ബാർ യുഹാനോൻ റമ്പാൻ
ഉയർത്ത് എഴുന്നേറ്റ കർത്താവിനെ തോട്ടക്കാരൻ എന്നത് പോലെ മഗ്ദലനക്കാരി മറിയം കണ്ടു. കർത്താവ് അവളെ മറിയം എന്നു പേര് ചൊല്ലി വിളിച്ചപ്പോൾ ഇത് തന്റെ റബൂനി ആണ് എന്ന് അവൾ തിരിച്ചറിഞ്ഞു. അത്യധിക സന്തോഷത്തോടെ അവൾ അവനെ ആലിംഗനം ചെയ്യുവാൻ അരുകിലേക്ക് ചെന്നപ്പോൾ അവൻ അവളെ തന്റെ വചനം കൊണ്ടു തടഞ്ഞു. , യോഹന്നാൻ 20:17 ൽ ഇപ്രകാരം എഴുതിയിരിക്കുന്നു "യേശു അവളോട് നീ എന്നോടടുക്കരുത്. എന്തെന്നാല്‍ ഇതുവരെ ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കലേക്ക് ആരോഹണം ചെയ്തിട്ടില്ല. നീ എന്‍റെ സഹോദരന്മാരുടെ അടുക്കല്‍ പോയി, അവരോട്, എന്‍റെ പിതാവും നിങ്ങളുടെ പിതാവും, എന്‍റെ ദൈവവും, നിങ്ങളുടെ ദൈവവുമാകുന്നവന്‍റെ സന്നിധിയിലേക്ക് ഞാന്‍ കരേറിപ്പോകുന്നു എന്ന് പറയുക എന്ന് പറഞ്ഞു."
ഇത് ഒരു വലിയ പ്രശ്നം ആണ്. എന്തുകൊണ്ട് ആണ് യേശു തന്നെ തൊടരുത് എന്നു ആ സ്ത്രീയോട് പറഞ്ഞത്. എന്നാൽ അന്നേ ദിവസം സൂര്യൻ അസ്തമിച്ച ശേഷം അവൻ അവരുടെ ഇടയിൽ ചെന്നു അവരോട് തന്നെ തൊട്ട് നോക്കുവാൻ അനുവാദം കൊടുത്തു. യോഹന്നാൻ 20: 19-20 ൽ ഇത് വ്യക്തമാണ്, "ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു. " എന്തുകൊണ്ട് ആണ് യേശു രാവിലെ തന്നെ തൊടുന്നതിൽ നിന്നും സ്ത്രീയെ വിലക്കിയത്? അഥവാ കർത്താവ് എന്ത് കാരണം മൂലമാണ് തന്നെ സ്പർശിക്കുവാൻ അവളെ അനുവദിക്കാഞ്ഞത്? സന്ധ്യയ്ക്കു ശേഷം എന്തുകൊണ്ട് ആണ് അവൻ തന്നെ സ്പർശിക്കുവാൻ എല്ലാവരെയും അനുവദിച്ചത്. ഈ ലേഖനം ഈ വിഷയം ആണ് കൈകാര്യം ചെയ്യുന്നത്.
മൂലഭാഷയിൽ
ഈ ലേഖനം എഴുതാൻ ഉള്ള കാരണങ്ങളിൽ ഒന്ന് അടുത്ത കാലയളവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഈ ഭാഗം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നു ചിലർ ചൂണ്ടി കാണിച്ചതിനാൽ ആണ്. അവർ ഗ്രീക്ക് മൂലഭാഷയിൽ തൊടരുത് എന്നു അല്ല എഴുതിയിരിക്കുന്നത് എന്നും മറ്റും അവകാശപ്പെടുന്നു. അതുകൊണ്ട് മൂലഭാഷയുമായി നമുക്ക് ഒന്നു പരിശോധന നടത്തിനോക്കേണ്ടത് ആവിശ്യം ആണ്.
Λέγει αὐτῇ Ἰησοῦς, Μή μου ἅπτου, (ലെഗേയ് ഔറ്റേയ് ഈസുസ്, മേ മു ഹ്ആപ്റ്റൂ,)
Λέγει :
ഇത് verb ആണ്. present tense - active voice - indicative mood - 3rd person - singular ആണ്.
