ജിബറിഷ് :ഒരു വ്യാജ കരിസ്മാറ്റ PART:II


 *ജിബറിഷ് :ഒരു വ്യാജ കരിസ്മാറ്റ*


PART:II


[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]

Date: 09 ജൂലൈ 2025


ഈ രണ്ടാം ഭാഗത്തിൽ നമുക്ക് ആദ്യമായി കൃപാവരം (charismata) എന്താണ് എന്നും പിന്നീട് മൂന്നാം ഭാഗത്തിൽ ഭാഷാവരം (glossolalia) എന്താണ് എന്നും പരിശോധിക്കാം.


*കരിസ്മാറ്റ*


ഗ്രീക്കിൽ, കരിസ്മ (χάρισμα) എന്നതിന്റെ ബഹുവചന രൂപമാണ് കരിസ്മാറ്റ (χαρίσματα). രണ്ട് വാക്കുകളും 'സമ്മാനം' അല്ലെങ്കിൽ 'ദാനം' എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീക്ക് ഭാഷയിൽ കരിസ്മ എന്നതിന്റെ അർത്ഥം 'സൗജന്യമായി നൽകപ്പെടുന്ന അനുഗ്രഹം അല്ലെങ്കിൽ കൃപയുടെ ദാനം (grace-gift) അഥവാ ക്രൂപാദാനം എന്നാണ്. പരിശുദ്ധ സഭയിൽ, കരിസ്മാറ്റ എന്നത് ആത്മീയ ദാനങ്ങളെയാണ്, അതായത് ദൈവത്തിന്റെ കൃപയുടെ മൂർത്തമായ പ്രകടനങ്ങളെയാണ് സൂചിപ്പിക്കുന്നത്.


ക്രൈസ്തവ സഭയിൽ പരിശുദ്ധാത്മാവ് വിശ്വാസികൾക്ക് നൽകുന്ന വിവിധ കഴിവുകളെയോ ശക്തികളെയോ 'കരിസ്മാറ്റ' എന്ന പദം 

 ഉൾക്കൊള്ളുന്നു, അത് അവർക്ക് സഭയെ സേവിക്കാനും അവരുടെ കർത്തവ്യങ്ങൾ നിറവേറ്റാനും പ്രാപ്തരാക്കുന്നു. ഉദാഹരണങ്ങൾ ആയിട്ട് ജ്ഞാനം, അറിവ്, വിശ്വാസം, രോഗശാന്തി, പ്രവചനം, അന്യഭാഷകളിൽ സംസാരിക്കൽ മുതലായ ആത്മീയ നന്മകൾ കാരിസ്മാറ്റയിൽ ഉൾപ്പെടുന്നു. പുതിയനിയമത്തിൽ, പ്രത്യേകിച്ച് പൗലോസിന്റെ രചനകളിൽ, ഈ ദിവ്യ ദാനങ്ങളെ വിവരിക്കാൻ കരിസ്മാറ്റ എന്ന പദം ധാരാളമായി ഉപയോഗിക്കുന്നു.


1 കോറിന്തോസ്‌ 12 : 1 ൽ "സഹോദരരേ, നിങ്ങള്‍ ആത്‌മീയ ദാനങ്ങളെക്കുറിച്ച്‌ അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു" എന്നു പൗലോസ് പറയുന്നു. ആയതിനാൽ നമ്മൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഇനിയെങ്കിലും ആത്മീയദാനങ്ങളെ കുറിച്ച് അല്പം എങ്കിലും അറിഞ്ഞിരിക്കണം. 


