[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]
Date: 13 ജൂലൈ 2025
ഈ അഞ്ചാം ഭാഗത്തോടെ ഈ ലേഖനം സമാപിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിവിധ രീതിയിൽ ഉള്ള പ്രതികരണങ്ങൾ എനിക്കു ഇതിനോടകം ലഭിച്ചു. അതിൽ ചിലർ ഞാൻ ധ്യാനകേന്ദ്രങ്ങൾക്ക് എതിരാണോ എന്നു ചോദിച്ചു. യഥാർത്ഥത്തിൽ, വസ്തുത അങ്ങനെ അല്ല. ആധുനിക കാലത്ത് മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ വളരെ തീഷ്ണത ഏറിയത് ആണ്. ചിലർക്ക് പ്രശ്നങ്ങളെ നേരിടാൻ ആത്മീയ ജീവിതത്തിൽ സമഗ്രമായ ഒരു പുതുക്കം ആവിശ്യം ഉണ്ട്. പ്രസ്തുത സാഹചര്യത്തിൽ ഒരു ഇടവകയിലെ പുരോഹിതനു പ്രസ്തുത വ്യക്തിയ്ക്കു വേണ്ടി മാത്രമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചെന്നു വരില്ല. അത്തരം ഘട്ടത്തിൽ ആ പുരോഹിതനു ടി വ്യക്തിയെ സഭയുടെ ഒരു ധ്യാനകേന്ദ്രത്തിലെക്കു ശുപാർശ്ശ ചെയ്യാൻ സാധിക്കും. അവിടെ അയാൾക്ക് ഒരു ആത്മീയ പുനരുജ്ജീവന ശുശ്റൂക്ഷ (Spiritual Rejuvenation ) ലഭിക്കും. അതുകൊണ്ട് ആധുനിക സഭയ്ക്ക് ഇത്തരം മിഷൻ സംവിധാനം ആവിശ്യം ആണ്. എന്നാൽ അത് Orthodox Spirituality എന്ന ചട്ടക്കൂടിനുള്ളിൽ നിയന്ത്രണ വിധേയമായിരിക്കണം എന്നു മാത്രം.
നമുക്ക് topic ലേക്ക് തിരിച്ചു വരാം. എങ്ങനെ ആണ് പാട്രിസ്റ്റിക് സെസ്സേഷനിസം എന്നത് പ്രൊട്ടസ്റ്റന്റ് നവീകരണക്കാരുടെതുമായി വ്യത്യസ്ഥമാകുന്നത്. നാം കഴിഞ്ഞ ഭാഗത്ത് കണ്ടു, നവീകരണ വിരാമവാദം എന്നത് ചില പ്രത്യേക ആത്മീയവരങ്ങൾ (ഉദാ : ഭാഷാവരം, പ്രവചനം, രോഗസൗഖ്യം തുടങ്ങി )പൂർണ്ണമായും നിലച്ചു എന്നു പഠിപ്പിക്കുന്നു. പുതിയ നിയമ കാനോൻ പൂർത്തിയാകുന്നത് വരെയാണ് അതിന്റെ പ്രസക്തി എന്നു പറയുന്നു.
അവർ പറയുന്ന ചില കാര്യങ്ങളോട് യോജിക്കുമ്പോൾ തന്നെ അവരുടെ 'തിരുവെഴുത്തുകൾ മാത്രം' (Sola Scriptura) എന്ന ചട്ടക്കൂടിനുള്ളിൽ ഒതുക്കുന്ന തീവ്രമായ വിരാമവാദത്തെ സഭാ പിതാക്കന്മാർ ഖണ്ഡിയ്ക്കുന്നു. സഭാ പിതാക്കന്മാർ ദൈവിക വെളിപാട് തിരുവെഴുത്തുകൾ വഴി മാത്രം എന്നു കരുതുന്നില്ല. എന്നാൽ സഭയുടെ ഈ എഴുതപ്പെട്ട പരമാധികാരത്തിനു (supreme written authority) വിരുദ്ധമല്ലാത്ത എല്ലാ പാരമ്പര്യങ്ങളും, ചരിത്രവും, ദൈവത്തിന്റെ സമ്പൂർണ്ണ സൃഷ്ടികളും ഒരു ദൈവിക പൊതുവെളിപാട് (General Revelation) ആണ് എന്നു പിതാക്കൾ പഠിപ്പിക്കുകയും അവർ അതിനെ വ്യാഖ്യാനം നൽകുകയും ചെയ്യുന്നു.
