*******************
(ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ)
*ആമുഖം*
സുറിയാനി ഓർത്തഡോക്സ് സഭയിൽ, ആരാധനയുടെ ഏറ്റവും പുരാതനവും പ്രതീകാത്മകവുമായ സമ്പന്നമായ ഘടകങ്ങളിൽ ഒന്നാണ് ജനനപെരുന്നാൾ ക്രമത്തിലെ തീജ്വാലാ ശു ശ്റൂക്ഷ. മറ്റു മതങ്ങളുടെ ആചാരങ്ങളിൽ നിന്നോ, അല്ലെങ്കിൽ മതേതര അഗ്നി ആചാരങ്ങളിൽ നിന്നോ വ്യത്യസ്തമായി, അന്ത്യോക്യൻ വേദശാസ്ത്ര പാരമ്പര്യത്തിൽ അഗ്നിയുടെ പ്രതീകാത്മക ഉപയോഗം ആഴത്തിലുള്ള ദൈവശാസ്ത്രപരമായ ഒരു സമീപനത്തിന്റെ ഭാഗമാണ്. തിരുവെഴുത്തുകളിലും പാട്രിസ്റ്റിക് രചനകളിലും ആരാധനാപരമായ പ്രതീകാത്മകതയിലും വേരൂന്നിയതാണ് ഈ ശുശ്റൂക്ഷ. സഭയെ സംബന്ധിച്ചിടത്തോളം 'അഗ്നി' ഒരു ആരാധനാ ബിംബമല്ല, മറിച്ച് ദൈവത്തിൻ്റെ അപ്രത്യക്ഷമായ കൃപയുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന ഒരു മാധ്യമമാണ് (means of grace ). അതിൻ്റെ പ്രകാശവും ഊഷ്മളതയും പരിവർത്തന ശക്തിയും ദൈവത്തെയും സൃഷ്ടിയെയും രക്ഷയെയും കുറിച്ചുള്ള അഗാധമായ സത്യങ്ങൾ പ്രതീകത്മകതയിലൂടെ ആശയവിനിമയം നടത്തുന്നു. സുറിയാനി പിതാക്കന്മാർ, പ്രത്യേകിച്ച് വിശുദ്ധ അഫ്രേമും സെറൂഗിലെ വിശുദ്ധ യാക്കോബും, അഗ്നിയെന്ന പ്രതീകത്തെ ദിവ്യപ്രകാശത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ദൃശ്യമായ പ്രകടനമായി സ്ഥിരമായി വ്യാഖ്യാനിക്കുന്നു. വിശുദ്ധ എഫ്രേം എഴുതുന്നു, " _അഗ്നിയും ആത്മാവും മറിയയുടെ ഗർഭപാത്രത്തിലായിരുന്നു; അഗ്നി അവളെ ദഹിപ്പിച്ചില്ല, എന്നിട്ടും അത് മറഞ്ഞിരിക്കുന്ന വെളിച്ചം വെളിപ്പെടുത്തി."_ ഈ പ്രസ്താവന ദൈവിക സാന്നിധ്യം നാശമില്ലാതെ പ്രകാശിക്കുന്നു എന്ന് ഊന്നിപ്പറയുന്നു, ഇത് സഭയുടെ അഗ്നിജ്വാല ശുശ്റൂക്ഷയുടെ അടിസ്ഥാനമായ ഒരു ആരാധന തത്വമാണ്. ജനനപെരുന്നാളിന്റെ ഫെങ്കീസ്സയിൽ, തീജ്വാല എന്നത് മനുഷ്യത്വത്തെയും സൃഷ്ടിയെയും പ്രകാശിപ്പിക്കുന്ന ജഡംധരിച്ചവചനമാം ദൈവം ഒരു പൈതലിന്റെ രൂപത്തിൽ ലോകത്തിന്റെ യഥാർത്ഥ വെളിച്ചമായി ബെത്‌ലഹേമിലെ അമ്മയുടെ മാറിൽ അമർന്ന വിശുദ്ധഅഗ്നിയെ ഓർമ്മിപ്പിക്കുന്നു. ഈ അഗ്നിജ്വാല ശുശ്റൂക്ഷ ആയതിനാൽ കേവലം ഒരു ഇന്ദ്രിയാനുഭവം മാത്രമല്ല, തീ കത്തിക്കൽ, തീജ്വാലകളുടെ ചലനം, ഉയരുന്ന പുക എന്നിവയെല്ലാം ദൈവത്തിന്റെ സാന്നിധ്യം, ശക്തി, കരുണ എന്നിവയെക്കുറിച്ച് വിശ്വാസികളെ പഠിപ്പിക്കുന്ന ഒരു ജീവനുള്ള മതബോധനമായി പ്രവർത്തിക്കുന്ന ഒരു ദൈവശാസ്ത്ര പ്രവൃത്തിയാണ്.
