ബാർ യുഹാനോൻ റമ്പാൻ
ആമുഖം
ദൈവപുത്രനായ യേശുക്രിസ്തു മരണത്തിൻ്റെ അടിമത്തത്തിൽ നിന്ന് നിത്യജീവനിലേക്കുള്ള നമ്മെ രക്ഷിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് സാധ്യമായതു, ദൈവിക ത്രിത്വത്തിൻ്റെ രണ്ടാമത്തെ വ്യക്തിയായ പുത്രൻ പരിശുദ്ധാത്മാവാൽ കന്യകാമറിയത്തിലൂടെ ശരീരം സ്വീകരിച്ചത് മൂലം ആണെന്നും ഞങ്ങൾ വിശ്വസിക്കുന്നു (ലൂക്കാ 1:35). ഈ ലേഖനത്തിൽ, കന്യകയുടെ ജനനത്തിൻ്റെ സമ്പൂർണ്ണ ആവശ്യകതയും പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ചുള്ള എൻ്റെ ഒരു പ്രതിഫലനം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രതിഫലന പഠനം സഭയുടെ എഴുതപ്പെട്ട പരമോന്നത അധികാരമായി കണക്കാക്കുന്ന തിരുവെഴുത്തുകളിൽ ഉറച്ചുനിൽക്കുന്നു.
കൂടാതെ, സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ പാരമ്പര്യത്തിൽ ഞാൻ വളർത്തപ്പെട്ടത് എൻ്റെ ആത്മീയതയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ പാരമ്പര്യം ആരാധനാ കവിതകളാലും പ്രാർത്ഥനകളാലും സമ്പന്നമാണ്, അത് ഈ വിഷയത്തെക്കുറിച്ച് തിരുവെഴുത്തുകളിൽ നിന്നും അപ്പസ്തോലിക പാരമ്പര്യങ്ങളിൽ നിന്നും വിലയേറിയ ഉൾക്കാഴ്ചകൾ നൽകുന്നു. പ്രാഥമികമായി തിരുവെഴുത്തുകളെ ആശ്രയിക്കുമ്പോൾ, എൻ്റെ പ്രതിഫലനത്തെ നയിക്കാനും തിരുവെഴുത്ത് കേന്ദ്രീകൃത വീക്ഷണം ഉറപ്പാക്കാനും നവീകരണ ദൈവശാസ്ത്ര പാരമ്പര്യങ്ങളിൽ നിന്നുള്ള ചില പുസ്തകങ്ങളും ഞാൻ പരിശോധിച്ചിട്ടുണ്ട്.
കന്യകാ ജനനത്തെ, മറിയയുടെ അമലോത്ഭവം, നിത്യ കന്യകാത്വം, അല്ലെങ്കിൽ അവൾക്ക് യേശുവിനെക്കൂടാതെ കുട്ടികളുണ്ടോ തുടങ്ങിയ സംവാദങ്ങളുമായി ചേർത്ത് അനാവശ്യമോ അപ്രസക്തമോ ആയ ഒരു ചോദ്യമായി ചിലർ വീക്ഷിച്ചേക്കാം. എന്നിരുന്നാലും, കന്യാകാ ജനനത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും പര്യവേക്ഷണം ചെയ്യുന്നത്, നമ്മുടെ വിശ്വാസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ പ്രമാണങ്ങളുടെ ആലോചനയ്ക്ക് തുല്യമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
വിശുദ്ധ ഗ്രന്ഥം, പാരമ്പര്യം, ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്നിവയുടെ ലെൻസിലൂടെ കന്യകയുടെ ജനനം പരിശോധിക്കുന്നതിലൂടെ, ഈ അവശ്യ ക്രിസ്ത്യൻ സിദ്ധാന്തത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ അൽപ്പമായെങ്കിലും നൽകാൻ ഈ ലേഖനം ലക്ഷ്യമിടുന്നു.