പിതാക്കന്മാർ "അടയാളങ്ങൾ" ദൈവത്തിന്റെ പൊതുവെളിപാട് ആയിട്ടു കാണുന്നു. σημειον (sēmeion) എന്ന പദം ആണ് പുതിയ നിയമത്തിൽ 'അടയാളം' എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് മൂലം. ഇതിനു അത്ഭുതം എന്നു കൂടി ഒരു അർത്ഥം പ്രസിദ്ധമായിട്ടുണ്ട്. എന്നാൽ ബൈബിളിലിൽ അർത്ഥം 'അടയാളം' എന്നു തന്നെ നാം കാണണം. ഭാഷാവരം, രോഗശാന്തി, പ്രവചനം തുടങ്ങി ദൃശ്യമായ ചില അടയാളങ്ങളിലൂടെ ദൈവത്തിന്റെ ആത്മാവ് അപ്പോസ്ത്തോലിക കാലഘട്ടത്തിൽ തിരുഹിതം വെളിപ്പെടുത്തിയിട്ടുണ്ട്. പെന്തകോസ്തി ദിനത്തിൽ ശ്ലീഹന്മാർക്കും മറ്റു ശിക്ഷ്യന്മാർക്കും "ഭാഷാവരം" ലഭിച്ചു. തങ്ങൾക്കു ഓരോരുത്തർക്കും കിട്ടിയ ഈ വരം ഒരു "അടയാളം" ആയിട്ട് അവർ കണ്ടു. അതിലൂടെ ദൈവം ആ ഭാഷയിൽ സുവിശേഷം ഘോഷിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നത് ആയിട്ട് അവർക്ക് ബോധ്യമായി. അങ്ങനെ അവർ ലോകാർത്തികളോളം പോകുകയും സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. ഇതുപോലെ ഓരോ വരങ്ങളും ഒരു ദൃശ്യ അടയാളം ആയിട്ട് ആണ് ആദിമ സഭ കണ്ടത്.
പ്രത്യേക വെളിപാട് (special revelation) ആയിട്ട് പഴയ നിയമതോടൊപ്പം പുതിയ നിയമം കൂടി ലഭിക്കുകയും വിവിധ ഭാഷകൾ സംസാരിക്കുന്ന ജാതികളുടെ ദേശങ്ങളിൽ സുവിശേഷം മുന്നമേ കടന്നു ചെല്ലുകയും പ്രാദേശിക സഭയ്ക്കു എപ്പിസ്ക്കോപ്പാമാരും കാശീശ്ശന്മാരും ശേമ്മാശന്മാർ തുടങ്ങി വിവിധ സ്ഥാനികൾ നിയമിക്കപ്പെടുകയും ചെയ്തതോടെ മേല്പറഞ്ഞ "അടയാളങ്ങൾ" അപ്രസക്തമായി. എന്നാൽ ഒരിക്കലും ആത്മീയ നൽവരങ്ങൾക്കു വിരാമമുണ്ടായില്ല. വെളിപാട് പുരോഗമന സ്വഭാവം (progressive revelation) ഉള്ളത് ആയിരുന്നു. അതുകൊണ്ട് ഉല്പത്തിയിൽ തുടങ്ങിയ ബൈബിൾ കാനോൻ, വെളിപാട് പുസ്തകത്തിൽ അവസാനിക്കുന്നത് പോലെ പഴയനിയമ സഭയിലും പുതിയ നിയമസഭയിലും ചില ആത്മീയ നൽവരങ്ങളുമായി ബന്ധപ്പെട്ടു പ്രത്യക്ഷമായിട്ടുള്ള ചില "അടയാളങ്ങൾ" ക്കു വിരാമമുണ്ടായി. എന്നാൽ ബൈബിളിലൂടെയോ, പൊതുവായ വെളിപാടിലൂടെയോ ലഭിച്ചു കൊണ്ടിരുന്ന ആത്മീയ നൽവരങ്ങൾക്ക് ഒരു തുടർച്ച ഇന്നും സഭയിൽ നില നിൽക്കുന്നു.