*ദിവ്യ പ്രതീകങ്ങൾ ആയ വെളിച്ചവും ധൂപവർഗ്ഗവും*
സുറിയാനി ഓർത്തഡോക്സ് സഭയിൽ അഗ്നി , വെളിച്ചം, ധൂപവർഗ്ഗം എന്നിവയുടെ ഉപയോഗത്തിന് ഉറച്ച ബൈബിൾ അടിത്തറയുണ്ട്. ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും മാർഗനിർദേശത്തിന്റെയും രക്ഷയുടെയും പ്രതീകമായി ബൈബിൾ പലപ്പോഴും വെളിച്ചത്തെ ഉപയോഗിക്കുന്നു. യെശയ്യാവ് പ്രഖ്യാപിക്കുന്നു, “ _അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു"_ (ഏശയ്യാ 9 : 2). യെശയ്യാവിന്റെ പ്രവചനത്തെ ഉറപ്പിച്ച് കൊണ്ടു സുവിശേഷത്തിൽ ക്രിസ്തു പറയുന്നു, " _ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും"_
(യോഹന്നാന്‍ 8 : 12). അതുപോലെ “ _എന്റെ പ്രാർത്ഥന നിന്റെ മുമ്പാകെ ധൂപം പോലെയും എന്റെ കൈകളിൽ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാട് പോലെയും ഇരിക്കുമാറാകേണമേ_ ” (സംകീർത്തനങ്ങൾ 141:2) എന്ന് എഴുതുമ്പോൾ സങ്കീർത്തനക്കാരൻ ആരാധനയും സുഗന്ധവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സ്ഥിരീകരിക്കുന്നു. തീജ്വാലാ ശുശ്റൂംക്ഷയ്ക്കു ഈ ഭാഗങ്ങൾ ദൈവശാസ്ത്രപരമായ അടിത്തറ നൽകുന്നു, എന്തുകൊണ്ടെന്നാൽ തീയും പ്രകാശവും ഇവിടെ ദൈവസാന്നിധ്യം, കൃപയാൽ ഉള്ള ശുദ്ധീകരണം എന്നിവയെ പ്രതിനിധീകരിക്കുന്നു, അതിൽ അർപ്പിക്കുന്ന ധൂപവർഗ്ഗം ദൈവത്തിലേക്ക് ഉയരുന്ന പ്രാർത്ഥനയെ പ്രതിനിധീകരിക്കുന്നു. സുറിയാനി പിതാക്കന്മാർ ഈ ബൈബിൾ തത്വങ്ങളെ സ്തുതിഗീതങ്ങൾ, പ്രാർത്ഥനകൾ, ആരാധനാക്രമങ്ങൾ എന്നിവയിലൂടെ സംയോജിപ്പിച്ചു. സെറൂഗിലെ വിശുദ്ധ യാക്കോബു വിശദീകരിക്കുന്നു, “ _അഗ്നി [നമ്മുടെ ]കാഴ്ചകളെ വഹിക്കുന്നു, സുഗന്ധം [നമ്മുടെ] പ്രാർത്ഥനയുടെ ഭാഷയായി മാറുന്നു. ഇവയിലൂടെ സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്നു.”_ തീജ്വാല ശുശ്റൂക്ഷയിൽ എവൻഗേലിയോൻ വായനയുടെ മധ്യത്തിൽ സ്വർഗദൂതന്മാരുടെ മാവുർബോ "തെസുബുഹത്തോ ലലോഹോ ബമ്മറൗമേ......" എന്നത് പുരോഹിതൻ ചൊല്ലുകയും, വിശ്വാസികൾ അത് ഏറ്റു പാടുന്നതും തീയും ധൂപവർഗ്ഗവും അർപ്പിക്കുന്നതും മേല്പറഞ്ഞ ദൈവശാസ്ത്രപരമായ സത്യങ്ങളെ പ്രതീകാത്മകമായി പഠിപ്പിക്കുന്നു.
