(ബാർ - യുഹാനോൻ റമ്പാൻ
പിറമാടം ദയറ )
ഗബ്രിയേൽ മാലാഖ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവപുത്രനായ യേശുവിനെ അവൾ ഗർഭം ധരിക്കുമെന്നു കന്യക മാറിയാമിന് അറിയിപ്പ് നൽകുന്ന സംഭവമാണ് ലൂക്കാ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനിപ്പ് ആസ്പദമായ സംഭവം. കന്യകയുടെ മറുപടി ഇവിടെ പ്രധാനമാണ്, "മറിയം പറഞ്ഞു: "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!" അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു." (ലൂക്കോസ് 1 : 38).
ദൈവത്തിന്റെ ജഡധാരണത്തിന്റെ ആരംഭം ചൂണ്ടിക്കാണിക്കുന്ന ക്രൈസ്തവ വിശ്വാസത്തിലെ അത്യന്തം മുഖ്യമായ ഒരു സംഭവമാണിത്. എഫെസ്യ ലേഖനത്തിൽ പൗലോസ് പഠിപ്പിച്ചു, "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. (എഫേസോസ് 2 : 8). ഇവിടെ കന്യക ആദ്യം ദൈവകൃപ നിറഞ്ഞവൾ ആയി തീരുകയാണ്. അവൾ പ്രാപിച്ച കൃപയാൽ, "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ" എന്നുള്ള വിശ്വാസ പ്രഖ്യാപനം അവൾ നടത്തുന്നു. വചനിപ്പിന് എത്ര മാത്രം ദൈവിക വ്യാപാരമുണ്ടെങ്കിലും അമ്മ ആകേണ്ട കന്യകയുടെ വിശ്വാസത്തിന്റെ പ്രതികരണത്തിനും ഒരു വലിയ സ്ഥാനം ഉണ്ട്. മാതാവിന്റെ ഈ "വിശ്വാസ-ഏറ്റുപറച്ചിൽ" ആണ് വചനിപ്പിന്റെ മാനുഷിക ഇടപെടലിന്റെ ഒരു വശം. അതായത്, അത്യുന്നതനായ ദൈവത്തിന്റെ അക്ഷയമായ ബീജം, വിശുദ്ധ തൃത്വത്തിൽ രണ്ടാമനായ ദൈവപുത്രൻ ലോഗോസ്, പരിശുദ്ധ ആത്മാവിന്റെ വ്യാപാരത്താൽ കന്യകയെ സമീപിക്കുന്നു, തന്റെ ദൂതൻ വഴി ചോദിച്ചു, " എന്റെ മകളെ, എന്റെ കൈകൾ കൊണ്ടു നിന്റെ അമ്മയുടെ ഉദരത്തിൽ ഞാൻ നിന്നെ മെനഞ്ഞു, ഇപ്പോൾ എന്റെ കൃപയാൽ ഞാൻ നിന്നെ എന്റെ മാതൃ സ്ഥാനത്തേക്കു വിളിച്ചു തിരഞ്ഞെടുത്തിരിക്കുന്നു, നിനക്ക് എന്റെ മാതാവ് ആകുവാനും, നിന്നിൽ നിന്നും എനിക്കു ജഡം ധരിപ്പാനും, ലോകത്തിന്റെ പരിപാലകനായ എന്നേ നിന്റെ ഉദരത്തിൽ പരിപാലിക്കുവാനും നിനക്ക് സമ്മതമാണോ?" മറിയം തന്റെ വിശ്വാസം ഇവിടെ ഏറ്റു പറഞ്ഞു കൊണ്ടു ദൈവകൃപയോട് അനുകൂലമായി പ്രതികരിക്കുന്നു.
