ശുനോയോ നോമ്പ് എന്നത് വിശ്വാസികളെ "മരണത്തിനും, ഉയിർപ്പിനും മദ്ധ്യേയുള്ള പറുദീസ്സിലെ വിശ്രമത്തിന്റെ" പ്രത്യാശയിലേക്ക് ഒരുക്കുന്നതും, ആയതു വിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു കൊണ്ടുള്ളതും ആകുന്നു. ശുനോയോ പെരുന്നാൾ എന്നത് പരിശുദ്ധ അമ്മയുടെ വാങ്ങിപ്പും ശരീരത്തോടു കൂടിയുള്ള പറുദീസ്സ് പ്രവേശനത്തിന്റെ ഓർമ്മയും ആകുന്നു. ഈ രണ്ടു സംഗതികളും ഒരുമിച്ചു ആചരിയ്ക്കപ്പെടുന്നതിനാ ൽ ആണ് പലരും ശുനോയോ നോമ്പ് പരിശുദ്ധ മാതാവിനു വേണ്ടി ഉള്ള നോമ്പ് ആയിട്ട് തെറ്റിദ്ധരിക്കുന്നത്. പരിശുദ്ധ അമ്മയ്ക്ക് വേണ്ടി ആരും നോമ്പ് എടുക്കേണ്ടത് ഇല്ല, അമ്മയുടെ ഭാഗ്യവസ്ഥ ലോകത്തിലെ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത അത്ര ഉന്നതിയിൽ ആണ്. അമ്മയുടെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു ശുനോയോ നോമ്പ് എടുക്കുന്നത് നമ്മുടെ മരണത്തെ ശുദ്ധീകരിയ്ക്കുവാനും ആത്മാവ് പറുദീസ്സിലെ ഇമ്പകരമായ വാസസ്ഥാനം പ്രാപിക്കുവാനും വേണ്ടി ജീവിച്ചിരിക്കുമ്പോൾ നാം നമ്മുടെ ജീവിതത്തെ ക്രിസ്തുവിൽ സമർപ്പിച്ചു കൊണ്ടു ചെയ്യുന്ന പ്രാർത്ഥനയുടെ ഒരു വ്രതനിഷ്ഠയാകുന്നു. ഇവിടെ പ്രാർത്ഥനയിൽ അമ്മ എന്ന മാതൃകയെ നോക്കികൊണ്ടു സൽഗുണ സമ്പൂർണതയ്ക്കു വേണ്ടി നമ്മൾ അവളുടെ പ്രാർത്ഥനാ മധ്യസ്ഥതയിൽ അഭയപ്പെടുന്നു.
വിശുദ്ധനായ ഹാനോക്ക് (ഉൾപ്പത്തി 5:23,24), ഏലിയാ നിബി (2 രാജാക്കന്മാർമാർ 2:11) എന്നിവർക്ക് ശേഷം ശരീരത്തോട് കൂടി പറുദീസ്സ പ്രാപിക്കുവാൻ ഭാഗ്യം ലഭിച്ചവൾ ആണ് വിശുദ്ധ കന്യക മറിയം.
വീണ്ടും, കർത്താവിന്റെ മരണത്തെ തുടർന്നു അനേകം വിശുദ്ധർ ശരീരത്തോട് കൂടി ഉയിർക്കുകയും (മത്തായി 27:52,53) പിന്നീട് അവർ പറുദീസ്സിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇവരെല്ലാം ഒന്നാമത്തെ പുനരുത്ഥാനം എന്നറിയ പ്പെടുന്ന ശരീരത്തോട് കൂടി പറുദീസ്സിന്റെ അനുഭവം പ്രാപിച്ച ഭാഗ്യവസ്ഥയിൽ ഉള്ളവർ ആണ്. ഇവർക്ക് രണ്ടാമത്തെ മരണം ഇല്ല അതായത് ഇവർ ന്യായവിധിയിൽ കടക്കില്ല. ഇവർ പറുദീസ്സിൽ ക്രിസ്തുവിനു ശുശ്റൂക്ഷ ചെയ്യുന്ന പുരോഹിതൻമാർ ആകുന്നു. ഇവർ അനുഗ്രഹീതരും പരിശുദ്ധന്മാരും ആകുന്നു.(വെളിപാട് 20:5,6). ഈ വിശുദ്ധ പുരോഹിത വൃന്ദത്തിൽ എല്ലാവരേക്കാളും ഉപരി സ്ഥാനം വഹിക്കുന്നവൾ ആണ് വിശുദ്ധ കന്യക മറിയം.
ഇവിടെ ക്രിസ്തുവിന്റെ പറുദീസ്സിലെ പുരോഹിതരുടെ ശുശ്റൂക്ഷ എന്നത് പ്രധാനമായും 1) ദൈവത്തെയും കുഞ്ഞാടിനെയും മഹത്വപ്പെടുത്തുക (വെളിപാട് 5:12,13);
2) ക്രിസ്തുവിൽ മൃതരാകുന്നത സഹോദരൻമാരെ /വിശ്വാസികളെ സ്വീകരിക്കുവാൻ പ്രതീക്ഷയോടെ ഇരിക്കുകയും അവരുടെ വരവിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക ;
3) യറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ രണ്ടാമത്തെ രാജാകീയ പ്രവേശനത്തിനു കുരുത്തോലകൾ ഏന്തി ആർപ്പ് വിളിക്കുക (വെളിപാട് 7:9 ) അഥവാ രണ്ടാമത്തെ വരവിനു വേണ്ടി പ്രാർത്ഥിക്കുക
എന്നിവയാകുന്നു.
