മോർ യൗസേഫ് : ഒന്നാമനോ, രണ്ടാമനോ?


 


ബാർ യുഹാനോൻ റമ്പാൻ, പിറമാടം


മുഖം:

ക്രിസ്തു യേശുവിലുള്ള അചഞ്ചല വിശ്വാസം മൂലം ദൈവത്താൽ നീതീകരിക്കപ്പെട്ട കിഴക്കിന്റെ കാതോലിക്കോസ്  ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവ കാലം ചെയ്തു. അദ്ദേഹം തന്റെ വില്പത്രത്തിലൂടെ ഒരു പിൻഗാമിയെ ആഗ്രഹിക്കുന്നു എന്നും സഭായോഗം അത് അംഗീകരിക്കുമെന്നും പ്രത്യാശിക്കുന്നു. തീർച്ചയായും വന്ദ്യ മഹാപുരോഹിതനിലൂടെ അരുളിചെയ്യപ്പെട്ട ദൈവഹിതം നിറവേറട്ടെ. ഇന്നലെയും ഇന്നുമായി എനിക്കു ലഭിച്ച അനേക ചോദ്യങ്ങളിൽ ഭൂരിപക്ഷവും  ഈ വിഷയം സംബന്ധിച്ച് ഉള്ള ഒരു സംശയം ആയതിനാൽ ഒരു ലേഖനമായി എന്റെ കാഴ്ചപാടുകൾ പങ്കുവയ്ക്കാമെന്നു തീരുമാനിച്ച പ്രകാരം ഇത് എഴുതുന്നു.


ശ്രേഷ്ഠ ബാവ ആഗ്രഹിക്കുന്നത് പോലെ യാക്കോബായ സഭയുടെ മലങ്കര മെത്രാപോലീത്ത മോർ ഗ്രിഗോറിയോസ് തിരുമേനി പൌരസ്ത്യ കാതോലിക്ക സ്ഥാനത്തേക്കു ഉയർത്തപ്പെടുന്ന പക്ഷം  അദ്ദേഹം മോർ യൗസേഫ്  പേരിൽ ഉള്ള എത്രാമത്തെ സ്ഥാനി ആണ്, അഥവ അദ്ദേഹം  എങ്ങനെ അറിയപ്പെടും എന്നുള്ളത് ആണ് വിശ്വാസികൾ ചോദിച്ചതായ ആ ചോദ്യം. മുന്നമേ പറയട്ടെ ഇതിനു ഒരു ഉത്തരം തരാൻ ഞാൻ ആളല്ല. ഇത് പരിശുദ്ധ പാത്രിയാർക്കീസ് ബാവ ആണ് തീരുമാനം എടുക്കേണ്ടത്. എങ്കിലും സഭാ പാരമ്പര്യം, ചരിത്രം എന്നിവ പ്രകാരം ആയിരിക്കുമല്ലോ നാമകരണം എന്നതിനാൽ ഈ ചരിത്രവും പാരമ്പര്യവും നമുക്ക് അല്പമായി ഈ ലേഖനം വഴി വിശകലനം ചെയ്യാൻ ശ്രമിക്കാം.

