രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം Part-4


 ------------PART: IV------------

*JSC മിഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ 7 ജൂലൈ 2025 വൈകുന്നേരം 8-9 pm ൽ നടത്തിയ exegetical sermon ന്റെ ഒരു outline ഉം ചെറിയ വിവരണവും.*


[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]


ചിന്താവിഷയം : *രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം* 


ഗ്രന്ഥ ഭാഗം : യാക്കോബിന്റെ ലേഖനം 5:13-18

മാർക്കോസ് 6: 13


▫️ "കർത്താവിന്റെ നാമത്തിൽ"

- വിശുദ്ധ ത്രിത്വനാമത്തിൽ ആണ് കൂദാശ അനുഷ്ഠിക്കപ്പെടുന്നത്. എന്നാൽ ഇവിടെ കർത്താവിന്റെ നാമത്തിൽ എന്നു പറയുമ്പോൾ "യേശുവിന്റെ നാമത്തിൽ " എന്നല്ലേ മനസ്സിലാക്കേണ്ടത് എന്നൊരു ചോദ്യം പലർക്കും ഉണ്ടായേക്കാം.

- യാഹ്വെ (יהוה) എന്നുള്ള ഹെബ്‌റായ പദം ആയിരുന്നു പഴയ നിയമത്തിൽ ഏക സത്യദൈവത്തെ സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ ദൈവനാമം വൃഥാ ഉപയോഗിക്കരുത് എന്നുള്ള കല്പ്പന മൂലം യൂദന്മാർ ഈ നാമത്തിനു പകരം ഉപയോഗിച്ച് വന്നിരുന്നത് അഡോണായ് (אֲדֹנָי) എന്നുള്ള പദം ആയിരുന്നു. ഇതിന്റെ അർത്ഥം 'എന്റെ നാഥൻ' എന്നാകുന്നു.

- ഗ്രീക്കിൽ അഥോണായ് എന്നത് കുറിയോസ് (κύριος) എന്നു ആണ് വിളിക്കുന്നത്. 

- അതുകൊണ്ട് ദൈവത്വത്തിന്റെ മൂന്നു ക്നൂമകൾ ആയുള്ള പിതാവ്, പുത്രൻ, പരിശുദ്ധ റൂഹ എന്നിവരെ പൊതുവായി വിളിക്കുവാൻ കുറിയോസ് അഥവാ കർത്താവ് എന്ന നാമം ഉപയോഗിച്ച് വരുന്നു. ഇപ്രകാരം ഈ നാമം എഴുതുമ്പോൾ കുറിയോസ് ന്റെ ആദ്യ അക്ഷരം ആയ 'കാപ്പ' (K) വലിയ അക്ഷരത്തിൽ എഴുതുന്നു.

- യാക്കോബു കുറിയോസ് അഥവാ കർത്താവ് എന്നത് എഴുതിയിരിക്കുന്നത് വിശുദ്ധ തൈലലേപനം നടത്തേണ്ടത് യേശു മശിഹാ പഠിപ്പിച്ച പ്രകാരം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹയുടെയും നാമത്തിൽ ആണ്.

- ഇത് Triniterian Formula എന്നാണ് അറിയപ്പെടുന്നത്. 

- അതായത് നമ്മുടെ കർത്താവായ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ തൈലം പൂശണം എന്നാണ് യാക്കോബ് അർത്ഥം ആക്കുന്നത്.


▫️"വിശ്വാസത്തോട് കൂടിയ പ്രാർത്ഥന രോഗിയെ സുഖപെടുത്തും. കർത്താവ് അവനെ എഴുന്നേൽപ്പിക്കും. അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിക്കപെടുകയും ചെയ്യും. " (യാക്കോബ്‌ 5 : 15) വിശുദ്ധ ഗ്രന്ഥം- സുറിയാനി തർജ്ജ്ജിമ 


- ഇതിന്റെ മൂലഭാഷയിൽ ഉള്ള അർത്ഥം ഓരോന്നും ആദ്യമായി പരിശോധന നടത്താം.

- "വിശ്വാസത്തോട് കൂടിയ പ്രാർത്ഥന രോഗിയെ സുഖപെടുത്തും." ഇതിൽ രോഗി എന്നത് തർജ്ജ്ജിമ ചെയ്തിരിക്കുന്നത് κάμνοντα (kámnonta) എന്ന പദത്തിൽ നിന്നാണ്. 

