രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം Part 5


------------PART: V------------

*JSC മിഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ 7 ജൂലൈ 2025 വൈകുന്നേരം 8-9 pm ൽ നടത്തിയ exegetical sermon ന്റെ ഒരു outline ഉം ചെറിയ വിവരണവും.*


[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]


ചിന്താവിഷയം : *രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം* 


ഗ്രന്ഥ ഭാഗം : യാക്കോബിന്റെ ലേഖനം 5:13-18

മാർക്കോസ് 6: 13


▫️"കർത്താവ് അവനെ എഴുന്നേല്പിക്കും. അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിക്കപെടുകയും ചെയ്യും. "


- മേല്പറഞ്ഞ പ്രകാരം "തകർച്ചയിൽ" ആയുള്ള ഒരുവൻ ആളെ വിട്ട് ദൈവത്തിന്റെ അഭിഷിക്തരെ തന്റെ സമീപത്തേക്കു വിളിപ്പിക്കുകയും, അവർ അവന്റെ മേൽ കൈവച്ച് പ്രാർത്ഥിക്കുകയും തൈലം ലേപനം ചെയ്യുകയും, ആ തകർച്ചയിൽ ഉള്ള മനുഷ്യൻ ഇതെല്ലാം വിശ്വാസപൂർവ്വം സ്വീകരിക്കുകയും ചെയ്‌താൽ അവർക്ക് ദൈവത്തിന്റെ ആത്മാവ് ഒരു വാഗ്ദാനം നൽകുന്നു.

- ഒന്നാമത്തെ വാഗ്ദാനം കർത്താവ് അവനെ തകർച്ചയിൽ നിന്നും എഴുന്നേൽപ്പിക്കും.

- ഇവിടെ 'എഴുന്നേല്പിക്കും' എന്നു അർത്ഥം വരുവാൻ ഉപയോഗിച്ചിരിക്കുന്ന മൂലപദം ἐγείρω (egeiró) ആണ്. പ്രസ്തുത അർത്ഥം വരുന്ന വിവിധ ഗ്രീക്ക് പദങ്ങൾ ഉണ്ട് പക്ഷെ ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇത് ഒരു ദൈവിക ഇടപെടൽ മുഖാന്തിരമായി ഒരു പ്രയാസത്തിൽ നിന്നും ഒരുവൻ അത്ഭുതകരമായി എഴുന്നേൽപ്പിക്കപ്പെടുന്നതിനെ ആണ് സൂചിപ്പിക്കുന്നത്.

- ഇതേ പദമൊ അല്ലെങ്കിൽ അതിന്റെ രൂപഭേദങ്ങളോ ഉപയോഗിച്ചിരിക്കുന്ന ചില വേദഭാഗങ്ങൾ ഉദാഹരണം നോക്കാം.

- പെട്ടെന്ന്‌ കര്‍ത്താവിന്റെ ഒരു ദൂതന്‍പ്രത്യക്‌ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ പത്രോസിനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്റെ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെ വീണു.

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 7) ഇവിടെ ദൂതൻ പത്രോസിനെ ഉണർത്തുന്നത് കാണിക്കുവാൻ മേല്പറഞ്ഞ മൂലപദം ἐγείρω (egeiró) യുടെ ഒരു ഭേദം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു ദൈവിക ഇടപെടൽ (divine intrevention) ആണ്.

- അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ്‌ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്‌തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ്‌ ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.

(മത്തായി 2 : 13) ഇവിടെ ദൂതൻ യൗസെഫിനോട് എഴുന്നേൽക്കാൻ പറയുന്നു. ഇവിടെയും മേല്പറഞ്ഞ മൂലപദത്തിന്റെ ഭേദം ആണ് ഉപയോഗിച്ചിരിക്കൂന്നത്.

- യേശു സമീപിച്ച്‌ അവരെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ.

(മത്തായി 17 : 7) ഇവിടെയും എഴുന്നേൽക്കുവിൻ എന്നത് മേൽപ്പറഞ്ഞ പദം വഴി ആണ് പ്രകടിപ്പിക്കുന്നത്.

- ആയതിനാൽ കർത്താവ് തന്റെ കൃപയാൽ നേരിട്ടുള്ള ഒരു ഇടപെടൽ വഴി തന്റെ ദാസനെ "തകർച്ചയിൽ" നിന്നും എഴുന്നേൽപ്പിക്കുന്നു.

- രണ്ടാമത്തെ വാഗ്ദാനം എന്നത്, "അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിക്കും" എന്നത് ആണ്. ഇവിടെ യോഹന്നാൻ 20:22-23 കൂടി ചേർത്ത് ചിന്തിക്കുക.

- ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.

(യോഹന്നാന്‍ 20 : 22-23)

- വീണ്ടും, നമ്മൾ മാർക്കോസ് 2 ലെ തളർവാത രോഗി സൗഖ്യം ആയതു എങ്ങനെ എന്നു നോക്കണം. 

- അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു.

ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്‌ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്‌, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി.

അവരുടെ വിശ്വാസം കണ്ട്‌ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.

(മര്‍ക്കോസ്‌ 2 : 3-5)

- തുടർന്നു കർത്താവ് പറഞ്ഞ വാക്ക് ശ്രദ്ധിക്കുക, ഏതാണ്‌ എളുപ്പം? തളര്‍വാതരോഗിയോട്‌ നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?

എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്‌ - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു:

ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ്‌ നിന്റെ കിടക്കയുമെടുത്ത്‌, വീട്ടിലേക്കു പോവുക.

(മര്‍ക്കോസ്‌ 2 : 9-11)

- വീണ്ടും, യോഹന്നാൻ 17 : 18 ൽ "അങ്ങ്‌ എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു" എന്ന് എഴുതിയിരിക്കുന്നു.

- ആയതു കൊണ്ടു രോഗത്തിൽ ഇരിക്കുന്നവനെ, തകർച്ചയിൽ കഴിയുന്നവരെ ഉയിർപ്പിക്കാൻ കർത്താവ് അവരുടെ പാപങ്ങൾ ക്ഷമിച്ചു, അതുപോലെ താൻ അയച്ചവർ മുഖേന അവൻ ഈ ശുശ്റൂക്ഷയിലൂടെ അവരുടെ പാപങ്ങൾ ക്ഷമിക്കുന്നു. 

- പിതാവ് തന്റെ പുത്രനെ അയച്ചത് പോലെ തന്നെ ആണ് പുത്രൻ തന്റെ അഭിഷിക്തരെ അയയ്ക്കുന്നത്. അവർ തലയിൽ കൈവച്ച് പ്രാർത്ഥിക്കുകയും വിശുദ്ധ തൈലം പൂശുകയും, പാപങ്ങൾ മോചിക്കുകയും, രോഗാത്മാക്കളെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. അവരിലൂടെ കർത്താവ് പ്രവർത്തിക്കുവാൻ അവരെ അയച്ചവനിൽ വിശ്വാസം ഉണ്ടാകണം എന്നുള്ളത് മാത്രം ആണ് ദൈവം ആവിശ്യപ്പെട്ടിരിക്കുന്നത്.
 

അഭിപ്രായങ്ങള്‍