അർത്ഥം : He/ She / It says
Subject (Nominative Noun) ആയിട്ടു വരുന്നത് Ἰησοῦς അതായത് 'യേശു' ആണ്.
അതുകൊണ്ട് "യേശു പറയുന്നു" (Jesus says) എന്നു കൂട്ടി വായിക്കാം.
αὐτῇ എന്നത് ഒരു dative personal pronoun ആണ്, to her (അവളോട് ) എന്നു വരും.
അപ്പോൾ Jesus says to her (യേശു അവളോട് പറയുന്നു ) എന്നു ആണ് ആദ്യ ഭാഗം അർത്ഥം
അടുത്ത ഭാഗം Μή μου ἅπτου, എന്നാണല്ലോ
Μή എന്നാൽ not, non, do not എന്നെല്ലാം അർത്ഥം ഉണ്ട്.
ഇവിടെ do not - അരുത് എന്നു അർത്ഥം
μου എന്നത് dative personal pronoun ആണ് (singular) അർത്ഥം of me (എന്റെ / എന്നെ ).
ἅπτου : touch തൊടുക, സ്പർശിക്കുക, ചേരുക, യോജിക്കുക, എന്നെല്ലാം അർത്ഥം ഉണ്ട്.
Μή μου ἅπτου, എന്നാൽ
Don't touch me എന്നെ തൊടരുത് എന്നാണ് ഇവിടെ അർത്ഥം ആക്കുന്നത്.
Λέγει αὐτῇ Ἰησοῦς, Μή μου ἅπτου, (ലെഗേയ് ഔറ്റേയ് ഈസുസ്, മേ മു ഹ്ആപ്റ്റൂ,) Jesus says to her, don't touch me (യേശു അവളോട് പറയുന്നു, എന്നെ തൊടരുത്)
ഇതിൽ നിന്നും മൂലഭാഷയിൽ യേശു തന്നെ തൊടരുത് എന്നു തന്നെയാണ് സ്ത്രീയോട് പറഞ്ഞത് എന്നു കൃത്യമായി മനസിലാക്കാം.
ക്രിസ്തുശാസ്ത്രത്തിൽ
യേശു ക്രിസ്തു തന്റെ ജനത്തിന് നിയമം നൽകിയ നിത്യദൈവമായ യഹോവ ആകുന്നു. എങ്കിലും തന്റെ ജഡധാരണത്തിൽ ക്രിസ്തു "ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചു" ആയതു നമ്മുക്ക് വേണ്ടി ന്യായപ്രമാണം പൂർണ്ണമായും അനുസരിച്ചു നമ്മെ ദൈവമക്കൾ ആയിട്ടു വീണ്ടെടുക്കാൻ ആയിരുന്നു. പൗലോസ് പറയുന്നു, "എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു.
അങ്ങനെ, നമ്മെപുത്രന്‍മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്‌തരാക്കി." (ഗലാത്തിയാ 4 : 4-5). ഇപ്രകാരം യേശു പ്രമാണത്തിൻ കീഴിൽ വന്നു നമ്മെ വിടുവിക്കുന്നതിന് വേണ്ടി രണ്ടു തരത്തിലുള്ള അനുസരണ ആവിശ്യം ആയിരുന്നു. ഒന്നാമത് ആയിട്ട് അവൻ വചനിപ്പ് മുതൽ സ്വർഗ്ഗരോഹണം വരെയും ന്യായപ്രമാണത്തിനു കീഴിൽ അനുസരണ കാണിക്കുവാൻ നിർണായിക്കപ്പെട്ടിരുന്നു. രണ്ടാമത് ആയിട്ടു നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ അവൻ വഹിക്കുകയും അങ്ങനെ ന്യായപ്രമാണം അനുസരിച്ചു യേശു ശപിക്കപെട്ടവൻ ആയി മാറി തന്നോടൊപ്പം നമ്മുടെ ശാപത്തെ കുരിശിൽ തറച്ച് കഷ്ടത അനുഭവിച്ച് മരിക്കേണ്ടിയിരുന്നു.
