------------PART: II------------
*JSC മിഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ 7 ജൂലൈ 2025 വൈകുന്നേരം 8-9 pm ൽ നടത്തിയ exegetical sermon ന്റെ ഒരു outline ഉം ചെറിയ വിവരണവും.*
[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]
ചിന്താവിഷയം : *രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം*
ഗ്രന്ഥ ഭാഗം : യാക്കോബിന്റെ ലേഖനം 5:13-18
മാർക്കോസ് 6: 13
▫️യാക്കോബ് 5:13
▫️വിശുദ്ധ യാക്കോബ് "ക്രിസ്തീയ ആരാധന ക്രമങ്ങളുടെ അപ്പോസ്തോലൻ" എന്നറിയപ്പെടുന്നു.
- ഇവിടെ v.13 ൽ ഞെരുക്കമനുഭവിക്കുന്നവർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ പറയുന്നു. നമ്മുടെ സഹനങ്ങളിൽ നാം പ്രാർത്ഥനയൊട് കൂടി മുന്നോട്ട് പോകണം.
- വീണ്ടും, "സന്തോഷിക്കുന്നുവെങ്കിൽ അവൻ (സം) കീർത്തനം പാടട്ടെ" എന്നു സുറിയാനി തർജ്ജിമ വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നു.
- (സം) എന്നത് എഡിറ്റർ കൂട്ടി ചേർത്തത് ആണ്. മൂലഭാഷയിൽ "ψαλλέτω" (psalletō) എന്ന വാക്ക് ആണ് കൊടുത്തിരിക്കുന്നത്. ഇത് "അവൻ സ്തുതി ഗീതങ്ങൾ പാടട്ടെ" എന്നാണ് കൃത്യമായ അർത്ഥം.
- എന്നാൽ ഈ വാക്കിന്റെ ഉത്ഭവം ψάλλω (psallo) എന്ന വാക്കിൽ നിന്നാണ്. ഇതേ വാക്ക് തന്നെയാണ് ഇംഗ്ലീഷിൽ സംകീർത്തനങ്ങൾക്ക് Psalms എന്നു വിളിപ്പേര് വരാൻ കാരണവും. ഈ ബന്ധം മൂലം ആകണം എഡിറ്റർ വിശുദ്ധ ഗ്രന്ഥത്തിൽ (സം) കീർത്തനങ്ങൾ പാടട്ടെ എന്നു എഴുതിയത്.
- യഥാർത്ഥത്തിൽ യാക്കോബ് പറയുന്നത് സന്തോഷം ഉണ്ടാകുമ്പോൾ ദൈവത്തിനു സ്തുതി ഗീതങ്ങൾ പാടി നന്ദി അറിയിക്കാൻ ആണ്. ദൈവത്തോട് നന്ദിയുള്ളവർ ഭവനങ്ങളിൽ പ്രാർത്ഥന സമയത്ത് കുറഞ്ഞത് ഒന്നോ രണ്ടോ സ്തുതി ഗീതങ്ങൾ പാടാൻ കടപ്പെട്ടവർ ആണ്.
▫️വാക്യം 14-15
- "ഒരുവൻ രോഗിയെങ്കിൽ, അവൻ സഭയുടെ കശീശ്ശന്മാരെ വിളിക്കണം" (v. 14a)
- കശീശ്ശന്മാരെ വിളിക്കണം എന്നാണ് പരിശുദ്ധ റൂഹ വിശുദ്ധ യാക്കോബു മുഖാന്തിരം വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഈ കൂദാശ്ശ പരികാർമ്മിക്കുമ്പോൾ കുറഞ്ഞത് 2 വൈദികർ ഉണ്ടായിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരാളെ ഉള്ളു എങ്കിലും കൂദാശ്ശ valid ആണ് എന്നിരുന്നാലും രണ്ട് കശീശ്ശന്മാരുടെ സാമീപ്യം ദൈവത്മാവ് ആഗ്രഹിക്കുന്നു.
