(ബാർ - യുഹാനോൻ റമ്പാൻ )
വിവാഹ കൂദാശ്ശയുടെ അനുഷ്ടാന ദിവസ നിയന്ത്രണം സംബന്ധിച്ച് മെത്രാൻകക്ഷിയിലേക്ക് മാറിപ്പോയ മുവാറ്റുപുഴ അതാനാസ്സിയോസ് തിരുമേനിയുടെ ഒരു ലേഖനവുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങൾ ലഭിച്ചു.
ചോദ്യങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു കണ്ടത്.
ഒറ്റ വാക്കിൽ ഉത്തരം പറയാൻ ആണെങ്കിൽ, Yes, തീർച്ചയായും ഇത് ഒരു പോസിറ്റീവ് ആയി കാണേണ്ട ലേഖനം ആണ്. വ്യക്തിപരമായ അഭിപ്രായത്തിൽ ഇത്തരം ചിന്തകൾ ഒരു 25 വർഷം മുൻപെങ്കിലും നമ്മുടെ സഭകളിൽ വരേണ്ടിയിരുന്നു.
കാനോനാകൾ സഭ നിർമ്മിക്കുന്നത് ആണ്. അവ വേദപുസ്തക - അപ്പോസ്ത്തോലിക പാരമ്പര്യ പ്രമാണങ്ങളുടെ നടത്തിപ്പിന് വേണ്ടിയുള്ള ചട്ടങ്ങൾ ആണ്. അതായത് വിശുദ്ധ ഗ്രന്ഥവും, അപ്പോസ്ത്തോലിക പാരമ്പര്യങ്ങളും ആണ് മാറ്റമില്ലാത്ത അളവ് കോൽ. ഇതിനെ ആസ്പദമാക്കി പ്രധാന സഭാ സുന്നഹദോസ്സുകൾ വേദപ്രമാണങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. ഈ പ്രമാണങ്ങളുടെ കൃത്യമായ പരിപാലനം കാര്യക്ഷമമായി നടപ്പിൽ വരുവാൻ ഓരോ കാലഘട്ടങ്ങളിലും പൊതുവിലോ അല്ലെങ്കിൽ പ്രാദേശികമോ ആയ സുന്നഹദോസ്സുകൾ കൂടി "കാനോൻ" നിർമ്മിക്കുന്നു.
സഭാ ഭരണം സുഗമമായി മുന്നോട്ട് പോകുവാനും, സഭാ ജീവിതം ആയാസ രഹിതമാക്കുവാനും സഭകളിൽ ക്രിസ്തീയമായ രീതിയിൽ കാലഘട്ടത്തിനു ചേരുന്ന മാറ്റങ്ങൾ ആചാര- അനുഷ്ടാനങ്ങളിൽ ഉൾപ്പെടെ കൊണ്ടുവരേണ്ടത് അത്യാവശ്യം ആണല്ലോ. അത് സഭാ കാനോനുകളുടെ പുനർ നിർമാണം വഴി മാത്രം ആണ് നടപ്പിൽ വരുത്തുവാൻ സാധിക്കുള്ളു.
വിവാഹ കൂദാശ്ശ നടത്തുവാൻ അനുവാദം ഉള്ള ദിവസങ്ങൾ വേദപുസ്തക - അപ്പോസ്ത്തോലിക പാരമ്പര്യ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ 1 കോരിന്ത്യർ 7: 5-6 വാക്യങ്ങളും, ശ്ലീഹാന്മാരുടെ പഠിപ്പിക്കൽ പ്രകാരം ഉള്ള ബുധൻ, വെള്ളിയാഴ്ച നോമ്പ് ദിവസങ്ങളും പരിഗണനയിൽ എടുക്കണം.
കോരിന്ത്യ ലേഖനത്തിൽ ശ്ലീഹാ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് - പ്രാർത്ഥന ജീവിതത്തിനായി ഇരുവരും പരസ്പരം ശരീരപ്രകാരം പിരിഞ്ഞു നിൽക്കുമ്പോൾ അല്ലാതെ ദാമ്പത്യ അവകാശങ്ങൾ നിഷേധിക്കരുത് എന്ന്. അതിന്റെ അർത്ഥം നോമ്പ് ദിനങ്ങളിൽ മാത്രം വിവാഹത്തിലൂടെ അനുവാദം ലഭിച്ച ദാമ്പത്യബന്ധത്തിൽ നിന്നും മാറി നിന്നും കൊണ്ടു പ്രാർത്ഥനജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന് തന്നെ ആണ്. ബുധൻ, വെള്ളിയാഴ്ച നോമ്പുകൾ സഭയിൽ നിലവിൽ വന്നിരുന്ന സാഹചര്യത്തിൽ ശ്ലീഹയുടെ ഈ ലേഖനത്തിൽ പറയുന്ന വിലക്കപ്പെട്ട ദിവസങ്ങൾ ബുധൻ, വെള്ളിയാഴ്ച ദിവസം തന്നെ ആണെന്ന് നമുക്ക് അനുമാനിക്കാവുന്നത് ആണ്.
