[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]
Date: 12 ജൂലൈ 2025
*ആത്മീയ ദാനങ്ങളുടെ പ്രവർത്തനരീതി*
(Modus Operandi)
സഭയുടെ തുടക്കം മുതൽ തന്നെ ആത്മീയ ദാനങ്ങളുടെ ആശയം ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെയും ആചാരത്തിന്റെയും ഒരു മൂലക്കല്ലായിരുന്നു. പരിശുദ്ധാത്മാവിനാൽ വിശ്വാസികൾക്ക് നൽകപ്പെടുന്ന ഈ ദാനങ്ങൾ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ദൈവികമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നിരുന്നാലും, അപ്പോസ്തോലിക കാലഘട്ടത്തിനുശേഷം ഈ ദാനങ്ങളുടെ ലഭ്യത നിന്നുപോയിട്ടുണ്ടോ അതോ തുടരുന്നുണ്ടോ എന്ന ചോദ്യം ക്രിസ്ത്യാനികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ചർച്ചാ വിഷയമാണ്. ഈ നാലാം ഭാഗത്തിൽ ഈ വിഷയത്തെക്കുറിച്ചുള്ള വിരാമവാദ (Cessationanism), തുടർച്ചാവാദ (Continuation) വീക്ഷണങ്ങൾ നമുക്ക് പരിശോധിയ്ക്കാം.
ക്രിസ്തീയ വിശ്വാസ സംഹിതകളിലെ ഒരു ദൈവശാസ്ത്രപരമായ നിലപാടാണ് സെസേഷനിസം. ചില ആത്മീയ ദാനങ്ങൾ, പ്രത്യേകിച്ച് അത്ഭുതങ്ങളുമായി ബന്ധപ്പെട്ട അന്യഭാഷകൾ, പ്രവചനം, രോഗശാന്തി എന്നിവ അപ്പോസ്തോലിക യുഗത്തിന് ശേഷം (ആദ്യകാല സഭ) പൂർണ്ണമായും പ്രവർത്തനരഹിതമായി എന്നോ അല്ലെങ്കിൽ അതിന്റെ പ്രവർത്തനരീതിയ്ക്കു മാറ്റം വന്നു എന്നോ ഉള്ള ഒരു വിരാമവാദം ആണ് ഇത്. ചുരുക്കത്തിൽ, ഈ ദാനങ്ങൾ ആദിമ സഭയിൽ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി നൽകപ്പെട്ടുവെന്നും, പ്രധാനമായും അപ്പോസ്തലന്മാരെ ആധികാരികമാക്കുന്നതിനും ക്രിസ്തീയ വിശ്വാസത്തിന്റെ സ്ഥാപനത്തിനും വേണ്ടിയാണെന്നും, ഇന്ന് വിശ്വാസികൾക്ക് അവ ഇനി നൽകപ്പെടുന്നില്ല അഥവാ അതേ രീതിയിൽ നൽകപ്പെടുന്നില്ല എന്നു വിരാമവാദികൾ വിശ്വസിക്കുന്നു.
പ്രവചനം, അന്യഭാഷ, രോഗശാന്തി തുടങ്ങിയ പരിശുദ്ധാത്മാവിന്റെ അത്ഭുത ദാനങ്ങൾ ഇന്നും സഭയിൽ ആദ്യ നൂറ്റാണ്ടിലെ പോലെ തന്നെ ലഭ്യവും സജീവവുമായി തുടരുന്നു എന്ന ഒരു ക്രിസ്തീയ ദൈവശാസ്ത്ര വിശ്വാസമാണ് തുടർച്ചവാദം. അപ്പോസ്തോലിക യുഗത്തിനു ശേഷമോ ബൈബിൾ കാനോന്റെ പൂർത്തീകരണത്തോടെയോ ഈ ദാനങ്ങൾ അവസാനിച്ചുവെന്ന് വാദിക്കുന്ന സെസേഷനിസത്തിന് വിരുദ്ധമാണിത്. സഭയെ മെച്ചപ്പെടുത്താനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനും പരിശുദ്ധാത്മാവ് ഇപ്പോഴും വിശ്വാസികൾക്ക് ഈ ദാനങ്ങൾ നൽകുന്നുവെന്ന് തുടർച്ചവാദികൾ വിശ്വസിക്കുന്നു.
പ്രത്യക്ഷത്തിൽ ഇത് സാധാരണ വിശ്വാസികൾക്ക് ആശയകുഴപ്പം ഉണ്ടാക്കുന്നത് ആണ്. പൂർണ്ണമായും നിന്നു പോയി എന്നു പറയുമ്പോൾ വിശ്വാസികൾക്കു അത് അങ്കലാപ്പ് സൃഷ്ടിയ്ക്കുന്നു. അപ്പോസ്തോലിക കാലഘട്ടത്തിൽ എന്നത്പോലെതന്നെ തുടരുന്നു എന്നു പറയുമ്പോൾ അവിടെ ചില സംശയങ്ങൾ വർദ്ദിക്കുന്നു.