*ദിവ്യ ഒയ്ക്കോണോമിയ*
മനുഷ്യരാശിയുടെ രക്ഷയെ സംബന്ധിച്ച് നിത്യതയിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ ഒരു ദൈവിക കൗൺസിൽ ഉളവായിട്ടുണ്ടെന്ന് സഭാ പണ്ഡിതന്മാർ ആദ്യകാലങ്ങളിൽ മുതൽ വിശ്വസിച്ചിരുന്നു (എഫേ.1:4-5; 1 പത്രോ.1:20). ഈ ദൈവിക ഒയ്കോണോമിയ പ്രത്യേകമായി മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷയെക്കുറിച്ചായിരുന്നുവെങ്കിലും, വീണുപോയ മാലാഖമാരുടെ സ്ഥാനം മനുഷ്യനിലൂടെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിയും അതിൽ ഉൾപ്പെട്ടിരുന്നു. തിന്മപ്പെട്ട മാലാഖമാരുടെ പ്രതാപം നഷ്‌ടപ്പെടുകയും പകരം വന്ന മനുഷ്യന് അതിനേക്കാൾ വലിയ മഹത്വം നൽകുകയും ചെയ്യുന്നത് ആണ് ഈ പദ്ധതി. അതിനർത്ഥം, വീണുപോയ മാലാഖമാർക്കുള്ള സമ്പൂർണ്ണ ശിക്ഷയാണ് മനുഷ്യൻ്റെ സൃഷ്ടി, അതിനാൽ പിശാച്ചും കൂട്ടരും തങ്ങളുടെ ദുഷ്പ്രവൃത്തികളിൽ പരാജയപ്പെടുകയും അവരുടെ ന്യായവിധിക്ക് മുമ്പ് അതിൽ ലജ്ജിക്കുകയും വേണം. നമ്മുടെ സന്ദർഭത്തിനോട് യോജ്യമല്ലെങ്കിലും, ദൈവത്തിൻ്റെ ചില മനോഭാവം മനസ്സിലാക്കാൻ നമുക്ക് 1കൊരിന്ത്യർ 1:27-28 എന്ന പാഠം ഇവിടെ ചേർത്ത് ഉപയോഗിക്കാം. ഇതിൽ ദൈവം തൻ്റെ ഉദ്ദേശ്യത്തിനായി വിഡ്ഢികളും ബലഹീനരും അധമരുമായവരെ തിരഞ്ഞെടുത്തത് ശക്തരെ ലജ്ജിപ്പിക്കാനാണ്. വീണുപോയ മാലാഖയുടെ മുൻ ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യൻ ബലഹീനനും താഴ്ന്നവനുമാണ്, എന്നാൽ തിന്മയെ നശിപ്പിക്കാൻ ദൈവം തൻ്റെ പുത്രനെ മാലാഖമാരേക്കാൾ അല്പം താഴെയായി ജനിക്കാൻ തിരഞ്ഞെടുത്തു (സങ്കീ. 8: 4-6; എബ്രാ. 2: 6-8). അങ്ങനെ മനുഷ്യൻ ദൈവപുത്രനിലൂടെ ദൈവത്തോട് ചേർന്നുള്ള ഔന്നത്യത്തിലേക്ക് ഉയർത്തപ്പെടുന്നു.
ബൈബിളിൽ, യെശയ്യാവ് 14:12ff, യെഹെസ്‌കേൽ 28:11ff എന്നിവ പോലെ ഒരു കൂട്ടം ദൂതന്മാരുടെ പതനത്തെക്കുറിച്ച് വെളിപാട് നൽകുന്നത് വളരെ കുറച്ച് ഭാഗങ്ങൾ മാത്രമാണ്. യെശയ്യാവിൽ ആലങ്കാരിക ഭാഷ ബാബിലോണിനെതിരെയും യെഹെസ്‌കേലിൽ സോർ രാജാവിനെതിരെയും ഉപയോഗിച്ചിട്ടുണ്ട്. ഇതനുസരിച്ച്, വീണുപോയ മാലാഖമാരുടെ തലവൻ്റെ മുൻ പൂർണ്ണത വെളിപ്പെടുത്തി, എന്നാൽ തീർച്ചയായും