(ബാർ യുഹാനോൻ റമ്പാൻ, ഗത്സീമോൻ ദയറ പിറമാടം)
അന്ത്യോഖ്യായിലെ പരിശുദ്ധ പത്രോസ്സിന്റെ ശ്ലൈഹീക സിംഹാസനത്തിൻ കീഴിലുള്ള മാബൂഗ് ഭദ്രാസനത്തിന്റെ എ. ഡി 485 മുതൽ എ. ഡി 519 വരെയുള്ള മെത്രാപ്പൊലീത്ത ആയിരുന്നു മോർ പീലക്സിനോസ്. 'മാബൂഗിലെ മോർ പീലക്സിനോസ് ബാവായുടെ രഹസ്യ പ്രാർത്ഥനകൾ' എന്ന പേരിൽ നമ്മുടെ നിത്യ നമസ്കാരക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന പ്രാർത്ഥനകളുടെ രചയിതാവ് ഈ പരിശുദ്ധ പിതാവ് ആകുന്നു. അതുപോലെ നിലവിൽ മലങ്കര സഭയിൽ ഉപയോഗിക്കുന്ന വിശുദ്ധ കുർബാന തക്സയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ക്രമം മാബൂഗിലെ മോർ ഫിലക്സിനോസ് ബാവയുടെ ആണ്. പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ സഞ്ചാര സന്യാസ ക്രമത്തിൽ ജീവിച്ചിരുന്ന ഒരു സന്യാസ ശ്രേഷ്ഠനായിരുന്നു മോർ പീലക്സിനോസ്. ഈ സഞ്ചാര സന്യാസ പാരമ്പര്യ ക്രമം 'അക്സനോയൂസോ'എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 'ക്സേനോസ്' (വിദേശി, അന്യൻ) എന്ന ഗ്രീക്ക് പദത്തിന്റെ സുറിയാനി രൂപമായ 'അക്സനോയോ' എന്ന പദത്തിനു സുറിയാനിയിൽ 'തീർത്ഥാടകൻ' എന്ന് ആണ് അർത്ഥം. അതുകൊണ്ട് സഞ്ചാര സന്യാസ ക്രമത്തിലുള്ള സന്യാസിമാർ '
തീർത്ഥാടകൻമാർ ആയി ജീവിക്കുകയും അവരെ ദയറോയോ എന്ന് വിളിക്കുന്നതിന് പകരം 'അക്സനോയോ' എന്നു വിളിക്കുകയും ചെയ്യുന്നു.
മുൻപ് പറഞ്ഞ 'ക്സേനോസ്' (വിദേശി, അന്യൻ)എന്ന ഗ്രീക്ക് പദവും, 'ഫിലോസ്' (സ്നേഹിതൻ)എന്ന ഗ്രീക്ക് പദവും ചേർന്ന് സായുക്തമായി 'ഫിലക്സിനോസ്' എന്നു വിളിക്കപ്പെടുന്നു. സുറിയാനിയിലുള്ള 'അക്സോനോയോ' എന്നുള്ള വാക്കിന്റെ ഗ്രീക്ക് രൂപമാണ് 'ഫിലക്സിനോസ്' എന്നുള്ളത്. ചുരുക്കി പറഞ്ഞാൽ മാബൂഗ് ഭദ്രസ്സന മെത്രാൻ ആയിരുന്ന പരിശുദ്ധ പിതാവിന്റെ യഥാർത്ഥത്തിൽ ഉള്ള പേരല്ല മറിച്ച് അദ്ദേഹത്തിന്റെ സന്യാസപാരമ്പര്യ പ്രകാരം ഉള്ള പേരിന്റെ ഗ്രീക്ക് രൂപമായ 'ഫിലക്സിനോസ്' എന്നുള്ള പേരിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരിന്നത്. അങ്ങനെ പൂർവ്വാശ്രമത്തിലെ പേര് വിസ്മരിക്കപ്പെടുകയും അക്സോനോയോ ആകുന്ന 'മാബൂഗിലെ മോർ ഫിലക്സിനോസ്' എന്നു അദ്ദേഹം അറിയപ്പെടുകയും ചെയ്തു.