- πρεσβυτέρους (പ്രെസ്ബുറ്റെറൂസ് ) എന്നാണ് ഇവിടെ. മൂപ്പന്മാർ എന്നാണ് അർത്ഥം. സഭയുടെ മൂപ്പന്മാർ അഥവാ സഭയുടെ കശീശ്ശന്മാർ. ക്രിസ്തീയ പൗരോഹിത്യത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും പദവി ആണ് 'കശീശ്ശ' എന്നത്. ആദ്യത്തെത് ശുശ്റൂക്ഷകൻ (ശംശോനോ) അഥവാ ശേമ്മാശൻ ആണ്.
- ഇവ രണ്ടും 'കൈവയ്പ്പ്' വഴി നൽകുന്ന പൗരോഹിത്യ നൽവരങ്ങൾ ആണ്. ഈ രണ്ടെണ്ണം മാത്രം ആണ് "കൈവയ്പ്പ്" വഴി നൽകുന്ന പൗരോഹിത്യ നൽവരങ്ങൾ. എന്നാൽ എപ്പിസ്കോപ്പ (മേൽപ്പട്ട) സ്ഥാനത്തേക്കു വേർതിരിച്ചു ശുദ്ധീകരിക്കപ്പെടുന്ന കാശീശന്മാർക്കു മാത്രം ആണ് അവരുടെ സ്ഥാനം അനുസരിച്ചു ഒരു കശീശയുടെ എല്ലാ വിധ പൗരോഹിത്യ നൽവരങ്ങളും ഉപയോഗിക്കാൻ അനുവാദം ഉള്ളു.
- അതായത് ഒരു പള്ളിയിലെ പട്ടക്കാരൻ ആയ കാശീശയ്ക്കും, പരിശുദ്ധ സഭയുടെ പാത്രിയർക്കീസ് ആയ കാശീശയ്ക്കും (1 പത്രോസ് 5:1) ഒരേ പൗരോഹിത്യ നൽവരം ആണ് ഉള്ളത് എങ്കിലും, സാധാരണ പട്ടക്കാരൻ ആയ കാശീശയ്ക്കു വിശുദ്ധ മാമോദിസ, മാമോദിസ സ്വീകരിച്ച വിശ്വാസികളുടെ മേൽ വിശുദ്ധ മൂറോൻ അഭിഷേക ശുശ്റൂക്ഷ(മൂറോൻ കൂദാശ്ശയ്ക്കു അനുവാദം ഇല്ല മറിച്ചു കൂദാശ ചെയ്യപ്പെട്ട വിശുദ്ധ മൂറോൻ വിശ്വാസികളിൽ അഭിഷേകം ചെയ്യാൻ മാത്രം ), വിശുദ്ധ കുമ്പസാരം (പാപം അഴിക്കുവാൻ മാത്രം എന്നാൽ കെട്ടുവാൻ അധികാരം മേൽപ്പട്ടക്കാരനു മാത്രം ), വിശുദ്ധ കുർബാന, വിശുദ്ധ വിവാഹം, രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം എന്നിങ്ങനെ മാത്രം അധികാരം ഉള്ളു. കൈവയ്പ്പ് വഴി പട്ടം കൊടുക്കാൻ എപ്പിസ്ക്കോപ്പൽ സ്ഥാനം ഉള്ള മേൽപട്ടക്കാരന് മാത്രം അധികാരം ഉള്ളു.