മറിയാമിന്റെ വിശ്വാസം ഒരിക്കലും അവളുടെ സ്വന്തം കഴിവിൽ നിന്നും ഉളവായത് അല്ല, എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെയും, വിളിയുടെയും, സർവോപരി അവളുടെ മേലുള്ള കൃപയുടെയും ശക്തി മൂലം ആണ്. എന്നാൽ ഈ ദൈവിക അധികാരം ഒരിക്കലും മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഒന്ന് അല്ല. കൃപയാൽ അല്ലാതെ വിശ്വാസം ലഭിക്കില്ല, എന്നാൽ ദൈവത്തിന്റെ കൃപയാൽ ഉള്ള വിശ്വാസം കാൽവിൻ പോലുള്ള നവീകരണ പണ്ഡിതർ അഭിപ്രായപ്പെടുന്നത് പോലെ ഒരു തരം അധിനിവേശ സ്വഭാവം ഉള്ള പ്രതിരോധിക്കാൻ കഴിയാത്തത് അല്ല. എന്നാൽ കാൽവിനേതര റെമോസ്‌ട്രന്റു നവീകരണ വാദികൾ പറയുന്നത് പോലെ മനുഷ്യൻ തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ഒന്നല്ല ദൈവത്തിന്റെ കൃപ. പരിശുദ്ധ പിതാക്കന്മാർ പഠിപ്പിക്കുന്നത് പോലെ ദൈവത്തിന്റെ കൃപ നമുക്ക് തരുന്നത് നമ്മുടെ ചിത്തത്തിന്റെ സ്വാതന്ത്ര്യം (freedom of will ) ആണ്, അതായത് ഈ കൃപയെ സ്വീകരിക്കാനും,നിരാകരിക്കാനും ഉള്ള സ്വാതന്ത്ര്യം നമ്മിൽ ഈ കൃപ നൽകുന്നു. മുൻപ് എനിക്കു സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള കഴിവ് ഇല്ലായിരുന്നു. ആദം മൂലം കന്യകയും നാമും എല്ലാം കൃപയെ നഷ്ടപ്പെടുത്തിയ അവസ്ഥയിൽ ആണ് ജനിച്ചത്. എന്നാൽ ഇപ്പോൾ മറിയം കൃപ ലഭിച്ചവൾ ആയി തീർന്നു. ഈ കൃപയെ അവൾ നിരസിച്ചില്ല, മറിച്ചു കാതിൽ കേട്ട കൃപയെ ഹൃദയത്തിൽ സ്വീകരിച്ചത് വഴി കൃപ ഉദരത്തിൽ ജഡം ധരിച്ചു.
ഇവിടെ മറിയാമിന്റെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ പ്രാതിനിധ്യ സ്വഭാവം ഉള്ളത് ആണ്. മനുഷ്യവംശത്തിലെ തിരഞ്ഞെടുക്കപെട്ടവർക്ക് വേണ്ടി ദൈവത്തിന്റെ 'കൃപ' യോട് കാണിക്കേണ്ട ശരിയായ സമീപനത്തിന്റെ പ്രതിനിധി ആയി ഇവിടെ മറിയം ഉന്നതപ്പെടുന്നു. മുൻപ്, പാമ്പിന്റെ വചനത്തിനു ചെവി കൊടുത്ത ആദ്യ മാതാവിന് അനുരൂപമാകാതെ ദൈവത്തിന്റെ കൃപയോടുള്ള അനുകൂലമായ പ്രതികരണം വഴി അവൾ ദൈവപുത്രന്റെ മാത്രം അല്ല മറിച്ച് പരിശുദ്ധ സഭയുടെ കൂടി മാതാവ് ആയി തീരുന്നു. വചനിപ്പ് നമുക്ക് തരുന്ന ഒരു വലിയ പാഠവും ഇതാണ്, ദൈവ കൃപയോട് നമ്മൾ എപ്രകാരം സമീപിക്കണം എന്നത് മറിയത്തിന്റെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിൽ അർഹത ഇല്ലാതെയിരിക്കെ ദൈവത്തിന്റെ ബഹുലമായ കൃപ ലഭിച്ചവർ ആണ് നമ്മൾ. സ്വീകരിക്കാനും, നിരകരിക്കാനും നമുക്ക് ഇന്ന് സ്വാതന്ത്ര്യം ഉണ്ട്. ദൈവം തന്റെ രക്ഷയെ നമ്മിൽ അടിച്ചേൽപ്പിക്കില്ല പക്ഷെ സൗജന്യമായി നമുക്ക് നൽകുന്ന രക്ഷ നമ്മൾ സ്വീകരിച്ചു വിശ്വാസത്തിൽ വളരണം എന്നു ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ സമീപനം വചനിപ്പിന്റെ പാഠം ഉൾക്കൊള്ളുന്നുണ്ടോ എന്നത് നമ്മൾ ഈ ശ്രേഷ്ഠമായ വചനിപ്പ് പെരുന്നാൾ ദിവസം ചിന്തിക്കേണ്ടി ഇരിക്കുന്നു.
