ബാർ യുഹാനോൻ റമ്പാൻ
'യഹോവ' ഗോത്ര ദൈവമോ? എന്ന എന്റെ ലേഖനത്തിന്റെ തുടർച്ചയായി വേണം ഈ ലേഖനം വായിക്കാൻ. കാരണം വിശുദ്ധ യുസ്തീനോസ് സഹദ പഠിപ്പിക്കുന്നത് പോലെ, "മനുഷ്യരാശിയിലെ എല്ലാ വംശങ്ങളിലും സത്താൻ അവന്റെ ദൂതരിലൂടെ സകലത്തിന്റെയും സൃഷ്ടാവായ ദൈവത്തെ നിഷേധിക്കാനും, അനേകരെ കൂട്ടത്തിൽ ചേർത്ത് ദൈവദൂഷണം പറയുന്നവരാക്കി തീർക്കുന്നതിനും ഇടയാക്കുന്നു." നമ്മുടെ ഈ കാലയളവിൽ നിഗളിച്ചിട്ട് സാത്താനോട് കൂടി ചേർന്ന ഒരുവൻ "സർവ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തതുമായ സകലത്തിന്റെയും സൃഷ്ടാവായ സത്യേക ദൈവത്തിൽ" ഉള്ള ദൈവമക്കളുടെ വിശ്വാസത്തെ ഇളക്കുവാനും, തമ്പുരാനെ മഹത്വമുള്ള നാമം വൃഥാവിൽ ആക്കുവാനും പരിശ്രമം നടത്തുന്നു. ആ നികൃഷ്ട ചെന്നായ ആട്ടിൻ തോല് ധരിച്ചു കൊണ്ടു പുണ്യപ്പെട്ട സഭാ പിതാക്കന്മാരുടെ ആരാധന ക്രമങ്ങളെ വികലമാക്കി വ്യാഖ്യാനം ചെയ്തു കൊണ്ടു ദൈവസ്നേഹത്തേക്കാൾ ഉപരി 'മതവൈര'മുള്ള ഹൃദയങ്ങളെ സ്വാധീനം ചെയ്തു. ഇത് കൂടാതെ തങ്ങളുടെ ജ്ഞാനത്തിൽ നിഗളിച്ചത് മൂലം സത്യത്തെ തിരിച്ചറിയാൻ സാധിക്കാതെ അന്ധരായ ചില വിശ്വാസികളെയും, അതുപോലെ സ്ലീബ വരച്ച് ഒപ്പിട്ടതായ അമോലോഗിയയ്ക്കു വിരുദ്ധമായി ചിന്തിച്ചത് കൊണ്ടു ചില പുരോഹിതൻമാരെയും 'സാത്താന്റെ ആദ്യജാതന്റെ ഈ പ്രവാചകൻ' തന്റെ സ്വാധീന വലയത്തിൽ ആക്കി.
മാർസിയനിസം
ആ കള്ളപ്രവാചകന്റെ പിതാവായ ശപിക്കപ്പെട്ട മാർസിയോനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം. ഈ മാർസിയോനെ ആണ് അപ്പോസ്തോലനായ യോഹന്നാന്റെ ശിക്ഷ്യൻ വിശുദ്ധനായ സ്മിർണ്ണയിലെ പൊളികോർപ്പസ് 'സാത്താന്റെ ആദ്യജാതൻ' എന്നു വിളിച്ചത്. എ ഡി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതായത് അവസാന അപ്പോസ്തോലനും വാങ്ങിപോയതിനു ശേഷം പ്രചാരത്തിലായ ഒരു പാഷണ്ഡതയാണ് മാർസിയണിസം.
ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ പഴയനിയമത്തിലെ ദൈവത്തിൻ്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മാർസിയന്റെ ഈ വേദവിപരീതം. പഴയ നിയമത്തിലെ യൂദന്മാരുടെ ദൈവം അതായത് യഹോവയായ ദൈവം കഠിനനായ ഒരു ഗോത്രദൈവം ആണെന്ന് മാർസിയോനും അനുയായികളും വിശ്വസിച്ചു. ഈ ഗോത്രദൈവം മനുഷ്യരെ അവരുടെ പാപങ്ങൾക്ക് ശിക്ഷിച്ചു. അതേസമയം പുതിയ നിയമത്തിലെ ദൈവം സ്നേഹത്തിൻ്റെയും കരുണയുടെയും ദൈവമാണ്. ഈ ദൈവം ആണ് യേശുവിനെ ലോകത്തിലേക്കു അയച്ചത്. പഴയനിയമത്തിലെ യഹോവയായ ദൈവത്തെ "സ്രഷ്ടാവ്" അല്ലെങ്കിൽ "കോസ്മോക്രാറ്റർ" ("ലോക ഗവർണർ") എന്നാണ് മാർഷ്യൻ വിളിച്ചത്. പഴയനിയമത്തിലെ ദൈവത്തെയും പുതിയ നിയമത്തിലെ ദൈവത്തെയും തമ്മിൽ താരതമ്യം ചെയ്യുന്ന ആൻ്റിതീസിസ് എന്ന പുസ്തകം ഇതിനു വേണ്ടി മാർഷ്യൻ എഴുതി.
