ജിബറിഷ് :ഒരു വ്യാജ കരിസ്മാറ്റ PART:III

 





*ജിബറിഷ് :ഒരു വ്യാജ കരിസ്മാറ്റ*


PART:III


[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]

Date: 10 ജൂലൈ 2025


ഈ മൂന്നാം ഭാഗത്തിൽ നമുക്ക്  കൃപാവരങ്ങളിൽ (charismata)  എന്താണ് ഭാഷാവരം (glossolalia) എന്നു പരിശോധിക്കാം. തുടർന്ന്  വിരാമവാദം (Cessationism), തുടർച്ചാ വാദം (Continuationism) എന്നിവയെ പറ്റിയും ചിന്തിക്കാം.


*ഗ്ലോസ്സൊലാലിയ*


"ഗ്ലോസ്സൊലാലിയ" എന്ന വാക്ക് രണ്ട് ഗ്രീക്ക് പദങ്ങളിൽ കൂടി ചേർന്നാണ് ഉരുത്തിരിഞ്ഞത്: "ഗ്ലോസ്സ" (γλῶσσα) എന്നതിന് "നാവ്" അല്ലെങ്കിൽ "ഭാഷ" എന്നാണർത്ഥം, "ലാലിയ" (λαλεω), "സംസാരിക്കുക" അല്ലെങ്കിൽ "പറയുക" എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ, "ഗ്ലോസോലാലിയ"  അക്ഷരാർത്ഥത്തിൽ "അന്യഭാഷകളിൽ സംസാരിക്കുക" അല്ലെങ്കിൽ "വിവിധ ഭാഷകളിൽ സംസാരിക്കുക" എന്നാണ് അർത്ഥമാക്കുന്നത്. ഇവിടെ 'ഭാഷ' എന്നത് കൊണ്ടു തന്നെ വ്യക്തമായ അർത്ഥവും ആശയാവുമുള്ള ഒരു വിനിമയ മാധ്യമമാണ് എന്നത് ഗ്രഹിക്കണം. ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്ത് നമ്മൾ ചർച്ച ചെയ്തത് പോലെ 'ഗ്ലോസ്സൊലാലിയ' എന്നുള്ള ഭാഷാവരം കേവലം  അർത്ഥശൂന്യമായ ഒരു 'ജിബറിഷ്' അല്ല.


ഗ്ലോസ (γλῶσσα) എന്ന പദത്തിന് 'നാവ്' എന്നും കൂടുതൽ വിശാലമായി പറഞ്ഞാൽ 'വ്യവസ്ഥാപിതമായ ഒരു ഭാഷയെന്നും' അർത്ഥം ഉണ്ട്. വിവിധ ഇംഗ്ലീഷ് പരിഭാഷയിൽ  'tounges' എന്നു പരിഭാഷ വരാൻ കാരണം ഇതാണ്. ലാലിയ  (λαλέω) എന്ന ക്രിയാപദത്തിന്റെ അർത്ഥം സംസാരിക്കുക, പറയുക , ഒരാളോട് സംവാദം ചെയ്യുക അല്ലെങ്കിൽ ഒരു ശബ്ദമുണ്ടാക്കുക എന്നെല്ലാം ആണ്. "ഗ്ലോസ്സ", "ലാലിയ" എന്നിവ സംയോജിപ്പിക്കുമ്പോൾ, "ഗ്ലോസോലാലിയ" എന്ന പദം സൃഷ്ടിക്കപ്പെടുന്നു, ഇത് വിവിധ (അന്യ) ഭാഷകളിൽ സംസാരിക്കുന്ന കരിസ്മാറ്റിക് പ്രതിഭാസത്തെ വിവരിക്കാൻ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ക്രിസ്തീയ സഭാശുശ്റൂക്ഷയും ആയി ബന്ധപ്പെട്ട്.


 ഗ്ലോസോലാലിയ എന്ന വാക്കിനു കൃത്യമായ അർത്ഥം വരുന്ന 'ഒറ്റപ്പദം' മലയാളത്തിലോ ഇംഗ്ലീഷിലോ ഇല്ല എന്നത് ആണ് ഇംഗ്ലീഷിൽ 'tongues' എന്നും മലയാളത്തിൽ  'മറുഭാഷ,' 'അന്യഭാഷ' എന്നിങ്ങനെ എല്ലാം തർജ്ജിമ ചെയ്യാൻ കാരണം. പക്ഷെ യഥാർത്ഥത്തിൽ നാം ഈ പദം കൊണ്ടു അർത്ഥം ആക്കേണ്ടത്  " പ്രത്യേക പരിശീലനം ഒന്നും കൂടാതെ തന്നെ  'വിവിധ ഭാഷകളിൽ' സംസാരിക്കുവാനുള്ള ഒരു കാര്യശേഷിയുടെ കൃപാവരം" എന്നാണ്. ഇത് പ്രഥമമായി ശ്ലീഹന്മാർക്ക് പെന്തകോസ്ത് ദിനം ലഭിക്കുകയും തുടർന്നു ആദ്യ നൂറ്റാണ്ടിൽ മുഴുവൻ ഇത് സഭയുടെ വളർച്ചയ്ക്കും, വികസനത്തിനുമായി  അനേകം വിശ്വാസികൾക്ക് ദാനമായി ലഭിക്കുകയും പിന്നീട് പൗലോസ് അപ്പോസ്തോലൻ പ്രവചിച്ചത് പോലെ സഭയിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.