അത് ദൈവത്തിൻ്റെ പൂർണത പോലെയല്ല. അവനിൽ കാണുന്ന അനീതി വരെ അവൻ കുറ്റമറ്റവനായിരുന്നുവെന്നും ഈ വാക്യങ്ങൾ വെളിപ്പെടുത്തുന്നു. അവൻ്റെ അനീതിയുടെ കാരണം യെശയ്യാവിൽ എഴുതിയിരിക്കുന്നു, അത്യുന്നതനെപ്പോലെയാകാൻ ദൈവത്തിനെതിരെ മത്സരിക്കണമെന്ന് അവൻ തൻ്റെ ഹൃദയത്തിൽ ആഗ്രഹിച്ചു. എല്ലാവരുടെയും സൃഷ്ടിക്ക് മുമ്പ് ദൈവിക ഒയ്കോനോമിയ ഇത് ചർച്ച ചെയ്തു. തൽഫലമായി, ദൈവം അവൻ്റെ ഛായയിലും സാദൃശ്യത്തിലും രൂപകൽപ്പന ചെയ്ത മനുഷ്യരാശിക്ക് കരുണയുടെ ഒരു ശാശ്വത ഉടമ്പടി ലഭിച്ചു [വീണ്ടെടുപ്പ്], അത് ഒരേസമയം തിന്മയ്‌ക്കെതിരായ ക്രോധവും അപലപനവുമായി വർത്തിച്ചു. ഈ ദൈവിക ഒയ്ക്കോനോമിയയുടെ ഫലം, അത്യുന്നതനെപ്പോലെ ആകാനുള്ള ദുഷ്ടൻ്റെ ആഗ്രഹത്തിനെതിരായ ഒരു ദൈവിക മറുപദ്ധതിയാണ്, അതിൽ ദൈവം മനുഷ്യനാകാൻ ആഗ്രഹിച്ചു, അത് ദുഷ്ടനെ ലജ്ജിപ്പിക്കുന്നതാണ്. കന്യകയിലൂടെയുള്ള ജഡധാരണത്തിൻ്റെ കാരണത്തെക്കുറിച്ചുള്ള ഈ ഉൾക്കാഴ്ച സഭാപിതാക്കന്മാർ അവരുടെ ആരാധനക്രമങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
കന്യകാ ജനനത്തിൻ്റെ ആവശ്യകത
കന്യക ജനനത്തിൻ്റെ സമ്പൂർണ്ണ ആവശ്യകതയും യഥാർത്ഥ പ്രാധാന്യവും പല പണ്ഡിതന്മാരും പരിശോധിച്ചു നോക്കിയിട്ടുണ്ട്. ഈ രഹസ്യത്തിന്റെ ഉപദേശപരമായ പ്രാധാന്യത്തിന് ഡച്ച് വേദശാസ്ത്രജ്ഞനായ ഗ്രുഡെമിൻ്റെ വീക്ഷണത്തിൽ മൂന്ന് മേഖലകളുണ്ട്, ഇത് മുഴുവൻ ക്രൈസ്‌തവലോകത്തിൻ്റെയും പരക്കെ സ്വീകാര്യമായ വീക്ഷണ സമാനമാണ്. ഗ്രുഡേമിന്റെ മൂന്ന് മേഖലകളുടേയും സംഗ്രഹം സ്വീകരിക്കുമ്പോൾ, നമ്മുടെ വിഷയത്തെക്കുറിച്ചുള്ള പ്രതിഫലനത്തിൽ , ദിവ്യ ഒയ്‌ക്കോണോമിയയുടെ മൂന്ന് സുപ്രധാന പോയിൻ്റുകൾ ഉണ്ടാക്കാൻ വഴികാട്ടുന്നു. ഒന്നാമതായി, കന്യക ജനനം കാണിക്കുന്നത് രക്ഷ നമ്മുടെ കർത്താവിൽ നിന്ന് മാത്രമാണെന്നാണ്. രണ്ടാമതായി, കന്യകാ ജനനം ക്രിസ്തുവിൽ രണ്ട് ഹൈപ്പോസ്റ്റാറ്റിക് ഐക്യം സാധ്യമാക്കിയിരിക്കുന്നു. അവസാനമായി, കന്യകാ ജനനം മനുഷ്യത്വത്തിലെ പാപത്തിൻ്റെ സ്വഭാവത്തെ മറികടക്കുന്നു. കന്യകാ ജനനത്തിൻ്റെ പരമമായ ആവശ്യകതയുടെ ഈ മൂന്ന് പോയിൻ്റുകൾ ചുരുക്കമായി ചുവടെ പരിശോധിക്കുന്നു.
