വിശുദ്ധ മാമോദിസ: ശൈശവ പ്രായത്തിൽ ദൈവത്തിന്റെ കൃപയാൽ


 *വിശുദ്ധ മാമോദിസ: ശൈശവ പ്രായത്തിൽ ദൈവത്തിന്റെ കൃപയാൽ*


(ബർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ)


*ആമുഖം*

 ക്രിസ്തീയ സഭയിൽ അനിഷേധ്യമായ ഒരു അനുഷ്ടാനമാണ് വിശുദ്ധ മാമോദിസ. ഇത് ഒരു കൗദാശിക മർമ്മമാണ് _(റോസ്സോനോയോ)_ ആയതിനാൽ ഇത് നിർബന്ധമാണോ അല്ലയോ എന്നതിൽ ആർക്കും തർക്കമില്ല. ഇതിന്റെ സ്വീകരണത്തിൽ വിവിധ സഭാ വിഭാഗങ്ങൾ തമ്മിലുള്ള വിയോജിപ്പ് അതിന്റെ കൗദാശിക നിർവഹണ രീതിയിലും (mode of administration) സ്ഥാനാർത്ഥിയുടെ പക്വതയെ കുറിച്ചും, കൂദാശ്ശ നൽകുന്ന ശുശ്റൂക്ഷകന്റെ കൈവയ്പ്പിന്റെ ആധികാരികതയെയും കുറിച്ചുമാണ്. ക്രൈസ്തവ സഭകളിൽ വിശുദ്ധ സ്നാനത്തിൻ്റെ മൂന്ന് രീതികളുണ്ട് അവ ;മുങ്ങൽ (immersion), ഒഴിക്കൽ (pouring), തളിക്കൽ (sprinkling) എന്നിവയാണ്, ഇവ മൂന്നും സുറിയാനി ഓർത്തഡോൿസ്‌ സഭയിൽ നിലനിൽക്കുന്നുണ്ട്. കൂദാശയുടെ നിർവഹണ സാഹചര്യം അനുസരിച്ച് പൗരണിക സഭകൾ എല്ലാം തന്നെ ഇവ മൂന്നും പിന്തുടരുന്നു എന്നു പറയാൻ കഴിയും. സഭകളിൽ ഈ കൂദാശ്ശയുമായി ബന്ധപ്പെട്ട മറ്റൊരു വിയോജിപ്പ് എന്നത് ശിശുസ്നാനം (pedobaptism) ആണോ വിശ്വാസം ഏറ്റുപറഞ്ഞുള്ള സ്നാനം (credobaptism) ആണോ അംഗീകാര്യം എന്നതിൽ ആണ്. ഈ തർക്കം പൗരാണിക സഭകളും പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിൽ ആണ്. എല്ലാ പൗരാണിക സഭകളും വിശ്വാസികളുടെ കുട്ടികൾക്കായി 'ശിശുസ്നാനം' പിന്തുടരുമ്പോൾ, ക്രിസ്തു യേശുവിൽ പുതുവിശ്വാസികളായ സ്ഥാനാർത്ഥികൾക്കായി 'ഏറ്റുപറച്ചിൽ സ്നാനം' അനുവദിക്കുന്നു. അതിനാൽ, സ്നാനത്തിൻ്റെ ആവശ്യകത എന്താണ്, അതിന്റെ യോഗ്യത മനുഷ്യൻ്റെ ഏറ്റുപറച്ചിലിൽ ആണോ അതോ ദൈവകൃപയാണോ എന്ന ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തർക്കങ്ങൾ എല്ലാം നിലനിൽക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയും. അതിൻ്റെ ഉത്തരം കണ്ടെത്തുന്നതിന്, ആദ്യം നാം തിരുവെഴുത്തുകളിലേക്കും രണ്ടാമതായി തിരുവെഴുത്തുകളിൽ നിന്നുള്ള പഠിപ്പിക്കലുകൾ ആദിമ സഭയിൽ എങ്ങനെ പ്രയോഗിച്ചുവെന്നും ഈ വിഷയത്തിൽ ആദിമ സഭാ പിതാക്കന്മാരുടെ നിലപാട് എന്താണെന്നും പരിശോധിക്കേണ്ടതുണ്ട്.


