കർത്താവെ! എന്നിൽ നിന്നും അകന്നു പോകണമേ...


( ബാർ യുഹാനോൻ റമ്പാൻ )

"ദൈവമേ നിന്നോടു അടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു" ഇത് റമ്പാൻ ആകുമ്പോൾ ഏറ്റു പറയുന്ന ഒരു വാചകം ആണ്. ഞാനും അങ്ങനെ ഏറ്റു പറഞ്ഞത് ആണ്. ഇപ്പോൾ ഉള്ള പ്രശ്നമെന്നത് അടുക്കുവാൻ ശ്രമിക്കും തോറും 'ദൈവമേ നീ അകന്നു പോകണമേ' എന്ന് പ്രാർത്ഥിക്കുവാനേ കഴിയുന്നുള്ളു എന്നുള്ളത് ആണ്.പത്രോസ് അടുത്തപ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു,"ശിമയോന്‍പത്രോസ്‌ ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്‌, കര്‍ത്താവേ, എന്നില്‍നിന്ന്‌ അകന്നുപോകണമേ; ഞാന്‍ പാപിയാണ്‌ എന്നുപറഞ്ഞു." (ലൂക്കാ 5 : 8)  

ദൈവത്തോട് അടുക്കുവാൻ ശ്രമിക്കുമ്പോൾ, അവന്റെ അത്ഭുത ഭൂജവീര്യങ്ങൾ ഗ്രഹിക്കുമ്പോൾ സത്യത്തിൽ ഇതിൽ കൂടുതൽ പ്രാർത്ഥിക്കുവാൻ കഴിയില്ല, " കർത്താവെ! അകന്നു പോകണമേ ഞാൻ ഒരു പാപിയായ മനുഷ്യൻ ആണ്." എന്നത് ആണ് യഥാർത്ഥ പ്രാർത്ഥനയെ പറ്റിയുള്ള തിരിച്ചറിവ്.

ഈ മൺകൂടാരത്തിൽ ഉള്ളിടത്തോളം ഞാൻ ഒരു പാപി മാത്രം ആണ്. പാപത്തിൽ നിന്നും രക്ഷ പ്രാപിക്കുവാൻ സ്വയം ഉരിഞ്ഞു സ്വയം കളയുവാൻ അവകാശവും ഇല്ല. പൗലോസ് പറയുമ്പോലെ, "ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന്‌ അധീനമായ ഈ ശരീരത്തില്‍നിന്ന്‌ എന്നെ ആരു മോചിപ്പിക്കും?" (റോമാ 7 : 24). അതുകൊണ്ട് രക്ഷ പ്രാപിക്കാൻ ഈ ശരീരത്തിൽ ആയിരിക്കുമ്പോൾ ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ സംഗതി നന്നായി നിലവിളിച്ച് കരയുക എന്നുള്ളത് മാത്രം ആണ്. യേശു ക്രിസ്തു അവൻ പാപരഹിതനായ ദൈവപുത്രൻ ആയുരിന്നിട്ട് കൂടി ഉറക്കെ കരഞ്ഞു നിലവിളിച്ചു, ഇപ്രകാരം എഴുതിയിരിക്കുന്നു, "തന്റെ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു." (ഹെബ്രായര്‍ 5 : 7).

അതുകൊണ്ട് യേശു നുഹ്രോയോട് ചേർന്നു നമ്മുക്ക് പാടാം,
"നീറി മനം പൊടിയുന്ന കരച്ചിൽ എനിക്കുളവാകിൽ, 
നന്ന് ഏറാമിയ എന്നെ അതൊന്നു പഠിപ്പിച്ചെങ്കിൽ
കൈക്കാണം തരുവാനായി കണ്ണീർ ഇവനില്ലങ്കിൽ,
കർത്താവേ നിൻ കരുണയെനിക്ക് ഇടനിലയാകണമേ."

ഇത്രയും ദുരിതം ഉണ്ടായിട്ടും സഭ ദൈവത്തിന്റെ മുൻപാകെ കരയുന്നില്ല. സ്വന്തം എന്നു പറയാൻ ഒരു ബലിപീഠം പോലും ബാക്കിയില്ല മുഴുവന്റെയും ഉടമസ്ഥവകാശം പിശാച് പിടിച്ച് എടുത്തു ഓരോന്നിൽ നിന്നും പുറത്തു ആക്കി കൊണ്ടിരിക്കുന്നു. വിശുദ്ധ സ്ഥലത്തു മ്ലേച്ചത പ്രത്യക്ഷപ്പെട്ടു. യെരുശലെമിനു പ്രവാസം വന്ന അതേ അവസ്ഥ ആണ്. എന്നിട്ടും ഒരു തുള്ളി കണ്ണുനീർ ദൈവമുൻപാകെ ഒഴിക്കാൻ ഇന്നും നമ്മൾ പഠിച്ചില്ല. തിന്നു പുളച്ചു മദിച്ച് നടക്കുന്ന ബാശാൻ പശുക്കളെ പോലെ കരയാൻ മറന്ന് പോയ ഒരു ജനസമൂഹം. 

എന്റെ ജനമേ എന്റെ ജനമേ കർത്താവ് അല്ലാതെ മറ്റൊരു രക്ഷകൻ നമുക്ക് വേറെ ആരുണ്ട്. (മി കാമോക്ക ബ് എലേം യേശുവേ). അവൻ അല്ലാതെ ഈ ദുരിതം മാറ്റാൻ വേറെ ആർക്കു കഴിയും. അതുകൊണ്ട് നമുക്ക് ദൈവമുൻപാകെ കരയാം ; "എന്റെ ശിരസ്‌സ്‌ ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്‍മാരെ ഓര്‍ത്തു ഞാന്‍ രാപകല്‍ കരയുമായിരുന്നു."എന്നു ജറെമിയാ 9 : 1 ൽ എഴുതിയിട്ടുണ്ടല്ലോ.

കർത്താവെ അകന്നു പോകണമേ ഞങ്ങൾ പാപികൾ ആണ്. ഞങ്ങളോടു കരുണ ചെയ്യണമേ. യെരുശലെമിന്റെ മതിലുകളെ പണിയണമേ. അപ്പോൾ നിന്റെ ബലിപീഠത്തിൽ ഞങ്ങൾ കാഴ്ചകൾ സമർപ്പിക്കും.

അഭിപ്രായങ്ങള്‍