(ബാർ യുഹാനോൻ റമ്പാൻ)
യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.
നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്‌ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.
അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്‌ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്:
മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്‌ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്‌ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്‌ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!
ദൈവം മനസ്‌സുമാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.
തങ്ങളുടെ ദുഷ്‌ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേല്‍ അയയ്‌ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.
(യോനാ 3 : 4-10)
10 ആം വാക്യം വിശദമായി നോക്കാം.
തങ്ങളുടെ ദുഷ്‌ട തയില്‍നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് *ദൈവം മനസ്‌സുമാറ്റി;* അവരുടെമേല്‍ അയയ്‌ക്കുമെന്നു പറഞ്ഞതിന്‍മ അയച്ചില്ല.
(യോനാ 3 : 10)
ഇതിൽ "ദൈവം മനസ്സ് മാറ്റി" എന്ന് കാണുന്നു. ഇംഗ്ലീഷിൽ "When God saw what they did, how they turned from their evil way, God relented of the disaster that he had said he would do to them, and he did not do it." (Jonah 3:10) എന്നാണ്. ഇവിടെ "God relented" എന്നാണ്, അർത്ഥം "change of mind" മനസ്സ് മാറ്റം എന്നാണ്.
മൂലഭാഷയിൽ നിന്നുള്ള പഠനം അനിവാര്യമാണ്.
וַיַּ֤רְא הָֽאֱלֹהִים֙ אֶת־מַ֣עֲשֵׂיהֶ֔ם כִּי־שָׁ֖בוּ מִדַּרְכָּ֣ם הָרָעָ֑ה וַיִּנָּ֣חֶם הָאֱלֹהִ֗ים עַל־הָרָעָ֛ה אֲשֶׁר־דִּבֶּ֥ר לַעֲשׂוֹת־לָהֶ֖ם וְלֹ֥א עָשָֽׂה׃
യോനാ 3:10-ന്റെ ഹീബ്രു ലിപിയിലുള്ള ഉച്ചാരണം (Transliteration) താഴെ നൽകുന്നു:
"വയ്യാർ ഹാ-എലോഹീം എത്-മാഅസേഹെം കി-ഷാവു മിദർക്കാം ഹാ-റാആ; വയ്യിന്നാഹെം ഹാ-എലോഹീം അൽ-ഹാ-റാആ അഷെർ-ദിബ്ബെർ ലാഅസോത്-ലാഹെം വെലോ ആസാ."
ഇവിടെ *וַיִּנָּ֣חֶם הָאֱלֹהִ֗ים* (വയ്യിന്നാഹെം ഹാ-എലോഹീം) എന്നത് "ദൈവം അനുതപിച്ചു" എന്ന് തർജ്ജ്ജിമ ചെയ്യാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവം മാനസാന്തിരപ്പെട്ടു.
എങ്ങനെ ഉള്ള മാനസാന്തിരമാണ്?
"അൽ-ഹാ-റാആ അഷെർ-ദിബ്ബെർ ലാഅസോത്-ലാഹെം വെലോ ആസാ."
"...അവർക്കു വരുത്തുമെന്ന് താൻ അരുളിച്ചെയ്തിരുന്ന വിപത്തിനെക്കുറിച്ച് ദൈവം അനുതപിച്ചു; അത് ചെയ്തതുമില്ല."
എന്തുകൊണ്ട് ആണ് ദൈവം മാനസാന്തിരപ്പെട്ടത്?
"വയ്യാർ ഹാ-എലോഹീം എത്-മാഅസേഹെം കി-ഷാവു മിദർക്കാം ഹാ-റാആ"
"അവർ തങ്ങളുടെ ദുർമാർഗ്ഗത്തിൽനിന്നു തിരിഞ്ഞു എന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടു."
നിനുവേക്കാർ തങ്ങളുടെ ദുർമാർഗ്ഗത്തിൽ നിന്നും മനസ് തിരിഞ്ഞു അവർ നോമ്പ് എന്ന പ്രവർത്തി കൊണ്ടു അത് തെളിയിച്ചു.
ദൈവം അവരുടെ അനുതാപവും നോമ്പും കണ്ടു. അവരെ നശിപ്പിക്കാൻ ഉള്ള തന്റെ മനസ്സ് താൻ മാറ്റി.