1. രക്ഷ ക്രിസ്തുവിലൂടെ മാത്രം
ക്രിസ്തുവിൻ്റെ ആത്മാവ് അവൻ്റെ ശരീരത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് പ്രവാചകന്മാരിലൂടെ പ്രവചിക്കപ്പെട്ടതായി പത്രോസ് അപ്പോസ്തലൻ പരാമർശിക്കുന്നു (1 പത്രോ.1:11). തിരഞ്ഞെടുക്കപ്പെട്ടവരുടെ വീണ്ടെടുപ്പിന് വേണ്ടിയായിരുന്നു കഷ്ടപ്പാട് (യെശ.53:5). ദൈവം ഏതൊരു കഷ്ടപ്പാടിനും അതീതനാണ്, എന്നാൽ കഷ്ടപ്പാടുകൾ സ്വീകരിക്കുന്നതിന്, ദൈവിക പ്രകൃതിക്ക് മനുഷ്യശരീരം ലഭിക്കേണ്ടതുണ്ട്, കാരണം ആദാമിന് ലഭിച്ച ഉടമ്പടി ലംഘിച്ചതിൻ്റെ ശാപത്തിൻ്റെ ഫലമാണ് കഷ്ടപ്പാടുകൾ (ഹോസ്.6:7; റോമ.5:12). അതിനാൽ, രക്ഷയുടെ ഒരു വശം ഇങ്ങനെയാണ്, ഒരു ദൈവ-മനുഷ്യനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നുള്ള മുഴുവൻ ശാപവും ദൈവത്തിലേക്ക് നീക്കം ചെയ്യുക (റോമ. 5:17). ദൈവത്തെ സംബന്ധിച്ചിടത്തോളം, ഈ ദൈവ-മനുഷ്യനെ കൂടാതെ, ശരീരത്തിൽ ശാപം സ്വീകരിക്കാൻ സാധ്യമല്ല, കാരണം ദൈവത്തിന് ഭൗതിക ശരീരം ഇല്ല (യോഹ. 4:24). കൂടാതെ, ഈ ശാപം മനുഷ്യൻ ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചതിൻ്റെ ഫലമാണ്, അതിനാൽ, മനുഷ്യനിലൂടെത്തന്നെ ഉടമ്പടിയുടെ അനുസരണം പുനഃസ്ഥാപിക്കുന്നതും രക്ഷയ്ക്ക് പ്രധാനമാണ്. തൽഫലമായി, ദൈവം നിയമത്തിന് കീഴിലുള്ള ഒരു മനുഷ്യനാകേണ്ടതുണ്ട് (Gal.4:5), മനുഷ്യനെ പ്രതിനിധീകരിച്ച്, ജഡംധരിച്ച വചനമാം ദൈവം മോശയുടെ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ശാപനിവാരണത്തിനായി പിതാവാം ദൈവവുമായി ഒരു അനുരഞ്ജനം നടത്തേണ്ടതുണ്ട്. ഇത് കന്യക ജനനത്തിൻ്റെ പരമമായ അനിവാര്യതയായിരുന്നു, ഇതിലൂടെ ദൈവം മനുഷ്യനായി മാറുകയും നമ്മെ ദൈവവുമായി ഒന്നിപ്പിക്കുകയും ചെയ്തു.
കന്യകാ ജനനത്തിലൂടെ, ദൈവം മനുഷ്യനായിത്തീരുകയും നമ്മുടെ രക്ഷയ്ക്കായി കഷ്ടത അനുഭവിക്കുകയും ചെയ്തു. മോശ മുഖാന്തിരം ലഭിച്ച ദൈവിക നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഈ കഷ്ടപ്പാട് രണ്ട് വഴികളിലൂടെയാണ് ക്രിസ്തുവിലേക്കു ഉളവായത്. ആദ്യത്തേത്, മനുഷ്യൻ്റെ പാപത്തിന് പകരക്കാരനായി മാറുന്നതിലൂടെ ക്രിസ്തു നിയമത്തിൻ കീഴിൽ (ഗലാ. 3:13) ഒരു ശാപമായിരിക്കണം, അതിനാൽ നമുക്ക് അവനിലൂടെ പാപമോചനം ലഭിക്കുന്നു. രണ്ടാമതായി, ക്രിസ്തു തൻ്റെ ദൈവിക ഗുണങ്ങൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാതെ നിയമം പൂർണമായി നിറവേറ്റേണ്ടതുണ്ട്, അതിനാൽ, തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് അവൻ്റെ അനുസരണം അനുഗ്രഹമായി കണക്കാക്കും (റോമ. 5:19). കഷ്ടപ്പാടുകളും പൂർണ്ണമായ അനുസരണവും കന്യകാ ജനനത്തോടെ ആരംഭിച്ചു. മുകളിൽ സ്വർഗത്തിൽ ദൈവത്തോടൊപ്പമുണ്ടായിരുന്നവൻ നമുക്കായി കന്യകയുടെ ഗർഭപാത്രത്തിൽ പരിമിതപ്പെടുത്തപ്പെട്ടു. ഈ കന്യക ജനനം കൂടാതെ, സകല സൃഷ്ടിയ്ക്കും മുമ്പായി ക്രിസ്തുവിലൂടെ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നതെന്തും നിറവേറ്റാൻ ദൈവത്തിന് കഴിയാതെ വരുമായിരുന്നു.
