ബാർ യുഹാനോൻ റാബാൻ
യേശു ക്രിസ്തു ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ച അസ്തമിച്ച ശേഷം ഉള്ള ശനിയാഴ്ച ആയിരുന്നു പെസഹ. ശിക്ഷ്യൻമാർക്ക് ഒപ്പമിരുന്നു കർത്താവ് അർപ്പിച്ചതായ പെസഹ പുതിയനിയമത്തിന്റെ ആണ് മോശയുടെ ന്യായപ്രമാണ പ്രകാരം ഉള്ളത് അല്ല. എന്നാൽ പടിഞ്ഞാറുള്ള സഭകൾ ആദ്യ മൂന്നു സുവിശേഷത്തിലെ തീയതി കൾ തെറ്റിദ്ധരിച്ച് അത് മോശയ്ക പെസഹ ആണ് എന്നു വ്യാഖ്യാനം ചെയ്തു പോന്നു.
See : Mt. 26:17-19; Mk. 14:12-16; Lk. 22:7-13; Jn. 13:1-4; 18:28; 19:14,31,42
ആദ്യ മൂന്നു സുവിശേഷങ്ങളിലെ തീയതി കണക്കാക്കേണ്ടത് ഇപ്രകാരം ആണ് ;
പെസഹ പെരുന്നാളിന്റെ ഒന്നാം ദിവസം (നിസാൻ 13), പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാൾ ആയ പെസഹ തിരുന്നാൾ(നിസാൻ 14), പുളിപ്പില്ലാത്ത അപ്പത്തിന്റെ രണ്ടാം ദിവസം(നിസാൻ 15), പുളിപ്പില്ലത്ത അപ്പത്തിന്റെ മൂന്നാം ദിവസം.....നാലാം ദിവസം..... 7ആം ദിവസം(നിസാൻ 21).
പുറപ്പാട് 12 ലെ വിവരണവുമായി ഇതിന് ചെറിയ പൊരുതിക്കേട് തോന്നിയേക്കാം. എന്നാൽ ബാബേൽ പ്രവാസകാലവും തുടർന്നുള്ള രണ്ടാം ദൈവാലയ യൂദായിസ പാരമ്പര്യങ്ങളും നിസാൻ 13 നെ പെരുന്നാൾ ദിവസങ്ങളുടെ മുൻപുള്ള ഒരുക്ക പെരുന്നാൾ ആയിട്ടു ക്രമീകരിച്ചു. ഇതാണ് ആദ്യ മൂന്നു സുവിശേഷങ്ങളിൽ കാണുന്ന പ്രകാരം, "പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്‍മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?"(മത്തായി 26 : 17); പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്. (മര്‍ക്കോസ് 14 : 12); പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു. (ലൂക്കാ 22 : 7).
ഒരു ഉദാഹരണ സഹിതം വിവരിക്കാം. നമ്മുടെ സഭയിൽ 5 കാനോനിക നോമ്പുകൾ ആണ് ഉള്ളത്. എന്നാൽ സെപ്റ്റംബർ 8 ലെ മാതാവിന്റെ ജനനപെരുന്നാൾ 8 നോമ്പ് ആചരിച്ച് നമ്മൾ കൊണ്ടാടുന്നു. ഇത് കാനോനിക നോമ്പ് അല്ല പക്ഷേ വളരെ പ്രസിദ്ധവും ജനപങ്കാളിത്തവും കൊണ്ട് ഇത് ഔദ്യോഗിക നോമ്പ് എന്നത് പോലെ കൊണ്ടാടുന്നു. ഇതുപോലെ ആണ് രണ്ടാം ദൈവാലയ പാരമ്പര്യത്തിന്റെ സ്വാധീനം മൂലം പെസഹ പെരുന്നാളിന് തൊട്ടു