പൗലോസ് തുടരുന്നു, "ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്‌മാവ്‌ ഒന്നുതന്നെ" (1 കോറിന്തോസ്‌ 12 : 4). വിവിധ ദാനങ്ങൾ ഉണ്ടെന്നും പക്ഷെ അത് എല്ലാം ഒരേ ആത്മാവിൽ നിന്നുള്ളത് ആണെന്നും അവൻ പഠിപ്പിച്ചു. വീണ്ടും, "ഓരോരുത്തരിലും ആത്‌മാവുവെളിപ്പെടുന്നത്‌ പൊതുനന്‍മയ്‌ക്കുവേണ്ടിയാണ്‌" (1 കോറിന്തോസ്‌ 12 : 7) എന്നു പറഞ്ഞത് വഴി ഒരുവന് ഒരു കൃപാദാനം ലഭിച്ചാൽ അത് സഭയുടെ വളർച്ചയ്ക്കും വിശ്വാസികളുടെ മുഴുവൻ വാഴ്വിനും വേണ്ടി ദൈവത്തിന്റെ ആത്മാവ് ഭരമേൽപ്പിച്ചത് ആണ് എന്നു അവൻ ഗ്രഹിക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്യേണം. തുടർന്ന് വ്യത്യാസ്ത വരങ്ങൾ ശ്ലീഹാ വെളിപ്പെടുത്തുന്നു, "ഒരേ ആത്‌മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്‌ഞാനത്തിന്റെ വചനവും നല്‍കുന്നു. 

ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.

ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു.തന്റെ ഇ ച്‌ഛയ്‌ക്കൊത്ത്‌ ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്‌മാവിന്റെ തന്നെ പ്രവൃത്തിയാണ്‌ ഇതെല്ലാം."

(1 കോറിന്തോസ്‌ 12 : 8-11).


ഇവിടെ അറിവിന്റെ വരം, ജ്ഞാനത്തിന്റെ വരം, വിശ്വാസം, രോഗശാന്തി വരം,അത്ഭുതപ്രവർത്തക വരം, പ്രവചന വരം, ആത്മാക്കളെ വിവേചിച്ചു അറിയാനുള്ള വരം, ഭാഷകൾ സംസാരിക്കാൻ ഉള്ള വരം, വ്യാഖ്യാനവരം എന്നിങ്ങനെ വിവിധ ക്രൂപാവരങ്ങൾ ഉണ്ടെന്നു പൗലോസ് വെളിപ്പെടുത്തുന്നു. എന്നാൽ ഇത് ആർക്കു എങ്ങനെ കൊടുക്കണം എന്നത് പരിശുദ്ധാത്മാവിന്റെ മാത്രം തീരുമാനം ആണ്.


"എന്നാല്‍, ഉത്‌കൃഷ്‌ടദാനങ്ങള്‍ക്കുവേണ്ടി തീക്‌ഷ്‌ണമായി അഭിലഷിക്കുവിന്‍. ഉത്തമ മായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം." 1 കോറിന്തോസ്‌ 12 : 31ൽ പറഞ്ഞ ശേഷം 

"എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം" എന്നു തുടർന്നു അദ്ദേഹം അറിയിക്കുന്നു (1 കോറിന്തോസ്‌ 13 : 13). അതോടൊപ്പം, "സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും." (1 കോറിന്തോസ്‌ 13 : 8) എന്നിങ്ങനെ പറഞ്ഞു കൊണ്ടു മുന്നോട്ട് ഉള്ള കാലങ്ങളിൽ മേൽപ്പറഞ്ഞ വിവിധ കൃപാവരങ്ങളിൽ പലതും ഭാഗികമോ പൂർണ്ണമായോ ഇല്ലാതെ ആകും എന്നു അപ്പോസ്തോലൻ മുന്നറിയിപ്പ് നൽകുന്നു. വരങ്ങളിൽ പ്രവചനവരം [വചനം പ്രസംഗിക്കുന്നത് ആണ് പ്രവചനം, ഭാവി പറയുന്നത് അല്ല] ഏറ്റവും ആഗ്രഹിക്കുവാൻ കല്പ്പിക്കുന്നു, "......പ്രത്യേകിച്ച്‌ പ്രവചനവരത്തിനായി, തീക്‌ഷ്‌ണതയോടെ ആഗ്രഹിക്കുവിന്‍.(1 കോറിന്തോസ്‌ 14 : 1). ആയതിനാൽ പൂർണ്ണമായും അല്ലെങ്കിൽ കൂടി ചില കൃപാവരങ്ങൾ ആദിമ സഭയ്ക്കു മാത്രം ആയിട്ട് റൂഹായാൽ നല്കപ്പെട്ടത് ആണെന്നും, അത്തരം ചിലത് ഇന്ന് അപ്രത്യക്ഷമാകുമെന്ന് ആത്മാവ് നമ്മെ മുൻകൂട്ടി അറിയിച്ചിട്ടും ഉള്ളത് ആകുന്നു.