മുകളിൽ പറഞ്ഞ രണ്ടു വിധത്തിൽ ഉള്ള അനുസരണയും പൂർത്തിയാക്കാൻ യേശു ലോകാരംഭത്തിനു മുൻപേ മുൻനിർണയിക്കപെട്ടിരുന്നു. ആയതിനാൽ തിരുമനസായ പ്രകാരം അവൻ പ്രമാണത്തിൻ കീഴിൽ ജനിച്ചു രണ്ടു വിധത്തിലുള്ള അനുസരണയും പഠിച്ചു അത് നിർവഹിച്ചു. ഇതിൽ രണ്ടാമത് പറഞ്ഞ അനുസരണ നമുക്ക് എല്ലാം വളരെ അറിവുള്ളത് ആണ്. അതായത് അവൻ കുരിശിൽ കഷ്ടം അനുഭവിച്ചു മരിക്കുന്ന ആ മഹത്തായ അനുസരണ (Passive Obedience). കുരിശിലെ അനുസരണ പൂർത്തിയാക്കുമ്പോൾ "നിവർത്തിയായി" എന്നു പറഞ്ഞുകൊണ്ടു അവൻ തലചായ്ച്ച് മരിക്കുന്നു, " യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്‌ച്ച് ആത്‌മാവിനെ സമര്‍പ്പിച്ചു.
(യോഹന്നാന്‍ 19 : 30).
ആദ്യം പറഞ്ഞതായ അവന്റെ അനുസരണ (Active Obedience) അവൻ വചനിപ്പ് മുതൽ ആരംഭിച്ചു. ഈ അനുസരണ അവൻ ജീവിതത്തിൽ ഉടനീളം പ്രദർശിപ്പിച്ചു. ജീവിതത്തിൽ ഉടനീളം എന്നു പറയുമ്പോൾ മരണം വരെയല്ല മറിച്ച് ഉയർപ്പിന് ശേഷം സ്വർഗ്ഗരോഹണം വരെയും അവൻ ന്യായപ്രമാണത്തിനു കീഴിൽ അനുസരണ കാണിച്ചു. പൌലോസ് ഹെബ്രായർക്കു എഴുതി, "പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു."
(ഹെബ്രായര്‍ 5 : 8). ഈ active obedience അവന്റെ ജഡധാരണം മുതൽ സ്വർഗ്ഗാരോഹണം വരെയും ന്യായപ്രമാണത്തിനു കീഴിൽ നിന്നും കൊണ്ടു അവൻ പൂർത്തിയാക്കി. കാരണം, പ്രമാണം അനുസരിച്ചു മഹാവിശുദ്ധ സ്ഥലത്ത് പ്രായംച്ചിത്തരക്തത്താൽ മഹാപ്രധാന പുരോഹിതൻ പ്രവേശിക്കേണ്ടിയിരുന്നു. കൂടാരത്തിനു പുറത്ത് നടന്ന ബലിയുടെ കർമ്മങ്ങൾ എല്ലാം ദൃഷ്ടാന്തമായതിനെ അവൻ കുരിശിൽ പൂർത്തിയാക്കി എന്നാൽ അതിവിശുദ്ധ സ്ഥലത്ത് ആണ്ടിൽ ഒരിക്കൽ പ്രവേശിച്ച് ചെയ്യുന്ന കർമ്മങ്ങൾ അറുക്കപ്പെട്ട കുഞ്ഞാട് ആയി അവന്റെ പിതാവിന്റെ സന്നിധിയിലേക്കുള്ള ആരോഹണത്തെ ദൃഷ്ടാന്തീകരിച്ചിരുന്നു. ഇത് ആരോഹണം വഴി മാത്രം പൂർത്തി ആകുകയുള്ളൂ. അത്കൊണ്ടു അത് വരെയും യേശു ന്യായപ്രമാണം അനുസരിയ്ക്കുവാൻ കടപ്പെട്ടിരുന്നു.