ചുരുക്കി പറഞ്ഞാൽ വിവിധ ആത്മീയനൽവരങ്ങളുടെ പ്രവർത്തനരീതിയിൽ (modus operandi) മാറ്റം വന്നു. ഈ മാറ്റങ്ങൾ സഭയുടെ കൗദാശിക ചട്ടക്കൂടിനെ ബലപ്പെടുത്തുകയും, ആത്മീയ നൽവരങ്ങളെ കൗദാശിക ജീവിതത്തിൽ കൂടി ഉൾകൊള്ളാൻ സഭയ്ക്കു മുഴുവനുമായി ഒരു ഐക്യസ്വഭാവം ഉടലെടുക്കുകയും ചെയ്തു.
സ്വർണ്ണനാവുകാരനായ സഭയുടെ പിതാവ് മോർ യുഹാനോൻ കൃസോസ്റ്റമോസ് ഈ വിഷയം തന്റെ പെന്തകോസ്ത് പെരുന്നാൾ പ്രസംഗത്തിൽ കൂടി നമ്മെ പഠിപ്പിക്കുന്നുണ്ട്. പിതാവ് ചോദിയ്ക്കുന്നു, "എന്തുകൊണ്ട് ആണ് ഇക്കാലത്തു ഈ 'അടയാളങ്ങൾ' പ്രത്യക്ഷപ്പെടാത്തത്?" തുടർന്നു അദ്ദേഹം ഉത്തരം പറഞ്ഞു, " ഈ അടയാളങ്ങൾ വിശ്വാസികളിൽ നിന്നും മാറ്റപെടുകയും, അവ നീക്കപെടുകയും ചെയ്തു. ഇതിന്റെ അർത്ഥം ദൈവം നമ്മെ ഉപേക്ഷിച്ചു എന്നല്ല, മറിച്ച് നമ്മെ അത്യധികമായി ബഹുമാനിക്കുന്നു എന്നാണ്. എങ്ങനെ? ഞാൻ നിങ്ങളോട് പറയാം. ആ കാലത്ത് വിശ്വാസികൾ വിഗ്രഹങ്ങളിൽ നിന്നും മോചിതരായി എങ്കിലും അവരുടെ മനസ്സ് ഗൗരവം ഉള്ള കാര്യങ്ങൾ മനസ്സിലാക്കാൻ തക്കവിധത്തിൽ ഉള്ളത് അല്ലായിരുന്നു, അത് അജ്ഞതയുള്ളത് ആയിരുന്നു. അവർ ആവേശഭരിതരും, ഭൗതികകാര്യങ്ങളിൽ നിന്ന് അകന്നവരും അല്ലായിരുന്നു. ഒരിക്കലും ഭൗതീകമല്ലാത്ത അതായത് അടയാളങ്ങൾ കൂടാത്ത ദാനങ്ങളെ പറ്റി ചിന്തിച്ചിരുന്നില്ല. ബോധത്തിനു ഗ്രഹിക്കാൻ കഴിയുന്ന വിധത്തിൽ ഉള്ള ഒരു ആത്മീയദാനം എന്താണ് എന്നു അവർ മനസ്സിലാക്കിയിരുന്നില്ല. അതായത് വിശ്വാസം മാത്രം മൂലമുള്ള [അപ്രത്യക്ഷങ്ങളായ] ആത്മീയദാനം അവർ ഗ്രഹിച്ചിരുന്നില്ല. ഈ വിടവ് നികത്താൻ അന്ന് "അടയാളങ്ങൾ" ആവിശ്യം ആയിരുന്നു. ആത്മീയ ദാനങ്ങൾ വിശ്വാസത്താൽ മാത്രം ഗ്രഹിക്കാൻ കഴിയില്ല എന്നതിനാൽ അവരുടെ വിശ്വാസം ഉറപ്പിക്കുന്നത്തിനായ് അവ "അടയാളങ്ങൾ" സഹിതം പ്രകടമാക്കപ്പെട്ടു."