ഇവയ്ക്ക് എല്ലാം നേതൃത്വം കൊടുക്കുന്ന സ്വർഗ്ഗത്തിലെ രാജ്ഞിയാകുന്നു വിശുദ്ധ കന്യക മറിയം (വെളിപാട് 12:1).
ശുനോയോ ക്രിസ്തുവിലുള്ള മരണത്തിനു വേണ്ടിയുള്ള ഒരുക്കത്തിനു വേണ്ടി ആണെന്ന് പറഞ്ഞുവല്ലോ. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പറുദീസിന്റെ അനുഭവം പ്രാപിക്കുവാനുള്ള സമർപ്പിത മനുഷ്യരുടെ ശ്രേഷ്ഠമായ വാജ്ഞ കൂടി ആണ് ശുനോയോ നോമ്പ് . ശുനോയോ നോമ്പ് യഥാർത്ഥത്തിൽ സമർപ്പിത സന്യാസ സമൂഹങ്ങളിൽ നിന്നും ഉരുവായ ഒരു നോമ്പ് ആചാരണം ആണ്. ശരീരത്തോട് കൂടെയോ അല്ലാതെയോ പറുദീസ്സിലേക്ക് എടുക്കപ്പെട്ട പൗലോസിനെ പോലെ (2 കോരിന്ത്യർ 12:2 ) ആ ഭാഗ്യം പ്രാപിക്കുവാനുള്ള സമർപ്പിതരുടെ ഒരു പ്രതീക്ഷ അവർ അമ്മയുടെ മാധ്യസ്ഥതയിൽ സമർപ്പിച്ചപ്പോൾ ആണ് ശുനോയോ നോമ്പ് പിറക്കുന്നത്. എന്തുകൊണ്ട് പൗലോസിനു പകരം അമ്മ എന്നതിനും കാരണം ഉണ്ട്. പൗലോസ് കൃപയാൽ ആണ് ആ അനുഭവം പ്രാപിച്ചത്. അമ്മ ലഭ്യമായ കൃപയാലും ആ കൃപയിൽ സൽഗുണ സമ്പൂർണ്ണത നേടിയതിനാലും അത്രേ. ജീവിതത്തിൽ സൽഗുണ സമ്പൂർണ്ണത നേടുവാനും അങ്ങിനെ സമ്പൂർണ്ണ അധ:പതനാവസ്ഥയിൽ നിന്നും മോചനം പ്രാപിക്കുവാനും സാധിക്കും എന്നുള്ളതിന്റെ വളരെ അപൂർവ്വമായ ഒരു സാക്ഷ്യം ആണ് വിശുദ്ധ കന്യകയുടെ ജീവിതം. ഇത് ആയിരുന്നു അന്തോണിയോസിനെ പോലുള്ള സന്യസ്ഥരുടെ ഉത്സാഹം. അവർ ആയതിനാൽ പറുദീസ്സിലെ പിതാക്കന്മാർ (ആബോഹോസ്സോ ദ് പറുദൈസ്സൊ) എന്നവർ വിളിക്കപ്പെട്ടു.
ശുനോയോ നോമ്പ് ആചരണത്തിൽ അന്തർലീനമായ ദൈവശാസ്ത്ര രഹസ്യങ്ങളിൽ ഒന്നു "കൃപയാൽ രക്ഷ പ്രാപിച്ചവരുടെ വിശ്വാസത്തോട് കൂടിയ സൽഗുണ സംമ്പൂർണ്ണത" ആകുന്നു. ഇത് നവീകരണ വേദശാസ്ത്രത്തിലെ പ്രമാണങ്ങളിൽ ഒന്നായ സമ്പൂർണ്ണ അധ:പതനാവസ്ഥ (Total Depravity) യോട് പ്രതിവാദം ചെയ്യുന്നു. അതായത് മനുഷ്യൻ കൃപയാൽ സമ്പൂർണ്ണ അധ:പതനാവസ്ഥയിൽ നിന്നും മോചിതനാകുന്നതിന് കൃപയോടുള്ള അവന്റെ ഉൽകൃഷ്ടമായ പ്രതികരണത്തിനു മൂല്യം ഉണ്ട് എന്നു ശുനോയോ പ്രതിവാദം ചെയ്യുന്നു. പരിശുദ്ധ അമ്മ ഇപ്രകാരം കൃപ ലഭിച്ച ശേഷം തന്റെ സ്വാതന്ത്രചിത്തത്തെ ക്രിസ്തുവിൽ പൂർണ്ണമായും കേന്ദ്രീകരിച്ചു ജീവിക്കുകയും സമ്പൂർണ്ണ അധ:പതനാവസ്ഥയെ മറികടക്കുകയും ചെയ്തു.
ശുനോയോ നോമ്പും, ശുനോയോ പെരുന്നാളും വിശ്വാസികളുടെ മുൻപിൽ രണ്ട് പ്രമാണങ്ങൾ വയ്ക്കുന്നു. ഒന്നാമത്, കൃപയാൽ ഉള്ള വിശ്വാസം മൂലം ആണ് രക്ഷ പ്രാപിക്കുന്നത് (എഫെസ്യർ :2:8-9), രണ്ടാമത്, ആയതു സ്വാതന്ത്ര്യചിത്തത്തെ സത്താന്യ അടിമത്വത്തിൽ നിന്നും വിടുർത്തി സൽഗുണ സമ്പൂർണതയ്ക്കു വേണ്ടി പരിശ്രമം ചെയ്യുവാൻ (എഫെസ്യർ: 2:10, യാക്കോബ് 2:24,26 ) ആകുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