രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം Part-1





JSC മിഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ 7 ജൂലൈ 2025 വൈകുന്നേരം 8-9 pm ൽ നടത്തിയ exegetical sermon ന്റെ ഒരു outline ഉം ചെറിയ വിവരണവും.*


[ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ ]


ചിന്താവിഷയം : രോഗികൾക്കുള്ള വിശുദ്ധ തൈലലേപന രഹസ്യം


ഗ്രന്ഥ ഭാഗം : യാക്കോബിന്റെ ലേഖനം 5:13-18

മാർക്കോസ് 6: 13


▫️ *വിശുദ്ധ യാക്കോബ് ആർക്ക് എഴുതി?* 

- യാക്കോബ് 1:1 ; "വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക്‌ എഴുതുന്നത്‌"

- ചിതറി പാർക്കുന്നത് എന്നത് പുരാതന റോമാ സാമ്രാജ്യത്തിൽ ഉള്ള പ്രവാസി യൂദൻമാരെ ആണ് ഉദ്ദേശിച്ചത്.

- പ്രവാസി യൂദൻമാർ ഗ്രീക്ക് ഭാഷയിൽ സംസാരിക്കുന്നവർ ആണ്. 

- യാക്കോബ് തന്നെയോ ഒരു പക്ഷെ തനിക്കു എഴുതാൻ ഉള്ളത് മറ്റൊരു വ്യക്തിയെ കൊണ്ടു ഗ്രീക്കിൽ എഴുതിയ്ക്കുകയോ ചെയ്തിരിക്കും. കാരണം, യാക്കോബിന്റെ മാതൃഭാഷ അരമായ (സുറിയാനി) ഭാഷ ആണ്.

- ഇത് പ്രവാസി യൂദൻമാർക്ക് എഴുതി എങ്കിലും ഇപ്പോൾ ഇത് ഒരു പൊതുവിനുള്ള ലേഖനം ആണ്. അതുകൊണ്ട് എല്ലാ ക്രൈസ്തവരും ഇത് പഠിക്കണം, പാലിക്കണം.

- പ്രൊട്ടസ്റ്റന്റ് നവീകരണ കാലത്തു ലൂഥർ ഈ പുസ്തകം എതിർത്തു. കാരണം "വിശ്വാസം മാത്രം" മതി എന്നുള്ള ലൂഥറിന്റെ പഠിപ്പിക്കൽ വിശുദ്ധ യാക്കൊബിന്റെ ലേഖനം ചോദ്യം ചെയ്യുന്നുണ്ട്.

- ആംഗ്ലിക്കൻ ചർച്ചിന്റെ ഔദ്യോഗിക ബൈബിൾ വേർഷൻ ആയ King James Version ൽ യാക്കോബ് എന്നുള്ളത് ഇംഗ്ലീഷിൽ James എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മൂലം ആണ് സെന്റ് ജയിംസ് എന്നുള്ളത് പേരിൽ ഈ ശ്ളീഹാ അറിയപ്പെടുന്നത്.

▫️ *ആരാണ് യാക്കോബ് ശ്ളീഹാ?*

- ലേഖനം എഴുതിയ യാക്കോബു ശ്ളീഹാ, " ദൈവത്തിന്റെയും കർത്താവായ യേശു ക്രിസ്തുവിന്റെയും ദാസൻ " എന്നാണ് സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത് (1:1).

- യൂദാ ശ്ളീഹാ (തദ്ദായി) എഴുതിയ ലേഖനത്തിൽ ഈ യൂദയുടെ സഹോദരൻ ആണ് യാക്കോബ് എന്നു മനസ്സിലാക്കാൻ കഴിയും. "യേശുക്രിസ്‌തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്‌, (യുദാസ്‌ 1 : 1)."