*തിരുവിഴുത്തുകളിൻ പ്രകാരം*


വിശുദ്ധ ലിഖിതങ്ങൾ പരിശോധിക്കുമ്പോൾ ഇപ്രകാരം കാണുന്നു, " "പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമോദിസ നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28 : 20). ഇതാണ് വിശുദ്ധ മാമോദിസയെ സംബന്ധിച്ച് ഉള്ള പ്രധാന കല്പന. വിശുദ്ധ മാമോദിസ ഏൽക്കേണ്ടത് വിശുദ്ധ തൃത്വ നാമത്തിൽ ആണ് അല്ലാതെ ഉള്ള മാമോദിസ അംഗീകരിക്കാൻ സുറിയാനി സഭ തയ്യാർ അല്ല. ഈ വിശുദ്ധ മാമോദിസ വിശ്വാസം ഏറ്റു പറഞ്ഞ പ്രായപൂർത്തിയായ വ്യക്തികൾക്കും, വിശ്വാസം സ്വീകരിക്കുന്ന ഒരു കുടുംബം മുഴുവനും, വിശ്വാസികളുടെ കുഞ്ഞുങ്ങൾക്കും പരിശുദ്ധ ശ്ലീഹന്മാർ നൽകിയിട്ടുള്ളത് അപ്പോസ്തോല പ്രവർത്തികളിൽ നമുക്ക് ദർശിക്കാൻ കഴിയും.


പഴയനിയമ കാലത്ത് എട്ടുദിവസം പ്രായം ഉള്ളപ്പോൾ കുഞ്ഞുങ്ങൾ പരിച്ഛേദന എന്ന കൂദാശ സ്വീകരിച്ചിരുന്നതായി വേദശാസ്ത്രജ്ഞനായ മാർസെൽ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു; “പരിച്ഛേദന എന്നത് കൃപയുടെ ഉടമ്പടിയുടെ മുദ്രയായിരുന്നു. അതിനാൽ, ദൈവത്തിൻ്റെ കൽപ്പനപ്രകാരം കുട്ടികൾ പരിച്ഛേദന ചെയ്യപ്പെട്ടെങ്കിൽ, അത് അവരുടെ പിതാക്കന്മാരുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ അവരെയും ദൈവം ഉൾപ്പെടുത്തിയതുകൊണ്ടാണ്." എന്താണ് ഇതിൽ നിന്നും അർത്ഥമാക്കുന്നത്, ദൈവവുമായുള്ള വിശ്വാസികളായ മാതാപിതാക്കളുടെ ഉടമ്പടി ബന്ധം അവരുടെ കുട്ടികളെ ദൈവത്തിൻ്റെ ഉടമ്പടിയുമായി സംയോജിപ്പിക്കാൻ പ്രാപ്തരാക്കുകയും കൃപയുടെ ഉടമ്പടിയുടെ മുദ്ര സ്വീകരിക്കാൻ അവരെ ദൈവം യോഗ്യരാക്കുകയും ചെയ്തുവെന്ന് വിശദീകരിക്കാൻ മാർസെൽ ശ്രമിക്കുന്നു. പഴയനിയമ സഭയുമായി പുതിയ നിയമസഭയ്ക്ക് കൗദാശിക കാര്യങ്ങളിൽ സമാനതകൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു, കാരണം "രണ്ട് നിയമങ്ങൾക്കു കീഴിലും സഭ ഒന്നാണ്." കുഞ്ഞുങ്ങൾ പരിഛേദന വഴി എബ്രായ സഭയിൽ അംഗങ്ങളായിത്തീർന്നു, അതുപോലെ ക്രിസ്ത്യൻ സഭയിൽ കുട്ടികൾ മാമോദിസ വഴി അംഗങ്ങൾ ആകുന്നു. കാരണം സ്ഥാനാർത്ഥിയുടെ യോഗ്യതയല്ല, മറിച്ച് വിശ്വാസികളുടെ മക്കൾക്ക് മുന്നമേ ലഭിച്ച കൃപയുടെ പ്രതീകമായും മുദ്രയായും മാമോദീസ സ്വീകരിക്കാൻ അവരെ പ്രാപ്തമാക്കിയത് ദൈവ സ്നേഹം മാത്രമാണ്.


