-----------PART: III------------
*JSC മിഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ 7 ജൂലൈ 2025 വൈകുന്നേരം 8-9 pm ൽ നടത്തിയ exegetical sermon ന്റെ ഒരു outline ഉം ചെറിയ വിവരണവും.*
[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]
ചിന്താവിഷയം : *രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം*
ഗ്രന്ഥ ഭാഗം : യാക്കോബിന്റെ ലേഖനം 5:13-18
മാർക്കോസ് 6: 13
▫️ *"അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്‌ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ. (യാക്കോബ് 5 : 14b)* POC ബൈബിൾ.
- POC യിലും ഒട്ടുമിക്കവാറും ഇംഗ്ലീഷ് ബൈബിളിലും "തൈലാഭിഷേകം" (Anointing) ചെയ്യട്ടെ എന്നാണ്. എന്നാൽ നമ്മുടെ സുറിയാനി ബൈബിളിൽ "തൈലം പൂശുകയും ചെയ്യും" എന്നാണ്. ഇതിൽ കൃത്യമായത് എങ്ങനെ എന്നു പഠിക്കാൻ ശ്രമിക്കാം.
- മൂലഭാഷയിൽ ἀλείψαντες (aleípsantes) എന്നാണ് യാക്കോബു എഴുതിയിരിക്കുന്നത്. ഇത് ἀλείφω (aleipho) എന്ന മൂല ക്രിയാപദത്തിൽ നിന്നും ഉളവായത് ആണ്. ഇതിന്റെ അർത്ഥം "ശരീരത്തിൽ എണ്ണ കൊണ്ട് തടവുകയോ പൂശുകയോ ചെയ്യുക" എന്നാകുന്നു.
- ഇവിടെ അഭിഷേകം ചെയ്യുവാൻ അല്ല മറിച്ചു വിശുദ്ധ തൈലം കൊണ്ടു സഭയുടെ കാശീശന്മാർ രോഗിയുടെ അവയവങ്ങളിൽ ലേപനം ചെയ്യുക എന്നാണ് അർത്ഥം ആക്കുന്നത്.
- ഇവിടെ ഈ കർമ്മം ഒരു സൗഖ്യദായക ലേപന ശുശ്റൂക്ഷയായി വർണ്ണിച്ചിരിക്കുന്നു.
- യഹൂദ പാരമ്പര്യത്തിൽ സുഗന്ധതൈലങ്ങൾ വ്യക്തിശുചിത്വത്തിന്റെ ഒരു ആചാരപരമായ ഘടകവും, ഒരുവനെ തങ്ങളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഒരു ആംഗ്യവുമായിരുന്നു. "എന്നാൽ നീ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേച്ച് മുഖം കഴുകുക" (മത്തായി 6:17) എന്ന് പഠിപ്പിക്കുമ്പോൾ യേശു ഈ മാനദണ്ഡം വെളിപ്പെടുത്തുന്നു. തലയിൽ എണ്ണ പൂശി മുഖം കഴുകിക്കൊണ്ട് ദൈവത്മാവിനോട്കൂടി ചേർന്നു ഉള്ള വാസം (ഉപവിയോടു ചേർന്നു വസിക്കുക ) ആണ് ഉപവാസം. തലയിൽ തൈലം പൂശി മുഖം കഴുകി ക്ഷീണം പ്രകടിപ്പിക്കാതെ ഉന്മേഷം കാണിക്കുന്നത് ആത്മാവിനെ സ്വാഗതം ചെയ്യുന്ന ആംഗ്യം ആയിട്ടു യേശു പഠിപ്പിച്ചു.
- ലൂക്കോസ് 7:46-ൽ, തന്റെ തലയിൽ എണ്ണ നൽകാൻ പരാജയപ്പെട്ട ഒരു പരീശന്റെ അവഗണനയെയും, തന്റെ പാദങ്ങളിൽ പൂശിയ അനുതാപമുള്ള സ്ത്രീയുടെ ആഡംബരപൂർണ്ണമായ ഭക്തിയെയും അവൻ താരതമ്യം ചെയ്യുന്നു. അതിഥിയോടുള്ള ബഹുമാനം കാണിക്കുന്ന ലളിതവും സ്പഷ്ടവുമായ ഒരു നവോന്മേഷ പ്രവൃത്തിയെയാണ് ഇവിടെ വിവരിക്കുന്നത്. കർത്താവ്, ഇസ്രായേലിലെ സാമുദായിക മര്യാദയുടെ സാധാരണ അടയാളങ്ങൾ സ്വീകരിച്ച് അവയുടെ ആഴമേറിയ അർത്ഥം ഇങ്ങനെ വെളിപ്പെടുത്തുന്നു.