തൊടരുത്
വീണ്ടും, നമ്മുടെ വേദഭാഗത്തിലേക്ക് തിരിച്ചു വരാം. നമുക്ക് ഇപ്പോൾ ഒരു കാര്യം അറിയാം, യേശു ഉയർത്തു എഴുന്നേറ്റു, എങ്കിലും തന്റെ ആരോഹണം വരെയും പ്രമാണത്തിൻ കീഴിൽ അനുസരണയ്ക്കു ബാധ്യസ്ഥൻ ആണ്. ഈ സാഹചര്യത്തിൽ ആണ് മഗ്ദലന മറിയം ക്രിസ്തുവിനെ സമീപിക്കുന്നത്. യേശു അവളോട് പറയുന്നു, "എന്നെ തൊടരുത്." അവനു അവളോട് പിണക്കമോ, അയിത്തമോ ഇല്ല പക്ഷേ അവളുടെ നന്മയും തനിക്ക് പിതാവ് ഭരമില്പിച്ച അനുസരണയും മൂലം അവൻ അവളെ തടഞ്ഞു.
ന്യായപ്രമാണ പ്രകാരം മൃതശരീരമോ, കല്ലറയോ, അതുപോലുള്ള ആശുദ്ധ സ്ഥലങ്ങളോ സ്പർശിച്ചാൽ അന്ന് സന്ധ്യവരെയും അശുദ്ധരായി കണക്കാക്കപെട്ടിരുന്നു. അശുദ്ധിയിൽ ഇരിക്കുന്നവർ ഒരു കാരണവശാലും വിശുദ്ധതയെ സ്പർശികുവാൻ അനുവാദം ലഭിച്ചിരുന്നുമില്ല. വെള്ളിയാഴ്ച തന്റെ മൃതശരീരം തൊടുവാൻ അവൻ അവളെയും അതുപോലെ തന്റെ മറ്റു സുഹൃത്തുക്കളെയും അനുവദിച്ചിരുന്നു. അത്കൊണ്ടു, നിക്കോദിമോസ്സും, യൗസെഫും മൃതദേഹം അടക്കാൻ പുറപ്പെട്ടപ്പോൾ സ്ത്രീകൾ കൂടെ അനുഗമിച്ചു. അവൻ ഖബറിൽ മനുഷ്യരെ പ്രതി ശപിക്കപെട്ടവൻ ആയി വിശ്രമിച്ചപ്പോൾ അവരെല്ലാം ആ ദിവസം അശുദ്ധരായി വീട്ടിൽ കഴിഞ്ഞു കൂടി. ശനിയാഴ്ച സൂര്യൻ അസ്തമിച്ചു ശബത് കഴിഞ്ഞ ഉടനെ മഗ്ദലന മറിയം ഉൾപ്പെടെ സ്ത്രീകൾ അശുദ്ധി മാറി പുറത്ത് പോയ് സുഗന്ധദ്രവ്യങ്ങൾ വാങ്ങി, സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്‌ധദ്രവ്യങ്ങള്‍ വാങ്ങി."
(മര്‍ക്കോസ് 16 : 1). യേശുവിനു വേണ്ടി അവർ ഞായറാഴ്ച രാവിലെ വെളുപ്പിന് കല്ലറയിൽ വന്നു ന്യായപ്രമാണ പ്രകാരം വീണ്ടും അശുദ്ധരായി മാറി.