പാരമ്പര്യം

നമ്മുടെ പാരമ്പര്യം അനുസരിച്ചു  അന്ത്യോക്യയുടെ പാത്രിയാർക്കീസ് ബാവയുടെ  സ്ഥാനപേര്  എന്നത്  അഗ്നിമയനായ അപ്പോസ്തോലിക പിതാവ് മോർ ഇഗ്നാത്തിയോസ്സിന്റെ  പേര് ആണ്. ആ വിശുദ്ധന്റെ നാമമാണ് സ്ഥാനപേര് ആയിട്ട് പാത്രിയർക്കീസ്സന്മാർ സ്വീകരിച്ചു പോന്നത്. പരിശുദ്ധ പാത്രിയാർക്കീസ് ബാവ തീരുമനസ്സ് കൊണ്ടു  വഹിക്കുന്ന സ്ഥാനം എന്നത് "ശ്ലൈഹീക പിന്തുടർച്ച" ആണ് അതുകൊണ്ട് അദ്ദേഹം  "ശ്ലീഹായ്ക്കടുത്തവൻ" എന്നു വിളിക്കപ്പെടുന്നു. ഇദ്ദേഹം സമാന്മാരിൽ മുൻപനല്ല മറിച്ചു പരമാദ്ധ്യക്ഷൻ ആണ്. കൂടാതെ, മോർ അത്താനാസ്സിയോസ് പാത്രിയാർക്കീസ്സിന്റെ കാലം മുതൽ പരിശുദ്ധ പാത്രിയാർക്കീസ്സന്മാർ "വിശ്വാസ സംരക്ഷകൻ" എന്നുള്ള ഒരു സ്ഥാനവും അതിന്റെ അടയാളം ആയിട്ടു 'ശാക്രോ' എന്ന അംശവസ്ത്രവും ധരിക്കുന്നു. വിശ്വാസ സംരക്ഷണത്തിൽ പാത്രിയാർക്കീസ് ബാവമാരുടെ  വലംകൈയായി നിൽക്കുന്ന  കാതോലിക്ക, മെത്രാൻ, ആബൂട്ട് മെത്രാൻ തുടങ്ങിയവർക്ക് ഇത് ധരിക്കുന്നതിന് പാത്രിയാർക്കീസ്  പ്രത്യേകം അനുമതി കൊടുക്കാറുണ്ട്. എന്നാൽ ഇത് ശ്ലീഹായ്ക്കടുത്തവനായ പാത്രിയാർക്കീസ്സിന്റെ മാത്രം അംശവസ്ത്രം ആണ്. മറ്റുള്ളവർക്ക് അദ്ദേഹം ഇത് കൊടുക്കുന്നത് ഒരു അലങ്കാരം മാത്രം ആയിട്ട് ആണ്.


എന്നാൽ, ഭൂമിശാസ്ത്ര പരമായ പ്രതിസന്ധികൾ മൂലം പടിഞ്ഞാറുള്ള അന്ത്യോക്യയിൽ ഇരുന്ന് കൊണ്ടു  അന്ത്യോക്യയുടെയും കിഴക്കൻ മേഖല മുഴുവനും ഭരണം നടത്തുന്നതിന് കിഴക്കുള്ളവർക്ക് അദ്ദേഹത്തിന്റെ കീഴ്സ്ഥാനി ആയിട്ട് ഒരു മെത്രാനെ  സുറിയാനിയിൽ 'മഫ്രിയാൻ' എന്നു അർത്ഥം വരുന്ന 'കാതോലിക്കോസ്' എന്ന സ്ഥാനത്തേക്കു അദ്ദേഹം വാഴിക്കുന്നു. ഈ കാതോലിക്ക സ്ഥാനിയ്ക്ക്  "ബസേലിയോസ്" എന്നുള്ള സ്ഥാനപ്പേര് കൊടുക്കുന്നു. ഇതിന്റെ അർത്ഥം 'രാജാവ്' എന്നാണ്.  പരിശുദ്ധ സഭ എന്നത് ക്രിസ്തുവിന്റെ രാജ്യം ആണല്ലോ. ഈ രാജ്യത്തിന്റെ ഒരു പ്രാദേശിക തലവൻ എന്നുള്ള നിലയ്ക്കു  ബാസെലിയോസ് എന്തുകൊണ്ടും അഭികാമ്യമായ നാമം തന്നെ ആണ്. എന്നാൽ സ്ഥാനം രാജാവിന്റെ അല്ല മറിച്ചു 'പൊതുവിന്റെ മെത്രാൻ' എന്നുള്ളത് ആണ്. അതായത് കാതോലിക്കോസ്  പ്രാദേശിക തലവനും, പൊതു മെത്രാനും, ആയതിനാൽ "സമന്മാരിൽ മുൻപനും" പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ കീഴ്സ്ഥാനിയും ആകുന്നു.

