ബാർ യുഹാനോൻ റമ്പാൻ
ലഭ്യമായതിൽ ഏറ്റവും പുരാതനമായ നമ്മുടെ കർത്താവിന്റെ ക്രൂശികരണ ചിത്രം അറിയപ്പെടുന്നത് Alexamenos graffito എന്നപേരിൽ ആണ്. ഇത് ഇറ്റലിയിലെ റോമിലെ പാലറ്റൈൻ കുന്നിനടുത്തുള്ള ഒരു മുറിയുടെ ചുമരിൽ പ്ലാസ്റ്ററിൽ വരച്ച ഒരു റോമൻ ഗ്രാഫിറ്റിയുടെ ഭാഗമാണിത്, പിന്നീട് ഇത് നീക്കം ചെയ്യുകയും ഇപ്പോൾ പാലറ്റൈൻ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു. ഒറിജിനൽ ചിത്രത്തിന്റെ ഫോട്ടോയും അതു decode ചെയ്തെടുത്ത രേഖചിത്രവും ഇതിന്റെ ഒപ്പം ചേർക്കുന്നു.
ഒരു ക്രൂശിതന്റെ മുൻപിൽ ഒരു മനുഷ്യൻ നിൽക്കുന്നത് ആണ് ചിത്രം. അതിന്റെ അടിയിൽ ഗ്രീക്കിൽ Ἀλεξάμενος σέβεται θεόν എന്നു എഴുതിയിട്ടുണ്ട്. ഇതിന്റെ അർത്ഥം Alexamenos worships [his] God" അലക്സമേനോസ് ദൈവത്തെ ആരാധിക്കുന്നു എന്നാണ്. അലക്സമേനോസ് എന്നത് ഒരു വ്യക്തിയുടെ പേര് ആകുവാൻ ആണ് സാധ്യത എന്നുള്ളത് ആണ് ഭൂരിപക്ഷം അഭിപ്രായം. അല്ലാത്ത പക്ഷം ഇത് യോദ്ധാവ് എന്നുള്ള അർത്ഥം വരാൻ സാധ്യത ഉണ്ട്. പക്ഷേ ചിത്രത്തിലെ മനുഷ്യൻ ഒരു യോദ്ധാവ് ആണന്നു തോന്നുന്ന രീതിയിൽ അല്ല രചിക്കപ്പെട്ടിരിക്കുന്നത്.
ഇവിടെ എടുത്തു പറയേണ്ട സംഗതി എന്നത്, കുരിശ്ശിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ശിരസ്സ് ഒരു കഴുതയുടെ രൂപത്തിൽ ആണ് വരച്ചിരിക്കുന്നത്. കാരണം, ഇത് ഭക്തിപരമായ രീതിയിൽ വരച്ചത് അല്ല മറിച്ച് കുരിശിൽ മരിച്ച വ്യക്തിയെ ദൈവം ആയിട്ട് ആരാധിക്കുന്നത് വിഡ്ഢിത്വമായി കാണിക്കുവാൻ വേണ്ടി മനഃപൂർവം കർത്താവിനെ ഒരു കഴുതയോട് ഉപമിച്ച് അവഹേളിച്ചു വരച്ചത് ആണ്. അതുപോലെ കുരിശിൽ മരിച്ച കഴുതയെ പോലൊരു വിഡ്ഢിയെ ആരാധിക്കുന്നവരെ പരിഹസിക്കുന്നതിനും കൂടി ആണ് ഈ ചിത്രം.
ചിത്രം (inscrption)എപ്പോൾ വരയ്ക്കപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള തീയതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുമതത്തെ പരിഹസിക്കുന്ന ആദ്യകാല ചിത്രങ്ങളിൽ ഒന്നായതിനാൽ അലക്സാമെനോസ് ഗ്രാഫിറ്റോ പ്രാധാന്യമർഹിക്കുന്നു. ഇത് പലപ്പോഴും ക്രിസ്ത്യാനികൾക്കെതിരായ ഒരു പുറജാതീയ പരിഹാസമായും യേശുക്രിസ്തുവിനെക്കുറിച്ചുള്ള ക്രൈസ്തവ വിശ്വാസങ്ങളെ പരിഹസിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു.