അപ്പോസ്തോലനായ പൗലോസിനെ തങ്ങളുടെ മാരക ശത്രുവായി കണ്ടിരുന്ന എബിയോണൈറ്റുകളെപ്പോലുള്ള മറ്റ് ആദിമ ക്രിസ്ത്യൻ കൾട്ടുകളുടെ വീക്ഷണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു പൗലോസിനോടുള്ള മാർസിയൻ്റെ മനോഭാവം. യേശുവിൻ്റെ സന്ദേശത്തിൻ്റെ സ്വഭാവം യഥാർത്ഥത്തിൽ മനസ്സിലാക്കിയ ഒരേയൊരു അപ്പോസ്തലൻ പൗലോസ് മാത്രം ആണെന്ന് മാർഷ്യൻ പഠിപ്പിച്ചു.
യേശുവിൻ്റെ കുരിശുമരണവും പുനരുത്ഥാനവും ലോകത്തിന് രക്ഷ കൊണ്ടുവന്നുവെന്ന് പൗലോസ് തൻ്റെ കത്തുകളിൽ ഊന്നിപ്പറയുന്നു. അതുപോലെ പൗലോസ് പുതിയ നിയമ സുവിശേഷ സന്ദേശവും യഹൂദ നിയമവും തമ്മിൽ വ്യക്തമായ ഒരു വ്യത്യാസം എഴുതി കാണിച്ചു. മോശൈക ന്യായപ്രമാണം പിൻപറ്റുന്നതിലൂടെയല്ല, പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ആളുകൾ ദൈവവുമായി നീതികരിക്കപ്പെടുന്നത് എന്ന് പൗലോസ് ഉറപ്പിച്ചു പറഞ്ഞു. പൗലോസിന്റെ ഈ ആശയങ്ങൾ മാർഷ്യൻ തന്റെ കാഴ്ചപ്പാടിൽ കൂടി നോക്കി കാണുകയും ഈ വ്യത്യാസത്തെ അതിൻ്റെ യുക്തിസഹമായ തീവ്രതയിലേക്ക് കൊണ്ടുപോയികൊണ്ടു ഒരു വേദവിപരീത ചിന്ത വ്യാപിപ്പിക്കുകയും ചെയ്തു. മാർസിയോണിനെ സംബന്ധിച്ചിടത്തോളം, പഴയനിയമ നിയമവും യേശു കൊണ്ടുവന്ന "സന്തോഷവാർത്തയും" തമ്മിൽ സമൂലമായ വിഭജനം ഉണ്ടായിരുന്നു. സുവിശേഷം നൽകിയ ദൈവത്തിന് പഴയ നിയമം നൽകിയ അതേ ദൈവമാകാൻ കഴിയില്ലെന്ന് അവൻ വാദിച്ചു.
മാർസിയോണിൻ്റെ അഭിപ്രായത്തിൽ, യഹൂദന്മാർക്ക് അവരുടെ സ്വന്തം ദൈവമാണ് നിയമം നൽകിയത്, അതേസമയം സുവിശേഷം നൽകിയത് മറ്റൊരു ഉയർന്ന ദൈവത്തിൽ നിന്ന് വന്ന യേശുവാണ്. ഇത് യേശുവിൻ്റെ ദൈവം (പിതാവ്) യഹൂദരുടെ ദൈവമല്ല എന്ന നിഗമനത്തിലേക്ക് മാർഷനെ നയിച്ചു. ഇസ്രായേലിനെ തൻ്റെ ജനമായി വിളിക്കുകയും അവർക്ക് തൻ്റെ നിയമം നൽകുകയും ചെയ്ത യഹൂദ ദൈവത്തെ യഹോവയെ ഈ ലോകത്തിൻ്റെ സ്രഷ്ടാവായി അവൻ കണ്ടു. അവർക്ക് ഈ നിയമം പാലിക്കാൻ കഴിയാത്തതിനാൽ, അവരുടെ ദൈവത്തിൻ്റെ ക്രോധകരമായ നീതിയാൽ അവർ കുറ്റംവിധിക്കപ്പെട്ടു.