2.ക്രിസ്തുവിലെ രണ്ട് ഹൈപ്പോസ്റ്റാറ്റിക് ഐക്യം
കന്യകാ ജനനത്തിൻ്റെ മറ്റൊരു രഹസ്യം, അത് ക്രിസ്തുവിൽ രണ്ട് ഹൈപ്പോസ്റ്റാറ്റിക് (ദൈവിക ക്നൂമാ മനുഷ്യ ക്നൂമായെ സ്വീകരിക്കുന്നു) ഐക്യം സാധ്യമാക്കുന്നു എന്നതാണ്. ഡോസെറ്റിക് വിശ്വസിക്കുന്നതുപോലെ ക്രിസ്തു ഒരു മിഥ്യയല്ല. ക്രിസ്തു പൂർണ്ണമായും ദൈവവും മനുഷ്യനുമാണ്, അതിനാൽ നാം അവനിൽ കൂടി ദൈവവുമായി ഏകീകരിക്കപ്പെട്ടു. ദൈവിക ലോഗോസ് ദൈവത്തിൻ്റെ നിത്യ പുത്രനായിരുന്നു, ദൈവത്തിനല്ലാതെ ആർക്കും അവൻ്റെ പിതാവാകാൻ കഴിയില്ല (യോഹ. 1:1-2; 14). അതേ സമയം, അവൻ പിതാവിൽ നിന്ന് മാത്രം ജനിച്ചതിനാൽ അവന് നിത്യതയിൽ ഒരു മാതാവ് ഇല്ല (യെശ. 9: 6a). ഒരു മനുഷ്യനാകാൻ തീർച്ചയായും ദൈവിക ലോഗോസിനു ഒരു മനുഷ്യ മാതാവ് ആവശ്യമാണ്, പക്ഷേ അതേസമയം ഒരു മാനുഷിക പിതാവിനെ ആവശ്യമില്ല. കന്യകാ ജനനത്തിലൂടെ ക്രിസ്തു തികഞ്ഞ ദൈവവും പൂർണ മനുഷ്യനുമായി തുടരുന്നു. പിതാവായ ദൈവത്തിൽ നിന്നുള്ള നിത്യ പുത്രത്വം നിമിത്തം അവൻ പൂർണ ദൈവവും മനുഷ്യ കന്യകയിൽ നിന്ന് ജനിച്ചതിനാൽ അവൻ പൂർണ മനുഷ്യനുമാണ് (യെശ.7:14). ക്രിസ്തുവിലുള്ള ഈ രണ്ടു ഹൈപ്പോസ്റ്റാറ്റിക് ഐക്യം കന്യകാ ജനനത്തിലൂടെ മാത്രമേ സാധ്യമാകുന്നുള്ളു.
കന്യകയിലൂടെയുള്ള ഒരു ജനനത്തിനുപകരം, ഇതിനകം കുട്ടികളുള്ള ഒരു സ്ത്രീക്ക് ക്രിസ്തു എന്തുകൊണ്ട് ജനിച്ചില്ല എന്ന് ചിലർ ചിന്തിച്ചേക്കാം. എന്തുകൊണ്ടാണ് ദൈവം ജോസഫിന് വിവാഹനിശ്ചയം ചെയ്ത കന്യകയെ മനുഷ്യാവതാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഒരു പക്ഷേ ചിലർ ചോദ്യം ചെയ്തേക്കാം. എന്നാൽ, ന്യായപ്രമാണത്തിൻ കീഴിലും അതിനനുസരിച്ചും ക്രിസ്തു ജനിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇതിന്റെ കാരണം. ആദ്യജാതൻ ദൈവത്തെ സേവിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു (പുറ. 13:2), അനാദിയിൽ മാതാവില്ലാതെ പിതാവിൽ നിന്നും ജനിച്ച ആദ്യജാതൻ കാലത്തികവിൽ മാനുഷിക പിതാവില്ലാതെ ഒരു കന്യകയുടെ ആദ്യജാതനായികൂടി ജനിക്കേണ്ടത് അനിവാര്യമായിരുന്നു (ലൂക്ക. 2:7; കൊലോ. 1:15). കൂടാതെ, കന്യകയ്ക്ക് നീതിമാനായ ഒരു ഭർത്താവിൽ നിന്ന് സംരക്ഷണം ആവശ്യമായിരുന്നു (ദേവ. 22:20-21), നിഗൂഢമായ ഗർഭധാരണം നിമിത്തം അവൾ ഒരു വ്യഭിചാരിണിയായി കല്ലെറിഞ്ഞ് കൊല്ലപ്പെടില്ലെന്ന് ഇത് ഉറപ്പുവരുത്തി (മത്താ. 1:19). അതിനാൽ, ജഡധാരണത്തിന് ഏതെങ്കിലും ഒരു സ്ത്രീയല്ല മറിച്ച് ഒരു കന്യകയാണ് വേണ്ടിയിരുന്നത്. അതിനാൽ മാത്രമേ ദൈവിക ലോഗോസ്സിന് മനുഷ്യപ്രകൃതിയുടെ എല്ലാ ഗുണങ്ങളോടും കൂടിയ ഒരു യഥാർത്ഥ മനുഷ്യശരീരം എടുക്കാൻ കഴിയുമായിരുന്നുള്ളു.
