ബാർ യുഹാനോൻ റമ്പാൻ
മുൻഭാഗങ്ങൾ താഴെ പറയുന്ന link വഴി ലഭ്യമാണ്.
Part : 1
https://kolothevoice.blogspot.com/2024/10/blog-post_21.html
Part : 2
https://kolothevoice.blogspot.com/2024/10/part-2.html
പ്രിയപ്പെട്ടവരെ,
ഈ വിഷയത്തിൽ ഞാൻ ഇത്രയും തീവ്രത കാണിക്കുന്നുണ്ടെങ്കിൽ അതിനു ഒരേ ഒരു കാരണം മാത്രമേ ഉള്ളു, നിങ്ങളുടെ ആത്മാവിനെ നിങ്ങൾ ആ ദുഷ്ടന്റെ പാഷാണ്ഡതയോട് ചേർത്തുകൊണ്ടു നഷ്ടപ്പെടുത്തി കളയരുത്. പിതൃ-പുത്ര-പരിശുദ്ധ റൂഹ് ആകുന്ന യഹോവയാം സത്യദൈവത്തെ തള്ളി പറയുന്നവരെല്ലാം അന്ത്യനാളിൽ ന്യായവിധിയിൽ ശിക്ഷ പ്രാപിക്കുക തന്നെ ചെയ്യും. പാപങ്ങൾക്കു മോചനം ഉണ്ട് എന്നാൽ ദൈവാത്മാവിനെതീരെ ഉള്ള തിന്മ (Evil) യുടെ മക്കൾ ശിക്ഷിക്കപ്പെടും.
നിങ്ങളിൽ ചിലർ ആ ദുഷ്ട സർപ്പത്തിന്റെ ദംശനം ഏറ്റിട്ടും ജീവൻ നൽകുന്ന വിജയ സ്ലീബയിലേക്ക് നോക്കുന്നില്ല. മോശ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയവർ അഗ്നിസർപ്പത്തിൽ നിന്നും രക്ഷ പ്രാപിച്ചങ്കിൽ ആ ജീവനുള്ള സ്ലീബ നിങ്ങളെ എത്ര അധികമായി രക്ഷിക്കും. എന്താണ് കുരിശ്? അത് ജീവവൃക്ഷം ആകുന്നു. പൗലോസ് 'കുരിശിന്റെ വചനം' എന്നാണ് യേശു തമ്പുരാന്റെ തിരുവെഴുത്തുകളെ പറ്റി അഭിസംബോധന ചെയ്തു പറഞ്ഞത്. 1 കോരിന്ത്യർ 1:18 ൽ ഇപ്രകാരം പറയുന്നു, *"നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര."* എന്താണ് ഇതിന്റെ അർത്ഥം? കുരിശിന്റെ വചനത്തിനു രണ്ടു വ്യത്യസ്ഥ പ്രതിഫലനങ്ങളും തന്മൂലമായി വ്യത്യസ്ഥ ഫലങ്ങളും ഉണ്ട്. ദൈവത്തിന്റെ വചനം 'ഭോഷത്വം' (foolishness)ആണ്. കാരണം ലോകത്തിന്റെ ജ്ഞാനത്തിനു ദൈവത്തെ അറിയുവാൻ കഴിയില്ല, അതുകൊണ്ട് അവരുടെ ചിന്തകളിൽ തിരുവെഴുത്തുകൾ വെളിപ്പെടില്ല, അവർ തിരുവെഴുത്തുകൾ ബുദ്ധിശൂന്യമായി മനസിലാക്കുന്നു, ഫലമോ അവർ നശിച്ചു പോകുന്നു. എന്നാൽ വിശ്വസിക്കുന്നവർക്ക് ഇത് ദൈവത്തിന്റെ ശക്തി (power of God ) ആണ്. അവർ രക്ഷ പ്രാപിക്കുന്നു.