- എന്നാൽ രോഗി എന്നതിന്റെ യഥാർത്ഥത്തിൽ ഉള്ള ഗ്രീക്ക് പദമെന്നത് ἀσθενέω (astheneo)എന്നാണ്. ഇതിന്റെ മൂന്നാം വ്യക്തി ഏകവചനമാണ് 14 ആം വാക്യത്തിൽ "അവൻ രോഗിയെങ്കിൽ" എന്നുള്ളിടത്തു ഉപയോഗിച്ചിരിക്കുന്നത്. 

- ഇപ്പോൾ 15 ആം വാക്യത്തിൽ സുറിയാനി തർജ്ജിമ പ്രകാരം "പ്രാർത്ഥന രോഗിയെ സുഖപെടുത്തും" എന്നിടത്തു മൂലഭാഷയിൽ നിന്നും മൂന്നു വിധത്തിൽ തർജ്ജ്ജിമ ചെയ്യാം.

- ഒന്നാമത് യഥാർത്ഥത്തിൽ ഉള്ള തർജ്ജ്ജിമ ; ഇത് " പ്രാർത്ഥന അദ്ധ്വാനിക്കുന്നവനെ സുഖപെടുത്തും" എന്നാണ്. ഇവിടെ യേശു തമ്പുരാന്റെ ഒരു വാഗ്ദാനം നമ്മൾ ഓർക്കണം "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ" (മത്തായി 11:28). യാക്കോബു ഉപയോഗിച്ചിരിക്കുന്നത് കർത്താവ് സൂചിപ്പിച്ച ഈ 'അദ്ധ്വാന'മാണ്.

- κάμνοντα (kámnonta) എന്നത് രോഗിയെ ആണ് സൂചിപ്പിക്കുന്നത് എന്നത് സത്യം ആണ് എങ്കിലും രോഗിയുടെ പ്രശ്നത്തിന്റെ ആഴം കാണിക്കാൻ ആണ് യാക്കോബ് ഇവിടെ രോഗി എന്നതിന് പകരം അധ്വാനിക്കുന്നവൻ എന്നു എഴുതിയത്.

- ഇവിടെ 'അദ്ധ്വാനം' എന്നത് പല മാർഗ്ഗങ്ങൾ നോക്കിയിട്ടും, പല രീതിയിൽ ചികിത്സ തേടിയിട്ടും അവസാനം നിരാശയിൽ ക്ഷീണിച്ചപ്പോൾ കർത്താവ് സൗഖ്യം തന്നെങ്കിൽ അല്ലാതെ എനിക്കു സുഖം ഉണ്ടാകില്ല എന്നുള്ള അവസ്ഥയിൽ കരയുന്ന ഒരു രോഗിയെ കാണിക്കാൻ വേണ്ടി ആണ്. ഇവിടെ ഒരു ദൈവിക ഇടപെടൽ ആവിശ്യം ആണെന്ന് ഉള്ള തിരിച്ചറിവിൽ രോഗി വിശ്വാസപൂർവ്വം യേശുവിനെ സമീപിക്കുന്നു.

- രണ്ടാമത് കൊടുക്കാൻ പറ്റിയ ഒരു തർജ്ജിമ എന്നത് സൂചനപരമായ അർത്ഥത്തിൽ ആണ്. അതായത്, സ്വന്ത ബുദ്ധി, കഴിവ്, പണം, സ്വാധീനം തുടങ്ങി ലോകപരമായ രീതിയിൽ സൗഖ്യത്തിനു വേണ്ടി ഓടിയിട്ട് കിട്ടാതെ ക്ഷീണിച്ച വ്യക്തിയായി രോഗിയെ സൂചിപ്പിക്കുന്നു.