- മേല്പറഞ്ഞ ഭാഗങ്ങളിൽ എല്ലാം വിവിധ തർജ്ജിമകളിൽ തൈലം "അഭിഷേകം" ചെയ്യുക എന്ന് ആണ് കാണുന്നത് എങ്കിലും യഥാർത്ഥത്തിൽ "എണ്ണകൊണ്ട് പൂശുക അല്ലെങ്കിൽ തടവുക" എന്നർത്ഥം വരുന്ന ἀλείφω (aleipho) എന്ന മൂല ക്രിയാപദത്തിൽ നിന്നും ഉളവായ വാക്കുകൾ ആണ് കൊടുത്തിരിക്കുന്നത്.
- അതുകൊണ്ട് വിശുദ്ധ തൈലലേപനം ഒരു എപ്പിക്ലെസിസ് അഥവാ റൂഹാക്ഷണ പ്രാർത്ഥനയുടെ കർമ്മം (ക്രോയ്ത്തദ് റൂഹോ) കൂടി ആണ്. ഈ കൂദാശയിലെ റൂഹാക്ഷണം (എപ്പിക്ലെസിസ്) തൈലലേപനം ആകുന്നു.
- ഏഴു കൂദാശകൾക്കും ഒരു റൂഹാക്ഷണം (എപ്പിക്ലെസിസ് / ക്രോയ്ത്തദ് റൂഹോ) ഉണ്ട്. തൈലലേപനത്തിലെ റൂഹാക്ഷണം രണ്ട് ഘട്ടങ്ങളിൽ ആണ്. ഒന്ന് മേൽപ്പട്ടക്കാരൻ (കാതോലിക്ക or പാത്രിയർക്കീസ് ) തൈലം വാഴ്ത്തുമ്പോൾ, രണ്ട് കശീശ്ശന്മാർ ഇത് രോഗിയിൽ പുരട്ടുമ്പോൾ.
- മലങ്കര സഭയിൽ ഈ തൈലം പണ്ട് കാലങ്ങളിൽ ദൗർലഭ്യം വരുമ്പോൾ പട്ടക്കാരുടെ കന്തീല ശുശ്റൂക്ഷയിൽ ശേഷിക്കുന്നതിൽ നിന്നും എടുത്തു ഉപയോഗിച്ച് വന്നിരുന്നു. ഇപ്പോഴും ഇങ്ങനെ ആവർത്തിക്കുന്നു.
- എന്നാൽ, യഥാർത്ഥത്തിൽ രോഗികൾക്കുള്ള വിശുദ്ധ തൈലം വാഴ്ത്തൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവയോ, ശ്രേഷ്ഠ കാതോലിക്ക ബാവയോ വേണം നടത്താൻ.
- അല്ലെങ്കിൽ ഒരു മെത്രാൻ പരിശുദ്ധ ബാവയുടെ കല്പ്പന പ്രകാരം ചെയ്യാവുന്നതാണ്.
- മലങ്കരയിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് പെരുമ്പള്ളി തിരുമേനി പ്രത്യേക അനുവാദം വാങ്ങി വിശുദ്ധ തൈലം വാഴ്ത്തിയിട്ടുണ്ട്.
- ഇന്ന് നമുക്ക് ഒരു കാതോലിക്ക ഉള്ളതിനാൽ പ്രാദേശിക ആവിശ്യത്തിനി ഇപ്രകാരം വിശുദ്ധ തൈലം വാഴ്ത്താൻ സാധിക്കും.
- എന്നാൽ കൻതീല എണ്ണ ഉപയോഗിച്ച് വരുന്നതിനാൽ ഇതുവരെ ഒരു കാതോലിക്ക ബാവമാരും അത് കൂദാശ്ശ ചെയ്തിട്ടില്ല എന്നു ഞാൻ കരുതുന്നു.
- ഇപ്പോൾ ഇത് മലങ്കരയിൽ കൂദാശ്ശ ചെയ്യപ്പെടുന്നത് ഏറ്റവും ഉചിതമായ ഒരു സംഗതി ആയിരിക്കും എന്നു ഞാൻ കരുതുന്നു. കാരണം, തൈലത്തിന്റെ കാര്യത്തിൽ നമുക്ക് ഒരു കൃത്യമായ ദർശനം ഇതിൽ നിന്നും ലഭിക്കും.
▫️ *ആരാണ് ഈ കൂദാശ്ശ സ്ഥാപിച്ചത്?*
- ഈ exegetical sermon ൽ ഗ്രന്ഥഭാഗം തിരഞ്ഞെടുത്തപ്പോൾ യാക്കോബിന്റെ 5:13-18 വരെയുള്ള ഭാഗത്തോടൊപ്പം മാർക്കൊസ് 6:13 കൂടി ചേർത്തിരുന്നു.
- മാർക്കൊസ് 6:13 ന്റെ പച്ഛാത്തലം എന്നത് താൻ തന്റെ പന്ത്രണ്ട് ശ്ലീഹാന്മാരെ രണ്ട് പേര് വീതം ഉള്ള ഒരു ടീം ആയിട്ട് ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും അയച്ചു എന്നുള്ളത് ആണ്. അവർ അവൻ നിർദേശിച്ച പ്രകാരം ചെയ്തു എന്നത് വാക്യം 13 ൽ കാണാൻ സാധിക്കുന്നു ; " അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി.(മര്‍ക്കോസ് 6 : 13).