നിങ്ങളിൽ അനേകർ സത്യവിശ്വാസം ഉപേക്ഷിച്ചു, വ്യാജ പ്രവാചകൻ പഠിപ്പിക്കുന്ന ലോകജ്ഞാനത്തിലേക്ക് തിരിഞ്ഞു പോയിരിക്കുന്നു. ഇത് എന്നേ പോലുള്ള വൈദികരിൽ വളരെ വേദന ഉളവാക്കുന്ന കാര്യം ആണ്. കാരണം, ഞങ്ങൾ നിങ്ങളുടെ ആത്മാക്കൾക്ക് കണക്കു ബോധിപ്പിക്കേണ്ടവർ ആയതു കൊണ്ടത്രെ. യേശു ക്രിസ്തുവിന്റെ പിതാവിനെ തള്ളി പറയുന്നവൻ ആരോ അവൻ പിശാചിൽ നിന്നുള്ളവൻ അത്രേ. യേശു ക്രിസ്തു നമ്മുടെ പിതാവായ ദൈവത്തിന്റെ ആദ്യജാതനായ പുത്രൻ അല്ല എന്നു പറയുന്നവൻ ശപിക്കപ്പെട്ടവൻ ആകുന്നു. പിതാവിനെ കൂടാതെ പുത്രനെയോ പുത്രനെ കൂടാതെ പിതാവിനെയോ മഹത്വപ്പെടുത്താൻ നമുക്ക് കഴിയില്ല. എന്തുകൊണ്ടന്നാൽ ദൈവത്തിന്റെ ആത്മാവിൽ ഉള്ളവർ വിശുദ്ധ തൃത്വത്തെ ഗ്രഹിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. വീണു പോയവരേ നിങ്ങൾ അനുതപിച്ച് തിരിച്ചു വരാൻ ഞാൻ എന്നിലുള്ള ആചാര്യത്വവരത്തിന്റെ അധികാരത്താൽ ഉൽബോധിപ്പിക്കുന്നു. നിത്യദൈവത്തെ അവന്റെ ഏതെങ്കിലും ഒരു ക്നൂമായെ തള്ളി പറഞ്ഞു കൊണ്ടു നിങ്ങൾ സ്വീകരിക്കുന്ന വിശുദ്ധ കുർബാന നിങ്ങൾക്ക് ശിക്ഷാവിധിയ്ക്ക് കാരണം ആയി തീരുന്നു. ആയതു ഈസ്‌കറിയോത്ത യൂദാസ് കർത്താവിൽ നിന്നും അപ്പം വാങ്ങി ഭക്ഷിച്ചത് പോലെ അത്രേ.
വിശുദ്ധ യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ നമ്മോട് കല്പ്പിക്കുന്നു ; "പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്‌മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു." (1 യോഹന്നാന്‍ 4 : 1). ഒരു വ്യാജ പ്രവാചകൻ നിങ്ങളോട് അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആയ സർവ്വശക്തനായ ദൈവം അല്ല ക്രിസ്തുവിന്റെ പിതാവായ ദൈവം എന്നും അബ്രഹാമിന്റെ സന്തതികൾ ആരാധിച്ച യഹോവയാം ദൈവം ഒരു ക്രൂരനായ ഗോത്ര ദൈവം ആണെന്നും പഠിപ്പിക്കുമ്പോൾ നിങ്ങളുടെ വിശ്വാസം എവിടെ പോയി മറഞ്ഞു. ഞാൻ നിങ്ങളോട് ചോദിക്കട്ടെ, യേശു ജഡത്തിൽ വന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നില്ലേ..., ഉണ്ടെങ്കിൽ ജഡം ധരിക്കുന്നതിനു മുൻപ് അവൻ എവിടെ ആയിരുന്നു എന്നു നിങ്ങൾക്ക് അറിയില്ലേ. യോഹന്നാൻ പറയുന്നു, "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല." (യോഹന്നാന്‍ 1 : 1-3). യേശു ക്രിസ്തു ജഡം ധരിച്ച വചനമാം ദൈവം ആകുന്നു എന്നും അവൻ നിത്യതയിൽ ദൈവത്തോട് കൂടെ അതായത് തന്റെ പിതാവായ ദൈവത്തോട് കൂടെ ആയിരുന്നു എന്നും യോഹന്നാൻ പഠിപ്പിക്കുന്നു. ആരാണ് ഈ പിതാവ്? അവനെ പറ്റി പൂർവികർ എന്താണ് പറയുന്നത്?