കരിസ്മാറ്റിക് ദാനങ്ങളെക്കുറിച്ച് കൊരിന്ത്യർക്ക് നൽകിയ നിർദ്ദേശങ്ങളിൽ പൗലോസ് ഗ്ലോസ്സൊലാലിയയെയും ആത്മാവിന്റെ ദാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (1 കൊരി 12:10; 14:2, 5). പൌലോസിന്റെ മനസ്സിൽ രണ്ട് വ്യത്യസ്ത രൂപങ്ങളിലുള്ള ദാനങ്ങളുണ്ടെന്ന് തിരുവിഴുത്തുകളിൽ നിന്നും അനുമാനിക്കാം. സഭയ്ക്കുള്ള പരസ്യ സന്ദേശമായി ഉള്ള ഗ്ലോസ്സൊലാലിയയും, ഒരു വ്യക്തിയുടെ സ്വകാര്യ പ്രാർത്ഥനയിൽ കടന്നു വരുന്ന നെടുവീർപ്പുകളുടെ രൂപമായ ഒരു ഗ്ലോസോലാലിയയും.


ആദ്യ അർത്ഥത്തിൽ മറുഭാഷ ഒരു പ്രവചന ദാനമാണ്, അതിന്റെ ഗ്രാഹ്യത്തിന് ഒരു വ്യാഖ്യാതാവിന്റെ സാന്നിധ്യം നിർബന്ധമായും ആവശ്യമാണ് (1 കൊരിന്ത്യർ 14:26-28). അതായത്, ഒരുവൻ അന്യഭാഷ സംസാരിക്കുമ്പോൾ അത് കേൾക്കുന്നവർക്ക് മനസ്സിലാക്കേണ്ടതിന് ഒരു വ്യാഖ്യാതാവ് സന്ദേശത്തിന്റെ പൊതുവായ അർത്ഥം ജനത്തെ അറിയിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. തന്മൂലം ഒരുവന് ആത്മാവ് ഗ്ലോസ്സൊലാലിയ വരം കൊടുത്താൽ അവിടെ അപ്പോൾ തന്നെ മറ്റൊരുവനു ആത്‍മാവ് അത് വ്യാഖ്യാനിക്കാനുള്ള വരവും കൊടുക്കും, അല്ലെങ്കിൽ ജനത്തിനു സന്ദേശം മനസ്സിലാകാതെ പോകും. ദൈവത്തെ സ്തുതിക്കുന്നതും സഭയ്ക്ക് വെളിപ്പെടുത്തുന്നതും ഉൾപ്പെടെ ഈ ദാനം നിറവേറ്റുന്ന വിവിധ പ്രവർത്തനങ്ങൾ പൗലോസ് വിവരിക്കുന്നുണ്ട്. ഈ ദാനം പുതിയ ഒരു സ്ഥലത്തു സുവിശേഷം ഘോഷിക്കുവാൻ പോകുമ്പോൾ ആ ഭാഗത്തുള്ള ജനത്തിന്റെ ഭാഷയിൽ സംസാരിക്കാൻ ഉള്ള കഴിവായിട്ട് ആണ് സഭയ്ക്കു പ്രയോജനം ചെയ്യുന്നത്. അന്ന് പലർക്കും പരിശുദ്ധാതമാവിനെ ലഭിക്കുമ്പോൾ അവർക്കു മറ്റു സ്ഥലങ്ങളിൽ സുവിശേഷം അറിയിക്കുവാനുള്ള ഒരു നിയോഗത്തിന്റെ അടയാളം ആയിട്ടും ഗ്ലോസ്സൊലാലിയ ലഭിച്ചിരുന്നു.


