[ബാർ യുഹാനോൻ റമ്പാൻ]
നിരണം ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട ഒരു വൈദികന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടത് മൂലം ആണ് ഇപ്പോൾ ഈ ലേഖനം എഴുതുന്നത്. വളരെ പരിമിതമായ ഒരു സമയത്തു ആണ് ഇത് എഴുതാൻ ഇടയായത് എന്നതിനാൽ ലേഖനം വളരെ ചുരുക്കി അവസാനിപ്പിക്കാൻ നിർബന്ധിതനാണ്.
സഭാഭരണ വിജ്ഞാനീയം ഇംഗ്ലീഷിൽ Ecclesiastical Polity അഥവാ Church Polity എന്നു വിളിക്കപ്പെടുന്നു. ഇത് പലരും നിസാരമായി കാണുന്നതും എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന പ്രായോഗിക ദൈവശാസ്ത്രത്തിന്റെ (Practical Theology) ഒരു ശാഖയും ആണ്. ഇത് വളരെയധികം സഭാവി ജ്ഞാനീയം (Ecclesiology) എന്ന വിഭാഗത്തോട് ചേർന്നു നിൽക്കുന്നു.
പോളിറ്റി എന്നത് ഒരു സഭയുടെ ഭരണകൂടത്തെ ആണ് സൂചിപ്പിക്കുന്നത്. അതു വിവിധ തലങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. ഒരു സഭയുടെ ഗവണ്മെന്റ് എന്നത് അതിന്റെ ശുശ്രൂഷാ കാര്യലയങ്ങൾ ഉൾപ്പെടെ സഭയിലുള്ള അധികാര ഘടന സംവിധാനത്തെ മുഴുവനായി വിവരിയ്ക്കുന്നു.
ഞാൻ മുൻപ് പറഞ്ഞ വാട്സാപ്പ് സ്റ്റാറ്റസ്സിൽ ഉണ്ടായിരുന്നത് നിരണം ഭദ്രാസനം " Transparensee: A Training Session on Church Accounting & Auditing for Parish Leaders" എന്ന തലക്കെട്ടോടെ നടത്തുന്ന ഒരു Church Polity പരിശീലനത്തിന്റെ പരസ്യം ആണ്. ഇത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു നടപടി ആണ് എന്നതിൽ ഒരു സംശയവും ഇല്ല. വർഷങ്ങൾക്ക് മുൻപ് തിരുവല്ല കാവുംഭാഗം പള്ളിയിൽ ഒരു കൺവൻഷൻ പ്രസംഗത്തിനിടയിൽ അഭിവന്ദ്യ മോർ കൂറിലോസ് തിരുമേനിയുടെ സാമീപ്യത്തിൽ ഇതുപോലെ ഉള്ള പരിശീലനം സഭയ്ക്ക് വളരെ അത്യാവശ്യം ആണെന്നും, ഇടവക തലം മുതൽ ഭാരവാഹികൾ ആകുന്നവരും, പട്ടക്കാരും എല്ലാരും ഇതുപോലെ ഉള്ള ട്രെയിനിങ് ലഭിച്ചവർ ആയിരിക്കണം എന്നും ഞാൻ അഭിപ്രായപെട്ടിരുന്നു. സഭയിൽ ഒരു പക്ഷെ ആദ്യമായി ഇത്തരം ഒരു ട്രെയിനിങ് നടക്കുന്നത് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.
ഇടവക മുതൽ മുകളിലോട്ടുള്ള എല്ലാ തലങ്ങളിലും സുതാര്യത, ഉത്തരവാദിത്തം, ഉത്തരവാദിത്തമുള്ള സാമ്പത്തിക മാനേജ്മെന്റ് എന്നിവ ഉറപ്പാക്കുന്നതിന് ഇടവക നേതാക്കൾക്കായി പള്ളി അക്കൗണ്ടിംഗിലും ഓഡിറ്റിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിശീലന സെഷൻ ഉണ്ടാകേണ്ടത് നിർണായകമാണ്. ഈ സെഷനുകൾ സഭാ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള അറിവും കഴിവുകളും നൽകി ഭാരവാഹികളെ തങ്ങളുടെ ശുശ്റൂക്ഷയ്ക്കു സജ്ജമാക്കുന്നു, സഭയ്ക്കുള്ളിലും പുറത്തും ഇത് സാക്ഷ്യം വളർത്തുന്നു. ഇത്തരം ഒരു ട്രെയിനിങ് പ്രോഗ്രാം ആണ് നിരണം ഭദ്രസനം നടത്തുന്നത്.