- മൂന്നാമത്തെ തർജ്ജിമ ആലങ്കാരികമായത് ആണ്. ഇവിടെ ഒരു ശാരീരിക രോഗം മാത്രം ആകണമെന്നില്ല. വിശ്വാസത്തിൽ നിന്നും വീണു പോകുക, സാത്താന്യ അടിമത്വത്തിൽ കഴിയുക, ലഹരി പോലുള്ള അടിമത്തത്തിൽ ആയിരിക്കുക, ജീവിതത്തിൽ പരാജയപ്പെട്ടു ആത്മഹത്യ മാത്രം ഉള്ളു പരിഹാരം എന്നു കരുതിയിരിക്കുന്ന, കുടുംബ ബന്ധങ്ങളിൽ തകർച്ച നേരിട്ടിരിക്കുന്ന, സന്താന സൗഭാഗ്യമില്ലാതെ വിഷമിക്കുന്ന, കട ബാധ്യതയിൽ ആയിരിക്കുന്ന ...... etc., തുടങ്ങി രോഗങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ/ വ്യക്തിയെ ഇത് കാണിക്കുന്നു.


- അതുകൊണ്ട് ഒരു ശരീര രോഗത്തിനു വേണ്ടി മാത്രം അല്ല ഈ കൂദാശ അനുഷ്ടിക്കുന്നത് മറിച്ചു ഏതെങ്കിലും ഒരുവന്റെ "തകർച്ചയിൽ" അവനു യേശു ആശ്വാസം ആകാൻ വേണ്ടിയുള്ള ഒരു തൈലലേപന ശുശ്റൂക്ഷ ആണ് ഇത്.

▫️"വിശ്വാസത്തോട് കൂടിയ പ്രാർത്ഥന" 

- 'വിശ്വാസം മാത്രം' എന്നു ലൂദർ വാദിച്ചു. എന്നാൽ യാക്കോബു "വിശ്വാസത്തോട് കൂടിയ പ്രാർത്ഥന" എന്നെഴുതി.

- ഇവിടെ പ്രാർത്ഥന എന്നതിന് യാക്കോബ് ഉപയോഗിച്ച പദം εὐχή (euché) ആയിരുന്നു. ഈ പദം εὔχομαι (euchomai) എന്ന ക്രിയ ധാതുവിൽ നിന്നുള്ളത് ആകുന്നു. ഈ പദങ്ങൾ എല്ലാം ഉത്ഭവിച്ചത് προσεύχομαι (proseuchomai) എന്ന വാക്കിൽ നിന്നാണ് ഇതിന്റെ പ്രശസ്തമായ അർത്ഥം ആരാധന (Worship) എന്നാണ്. എന്നാൽ ഇതിന്റെ ആഴത്തിലുള്ള അർത്ഥം കേവലം അധരങ്ങൾ കൊണ്ടുള്ള പ്രാർത്ഥന ഉരുവിടൽ അല്ല. അല്ലെങ്കിൽ ഹൃദയത്തിൽ ഉളവാകുന്ന സമർപ്പണ പ്രാർത്ഥനകൾ മാത്രം അല്ല. ഇതിനു കുറച്ചു കൂടി പ്രവർത്തി രൂപത്തിൽ ഉള്ള അർത്ഥം ഉണ്ട്. ദൈവത്തിലേക്കുള്ള നേരിട്ടുള്ള ആശയവിനിമയത്തിന്റെയും ആരാധനയുടെയും പ്രവർത്തിരൂപത്തിൽ ഉള്ള ഒരു പ്രകടനം ഇതിൽ ഉൾപ്പെടുന്നു, അതിൽ ദൈവികതയിലേക്കുള്ള ആഗ്രഹവും തിരിയലും എല്ലാം ഉൾപ്പെടുന്നു. പഴയനിയമത്തിൽ ദൈവമുൻപാകെ കുമ്പിട്ടു വണങ്ങി പ്രാർത്ഥിക്കുന്നതിനെ ആണ് ഈ പുതിയനിയമ പദം സൂചിപ്പിക്കുന്നത്.

- മുട്ടുകുത്തൽ, നിൽക്കൽ, സാഷ്ടാംഗം പ്രണമിക്കൽ, കൈകൾ ഉയർത്തൽ, കരച്ചിൽ എന്നിവയുൾപ്പെടെ പ്രാർത്ഥനയുമായി ബന്ധപ്പെട്ട വിവിധ ശാരീരിക ആംഗ്യങ്ങളെയും പ്രവൃത്തികളെയും പഴയനിയമം വിവരിക്കുന്നു. ഈ പ്രവൃത്തികൾ പലപ്പോഴും പ്രാർത്ഥനകളോടൊപ്പമായിരുന്നു, കൂടാതെ ആരാധകന്റെ എളിമ, ഭക്തി, ദൈവത്തിലുള്ള ആശ്രയത്വം എന്നിവയുടെ മനോഭാവത്തെ പ്രതീകപ്പെടുത്തി. ഇതെല്ലാം προσεύχομαι (proseuchomai) എന്ന ഒറ്റ വാക്ക് കൊണ്ടു വിവരിക്കുന്നു.