ഹീബ്രു ഭാഷയിലെ നാഖം ( *נָחַם* ) എന്ന മൂലപദം വളരെ ആഴമേറിയ അർത്ഥതലങ്ങളുള്ള ഒന്നാണ്. പ്രധാനമായും രണ്ടു രീതിയിലാണ് ഈ പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്; ഒന്ന്, ഒരു തീരുമാനത്തിൽ നിന്ന് പിന്തിരിയുകയോ മനസ്സ് മാറുന്നതോ (Relent/Repent) ആയ അവസ്ഥയെ സൂചിപ്പിക്കാൻ, രണ്ട്, ദുഃഖിതരെ ആശ്വസിപ്പിക്കുക (Comfort) എന്ന അർത്ഥത്തിൽ. പഴയനിയമത്തിൽ നിനവേ നിവാസികളുടെ പശ്ചാത്താപം കണ്ട് ദൈവം ശിക്ഷാവിധിയിൽ നിന്ന് പിന്തിരിഞ്ഞതിനെ സൂചിപ്പിക്കാൻ ഈ വാക്കാണ് ( *വയ്യിന്നാഹേം* ) ഉപയോഗിച്ചിരിക്കുന്നത്. ശ്വാസം ആഴത്തിൽ വിടുക (ദീർഘശ്വാസം) എന്നർത്ഥമുള്ള ഒരു പദത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇത് കഠിനമായ ദേഷ്യത്തിൽ നിന്നുള്ള മോചനത്തെയോ അല്ലെങ്കിൽ ദുഃഖത്തിൽ നിന്നുള്ള ആശ്വാസത്തെയോ ഒരേപോലെ പ്രതിനിധാനം ചെയ്യുന്നു.
യഥാർത്ഥത്തിൽ അത് അവന്റെ യഥാർത്ഥ ആഗ്രഹം (actual will) അല്ല എങ്കിൽ കൂടിയും തിന്മ പ്രവർത്തിക്കുന്നത് മൂലം മനുഷ്യനെ നശിപ്പിക്കാൻ ദൈവം തീരുമാനം എടുക്കുന്നു. എന്നാൽ അവസാന നിമിഷം എങ്കിലും ആരെങ്കിലും മനസ് തിരിഞ്ഞു തിന്മ ഉപേക്ഷിച്ചു അവനെ ആശ്രയിക്കുന്ന പക്ഷം മനസ്സില്ല മനസ്സോടെ ആണെങ്കിലും അവനെ നശിപ്പിക്കാൻ വേണ്ടി മുൻപ് താൻ എടുത്ത ക്രോധവിധി ഇപ്പോൾ വേണ്ടാന്ന് തീരുമാനം എടുക്കുന്നു. മനുഷ്യൻ തന്റെ ക്രോധത്തിൽ നിന്നും രക്ഷപെട്ടല്ലോ എന്നുള്ളതിന്റെ വൈകാരിക പ്രതിഫലനം ആണ് അവന്റെ "ദീർഘശ്വാസം" അഥവാ 'നാഖം' (അവൻ ദീർഘശ്വാസം ചെയ്തു). ഇതിനു കാരണമായതു പാപിയുടെ മനസ് തിരിയലിനോപ്പമുള്ള വിശുദ്ധനോമ്പും ആണ്.
അതുകൊണ്ട്, പാപത്തിൽ നിന്നും തിരിയാം എന്നുള്ള കേവലം ഒരു മനോവിചാരം/തീരുമാനം മാത്രം അല്ല മറിച്ചു അനുതാപം നോമ്പ് മൂലം പ്രകടിപ്പിക്കുന്ന പാപിയുടെ യഥാർത്ഥത്തിൽ ഉള്ള മനസാന്തിരം ആണ് ദൈവക്രോധത്തെ നീക്കി അവനു നമ്മോട് ഉള്ള ക്രോധവിധിയിൽ നിന്നും അവനെ മാനസാന്തിരപ്പെടുത്താനുള്ള ശ്രേഷ്ഠ മാർഗം.
ഇത് മനസ്സിൽ ആക്കി കൊണ്ടു മുന്നോട്ട് പോകാൻ ആണ് വലിയ നോമ്പിനു ഒരുക്കമെന്ന നിലയിൽ സഭ നിനുവേ നോമ്പിലൂടെ യോനായുടെ പുസ്തകത്തിൽ നിന്നും ദൈവത്തിന്റെ മാനസാന്തിരത്തിനുള്ള മനുഷ്യരുടെ മാനസാന്തിരവും അതിന്റെ പ്രവർത്തന മാതൃകയും അവതരിപ്പിക്കുന്നത്.
എല്ലാവർക്കും വലിയ നോമ്പിന്റെ ആശംസകൾ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