ദൈവത്തിൽ നിന്നും മനുഷ്യനിൽ നിന്നും ഉള്ള ഹൈപ്പോസ്റ്റാറ്റിക് ഐക്യതയ്ക്കു ശേഷവും ഒരു ദൈവിക സാരാംശത്തിൽ മൂന്ന് ക്നൂമാകളുടെ ത്രിത്വ സൂത്രവാക്യം നിലനിർത്തുന്നതിന് കന്യക ജനനം തികച്ചും അനിവാര്യമായിരുന്നു. ക്രിസ്തുവിൽ ദൈവിക ലോഗോസ് മനുഷ്യശരീരം സ്വീകരിച്ചെങ്കിലും, പരിശുദ്ധ ത്രിത്വത്തിൽ ഒന്നും കൂടുതൽ ആയി ചേർക്കപ്പെട്ടിട്ടില്ല. കന്യകാ ജനനം മൂലം മാത്രമാണ് ഇത് സംഭവിച്ചത്. എന്നാൽ എന്തുകൊണ്ട് എന്നത് ഒരു വലിയ നിഗൂഢതയായി അവശേഷിക്കുന്നു, ഈ വിശുദ്ധ രഹസ്യം മനുഷ്യൻ്റെ ജ്ഞാനത്താൽ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നതുമല്ല. അത് ഒരു പരിധി വരെ അലക്സന്ത്ര്യയിലെ വിശുദ്ധ കൂറിലോസും, അന്ത്യോക്യ പാത്രിയാർക്കീസ് മോർ സേവേറിയോസും പഠിപ്പിക്കുന്ന പ്രകാരം ക്രിസ്തുവിന്റെ ഹൈപ്പോസ്റ്റാറ്റിക് ഐക്യം _ek duo_ —"രണ്ടിൽ നിന്നും" (from two) ആണെങ്കിലും അത് ഐക്യത്തിനു ശേഷം ജഡം ധരിച്ച വചനമാം ദൈവത്തിന്റെ _mia phusis_— "ഒരു സ്വഭാവം" (one incarnated nature of Divine Logos) ആയതു കൊണ്ടാണ് എന്നു വ്യക്തമാക്കപ്പെടുന്നു. ഒരു പരിധിയ്ക്കപ്പുറം ഇത് വിവരിക്കുക അസാധ്യം ആണ്. സഭ നാല് നാമവിശേഷണങ്ങളാൽ ഈ ഐക്യം വ്യക്തമാക്കുന്നു, ആയവ;
ആശയവൈരുധ്യമില്ലാതെ "without confusion " ( _asyngchytos_ ), മാറ്റമില്ലാതെ "without change" ( _atreptos_ ), വേർതിരിവ് ഇല്ലാതെ "without separation" ( _achoristos_ ), വിഭജനം കൂടാതെ "without division" ( _adiairetos_ ) എന്നിങ്ങനെ ആകുന്നു. ഇവയെ പറ്റിയുള്ള വ്യാഖ്യാനത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മൂലം നൂറ്റാണ്ടുകളോളം പൌരസ്ത്യ - പാചാത്യ സഭകൾ തമ്മിൽ തർക്കത്തിൽ കഴിഞ്ഞു.