എന്നാൽ ഈ വിഷയം ഓർത്തോഡോക്സി കൈകാര്യം ചെയ്യുന്നത് പരിശുദ്ധ റൂഹ ആത്മീയദാനങ്ങളുടെ നിർവഹണരീതിയിൽ ഉള്ള (Modus Operandi) വ്യത്യാസം ചൂണ്ടി കാണിക്കുന്നത് വഴി ആണ്. ഓർത്തോഡോക്സ് പിതാക്കന്മാർ ആത്മീയദാനങ്ങൾ നിന്നുപോയി എന്നു നവീകരണ വിരാമവാദികൾ പറയുന്നത് പോലെ പറയുന്നില്ല. എന്നാൽ അത് അതേ പോലെ തുടർന്ന് പോകുന്നു എന്നു പെന്തകോസ്ത് കരിസ്മാറ്റിക്കുകാർ പറയുന്നത് പോലെ പറയുന്നില്ല. വിവിധ സഭാപിതാക്കന്മാരുടെ അഭിപ്രായത്തെ ക്രോഡീകരിക്കുമ്പോൾ നമുക്ക് ഓർത്തോഡോക്സിയുടേതായ ഒരു വിരാമവാദം (Patristic Cessationism) വ്യക്തമാകുന്നു.
ആദ്യമായി നവീകരണ വിരാമവാദം പരിശോധിയ്ക്കാം. ആദിമ സഭയിൽ കണ്ടതുപോലെ ഉള്ള പരിശുദ്ധാത്മാവിന്റെ അത്ഭുത ദാനങ്ങൾ താൽക്കാലികമാണെന്നും സഭയുടെ അടിസ്ഥാന കാലഘട്ടത്തിലേക്ക് മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും ഉള്ള സിദ്ധാന്തം നവീകരണക്കാർ പഠിപ്പിക്കുന്നു. അത്ഭുത ദാനങ്ങൾ അപ്പോസ്തലന്മാരെയും അവരുടെ സന്ദേശത്തെയും ആധികാരികമാക്കുകയും സഭയുടെ അടിത്തറ സ്ഥാപിക്കുകയും ചെയ്തുവെന്ന് നവീകരണ വക്താക്കൾ വാദിക്കുന്നു. ഈ അടിത്തറ സ്ഥാപിച്ചുകഴിഞ്ഞതിനാൽ, ഈ ദാനങ്ങൾ ഇനി ആവശ്യമില്ല എന്നും 'തിരുവെഴുത്തുകൾ' മുഖാന്തിരം മാത്രം ആധുനിക സഭയ്ക്കു ആവിശ്യം ആയ എല്ലാ ആത്മീയ നൽവരങ്ങളും പ്രാപിക്കാൻ സാധിക്കും എന്നും ഇവർ പഠിപ്പിക്കുന്നു. ചുരുക്കത്തിൽ പുതിയ നിയമ കാനോൻ പൂർത്തീകരണത്തോടെ അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും വിരാമം ആയെന്നു നവീകരണ പണ്ഡിതർ വാദിച്ചു.
ഈ വീക്ഷണം ജോൺ കാൽവിന്റെയും മറ്റ് ആദ്യകാല നവീകരണ ദൈവശാസ്ത്രജ്ഞരുടെയും രചനകളിൽ വേരൂന്നിയതാണ്, അവർ വാദിക്കുന്നത് ഈ വരങ്ങൾ പ്രധാനമായും അപ്പോസ്തലന്മാരുടെ ശുശ്രൂഷയെയും ആദിമ സഭയെയും ആധികാരികമാക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ആണ്. കാൽവിൻ ഈ വിരാമവാദ ചിന്തയിലെ ഒരു കേന്ദ്ര വ്യക്തിയാണെങ്കിലും, വിശാലമായ വിരാമവാദ ആശയങ്ങൾക്കുള്ളിൽ വ്യത്യസ്ത ദർശനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്, ചിലർ എല്ലാ അത്ഭുത ദാനങ്ങളുടെയും വിരാമത്തെ ഊന്നിപ്പറയുമ്പോൾ മറ്റു ചിലർ ചില പ്രത്യേക ദാനങ്ങളുടെ വിരാമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