പെന്തക്കോസ്ത് നാളിൽ, പരിശുദ്ധാത്മാവിനെ അഗ്നി നാവുകളായി സ്വീകരിച്ച ഉടൻ, പത്രോസ് അവിടെ കൂടിയിരുന്ന ജനങ്ങളോട് ഇപ്രകാരം പറഞ്ഞു, "നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 38). ഈ പ്രസ്‌താവനയ്‌ക്കുശേഷം അവൻ തുടരുന്നു, "ഈ വാഗ്‌ദാനം നിങ്ങള്‍ക്കും _നിങ്ങളുടെ സന്താനങ്ങള്‍ക്കും_ വിദൂരസ്‌ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ്‌ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്‌. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 39). വിശുദ്ധ മാമ്മോദീസ വിശ്വാസികളുടെ മക്കൾ ഉൾപ്പെടുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണെന്നതിൽ ദൈവവചന പ്രകാരം സംശയിക്കേണ്ട കാര്യം ഒട്ടുമില്ല.


മാമോദിസ സ്വീകരിക്കുന്നതിന്റെ യഥാർത്ഥത്തിൽ ഉള്ള കാരണം എന്താണ് എന്നു നമുക്ക് നോക്കാം. പരിശുദ്ധ പൗലോസ് ഇപ്രകാരം എഴുതിയിരിക്കുന്നു, "അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.

കര്‍ത്താവ്‌ കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍.

പരിച്‌ഛേദിതര്‍ക്കു മാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, അപരിച്‌ഛേദിതര്‍ക്കുമുള്ളതോ? അബ്രാഹത്തിനു വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്‌.

എങ്ങനെയാണ തു പരിഗണിക്കപ്പെട്ടത്‌? അവന്‍ പരിച്‌ഛേദിതനായിരുന്നപ്പോഴോ? അപരിച്‌ഛേദിതനായിരുന്നപ്പോഴോ? പരിച്‌ഛേദിതനായിരുന്നപ്പോഴല്ല, അപരിച്‌ഛേദിതനായിരുന്നപ്പോള്‍.

അപരിച്‌ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭി ച്ചനീതിയുടെ മുദ്രയായി പരിച്‌ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത്‌ പരിച്‌ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത്‌ അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു.