ചരിത്രം

ഇവിടെ നമ്മൾ നോക്കുന്ന ചരിത്രം എന്നത്  മലങ്കരയ്ക്ക്  അടുത്ത കാതോലിക്കോസ് ആയിട്ട്  വരുന്നത്  'യൗസേഫ്' എന്നു മാമോദിസ പേരുള്ള  നമ്മുടെ മലങ്കര മെത്രാപോലീത്താ തിരുമേനി തന്നെ ആണെങ്കിൽ  അദ്ദേഹം  യൗസേഫ് ഒന്നാമനോ അതോ രണ്ടാമനോ എന്നുള്ളത് ആണ്. ചരിത്രപരമായി  ഒരു 'യൗസേഫ് ഒന്നാമൻ കാതോലികോസ്' ചില രേഖകളിൽ ഉണ്ട്. അതുപോലെ നമ്മുടെ മലയാളിയായ ജോൺ മാത്യു സാറിന്റെ പുസ്തകത്തിലെ ലിസ്റ്റിൽ ഒരു "യൗസേഫ് രണ്ടാമൻ" വന്നിട്ടുണ്ട്. അതുകൊണ്ട്  ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാൻ   ദൈവകൃപയാൽ മോർ ബസേലിയോസ്‌ കാതോലികോസ് ആകുമ്പോൾ    എത്രാമത്തെ "മോർ യൗസേഫ്" ആയിട്ട് ആണ് അറിയപ്പെടുക എന്നുള്ളത് ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു.


ആദ്യമായി ശ്രീ ജോൺ മാത്യു സാറിന്റെ ലിസ്റ്റ് പരിശോധിക്കാം. അദ്ദേഹം തന്റെ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന കാതോലിക്കമാരുടെ ലിസ്റ്റിൽ അതിന്റെ ക്രമ നമ്പർ 13 ആയിട്ട് ഇപ്രകാരം എഴുതിയിരിക്കുന്നു, " Mor Joseoh (785-790) was ordained by Patriarch George (757-790). Patriarch George was imprisoned by the rulers in Baghdad and after his release Patriarch George dismissed Maphriano Yuhanon and ordained Mor Joseph II in his place." ഇത് യഥാർത്ഥത്തിൽ ഒരു എറർ ആയിട്ട് ആണ് ഞാൻ മനസ്സിലാക്കുന്നത്. ഒന്നാമത്, ഈ ലിസ്റ്റിൽ ഇതിനു മുൻപ് ഒരു 'മോർ ജോസഫ്' വരുന്നില്ല പക്ഷേ ഇദ്ദേഹം ഇവിടെ "മോർ ജോസഫ് II" ആയിട്ട് രേഖപ്പെടുത്തിയിരിക്കുന്നു.  മാത്രമല്ല മോർ ഗീവർഗീസ് ഒന്നാമൻ പാത്രിയാർക്കീസ് ആണ് വാഴിച്ചത് എന്നുള്ളതും ഈ ലിസ്റ്റിൽ  ഈ പേര് കൂടുതൽ 'എറർ' ഉള്ളത് ആക്കുന്നു. കാരണം മോർ ഗീവർഗീസ് ഒന്നാമൻ പാത്രിയാർക്കീസിന്റെ ചരിത്രം നോക്കുമ്പോൾ അദ്ദേഹം അങ്ങനെ ഒരാളെ വാഴിച്ചിട്ടില്ല എന്നത് കൊണ്ടു തന്നെ. ആയതിനാൽ  ജോസഫ് രണ്ടാമൻ എന്നൊരു കാതോലികോസ് ഇല്ല മറിച്ചു അത് ഒരു ഗവേഷണ എറർ മാത്രം ആകാൻ ആണ് സാധ്യത.

