(ബാർ യുഹാനോൻ റമ്പാൻ, ഗത്സീമോൻ ദയറ, പിറമാടം)
പരിശുദ്ധ അമ്മയുടെ ഓർമ്മകൾ കൊണ്ടടുന്ന ഒരു ആഴ്ചയിൽ കൂടി ആണല്ലോ ഇപ്പോൾ നാം കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. മുൻപും അമ്മയുടെ ഭാഗ്യാവസ്ഥ ഞാൻ എഴുതിയിട്ടുണ്ട് ആയതു കൊണ്ട് പ്രത്യേകിച്ച് ആമുഖം ദീർഘിപ്പിക്കുന്നില്ല.
ഉല്പത്തി പുസ്തകത്തിലെ മനുഷ്യന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട ചില വിവരണങ്ങൾ, വെളിപാട് പുസ്തകത്തിലെ സ്ത്രീയും കുഞ്ഞും, ദാവിദിന്റെ സങ്കീർത്തനം ആസ്പദമാക്കിയുള്ള കുക്കിലിയോൻ "ബസ്മൽക്കോ..." (നിന്നാൾ സ്തുതിയോടു രാജമകൾ) എന്നിവയെ എല്ലാം ബന്ധിപ്പിച്ച് 'ഹവ്വ' അഥവാ 'സകലരുടെയും മാതാവ്' (ആദ്യ പുസ്തകം 3:20 )എന്നുള്ള ചിന്ത ഇവിടെ പങ്ക് വയ്ക്കട്ടെ.
▪️ *ആദമും ക്രിസ്തുവും*
ആദം എന്ന വാക്കിനു മനുഷ്യൻ എന്നാണ് അർത്ഥം. ദൈവം സകലതും ഒന്നും ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചു എന്നും അങ്ങനെ സൃഷ്ടിക്കപ്പെട്ട ഭൂമിയിലെ പൊടിയിൽ നിന്നും രൂപപ്പെടുത്തി അതിലേക്കു ജീവശ്വാസം ഊതി മനുഷ്യനെ സൃഷ്ടിച്ചു എന്നും എഴുതിയിരിക്കുന്നു ; "ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്‌ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു." (ഉല്‍പത്തി 2 : 7). ഇവിടെ ആദം ആണ് ആദ്യ മനുഷ്യൻ പക്ഷേ ആദമിനെ സൃഷ്ടിച്ചത് ദൈവത്തിന്റെ 'ഛായയിലും സാദൃശ്യത്തിലും' (ഉല്‍പത്തി 1 : 26) ആണ് അതുകൊണ്ട് ആദമിന്റെ ഛായയും സാദൃശ്യവും ആദമിന് മുൻപേ ഉള്ളത് ആണ്. പൗലോസ് കോലോസ്യർക്ക് എഴുതിയ ലേഖനത്തിൽ ക്രിസ്തുവിനെ പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു, "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്."കൊലോസ്യർ 1 : 15). ചുരുക്കത്തിൽ ആദം സൃഷ്ക്കപ്പെട്ടത് ക്രിസ്തുവിന്റെ ഛായയിലും സാദൃശ്യത്തിലും ആണ്. ആദമിനെ സൃഷ്ടിക്കുന്നതിനു മുൻപേ ആദമിന്റെ വീഴ്ച അറിയുന്ന ദൈവം അവന്റെ വീണ്ടെടുപ്പിന് തന്റെ ഏകജാതനെ മുൻനിർണയിച്ചു, ഈ ഏകജാതൻ മുഖേന ദൈവം അവന്റെ ജഡധാരണത്തിലെ ഛായയിലും സാദൃശ്യത്തിലും ആദാമിനെ നിലത്തെ പൊടിയിൽ നിന്നും തന്റെ ശ്വാസത്തിൽ (ആത്മാവ്) നിന്നും നിർമ്മിച്ചു. അതുകൊണ്ട് ആദം ക്രിസ്തുവിന്റെ പ്രതിരൂപം (Type of Christ) ആകുന്നുവെന്ന് റോമാ ലേഖനം സാക്ഷിക്കുന്നു ; "ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്"(റോമാ 5 : 14b).