മാത്രമല്ല, അതുവഴി അവന്‍ പരിച്‌ഛേദിതരുടെ, പരിച്‌ഛേദനം ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്‌ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടിചെയ്‌തവരുടെ പിതാവായി." (റോമാ 4 : 7-12). പാപങ്ങൾ ദൈവം കണക്കിടാത്ത അല്ലെങ്കിൽ പാപങ്ങൾ ദൈവം മോചിച്ച മനുഷ്യൻ ഭാഗ്യവാൻ ആണെന്നുള്ള ദാവീദിന്റെ സങ്കീർത്തനങ്ങൾ ആണ് പൗലോസ് ആദ്യം പറയുന്നത്. തുടർന്ന് എങ്ങനെ ആണ് പാപമോചനം എന്ന ഈ ഭാഗ്യം അബ്രഹാമിനു ലഭിച്ചത് എന്നു ശ്ലീഹ ചോദിക്കുന്നു. അബ്രഹാമിന്റെ വിശ്വാസം ആണ് അവനു നീതി ആയിട്ട് പരിഗണിച്ചത് എന്നു അവൻ പറയുന്നു. അതായത് പാപമോചനം ലഭിച്ച വ്യക്തിയുടെ അവസ്ഥ ആണ് നീതി. പക്ഷേ ഈ നീതി അഥവാ പാപമോചനം ലഭിച്ചത് പരിഛേദന എന്ന പ്രവർത്തിയിൽ കൂടി ആണോ അതോ അപരിഛേദിതൻ ആയിരുന്നപ്പോൾ അബ്രഹാമിൽ ഉണ്ടായിരുന്ന വിശ്വാസം മൂലമോ എന്നു ശ്ലീഹ ചോദിക്കുന്നു. അപരിഛേദിതൻ ആയിരുന്നപ്പോൾ ഉള്ള വിശ്വാസം മൂലം ആയിരുന്നു എന്ന് മറുപടിയും പറഞ്ഞു. പിന്നീട് അത് വിശദമായി പഠിപ്പിക്കുന്നു, അബ്രഹാം പിതാവിന് ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു അഥവാ ദൈവത്തെ വിശ്വസിക്കുവാൻ തക്കവിധം ഉള്ള ഒരു ഹൃദയം ദൈവം അബ്രഹാമിനു കൊടുത്തു. ഇത് അബ്രഹാമിന്റെ കഴിവൊ പ്രവർത്തിയോ അല്ല. ഇതിനാണ് ദൈവ കൃപ എന്ന് പറയുന്നത്. ദൈവം തന്റെ രക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഹൃദയത്തിൽ തന്നിൽ വിശ്വാസം ഉണ്ടാകുവാൻ വിധത്തിൽ ഒരു മുറിവ് ഉണ്ടാക്കുന്നു. ഈ മുറിവിനെ ഹൃദയ പരിഛേദന അഥവാ മാനസാന്തിരം എന്നു പറയുന്നു. ഈ ഹൃദയത്തിലെ മുറിവ് ആണ് ദൈവത്തിൽ വിശ്വാസം ഉണ്ടാകുവാൻ ഉള്ള പ്രാപ്തി നൽകുന്നത്. അതുകൊണ്ട് ദൈവകൃപ എന്നത് ദൈവം തന്ന ഈ ഹൃദയത്തിലെ മുറിവ് ആണ്. ഈ ഹൃദയ മുറിവ് ന്റെ പ്രതീകവും മുദ്രയും ആയി ആണ് ശരീരത്തിൽ ഒരു മുറിവ് ഉണ്ടാക്കുന്ന പരിഛേദന എന്ന പഴയ നിയമ കൂദാശ്ശ. ഇത് വഴി ഇസ്രായേൽ മക്കൾ സഭയിൽ അംഗമായി തീർന്നു.