അടുത്തത് ആയി, ജോസഫ് എന്നുള്ള പേരിൽ ഒരു കാതോലികോസ് 785-86 കാലത്ത് ഉണ്ടായിരുന്നത് ആയിട്ട് ചില ആധുനിക ലിസ്റ്റ്കളിൽ  പ്രത്യേകിച്ച്  ഓൺലൈൻ ലേഖനങ്ങളിലും മറ്റും കാണുകയുണ്ടായി. ഇതും പരിശോധന നടത്തേണ്ടിയിരിക്കുന്നു. ഇവിടെ നമുക്ക് സഭയുടെ  ചരിത്ര രേഖകൾ ആശ്രയിച്ച് വേണം ഇത് പഠിക്കേണ്ടത്. സഭയിൽ ഏറ്റവും ആധികാരികമായി ഉപയോഗിച്ച് വരുന്ന ലിസ്റ്റ് എന്നത് മോർ ഗ്രിഗോറിയോസ് ബാർ എബ്രയയുടെ 'ക്രോണിക്ക്ൾസ്' ആണ്. ഇതിന് പ്രകാരം ഉള്ള ഒരു ചരിത്രം അറിയുവാൻ AD 758 മുതൽ 817 വരെയുള്ള പരിശുദ്ധ പത്രിയർക്കീസ് ബാവമാരുടെ ചരിത്രം പഠിക്കേണ്ടി ഇരിക്കുന്നു. ആയതു നമ്മുടെ ആവിശ്യത്തിലേക്ക് താഴെ സംഗ്രഹിച്ച് കൊടുക്കുന്നു.

1. മോർ ഗീവർഗീസ് ഒന്നാമൻ പാത്രിയാർക്കീസ് (758-790)

അന്തോക്യ പാത്രിയാർക്കീസ് ആയിരുന്ന മോർ അത്താനാസ്സിയോസിന്റെ കാലശേഷം പുതിയ പാത്രിയാർക്കീസ്സിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി AD 758 ഡിസംബറിൽ, മാബൂഗിലെ ഭദ്രസനകേന്ദ്രത്തിൽ വച്ച് ഒരു അകമാന സുന്നഹദോസ്സ്‌ നടത്തി. ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് ഗീവർഗീസ്നെ തിരഞ്ഞെടുത്തു വാഴിച്ചു.

എന്നാൽ കാതോലിക്ക യോഹന്നാനും കിഴക്കുള്ള ചില മെത്രാൻമാരും മോർ ഗീവർഗീസ് ഒന്നാമനെ പാത്രിയാർക്കീസ് ആയിട്ട് അംഗീകരിച്ചില്ല, അവർ റാക്കയിലെ മോർ ദാവീദിനെ തിരഞ്ഞെടുത്ത് വാഴിക്കുകയും മുസ്ലിം ഭരണാധികാരികളുടെ സഹായത്തോടെ ദാവീദിനു നിയമപിന്തുണ നേടുകയും ചെയ്തു. അങ്ങനെ ഗീവർഗീസ് ഒന്നാമനെ അന്ത്യോക്യയിലെ പാത്രിയാർക്കൽ സിംഹസനത്തിൽ നിന്നും ഖലീഫ വിലക്കുകയും പിന്നീട് ജയിലിൽ അടയ്‌ക്കുകയും ചെയ്തു. എഡി 762/763-ൽ മരിക്കുന്നതുവരെ ദാവീദ് അകാനോനിക പാത്രിയാർക്കീസ് ആയിട്ട് തുടർന്നു, ഇവർക്കു നെസ്തോറിയന്മാരുമായിട്ടും മുസ്ലിം ഭരണാധികാരികളും ആയിട്ടും നല്ല ബന്ധം ഉണ്ടായിരുന്നു. എന്നാൽ സുറിയാനിക്കാർ ദാവീദിനെയോ അയാൾ വാഴിച്ച മെത്രാൻമാരെയോ അംഗീകരിക്കാൻ തയ്യാർ ആയില്ല. ജയിലിൽ കിടക്കുന്ന തങ്ങളുടെ പാത്രിയാർക്കീസ്സിന്റെ ലേഖനങ്ങൾ വഴി സുറിയാനിക്കാരുടെ മെത്രാൻമാർ ഭരണം നടത്തി.


