ബർ യുഹാനോൻ റമ്പാൻ
അഹരോന്യ ക്രമത്തിൽ മഹാപുരോഹിതൻ ആയിരുന്ന മോർ സഖറിയയുടെയും അവന്റെ ഭാര്യ അഹറൊന്യ പുത്രി ഏലിശുബായുടെയും പടുവൃദ്ധതയിൽ, അവരോട് ദൈവത്തിന്റെ മാലഖ മൂലം അരുളി ചെയ്യപ്പെട്ട പ്രകാരം ലഭിച്ച പുത്രൻ ആയ മോർ യുഹാനോൻ മംദോനോയുടെ ജനനപെരുന്നാൾ കൊണ്ടാടുകയാണല്ലോ. നമ്മുടെ കർത്താവിന്റെയും അവന്റെ മാതാവിന്റെയും കൂടാതെ മോർ യുഹാനോന്റെയും മാത്രം ആണ് ജനന പെരുന്നാൾ ആയിട്ട് സഭയിൽ കൊണ്ടാടുന്നത്. അതിനുള്ള കാരണങ്ങളിൽ ഒന്ന് എന്നു പറയുന്നത്,നമ്മുടെ കർത്താവ് കഴിഞ്ഞാൽ മാതാവും, മോർ യുഹാനോനും മാത്രം ആണ് പ്രവചന നിവർത്തിയാകുന്ന പ്രകാരം ജനിച്ചവർ. മിശിഹായുടെ വരവിനു ഇവരുടെ ജനനം അനിവാര്യമാണ് എന്നുള്ളത് പ്രവാചകൻമാർ മുൻകൂട്ടി ദർശിച്ചിട്ടുണ്ട്.
മോർ യുഹാനോനെ പറ്റിയുള്ള മൂന്നു പ്രധാന പ്രവാചനങ്ങൾ പഴയ നിയമത്തിൽ കണ്ടെത്താൻ കഴിയും. ആയവ താഴെ കൊടുക്കുന്നു ;
1. എശയ്യ പ്രവചനം 40:3-5
ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.
താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്‌ത്തപ്പെടും. കുന്നും കുഴിയുമായ സ്‌ഥലങ്ങള്‍ നിരപ്പാകും.
ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
2. മാലാഖി പ്രവചനം 3:1
ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്‌ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
3. മാലാഖി പ്രവചനം 4:5-6
കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുന്‍പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കും.
ഞാന്‍ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്‍മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്‍മാരിലേക്കും തിരിക്കും.
ഇവയാണ് മൂന്നു പ്രധാന പ്രവചന ഭാഗങ്ങൾ. ഇതു കൂടാതെ Typological ഉം metaphorical ഉം ആയി എല്ലാം വിവിധ ഭാഗങ്ങളിൽ മോർ യുഹാനോൻ മമ്ദോനോയെ ദർശിക്കാൻ പഴയ നിയമ വേദശാസ്ത്രത്തിനു സാധിക്കുന്നുണ്ട്. ഒരു ഉദാഹരണം കൂടി പറയാം ;
1 രാജാക്കന്‍മാര്‍ 18 : 46 ൽ ഇപ്രകാരം രേഖപെടുത്തിയിരിക്കുന്നു, "കര്‍ത്താവിന്റെ കരം ഏലിയായോടുകൂടെ ഉണ്ടായിരുന്നു. *അവന്‍ അര മുറുക്കി, ആഹാബിനു മുന്‍പേ ജസ്രല്‍കവാടംവരെ ഓടി."* ഇതിൽ ഇസ്രായേൽ രാജാവിന്റെ രഥത്തിനു മുന്നിൽ അരകെട്ടി കൊണ്ടു ജെസ്‌റീൽ താഴ്വരയുടെ സമതല പ്രദേശം വരെ ഓടുന്ന ഏലിയാ പ്രവാചകൻ യഥാർത്ഥത്തിൽ മിശിഹാ രാജാവിന് മുന്നോട്ടക്കാരൻ ആയി ഓടി മനുഷ്യരുടെ ഹൃദയത്തെ സമതല ഭൂമി ആക്കി ഒരുക്കുന്ന യുഹാനോൻ മംദോനോയെ ചിത്രീകരിക്കുന്നു.
പുതിയ നിയമത്തിൽ യുഹാനോൻ മമ്ദോനോയുടെ ജനനം മുതൽ മരണം വരെയുള്ള പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വിശുദ്ധന്റെ ജനനം യഥാർത്ഥമായും ദൈവിക പദ്ധതിയാണ് എന്നുള്ളത് യേശു തമ്പുരാൻ വെളിപ്പെടുത്തുന്നത് കാണുവാൻ സാധിക്കും. മത്തായി 11:13-14 വാക്യങ്ങളിൽ കർത്താവ് അരുളി ചെയ്യുന്നു, "യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി.
നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ." നമ്മെ സംബന്ധിച്ച് ഇതിനേക്കാൾ വലിയ സാക്ഷ്യം ആവിശ്യമില്ല. പുതിയ നിയമത്തിൽ പോലും യുഹാനോന്റെ ശുശ്റൂക്ഷയെ പറ്റി ദൈവം മാലാഖ വഴി അവന്റെ പിതാവ് സഖറിയായോട് അരുളി ചെയ്യുന്നുണ്ട്, " കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.
ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും.
പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും" (ലൂക്കോസ് 1 : 15-17). ഇതിൽ നിന്നും ശിമ്ശോനെ പോലെ ഗർഭത്തിൽ വച്ചു തന്നെ കർത്താവിനു "നാസ്സീർ" (വ്രതക്കാരൻ) ആയി തിരഞ്ഞെടുക്കപെട്ടവൻ ആണ് എന്ന് വെളിപ്പെടുന്നു. ഇതുകൊണ്ട് ആയിരിക്കും ഹേറോദേസിന്റെ ശിശുഹത്യ നടക്കുമ്പോൾ ഈ കുഞ്ഞിനെയും മാതാ പിതാക്കൾ നാസ്സീർ വ്രതക്കാരുടെ സമൂഹം വസിക്കുന്ന മരുഭൂമിയിലേക്ക് ഓടി പോയത്.
വീണ്ടും, മോർ യുഹാനോന്റെ ദൗത്യം എന്താണ് എന്ന് അവന്റെ ജനന ശേഷം പരിശുദ്ധത്‌മ പ്രേരിതമായി സഖറിയ പുരോഹിതൻ പ്രവചിച്ച് പറയുന്നുണ്ട്, " അവന്റെ പിതാവായ സഖറിയാ പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു പ്രവചിച്ചു:
ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്‌ദര്‍ശിച്ചു രക്‌ഷിച്ചു;
തന്റെ ദാസനായ ദാവീദിന്റെ ഭവനത്തില്‍ നമുക്ക് ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;
ആദിമുതല്‍ തന്റെ വിശുദ്‌ധന്‍മാരായ പ്രവാചകന്‍മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്‌തതുപോലെ,
ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനും
നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനും
നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്‌ത അവിടുത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ്‌മരിക്കാനും
ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
പരിശുദ്‌ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്‍കാനുമായിട്ടാണ് ഇത്.
നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേനീ പോകും.
അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്‌ഷയെക്കുറിച്ച് അറിവുകൊടുക്കാനും,
നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്‍ശിക്കുമ്പോള്‍
ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്." (ലൂക്കോസ് 1 : 67-79). ഈ പ്രവചനത്തിൽ കൂടി അനേക സത്യങ്ങൾ ലോകത്തിനു വെളിപ്പെടുന്നുണ്ട് ;
1. ഈ പ്രവചനം നടക്കുമ്പോൾ കന്യകയുടെ ഉദരത്തിൽ വചനം ജഡം ധരിച്ചു വളരുന്നുണ്ടായിരുന്നു. 68 ആം വാക്യത്തിൽ "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്‌ദര്‍ശിച്ചു രക്‌ഷിച്ചു" എന്നു പറയുന്നത് മാറിയാമിന്റെ ഉദരത്തിൽ വസിക്കുന്ന യേശുവിനെ തിരിച്ചറിഞ്ഞത് മൂലം ആണ്. മുൻപ് ഏലിശുബാ " എന്റെ കർത്താവിന്റെ അമ്മ " എന്നു മാറിയമിനെ പറ്റി പറഞ്ഞത് ഇവിടെ ഓർക്കുക.
2. അറുപത്തി ഒൻപതാം ആം വാക്യത്തിൽ ദാവീദിനോടുള്ള ദൈവത്തിന്റെ ഉടമ്പടി പൂർത്തി ആയതു വിവരിക്കുമ്പോൾ 73 ആം വാക്യത്തിൽ അബ്രഹാമിനോട് ദൈവം വാഗ്ദാനം ചെയ്ത ഉടമ്പടിയുടെ പൂർത്തിയും വിവരിക്കുന്നു.
3. മോർ യുഹാനോൻ a) അത്യുന്നതനായ ദൈവത്തിന്റെ പ്രവാചകൻ ആണെന്നും,b) അവൻ മിശിഹായ്ക്ക് മുന്നോട്ടക്കാരൻ ആയി വന്നു വഴി ഒരുക്കുന്നവൻ ആണെന്നും, c) പാപമോചനം വഴിയുള്ള രക്ഷയെ പറ്റി ജനത്തെ അറിയിക്കുമെന്നും, d) അന്ധകാരത്തിലും മരണനിഴലിലും ഇരിക്കുന്നവർക്ക് പ്രകാശം എത്തിക്കുന്നവനും, e) അവരുടെ പാദങ്ങളെ സമാധാന മാർഗ്ഗത്തിൽ നയിക്കുന്നവനും ആണ് എന്ന് വ്യക്തമാക്കുന്നു.