- ഇവിടെ രോഗികൾക്കുള്ള വിശുദ്ധ തൈലലേപന ശുശ്റൂക്ഷയിൽ മാത്രം ആണ് സാധാരണ കാശീശയ്ക്ക് ഒരു "കൈവയ്പ്പ്" അധികാരം നൽകിയിരിക്കുന്നത്. അതായത് രണ്ടിൽ കുറയാത്ത കശീശ്ശന്മാർ രോഗിയുടെ തലയിൽ കൈവച്ച് പ്രാർത്ഥിക്കുന്നു. ഇത് രോഗത്മാക്കളെ ബഹിഷ്കരിക്കുന്നതിനും, പാപമോചനത്തിനും, രോഗ സൗഖ്യം നൽകുന്നതിനും ഉള്ള കാശീശന്മാരുടെ "കൈവയ്പ്പ്" ആണ്. എന്നാൽ വിശുദ്ധ കുമ്പസ്സാര ശേഷം തലയിൽ കൈവയ്ക്കുന്നത് ഒരു "കൈവയ്പ്പ്" ശുശ്റൂക്ഷ അല്ല. തലയിൽ കൈവയ്ക്കണം എന്നത് നിർബന്ധം ഉള്ളതുമല്ല, വിശുദ്ധ കുമ്പസാരത്തിന്റെ മോചനം പട്ടക്കാരന്റെ നാവിൽ ആണ്. അയാൾ വിശുദ്ധ ത്രിത്വനാമത്തിൽ 'നിന്റെ പാപം മോചിചിരിക്കുന്നു" എന്നു പ്രവചിക്കുന്ന നിമിഷം സ്വർഗം ആ പാപം മോചിക്കുന്നു.
- അതുകൊണ്ട് കുറഞ്ഞത് രണ്ട് കാശീശൻമാർ യോജിപ്പോടു കൂടി വേണം രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം ശുശ്റൂക്ഷിക്കേണ്ടത്. എന്നാൽ ഒരാൾ മാത്രം ചെയ്തത് കൊണ്ടു അതിനു കുറവ് വരുന്നതും ഇല്ല.
- " അവൻ സഭയുടെ കാശീശ്ശന്മാരെ വിളിക്കണം" ഇപ്രകാരം ആണ് സുറിയാനിയിൽ നിന്നുള്ള തർജ്ജ്ജിമയിൽ കാണുന്നത്. എന്നാൽ മൂല ഭാഷയിൽ προσκαλεσάσθω (proskalesástho) എന്നാണ്, ഇതിന്റെ അർത്ഥം "അവൻ അരികിലേക്ക് വിളിക്കട്ടെ" എന്നാകുന്നു.
- വിശുദ്ധ യാക്കോബിലൂടെ പരിശുദ്ധ റൂഹ രോഗിയോടും ബന്ധുക്കളോടും കൽപ്പിക്കുന്നത് ഇപ്രകാരം ആണ് " അവൻ (ർ) സഭയുടെ കാശീശ്ശന്മാരെ തങ്ങളുടെ വാസസ്ഥലത്തേക്കു വിളിക്കട്ടെ."
- ഇതൊരു സ്വകാര്യ ആരാധന ക്രമം ആണ്. പള്ളിയിൽ വച്ചു നടത്തേണ്ടത് അല്ല. ഇപ്പോൾ ചില ധ്യാനകേന്ദ്രങ്ങളിൽ ഈ കൂദാശ്ശ നടത്തി വരുന്നത് ആയി കാണുന്നു. അതിന്റെ പ്രചരണങ്ങളും കാണുന്നുണ്ട്. പരിശുദ്ധ റൂഹായുടെ ഹിതം ഇങ്ങനെ അല്ല വചനത്തിൽ കാണുന്നത്.
- പുരോഹിതർക്ക് തൈലലേപന രഹസ്യം നിർവഹിക്കുമ്പോൾ പള്ളിയിൽ വച്ചു നടത്തുന്നത് പള്ളി പുരോഹിതന്റെ വാസസ്ഥലം ആയതു കൊണ്ടാണ്. അൽമായന്റെ വാസസ്ഥലം അവന്റെ വീട് ആണ്. അവന്റെ അരികിലേക്ക് കാശീശ്ശന്മാരെ വിളിക്കുവാൻ എഴുതിയിരിക്കുന്നത് വീട്ടിലേക്കു വിളിക്കാൻ മാത്രം ആണ്. അവിടെ വച്ചു അത് രഹസ്യമായി നിർവഹിക്കേണ്ടത് ആണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