മാർച്ച് 25-നു ആഘോഷിക്കപ്പെടുന്ന ഈ പെരുന്നാൾ, അമലോത്ഭാവജനനമോ, സഹ-വിമോചനമോ എന്ന നിലയിൽ അല്ല, കർത്താവിന്റെ വിശ്വസ്തയായ മാതാവായി, “ദൈവജനനി” എന്ന അർത്ഥമുള്ള *തിയോ-ടോകോസ്* എന്ന വിശേഷണമനുസരിച്ച് കന്യക മറിയമിനെ സഭ ആദരിക്കുന്നതിനെ ഉദ്ദീപിപ്പിക്കുന്നു. ശരീരധാരണത്തിന്റെ മഹത്തായ രഹസ്യവും മറിയയുടെ വിശിഷ്ടസ്ഥാനവും മുന്നോട്ടുവെക്കുന്നതിനായി സിറിയൻ ഓർത്തഡോക്സ് സഭ ഈ തിരുനാൾ വർഷത്തിൽ രണ്ടു പ്രാവശ്യം ആചരിക്കുന്നു—മാർച്ച് 25-നും ക്രിസ്മസ് കാലഘട്ടത്തിലെ ഒരു ഞായറാഴ്ചയും.
ദൈവപിതാവിന്റെ മക്കളാകുമ്പോൾ, ദൈവവചനം മാനുഷരൂപം എടുത്തവനെ പ്രസവിച്ച കന്യകയും ആത്മീയ അർത്ഥത്തിൽ ക്രിസ്തുവിൽ പെട്ടവരായ എല്ലാവരുടെയും മാതാവാകുന്നു. സഭകളുടെ എല്ലാം ഡിനോമിനേഷണൽ അതിരുകൾ അതിജീവിച്ചു, തെരഞ്ഞെടുക്കപ്പെട്ട ദൈവജനങ്ങളായ എല്ലാവരുടെയും മാതാവാണ് അവൾ. ക്രിസ്തു അവൾക് നൽകിയ സ്നേഹവും ബഹുമാനവും അവളുടെ മക്കൾ നൽകുമോ എന്നതാണ് ഇവിടെ ചോദ്യമാകുന്നത്—*തിയോടോകോസ്* എന്നും ആത്മീയമാതാവും എന്ന നിലയിൽ കന്യക മറിയാമിനെ ആദരിച്ച്, അവൾക്ക് ദൈവവിമോചനചരിത്രത്തിൽ ലഭിച്ച അതുല്യസ്ഥാനത്തെ അംഗീകരിക്കുമോ എന്നത് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ചിന്തിക്കേണ്ട വിഷയം ആണ്.
അപ്പൊസ്തലന്മാർ കൈമാറി, പരിശുദ്ധവേദപുസ്തകത്തോടു പൂർണ്ണ ഏകോപനത്തോടെ ജീവിക്കുന്ന രീതിയിൽ തന്നെയാണ് സിറിയൻ ഓർത്തഡോക്സ് സഭയിൽ നമ്മൾ ദൈവമാതാവായ മറിയാമിനെ ആദരിക്കുന്നത്. അവളോടുള്ള നമ്മുടെ ഭക്തി വേദപുസ്തക സാക്ഷ്യത്തിലും പുരാതനസഭ സംരക്ഷിച്ച അപ്പൊസ്തലപാരമ്പര്യത്തിലും ആധാരിതമാണ്. വേദപുസ്തകത്തിൽ വ്യക്തമായി വെളിപ്പെടുത്തിയതിൽ നിന്ന് ചാഞ്ചാട്ടമില്ലാതെ നാം നിൽക്കുന്നതിനാൽ അവതരിപ്പിക്കുന്ന ആരാധനാ രീതിയിൽ നാം റോമൻ കത്തോലിക്കരെ അപേക്ഷിച്ച് കുറവായി കന്യകയെ ആദരിക്കുമ്പോഴും, അപ്പൊസ്തലപരമ്പര്യത്തെ നാം വിശ്വസ്തമായി പാലിക്കുന്നതിനാൽ പല പ്രൊട്ടസ്റ്റന്റ് സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലുമാണ് മാറിയമിനോടുള്ള നമ്മുടെ ആദരവ്. ദൈവശാസ്ത്രവും പാരമ്പര്യവും ഒരുപോലെ ഊന്നിപ്പറയുന്ന ഈ സമതുലിതവും പ്രാചീനവുമായ സമീപനമാണ് കന്യകയോടുള്ള നമ്മുടെ ഭക്തിയുടെ ആഴം പ്രകടമാക്കുന്നതും നമ്മെ ക്രൈസ്തവ വിശ്വാസത്തിന്റെ യഥാർത്ഥ പാരമ്പര്യത്തിൽ ഉറപ്പിച്ചുനിർത്തുന്നതും.
എല്ലാവർക്കും വചനിപ്പ് പെരുന്നാൾ ആശംസകൾ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