സോക്രട്ടീസിന്റെ വിദ്യാർത്ഥിയായ ടിയോസിലെ അലക്സമെനസ്, ബിസി രണ്ടാം നൂറ്റാണ്ടിലെ എറ്റോലിയയിലെ അലക്സമെനസ് എന്നീ പേരുകളിൽ അലക്സമെനോസ് എന്ന നാമധേയം ചരിത്രത്തിൽ മുൻപ് രേഖപ്പെടുത്തിയിട്ടുണ്ട് പക്ഷേ ഇത് അവരെ പറ്റിയുള്ളത് ആകുവാൻ സാധ്യത ഇല്ല.
ഇത് ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് ആകുവാൻ ആണ് സാധ്യത എന്നു വിലയിരുത്തപ്പെടുന്നത് ചില കാരണങ്ങളാൽ ആണ്. കാരണം, ജൂതന്മാർ കഴുതയുടെ രൂപത്തിൽ ഒരു ദൈവത്തെ ആരാധിച്ചിരുന്നു എന്നു ഒരു തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കി ആപ്പിയോൻ എന്നൊരു യവന-ഈജിപ്ഷ്യൻ എഴുതിയിട്ടുണ്ട്. എന്നാൽ ഈ അവകാശവാദം യഹൂദ ചരിത്രകാരൻ ജോസഫസ് തന്റെ 'എഗൈൻസ്റ്റ് ആപിയോൺ' എന്ന കൃതിയിൽ നിഷേധിച്ച് പ്രതിവാദം ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികളും യഹൂദ മതത്തിൽ നിന്നുള്ളവരായത് കൊണ്ടും ഏകദൈവ വിശ്വാസികൾ ആയതുകൊണ്ടും അവരും യഹൂദരെ പോലെയുള്ള (കഴുതയെ ആരാധിക്കുന്നത്) ഒരു ആരാധന നടത്തിയിരുന്നുവെന്ന് പൊതുവെ വിശ്വസിച്ചിരുന്നതായി തോന്നുന്നു.
ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും എതിരെ പുറജാതീയ തത്ത്വചിന്തകനായ സെൽസസ് ഇതേ അവകാശവാദം (കഴുതയെ ആരാധിക്കുന്നവർ) ഉന്നയിച്ചതായി ഒറിഗൻ തന്റെ 'കോൺട്രാ സെൽസം' എന്ന ഗ്രന്ഥത്തിൽ പരാമർശനം ചെയ്യുന്നുണ്ട്.
രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതിയ തെർത്തുല്യൻ എന്ന സഭാ പിതാവും ജൂതന്മാർക്കൊപ്പം ക്രിസ്ത്യാനികളും അത്തരമൊരു കഴുത ദൈവത്തെ ആരാധിക്കുന്നതായി ആരോപിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തിൽ ക്രിസ്തുവിനെയും, ക്രിസ്ത്യാനികളെയും പരിഹസിച്ചു കൊണ്ടു അവരുടെ വിശ്വാസം അല്ലെങ്കിൽ അവരുടെ തിരുവെഴുത്തുകൾ "വിഡ്ഢിത്തം" ആണെന്ന് കാണിക്കുവാൻ റോമാക്കാർ, ഗ്രീക്കുകാർ തുടങ്ങി അന്നത്തെ പരിഷ്കൃത ലോകം പരിഹാസ രൂപേണ ചെയ്തിട്ടുള്ള നടപടികളിലേക്കു ഈ ചിത്രം വിരൽ ചൂണ്ടുന്നു.
എന്നാൽ ഇക്കാര്യം ദൈവത്തിന്റെ ആത്മാവിൽ നിറഞ്ഞുകൊണ്ട് പൗലോസ് അപ്പോസ്തോലൻ കോരിന്ത്ർക്കുള്ള ഒന്നാം ലേഖനത്തിൽ എഴുതി, "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര. (1 കോറിന്തോസ് 1 : 18). ഈ കുരിശും, അതിൽ ക്രൂശിക്കപ്പെട്ടവനും, അവനെ ആരാധിക്കുന്നവരും, അവർ പിന്തുടരുന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്ന കുരിശിന്റെ വചനവും എല്ലാം നശിച്ചു പോകുന്ന മനുഷ്യർക്ക് വിഡ്ഢിത്വമാണ്. എന്നാൽ വിശ്വാസികൾക്ക് അത് ദൈവശക്തി ആണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