775-ൽ ഖലീഫ അൽ-മഹ്ദിയുടെ സ്ഥാനാരോഹണത്തോടെ, മോർ ഗീവർഗീസ് പാത്രിയാർക്കീസ് മോചിപ്പിക്കപ്പെടുകയും എന്നാൽ മുസ്ലീം അധികാരികൾ അദ്ദേഹത്തിൻ്റെ പദവി ഉപയോഗിക്കുന്നതിൽ നിന്നും പാത്രിയാർക്കീസ് എന്ന നിലയിൽ തൻ്റെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കുകയും ചെയ്തു, എന്നാൽ ഇത് പിന്നീട് നടപ്പിലാക്കിയില്ല. മോർ ഗീവർഗീസ്സിന് സുറിയാനി സഭയ്ക്കുള്ളിൽ നല്ല സ്വീകാര്യത ലഭിക്കുകയും സഭയിലെ ഭൂരിപക്ഷം പേരും അദ്ദേഹത്തെ നിയമാനുസൃതമായ പാത്രിയാർക്കീസ് ആയിട്ട് കണക്കാക്കുകയും ചെയ്തു. മോചിതനായ ശേഷം, പാത്രിയാർക്കീസ് ബാവ 775-ൽ അന്ത്യോക്യയിലേക്ക് പോയി, അവിടെ അദ്ദേഹം 10 മെത്രാൻമാരെ നിയമിച്ചു.


സഭയിൽ ഈ ഭിന്നതകൾക്കെല്ലാം  നേതൃത്വം കൊടുത്തിരുന്നത്  അന്നത്തെ കാതോലിക്ക യോഹന്നാൻ കീയൂനോയോ ആയിരുന്നു. പരിശുദ്ധ പാത്രിയർക്കീസ്  785-ൽ, കിഴക്കിൻ്റെ മാഫ്രിയനായ യോഹന്നാൻ കീയുനോയോയെ, പ്രതിപക്ഷത്തെ സംഘടിപ്പിക്കുന്നതിൽ വഹിച്ച പങ്കിൻ്റെ പേരിൽ  സ്ഥാനഭ്രഷ്ടനാക്കി.  അതേ വർഷം, സെറൂഗിനടുത്തുള്ള കാഫ്ർ നബുവിൽ ഒരു സിനഡ് നടത്തുകയും 22 കാനോനുകൾ നടപ്പിലാക്കുകയും ചെയ്തു.  പരിശുദ്ധ ഗീവർഗീസ് ഒന്നാമൻ പത്രിയർ ക്കീസ് 790 ഡിസംബർ 1-ന് അന്തരിച്ചു, മെലിറ്റീനിനടുത്തുള്ള മോർ ബാർ സൗമ ആശ്രമത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചു. ഇദ്ദേഹം കാതോലിക്കയെ  മുടക്കിയ ശേഷം പുതിയ ഒരാളെ വാഴിച്ചത് ആയിട്ട് ചരിത്രത്തിൽ കാണപ്പെടുന്നില്ല.