മുൻപുള്ള ഒരുക്കദിനം (അന്ന് ആണ് കുഞ്ഞാടിനെ അറുക്കുന്നത്) ഒന്നാം ദിവസം ആയിട്ട് കണക്കാക്കി തുടങ്ങിയത്. വ്യാഴം അസ്തമിച്ചുള്ള വെള്ളിയുടെ സന്ധ്യ മുതൽ ആയിരുന്നു കർത്താവിന്റെ കഷ്ടാനുഭവ വാരാത്തിലെ പെരുന്നാൾ തുടങ്ങുന്നത്. കുഞ്ഞാടിനെ അറുക്കേണ്ട ഒരുക്കപെരുന്നാൾ ഒന്നാം ദിവസം ആയ വെള്ളിയാഴ്ച ആണ് കർത്താവ് കുരിശിൽ മരിച്ചത്. അന്നത്തെ പാരമ്പര്യം അനുസരിച്ചു തലേന്നാൾ രാത്രിയിൽ ഒരു സമൃദ്ദമായ അത്താഴ വിരുന്നു ഉണ്ട്, ഈ വിരുന്നു (ഫേത്തർത്താ) ആണ് മാളികയിൽ ശിക്ഷ്യന്മാർ ഒരുക്കിയത്. അതിൽ പുളിപ്പുള്ള അപ്പവും, പുളിപ്പിച്ചുണ്ടാക്കിയ വീഞ്ഞും എല്ലാം വിഭവങ്ങൾ ആയിരുന്നു.
അന്ന് നിസാൻ 13 ന്റെ രാത്രി അതായത് വ്യാഴം രാത്രി ഈ വിരുന്നിനു ശേഷം ആണ് കർത്താവ് പുതിയ നിയമ പെസഹ സ്ഥാപിച്ചത്. വീണ്ടും, മോശയ്ക പ്രമാണം അനുസരിച്ചുള്ള പെസഹ വെള്ളിയാഴ്ച അസ്തമിച്ചുള്ള ശനിയാഴ്ച സന്ധ്യയിൽ കൊണ്ടാടാൻ കർത്താവ് ഇല്ലായിരുന്നു, ഖബറിൽ അവൻ വിശ്രമം പ്രാപിച്ചു. പെസഹയ്ക്കു കുഞ്ഞാടിനെ അറുക്കേണ്ടത് നിസാൻ 13 പൂർത്തിയായി നിസാൻ 14 തുടങ്ങുന്ന ആ വെള്ളിയാഴ്ച വെളിച്ചം മാറി ഇരുട്ട് വീഴുന്നതിന് മുൻപ് ആയിരുന്നു. അന്ന് യഥാർത്ഥ പെസഹ കുഞ്ഞാട് കൊല്ലപെട്ടപ്പോൾ വെളിച്ചം മാറി ഇരുട്ട് വീണത് യാദൃച്ചികമല്ലായിരുന്നു, എഴുതപ്പെട്ട പ്രകാരം ഉള്ള അത്ഭുതത്തിന്റെ നിവർത്തി ആയിരുന്നു.
യോഹന്നാന്റെ സുവിശേഷത്തിൽ കൂടി മേല്പറഞ്ഞ വസ്തുതകൾ കൃത്യമായി കണക്കാക്കുവാൻ സാധിക്കും. യോഹന്നാന്‍ 13 : 1 ൽ "ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു," എന്നിങ്ങനെ എഴുതിയിരിക്കുന്നു. തുടർന്നു വായിക്കുമ്പോൾ അത് അന്ത്യ അത്താഴ സമയം ആയിരുന്നു എന്നു മനസ്സിലാക്കാൻ സാധിക്കും. ഇവിടെ "പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു" എന്ന് പറഞ്ഞിരിക്കുന്നതിനാൽ മാളികയിലെ പെസഹ മോശയ്ക പ്രമാണം പ്രകാരം ഉള്ള പെസഹ അല്ലായിരുന്നു എന്നു വ്യക്തമാകുന്നു. വീണ്ടും, യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്‌ധരാകാതെ പെസഹാ ഭക്‌ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.