യഥാർത്ഥത്തിൽ ഈ പ്രതീകാത്മകമായ തീജ്വാല ശുശ്റൂക്ഷയ്ക്കു വേണ്ടി കുന്തിരിക്കം, മിറ എന്നീ സുഗന്ധദ്രവ്യങ്ങളും, തീ കത്തിക്കുന്നതിനു വിറകായ് മുൻ ഓശനയിലെ വാഴ്ത്തപ്പെട്ട ചില്ലകളും വിശ്വാസികൾ കാഴ്ചയായി സമർപ്പിക്കേണ്ടത് ആകുന്നു. പുരോഹിതൻ സുഗന്ധദ്രവ്യങ്ങൾ വാഴ്ത്തുകയും അവ ഹയരാറക്കി ക്രമത്തിൽ വിശ്വാസികൾ വരെ അവ തീയിൽ അർപ്പിച്ചു കൊണ്ടു മാവുർബോയും തുടർന്നു മാലാഖമാരുടെ സ്തുതിപ്പും ചൊല്ലി തീജ്വാലയെ പ്രദിക്ഷിണം ചെയ്ത ശേഷം എവൻഗേലിയോൻ പൂർത്തി ആക്കേണ്ടത് ആണ്. എന്നാൽ ഈ പ്രതീകത്മകത അറിയാതെ വിശുദ്ധ ധൂപനത്തിനു പള്ളിയിൽ ഉപയോഗിക്കുന്ന സുഗന്ധവർഗ്ഗം പോലെ കണക്കാക്കി കുന്തിരിക്കം അർപ്പിക്കുന്നതിൽ നിന്നും വിശ്വാസികളെ വിലക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. എന്നാൽ ഈ സുഗാന്ധകാഴ്ചകൾ അന്ന് ശുശ്റൂക്ഷയിൽ കടന്നു വരുന്ന എല്ലാവർക്കും അർപ്പിക്കുവാൻ വേണ്ടി ആണ് വലിയ തീജ്വാല ക്രമീകരണങ്ങൾ പോലും ഉണ്ടാക്കിയത് എന്നുള്ളത് കലക്രമത്തിൽ മറന്നു പോയി.
*കുന്തുരുക്കവും മൂറും, കുരുത്തോലയും - തീജ്വാലാശുശ്രൂഷയിൽ ക്രിസ്തുവിന്റെ പ്രതീകങ്ങൾ*
തീജ്വാലാശുശ്രൂഷയുടെ ഒരു പ്രത്യേക സവിശേഷത, പ്രത്യേകിച്ച് ജനന പെരുന്നാളിൽ, കുന്തുരുക്കവും മൂറും, കുരുത്തോലയും തീയിൽ സമർപ്പിക്കുന്നതാണ്. ഇവ വിദ്വാൻമാരുടെ സമ്മാനങ്ങളായിരുന്നു, അവയ്ക്ക് ആഴമായ പ്രതീകാത്മക അർത്ഥമുണ്ട്. സ്വർണ്ണം ക്രിസ്തുവിനെ രാജാവായി സൂചിപ്പിക്കുന്നു അതായത് ആദാമിന് നഷ്ടപ്പെട്ട സത്യനീതി (true righteousness ) എന്നാൽ സ്വർണ്ണത്തിനു പകരം തീജ്വാല ക്രമത്തിൽ രാജാവിന്റെ യറുസലേമിലേക്കുള്ള പ്രവേശനത്തിൽ ഓശന പാടി ഉയർത്തിയ ചില്ലകളെ ആണ് ഉപയോഗിക്കുന്നത് കാരണം കുരുത്തോലയും സ്വർണ്ണവും മഹാരാജാവിന്റെ സത്യനീതി ആണ് പ്രതീകപ്പെടുത്തുന്നത്. കുന്തുരുക്കം ക്രിസ്തുവിനെ വിശുദ്ധിയോട് കൂടി ആരാധിക്കേണ്ട സത്യേക ദൈവമായി സൂചിപ്പിക്കുന്നു അതായത് ആദാമിന് നഷ്ടപ്പെട്ട സത്യ വിശുദ്ധി (true holiness), മൂർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്ന രക്ഷകനായി ക്രിസ്തുവിനെ സൂചിപ്പിക്കുന്നു അതായത് ആദാമിന്നും അവന്റെ മക്കൾക്കും വേണ്ടി പ്രവചിക്കപ്പെട്ട സത്യ ജ്ഞാനമായ മിശിഹാ (true knowledge).