2. മോർ യൗസേഫ് പാത്രിയാർക്കീസ് (AD 790-792)


പരിശുദ്ധ ഗീവർഗീസ് ഒന്നാമൻ കാലം ചെയ്തപ്പോൾ, മറുവിഭാഗം മുസ്ലിം ഭരണാധികാരികളുടെ സഹായത്താൽ അവരുടെ ഒരു മെത്രാനെ പാത്രിയാർക്കീസ് ആക്കുന്നതിനു ശ്രമിക്കുന്ന സാഹചര്യം ഉണ്ടായി. തന്മൂലമായി  അടിയന്തിരമായി ഒരു പാത്രിയാർക്കീസ്സിനെ വാഴിക്കുവാൻ സഭ നിർബന്ധിതയായി. ഈ പ്രത്യേക സാഹചര്യത്തിൽ മാബൂഗിലെ ഗബ്ബ ബാറായ ആശ്രമത്തിൽ നിന്നുള്ള ഒരു വൃദ്ധനായ സന്യാസി  മോർ യൗസേഫിനെ പാത്രിയാർക്കീസ് ആയിട്ട് വാഴിച്ചു. ഇദ്ദേഹം രണ്ടു വർഷം സഭയെ ഭരിച്ചു. തികച്ചും സന്യാസി ആയിരുന്നതിനാൽ  പാത്രിയാർക്കീസ് എന്നുള്ള സ്ഥാനം വഹിച്ചു കൊണ്ടു സുന്നഹദോസ് തീരുമാനം പ്രകാരം ഭരണം നടത്തി. ഇദ്ദേഹത്തിന്റെ സ്വാത്വിക ജീവിതത്തെ മുടക്കപ്പെട്ട ഒരു മെത്രാൻ മുതൽ എടുക്കാൻ ശ്രമിച്ചു എങ്കിലും ജനങ്ങൾ പരിശുദ്ധനെ  സംരക്ഷണം കൊടുക്കുകയും മുടക്കപ്പെട്ട മെത്രാനെ ദേശത്തു നിന്നും ഓടിക്കുകയും ചെയ്തു. ഇദ്ദേഹവും  പുതിയ കാതോലിക്കയെ വാഴിച്ചില്ല. രണ്ടു വർഷം കഴിഞ്ഞു 792 ൽ തെൽ ബശ്മായ് എന്ന ആശ്രമത്തിൽ വച്ച് കാലം ചെയ്തു അവിടെ അടക്കപ്പെട്ടു.


3. മോർ കുറിയാക്കോസ് പാത്രിയർക്കീസ് (AD 793-817)


അടുത്ത പാത്രിയാർക്കീസ് ആയിട്ട് പരിശുദ്ധ സഭ  തിഗ്രിത്തിലെ മോർ കുറിയാക്കോസിനെ തിരഞ്ഞെടുത്തു. ഇദ്ദേഹം സഭയുടെ പ്രഖ്യാപിത പരിശുദ്ധന്മാരിൽ ഒരാൾ ആണ്. ഇദ്ദേഹത്തിന്റെ ഒരു കുർബാന തക്സ മലയാളത്തിലേക്കു തർജ്ജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളത് ആകുന്നു. എദേസ്സയിലെ ഭദ്രസനത്തിൽ നിന്നും മോർ ഗീവർഗീസ് പാത്രിയാർക്കീസ്  വിഭാഗീയ പ്രവർത്തനങ്ങൾ മൂലം മുടക്കിയവനും, മോർ യൗസേഫ് പാത്രിയാർക്കീസ് ബാവയെ പറ്റിച്ചു വീണ്ടും അവിടെ കയറാൻ നോക്കിയപ്പോ ജനങ്ങൾ കൂടി ഓടിച്ചു വിട്ടവനും ആയ സക്കറിയ മെത്രാനെ  പിന്നീട് തിരിച്ചു വിളിച്ചു ഗുണദോഷിച്ച്  വേറൊരു മേഖലയിൽ മെത്രാൻ ആക്കി വാഴിച്ചത് മോർ കുറിയാക്കോസ് പാത്രിയാർക്കീസ് ആണ്. ഇങ്ങനെ അദ്ദേഹം സമാധാനം പുനസ്ഥാപിച്ച ശേഷം മൂസലിലേക്ക് പോകുകയും അവിടെ കിഴക്കിന്റെ പ്രവിശ്യയിലുള്ള കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു.