3.ക്രിസ്തുവിൽ പാപരഹിതമായ മനുഷ്യപ്രകൃതി
കന്യകാ ജനനം കാരണമാണ് ക്രിസ്തുവിൻ്റെ മനുഷ്യ സ്വഭാവം പാപരഹിതമാണെന്ന് കണക്കാക്കിയിട്ടുള്ളത് (ഹെബ്രാ. 4:15; 1 യോഹ. 3:5). അതിനാൽ, ക്രിസ്തുവിൻ്റെ മനുഷ്യശരീരത്തിൻ്റെ പാപരഹിതത, പാപത്തിൻ്റെ കൈമാറ്റ സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്. കന്യകാ ജനനം പാപത്തിൻ്റെ സ്വഭാവത്തെ എങ്ങനെ മറികടന്നുവെന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കും. ഈ വിഷയത്തിൽ, ആദ്യം സഭാപിതാക്കന്മാർ പാഷണ്ഡികളെ പ്രതിരോധിക്കാൻ തത്വശാസ്ത്രപരമായ വിശദീകരണം ഉപയോഗിച്ചു, എന്നാൽ പിന്നീട് അത് തിരുവെഴുത്തുകളാൽ വ്യക്തമായി നിർവചിക്കപ്പെട്ടു. പാപത്തിൻ്റെ പാരമ്പര്യ സ്വഭാവത്തെക്കുറിച്ചുള്ള അഗസ്റ്റിൻ്റെ വാദം വേദപരമല്ല, തത്ത്വചിന്തയുടെ ഫലമായിരുന്നു. പാപത്തിൻ്റെ പാരമ്പര്യ സ്വഭാവത്തെക്കുറിച്ചുള്ള അഗസ്റ്റിൻ്റെ ധാരണ ജഡത്തിൽ 'പാപരഹിതനാകുന്നതിൽ' ഒരു പ്രശ്‌നമുണ്ടാക്കുന്നു. പാപം പ്രകൃതിയാൽ പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, തീർച്ചയായും, ശരീരത്തിനായി എടുക്കുന്ന മാംസവും അതിൻ്റെ പാരമ്പര്യ സ്വഭാവം കാരണം പാപം ബാധിച്ചിരിക്കുന്നു. ഇക്കാരണത്താൽ ആയിരിക്കാം, അമലോത്ഭവ സിദ്ധാന്തം എന്ന ഒരു സഹായ സിദ്ധാന്തം റോമൻ കത്തോലിക്കാ സഭ രൂപപ്പെടുത്തിടയതായി ഞാൻ കരുതുന്നു.
സുറിയാനി സഭ ഉൾപ്പെടെ ഉള്ള ഓറിയൻ്റൽ സഭാ പാരമ്പര്യങ്ങൾ ആദമിന്റെ പാപത്തിൻ്റെ 'കുറ്റം ചുമത്തൽ ' അതിന്റെ പ്രക്ഷേപണത്തിൻ്റെ കാരണമായി കേന്ദ്രീകരിച്ചു ചിന്തിക്കുന്നു. നവീകരണക്കാരുമായി അവയ്ക്ക് അതിൻ്റെ നിർവചനത്തിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും കത്തോലിക്ക പാരമ്പര്യത്തെക്കാൾ ഈ വിഷയത്തിൽ നവീകരണകാരോടാണ് നമ്മുടെ ചിന്തയുടെ സാമ്യം കൂടുതൽ. പാപത്തിൻ്റെ കൈമാറ്റം രണ്ട് കാരണങ്ങളാലാണ്, ആദ്യം, ഒരു സ്വാഭാവിക ജനനത്തിലൂടെ ജനിച്ച എല്ലാ മനുഷ്യരും ആദാമിൽ കുറ്റക്കാരായി കണക്കാക്കുന്നു, അവൻ്റെ വംശത്തലവൻ (federal headship) എന്നുള്ളതും, പ്രതിനിധി സ്ഥാനവും (representative head) ആണ് കാരണം. രണ്ടാമതായി, ആദമിന്റെ പാപം മൂലമുള്ള ശാപം മൂലം നമ്മിൽ പാരമ്പര്യമായി ലഭിച്ച മലിനീകരണവും അനന്തരഫലങ്ങളും നമ്മെ പാപത്തിന്റെ ചായ്വിലേക്ക് നയിക്കുന്ന ബലഹീന ജഡം ആക്കി എന്നുള്ളത് ആണ്. പാപമല്ല 'മലിനീകരണമാണ്' നമ്മിൽ പാരമ്പര്യമായി ലഭിച്ചത്. എന്നിരുന്നാലും, നമ്മുടെ അമ്മയുടെ ഗർഭപാത്രം മുതൽ നാം പാപികളാണ്, കാരണം ദൈവം ആദാമിൻ്റെ പാപത്തിൻ്റെ കുറ്റം നമ്മിൽ ചുമത്തുകയും നമ്മെ 'ആദാമിൽ' പാപികളായി കണക്കാക്കുകയും ചെയ്തു. പാപം മനുഷ്യപ്രകൃതിയുടെ ഭാഗമല്ല, മറിച്ച് ദൈവത്തിൻ്റെ നിയമലംഘനം നിമിത്തമുള്ള ഒരു അവസ്ഥ ആണ് (1 യോഹ. 3:4). അതിനാൽ, കന്യകയെ 'ആദാമിൽ' പാപിയായി കണക്കാക്കിയെങ്കിലും, പരിശുദ്ധാത്മാവ് അവളെ പാപത്തിൻ്റെ 'മലിനീകരണത്തിൽ നിന്ന്' വിശുദ്ധീകരിച്ചു, അതിനാൽ അവളിൽ നിന്ന് ജനിച്ചവനെ "പരിശുദ്ധൻ - ദൈവപുത്രൻ" എന്ന് വിളിക്കുന്നു. പാപം ഭൗതികമല്ല. ആദാമിൻ്റെ ക്രമത്തിൽ ജനിക്കാത്തതിനാൽ പാപമില്ലാതെ ക്രിസ്തു വിശുദ്ധനായി ജനിച്ചു. അതിനാൽ, മാലാഖയുടെ സുവിശേഷ പ്രഖ്യാപനത്തിലൂടെ കന്യകയിൽ പ്രവേശിച്ച കൃപയിലൂടെ, അവളുടെ കുട്ടിയിലുള്ള വിശ്വാസത്താൽ അവൾ നീതിമതിയായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, പരിശുദ്ധാത്മാവിൻ്റെ വിശുദ്ധീകരണത്തിലൂടെ കന്യക പാപത്തിൻ്റെ മലിനീകരണത്തിൽ നിന്ന് മോചിതയാകുകയും അത്യുന്നതനായ ദൈവത്തിൻ്റെ ശക്തി നിഴലിട്ടു അവളെ താങ്ങിയതിനാൽ പാപരഹിതനായ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു (Lk.1:35).