പിന്നീട്, സഭയിൽ മറ്റു നോമ്പുകളും കൂടി കടന്നു വന്നപ്പോൾ ആ ദിവസങ്ങളും വിവാഹ കൂദാശ്ശ അനുഷ്ടിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി. എന്നാൽ പിന്നീട് ആഴ്ചയിൽ ഞായറാഴ്ചയും തിങ്കലാഴ്ചയുമായി മാത്രം വിവാഹ കൂദാശ്ശയ്ക്കു അനുവാദം കൊടുക്കുവാൻ ഉണ്ടായ കാരണങ്ങൾ ശക്തമായ സന്യാസപാരമ്പര്യങ്ങളിൽ കൂടി ആവിർഭവിച്ച നിയമാനുസരത്വ വാദങ്ങൾ (legalism) ആണെന്നു നിസംശയം അനുമാനിക്കാൻ കഴിയും.
എന്താണ് ഇന്നിന്റെ ആവിശ്യം? തീർച്ചയായും, ആഴ്ചയിൽ രണ്ടു ദിനങ്ങൾ മാത്രം എന്നത് മാറ്റി നോമ്പിതര ദിനങ്ങളിൽ എല്ലാം വിവാഹ കൂദാശ്ശയ്ക്കു വേണ്ടി അനുമതി കൊടുക്കുക എന്നത് തന്നെ ആണ്. അതിൽ വേദശാസ്ത്രപരമായ യാതൊരു ലംഘനവും ഇല്ല. അതേ സമയം ബുധൻ, വെള്ളിയാഴ്ച ദിവസങ്ങൾ ഉൾപ്പെടെ കാനോനിക നോമ്പ് ദിവസങ്ങൾ വിവാഹ കൂദാശ്ശ നടത്തുന്നത് നിർബന്ധമായും ഒഴിവാക്കുക തന്നെ വേണം.
വിവാഹ ജീവിതത്തിലൂടെയുള്ള ദാമ്പത്യം വിശുദ്ധ മൂറോൻ പോലെ വിശുദ്ധവും പരിമളപൂർണവും ആണ്. അതിന്റെ വിശുദ്ധിയും പരിമളവാസനയും വർധിക്കുവാൻ പ്രാർത്ഥനയ്ക്കു വേണ്ടി ഇരുവരും ഒരൽപ്പ സമയം വേർപിരിഞ്ഞു നിൽക്കണം. ഇതാണ് പരിശുദ്ധ ശ്ലീഹാ പഠിപ്പിക്കുന്നത്. ഒപ്പം പ്രാർത്ഥന പൂർത്തി ആക്കി എത്രയും വേഗത്തിൽ സംയോജിച്ചു കൊള്ളണം എന്നും എഴുതപെട്ടിരിക്കുന്നു. ഈ രീതിയിൽ ഒരു ആത്മീയ കുടുംബ ദാമ്പത്യ ജീവിതം നയിക്കുവാൻ ഭാര്യ ഭർത്താക്കന്മാരെ പ്രാപ്തരക്കാൻ ആണ് "കാനോൻ" ലക്ഷ്യം ഇടുന്നത്. എന്നാൽ കാലോചിതമായി പരിഷ്കാരിക്കാതെ, നിയമവാദത്തിന്റെ കീഴിൽ അമർന്ന കാനോൻ സഭയിൽ വിവാഹ കൂദാശ്ശയുടെ അനുഷ്ടാനം ദുഷ്കരമാക്കുന്നു.
പ്രായോഗിക ദൈവശാസ്ത്രത്തിന്റെ വക്താവ് ആയ ഒരു ശ്രേഷ്ഠ കാതോലിക്കയുടെ ഭരണത്തിലേക്ക് പരിശുദ്ധ യാക്കോബായ സുറിയാനി സഭ പ്രവേശിച്ചിരിക്കുന്നതിനാൽ ഈ വിഷയത്തിൽ ഉചിതമായ തീരുമാനങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കാം എന്ന് ആണ് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