വിശുദ്ധ എഫ്രേം ഈ സമ്മാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നു, _"വിദ്വാൻമാർ രാജാവിന് സ്വർണ്ണവും, ദൈവത്തിന് കുന്തുരുക്കവും, ലോകത്തിനുവേണ്ടി മരിക്കുന്നവന് മൂറും അർപ്പിച്ചു."_ തീജ്വാലാ ശുശ്രൂഷയ്ക്കിടെ കത്തുന്ന ഓശന ചില്ലകളിൽ കുന്തുരുക്കവും മൂറും വയ്ക്കുമ്പോൾ, അവ പുകയായും സുഗന്ധമായും രൂപാന്തരപ്പെടുന്നു, ഇത് മനുഷ്യ പ്രാർത്ഥനയുടെ ആരോഹണത്തെയും ക്രിസ്തുവിന്റെ സ്വത്വത്തിന്റെ പ്രകടനത്തെയും പ്രതീകപ്പെടുത്തുന്നു. ഖരരൂപത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ സുഗന്ധധൂപമായി മാറുന്നത് ജഡധാരണത്തിന്റെ രഹസ്യത്തെയും പ്രകടിപ്പിക്കുന്നു. അതായത്, നിത്യനായ ദൈവം ശരീരത്തെ ദഹിപ്പിക്കാതെ ഭൗതിക ലോകത്തിലേക്ക് പ്രവേശിക്കുകയും, ശരീരത്തിൽ മനുഷ്യന്റെ പാപങ്ങൾ വഹിച്ച് സൃഷ്ടിയെ വിശുദ്ധീകരിക്കുന്നതിനു അതിനെ കുരിശിൽ ദഹിപ്പിച്ചു, മൂന്നാം നാൾ പരിവർത്തനം ചെയ്ത സുഗന്ധശരീരമായി ഉയിർത്തു കൊണ്ടു തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ തന്റെ വിശുദ്ധ സുഗന്ധത്തിന്റെ ഇമ്പത്തിലേക്കു ഉയർത്തുകയും ചെയ്യുന്നു.