ഈ കൃപയുടെ മർമ്മം പഠിപ്പിച്ച ശേഷം ശ്ലീഹാ ഒരു കാര്യം കൂടി പറയുന്നു, വിശ്വാസികളുടെ പിതാവായ അബ്രഹാം പരിഛേദന ഏറ്റവരുടെ മാത്രം പിതാവ് അല്ല അത് സ്വീകരിക്കിന്നതിനു മുൻപ് ദൈവം അവന്റെ ഹൃദയത്തിൽ കൃപയാൽ നൽകിയ വിശ്വാസം അനുഗമിക്കുന്ന പരിഛേദന ഇല്ലാത്തവരുടെയും പിതാവ് ആണ്. കാരണം കൃപയാൽ ഉള്ള വിശ്വാസത്തിന്റെ അടയാളം പഴയ നിയമത്തിൽ പരിഛേദന ആയിരുന്നു, പുതിയ നിയമസഭയിൽ ഇത് വിശുദ്ധ മാമോദിസ ആണ്. അതുകൊണ്ട് പഴയ നിയമ പ്രകാരം പരിഛേദന ഏറ്റവർക്കും പുതിയ നിയമസഭയിൽ മാമോദിസ ഏറ്റവർക്കും അബ്രഹാം പിതാവാണ്. ചുരുക്കി പറഞ്ഞാൽ അബ്രഹാം ആരെ വിശ്വസിച്ചുവോ അതേ ദൈവത്തെ നമ്മളും വിശ്വസിക്കുന്നു. ഈ വിശ്വാസം നമ്മുടെ പ്രവർത്തിയാൽ അല്ല മറിച്ചു ദൈവ കൃപയാൽ ആണ്. അതുകൊണ്ട് നമ്മുടെ ഹൃദയത്തിൽ മുന്നമേ ദൈവം ഉളവാക്കിയ കൃപയാൽ ഉള്ള വിശ്വാസം എന്ന ആന്തരീക മാമോദിസയുടെ പ്രതീകവും മുദ്രയുമായി യേശു തമ്പുരാൻ വിശുദ്ധ മാമോദിസ നമുക്ക് ഭരമേൽപ്പിച്ചു. പഴയ നിയമ സഭയിൽ ഒരു കുഞ്ഞിന്റെ ഹൃദയത്തിൽ ദൈവം കൃപയാൽ നൽകിയ വിശ്വാസം മൂലം അതിന്റെ പ്രതീകവും മുദ്രയും ആയി പരിഛേദന ഏറ്റത് പോലെ പുതിയ നിയമസഭയിൽ കൃപയാൽ ലഭിച്ച വിശ്വാസത്തിന്റെ പ്രതീകവും മുദ്രയും ആയി കുഞ്ഞുങ്ങൾക്കും മാമോദിസ നൽകുന്നു.ഇപ്രകാരം എഴുതപെട്ടിരിക്കുന്നു, "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌." (എഫേസോസ്‌ 2 : 8). നമ്മുടെ ഹൃദയത്തിൽ ദൈവം കൃപയാൽ ഉളവാക്കിയ ഈ വിശ്വാസം ആണ് നമുക്ക് നീതി ആയിട്ട് കണക്കാക്കിയത്. അതുകൊണ്ട് തന്നെ മാമോദിസ നമ്മെ നീതിമാൻ എന്നു മുദ്ര കുത്തുന്നു. നീതി എന്നതോ പാപമോചനം ആകുന്നു, അങ്ങനെ വിശുദ്ധ മാമോദിസ പാപമോചനം നൽകുന്നു.