പൂർവ്വികരുടെ ദൈവവിശ്വാസത്തെപ്പറ്റി സ്തേപ്പാനോസ് പ്രസംഗിച്ച് പറഞ്ഞത് ഇപ്രകാരം ആണ്, അവന്‍ പ്രതിവചിച്ചു: "സഹോദരന്‍മാരേ, പിതാക്കന്‍മാരേ, കേ ട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്‌ഷനായി"
(അപ്പ. പ്രവര്‍ത്തികൾ 7 : 2) എന്നും തുടർന്ന് മോശയുടെ കാലത്ത് ഉണ്ടായ ദൈവപ്രത്യക്ഷതയേപറ്റി, "സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്‌ജ്വാലകളുടെ മധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്‌ഷനായി.
മോശ ആദര്‍ശനത്തില്‍ അദ്‌ഭുതപ്പെട്ടു. സൂക്‌ഷിച്ചുനോക്കാന്‍ അവന്‍ അടുത്തേക്കു ചെന്നു. അപ്പോള്‍ കര്‍ത്താവിന്റെ സ്വരം കേട്ടു:
നിന്റെ പിതാക്കന്‍മാരുടെ ദൈവമാണു ഞാന്‍ - അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടു നോക്കാന്‍ ധൈ ര്യപ്പെട്ടില്ല.
കര്‍ത്താവ് അവനോടു പറഞ്ഞു: നിന്റെ പാദരക്‌ഷകള്‍ അഴിച്ചുമാറ്റുക. നീ നില്‍ക്കുന്ന സ്‌ഥലം പരിശുദ്‌ധമാണ്"
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 30-33) എന്നുമാണ് എഴുതപ്പെട്ടിരിക്കുന്നത്. അങ്ങനെ എങ്കിൽ അബ്രഹാമിന്റെ ദൈവം തന്നെ അല്ലെ മോശയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഈ ദൈവം മോശയോട് തന്റെ നിത്യമായനാമം "യെഹ്യാഹ്" അഥവാ "യാഹ്" എന്നു വെളിപ്പെടുത്തിയ ശേഷം മറ്റൊരു സന്ദർഭത്തിൽ പറയുന്നത് പൂർവികർക്കു താൻ എൽ ശദ്ദായ് അഥവാ സർവ്വശക്തനായ ദൈവം എന്ന് അറിയപ്പെട്ടു, അന്ന് അവരോട് ഞാൻ എന്റെ നിത്യമായ നാമം വെളിപ്പെയടുത്തിയില്ല. എന്നാൽ ഇപ്പോൾ ഞാൻ അത് വെളിപ്പെടുത്തുന്നു എന്നാണ് (പുറപ്പാട് 6:3). എന്തുകൊണ്ട് ആണ് ദൈവം തനിക്കു ഒരു നിത്യമായ നാമകരണം മോശയുടെ മുൻപിൽ പ്രസ്താവിച്ചത്, തീർച്ചയായും അതിനു ഒരു കാരണം ഉണ്ട്, അവൻ നിത്യനായ ഏക സത്യദൈവം ആയിരുന്നു, അവനു നാമം ആവിശ്യം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ അവൻ ഒരു ജനതയുമായി ഉടമ്പടി വയ്ക്കാൻ സീനായി മലയിൽ ഇറങ്ങി വന്നിരിക്കുന്നു. ഈ ജനതയ്ക്കു അവൻ പിതാവ് ആണ്. ഇസ്രായേൽ അവനു ഏകജാതനും ആണ് (പുറപ്പാട് 4:22-23) അതുകൊണ്ട് തന്റെ ജനത്തിന് തന്നെ അറിയാൻ തന്റെ നിത്യമായ നാമം താൻ വെളിപ്പെടുത്തി കൊടുത്തു. കൂടാതെ തന്റെ വിശുദ്ധമായ നിത്യനാമം വൃഥാ ഉപയോഗിക്കരുത് എന്നുള്ള കല്പനയും കൊടുത്തു. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല." (പുറപ്പാട് 20 : 7). ആ വ്യാജ പ്രവാചകനും അവനെ പിന്തുടരുന്നവർക്കും ഹാ! കഷ്ടം!