- മത്തായി 13: 55-56 ൽ നിന്നും ഈ യാക്കോബ് നമ്മുടെ കർത്താവിന്റെ സഹോദരൻ ആണ് എന്നും യൂദായെ കൂടാതെ ശേമവൂൻ, ജോസേ (യൗസേഫ്) എന്നിങ്ങനെ രണ്ട് സഹോദരൻമാർ കൂടി യാക്കൊബിനു ഉണ്ടെന്നും കൂടാതെ സഹോദരരിമാർ ഉണ്ടെന്നും മനസ്സിലാക്കാൻ സാധിക്കും. ഇവന്‍ [യേശു] ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?"

- ഇവരെല്ലാം യേശുവിന്റെ സഹോദരൻമാർ എന്നും സഹോദരിമാർ എന്നും വിളിക്കപ്പെട്ടത് കൊണ്ട് ചില പ്രോട്ടസ്റ്റന്റ്കാർ ഇത് യൗസെഫിനു കന്യക മറിയാമിൽ ഉണ്ടായ മക്കൾ എന്നു അറിവില്ലായ്മ മൂലം അവകാശപ്പെടുന്നുണ്ട്.

- എന്നാൽ കത്തോലിക്ക സഭയിൽ യൗസെഫിനു മുൻപ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്നും, ആ ഭാര്യയിൽ ഉണ്ടായ മക്കൾ ആണ് യാക്കോബും സഹോദരങ്ങളും എന്നും ഉള്ള വളരെ തെറ്റായ ഒരു പാരമ്പര്യം നില നിന്നു വരുന്നുണ്ട്. 

- ഈ റോമാ പാരമ്പര്യം നമ്മുടെ സുറിയാനി സഭയിൽ സ്വാധീനം ചെലുത്തുകയും നമ്മളും യൗസെഫിന്റെ ആദ്യ ഭാര്യയുടെ മക്കൾ എന്ന സങ്കൽപ്പത്തിൽ വീണു പോകുകയും ചെയ്തിട്ടുണ്ട്. ഇത് തെറ്റാണ്. 

- ഈ തെറ്റ് മൂലം കർത്താവിന്റെ സഹോദരനായ യാക്കൊബ് ശ്ലീഹായും, 12 ശ്ലീഹാൻമാരിൽ "ഒരുവനായ ചെറിയ യാക്കോബു ശ്ളീഹായും" രണ്ട് ആണ് ഒന്നല്ല എന്നുള്ള ഒരു തെറ്റായ പഠിപ്പിക്കലിലേക്ക് സഭ വീണു പോയിട്ടുണ്ട്.

- ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിന്റെ ഭർത്താവ് ആയി നിച്ഛയിക്കപ്പെട്ടിരുന്ന നീതിമാനായ യൗസേഫിനെ ആദ്യമായി 'വിഭാര്യൻ' ആയി ചിത്രീകരിച്ചതു "യെരുശലെമിലെ യാക്കോബിന്റെ പ്രോട്ടോ ഏവൻഗേലിയോൻ" എന്ന് പേരുള്ള ഒരു വ്യാജ അപ്പൊക്രീഫാ ഗ്രന്ഥത്തിൽ ആകുന്നു. ഇത് മൂന്നാം നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട കൃതിയും ഇതിന്റെ ഗ്രന്ഥകാരൻ യെരുശലേമിലെ മോർ യാക്കോബ് ശ്ശ്ളീഹാ അല്ലാ എന്നും ആണ് പണ്ഡിതർ അഭിപ്രായപെട്ടിരിക്കുന്നത് 

- നാലാം നൂറ്റാണ്ടിലെ മറ്റൊരു വ്യാജ കൃതിയായ 'മരപ്പണിക്കാരനായ യൗസേഫിന്റെ ചരിത്രം' എന്ന ഗ്രന്ഥത്തിൽ നീതിമാനായ യൗസേഫിനെ 'വിഭാര്യൻ' ആയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിൽ ഉണ്ടായ മക്കൾ ആയി ചെറിയ യാക്കോബിനെയും, ജോസിയെയും, ശേമവൂനെയും, യഹൂദായേയും കൂടാതെ പെണ്മക്കൾ ആയി ആസിയ, ലിദിയ എന്നിവരെയും ചിത്രീകരിക്കുന്നു. ഗ്രന്ഥകർത്താവ് ആരെന്നു അറിയില്ല. പുസ്തകത്തിൽ അപോസ്തോലന്മാർ യേശുവിൽ നിന്നും കേട്ട് പഠിച്ച ചരിത്രം ആണെന്ന് അവകാശപ്പെടുന്നു.