കൃപാവരങ്ങൾ പലതും നിന്നു പോകുമെന്നുള്ളത് ആഗസ്റ്റിൻ അഭിപ്രായപെട്ടിട്ടുണ്ട്, അത് ഇപ്രകാരം ആണ്, "കാരണം, മുൻകാലങ്ങളിൽ അടിസ്ഥാന വിശ്വാസത്തിന്റെ തെളിവായും സഭയുടെ ആദ്യ തുടക്കങ്ങളുടെ വികാസത്തിനായും നൽകപ്പെട്ടതുപോലെ...............ഈ ദിവസങ്ങളിൽ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ കൈകൾ വെയ്ക്കപ്പെട്ടവർ ഉടൻ തന്നെ അന്യഭാഷകളിൽ സംസാരിക്കാൻ തുടങ്ങുമെന്ന് ആരാണ് പ്രതീക്ഷിക്കുന്നത്?" ഇവിടെ ചില ക്രൂപാവരങ്ങൾ ആദ്യ കാലങ്ങളിൽ ഒരു അടയാളം ആയിട്ടു നല്കപ്പെട്ടത് ആദിമ സഭയുടെ വികസത്തിനും, അടിസ്ഥാന വിശ്വാസത്തിന്റെ തെളിവും ആയിട്ട് ആണ് എന്നു ആഗസ്റ്റീൻ വാദിക്കുന്നു.


1 കൊരിന്ത്യർ ആസ്പദമാക്കിയുള്ള തന്റെ 29-ാമത് പ്രസംഗത്തിൽ, 12-ാം അധ്യായത്തെക്കുറിച്ചുള്ള തന്റെ ചർച്ചയ്ക്ക് തുടക്കം കുറിക്കുമ്പോൾ, വിശുദ്ധ യുഹാനോൻ ക്രിസോസ്റ്റം ചില പ്രത്യേക ദാനങ്ങൾ അവസാനിച്ചു എന്ന കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട് അത് ഇപ്രകാരം ആണ്, "......ഈ ഭാഗം മുഴുവൻ വളരെ അവ്യക്തമാണ്: എന്നാൽ പരാമർശിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അജ്ഞത മൂലവും അവയുടെ നിർത്തലാക്കൽ മൂലവുമാണ് അവ്യക്തത ഉണ്ടാകുന്നത്, അന്ന് സംഭവിച്ചിരുന്നതും എന്നാൽ ഇപ്പോൾ സംഭവിക്കാത്തതുമായതിനാൽ അത്രേ. ഇപ്പോൾ അവ സംഭവിക്കാത്തത് എന്തുകൊണ്ട് ആണ് ? ഇപ്പോൾ നോക്കൂ, ഈ അവ്യക്തത കാരണം നമുക്ക് വീണ്ടും മറ്റൊരു ചോദ്യം ഉണ്ടാകുന്നു. അതായത്, ആ സമയത്ത് അവ എന്തുകൊണ്ട് സംഭവിച്ചു, ഇപ്പോൾ ഇനി സംഭവിച്ചില്ല?......" ഇവിടെ വിശുദ്ധൻ പ്രസ്ഥാവിക്കുന്നത് ചില കൃപാവരങ്ങൾ മുൻപ് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ ഇല്ല അതിന്റെ കാരണം അത് ദൈവം നിർത്തലാക്കിയതിനാൽ ആണ് എന്നാകുന്നു.


*ഇപ്രകാരം നിർത്തലാക്കിയ ഒരു കൃപാദാനമാണ് 'മറുഭാഷാവരം'. അത് നമുക്ക് അടുത്ത ഭാഗത്ത് പരിശോധിക്കാം.*

അഭിപ്രായങ്ങള്‍