*സുഗന്ധം, പരിശുദ്ധാത്മാവ്, ക്രിസ്തുവിന്റെ ജീവിതം*
സുറിയാനി ഓർത്തഡോക്സ് പാരമ്പര്യത്തിൽ, സുഗന്ധത്തിന് ആഴമായ ദൈവശാസ്ത്രപരമായ പ്രാധാന്യമുണ്ട് എന്നു മുൻപ് സൂചിപ്പിച്ചുവല്ലോ. സഭാ പിതാക്കന്മാർ പലപ്പോഴും ഈ ഇമ്പകരമായ സുഗന്ധത്തെ ജീവിതം, വിശുദ്ധി, പരിശുദ്ധാത്മ സാന്നിധ്യം എന്നിവയുമായി ബന്ധപ്പെടുത്തുന്നു. പറുദീസയെ പോലും ഇമ്പമാർന്ന സുഗന്ധം നിറഞ്ഞ ഒരു സ്ഥലമായി അവർ വിശേഷിപ്പിക്കുന്നു, സുഗന്ധദ്രവ്യത്തെ മനോഹരമായ സുഗന്ധമാക്കി മാറ്റുന്നത് ദൈവാത്മാവിന്റെ ആവാസത്താൽ ഉള്ള ദൈവിക കൃപയുടെ വ്യാപാരത്തെ സൂചിപ്പിക്കുന്നു. കുന്തുരുക്കത്തിന്റെയും മൂറിന്റെയും ഉയരുന്ന പുക സൃഷ്ടിയെ വിശുദ്ധീകരിക്കുകയും മനുഷ്യ പ്രാർത്ഥന ദൈവത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ പ്രതീകമായി മനസ്സിലാക്കപ്പെടുന്നു. " _പുത്രന്റെ സുഗന്ധം ലോകമെമ്പാടും വ്യാപിച്ചു, ശവക്കുഴിയുടെ കയ്പ്പ് നാടുകടത്തപ്പെട്ടു"_ എന്ന് വിശുദ്ധ എഫ്രേം എഴുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ ജഡധാരണം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ ദൈവികസ്വഭാവം ഭൗതിക ലോകത്തെക്കു വ്യാപിപ്പിക്കുകയും അത് ദൈവഛായയെ മനുഷ്യനിൽ പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് വിശുദ്ധ അപ്രേം ഊന്നിപ്പറയുന്നു. തീജ്വാല ശുശ്റൂക്ഷ ഈ സത്യങ്ങളെ പ്രതീകാത്മക ദൈവശാസ്ത്രത്തിലൂടെ (symbolic theology) വിശദീകരിക്കുന്നു.
കുന്തുരുക്കത്തോടൊപ്പം മൂറും ഉൾപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ദൗത്യത്തിന്റെ പൂർണ്ണതയെ അറിയിക്കുന്നു. കുന്തുരുക്കം അവന്റെ ദൈവത്വത്തെയും, പൗരോഹിത്യത്തെയും, ദൈവമെന്നുള്ള നിലയിൽ അവനു അർഹമായ ആരാധനയെയും സൂചിപ്പിക്കുമ്പോൾ, മൂർ അവന്റെ കഷ്ടപ്പാട്, മരണം, ശവസംസ്കാരം എന്നിവയെ മുൻനിഴലാക്കുന്നു. എന്നിരുന്നാലും മരണത്തിന്റെ പ്രതീകാത്മകതയുള്ള മുർ ജനനപെരുന്നാൾ തീജ്വാലയിൽ ഉപയോഗിക്കുമ്പോൾ പോലും ഇവിടെ ഒരു പ്രത്യാശയും പരിവർത്തനവുമുണ്ട്. മൂർ തീയിൽ ദഹിപ്പിക്കപ്പെടുകയും അതിന്റെ സുഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുമ്പോൾ, അത് പുനരുത്ഥാനത്തിന്റെ അടയാളമായി മാറുന്നു. സെറൂഗിലെ വിശുദ്ധ യാക്കോബ് നിരീക്ഷിക്കുന്നു, " _മൂർ ജ്വാലയിൽ പ്രവേശിച്ചു, മരണത്തെക്കുറിച്ചല്ല, പുനരുത്ഥാനത്തെക്കുറിച്ചാണ് ഇത് സംസാരിച്ചത്."_ ഈ ആചാരത്തിലൂടെ, ക്രിസ്തുവുമായി ഐക്യപ്പെടുമ്പോൾ കഷ്ടപ്പാട് എന്നത് ക്രിസ്തീയ ജീവിതത്തിന്റെ അനുഗ്രഹമായി രൂപാന്തരപ്പെടുന്നുവെന്ന് സഭ പഠിപ്പിക്കുന്നു. വിശ്വാസികളെ രക്ഷയുടെ രഹസ്യത്തെക്കുറിച്ച് ചിന്തിക്കാൻ തിജ്വാല നമ്മെ ക്ഷണിക്കുന്നു. ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ പ്രകാശിപ്പിക്കാൻ മാത്രമല്ല, ക്രിസ്തീയ സഹനത്തിലൂടെയും സുവിശേഷ പ്രഖോഷണം വഴി മരണത്തിനെതിരായ വിജയത്തിലൂടെയും എല്ലാവരെയും ക്രിസ്തുവിൽ വീണ്ടെടുക്കാനും ഇത് ആഹ്വാനം ചെയ്യുന്നു.