അന്ത്യോഖ്യയുടെ പൗരസ്ത്യ സുറിയാനി ഓർത്തഡോൿസ് പാരമ്പര്യത്തിൽ നിന്നും വേർപെട്ട് നെസ്തോറിയൻ ക്രിസ്തു ശാസ്ത്ര പാരമ്പര്യ ത്തോടു സമാനതകൾ പുലർത്തുന്ന മോപ്സുവെസ്റ്റിയായിലെ തിയോദോറിന്റെ ക്രിസ്തു ശാസ്ത്ര വീക്ഷണങ്ങൾ തള്ളി പറഞ്ഞുകൊണ്ട് അലക്സന്ത്രയായിലെ കൂറിലോസിന്റെ സത്യവിശ്വാസത്തെ അംഗീകരിക്കുന്ന അന്ത്യോഖ്യൻ വീക്ഷണത്തിൽ ഉറച്ചു നിന്നതിനാൽ മോർ ഫിലക്‌സിനോസ്സും കൂട്ടരും അന്നത്തെ എദേസ്സ സ്കൂൾ അധ്യക്ഷൻ ആയിരുന്ന നർസ്സായി മൂലം നാട് കടത്തപ്പെട്ടു പരദേശിയായി സഞ്ചാരിക്കേണ്ടി വന്നു. ഇങ്ങനെ അവർ സഞ്ചാര സന്യാസികൾ ആവുകയും യഥാർത്ഥ ക്രിസ്തുശാസ്ത്ര അടിസ്ഥാനത്തിൽ സുവിശേഷം ഘോഷിക്കുകയും ജനങ്ങളെ സത്യത്തിൽ ഉറപ്പിക്കുകയും ചെയ്തു. എദേസ്സയിലെ സ്കൂൾ നെസ്തോറിയരുടെ അധീനതയിൽ ആവുകയും തന്മൂലം പല ചരിത്രകാരന്മാരും അന്ത്യോഖ്യൻ ക്രിസ്തുശാസ്ത്രം എന്നത് മോപ്സുവെസ്റ്റിയായിലെ തിയോദോറിന്റെ പഠിപ്പിക്കൽ ആണ് എന്നു തെറ്റിദ്ധരിക്കുകയും ചെയ്തു.
എ. ഡി 479 ൽ മോർ പീലക്സിനോസ് അന്ത്യോക്യയിൽ എത്തിച്ചേർന്നു. അക്കാലത്ത് അന്ത്യോഖ്യ പാത്രിയർക്കീസ് ആയിരുന്ന കലന്തിയോൻ സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് കൽക്കിദൂന്യ തീരുമാനം അംഗീകരിച്ചതിനാൽ മോർ ഫിലക്സിനോസ് അദ്ദേഹത്തെ എതിർക്കുകയും, സുന്നഹാദോസ് വിളിച്ചു കൂട്ടി ആലോചിച്ചു കൊണ്ട് വേദവിപരീതത്തിൽ പെട്ട കലന്തിയോനെ സ്ഥാന ഭ്രഷ്ടനാക്കുകയും പകരം മോർ ഇഗ്നാത്തിയോസ് പത്രോസ് ഫുള്ളോയെ അന്ത്യോഖ്യ പാത്രിയാർക്കീസ് ആയി വാഴിക്കുകയും ചെയ്തു. പത്രോസ് ഫുള്ളോയ്ക്കു ശേഷം ഫ്ലാവിയൻ അധികാരത്തിൽ വരുകയും, വീണ്ടും കൽക്കിദോന്യ വേദവിപരീതത്തിൻ കീഴിൽ സഭയെ കേട്ടുവാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം മോർ ഫിലക്സിനോസ്സിന്റെ നേതൃത്വത്തിൽ വീണ്ടും സത്യവിശ്വാസം പുനസ്ഥാപിക്കപ്പെടുകയും ഫ്ലാവിയനെ പുറത്താക്കി കൊണ്ട് പകരം മോർ സേവേറിയോസ്സിനെ അന്ത്യോഖ്യ പാത്രിയാർക്കീസ് ആയി തിരഞ്ഞെടുത്തു. ഇങ്ങനെ മോർ ഫിലക്സിനോസ് ന്റെ ജീവിതം സഭയുടെ സത്യവിശ്വാസം സംരക്ഷണത്തിനായി സമർപ്പിതവും അദ്ദേഹത്തിന്റെ കൃതികൾ സഭ്യ്ക്കു വലിയ ജ്ഞാനവും ഭക്തിയും നൽകുകയും ചെയ്യുന്നു.
മോർ പീലക്സിനോസ്സിന്റെ ക്രിസ്തുശാസ്ത്ര വീക്ഷണം പൂർണ്ണമായും തൃത്വവിജ്ഞാനീയത്തോടുള്ള അഭേദ്യബന്ധത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. വചനമാം ദൈവത്തിന്റെ അത്ഭുതകരമായ ജാഡധാരണം മൂലം 'മനുഷ്യനായിത്തീർന്ന ദൈവപുത്രനാണ് ഒരേ കർത്താവ് (Subject)' എന്നുള്ള അദ്ദേഹത്തിന്റെ പഠിപ്പിക്കൽ വഴി 'ദൈവപുത്രന്റെ മനുഷ്യനായിത്തീരൽ' എന്നുള്ള ഒരു ദൈവശാസ്ത്രം (a theology of becoming) അദ്ദേഹം വികസിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഈ ക്രിസ്തുവിജ്ഞാനീയത്തിൽ സ്വാധീനിക്കപ്പെട്ടവരാണ് മോർ സേവേറിയോസ് പാത്രിയാർക്കീസ്, സ്‌റൂഗിലെ യാക്കോബ്, എദേസ്സയിലെ യാക്കോബ്, മൂശ്ശ ബാർ കീപ്പ, മിഖായേൽ റാബോ പാത്രിയാർക്കീസ്, ദീവന്നാസ്സിയോസ് ബാർ സ്ലീബി, ഗ്രിഗോറിയോസ് ബാർ എബ്രായ തുടങ്ങിയ സുറിയാനി സഭാ പിതാക്കന്മാർ. ഇവരുടെ എല്ലാം കൃതികളിൽ മോർ ഫീലക്സീനോസ്ന്റെ വേദശാസ്ത്ര ദർശനങ്ങൾ വീക്ഷിക്കുവാൻ സാധിക്കുന്നു.