മുൾപ്പടപ്പിൽ പ്രത്യക്ഷനായ ഏക സത്യദൈവമായ യാഹ് തന്നെ ആണ് നമ്മുടെ കർത്താവും അവന്റെ പിതാവും എന്നു സ്തേപ്പാനോസ് സാക്ഷിച്ചപ്പോൾ അവർ അവനെ കല്ലെറിഞ്ഞു കൊന്നു. ഇപ്രകാരം അനേകരുടെ രക്തം വളമായത് മൂലം ആണ് ഇന്നും ത്രിയേക ദൈവവിശ്വാസം നിലനിൽക്കുന്നത്. ഒരിക്കൽ യേശു തമ്പുരാൻ തന്നെ എതിർക്കുന്ന ഇസ്രായേൽ മക്കളോട് ഇപ്രകാരം പറഞ്ഞു, "നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ - ദൈവം." (യോഹന്നാന്‍ 8 : 41). ഇവടെ 'യാഹ്' തങ്ങളുടെ പിതാവ് ആണ് എന്ന് ഇസ്രായേൽ മക്കൾ അവകാശപെടുന്നു. അപ്പോൾ യേശു അവരോടു പറഞ്ഞു: "ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്." (യോഹന്നാന്‍ 8 : 42). ഇവടെ യേശു അവരോടു പറയുന്നത് അവർ യഥാർത്ഥത്തിൽ അവരുടെ പിതാവായ ദൈവത്തെ (യഹോവ) സ്നേഹിച്ചിരുന്നെങ്കിൽ തന്നെയും സ്നേഹിക്കുമായിരുന്നു എന്നാണ്. പക്ഷേ അവർ കപടഭക്തർ ആയിരുന്നു, അവർ വായ് കൊണ്ടു ഏറ്റു പറയുകയും ഹൃദയം കൊണ്ടു തള്ളി പറയുകയും ചെയ്യുന്നത് കർത്താവിനു അറിയാമായിരുന്നു.
യേശു തുടർന്ന് പറഞ്ഞു, "നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്." (യോഹന്നാന്‍ 8 : 44). യേശു ക്രിസ്തു യാഹ് എന്ന ദൈവമല്ല എന്നോ അല്ലെങ്കിൽ യേശു ക്രിസ്തു യാഹോവയാം ദൈവത്തിന്റെ പുത്രൻ അല്ല എന്നോ പറയുന്നവർ എല്ലാം മേൽപറഞ്ഞ ഇസ്രായേൽ മക്കളുടെ ഗണത്തിൽ പെടും. കാരണം അവർ യേശുവിനെ യഹോവ അയച്ച മിശിഹാ ആയിട്ട് അംഗീകരിക്കാൻ തയ്യാർ ആയില്ല. അവർ അവനെ കുരിശിൽ തറച്ചു കൊന്നു. ഇന്ന് യാക്കോബായ സഭയിലെ വിശ്വാസികളെ പാഷാണ്ഡതയിലേക്ക് നയിക്കുന്ന ആ വ്യാജപ്രവാചകൻ പിശാചിൽ നിന്നുള്ളവൻ ആണ്. അവനെ ഉപേക്ഷിച്ചു മിശിഹായെ സ്വീകരിച്ചു കൊള്ളുവിൻ.