തീജ്വാലാശുശ്റൂക്ഷ വിശ്വാസികളുടെ ഇന്ദ്രിയങ്ങളെ ഉൾപ്പെടുത്തുകയും ദൈവശാസ്ത്ര സന്ദേശം മൂർത്തമാക്കുകയും ചെയ്യുന്നു. തീ, പുക, സുഗന്ധം എന്നിവ പ്രതീകങ്ങൾ മാത്രമല്ല, മറിച്ചു ദിവ്യ ആരാധനയിൽ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ഒരുപോലെ ചേർത്ത് നിർത്തുന്ന ദിവ്യ ആരാധനയുടെ ക്രമത്തിലെ പ്രത്യക്ഷ ഉപകരണങ്ങൾ കൂടി ആണ്. ഇവ മൂലം ആകാശത്തെയും ഭൂമിയെയും പ്രാർത്ഥനയിൽ ഒന്നിപ്പിക്കുന്നു, സൃഷ്ടി തന്നെ ദൈവത്തിന്റെ മഹത്വത്തിൽ പങ്കെടുക്കുന്നുവെന്ന് തെളിയിക്കുന്നു. സെറൂഗിലെ വിശുദ്ധ യാക്കബ് വിശദീകരിക്കുന്നു, " _സുഗന്ധം ഉയരുമ്പോൾ, സഭ തന്റെ വഴിപാട് [ദൈവം] സ്വീകരിച്ചുവെന്ന് അറിയുന്നു, [അപ്പോൾ] സ്വർഗ്ഗം ഭൂമിയെ കണ്ടുമുട്ടാൻ [വേണ്ടി അവിടേക്കു] കുനിയും."_ ഈ ഇന്ദ്രിയ അനുഭവം നൽകുന്ന പ്രതീകത്മക ദൈവശാസ്ത്രത്തിലൂടെ, ആരാധന ദൈവവുമായുള്ള ഒരു സമഗ്രമായ കൂടിക്കാഴ്ചയാണെന്ന് സഭ സ്ഥിരീകരിക്കുന്നു, അവിടെ ഭൗതിക ഘടകങ്ങൾ ദിവ്യകൃപയുടെ മാധ്യമങ്ങളായി രൂപാന്തരപ്പെടുന്നു.
*തീജ്വാല ശുശ്റൂക്ഷാ സന്ദേശം : ആരാധനാക്രമ ജീവിതത്തിലും ആത്മീയ രൂപീകരണത്തിലും*
തീജ്വാലാശുശ്രൂഷ ഒരു ഒറ്റപ്പെട്ട ആചാരമല്ല; അത് സിറിയൻ ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമ ജീവിതത്തിൽ ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്ന ഒരു ദിവ്യ ക്രമം ആണ്. ശീമനാടുകളിൽ മറ്റു പല പ്രധാന പെരുന്നാളുകളുടെ ആഘോഷത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു, കൂടാതെ ഇത് പ്രദിക്ഷിണം, സുവിശേഷ പ്രഘോഷണം, പ്രാർത്ഥനകൾ എന്നിവയോടൊപ്പം നടത്തുന്നു. ആരാധനക്രമത്തിലെ അതിന്റെ പങ്ക് എന്നത് ക്രിസ്തുവിന്റെ സാന്നിധ്യം നിരന്തരവും പരിവർത്തനാത്മകവുമാണെന്നും, ക്രിസ്തുവിന്റെ സുവിശേഷം സഭയെയും സമൂഹത്തെയും ആത്മീയ വളർച്ചയിലേക്ക് നയിക്കുന്നുവെന്നും വിശ്വാസികളെ പഠിപ്പിക്കുന്നു. തീജ്വാലാശുശ്രൂഷയിൽ പങ്കെടുക്കുന്നതിലൂടെ, വിശ്വാസികൾ ദൃശ്യവും അദൃശ്യവുമായ, ഭൗമികവും സ്വർഗ്ഗീയവുമായ ഒരു സംയോജനത്തിന്റെ പ്രതിഭാസം അനുഭവിക്കുന്നു, അത് വിശ്വാസത്തെയും ഭക്തിയെയും ശക്തിപ്പെടുത്തുന്നു.