മനുഷ്യൻ ആയിതീർന്ന വചനമാം ദൈവം പൂർണ്ണമായും മനുഷ്യനും ദൈവവും ആകുന്നു. എന്നാൽ താൻ ഒരു 'വ്യക്തിയും,' ഒരു 'കർത്താവും' മാത്രം ആയതിനാൽ തന്നിൽ 'ദൈവത്വ'മെന്നും 'മനുഷ്യത്വ'മെന്നും വിളിക്കപ്പെടുന്ന രണ്ട് കർത്താക്കന്മാരോ (doers), രണ്ട് കർത്തൃകേന്ദ്രങ്ങളോ (centers of actions) ഇല്ല. ജഡം ധരിച്ച വചനമാം ദൈവത്തിൽ മനുഷ്യ - ദൈവ സ്വഭാവങ്ങൾ സംയോജിച്ചുള്ള ഒരു സ്വഭാവം (One Nature)മാത്രം ആണുള്ളത്. ഈ സംയോജനം മൂലം മനുഷ്യസ്വഭാവം ദൈവ സ്വഭാവത്തെയോ, ദൈവസ്വഭാവം മനുഷ്യ സ്വഭാവത്തെയോ തുഛീകരിക്കുകയോ, ഇല്ലാതാക്കുകയോ, പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നില്ല. 'ജഡം ധരിച്ച വചനമാം ദൈവത്തിന്റെ ഒരു സ്വഭാവം'(one incarnated nature of God the Word) എന്നത് മനുഷ്യബുദ്ധിയ്ക്കു എന്നും അപ്രാപ്യമായ ഒരു ദൈവിക രഹസ്യം ആയി നിലനിൽക്കുന്നു. പാപമില്ലാത്തവനായ ദൈവപുത്രൻ പാപികളായ നമുക്ക് വേണ്ടി തിരുവിഷ്ടത്തോടെ (by His will)മരണം അനുഭവിച്ചു എന്നുള്ള മഹത്തായ മർമ്മത്തെ 'മനുഷ്യനായി ജനിച്ചു, കഷ്ടം അനുഭവിച്ചു, മരിച്ചു, ഖബറടക്കപ്പെട്ടു, മൂന്നാം നാൾ ഉയിർത്ത് എഴുന്നേറ്റു, സ്വർഗ്ഗാരോഹണം ചെയ്തു ' എന്നുള്ള നിഖ്യ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ മോർ ഫിലക്സീനോസ് വിശദമായി പഠിപ്പിച്ചു.
ജസ്റ്റിൻ റോമാ ചക്രവർത്തി ആയപ്പോൾ മോർ സേവേറിയോസ് പാത്രിയാർക്കീസിനെയും, മോർ ഫീലക്സീനോസിനെയും ഉൾപ്പെടെ 52 മെത്രാൻമാരെ കൽക്കിദോന്യ വിശ്വാസം അംഗീകരിക്കാൻ കൂട്ടാക്കാത്തത്തിനാൽ സിറിയൻ പ്രവിശ്യയിൽ നിന്നും നാട് കടത്തി. മോർ ഫിലക്സിനോസ് തുർക്കിയിലേക്ക് പോകുകയും അവിടെ സത്യവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. അവിടെ അദ്ദേഹം വലിയ പീഡനങ്ങൾക്ക് വിധേയനാവുകയും എ. ഡി 523 ഡിസംബർ 10 നു സത്യവിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വ മരണം വരിക്കുകയും ചെയ്തു. അദ്ദേഹത്തെ കർത്താമീനിലെ മോർ ഗബ്രിയേലിന്റെ ദയറയിൽ കബറടക്കം ചെയ്തു.
അക്സോനോയന്മാരുടെ ( സഞ്ചാര സന്യാസി or സഞ്ചാര മിഷ്നറി) പുകഴ്ചയായ മോർ ഫിലക്സിനോസ്സിന്റെ സഞ്ചാര സന്യാസ പാരമ്പര്യം നമ്മുടെ മലങ്കര സഭയിലും നിലനിൽക്കുന്നുണ്ട്. പൌരസ്ത്യ സുവിശേഷ സമാജത്തിന്റെ കാലം ചെയ്ത മോർ പോളിക്കാർപ്പസ് തിരുമേനിയും ഇപ്പോൾ ഉള്ള മോർ ക്രിസോസ്റ്റാമോസ് തിരുമേനിയും വൈദികർ ആയിരുന്നപ്പോൾ സഞ്ചാര സന്യാസ പാരമ്പര്യം നിലനിർത്തി സുവിശേഷം ഘോഷിച്ച രണ്ട് 'അക്സോനോയന്മാർ' ആയിരുന്നു എന്നുള്ളതും ഇത്തരുണത്തിൽ ഓർക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