എന്നാൽ അക്കൗണ്ട്കൾ കൈകാര്യം ചെയ്യുന്നതും, സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കുന്നതും മാത്രം അല്ല Polity കൊണ്ടു ഉദ്ദേശിക്കുന്നത്. ഇത് ഒരു ചെറിയ ഭാഗം മാത്രം ആണ്. Church Polity എന്നത് സഭയുടെ അധികാര ഘടന, വിവിധ അധികാര ശ്രെണികൾ പ്രവർത്തിക്കേണ്ട വിധം, ഓരോ തലത്തിലും ഉത്തരവാദിത്ത പെട്ട സമിതികളും അതിലെ അംഗങ്ങളും പാലിക്കേണ്ട മര്യാദകൾ, അവരുടെ നിയോഗങ്ങൾ എന്നിവയും, ഒരു സമിതിയിൽ ഒരു വിഷയം അവതരിപ്പിക്കുക, ചർച്ച ചെയ്യുക, അത് രേഖപ്പെടുത്തുക, അത് പ്രവർത്തി പഥത്തിലെത്തിക്കുക തുടങ്ങി അനേകം മേഖലയിൽ Church Polity യുടെ പരിശീലനം ആവിശ്യം ഉണ്ട്.
യാക്കോബായ സഭയിൽ Church Polity പരിശീലനം പ്രഥമമായി നൽകേണ്ടത് സെമിനാരി വിദ്യാർത്ഥികൾക്ക് ആണ്. എല്ലാ വിദ്യാർത്ഥികൾക്കും ഇപ്പോൾ അത് കിട്ടുന്നുണ്ട് എന്നു ഞാൻ കരുതുന്നില്ല. അത് കിട്ടുന്നില്ല എങ്കിൽ സഭയിൽ അച്ചടക്കമുണ്ടാകും എന്നുള്ളത് ഒരു സ്വപ്നം മാത്രം ആയിട്ട് ശേഷിക്കും. ഒരു പൊതുയോഗം, ഇടവക കമ്മിറ്റി മീറ്റിംഗ് തുടങ്ങി വിവിധ കാര്യങ്ങൾ എങ്ങനെ ദൈവശാസ്ത്ര പ്രകാരം നിർവഹിക്കാം എന്നുള്ളത് സെമിനാരി മുതൽ പരിശീലനം നേടേണ്ടത് ആണ്. തുടർന്നും വിവിധ റിഫ്രഷ്മെന്റ് പ്രോഗ്രാം വഴി പ്രതിവർഷം അത് കൂടുതൽ പരിശീലിപ്പിക്കപെടുകയും വേണം.
നിരണം ഭദ്രാസനം മുന്നോട്ടു വച്ചിരിക്കുന്ന ഈ നടപടി മറ്റു ഭദ്രാസനങ്ങൾ കൂടി ഏറ്റെടുക്കുകയും, വിവിധ ഭരണ നിർവഹണ വിഷയങ്ങളിൽ ഭാരവാഹികൾക്കും പരിശീലനം കൊടുക്കുകയും ചെയ്യുന്നെങ്കിൽ തീർച്ചയായും അത് വിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കം ആകും. ഈയിടെ കൊല്ലം ഭദ്രസനത്തിലെ ഒരു പള്ളിയിൽ നടന്ന ചില സംഭവങ്ങൾ പോലുള്ള സംഭവങ്ങൾ നമുക്ക് ഒഴിവാക്കാൻ പുരോഹിതൻ മാത്രം അല്ല കമ്മിറ്റി അംഗങ്ങൾ കൂടി ഭരണജ്ഞാനം നേടേണ്ടത് ഉണ്ട്.
Orthodox സഭകളുടെ Church Polity ഒരു പഠന വിഷയം ആക്കി പരിശുദ്ധ സഭയുടെ സ്വീഡനിലുള്ള Sankt Ignatios കോളേജ് ൽ പഠിപ്പിക്കുന്നുണ്ട്. ഉപരി പഠനം ആഗ്രഹിക്കുന്ന വൈദികർക്കു ഇത് നല്ലൊരു മേഖല ആണ്. അടിസ്ഥാനപരമായ കുറച്ചു അറിവുകൾ ലഭിക്കാൻ ഒരു പുസ്തകം റഫറൻസ് നൽകുവാൻ ഈ സാഹചര്യം ഉപയാഗപ്പെടുത്തട്ടെ. Dr. മോഹൻ ചാക്കോ, Rev. സുന്ദർരാജ് എന്നിവർ ചേർന്നു എഴുതിയ "Elementary Management for Spiritual Leaders" എന്ന പുസ്തകം ഒരു തുടക്കം കുറിയ്ക്കാൻ അനുയോജ്യമായത് ആണ് എന്നു ഞാൻ കരുതുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു പോകാതെ ഇരിക്കുന്നത് ഒരു 'കടം' ആണ് എന്നു എല്ലാർക്കും അറിയാമല്ലോ, അതുപോലെ പള്ളി പൊതുയോഗത്തിൽ സംബന്ധിക്കാതെ മനഃപൂർവം മാറി പോകുന്നത് കുമ്പസാരിക്കേണ്ട വിധത്തിലുള്ള വലിയ ഒരു പാപമാണെന്ന് Ecclesiastical Polity പഠിക്കുമ്പോൾ നമുക്കു മനസ്സിലാകും. ഇത് ഒരു ചെറിയ കാര്യം അല്ല എന്നു ഓർമ്മിപ്പിക്കുന്നതിന് ഈ ലേഖനം എഴുതി. നിരണം ഒരു മാതൃക ആയിട്ട് നമുക്ക് സ്വീകരിയ്ക്കാം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