*സഭാപാരമ്പര്യത്തിൽ*

 ശിശുസ്നാനത്തിൻ്റെ സ്ഥിരീകരണം തിരുവെഴുത്തുകളിൽ മാത്രമല്ല, നൂറ്റാണ്ടിൻ്റെ ആരംഭം മുതലുള്ള സഭയുടെ ഉപദേശങ്ങളുടെയും സിദ്ധാന്ധങ്ങളുടെയും ചരിത്രത്തിൽ നിന്നും കൂടി പ്രാപ്യമാണ്. ഈ തെളിവുകളിൽ ആദ്യത്തേത്, ഏകദേശം 215 എ.ഡിയിൽ റോമിൽ വെച്ച് ഹിപ്പോളിറ്റസ് രചിച്ചതാണെന്ന് കരുതുന്ന അപ്പസ്തോലിക പാരമ്പര്യം ആണ്. അതിൻ്റെ പതിനാറ് മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അധ്യായങ്ങളിൽ ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ നടന്ന വിശുദ്ധ മാമോദിസ ചടങ്ങുകൾ വിശദീകരിക്കുന്നു. വിശുദ്ധ മാമോദിസയിൽ ശിശുക്കളുടെ പങ്കിനെക്കുറിച്ച് പരാമർശിച്ച ഒരേയൊരു പരാമർശം "ആദ്യം വിശുദ്ധ മാമോദിസ ഏൽക്കേണ്ടത് ചെറിയ കുട്ടികളായിരിക്കണം" എന്നാണ്. വിശുദ്ധ മാമ്മോദീസ സ്വീകരിക്കുന്ന കുട്ടികൾ തങ്ങൾക്ക് കഴിയുമെങ്കിൽ സ്വയം സംസാരിക്കണമെന്നും അല്ലെങ്കിൽ കുടുംബത്തിൽ നിന്നുള്ള മറ്റൊരാൾ അവർക്കുവേണ്ടി സംസാരിക്കാൻ അനുവദിക്കണമെന്നും ഈ രേഖ പറയുന്നു. വിശുദ്ധ പൊതു സുന്നഹദോസ്സിൽ അംഗങ്ങളായിരുന്ന 'മൂന്ന് കപ്പഡോഷ്യൻ പിതാക്കന്മാരിൽ' ഒരാളായ ഗ്രിഗറി നാസിയാൻസെൻസ് തൻ്റെ നാൽപതാം പ്രസംഗത്തിൽ ക്രിസ്ത്യൻ മാതാപിതാക്കൾക്ക് നൽകിയ ഉപദേശമിപ്രകാരമായിരുന്നു, "നിങ്ങൾക്ക് ഒരു ശിശുവുണ്ടോ? പാപത്തിന് ഒരു അവസരവും ലഭിക്കാൻ ആ കുഞ്ഞിനെ അനുവദിക്കരുത്, ആയതിനു അവൻ്റെ കുട്ടിക്കാലം മുതൽ അവൻ വിശുദ്ധീകരിക്കപ്പെടട്ടെ; അവൻ്റെ ഏറ്റവും ഇളം പ്രായം മുതൽ അവനെ ദൈവാത്മാവിനാൽ പ്രതിഷ്ഠിക്കട്ടെ." ശിശുസ്നാനത്തിൻ്റെ ഏറ്റവും സ്വീകാര്യമായ ഒരു തെളിവാണിത്, കാരണം ഈ തത്വം പഠിപ്പിച്ച സഭാ പിതാവ് അവിഭക്ത ക്രൈസ്തവലോകത്തിൽ പരക്കെ സ്വീകാര്യനായ വ്യക്തിയായിരുന്നു.