വ്യക്തി ജീവിതത്തിൽ യേശുവിനെ സംബന്ധിച്ച് മോർ യുഹാനോൻ അന്യൻ ആയിരുന്നില്ല. ഏലിശുബാ യേശുവിന്റെ അമ്മ മറിയാമിന്റെ ഒരു ചാർച്ചക്കാരി ആയിരുന്നു, അതുകൊണ്ട് യേശു തമ്പുരാൻ അമ്മ വഴിക്കു മോർ യുഹാനോന്റെ സഹോദരൻ ആയിരുന്നു. അതായത് കുടുംബ ബന്ധപ്രകാരം യുഹാനോൻ ജേഷ്‌ഠനും യേശു അനുജനും ആയിരുന്നു.
ലേവ്യ പുസ്തകം 16 ൽ പറയുന്ന പ്രായശ്ചിത്ത യാഗത്തിനുള്ള ആട്ടുകൊറ്റന്റെ തലയിൽ കൈ വയ്ക്കേണ്ടത് അഹറൊന്യ പുരോഹിതൻ ആണ്. ദൃഷ്ടാന്തമായി കാണിച്ച ഈ കർമ്മം യഥാർത്ഥത്തിൽ സൂചിപ്പിച്ചത്, മോർ യുഹാനോൻ കർത്താവിന്റെ തലയിൽ കൈവച്ച് കൊണ്ടു കർത്താവിനെ ലോകത്തിന്റെ പാപം വഹിക്കുന്ന "ദൈവത്തിന്റെ കുഞ്ഞാട്" ആയിട്ടും ലോകത്തിന്റെ ശാപത്തിനു വേണ്ടി പീഡനം ഏൽക്കുന്ന ശപിക്കപ്പെടുന്ന ആട് (അസ്സ്സ്സേൽ ആട്) ആയിട്ടും ദൈവത്തിനു സമർപ്പിക്കുന്നതിനെ ആണ്. യുഹാനോൻ യേശുവിന്റെ തലയിൽ കൈവച്ച് സമർപ്പിക്കുമ്പോൾ സ്വർഗം തുറന്നു സമർപ്പിക്കപെട്ട കോലാട്ട് കൊറ്റനെ പറ്റി " ഇവൻ എന്റെ പ്രിയ പുത്രൻ" എന്ന് സാക്ഷിക്കുന്ന സ്വരവും പരിശുദ്ധ റൂഹ് പ്രാവ് എന്നപോലെ മിശിഹായുടെ മേൽ വരുന്നതും കാണപ്പെട്ടു. പിന്നീട്, തന്റെ നിയോഗം പൂർത്തിയാക്കിയ വിശുദ്ധൻ സത്യത്തിന് വേണ്ടി ശിരഛേദനം ചെയ്യപ്പെട്ടു കൊണ്ടു കർത്താവിനു വഴിയൊരുക്കുവാൻ പാതാളത്തിലേക്ക് പുറപ്പെട്ടു.
സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ മോർ യുഹാനോനെക്കാൾ വലിയവനില്ല എന്നു നമ്മുടെ കർത്താവ് നമ്മോട് അരുളി ചെയ്തിട്ടുണ്ട്. എന്നാൽ സ്വർഗരാജ്യത്തിൽ ഈ വലിയ വിശുദ്ധനേക്കാൾ ഉപരി വിശുദ്ധിയിലേക്ക് വളരാൻ നമുക്ക് കർത്താവിന്റെ ക്ഷണവും ലഭിച്ചിട്ടുണ്ട്. അങ്ങനെ എങ്കിൽ മോർ യുഹാനോനെക്കാൾ എത്രയോ അധികമായി നമ്മൾ കർത്താവിനെ സ്നേഹിക്കേണ്ടി ഇരിക്കുന്നു. മോർ യുഹാനോൻ മമ്ദോനോ നമ്മെ ഒരു നല്ല ക്രിസ്മസ്സ്‌ലേക്ക് വഴി ഒരുക്കുമ്പോൾ അവന്റെ ജനന പെരുന്നാൾ നമ്മുക്ക് കൊണ്ടാടാം ഒപ്പം അവന്റെ മാധ്യസ്ഥ പ്രാർത്ഥനയിൽ പങ്ക് ചേരാം.
തന്റെ വിശുദ്ധ പിതാവായ യൂഹാനോന്റെ ഓർമ്മയ്ക്കു ഈ മഹാപാപിയായ പുത്രൻ എഴുതിയ ലേഖനം സമാപ്തം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