ഇങ്ങനെ പ്രമാണം അനുസരിച്ചു അശുദ്ധിയിൽ ഇരിക്കുമ്പോൾ ആണ് മറിയം യേശുവിനെ തോട്ടക്കാരൻ പോലെ കാണുന്നതും തിരിച്ചറിഞ്ഞപ്പോൾ അടുക്കലേക്കു ഓടിയതും. ഇവിടെ ഒരു പ്രശ്നം ഉണ്ട്, പ്രമാണം അനുസരിച്ചു അശുദ്ധിയിൽ ഇരിക്കെ വിശുദ്ധിയെ സ്പർശിക്കുന്നവർ എല്ലാം തന്റെ ജനത്തിൽ നിന്നും ഛേദിക്കപ്പെടണം എന്നു മോശവഴി ദൈവം കല്പിച്ചിട്ടുണ്ട്, "നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്‌ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ചവിശുദ്‌ധവസ്‌തുക്കളെ സമീപിച്ചാല്‍ അവന്‍ എന്റെ സന്നിധിയില്‍ നിന്നു വിച്‌ഛേദിക്കപ്പെടു." (ലേവ്യര്‍ 22 : 3). യേശു യഥാർത്ഥ ബലിവസ്തു ആണ്, അവൻ കർത്താവിനു സമർപ്പിക്കപ്പെട്ട
വിശുദ്ധവസ്തു ആണ്. ആരെങ്കിലും പ്രമാണവിരുദ്ധമായി അവനെ സ്പർശിച്ചാൽ അവർ നിത്യജീവനിൽ നിന്നും വിച്‌ഛേദിക്കപ്പെടുമായിരുന്നു. യേശു മറിയാമിനെ തടഞ്ഞത് അവളുടെ രക്ഷയെ പ്രതി ആയിരുന്നു.
യേശു ബലി വസ്തു മാത്രം ആയിരുന്നില്ല, പുരോഹിതനും താൻ തന്നെ ആയിരുന്നു. താൻ തന്റെ ശരീരം ഒരു ബലിയായി സമർപ്പിച്ചു. ഇനി കൈപ്പണിയല്ലാത്ത സ്വർഗീയ കൂടാരത്തിൽ പ്രവേശിച്ചു തന്നെ തന്നെ കാണിച്ചു കൊടുക്കും വരെയും പ്രമാണപ്രകാരമുള്ള അശുദ്ധിയിലേക്ക് സമ്പർക്കം പാടില്ല. ഇത് തന്റെ ഉത്ഥിതശരീരത്തിന്റെ പ്രത്യേകത എടുത്തു കാണിക്കുന്നതിനു വേണ്ടി ആയിരുന്നു. യേശു മരിച്ചു, ഇപ്പോൾ ഉയിർത്ത് എഴുന്നേറ്റു. തന്റെ ശരീരം സ്പർശിക്കാൻ ദൈവവചനം അനുശാസിക്കുന്ന ഒരു ശുദ്ധീകരണം ആവിശ്യം ആണ്. മഗ്ദലന മറിയത്തെ സംബന്ധിച്ച് അത് പ്രമാണം അനുസരിച്ചുള്ള ബാഹ്യമായ ഒരു അശുദ്ധിയിൽ നിന്നും ഉള്ള ശുദ്ധീകരണം മാത്രം ആണ്. അതിനു സന്ധ്യ വരെയും കാത്തിരിക്കണം. മറിയം മാത്രം അല്ല, ഖബറിൽ പ്രവേശിച്ച സ്ത്രീകൾ, ശ്ലീഹന്മാരായ പത്രോസ്, യോഹന്നാൻ കൂടാതെ അവരുമായി സമ്പർക്കം ഉള്ള മാളിക മുറിയിൽ കൂടിയിരുന്ന എല്ലാവരും അന്ന് ഞായറാഴ്ച പകൽ മുഴുവനും ശബത് ആചരിച്ചു തങ്ങളെ വിശുദ്ധിയിലേക്ക് ഉയർത്താൻ കടപ്പെട്ടിരിക്കുന്നു. യേശു അവളെ തിരിച്ചു മാളികയിലേക്ക് പറഞ്ഞു അയക്കുമ്പോൾ സുവിശേഷം അറിയിക്കാൻ കല്പ്പിക്കുന്നു. അങ്ങനെ ആഴ്ചയുടെ ഒന്നാം നാൾ താൻ ഉയിർപ്പിക്കപ്പെട്ട സുവിശേഷം കേട്ട് ആ ദിവസം തങ്ങളെ തന്നെ വിശുദ്ധീകരിക്കുന്നതിന് വേണ്ടി അവർ സന്ധ്യ വരെയും മുറിയിൽ വിശ്രമിച്ചു. ഇത് ഇപ്രകാരം പാരമ്പര്യം ആയി മാറുകയും ആഴ്ചയുടെ ഏഴാം നാളിലെ വിശ്രമം ഒന്നാം നാളിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇത് മറിയ വഴി അറിയിച്ച ശുദ്ധീകരണ കല്പനയിലൂടെ യേശു നിവർത്തിച്ചു. സന്ധ്യയായപ്പോൾ യേശു വന്നു അവരോടു പറഞ്ഞു എന്നെ തൊട്ട് നോക്കുവിൻ.