നാം മുൻപ് കണ്ടു വിശുദ്ധ മാമോദിസ എന്നത് ദൈവകൃപയാൽ മുന്നമേ ഉളവായ ആന്തരീക മാമോദിസയുടെ പ്രതീകവും, മുദ്രയും ആണ് എന്നുള്ളത്. പരിശുദ്ധ പിതാക്കന്മാർ അടിവരയിട്ട് ഇത് പഠിപ്പിക്കുകയും തന്മൂലമവർ ശിശുകൾക്ക് സ്നാനം നൽകുകയും ചെയ്തു. നമ്മുടെ സഭ ഇത് ഇന്നായോളം നിലനിർത്തി പിന്തുടർന്ന് പോരുന്നതിൽ നമുക്ക് അഭിമാനിക്കാം. ഓരോ വിശുദ്ധ കുർബാന പൂർത്തിയാക്കപ്പെട്ടു മടങ്ങുമ്പോഴും വിശ്വാസികളെ ആശീർവദിച്ചു കൊണ്ട് പുരോഹിതർ പറയുന്ന സമാധാന വക്കുകളിൽ, " നമ്മുടെ കർത്താവിന്റെ വിശുദ്ധ സ്ലീബയാൽ രക്ഷിക്കപ്പെട്ടവരും, പരിശുദ്ധ മാമോദിസയുടെ റൂശ്മായാൽ മുദ്രയിടപ്പെട്ടവരുമേ" എന്നാണ് നമ്മെ വിളിക്കുന്നത്. ക്രിസ്തു കുരിശിൽ വഹിച്ച മുറിവുകളും മരണവും സംസ്കാരവും എല്ലാം ആണ് നമ്മുക്കു രക്ഷ നൽകുന്ന ദൈവകൃപ, ഈ കൃപയാകുന്ന കുരിശിലെ മരണവും, സംസ്കാരവും എല്ലാം നമ്മുടെ ഹൃദയത്തിൽ ദൈവം ഉളവാക്കുമ്പോൾ ആണ് നമ്മിൽ ദൈവവിശ്വാസം ഉളവാകുന്നത്. ആയതിനാൽ ഈ ക്രിസ്തുവിന്റെ പീഡയും മരണവും കബറടക്കവും എല്ലാം വിശുദ്ധ മാമോദിസയെന്ന പ്രതീകവും മുദ്രയും വഴി വിശ്വസിയുടെ ജീവിതത്തിലും ഉളവാകുന്നു. തൽഫലമായി മാമോദിസയിലൂടെ വിശ്വാസി ക്രിസ്തുവിൽ മരിച്ചു അടക്കപെട്ടു ഉയിർപ്പിക്കപ്പെട്ടു ക്രിസ്തുവിന്റെ ശരീരം ധരിച്ച് ക്രിസ്തുവിൽ ആയി തീരുന്നു. ആയതിനാൽ ഒരുവൻ ഒരുവൻ മാമോദിസ സ്വീകരിച്ചു ക്രിസ്തുവിൽ ആകുമ്പോൾ പഴയത് കഴിഞ്ഞു പോയി പുതിയ സൃഷ്ടി ആയി തീരുന്നു.


സുറിയാനി സഭയിൽ ഒരു ശിശു ഇപ്രകാരം പുതിയ സൃഷ്ടി ആകുമ്പോൾ അവനും ഒരു 'ക്രിസ്തു' അഥവാ 'അഭിഷേകമുള്ളവൻ' ആയി മാറുന്നു. അതുകൊണ്ട് മാമോദിസ സ്വീകരിച്ചവർക്ക് യേശു ക്രിസ്തുവിൽ ഉള്ള അതേ അഭിഷേകം, വിശുദ്ധ റൂഹയുടെ രാജകീയ പൗരോഹിത്യ അഭിഷേകം ലഭ്യമാകുന്നുണ്ട്. ഇതു മൂലം ആണ് 'വെള്ളത്താലും ആത്മാവാലും' എന്നു വിശുദ്ധ മാമോദിസ അറിയപ്പെടുന്നത്. ഈ പ്രാപിച്ച ആന്തരീക അഭിഷേകത്തിന്റെ പ്രതീകവും മുദ്രയും ആയിട്ടു വിശുദ്ധ മൂറോൻ അഭിഷേകവും നല്കപ്പെടുന്നു. ആദിമ സഭയിൽ ഇത് ശ്ലീഹന്മാരുടെ കൈവയ്പ്പിനാൽ നൽകപ്പെട്ടുരുന്നതിനാൽ സുറിയാനി സഭയുടെ ശ്ലൈഹിക അവകാശിയും പിൻഗാമിയും ആയുള്ള പരിശുദ്ധ പാത്രിയാർക്കീസ് ബാവ തന്റെ കൈവയ്പ്പിനാൽ ശുദ്ധീകരിച്ചു നൽകുന്ന വിശുദ്ധ മൂറോൻ ആണ് അഭിഷേക തൈലം ആയിട്ട് ഉപയോഗിക്കുന്നത്. അതായത് പരിശുദ്ധ ശ്ലീഹന്മാരുടെ കൈവയ്പ്പ് പരിശുദ്ധ ബാവായാൽ തയ്യാർ ആക്കപ്പെട്ട അഭിഷേക തൈലം വഴി വിശ്വാസികളിൽ എത്തുന്നു. ഇങ്ങനെ ഒരു വിശ്വാസി ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ അനുഭവിക്കുവൻ യോഗ്യത നേടുകയും അത് പ്രാപിക്കുകയും ചെയ്യുന്നു. മൂന്ന് രഹസ്യങ്ങൾ ഒരേ ദിവസം ഇങ്ങനെ സ്വീകരിക്കുന്നു, വിശുദ്ധ മാമോദിസ, വിശുദ്ധ മൂറോൻ, വിശുദ്ധ കുർബാന എന്നിവ തന്നെ.