ആദം യഥാർത്ഥത്തിൽ വരുവാൻ ഉള്ളവന്റെ പ്രതിരൂപമായതിനാൽ തന്നെ ആദമിന്റെ വീഴ്ചയ്ക്ക് മുൻപുള്ള ഭാഗ്യാവസ്‌ഥയിൽ അവന്റെ ജീവിതത്തിൽ സംഭവിച്ച വിവിധ കാര്യങ്ങൾ typologicaly ക്രിസ്തുവിന്റെ ജീവിതവും ആയിട്ട് സാമ്യങ്ങൾ ഉണ്ട്. അവയെല്ലാം വിവരിക്കാൻ ഈ ലേഖനം പോരല്ലോ. ഈ ലേഖനത്തിൽ വ്യക്തമാക്കാൻ ആഗ്രഹിക്കുന്ന 'ഹവ്വാ: സകലരുടെയും മാതാവ്' എന്നുള്ള ചിന്തയ്ക്ക് വേണ്ടി മാത്രമുള്ള ചില typological ചിന്തകൾ നമുക്ക് ധ്യാനിക്കാം.
▪️ *ഹവ്വയും ആദമും*
ആദാമിന് ദൈവം ഒരു സഹായിയെ നൽകാൻ ആഗ്രഹിക്കുന്നു. ആദാമിനു ദൈവം ഒരു 'നിദ്ര' കൊടുക്കുന്നു. അവന്റെ നിദ്രയിൽ അവന്റെ വിലാപ്പുറം തുറന്നു അവിടെ നിന്നും അവന്റെ ജീവൻ കുടികൊള്ളുന്ന അസ്ഥി (അസ്ഥി, രക്തം തുടങ്ങിയവ ജീവന്റെ പ്രതീകം ആയാണ് ബൈബിളിൽ പ്രയോഗിച്ച് കാണുന്നത്) എടുക്കുകയും ആ അസ്ഥിയിൽ നിന്നും അവന്റെ ജഡത്തിൽ നിന്നും സ്ത്രീയെ സൃഷ്ടിയ്ക്കുകയും ചെയ്യുന്നു.
ദൈവം സൃഷ്ടിച്ച ആദ്യ സ്ത്രീയെ അവൻ ആദമിന് നൽകുന്നു. ആദം പറഞ്ഞു, "അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്‌ഥിയില്‍നിന്നുള്ള അസ്‌ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും.(ഉല്‍പത്തി 2 : 23). ദൈവം വാരിയെല്ലിൽ നിന്നും മാത്രം അല്ല, ആദമിന്റെ മാംസത്തിൽ നിന്നും കൂടിയാണ് സ്ത്രീയെ സൃഷ്ടിച്ചത് എന്നു ഇത് വ്യക്തമാക്കുന്നു. അതായത് ആദം മിശിഹായുടെ ഛായയിലും സാദൃശ്യത്തിലും, ഹവ്വ ആദമിന്റെ ആത്മാവിലും ശരീരത്തിലും ആണ് സൃഷ്ടിയ്ക്കപ്പെട്ടത്. ആയതു കൊണ്ടു പൌലോസ് പറയുന്നു ; "പുരുഷന്റെ ശിരസ്‌സ് ക്രിസ്‌തുവും സ്‌ത്രീയുടെ ശിരസ്‌സ് ഭര്‍ത്താവും ക്രിസ്‌തുവിന്റെ ശിരസ്‌സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു." (1 കോറിന്തോസ് 11 : 3).