യോഹന്നാന്‍ 18 : 28 ൽ യേശുവിനെ വെള്ളിയാഴ്ച പുലർച്ചെ പീലാത്തോസിന്റെ കോടതിയിൽ കൊണ്ടുപോകുന്നത് രേഖപെടുത്തിയിരിക്കുന്നു, " യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്‌ധരാകാതെ പെസഹാ ഭക്‌ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല." ഇവിടെ അവസാന ഭാഗത്തു ആശുദ്ധരാകാതെ പെസഹ ഭക്ഷിക്കാൻ ഉള്ളത് മൂലം കോടതിയുടെ ഉള്ളിലേക്ക് യൂദ പ്രമുഖർ കയറിയില്ല എന്നു കാണുന്നു. അതിന്റെ അർത്ഥം അന്നും പെസഹ തിരുന്നാൾ അല്ലായിരുന്നു എന്നുള്ളത് ആണ്. വീണ്ടും, യോഹന്നാൻ 19:14 ൽ, " അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:" എന്നു കാണുന്നു. ഇതിൽ നിന്നും ആ വെള്ളിയാഴ്ച നിസാൻ 13 (മേടം 13) ആയിരുന്നു എന്നുള്ളത് വ്യക്തമാണ്. കാരണം "അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു" എന്നു പറയുന്നത് നിസാൻ 13 ആണെന്ന് ഉള്ള വസ്തുത ആണ്.
വീണ്ടും, യോഹന്നാന്‍ 19 : 42 ൽ "യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു" എന്നു എഴുതപെട്ടിരിക്കുന്നു. ഇതിൽ നിന്നും കർത്താവ് മോശയ്ക പെസഹ ആചാരിക്കേണ്ട സന്ധ്യക്ക് തൊട്ടു മുൻപ്, പെസഹ കുഞ്ഞാടിനെ അറുക്കേണ്ട ഒരുക്കത്തിന്റെ ദിവസം, യൂദാന്മാരുടെ ഭവനങ്ങളിൽ പെസഹ കുഞ്ഞാടിനെ അറുത്തു ഒരുക്കി കൊണ്ടിരിക്കുമ്പോൾതന്നെ അവർ വിജാതീയരായ റോമാ പടയാളികൾക്ക് ഏല്പിച്ചു കൊടുത്ത യഥാർത്ഥ സത്യ പെസഹ കുഞ്ഞാട് കുരിശിൽ അറുക്കപ്പെട്ടു എന്നത് യോഹന്നാൻ വ്യക്തമായി സാക്ഷിയ്ക്കുന്നു.
ആയതു കൊണ്ടു മാളികയിൽ നടന്നത് മോശയ്ക പെസഹ അല്ല മറിച്ചു "മൽക്കിസദേക്കിന്റെ ക്രമപ്രകാരം" ഉള്ള അപ്പവീഞ്ഞുകൾ കൊണ്ടുള്ള പുതിയ നിയമ ഉടമ്പടിയുടെ ശരീര രക്തങ്ങൾ കൊണ്ടുള്ള പെസഹ ആയിരുന്നു. അതാണ് വിശുദ്ധ കുർബാന എന്നത്. എബ്രായ ഭാഷയിൽ 'കാറത്' എന്നു പറഞ്ഞാൽ മുറിക്കുക, വിഭജിക്കുക, ഖണ്ഡി യ്ക്കുക എന്നെല്ലാം ആണ് അർത്ഥം. ആദം മുതൽ ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവർ മുഖാന്തിരം മനുഷ്യനുമായി ഉടമ്പടി ബന്ധം സ്ഥാപിച്ചിരുന്നു. ഉടമ്പടി സ്ഥാപിക്കുന്നതിനു "നിയമം മുറിച്ചു" എന്ന് അർത്ഥം വരുന്ന "കാറത് ബ്റീത്" എന്നുള്ള പദം ആണ് ഉപയോഗിച്ച് വന്നിരുന്നത്. നിയമം മുറിക്കുക