ഈ ശിശു ആരാണ്?


*ഈ ശിശു ആരാണ്?*
 (മത്തായി 1:18-25)



ബാർ യുഹാനോൻ റമ്പാൻ,

ഗത്സീമോൻ ദയറ, പിറമാടം.

-------------------------------------------

നമ്മളുടെ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ, “ക്രിസ്തീയവിശ്വാസം  യഥാർത്ഥത്തിൽ സത്യമാണോ?” എന്ന ചോദ്യവുമായി നമുക്ക് അൽപ്പം മല്ല് പിടിക്കേണ്ടി വരാം.  ഒരുപക്ഷേ ഒരു ക്രിസ്ത്യൻ ഭവനത്തിലാണ് വളർന്നത് എന്നുള്ള കാരണത്താൽ നമ്മുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അത് ഒരു പക്ഷെ നിങ്ങൾ വായിക്കുന്ന എന്തെങ്കിലും പ്രസിദ്ധീകരണത്തിൽ ക്രിസ്‌തീയ വിശ്വാസം ഗുരുതരമായ രീതിയിൽ വിമർശനമാക്കിയിട്ടുള്ളതിനാൽ ആകാം. അല്ലെങ്കിൽ ഒരു പണ്ഡിതൻ നമ്മുടെ വിശ്വാസത്തെ പുരാതനവും അശാസ്ത്രീയവുമായ കെട്ടുകഥകളുടെ കൂട്ടമാണെന്ന് പരിഹസിക്കുന്ന രീതിയിൽ വാദിക്കുന്നത് ശ്രദ്ധിക്കുമ്പോൾ ആകാം.  താൻ ഒരു യുക്തിവാദിയാണെന്ന് ഒരു സുഹൃത്ത് നിങ്ങളോട് പറയുകയും അവൻ വിശുദ്ധ ഗ്രന്ഥത്തിലെ ദൈവവചനങ്ങളെ സംശയിക്കുന്നതിന്റെ കാരണങ്ങൾ പലതും നിങ്ങളോട് വിവരിക്കുന്നത് കേട്ടിട്ട് ആകാം. വിശ്വാസത്തിനെതിരായ ഇത്തരം വാദങ്ങൾ, പഠിപ്പിക്കൽ, പ്രചരണങ്ങൾ എല്ലാം നിങ്ങളുടെ തലയിൽ കയറി ഇരുന്നു നിങ്ങളെ വല്ലാതെ ചിന്തിപ്പിക്കയോ സംശയങ്ങൾ ഉയർത്തികയോ ചെയ്തേക്കാം. തന്മൂലം “ക്രിസ്ത്യാനിറ്റി ഇതിഹാസങ്ങളുടെ ഒരു കൂട്ടം മാത്രമായിരിക്കുമോ?” എന്ന് നമ്മുടെ മനസ്സിൽ അറിയാതെ ചിലപ്പോൾ എങ്കിലും ചിന്തിക്കാൻ തുടങ്ങും.



അത്തരം സമയങ്ങളിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്?   അത്തരം സാഹചര്യത്തിൽ ആയിരിക്കുമ്പോൾ, ഓരോ ക്രൈസ്തവ വിശ്വസിക്കും ശരിയായി ഉത്തരം നൽകേണ്ട ഏറ്റവും നിർണായകമായ ചോദ്യത്തിലേക്ക് ആണ് നമ്മൾ എത്തിച്ചേരുന്നത്. നമ്മൾ ഏത് തൊഴിലാണ് പിന്തുടരേണ്ടത്, എവിടെ ജീവിക്കണം, ആരെ വിവാഹം കഴിക്കണം തുടങ്ങിയ വ്യക്തിപരമായ ചോദ്യങ്ങളേക്കാൾ വളരെ പ്രധാനമാണ് ഈ ചോദ്യം.  യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച ചോദ്യമാണിത്,  "യേശു കേസറിയാഫിലിപ്പിപ്രദേശത്ത്‌ എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌?"

(മത്തായി 16 : 13). ശിക്ഷ്യന്മാർ മറുപടിയായി, "ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു" എന്ന് പറഞ്ഞു (മത്തായി 16 : 14).



അപ്പോൾ യേശു തമ്പുരാൻ നിർണായകമായ ആ ചോദ്യം ചോദിച്ചു (മത്താ. 16:15), "എന്നാൽ ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?"  പത്രോസ് ശ്ലീഹാ മാത്രം ശക്തമായ ഒരു ഉത്തരം നൽകി (മത്താ. 16:16), "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്."  പത്രോസിന്റെ ഉത്തരം  യേശു സ്ഥിരീകരിച്ചു,  "യേശു അവനോട്‌ അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്റെ പിതാവാണ്‌ നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌"

(മത്തായി 16 : 17).