- ഇപ്രകാരം മൂന്നാം നൂറ്റാണ്ടിനു ശേഷം ഉള്ള വ്യാജ കൃതികളിൽ നിന്നുമുള്ള ഒരു സാങ്കല്പിക രൂപം യൗസേഫ് പിതാവിനെ പറ്റി പലരിലും ഉണ്ടാവുകയും ക്രിസ്ത്യൻ ഇക്കണോഗ്രാഫിയുടെ വളർച്ചയുടെ നാളുകളിൽ നീതിമാനായ യൗസേഫിന്റെ ഐക്കൺ അദ്ദേഹത്തെ ഒരു വൃദ്ധനായ വിഭാര്യനായിരുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ചു. ഫലത്തിൽ വ്യാജ ചരിത്ര ഗ്രന്ഥങ്ങളിലെ പഠിപ്പിക്കലുകൾ വലിയ സ്വാധീനം സഭയിൽ ഉണ്ടാക്കുകയും ക്രിസ്തുവിന്റെ സഹോദരൻ യാക്കോബ് ശ്ളീഹായെ പറ്റി വേദപുസ്തക അടിസ്ഥാനത്തിൽ പഠനം നടക്കാതെ പോകുകയും ചെയ്തു വരുന്നുണ്ട്.

- അങ്ങനെ യൗസെഫിന്റെ മകനായ ക്രിസ്തുവിന്റെ സഹോദരൻ യാക്കോബ് ശ്ലീഹാ എന്നൊരു "തെറ്റ്" പ്രചരിപ്പിച്ചു. തന്മൂലം ഹൽഫായിയുടെയും അവന്റെ ഭാര്യ മറിയമിന്റെയും (ഈ മറിയം പിന്നീട് ക്ലെയോപ്പയുടെ ഭാര്യയായി, ബൈബിളിൽ ക്ലെയോപ്പ മറിയം എന്നു വിളിക്കപ്പെടുന്നു) മകനായ 'ചെറിയ യാക്കോബിനെയും' അവന്റെ സഹോദരങ്ങൾ ആയ ശേമവൂൻ, തദ്ദായി എന്നു പേരുള്ള യൂദാ ശ്ളീഹാ, ജോസ്സേ എന്നു പേരുള്ള യൗസേഫ് എന്നിവരെയും മറ്റു സഹോദരിമാരെയും പലപ്പോഴും യൗസെഫിന്റെയും കന്യകയുടെയും മക്കൾ ആയിട്ട് പലരും ചിത്രീകരിച്ചു.

- റഫറൻസ് :

അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും *യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും* സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.

(മത്തായി 27 : 56)


ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും *യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും* സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

(മര്‍ക്കോസ്‌ 15 : 40)


അവനെ സംസ്‌കരി ച്ചസ്‌ഥലം മഗ്‌ദലേനമറിയവും *യോസേയുടെ അമ്മയായ മറിയവും കണ്ടു.*

മര്‍ക്കോസ്‌ 15 : 47


സാബത്ത്‌ കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും *യാക്കോബിന്റെ അമ്മയായ മറിയവും* സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്‌ധദ്രവ്യങ്ങള്‍ വാങ്ങി.

മര്‍ക്കോസ്‌ 16 : 1


പടയാളികള്‍ ഇപ്രകാരം ചെയ്‌തത്‌. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും *ക്ലോപ്പാസിന്റെ ഭാര്യ മറിയവും* മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.

യോഹന്നാന്‍ 19 : 25

അഭിപ്രായങ്ങള്‍