രണ്ടാമത്തെ അർത്ഥത്തിൽ, അന്യഭാഷകൾ ദൈവത്തിലേക്കാണ് നയിക്കുന്നതെന്ന് പൗലോസ് പറയുന്നു, അത് അയൽക്കാരനിലേക്കല്ല. അതായത് ഇത് ഒരു വ്യക്തി ദൈവത്തോട് സ്വകാര്യമായി സംസാരിക്കുന്ന പ്രാർത്ഥനയുടെ ദാനമാണ് (1 കൊരിന്ത്യർ 14:2). ഇത് പ്രചോദിതമായ കൃപാവരങ്ങളോടെ ദൈവത്തെ സ്തുതിക്കുള്ള ഒരു ദാനമാണ്, ഒരുപക്ഷേ ഒരു വ്യക്തിക്ക് തന്റെ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത ആന്തരിക ഞരക്കങ്ങളും വാഞ്ഛകളും ദൈവത്തെ അറിയിക്കുന്നതിന്നു അവന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന ദൈവാത്മാവിന്റെ മാധ്യസ്ഥം ആണ് (റോമർ 8:26-27 കാണുക). അങ്ങനെ 1 കൊരിന്ത്യർ 14:14-17-ൽ ഇത് വ്യക്തിപരമായ പ്രാർത്ഥനയുടെയും സ്തുതിയുടെയും നന്ദിയുടെയും ദാനമാണെന്ന് നമ്മോട് പറഞ്ഞിരിക്കുന്നു. അതിനാൽ, അതിന്റെ പ്രാഥമിക ധർമ്മം പരസ്യമായി മറ്റുള്ളവർക്ക്  മനസ്സിലാക്കാവുന്ന ആശയവിനിമയമല്ല. അത്തരമൊരു പ്രാർത്ഥനയിൽ നിലവിലുള്ള ഒരു ഭാഷയിലും ഉൾപ്പെടാത്ത വാക്കുകളും ശബ്ദങ്ങളും ഉൾപ്പെട്ടെന്ന് വരാം അത് പക്ഷെ പൂർണ്ണമായും ഏകാന്തതയിൽ മാത്രം ദൈവമുൻപാകെ അവതരിപ്പിക്കപ്പെടേണ്ടത് ആണ്.


പൗലോസ് ഗ്ലോസ്സൊലോലിയയെ പറ്റി ഏറെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തിൽ ഈ നൽവരത്തിന്റെ പശ്ചാത്തലത്തെ ചിലർ ദുരുപയോഗപ്പെടുത്തുന്നതിന്റെ ആശങ്കകൾ വ്യക്തമാണ്. അദ്ദേഹത്തിന്റെ കല്പന വ്യക്തമാണ്, അതായത്, ഒരാൾ സഭാകൂട്ടായ്മയിൽ അന്യഭാഷ സംസാരിക്കുന്നു എങ്കിൽ ഒന്നുകിൽ ആ ഭാഷ അറിയാവുന്നവർ അവിടെ സന്നിഹിതരാണ് അല്ലെങ്കിൽ ഒരു വ്യാഖ്യാതാവ് അവിടെ നിർബന്ധമായും ഉണ്ടായിരിക്കണം. ഇത് രണ്ടുമില്ല എങ്കിൽ അത്  കൃപാവരം അല്ല മറിച്ച് വെറും 'ജിബറിഷ്' അഥവാ ഒരു വ്യാജ കരിസ്മാറ്റിക് തന്ത്രം മാത്രം ആണ്. ഈ തന്ത്രം പിശാചിൽ നിന്നും പ്രേരിപ്പിക്കപ്പെടുന്നു. ജിബറിഷ് ൽ പ്രാർത്ഥിക്കുന്നവർ  കപട ആത്മീയത മുന്നോട്ട് വയ്ക്കുന്നു. ഇത് പൗലോസ് പറയുപോലെ "മറ്റൊരു സുവിശേഷം" ആണ് പരിശുദ്ധ ശ്ലീഹാന്മാർ അറിയിച്ച സുവിശേഷം അല്ല. എന്നാൽ അന്ന് 'ബുദ്ധിശൂന്യരായ ഗലാത്യർ" വീണത് പോലെ ഇന്ന് അനേകം പേര് അപ്പോസ്ത്തോലികമല്ലാത്ത "മറ്റൊരു സുവിശേഷത്തിലേക്ക് " വീണു പോകുന്നു. ആകായാൽ നമുക്ക് സകല കപടതകളും വിട്ടോടി അപ്പോസ്തോലന്മാർ വഴി നമുക്ക് നൽകപ്പെട്ട യഥാർത്ഥ സുവിശേഷത്തിന്റെ  ആത്‍മീയത ഉയർത്തിപിടിയ്ക്കാം.


Note : അടുത്ത ഭാഗത്ത്, പിതാക്കന്മാരുടെ വിരാമവാദം (patristic Cessationism), നവീകരണ വിരാമവാദം (Reformed Cessationism), മോണ്ടാനസ്സിന്റെയും, കരിസ്മാറ്റിക് പെന്തകോസ്തലിസത്തിന്റെയും തുടർച്ചാവാദം (Montanist or Pentecostal Continuationism) എന്നിവ ചർച്ച ചെയ്യാം.

അഭിപ്രായങ്ങള്‍