 എന്നാൽ, കുറച്ച് സമയത്തിന് ശേഷം, താൻ യഹൂദ നേതാക്കന്മാരാൽ കഷ്ടപ്പെടുകയും മൂന്നാം ദിവസം കൊല്ലപ്പെടുകയും ഉയിർത്തെഴുന്നേൽക്കപ്പെടുകയും ചെയ്യുമെന്ന് യേശു പന്ത്രണ്ടുപേരോട് പറഞ്ഞപ്പോൾ യേശുവിലുള്ള പത്രോസിന്റെ വിശ്വാസം ഉലഞ്ഞു.  പരിഭ്രാന്തനായ പത്രോസ് യേശുവിനെ അതിൽ നിന്നുംതടസ്സം പറഞ്ഞു പ്രേരിപ്പിക്കുന്നതിന് ശ്രമിച്ചു (മത്താ. 16:21-22),   എന്നാൽ യേശു പത്രോസിനെ നിശിതമായി ശാസിച്ചു,. "യേശു തിരിഞ്ഞ്‌ പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്‌ധമാണ്‌. നിന്റെ ചിന്തദൈവികമല്ല, മാനുഷികമാണ്‌" (മത്തായി 16 : 23). ആ സമയത്ത്, പത്രോസിന് ഒന്നുകിൽ യേശുവിനെ അനുഗമിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാമായിരുന്നു അല്ലെങ്കിൽ യേശു യഥാർത്ഥത്തിൽ ആരാണെന്നതിനെക്കുറിച്ചുള്ള തന്റെ നേരത്തെയുള്ള ഏറ്റുപറച്ചിലിൽ നിന്ന് പിന്തിരിഞ്ഞു പോകാമായിരുന്നു.

മറ്റൊരവസരത്തിലും സമാനമായ ഒരു സംഭവം ഉണ്ടായി.  യഹൂദരുടെ വികാരങ്ങൾക്ക് വെറുപ്പുളവാക്കുന്ന ചില കാര്യങ്ങൾ യേശു പഠിപ്പിച്ചു: അവർക്ക് നിത്യജീവൻ ലഭിക്കണമെങ്കിൽ അവർ യേശുവിന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം കുടിക്കുകയും വേണം എന്ന്  പഠിപ്പിച്ചു. പിതാവിൽ നിന്ന് ലഭിക്കാതെ ആർക്കും തന്റെ അടുക്കൽ വരാൻ കഴിയില്ലെന്നും അവൻ അവരെ പഠിപ്പിച്ചു (യോഹന്നാൻ 6:44, 53-57, 65).  ഇവ കഠിനമായ യഹൂദ മതനേതാക്കൾക്ക് കഠിനമായ വെറുപ്പുളവാക്കുന്ന പഠിപ്പിക്കലുകളായിരുന്നു.  തുടർന്ന് നാം വായിക്കുന്നു,

"ഇതിനുശേഷം അവന്റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല"  (യോഹന്നാന്‍ 6 : 66). അപ്പോൾ യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു, "നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?"

(യോഹന്നാന്‍ 6 : 67) വീണ്ടും, മുൻപ് എന്നത് പോലെ യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള നിർണായക ചോദ്യത്തിലേക്ക് തിരിച്ചുവന്ന പത്രോസ് ഉടനെ മറുപടി പറഞ്ഞു,  "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌. നീയാണു ദൈവത്തിന്റെ പരിശുദ്‌ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്‌തിരിക്കുന്നു" (യോഹന്നാന്‍ 6 : 68-69). യേശുവിന്റെ എല്ലാ പഠിപ്പിക്കലുകളെയും പൂർണമായും മനസിലാക്കാൻ ഉള്ള ബുദ്ധിമുട്ട് പത്രോസിന് അന്യമായിരുന്നില്ല, എന്നാലും യേശു ആരാണെന്നുള്ള തന്റെ ഉറപ്പ് അവൻ നിലനിർത്തി.