ഇങ്ങനെ മോർ കൃസോസ്റ്റം വിശ്വാസികളുടെ ആത്മീയ കാര്യങ്ങളിൽ ഉള്ള ശൈശവഘട്ടത്തിന്റെ അജ്ഞതയും, അവരുടെ പക്വതകുറവും എല്ലാം മൂലം ആത്മികദാനങ്ങൾ അടയാളങ്ങൾക്കൊപ്പം നൽകപ്പെട്ടു എന്നു പഠിപ്പിച്ചു. പൊതുവെ എല്ലാ സഭാ പിതാക്കന്മാരും ആത്മീയനൽവരങ്ങളും അടയാളങ്ങളും തമ്മിലുള്ള അന്നത്തെ ഈ ബന്ധം അംഗീകരിക്കുന്നു. ഒപ്പം ആത്മീയദാന പ്രാപണത്തോട് ഒപ്പം ചേർന്നുള്ള അടയാളങ്ങൾക്കു പിൽക്കാലത്ത് വിരാമം ഉണ്ടായത് അവർ എടുത്തു കാണിക്കുന്നു.
വീണ്ടും, മേല്പറഞ്ഞ തന്റെ വ്യാഖ്യാനത്തിനു സ്വർണ്ണനാവുകാരൻ ഉദാഹരണം ചൂണ്ടി കാണിക്കുന്നു, " ഞാൻ ഒരു ഉദാഹരണം നൽകുന്നു: പാപമോചനം മനസ്സിന്റെ കാര്യമാണ്, അത് കാണാത്ത ഒരു ദാനമാണ്. നമ്മുടെ പാപങ്ങൾ എങ്ങനെ ശുദ്ധീകരിക്കപ്പെടുന്നു എന്ന് നമുക്ക് ജഡത്തിന്റെ കണ്ണുകളാൽ കാണാൻ കഴിയില്ലല്ലോ. എന്തുകൊണ്ട്, നിങ്ങൾ കരുതുന്നുണ്ടോ? കാരണം ശുദ്ധീകരിക്കപ്പെടുന്നത് ആത്മാവാണ്, എന്നാൽ ആത്മാവ് ശരീരത്തിന്റെ കണ്ണുകളാൽ കാണപ്പെടുന്നില്ല. അപ്പോൾ പാപങ്ങളുടെ ശുദ്ധീകരണം മനസ്സിന് ഗ്രഹിക്കാവുന്ന ഒരു ദാനമാണ്, അത് ശരീരത്തിന്റെ കണ്ണുകൾക്ക് നിരീക്ഷിക്കാൻ കഴിയില്ല. എന്നാൽ വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുന്നത് ആത്മാവിന്റെ പ്രവർത്തനത്തിൽ പെടുന്നു, അത് മനസ്സിന് ഗ്രഹിക്കാൻ കഴിയും, എന്നിരുന്നാലും അടയാളം (ബാഹ്യ ഇന്ദ്രിയങ്ങളാൽ) ഗ്രഹണശേഷി നൽകുന്നു, അവിശ്വാസികൾക്ക് അത് എളുപ്പത്തിൽ കാണാൻ കഴിയും." ഇങ്ങനെ വിശ്വാസികളെ ഉറപ്പിക്കുന്നതിനും ആവിശ്വാസികൾക്ക് ആത്മീയദാനങ്ങൾ പ്രാപിച്ച വിശ്വാസികളെ തിരിച്ചറിയാനും "അടയാളങ്ങൾ" സഹിതം അവ നൽകപ്പെട്ടു, പിന്നീട് വിശ്വാസികളുടെ ബോധം ദൈവവചനത്തിലൂടെ വളർച്ച പ്രാപിച്ചപ്പോൾ ആത്മീയദാനം തുടരുകയും അടയാളങ്ങൾ നിന്നുപോവുകയും ചെയ്തു.
എന്താണ് അപ്പോൾ സഭ പഠിപ്പിക്കുന്നത്? ആത്മീയദാനങ്ങൾ ഇപ്പോഴും തുടരുന്നു. അത് പക്ഷെ അടയാളങ്ങളോട് കൂടിയല്ല മറിച്ച് ബോധമണ്ഡലങ്ങളിൽ വിശ്വാസം മൂലം പ്രാപിക്കാൻ കഴിയുന്ന വിധത്തിൽ ആണ്. കൗദാശിക അനുഭവങ്ങളിൽ കൂടിയും, സഭാജീവിതത്തിലെ കൂട്ടായ്മയുടെ അനുഭവത്തിൽ കൂടിയും എല്ലാം ആത്മീയദാനങ്ങൾ ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു എന്നാൽ അടയാളങ്ങൾക്ക് വിരാമം ആയിരിക്കുന്നു.