ഉപസംഹാരം
കന്യകാ ജനനം ക്രിസ്ത്യൻ ദൈവശാസ്ത്രത്തിലെ ഒരു സുപ്രധാന സിദ്ധാന്തമായി നിലകൊള്ളുന്നു, ഇത് മനുഷ്യരാശിയുടെ രക്ഷയ്ക്കായി മനുഷ്യകന്യകയിലൂടെയുള്ള ദൈവത്തിൻ്റെ ജഡധാരണത്തിൻ്റെ സമ്പൂർണ്ണ ആവശ്യകതയെ അടിവരയിടുന്നു. ഈ അത്ഭുതകരമായ സംഭവത്തിലൂടെ, ദൈവം തൻ്റെ നിരുപാധികമായ സ്നേഹം ഉറപ്പിച്ചുകൊണ്ടു ദൈവികവും മാനുഷികവുമായ സ്വഭാവത്തെ ക്രിസ്തുയേശുവിൽ ഏകീകരിക്കുന്നു. ദൈവത്തിൽ നിന്ന് മാത്രം ഉത്ഭവിക്കുന്ന രക്ഷ, ക്രിസ്തുവിൻ്റെ ദൈവികവും മാനുഷികവുമായ ഹൈപ്പോസ്റ്റാറ്റിക് ഐക്യം, ക്രിസ്തുവിന്റെ പാപരാഹിത്യം എന്നിവ കന്യകാ ജനനത്തിലൂടെ പ്രാപ്തമാക്കുന്നു. തിരുവെഴുത്തുകളിൽ വേരൂന്നിയതും ആദിമ ക്രിസ്ത്യൻ പാരമ്പര്യങ്ങളാൽ പ്രകാശിതവുമായ ഈ അഗാധമായ രഹസ്യം, മനുഷ്യരാശി ഒരിക്കലും ക്രിസ്തുവിലൂടെ ദൈവത്തിൽ നിന്ന് വേർപിരിഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നു. കന്യകയുടെ ജനനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ദൈവത്തിൻ്റെ വീണ്ടെടുപ്പ് പദ്ധതി, മനുഷ്യനാകാനുള്ള അവൻ്റെ ആഗ്രഹം, തിന്മയുടെ മേൽ അവൻ്റെ ആത്യന്തിക വിജയം എന്നിവയെക്കുറിച്ച് നമ്മേ ഓർമ്മിപ്പിക്കുന്നു. ഈ പ്രതിഫലനം അവന്റെ കന്യകയായ മാതാവിനോടുള്ള നമ്മുടെ ആദരവും ദൈവപുത്രനായ യേശുക്രിസ്തു മുഖേനയുള്ള നിത്യജീവൻ്റെ ദാനത്തോടുള്ള നന്ദിയും വർദ്ധിപ്പിക്കട്ടെ.
Bibliography
Bavinck, Herman. Reformed Dogmatics: Sin and salvation in Christ Vol-3. Grand Rapids: Baker Academic, 2006.
Grudem, Wayne. Systematic Theology: An Introduction to Biblical Doctrine. Grand Rapids: Zondervan Publishing House, 1994.
Lossky, Vladimir. Orthodox Theology: An Introduction. Crestwood: St. Vladimir’s Seminary Press, 1978.
Gregorios, Poulos. Comic Man: The Divine Presence. New Delhi: Sophia Publications, 1980.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