*ജിബറിഷ് :ഒരു വ്യാജ കരിസ്മാറ്റ*
PART:1
[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]
Date: 8 ജൂലൈ 2025
സമകാലിക സഭാജീവിതത്തിൽ ഉണ്ടായ ഒരു വിവാദവും അതിനെ തുടർന്നു വിശ്വാസികളുടെ ഇടയിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങളും കണക്കിലെടുത്ത് ഒരു ലേഖനം എഴുതാൻ പ്രേരണ ഉണ്ടായതിനാൽ ഇത് എഴുതുന്നു. മുന്നമേ ബോധിപ്പിക്കട്ടെ, ഇത് ആർക്കെതിരെയും തെറ്റായ ഉദ്ദേശം വച്ചു എഴുതുന്നത് അല്ല മറിച്ച് നമ്മുടെ സഭയുടെ വിശ്വാസം ഉയർത്തി പിടിക്കുവാൻ എന്നിൽ നിക്ഷിപ്തമായ കടമ നിർവഹിക്കുവാൻ ഉള്ള ഒരു എളിയ ശ്രമം മാത്രം ആണ് ഈ ലേഖനം.
എന്താണ് കരിസ്മാറ്റ? എന്താണ് ഭാഷാവരം? എന്താണ് ജിബറിഷ്? എന്നിങ്ങനെ വിവിധ ചോദ്യങ്ങൾക്കു വേദപുസ്തക വെളിച്ചത്തിലും സഭാ പിതാക്കന്മാരുടെ പഠിപ്പിക്കലിന്റെയും അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്താൻ ഈ ലേഖനം ശ്രമിക്കുന്നു.
സഭാ പിതാവായ മോർ അബ്രഹാം നഹർശിത്തൊയുടെ ഒരു പ്രാർത്ഥനയോടെ തുടങ്ങട്ടെ, " കർത്താവേ! ഞങ്ങൾ പാപവികാരങ്ങളിൽ നിന്നും നിർമലരായിത്തീരുവാൻ വേണ്ടി ഞങ്ങളുടെ ബോധങ്ങളിലെ അനിയന്ത്രിതമായ സ്തുതികളെ നീ നിയന്ത്രിച്ച് ശുദ്ധീകരിക്കുമാറാകേണമേ. "
*ജിബെറിഷ് (Gibberish)*
ജിബ്ബെറിഷ് എന്നത് അർത്ഥശൂന്യവും മനസ്സിലാക്കാൻ പ്രയാസമുള്ളതുമായ സംസാരത്തെ സൂചിപ്പിക്കുന്നു. ഇത് ഒരു യഥാർത്ഥ ഭാഷയല്ല, മറിച്ച് ഒരു യോജിച്ച സന്ദേശം രൂപപ്പെടുത്താത്ത ശബ്ദങ്ങളുടെയോ വാക്കുകളുടെയോ ഒരു ശേഖരമാണ്. മാനസിക ഉത്തേജന ആവശ്യങ്ങൾക്കായി ഇത് മനഃപൂർവ്വം വിവിധ മേഖലകളിൽ പ്രയോഗിക്കുന്നു. മലയാളത്തിൽ വർഷങ്ങൾക്ക്മുൻപ് ഇറങ്ങിയ ഒരു മൂവിയിൽ ജഗതി ശ്രീകുമാർ ജിബറിഷ് ഭാഷയിൽ ഒരു ചെറിയ പാട്ടു പാടി ഹാസ്യം അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏതാനും വർഷം മുമ്പ് "നേരം" എന്ന നിവിൻ പോളി സിനിമയിൽ ഇതേ ഗാനം വിപുലമായ രീതിയിൽ അവതരിപ്പിക്കുകയും ഹിറ്റ് ആകുകയും ചെയ്തു. പ്രസ്തുത ജിബെറിഷ് പാട്ടിന്റെ ആദ്യ വരികൾ കേട്ടിട്ടില്ലാത്തവർക്ക് വേണ്ടി താഴെ കൊടുക്കുന്നു, അത് ഇപ്രകാരം ആണ്;
"ഹേ സുറിക്ക റിക്ക മുക്ക മുഴം
പോട്ടെ മാറി കൊഴുന്ത്
കബത്തില് മാറ്റി പുടിച്ച്
പിസ്ത സുമ കിറ സോമാരി ജമാ കിറായ"
ഇതുപോലെ വിവിധ മേഖലകളിൽ ജിബെറീഷ് ഭാഷയിൽ പ്രയോഗങ്ങൾ ഉണ്ട്. പട്ടാളക്കാരുടെ ഇടയിൽ ഉന്മേഷം വരാൻ ചിലപ്പോൾ ജിബറിഷ് ഭാഷയിൽ അലറാറുണ്ട് (yells). ചുരുക്കി പറഞ്ഞാൽ ഇത് താൽക്കാലികമായ ഒരു മാനസിക ഉന്മാദം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഉപയോഗിച്ച് വരുന്നത്.