ആരാധനക്രമത്തിൽ
ഉയിർപ്പിന്റെ ഒരു സെദറയിൽ "അവൾ തന്റെ അടുക്കൽ വന്നു മുട്ട് കുത്തുമ്പോൾ തന്നെ സ്പർശിക്കാൻ അനുവദിച്ചില്ല. അതായത് കാഴ്ചയർപ്പിച്ച കുഞ്ഞാടിനെ പുരോഹിതൻമാർ അതിൽ നിന്നെടുത്ത് ഇമ്പപ്പെടുന്നത് വരെയും ഒരുവനും തൊടുവാൻ അനുവദിച്ചിട്ടില്ലായിരുന്ന പ്രകാരം തന്നെ" എന്നിപ്രകാരം പിതാക്കന്മാർ വ്യാഖ്യാനം നൽകി എഴുതിയിട്ടുണ്ട്. ഇതേ ഭാഗത്തിന് തൊട്ട് മുൻപ് "മൃതരുടെ ഇടയിൽ മറിയം തന്നെ അന്വേഷിക്കുകയും" എന്നും കാണുന്നു. പിതാക്കന്മാർ ഉദ്ദേശിച്ചത് തന്നെ ആണ് മുകളിൽ ഞാൻ വ്യക്തമാക്കിയത്, മൃതരുടെ ഇടയിൽ അന്വേഷണം നടത്തി അശുദ്ധരായവർ ഉയിർപ്പിന്റെ പ്രത്യാശ നൽകുന്ന ഞായറിന്റെ വിശ്രമത്തിലൂടെ ശുദ്ധീകരണം പ്രാപിക്കുമ്പോൾ വിശുദ്ധ ശരീരം സ്പർശിക്കുക മാത്രമല്ല മറിച്ചു 'കർത്താവ് നല്ലവൻ എന്നു രുചിച്ചു അറിയുകയും" ചെയ്യാൻ യേശു നമ്മോട് കല്പ്പിക്കുന്നു.
ഉപസംഹാരം
പ്രമാണത്തിന്റെ അശുദ്ധിയിൽ നിന്നും കൃപയാൽ ഉള്ള ഞായറാഴ്ച വിശ്രമത്തിലൂടെ യേശുവിനെ സ്പർശിക്കുവാൻ അവൻ നമ്മെ അധികാരപ്പെടുത്തി. ഇത് മഗ്ദലന മറിയം വഴി സഭയെ ഭരമേൽപ്പിച്ചു. അന്ന് മുതൽ ഞായറാഴ്ച പുതിയ നിയമ ഉടമ്പടി പ്രകാരം ഉള്ള ശബത് അഥവാ കർത്താവിന്റെ ദിവസം ആയിട്ട് നമ്മൾ ആചാരിക്കുന്നു. ഞായറാഴ്ച ദിവസം നമ്മൾ കർത്താവിനെ വിശുദ്ധിയോട് കൂടി സ്പർശിക്കുവാൻ വേണ്ടി അവൻ മറിയത്തോട് എന്നെ തൊടരുത് നീ പോയി സുവിശേഷം അറിയിച്ചു കൊണ്ട് ഞായറാഴ്ചയിലെ ഉയിർപ്പിന്റെ ശുദ്ധീകരണം പ്രാപിക്കുക എന്ന് അരുളി ചെയ്തു. അങ്ങനെ പ്രമാണപ്രകാരം ഉള്ള കബറിലെ ശരീരം അല്ല മറിച്ചു കൃപയാൽ ഉള്ള ഉത്ഥിതശരീരം സ്പർശിക്കാനും രുചിച്ചു അറിയുവാനും അവൻ നമ്മെ പ്രാപ്തിയുള്ളവർ ആക്കി. അവനു എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ....
ബാർ യുഹാനോൻ റമ്പാൻ
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