അവസാനമായി, പിശാചിന്റെ മക്കൾ തന്നെ കൊല്ലാൻ ഇരിക്കുന്നു എന്നറിഞ്ഞിട്ടു, യേശു തനിക്കു പിതാവ് നൽകാൻ പോകുന്ന മഹത്വത്തെപറ്റി ഓർത്തിട്ട് ഇപ്രകാരം അവരോട് പറഞ്ഞു, "ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല.
എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. (യോഹന്നാന്‍ 8 : 54-55). ഇസ്രായേൽ മക്കൾ യഹോവ ദൈവം എന്നു അധരങ്ങൾ കൊണ്ടു പറഞ്ഞു എങ്കിലും ഹൃദയത്തിൽ അവന്റെ കല്പനകൾ പാലിച്ചിരുന്നില്ല, അതുകൊണ്ട് അവർ പിശാചിന്റെ മക്കൾ ആയി തീർന്നു. എന്നാൽ യഹോവയായ പിതാവിൽ നിന്നുള്ള പുത്രനായ യാഹ് തന്നെ ആണ് താൻ എന്നു കർത്താവ് അവർക്ക് വെളിപ്പെടുത്തി. നിങ്ങൾ ദൈവം എന്നു വിളിക്കുന്നവൻ ആണ് എന്റെ പിതാവ് എന്നു അവൻ പറഞ്ഞുവല്ലോ. പക്ഷേ അവർ അവനെ ആക്രമിക്കാൻ ശ്രമിക്കുക മാത്രം ആണ് ചെയ്തത്.
ഇന്ന്, വ്യാജപ്രവാചകന്റെ വാക്കുകൾ കേട്ട്, ദൈവത്തിന്റെ നിത്യമായ നാമത്തെ തള്ളി പറഞ്ഞു കൊണ്ടു നൂറു കണക്കിന് പേര് യേശുവിനു മറ്റൊരു പിതാവിനെ ചാർത്തി കൊടുക്കുന്നു. നിങ്ങൾക്ക് ഹാ! കഷ്ടം! നിങ്ങള്ക്ക് മുൻപ് അവനെ കുരിശിച്ചവരും ഇത് തന്നെ അല്ലേ ചെയ്തത്.
സഹോദരന്മാരെ, അനുതപിച്ച് നിങ്ങൾ പാപം ഏറ്റു പറയുവിൻ. വാക്കാലോ, പ്രവർത്തിയാലോ നിങ്ങൾ തള്ളി പറഞ്ഞ നിത്യമായ നാമത്തിലേക്ക് തിരിച്ചു വരുവിൻ. ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുന്നതിൽ നിന്നും പിൻതിരിയുവിൻ.
യഹോവ രക്ഷ എന്നർത്ഥം ഉള്ള യേശു ദൈവമാം വിശുദ്ധ ജാതിയാണ് നമ്മൾ, അവൻ മൂലം അവന്റെ പിതാവിനു വിശുദ്ധ ജനമായി തീർന്നവർ ആണ് നാം. അവന്റെ നിത്യമായ നാമം നമ്മുടെ മേൽ എഴുതപ്പെട്ടത് പരിശുദ്ധ റൂഹ നമ്മെ യഹോവയുടെ ആലയമാക്കി വിശുദ്ധീകരിച്ചതിനാൽ ആണ്. യേശു പറഞ്ഞു ഞാൻ നല്ല ഇടയൻ ആകുന്നു. ദാവീദ് പറഞ്ഞു യഹോവ എന്റെ ഇടയൻ ആകുന്നു. നമ്മുടെ ദൈവം ത്രിത്വത്തിൽ ഏകനായ യാഹ് ആകുന്നു.
നമ്മുടെ ദൈവമായ യാഹ് ന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ.
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