- ഇവിടെ യേശു കർത്താവ് ആണ് തന്റെ ശിക്ഷ്യന്മാരെ ഇപ്രകാരം തൈലം കൊടുത്തു വിട്ടത് എന്നു നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. താൻ നിരന്തരം പ്രാർത്ഥിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ഒരു സ്ഥലം ആണ് ഗത്സെമന ഒലിവ് തോട്ടം, ഇവിടെ തന്റെ പ്രാർത്ഥനകൾ നടത്തിയിരുന്നതിന് അടുത്ത് ഒലിവ് ചക്കുകൾ ഉണ്ടായിരുന്നു. തന്റെ മുട്ടിന്മേൽ കവിണ് വീണുള്ള പ്രാർത്ഥനകൾ മൂലം ആ തോട്ടത്തിലെ ഒലിവ് കായ്കളിൽ നിന്നും സമീപത്തുള്ള ഒലിവ് ചക്കിൽ ഉൾപ്പാദിപ്പിച്ച ഒലിവ് തൈലം വിശുദ്ധീകരിക്കപ്പെട്ടു. യേശുവിന്റെ പ്രാർത്ഥനകളുടെ ശക്തി നിറഞ്ഞ ആ തൈലം കർത്താവിൽ നിന്നും വാങ്ങി ആണ് രണ്ട് പേര് വീതം സുവിശേഷ വേലയ്ക്കു പുറപ്പെട്ടത്. ഈ തൈലം പൂശിയത് വഴി വിശ്വാസികൾ ക്രിസ്തുവിലേക്കു സ്വാഗതം ചെയ്യപ്പെട്ടു, അവരെ ബാധിച്ച രോഗത്മാക്കൾ ബഹിഷ്കരിക്കപ്പെട്ടു, അവരുടെ പാപങ്ങൾ മോചിക്കപ്പെട്ടു, അവരുടെ രോഗങ്ങൾ സൗഖ്യപ്പെട്ടു.
- തന്മൂലമായി, പരിശുദ്ധ ശ്ലീഹന്മാർ കർത്താവിൽ നിന്നും പ്രാപിച്ച പ്രകാരം ഒലിവ് തൈലം വാഴ്ത്തുകയും അത് പൂശി മേല്പറഞ്ഞ പ്രകാരം പ്രവർത്തിക്കുവാൻ കശീശ്ശന്മാർക്ക് അധികാരം നൽകുകയും ചെയ്തു.
- അഭിഷേകം എന്നതിന് ഉപയോഗിക്കുന്ന മൂലപദം "χρίσμα" (chrisma) എന്നത് ആണ്. ഇതിൽ നിന്നും ആണ് ക്രിസോം എന്ന പേര് മൂറോൻ തൈലത്തിനു കിട്ടുന്നത്. അതുപോലെ ക്രൈസ്റ്റ് അഥവാ ക്രിസ്തു എന്ന പേരും ഉണ്ടാകുന്നത് ഈ മൂല പദത്തിൽ നിന്നാണ്.
- അഭിഷേകവും, ലേപനവും രണ്ടും രണ്ടാണ്. അഭിഷേക തൈലം വിശുദ്ധ മൂറോൻ ആണ്. ലേപന തൈലം ഒലിവ് എണ്ണ വാഴ്ത്തിയത് ആണ്.
- കൗദാശിക ലേപനമെന്നത് രോഗികൾക്കുള്ള വിശുദ്ധ തൈലം മാത്രം ആണ്.
- കൗദാശിക അഭിഷേക തൈലം വിശുദ്ധ മൂറോൻ മാത്രം ആണ്.
- വീണ്ടും രണ്ട് കാര്യങ്ങൾക്കു വേണ്ടി ഒലിവ് തൈലം ഉപയോഗിക്കുന്നു. ഒന്നാമത്, വിശുദ്ധ മാമോദിസ വഴി സഭയിലേക്ക് പ്രവേശനം നേടാൻ ഒലിവ് തൈലം ഉപയോഗിച്ച് സ്നാനാർത്ഥിയെ മാമോദിസയ്ക്കു മുൻപ് മുദ്ര കുത്തുന്നു. കൂടാതെ, പിശാചിനെ ബഹിഷ്കരിക്കുന്നതിനുള്ളതും കൂടി ആണ് ഈ തൈലം.
- രണ്ടാമത്, ഒരു വിശ്വാസി മരിക്കുമ്പോൾ അവന്റെ ആത്മാവ് ഓയാറിൽ പതിയിരിക്കുന്ന സാത്താന്റെ സൈന്യങ്ങളിൽ നിന്നും രക്ഷ പ്രാപിക്കുവാനും പറുദീസ്സിൽ എത്തുവാനും വേണ്ടി പൈശാചിക ബഹിഷ്കരണ ത്തിനു (exorcism) വേണ്ടി ഒലിവ് തൈലം മൃതദേഹത്തിൽ ഒഴിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