ആദം ക്രിസ്തുവിന്റെ പ്രതിരൂപമാണ് എന്നു നമ്മൾ പഠിച്ചു. ഹവ്വ ആദമിന്റെ മണവാട്ടി ആണ്. ഈ മണവാളനും മണവാട്ടിയോ കൂടി അവരുടെ ജീവിതം തുടങ്ങുമ്പോൾ ദൈവം അവർക്ക് ചില കൽപ്പനകൾ (creation mandates) കൊടുത്തു. ഈ കല്പനകളിൽ ഒന്നാണ് ഭൂമിയിൽ മക്കളെ ജനിപ്പിക്കാനും അങ്ങനെ ദൈവത്തിൻ്റെ പ്രതിച്ഛായ വഹിക്കുന്നവരെ വർദ്ധിപ്പിക്കാനും ഉള്ള കല്പന. ഈ അറിവിൽ നിന്നാണ് ആദം തന്റെ മണവാട്ടിയ്ക്ക് 'ഹവ്വ' എന്നു പേര് വിളിക്കുന്നത്. എബ്രായ ഭാഷയിൽ (*חָֽי* _hay_ ) അർത്ഥം 'ജീവൻ' എന്നാണ്. അതുകൊണ്ട് ഇവളിൽ നിന്നാണ് സകലർക്കും ജീവൻ ലഭിക്കുന്നത്. അതുകൊണ്ട് ജീവൻ ഉള്ളവരുടെയെല്ലാം മാതാവ് എന്നു ആദ്യ ഹവ്വ അറിയപ്പെട്ടു. അതായത് 'സകലരുടെയും മാതാവ്' എന്നു സുറിയാനി വിശുദ്ധ ഗ്രന്ഥത്തിൽ തർജ്ജ്ജിമ ചെയ്തിരിക്കുന്നത് ഈ അർത്ഥത്തിൽ ആണ്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം, ഹവ്വ അല്ല യഥാർത്ഥത്തിൽ ജീവൻ നൽകുന്നത്. ഹവ്വയിൽ കൂടി ആദം ആണ് ജീവൻ നൽകുന്നത്. അദാമിന്റെ ജീവൻ ദൈവത്തിന്റെ ആത്മാവ് അത്രേ. ആയതിനാൽ മണവാളൻ മണവാട്ടിയെ അറിയുമ്പോൾ പുതിയ ജീവൻ ഉൾപ്പാദിപ്പിക്കപെടുന്നു. ഈ ജീവൻ ദൈവത്തിൽ നിന്നും ആദം ഹവ്വ മുഖാന്തിരം നൽകുമ്പോൾ ക്രിസ്തുവിന്റെ സാദൃശ്യവും സാരാംസവുമുള്ള മനുഷ്യർ ഭൂമിയിൽ ജനിക്കുന്നു.
*ക്രിസ്തുവും സഭയും*
ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു ആദം, ഹവ്വ ആദമിന്റെ മണവാട്ടിയും. അതുകൊണ്ട് തന്നെ അവന്റെ മണവാട്ടി ആയ ഹവ്വ ക്രിസ്തുവിന്റെ മണവാട്ടിയുടെ പ്രതിരൂപമാകുന്നു. ക്രിസ്തുവിന്റെ മണവാട്ടിയോ തീർച്ചയായും പരിശുദ്ധ സഭ ആകുന്നു. പക്ഷേ ഹവ്വ എങ്ങനെ സഭയുടെ പ്രതിരൂപമാകുന്നു എന്നുള്ളത് നാം അറിയണം. ഉൽപ്പത്തി പുസ്തകത്തിലെ മനുഷ്യസൃഷ്ടി വിവരണങ്ങൾ ക്രിസ്തുവിൽ ബന്ധിപ്പിക്കുമ്പോൾ നമുക്ക് ഇത് ബോധ്യമാകും. ആദമിന്റെ വിലാവ് തുറന്നു ആണ് ദൈവം ഹവ്വയെ സൃഷ്ടിയ്ക്കാൻ ജീവനും ശരീരത്തിനു മാംസവും എടുക്കുന്നത്. വാരിയെല്ലു ആദമിന്റെ ശരീരത്തിന്റെ വിലാവു തുറന്നു എടുക്കുന്നു. അസ്ഥി ജീവന്റെ പ്രതീകം ആണ്. ആദം പറയുന്നു അസ്ഥിയുടെ അസ്ഥി മാംസത്തിന്റെ മാംസം എന്നു, അതുകൊണ്ട് ഹവ്വയുടെ ശരീരം ആദമിന്റെ മാംസത്തിൽ നിന്നും കൂടി ആണ്. അതുകൊണ്ട് ആദമിന്റെ വിലാവിൽ നിന്നും എടുത്ത ജീവനും ശരീരവും ആണ് ആദമിന്റെ മണവാട്ടിയെ സൃഷ്ടിയ്ക്കാൻ ദൈവം ഉപയോഗിച്ചത്. ഇതിനു ദൈവം ആദത്തെ ഒരു നിദ്രയ്ക്ക് വിട്ടു കൊടുത്തു. ആദം നിദ്രയെ പ്രാപിക്കുമ്പോൾ ദൈവം അവന്റെ ജീവനും ശരീരവും കൊണ്ടു ഒരു മണവാട്ടിയെ സൃഷ്ടിച്ചു.