മോർ യുഹാനോൻ കാതോലിക്ക മുടക്കപ്പെട്ട ശേഷം പിന്നീട് കാതോലിക്കയെ അതുവരെ വാഴിച്ചിരുന്നില്ല. എന്നാൽ  മോർ യൗസേഫ് പാത്രിയാർക്കീസ്  മോർ ശർബീൽ എന്നൊരാളെ അവിടേക്ക് കാതോലിക്ക ആയിട്ട് വാഴിച്ചു എന്നും എന്നാൽ എതിർപ്പുകൾ മൂലം അദ്ദേഹം ഭരണ ചുമതല ഒഴിഞ്ഞു  സന്യാസജീവിതം നയിച്ചു എന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. അത് ശരി ആണെങ്കിൽ മോർ യോഹന്നാനു ശേഷം മോർ ശർബീൽ ആണ് ലിസ്റ്റിൽ വരേണ്ടത്. ഇതിനിടയിൽ ഒരു യൗസേഫ് കാതോലിക്കോസ് ഉണ്ടായിട്ടില്ല. ചില രേഖകളിൽ  മോർ ശർബീൽ തന്റെ സ്ഥാനത്യാഗ അപേക്ഷ മോർ കുറിയാക്കോസ് പാത്രിയാർക്കീസ്സിന് നൽകിയെന്നും തുടർന്നു  പകരം AD 811ൽ മോർ ശേമവോനെയും അദ്ദേഹത്തിന്റെ കാലശേഷം മോർ ബസേലിയോസ്സിനെയും കാതോലിക്ക ആയിട്ട് വാഴിച്ചു എന്നും കാണപ്പെടുന്നു. ബാർ എബ്രായ ഇത് സ്ഥിരീകരിക്കുന്നു. AD 817 ൽ പരിശുദ്ധൻ മൂസലിൽ വച്ച് കാലം ചെയ്ത് തിഗ്രിത്തിൽ അടക്കപ്പെട്ടു. 86 മെത്രാൻമാരെയും രണ്ടു കാതോലിക്കമാരെയും അദ്ദേഹം സഭയ്ക്കു വേണ്ടി വാഴിച്ചു.


ഉപസംഹാരം


മേൽപ്പറഞ്ഞ ചരിത്രങ്ങളും സഭയുടെ പാരമ്പര്യങ്ങളും എല്ലാം കണക്കിൽ എടുത്തു ചിന്തിക്കുമ്പോൾ പരിശുദ്ധ സഭയിൽ മുൻപ് ഒരിക്കലും കാതോലിക്ക സ്ഥാനത്തു 'മോർ യൗസേഫ്' എന്നുള്ള പേരിൽ ഒരു വ്യക്തി ഉണ്ടായിട്ടില്ല എന്ന് ആണ് ഞാൻ മനസ്സിലാക്കുന്നത്. എന്റെ കണ്ടെത്തൽ പൂർണ്ണമായും ശരി ആകണം എന്നില്ല. ഒരു പക്ഷേ കുറച്ചു കൂടി വ്യക്തമായ രേഖകൾ പരിശുദ്ധ സിംഹസനത്തിൽ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്. എന്നിരുന്നാലും, ഇപ്പോൾ ലഭ്യമായ ചരിത്രരേഖകൾ പ്രകാരം, പ്രത്യേകിച്ച് മോർ ബാർ എബ്രായയുടെ  ക്രോണിക്ക്ൾസ് പ്രകാരം  ചിന്തിക്കുമ്പോൾ, പരിശുദ്ധ സിംഹാസനം, അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ   'മോർ ബസേലിയോസ് യൗസേഫ് പ്രഥമൻ' എന്നുള്ള പേരിൽ പൌരസ്ത്യ കാതൊലിക്ക ആയിട്ട് വാഴിച്ച് മലങ്കര സഭയെ അനുഗ്രഹിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു.

അഭിപ്രായങ്ങള്‍