നേരെമറിച്ച്, യേശുവിൻ്റെ സ്വർഗസ്ഥ പിതാവായ ദൈവം കരുണയുടെയും സ്നേഹത്തിൻ്റെയും ദൈവമാണെന്ന് മാർഷൻ വിശ്വസിച്ചു. ജെഫ്രി എസ്. സിക്കർ മാർസിയോണിൻ്റെ പ്രധാന പഠിപ്പിക്കലുകൾ ഇപ്രകാരം സംഗ്രഹിക്കുന്നു: “യേശുക്രിസ്തുവിൽ വെളിപ്പെട്ട നല്ലവനും സ്നേഹമുള്ളവനുമായ ദൈവം, ഈ ലോകത്തെ സൃഷ്ടിച്ച് ഭരിച്ചിരുന്ന യഹൂദന്മാരുടെ പ്രതികാരദായകമായ യഹോവയിൽ നിന്ന് വ്യത്യസ്തമാണെന്ന് മാർഷ്യന് ബോധ്യപ്പെട്ടു. യഹൂദഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്ന യഹൂദന്മാരുടെ യഹോവ ത്യാഗങ്ങൾ ആവശ്യപ്പെടുന്ന, മുഴുവൻ ജനങ്ങളെയും കൊല്ലാൻ കൽപ്പിക്കുന്ന, പൊരുത്തമില്ലാത്ത അസൂയയും പ്രതികാരവും ഉള്ള ഒരു ദൈവമാണ്. യേശുവിൻ്റെ സ്നേഹവാനായ ദൈവം യഹൂദ തിരുവെഴുത്തുകളിലെ യഹോവയായ ദൈവത്തിന് വിരുദ്ധമാണെന്ന് മാർഷ്യൻ വാദിച്ചു."
മാത്രമല്ല, ഈ ലോകത്തെ സൃഷ്ടിച്ച പഴയനിയമ ദൈവത്തിൻ്റെ അതായത് യഹോവയുടെ ന്യായമായ കോപത്തിൽ നിന്ന് ആളുകളെ രക്ഷിക്കാനാണ് യേശു വന്നതെന്ന് മാർസിയോൺ ഉറപ്പിച്ചു പറഞ്ഞു. തത്ഫലമായി, യേശു ഈ ലോകത്തിലോ അതിൻ്റെ ഭാഗത്തിലോ ജനിച്ചിട്ടില്ലെന്ന് മാർഷ്യൻ നിഗമനം ചെയ്തു. പകരം, അവൻ യേശുവിനെ ഒരു മായയായി (phantasm) വീക്ഷിച്ചു, ലോകത്തിനു മുൻപിൽ കാഴ്ചയിൽ പ്രത്യക്ഷപ്പെട്ട ഒരു മായാപുരുഷൻ, എന്നാൽ ലോകത്തിൽ നിന്നുള്ളവനല്ല മറിച്ചു ദുഷ്ടനായ യഹോവയെക്കാൾ അതിശക്തനായ സ്വർഗീയ ദൈവത്തിൽ നിന്നും അയയ്ക്കപ്പെട്ട ഒരു ദൈവം ആയിട്ട് യേശുവിനെ കണ്ടു.
യേശുവിൻ്റെ മാനുഷികവും ദൈവികവുമായ സ്വഭാവത്തെ ഊന്നിപ്പറയുന്ന അപ്പോസ്തോലിക സഭയിൽ നിന്നുള്ള മാർസിയോണിൻ്റെ സമൂലമായ വേർപാടിന് ഈ പാഷാണ്ഡത കൂടുതൽ അടിവരയിടുന്നു. മാർസിയോണിൻ്റെ വീക്ഷണങ്ങൾ അപ്പോസ്തോലിക സഭയ്ക്ക് അഗാധമായ വെല്ലുവിളി ഉയർത്തി. പഴയ നിയമത്തിലെ ദൈവത്തെയും പുതിയ നിയമത്തിലെ ദൈവത്തെയും വേർതിരിച്ചുകൊണ്ട്, സത്യവിശ്വാസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദ്വൈതവാദം അവൻ അവതരിപ്പിച്ചു.