*ഉപസംഹാരം*
സുറിയാനി ഓർത്തഡോൿസ് സഭയിൽ ആത്മീയദാനങ്ങൾക്ക് അപ്പോസ്തോലിക കാലത്തു ഉണ്ടായിരുന്നവായിൽ നിന്നും യാതൊരു കുറവും ഉണ്ടായിട്ടില്ല. അത് അന്ന് പരിശുദ്ധ റൂഹ പ്രാവർത്തികമാക്കിയ രീതിയിൽ (modus operandi) അല്ല ഇന്ന് നമുക്ക് അത് ആത്മാവ് നൽകുന്നത് എന്നു മാത്രം. അന്ന് അടയാളങ്ങൾ ആയ പെട്ടന്ന് ഉള്ള ഭാഷവരം, സൗഖ്യം, പ്രവചനം തുടങ്ങിയ രീതിയിൽ അവ നൽകപ്പെട്ടു. എന്നാൽ ഇന്ന് കൗദാശിക ജീവിതം വഴിയും, വ്യവസ്ഥാപിത പരിശീലനം വഴി ബോധമണ്ഡലം ഉൾകൊള്ളാൻ സാധിക്കുന്ന വിധത്തിലും മറ്റും നൽകപ്പെടുന്നു.
ജിബെറിഷ് പോലുള്ള ജല്പനങ്ങൾ ഒരിക്കലും ഭാഷാവരം അല്ല, ഒരാൾ ഭാഷവരം ആഗ്രഹിക്കുന്നു എങ്കിൽ വിശ്വാസപൂർവ്വം ആ ഭാഷ പഠിക്കട്ടെ അയാൾക്കു ആത്മാവ് അത് ഗ്രഹിയ്ക്കാൻ ഉള്ള വരം നൽകും. അതുപോലെ എഴുതപ്പെട്ട വചനങ്ങൾ ഒരിക്കലും 'മന്ത്രങ്ങൾ' (magic spells) അല്ല. ഒരു വചനം മന്ത്രം പോലെ ഉച്ചരിച്ചു കൊണ്ടു ബന്ധിക്കാനും, വികലമായി റൂശ്മാ (വെട്ട് റൂശ്മാ എന്നാണ് ഇതിന്റെ കുപ്രസിദ്ധ നാമം) ചെയ്യാനും ഒന്നും സഭ പഠിപ്പിക്കുന്നില്ല. അതുപോലെ നിയന്ത്രണം ഇല്ലാതെ "ഹല ഹല ഹല....." അല്ലേൽ "യേശു യേശു..യേശു..ശു.. ശു..ശു"തുടങ്ങി രീതിയിൽ പ്രാർത്ഥന നടത്തുവാനും സഭ പഠിപ്പിക്കുന്നില്ല. മോർ അബ്രഹാം നഹർശിത്തൊ പഠിപ്പിക്കുന്നു അനിയന്ത്രിത സ്തുതീപ്പുകൾ നമ്മിലുള്ള പാപവികാരങ്ങളെ ഇളക്കി നമ്മെ പാപത്തിൽ വീഴ്ത്തും എന്നു. ഇവിടെ പിതാവ് 'സ്വയം നീതി' എന്നുള്ള ആത്മീയ അഹങ്കാരം എന്ന പാപമാണ് സൂചിപ്പിക്കുന്നത്. മാബൂഗിലെ മോർ ഫീലക്സീനോസ് ദൈവവചനം ഉപയോഗിച്ച് മാന്ത്രിക പരിവേഷം സൃഷ്ടിയ്ക്കുന്നത് ആശ്രമവാസികൾക്കുള്ള തന്റെ ഒരു എഴുത്തിൽ വിമർശനം ചെയ്തിട്ടുണ്ട്.
പൗലോസ് പറയുന്നു, "ആരും ആത്‌മവഞ്ചന ചെയ്യാതിരിക്ക ട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്‌ഞാനിയെന്നു വിചാരിക്കുന്നപക്‌ഷംയഥാര്‍ഥ ജ്‌ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ."
(1 കോറിന്തോസ് 3 : 18)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