*ഉപസംഹാരം*


വിശുദ്ധ മാമോദിസ എന്ന വിഷയം ഒന്നോ രണ്ടോ പേജിൽ എഴുതി പൂർത്തിയാക്കുവാൻ സാധിക്കുന്ന ഒരു വിഷയം അല്ല. വളരെ ആഴം ഏറിയ ഈ വിഷയത്തിൽ ശിശു സ്നാനം ദൈവിക പദ്ധതി ആണ് എന്നുള്ളത് വ്യക്തമാക്കുവാൻ ആണ് ഈ ലേഖനം ശ്രദ്ധിച്ചിട്ടുള്ളത്. കൃപയാൽ ആണ് വിശ്വാസം എന്നുള്ള സത്യം ഉൾക്കൊള്ളാൻ നമ്മൾ ബോധമണ്ഡലം തയ്യാർ ആകേണ്ടത് ഉണ്ട്. യെരുശ്ശലെമിലെ അപ്പോസ്തൊലിക സുന്നഹദോസ്സിൽ വിശുദ്ധ പത്രോസ് അത് വ്യക്തമാക്കി പറഞ്ഞു, "അവരെപ്പോലെതന്നെ നാമും രക്‌ഷപ്രാപിക്കുന്നത്‌ കര്‍ത്താവായ യേശുവിന്റെ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു."

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 15 : 11). അതായത്, പുറജാതികൾ ആയിരുന്ന നമ്മളും സ്വജാതികൾ ആയിരുന്ന യഹൂദരും രക്ഷ പ്രാപിച്ചത് ദൈവകൃപയാൽ ആണ് എന്നു അർത്ഥം. ആയതിനാൽ, വിശുദ്ധ മാമോദിസ നൽകേണ്ടത് ഏൽക്കുന്ന വ്യക്തിയുടെ കഴിവിന്റെ അടിസ്ഥാനത്തിൽ അല്ല മറിച്ചു ദൈവം അവനോട്‌ കാണിച്ച കൃപയാൽ അവനിൽ ഉളവായ വിശ്വാസം മൂലം ആണ് . പക്വത ഉള്ളവൻ എങ്കിൽ വിശ്വാസം ഏറ്റ് പറഞ്ഞു മാമോദിസ സ്വീകരിക്കട്ടെ, വിശ്വസിയുടെ കുടുംബത്തിൽ നിന്നുള്ള ശിശുവെങ്കിൽ കുടുംബത്തിൽ ഒരാൾ ശിശുവിന്റെ ഹൃദയത്തിൽ മറവായിരിക്കുന്ന കൃപയാൽ ഉള്ള വിശ്വാസം ഏറ്റു പറഞ്ഞു കൊണ്ട് ശിശുവിനു സ്നാനം ഏൽക്കാന് അവസരം ഒരുക്കട്ടെ. ഏറ്റു പറയുന്ന വ്യക്തി ശിശുവിനെ ആത്മീയ പരിശീലനം കൊടുക്കാൻ നിയോഗിക്കപെടുകയും ചെയ്യട്ടെ. നമ്മുടെ സുറിയാനി സഭയിൽ ഈ അപ്പോസ്ത്തോലിക പാരമ്പര്യം എന്നാളും നിലനിൽക്കട്ടെ.

അഭിപ്രായങ്ങള്‍