പീടിയെക്കലിസം
സുറിയാനി ക്രിസ്ത്യാനികൾ അവരുടെ ആരാധന പാരമ്പര്യങ്ങളിൽ വളരെ അഭിമാനം കൊള്ളുന്നവർ ആണ്. സാധാരണക്കാർക്ക് എപ്പോഴും ദൈവത്തെ സമീപിക്കുവാനും അവനെ മഹത്വപ്പെടുത്തി സ്തുതിക്കുവാനും ഈ ആരാധന പാരമ്പര്യം എന്നും ഒരു ഊർജ്ജമായി നിന്നിട്ടുണ്ട്. ഇത് സഭയുടെ ഒരു വ്യക്തി മുദ്രയും, അച്ചടക്കത്തിന്റെ കാരണവും ആയിരുന്നു.
എന്നാൽ ഇവയെല്ലാം ഒരിക്കൽ തള്ളി പറഞ്ഞു സത്യവിശ്വാസം ഉപേക്ഷിച്ചു പോയവനും പിന്നീട് സുറിയാനി സഭ മാത്രം ആണ് ശരി എന്ന് പറഞ്ഞു കൊണ്ടു ഇവിടുത്തെ ജനത്തെ സ്വാധീനിക്കുവാനും ആയിട്ട് ഒരുവൻ മുന്നോട്ട് വന്നു.
സുറിയാനിക്കാരുടെ ഇടയിൽ അവരുടെ ആരാധന ഗീതങ്ങളും മറ്റു ക്രമങ്ങളും നിരത്തി വച്ചു കൊണ്ടു അവൻ വ്യാഖ്യാനങ്ങൾ കൊടുത്തു തുടങ്ങി. സാവധാനം അവൻ ജനത്തിന്റെ മേൽ തന്റെ തലതൊട്ടപ്പനായ മാർസിയോന്റെ പഠിപ്പിക്കൽ പകർത്തി കൊടുത്തു. അനേകർ ഇതിൽ വീണു വഴി തെറ്റി തങ്ങളുടെ നിത്യ ജീവൻ അപകടത്തിലാക്കി.
എന്താണ് ഇവനും മാർസിയോനും തമ്മിലുള്ള ബന്ധം? രണ്ടു പേരും പുതിയ നിയമത്തെയും പഴയ നിയമത്തെയും വേർതിരിച്ചു പഠിപ്പിക്കുന്നു. മാർസിയോനെ പോലെ ഇവനും ദൈവത്തിന്റെ നിത്യമായ നാമത്തെ ദുഷിക്കുകയും ആ മഹത്വമുള്ള നാമം വഹിക്കുന്ന ദൈവത്തെ ക്രൂരനും, യുദ്ധകൊതിയനും, വംശീയവാദിയും എല്ലാം ആയിട്ട് ചിത്രീകരിച്ചു. വിശുദ്ധ ത്രിത്വ വിശ്വാസത്തെ അവൻ ഉപായപൂർവ്വം വ്യതിചലിപ്പിച്ച് പഠിപ്പിച്ചു. മുകളിൽ സൂചിപിച്ച മാർസിയന്റെ മിക്കവാറും പഠിപ്പിക്കലുകൾ എല്ലാം തന്നെ യാക്കോബായ മക്കളുടെ ഹൃദയത്തിൽ അവർ അറിയാതെ നിക്ഷേപം ചെയ്തു.
ഇവൻ ശപിക്കപെട്ടവൻ, ഇവനോട് കൂടി പോകുന്നവർ മാർക്കിയോന്റെ കൂടെ സാത്താനു കൊടുക്കപ്പെട്ടവർ.
മാനസാന്തരപ്പെടുവിൻ, വിശുദ്ധ ഗ്രന്ഥം നിങ്ങൾക്ക് പഠിക്കണമെങ്കിൽ നിങ്ങൾ സഭയിലേക്ക് തിരിയുവിൻ. ദൈവവചനത്തിന്റെ കതിരുകളെ ആചാര്യമണ്ഡലത്തിൽ വിശകലനം ചെയ്തു പഠിപ്പിക്കുവാൻ നിങ്ങളുടെ ശുശ്രുക്ഷകരായി ഞങ്ങളെ ദൈവം നിയോഗിച്ചിട്ടുണ്ടല്ലോ.
തുടരും.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