അർത്ഥമില്ലായ്മയാണ് ജിബ്ബെറിഷിന്റെ സവിശേഷത. വ്യക്തിഗത വാക്കുകളോ ശബ്ദങ്ങളോ തിരിച്ചറിയാൻ കഴിയും, പക്ഷേ അവ സംയോജിപ്പിച്ച് മനസ്സിലാക്കാവുന്ന രീതിയിൽ ഉള്ള ഏതെങ്കിലും ശൈലികളോ വാക്യങ്ങളോ ഇവ സൃഷ്ടിക്കുന്നില്ല. യഥാർത്ഥ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, അർത്ഥശൂന്യമായ പദങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് വ്യാകരണമോ, പദാവലിയോ, വാക്യഘടനയോ ഇല്ലല്ലോ. ആയതിനാൽ ജിബെറിഷ് ഭാഷ ഒരു ഘടനാപരമായ ആശയവിനിമയ രൂപത്തേക്കാൾ വെറുമൊരു ഒരു ശബ്ദമോ പദാവലിയോ മാത്രം ആണ്.
ഗ്രീക്കിൽ ജിബെറീഷ് എന്നതിന് ασυναρτησίες (asynartēsies) എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട പുതിയ നിയമത്തിൽ ഒരിടത്തും ഈ വാക്ക് ഉപയോഗിച്ചിട്ടില്ല. എങ്കിലും ജിബെറിഷിനു തുല്യമായ ഒരു വാക്ക് ഉപയോഗിച്ച് കാണുന്നത് ματαιότης (mataiotēs) എന്നാണ്. ഇതിന്റെ അർത്ഥം വ്യർത്ഥത അല്ലെങ്കിൽ ശൂന്യത, വികൃതത എന്നിങ്ങനെ എല്ലാം ആണ്. പ്രത്യേകിച്ച് ഒരു ഉദ്ദേശ്യമോ അർത്ഥമോ ഇല്ലാത്ത കാര്യങ്ങളെ വിവരിക്കാൻ പുതിയ നിയമത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നു. ചുരുക്കത്തിൽ ജിബെറിഷ് ഭാഷ എന്നത് ഒരു വേദപുസ്തക കാഴ്ചപ്പാട് അല്ല. ഏതെങ്കിലും വിധത്തിൽ ഇത്തരം ഒരു പ്രവണത ഉണ്ടെങ്കിൽ അതിനെ വിശുദ്ധ തിരുവേഴുത്തുകൾ കാണുന്നത് വ്യർത്ഥതയോ വൃകൃതതയോ ആയിട്ട് മാത്രം ആണ്.
എന്നാൽ പിൽക്കാലത്ത് വിവിധ മതങ്ങളുടെ ആരാധനയിൽ ഇതിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നത് പോലെ ക്രിസ്തീയ സഭയിലും മോണ്ടാനസ്സിനെ പോലുള്ള വേദവിപരീതികൾ മനുഷ്യനിർമ്മിത കരിസ്മാറ്റികതയുടെ ഭാഗം ആയിട്ടു ജിബറിഷ് ഭാഷ പ്രയോഗത്തിൽ വരുത്തി. സഭാപിതാക്കന്മാർ അതിനെതിരായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആണ് ജിബെറീഷ് ഭാഷ ക്രൈസ്തവ ലോകത്തിൽ കൂടുതൽ കുപ്രസിദ്ധി നേടിയത്. 1906-ലെ അസുസ സ്ട്രീറ്റ് റിവൈവലിൽ നിന്നാണ് ഉത്ഭവിച്ചത്. നവോത്ഥാന നേതാവായ വില്യം സെയ്‌മോറും മറ്റ് പെന്തക്കോസ്ത് പാസ്റ്റർമാരും അന്യഭാഷകളിൽ സംസാരിക്കുന്നത് പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിന്റെ അടയാളമാണെന്ന് വിശ്വസിച്ചു. ഇവർ ഭാഷാവരം എന്ന പേരിൽ ജിബെറിഷ് ഭാഷ പ്രയോഗിക്കുകയും ഇത് ഒരു ട്രെൻഡ് ആയി ആക്കാലത്തു അമേരിക്കയിൽ പെന്തകോസ്ത് യോഗങ്ങളിൽ പടർന്നു പിടിക്കുകയും ചെയ്തു. പിന്നീട് വില്യം സെയ്‌മോറിന്റെ സമകാലികൻ ആയ ചാൾസ് ഫോക്സ് പർഹം ഈ പ്രവണതയെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ ഒരു മുഖ്യ തന്ത്രം ആയിട്ട് വികസിപ്പിച്ചു. ഇത് "പെന്തകോസ്തൽ തരംഗങ്ങൾ" ( Pentecost waves) എന്ന പ്രതിഭാസത്തിനു തുടക്കം ഇട്ടു.
