളെ കടന്നുപോയി മറ്റുള്ളവരോടുള്ള പരിഗണനയിൽ വികസിക്കുകയും ചെയ്യുന്നതാണ്. ഇങ്ങനെ, ഈ ദൃശ്യപാഠം പഠനത്തിൽ നിന്ന് രൂപാന്തരത്തിലേക്ക് നീങ്ങി, ദൈവത്തിന്റെ കരുണ പ്രതിഫലിപ്പിക്കുന്ന ജീവിതത്തിലേക്ക് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
*സമാപനം*
യോനാ 4:5–11 ഭാഗം യോനാ ഗ്രന്ഥത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസാന ഘട്ടത്തെ അവതരിപ്പിക്കുന്നു. ഈ ഭാഗത്തിൽ, ദൈവം ഒരു ലളിതമായ ദൃശ്യപാഠം ഉപയോഗിച്ച് യോനാവിനെ പഠിപ്പിക്കുന്നു. ചെടി, കീടം, കിഴക്കൻ കാറ്റ് എന്നിവയെല്ലാം ദൈവം നിയമിച്ചവയാണ്. ഈ സംഭവങ്ങൾ യാദൃശ്ചികമല്ല; മറിച്ച്, യോനാവിനെ ആശ്വാസത്തിൽ നിന്ന് കഷ്ടതയിലേക്കും, അവിടെ നിന്ന് ആലോചനയിലേക്കും നയിക്കുന്നതിനായി സൂക്ഷ്മമായി ക്രമീകരിച്ചവയാണ്.
ഈ പഠനം കാണിച്ചുതരുന്നത്, ഈ ദൃശ്യപാഠം പല തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നതാണ്. ഇത് യോനാവിനെ അനുഭവത്തിലൂടെ പഠിപ്പിക്കുകയും, അവന്റെ സ്വന്തം വാക്കുകൾകൊണ്ട് തന്നെ അവന്റെ അസംഗതിയെ വെളിപ്പെടുത്തുന്ന വിധത്തിൽ അവനെ നയിക്കുകയും ചെയ്യുന്നു. അതോടൊപ്പം, അവന്റെ ആന്തരിക അവസ്ഥയും തെറ്റായ മൂല്യങ്ങളും വെളിപ്പെടുത്തുകയും, ദൈവത്തിന്റെ കരുണയുടെ സ്വഭാവവും വ്യക്തമാക്കുകയും ചെയ്യുന്നു. യോനാവ് ചെറിയതും താൽക്കാലികവുമായ _കിക്കായോൻ_ എന്ന ചെടിയെക്കുറിച്ച് പരിഗണിക്കുന്നു; എന്നാൽ ദൈവം മനുഷ്യരും മൃഗങ്ങളും നിറഞ്ഞ വലിയ നഗരമായ നിനവെയെക്കുറിച്ച് പരിഗണിക്കുന്നു.
ദൈവത്തിന്റെ അന്തിമചോദ്യം ഈ പുസ്തകത്തിന്റെ കേന്ദ്ര ബിന്ദുവാണ്. യോനാ നിബി ഈ ചോദ്യത്തിന് മറുപടി നൽകുന്നില്ല; അവന്റെ മൗനം വളരെ പ്രധാനമാണ്. തീർച്ചയായും ആ മൗനം അവന്റെ ഹൃദയത്തിന്റെ രൂപാന്തരണത്തിൽ നിന്നും ഉളവായത് ആണ്. ഈ ചോദ്യത്തെ നമുക്ക് വേണ്ടി തുറന്ന നിലയിൽ വിട്ടുകൊണ്ട് പുസ്തകം വായിക്കുന്നവരെയും ഇതിലെ വചനം കേൾക്കുന്നവരെയും ദൈവത്തിന്റെ ആത്മാവ് ഈ ചോദ്യത്തിലേക്ക് തിരിക്കുന്നു. ഇങ്ങനെ, വിശ്വാസികൾ യോന നിബിയന്റെ സ്ഥാനത്ത് നിർത്തപ്പെടുകയും, തന്റെ സ്വന്തം പ്രതികരണത്തെക്കുറിച്ച് ചിന്തിക്കാൻ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു.
അതുകൊണ്ട്, ഈ ദൃശ്യപാഠം ഗ്രന്ഥത്തിന്റെ കേന്ദ്രപ്രവർത്തനമായി മാറുന്നു. ഇത് ദൈവിക കരുണ, മനുഷ്യപരിമിതി, ജീവന്റെ മൂല്യം എന്നീ വിഷയങ്ങളെ ഒന്നിച്ചുകെട്ടുന്നു. കൂടാതെ, ദൈവത്തിന്റെ കരുണ മനുഷ്യന്റെ ചുരുങ്ങിയ പ്രതീക്ഷകളാൽ നിയന്ത്രിക്കപ്പെടുന്നില്ലെന്നും, അത് വിശാലവും അതിരുകളില്ലാത്തതുമാണെന്നും കാണിക്കുന്നു. അതിനാൽ, യോനായുടെ പ്രവചനഗ്രന്ഥം ഒരു ചോദ്യത്തോടെ അവസാനിക്കുന്നു—ആ ചോദ്യമോ ഇന്നും വായനക്കാരനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു, ദൈവത്തിന്റെ കരുണയോടുള്ള പ്രതികരണത്തിനും സ്വന്തം മൂല്യങ്ങളെ പുനർവിചാരിക്കാനും അത് നമ്മെ വിളിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