എന്ന് പറഞ്ഞാൽ ഉടമ്പടി സ്ഥാപിക്കുക എന്നാണ് അർത്ഥം. ഈ "കാറത് ബ്റീത്" ചെയ്യുമ്പോൾ എല്ലാം ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ വഴി ഒരു രക്തചൊരിച്ചിൽ ഉളവാക്കുന്ന 'മുറിയ്ക്കൽ' നടത്തിയിരുന്നു. സാധാരണ ഇത് ഒരു യാഗ മൃഗത്തെ മുറിച്ചു പിളർന്നു രണ്ടായി മാറ്റി വയ്ക്കുക ആണ് ചെയ്തിരുന്നത്. അങ്ങനെ ചെയ്യുമ്പോൾ ആ പിളർപ്പിന്റെ ഇടയിൽ കൂടി ദൈവം കടന്നു പോകുകയും "കാറത് ബ്റീത്" സ്ഥാപിക്കപെടുകയും ചെയ്തു പോന്നു (ആദ്യപുസ്തകം 15:9,10,17). പിന്നീട് പരിചേദന എന്ന ഉടമ്പടി ("കാറത് ബ്റീത്") സ്ഥാപിച്ചപ്പോഴും ദൈവം മുറിക്കപ്പെട്ടവന്റെ ഹൃദയത്തിലേക്ക് പ്രവേശനം ചെയ്തു പോന്നു. മോശയ്ക പെസഹ കുഞ്ഞാട് മുറിക്കപെടുമ്പോൾ ദൈവം അവരുടെ കുടുംബത്തിലേക്ക് പ്രവേശനം ചെയ്യുകയും ദൈവം ഉള്ള കുടുംബത്തിലേക്ക് സംഹാര ദൂതൻ കടന്നു ചെല്ലാതെ ഒഴിഞ്ഞു (pass over ) പോകുകയും ചെയ്തിരുന്നു.
നമ്മുടെ കർത്താവ് കുരിശിൽ വച്ച് ഈ മോശയ്ക പ്രമാണം അനുസരിച്ചുള്ള "കാറത് ബ്റീത്" മുറിക്കൽ പൂർത്തിയാക്കി. എന്നാൽ അതിനു മുൻപ് തന്നെ അവൻ പ്രവാചകന്മാർ വഴി മുൻകൂട്ടി പ്രവചിച്ച "പുതിയ നിയമ ഉടമ്പടി" യുടെ "കാറത് ബ്റീത്" മാളികയിൽ സ്ഥാപിക്കുകയും ശിക്ഷ്യന്മാർ വഴി പുതിയ നിയമ സഭയ്ക്കു ഭരമേൽപ്പിക്കുകയും ചെയ്തു. ശരീരം മുറിയാതെ രക്തം ചൊരിയാതെ "കാറത് ബ്റീത്" അതായത് ഉടമ്പടി സ്ഥാപിക്കപ്പെടുകയില്ല. മൽക്കിസദേക്കിന്റെ ക്രമത്തിൽ അപ്പവും വീഞ്ഞും ഉപയോഗിച്ച് തന്നെ തന്നെ ബലിയായി കർത്താവ് ഉടമ്പടി സ്ഥാപിച്ചു. തന്റെ വചനം മൂലം സകലതും നിർമ്മിച്ചവൻ തന്റെ കൈയിലെ അപ്പത്തെ തന്റെ വചനം മൂലം സ്വന്തശരീരം ആക്കുകയും മുന്തിരി ചാറിനെ തന്റെ വചനം മൂലം സ്വന്തരക്തം ആക്കുകയും ചെയ്തു. അങ്ങനെ തന്റെ ശരീരം ആകുന്ന അപ്പത്തെ "കാറത് " അതായത് മുറിച്ചു കൊണ്ടു തന്റെ രക്തമാകുന്ന വീഞ്ഞിൽ കൂടി "ബ്റീത്" അതായത് ഉടമ്പടി സ്ഥാപിച്ചുകൊണ്ടു "അവൻ പറഞ്ഞു, അവന്‍ അവരോട് അരുളിച്ചെയ്‌തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്."
(മര്‍ക്കോസ് 14 : 24)
ആയതു കൊണ്ടു നമ്മൾ ഇന്നും പുതിയ നിയമ ഉടമ്പടി പെസഹ അർപ്പിക്കുന്നു അത് ഭക്ഷിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