"പെന്തക്കോസ്ത് തരംഗങ്ങൾ" എന്നത് പൊതുവെ പെന്തക്കോസ്തലിസത്തിലെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളെയോ പ്രസ്ഥാനങ്ങളെയോ അനുബന്ധ കരിസ്മാറ്റിക് ക്രിസ്ത്യൻ പാരമ്പര്യങ്ങളെയോ സൂചിപ്പിക്കുന്നു. ഈ തരംഗങ്ങൾ ഇവയാണ്: യഥാർത്ഥ പെന്തക്കോസ്ത് പ്രസ്ഥാനം, കരിസ്മാറ്റിക് പ്രസ്ഥാനം, മൂന്നാം-തരംഗ സുവിശേഷീകരണം അഥവാ നിയോ പെന്തകോസ്തലിസം . ഓരോ തരംഗവും മുമ്പത്തേതിൽ നിന്നും കെട്ടിപ്പടുക്കുകയോ പ്രചരിപ്പിക്കപെടുകയും ചെയ്യുന്നു. പെന്തക്കോസ്ത് ദൈവശാസ്ത്രത്തിന്റെയും ആചാരങ്ങളുടെയും സ്വാധീനം ഇങ്ങനെ മൂന്നു ഘട്ടങ്ങളിൽ കൂടി വികസിച്ചു ഇന്ന് കാണുന്ന രീതിയിൽ എത്തി ചേർന്നു.
ഇതിൽ രണ്ടാം തരംഗമായ പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ കരിസ്മാറ്റിക് പ്രസ്ഥാനം,1960-കളിൽ കേരളത്തിൽ സജീവമായി ഉയർന്നുവന്നു. ഈ കാലത്ത് കേരളത്തിൽ പെന്തകോസ്ത് പാസ്റ്റർമാർ അമേരിക്കൻ ജിബെറീഷ് തന്ത്രം ഇവിടെ ഇറക്കുകയും അത് അന്യഭാഷ വരം ആയിട്ട് ചിത്രീകരിക്കുകയും ചെയ്തു. ജിബെറീഷ് ഭാഷയിൽ സംസാരിക്കുന്ന രീതി അവരുടെ അംഗങ്ങളിൽ പ്രോത്സാഹിപ്പിച്ചു. ഈ വരം ദൈവവുമായി ആശയവിനിമയം നടത്തുന്നതിനോ ആത്മീയ ആനന്ദം പ്രകടിപ്പിക്കുന്നതിനോ ഉള്ള ഒരു മാർഗമാണെന്ന് കരിസ്മാറ്റിക്സ് വിശ്വാസികൾ വിശ്വസിക്കുന്നു.
കേരളത്തിൽ ഈ മുന്നേറ്റം പരമ്പരാഗത സഭകളെ നന്നായി ബാധിച്ചു. കരിസ്മാറ്റിക് യോഗങ്ങളിലേക്ക് ഒരു ഒഴുക്ക് പള്ളികളിൽ നിന്നും ഉണ്ടായി. ഇത് ദശാബ്ദങ്ങളോളം തുടരുകയും ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യം എന്നു റോമൻ കത്തോലിക്ക സഭ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. തുടർന്നു കത്തോലിക്ക സഭയിൽ ഒരു നിയന്ത്രിത കരിസ്മാറ്റിക് പ്രസ്ഥാനം ഉടലെടുത്തു. അങ്ങനെ ധാരാളം ധ്യാന കേന്ദ്ര കേന്ദ്രീകൃത ആത്മീയത വളർന്നു വന്നു. സാവധാനം, ഈ ധ്യാനകേന്ദ്രങ്ങളിലും മേല്പറഞ്ഞ ജിബെറീഷ് ഭാഷ പ്രയോഗിക്കുകയും അത് മറുഭാഷ ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
യാക്കോബായ സഭയിൽ ഈ കത്തോലിക്ക കരിസ്മാറ്റിക് സ്വാധീനം ചില അഭിഷിക്തരിൽ കൂടി കടന്നു വരുകയും, അവരുടെ വളർച്ച കാല ക്രമേണ സഭയിൽ ഒരു സമാന്തര ആത്മീയത വളർത്തുകയും ചെയ്തു. ഇന്നേ വരെ ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും നിയന്ത്രണം കൊണ്ടുവരാനും സഭാനേതൃത്വത്തിനു കഴിഞ്ഞിട്ടില്ല എന്നതിന്റെ മാകുടോദാഹരണം ആണ് ഇപ്പോൾ ഉത്തരവാദിത്വ സ്ഥാനത്തു ഇരിക്കുന്നവരിൽ നിന്നും ഉണ്ടായ ആത്മീയ വികലത.
Note: *അടുത്ത ഭാഗം ഇറക്കാൻ തടസ്സം ഉണ്ടായില്ല എങ്കിൽ ഇതിന്റെ വേദശാസ്ത്ര വശം, പിതാക്കന്മാരുടെ കാഴ്ചപ്പാട് തുടങ്ങിയവ ചർച്ച ചെയ്യുന്നത് ആണ്.*

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