- വീണ്ടും, ഒരു ഉടമ്പടി എടുക്കുക അല്ലെങ്കിൽ ഒരു വ്രതം എടുക്കുക എന്നുള്ള അർത്ഥവും ഈ വാക്കിന് ഉണ്ട്. 

- ചുരുക്കത്തിൽ പറഞ്ഞാൽ യാക്കോബ് ഉപയോഗിച്ച εὐχή (euché) എന്ന വാക്ക് കേവലം അധരങ്ങൾ കൊണ്ടുള്ള ഉച്ചരണമല്ല മറിച്ച് ആരാധന ശാസ്ത്രത്തിലെ പ്രധാന രണ്ട് ആശയങ്ങൾ പ്രകടിപ്പിക്കുന്ന ഒരു തീഷ്ണത ഉള്ള പദം ആണ്.

- ആ ആശയങ്ങളിൽ ഒന്നാമത്തെത് പ്രവർത്തി രൂപത്തിലുള്ള ആരാധന ആണ്. ഇവിടെ ഇത് കാശീശ്ശന്മാരെ സമീപത്തേക്കു വിളിച്ചു വരുത്തുന്നത് മുതൽ, അവരുടെ കൈവയ്പ്പും, പ്രാർത്ഥനയും, തൈലം പൂശലും, നീതിമാൻമാരുടെ മാധ്യസ്ഥതയും എല്ലാം ഉൾപ്പെടുന്നു.

- രണ്ടാമത്, ഇത് ഒരു ഉടമ്പടി സ്ഥാപിക്കൽ ആണ്. ഞാൻ ക്രിസ്തുവിലേക്കു തിരിഞ്ഞുകൊള്ളാം, അവൻ മുഖാന്തിരം അവന്റെ പിതാവിങ്കലേക്കും, ജീവൻ നൽകുന്ന റൂഹായിലേക്കും തിരിഞ്ഞു കൊള്ളാം. ദൈവത്തിന്റെ വചനം അനുസരിച്ചു ജീവിതം ക്രമീകരിച്ച് കൊള്ളാം. വിശ്വാസ ത്യാഗത്തിൽ വീണിട്ട് ഉണ്ടെങ്കിൽ തിരിച്ചു സത്യത്തിലേക്ക് മടങ്ങികൊള്ളാം..... എന്നിങ്ങനെ ദൈവത്തിലേക്കു തിരിഞ്ഞു അവന്റെ ഹിതപ്രകാരം മുന്നോട്ട് ജീവിക്കും എന്നുള്ള ഒരു ഹൃദയത്തിന്റെ ഭാഷയിൽ ഉള്ള ഉടമ്പടി പുതുക്കൽ ആണ്. അഥവാ കർത്താവ് സ്ഥാപിച്ച പുതിയ നിയമ ഉടമ്പടിയുടെ കീഴിൽ സ്വയം സമർപ്പിക്കുന്ന ഒരു ധീരമായ വിശ്വാസ സ്ഥിരത ആണ്.

- അതുകൊണ്ട്, വിശ്വാസത്തോട് കൂടിയ പ്രാർത്ഥന എന്നത് ഇവിടെ പരിപൂർണ്ണമായ ഒരു സമർപ്പണമാണ്. അതിൽ ദൈവത്താൽ സ്ഥാപിക്കപ്പെട്ട കൂദാശയുടെ അനുഷ്ടാനം ഉണ്ട്, പ്രാർത്ഥനകൾ ഉണ്ട്, മധ്യസ്ഥപ്രാർത്ഥന ഉണ്ട്. രോഗിയുടെയോ ബന്ധുക്കളുടെയോ മറ്റും അനുതാപം, മാനസാന്തിരം തുടങ്ങി എല്ലാം അടങ്ങിയിരിക്കുന്നു. ഇത് ദൈവവുമായുള്ള ഒരു ഉടമ്പടി ബന്ധം ക്രിസ്തുവിൽ കൂടി പുതുക്കൽ ആണ്.

അഭിപ്രായങ്ങള്‍