തീജ്വാലാ ശുശ്രൂഷയുടെ ദൈവശാസ്ത്രപരമായ പ്രാധാന്യം നമ്മെ ആത്മീയ രൂപീകരണത്തിലേക്ക് വ്യാപിക്കുന്നു. കുന്തുരുക്കവും മൂറും തീയിൽ അർപ്പിച്ച് അത് സുഗന്ധധൂപമായി മാറുന്നത് കാണുന്നതിലൂടെ, വിശ്വാസികൾ കർത്താവിന്റെ ജഡധാരണത്തിന്റെ രഹസ്യം, അവന്റെ കഷ്ടപ്പാടിന്റെ യാഥാർത്ഥ്യം, പുനരുത്ഥാന പ്രത്യാശ എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നു. ഈ ആചരണം വിശ്വാസത്തിൽ ഊന്നിയ മനുഷ്യ ജീവിതയാത്രയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നു. വിശ്വാസികളുടെ പ്രാർത്ഥന ധൂപം പോലെ ഉയരണം, നമ്മുടെ ജീവിതം തീ പോലെ ശുദ്ധീകരിക്കപ്പെടണം, ക്രിസ്തുവുമായുള്ള ഐക്യത്തിലൂടെ ജീവിതത്തിൽ നേരിടുന്ന കഷ്ടപ്പാടിനെ എല്ലാം ഒരു അനുഗ്രഹമാക്കി മാറ്റാൻ കഴിയണം. ഈ ദൈവശാസ്ത്രപരമായ അദ്ധ്യാപനശാസ്ത്രം സഭയുടെ ആരാധനക്രമം കേവലം ആചാരപരമായിരിക്കാതെവിശ്വാസികളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ദൈവിക സത്യവുമായി പൊരുത്തപ്പെടുത്തി രൂപപ്പെടുത്തുന്നതാണെന്ന് ഉറപ്പാക്കുന്നു.
*ഉപസംഹാരം*
സിറിയൻ ഓർത്തഡോക്സ് സഭയിലെ ജനനപെരുന്നാൾ ക്രമത്തിലുള്ള തീജ്വാലാ ശുശ്റൂക്ഷ ആഴത്തിലുള്ള ഒരു ദൈവശാസ്ത്ര ആവിഷ്കാരമാണ്. കുരുത്തോല, കുന്തുരുക്കം, മൂർ എന്നിവയുടെ തീയിൽ അർപ്പിക്കുന്ന ഈ വഴിപാട് ക്രമത്തിലൂടെ , ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു സൃഷ്ടിയെ വിശുദ്ധീകരിക്കാൻ അതിൽ പ്രവേശിച്ചുവെന്ന് സഭ പ്രഖ്യാപിക്കുന്നു. സഭയുടെ പ്രാർത്ഥന പുകയായി ഉയരുന്നു, വിശ്വാസം മൂർത്തമായ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്നു, ക്രിസ്തുവിന്റെ ജീവിതം, കഷ്ടപ്പാട്, പുനരുത്ഥാനം എന്നിവയുടെ രഹസ്യം വിശ്വാസികളുടെ കണ്ണുകൾക്കും ഹൃദയങ്ങൾക്കും മുന്നിൽ അവതരിപ്പിക്കപ്പെടുന്നു. തീജ്വാലാ ശുശ്റൂക്ഷയുടെ ദൈവശാസ്ത്രം ക്രിസ്തുവിൽ കേന്ദ്രീകരിച്ചു പൂർണ്ണമായി ജീവിക്കാനുള്ള സഭയുടെ കഴിവിനെ ഉദാഹരണമാക്കുന്നു, ഇവിടെ ആരാധന വെറും ബൗദ്ധികമല്ല, മറിച്ച് മുഴുവൻ വ്യക്തിയെയും ഉൾപ്പെടുത്തുന്ന ദൈവവുമായുള്ള പങ്കാളിത്ത കൂടിക്കാഴ്ചയാണെന്ന് തെളിയിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