ക്രിസ്തുവിലേക്കു നോക്കൂ. ദൈവം മുൻനിർണയിച്ച പ്രകാരം യഥാർത്ഥ ആദം ആയ ക്രിസ്തുവിനെ കുരിശിൽ നിദ്ര പ്രാപിക്കുവാൻ വിട്ടു കൊടുത്തു. കുരിശിൽ മരിച്ച ദൈവപുത്രന്റെ ശരീരവും അവന്റെ വിലാവ് കുത്തി തുറന്നപ്പോൾ ഒഴുകിയ ജീവരക്തവും ക്രിസ്തുവിന്റെ മണവാട്ടി സഭയെ രൂപപ്പെടുത്തി. അങ്ങനെ യഥാർത്ഥ ആദമിന്റെ ശരീരത്തിലും രക്തത്തിലും നിർമ്മിക്കപ്പെട്ട പുതിയ നിയമ സഭയുടെ പ്രതിരൂപമായിരുന്നു ഹവ്വ. പൂർവ്വിക ഹവ്വ ആദമിൽ നിന്നും ജീവൻ പ്രാപിക്കുകയും സകലരുടെയും മാതാവാകുകയും ദൈവമക്കളെ ജനിപ്പിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ ആദമിന്റെ മണവാട്ടി ആയ സഭ തന്റെ മണവാളനിൽ നിന്നും നിത്യജീവൻ പ്രാപിച്ച് ദൈവമക്കളെ ആത്മീയ ഗർഭപാത്രം ആകുന്ന മാമോദിസ തൊട്ടിയിൽ നിന്നും പ്രസവിച്ചു.
*കന്യകയും സഭയും*
പരിശുദ്ധ കന്യക മറിയം ക്രിസ്തുവിന്റെ സഭയുടെ ഭാഗം ആണ്. എന്നാൽ ക്രിസ്തുവിന്റെ മണവാട്ടി ആയ സഭയുടെ ഭാഗം ആയ കന്യക, ക്രിസ്തുവിന്റെ മണവാട്ടി അല്ല. അവൾക്ക് മാത്രം അതിലുപരി ഒരു സ്ഥാനം ലഭിച്ചു അത് ജഡം ധരിച്ച ദൈവപുത്രന്റെ അമ്മ എന്നുള്ള നിലയിൽ 'ദൈവമാതാവ്' എന്നുള്ള സ്ഥാനം ആണ്. പൂർവ്വിക ഹവ്വ സഭയുടെ പ്രതിരൂപമായിരുന്നു എന്നത് പോലെ, കന്യകയുടെ പ്രതിരൂപവും ആയിരുന്നു. ലോകത്തെ രക്ഷിക്കാൻ വരുന്ന സ്ത്രീയുടെ സന്തതി ഹവ്വായുടെ സന്തതി എന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ പൂർവ്വിക ഹവ്വ ആ സന്തതിയെ നൽകിയില്ല. അതിനാൽ എശയയുടെ ദർശനത്തിൽ വെളിപ്പെട്ട കന്യക രണ്ടാം ഹവ്വ ആകുമെന്ന് പ്രവചിക്കപ്പെട്ടു. കാലത്തികവിൽ ഭൗമിക പൊടിയിൽ നിന്നും ക്രിസ്തുവിന്റെ ഛായയും സാദൃശ്യവും ആയ ആദമിനെ മെനഞ്ഞത് പോലെ ഭൗമിക കന്യകയുടെ മാംസകണികയിൽ നിന്നും ക്രിസ്തു ജഡംധരിച്ചു. സകലത്തിന്റെയും ജീവദായകനെ അവൾ വഹിച്ചതിനാൽ പൂർവ്വിക മാതാവായ ഹവ്വയെ പോലെ ജീവൻ ഉള്ളവരുടെയെല്ലാം മാതാവായി മറിയം ഉയർത്തപ്പെട്ടു. അതേ സമയം അമ്മ ആയതിനാൽ മണവാട്ടി സഭയുടെ ഭാഗം ആയിരിക്കെ തന്നെ എല്ലാവരേക്കാളും ഉയർന്ന ബഹുമാനം നല്കപ്പെട്ടു.