രണ്ടാമത് ആയിട്ട് തുടർച്ചാവാദം നിരീക്ഷണം ചെയ്യാം. ആദിമ കാലത്ത് മോണ്ടാനസ്സും ആധുനിക കാലത്ത് കരിസ്മാറ്റിക് പെന്തകോസ്ത് വിഭാഗവും ആത്മീയ ദാനങ്ങൾ അന്നത്തെ പോലെ ഇന്നും തുടരുന്നു എന്നു പഠിപ്പിക്കുന്നു. ഈ ദാനങ്ങളെ സഭയുടെ ശുശ്രൂഷയ്ക്കുള്ള സുപ്രധാന ഉപകരണങ്ങളായി അവർ കാണുന്നു, വിശ്വാസികൾക്ക് ദൈവത്തിന്റെ ശക്തി അനുഭവിക്കാനും അവന്റെ വേലയിൽ പങ്കെടുക്കാനും ഇത് സഹായിക്കുന്നു. നവീകരണ വിരാമവാദികളെ പോലെ ഈ തുടർച്ചവാദികൾ ബൈബിൾ കാനോനോട് കൂടെ ആത്മീയ നൽവരങ്ങൾ നിന്ന് പോയി എന്നു വിശ്വസിക്കുന്നില്ല. മറിച്ച് ഇത് "രക്ഷ പ്രാപിച്ചവരുടെ അടയാളം" ആയിട്ട് ചൂണ്ടി കാണിക്കുന്നു. അതിനാൽ ഏതെങ്കിലും വിധത്തിലുള്ള 'കരിസ്‌മാറ്റ' യുടെ പ്രകടനം കാണിക്കുവാൻ പെന്തകോസ്ത്കാർ നിർബന്ധിതർ ആകുന്നു. അതുകൊണ്ടു അവർ അടയാളങ്ങളും അത്ഭുതങ്ങളും "എങ്ങനെയെങ്കിലും" നടപ്പിൽ വരുത്തുന്നതിനു ഉത്സ്സുകാരാണ്.
രണ്ടാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പ്രസ്ഥാനമായ മൊണ്ടാനിസം പലപ്പോഴും ഒരുതരം തുടർച്ചാവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു ആധുനിക രൂപമാണ് പെന്തകോസ്ത് കരിസ്മാറ്റികത. മൊണ്ടാനിസ്റ്റ് പക്ഷക്കാർ വിശ്വസിച്ചത് പരിശുദ്ധാത്മാവ് മൊണ്ടാനസ്, പ്രിസില്ല, മാക്സിമില്ല തുടങ്ങിയ പ്രവാചകന്മാരിലൂടെ സഭയ്ക്ക് പുതിയ വെളിപ്പെടുത്തലുകൾ നൽകിക്കൊണ്ടിരുന്നു എന്നാണ്, അതിനെ അവർ "പുതിയ പ്രവചനം" എന്ന് വിളിച്ചു. പ്രവചനവും മറ്റ് കരിസ്മാറ്റിക് ദാനങ്ങളും അപ്പോസ്തോലിക കാലഘട്ടത്തിനുശേഷം നിലച്ചു എന്ന വീക്ഷണവുമായി ഇത് വ്യത്യസ്തമായിരുന്നു. സഭാപിതാക്കന്മാർ മൊണ്ടാനിസത്തെ വലിയതോതിൽ നിരാകരിച്ചു, "പുതിയ പ്രവചന" ത്തെക്കുറിച്ചുള്ള അതിന്റെ അവകാശവാദങ്ങളെ പൈശാചികമായി കണക്കാക്കുകയും, തുടർച്ചാവാദത്തിലുള്ള അതിന്റെ ഊന്നൽ അതിരുകടന്നതായി കാണുകയും ചെയ്തു.
സഭാ പിതാവായ തെർത്തുല്യൻ ഇടക്കാലത്ത് ഇതിൽ ആകൃഷ്ടനാവുകയും എന്നാൽ മറ്റു സഭാ പിതാക്കന്മാരാൽ തിരുത്തപ്പെട്ടപ്പോൾ സത്യവിശ്വാസത്തിലേക്ക് തിരികെ എത്തുകയും ചെയ്തു. ആയതിനാൽ തുടർച്ചാ വാദത്തിന്റെ സ്വാധീനം പണ്ട് മുതൽക്കേ കേവലം വിശ്വാസികളിൽ മാത്രമല്ല മറിച്ചു പൗരോഹിത്യ സ്ഥാനത്തിന്റെ തലപ്പത്തു ഇരിക്കുന്നവരെ പോലും വശീകരിച്ചിരുന്നു എന്നു ചരിത്രം സാക്ഷിക്കുന്നു. ബാർ എബ്രായ ഇതിലേക്ക് ആകൃഷ്ടരാകുന്ന സന്യാസിമാരോട് മുന്നറിയിപ്പ് കൊടുത്തത് ഇത് കേവലം വ്യർത്ഥമായ മഹത്വം (futile glory) ആഗ്രഹിച്ചു സന്യാസത്തിലേക്ക് കടന്നു വരുന്നവരുടെ ഒരു എളുപ്പമാർഗ്ഗം എന്നാണ്.
Note : അടുത്ത ഭാഗത്തു സഭാപിതാക്കന്മാരുടെ വിരാമവാദം (Patristic Cessationism) ചർച്ച ചെയ്യാം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