കന്യക മറിയാമും സഭയും ഒരേ സമയം പര്യായങ്ങൾ ആയി വർണ്ണിക്കപ്പെട്ടപ്പോഴും ഇരുവരും തനത് വ്യക്തിമുദ്ര കാത്തു സൂക്ഷിച്ചു. ദാവീദ് ഈ സമാനതയും എന്നാൽ വ്യത്യസ്തതയും മുന്നമേ ദർശിച്ചതിനാൽ തന്റെ അമ്മയും മകളും ആയവളെ 'രാഞ്ജി' (മാല്ക്സോ) എന്നും തന്റെ ദൈവവും മകനും ആയവന്റെ മണവാട്ടിയെ 'രാജകുമാരി' എന്നും വിളിച്ചു. അതായത്, വരുവാനുള്ള മിശിഹാ ദാവീദ് പുത്രൻ ആണ് അത് അവനോട് ദൈവം ഉടമ്പടി വച്ചിട്ടുണ്ട്. എന്നാൽ പുത്രൻ തന്റെ ദൈവവും ആണ് എന്നുള്ളത് അവനു വെളിപ്പെട്ടിട്ടുണ്ട് അതുകൊണ്ട് അവൻ ഇപ്രകാരം പാടി, " "കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക" (സങ്കീര്‍ത്തനങ്ങള്‍ 110 : 1). ദാവീദിനു അറിയാം തന്റെ വംശത്തിൽ ഒരു സ്ത്രീ തന്റെ ദൈവത്തെ പ്രസവിക്കും എന്നുള്ളത്. അതുകൊണ്ട് ഈ സ്ത്രീ ദാവീദ് പുത്രി ആകുമ്പോൾ തന്നെ ദൈവമാതാവ് ആകയാൽ ദാവീദിന്റെ അമ്മയും ആണ്. ഇതുകൊണ്ട് അവൻ പരിശുദ്ധ ആത്മാവ് നിറഞ്ഞു പാടി, " രാജപുത്രി മഹത്വത്തോടെ നിന്നു; രാജസ്ത്രീ നിന്റെ വലതുഭാഗത്തു ഓഫീറിലെ തങ്കവസ്ത്രത്തോടുകൂടെ നിന്നു. " (സങ്കീര്‍ത്തനങ്ങള്‍ 45:9) . ഇത് കുക്കിലിയോൻ ചൊല്ലുമ്പോൾ ഇങ്ങനെ ആണ് " നിന്നാൾ സ്തുതിയൊടു രാജമകൾ ഹാലേലുയ്യ-
നിൻ വലഭാഗേ രാജഭാമിനിയും" ബസ്മൽക്കോ = രാജകുമാരി അഥവാ മണവാട്ടി, മാല്ക്സോ = രാഞ്ജി അഥവാ മണവാളന്റെ അമ്മ എന്നാണ് അർത്ഥം. ചുരുക്കി പറഞ്ഞാൽ ദൈവപുത്രന്റെ മണവാട്ടി സഭ അവനെ സ്തുതിക്കുമ്പോൾ ദൈവമാതാവ് അവന്റെ വലതു വശത്തു നിന്നും കൊണ്ടു അവനോട് പ്രാർത്ഥിക്കുന്നു. ബസ്മൽക്കോ ചെല്ലുമ്പോൾ ത്രോണോസ്സിൽ തിരുശരീര രക്തങ്ങളുടെ വലതു വശത്തു അതായത് വടക്ക് വശത്ത് ഒരു തിരി കത്തിച്ചു വയ്ക്കുന്നതിന്റെ അർത്ഥം ഇതാണ്. ഇപ്പോൾ അർത്ഥം അറിയാതെ രണ്ടു സൈഡിലും തിരി വയ്ക്കുന്നത് കാണാം.
വീണ്ടും, പുതിയ നിയമം പരിശോധിക്കുമ്പോൾ വെളിപാട് പുസ്തകത്തിൽ വിശുദ്ധ സഭയെയും, വിശുദ്ധ ദൈവമാതാവിനെയും പര്യായമാക്കിയുള്ള അപോകാലിപ്റ്റിക് സാഹിത്യം കാണാൻ സാധിക്കുന്നു. വെളിപാട് 12 ആം അദ്ധ്യായം മുഴുവനും ദൈവമാതാവിനെ ഒരു സിംബൽ ആക്കികൊണ്ടു സഭയെ വർണ്ണിക്കുക ആണ്. അതിന്റെ ആരംഭമിങ്ങനെ ആണ്, "സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം." (വെളിപാട് 12 : 1). ഇതിൽ 'സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ' യഥാർത്ഥത്തിൽ ദൈവമാതാവ് ആണ് പക്ഷേ ഇവിടെ ഈ സ്ത്രീ സഭയെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് ആണ് കന്യക മറിയാമും, വിശുദ്ധ സഭയും പര്യായങ്ങൾ ആണെന്ന് പറഞ്ഞത് പക്ഷേ അപ്പോഴും അവരുടെ പ്രത്യേക വ്യക്തിത്വം വിശുദ്ധ വചനം സാക്ഷിക്കുന്നു. ഒരേസമയം മണവാട്ടി സഭയുടെ ഭാഗവും മണവാളന്റെ അമ്മയും ആണ് കന്യക മറിയം. അതുകൊണ്ട് അവൾ സകലർക്കും മാതാവ് ആയ രണ്ടാം ഹവ്വ ആണ്. അതേ സമയം സഭ ക്രിസ്തുവിന്റെ മണവാട്ടിയും ക്രിസ്തു അവളിൽ കൂടി അവളുടെ മക്കൾക്ക് നിത്യജീവൻ നൽകുന്നതിനാൽ വിശുദ്ധ സഭ നിത്യജീവനുള്ളവരുടെയെല്ലാം മാതാവായ യഥാർത്ഥ ഹവ്വ ആണ്. ഒന്നാമത്തെ ഹവ്വ അതുകൊണ്ട് വിശുദ്ധ കന്യകയുടെയും വിശുദ്ധ സഭയുടെയും പ്രതിരൂപവും ആകുന്നു.
*ഉപസംഹാരം*
ആദ്യ ആദം യഥാർത്ഥ ആദം ആയ ക്രിസ്തുവിന്റെ ഛായയും സാദൃശ്യവും ആയിരുന്നു. ആദ്യ ഹവ്വ ദൈവമാതാവായ വിശുദ്ധ കന്യകയുടെയും, ക്രിസ്തുവിന്റെ മണവാട്ടിയായ വിശുദ്ധ സഭയുടെയും പ്രതിരൂപമായിരുന്നു. ദാവീദ് രാജാവ് സ്വർഗ്ഗത്തിൽ വിശുദ്ധ കന്യക പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത് ദർശനത്തിൽ കണ്ടു. വിശുദ്ധ സഭയാകുന്ന മണവാട്ടി തന്റെ നാഥനായ മിശിഹായെ സ്തുതിക്കുമ്പോൾ സ്വർഗീയ രാജ്ഞിയായ ദൈവമാതാവായ വിശുദ്ധ കന്യക മറിയം വിശുദ്ധി ആകുന്ന ഓഫീർ തങ്ക ആഭരണം അണിഞ്ഞു കൊണ്ടു തന്റെ പുത്രന്റെ വലതു ഭാഗത്തു നിൽക്കുകയും അവനോട് അവന്റെ മണവാട്ടി സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇന്ന് ലോകം എമ്പാടും ഉള്ള ദൈവമക്കൾ, തലമുറകൾ എന്നെ ഭാഗ്യവതി എന്ന് വിളിക്കും എന്നുള്ള കന്യകയുടെ പ്രവചനം പൂർത്തിയാകുവാൻ തക്കവണ്ണം അവളെ പുകഴ്ത്തി സകലരുടെയും മാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നു ഏക സ്വരത്തിൽ ചൊല്ലുന്നു. പരിശുദ്ധ അമ്മയുടെ പ്രാർത്ഥന കോട്ടയും അഭയവും ആകട്ടെ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