നസ്രായനായ യേശു ആരാണെന്ന ഈ നിർണായക ചോദ്യത്തിനു നാല് സുവിശേഷങ്ങളും നമ്മെ ഉത്തരം നൽകാതെ ഇരുട്ടിൽ തപ്പാനായി ഉപേക്ഷിച്ചു വിടുന്നില്ല.  പഴയനിയമ പ്രവചനങ്ങൾ യേശു എങ്ങനെ നിറവേറ്റി, രോഗികളെ എങ്ങനെ സുഖപ്പെടുത്തി, അന്ധരുടെ കണ്ണു എപ്രകാരം തുറന്നു, മരിച്ചവരെ എങ്ങനെ ഉയിർപ്പിച്ചു, കൊടുങ്കാറ്റുള്ള കടലിനെ ഒരു വാക്കുകൊണ്ട് ശാന്തമാക്കിയത് എങ്ങനെയെന്ന് എല്ലാം ഈ നാലു "ഏവൻഗേലിയോൻ കാദീശ്ശോ ദ് മോറാൻ യേശു മശിഹോ"  ആവർത്തിച്ച് ആവർത്തിച്ച് നമുക്ക് കാണിച്ചുതരുന്നു.  അബ്രഹാമിൽ നിന്ന് ദാവീദിലൂടെയുള്ള യേശുവിന്റെ വംശാവലിയിലൂടെ മത്തായി ശ്ലീഹാ തന്റെ സുവിശേഷം തുറക്കുന്നു, അവൻ ജനതകളെ അനുഗ്രഹിക്കുമെന്ന് വാഗ്ദാനം ചെയ്ത അബ്രഹാമിന്റെ സന്തതിയാണ്.  അവൻ തന്റെ സിംഹാസനത്തിൽ എന്നേക്കും ഭരിക്കുന്ന ദാവീദിന്റെ പുത്രനാണ്.  ജനന വിവരണത്തിൽ, ഈ അതുല്യ കുട്ടി ആരാണെന്ന് ശ്ലീഹാ കൂടുതൽ വെളിപ്പെടുത്തുന്നു:

*'യേശു പൂർണ്ണമായും ദൈവവും പൂർണ്ണമായും മനുഷ്യനുമാണ്, പാപികളുടെ രക്ഷകനാണ്,ദൈവം നമ്മോട്കൂടെ എന്നുള്ള അർത്ഥത്തിൽ ഒട്ടും കുറവുവരുന്നില്ല.'*



*1. വചനമാം ദൈവം കന്യക മറിയാമിൽ നിന്നും ശരീരമെടുത്ത് ജനിച്ചതിനാൽ, അവൻ പൂർണ ദൈവവും പൂർണ മനുഷ്യനുമാണ്.*



യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.

(മത്തായി 1 : 18). ഈ സാഹചര്യം മനസ്സിലാക്കാൻ, യഹൂദ വിവാഹനിശ്ചയ സമ്പ്രദായം നമ്മുടെ  വിവാഹനിശ്ചയ സമ്പ്രദായത്തേക്കാൾ വ്യത്യസ്തമാണെന്ന് നിങ്ങൾ മനസ്സിലാക്കണം.  മാതാപിതാക്കൾ സാധാരണയായി വിവാഹങ്ങൾ ക്രമീകരിക്കുകയും ഒരു ഔപചാരിക കരാറിൽ അവരെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.  ഇതിനുശേഷം, ദമ്പതികളെ ഭാര്യാഭർത്താക്കന്മാർ എന്ന് വിളിക്കും, എന്നിരുന്നാലും ഒരു വർഷം നീണ്ട കാത്തിരിപ്പ് കാലയളവ് വരെ അവർ ദാമ്പത്യബന്ധത്തിൽ ഏർപ്പെടുകയില്ല, ആ സമയത്ത് വധുവിന്റെ പരിശുദ്ധി പ്രകടമാക്കണം.  ആ കാലഘട്ടത്തിൽ അവൾ ഗർഭിണിയാണന്നു കണ്ടെത്തിയാൽ, അവൾ ശുദ്ധയല്ലെന്നും അവിശ്വസ്തത കാണിച്ചിരുന്നുവെന്നും വ്യക്തമാണ്.  അങ്ങനെ വിവാഹം അസാധുവാകാം



അതിനാൽ ഈ കാത്തിരിപ്പിനിടയിൽ കന്യക ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോൾ, അവൾ അവിശ്വസ്തത കാണിച്ചുവെന്ന് കരുതി, അവളെ അപമാനിക്കാൻ ആഗ്രഹിക്കാതെ അവളെ നിശബ്ദമായി പറഞ്ഞയക്കാൻ യൗസേഫ് പദ്ധതിയിട്ടു.  താൻ സ്‌നേഹിച്ച യുവതി അത്തരത്തിലൊരു കാര്യം ചെയ്യുമെന്ന് കരുതി നീതിമാന്റെ ഹൃദയം ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നതിൽ സംശയമില്ല.  എന്നാൽ കർത്താവിന്റെ ഒരു ദൂതൻ സ്വപ്നത്തിൽ അവനു പ്രത്യക്ഷപ്പെട്ടു, കന്യക മറിയം വഹിക്കുന്ന കുഞ്ഞിനെ പരിശുദ്ധാത്മാവിനാൽ അത്ഭുതകരമായി ഗർഭം ധരിച്ചതായി വെളിപ്പെടുത്തി, "അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും" (ഏശയ്യാ 7 : 14) ; "കന്യക ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും.

ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ്‌ പ്രവാചകന്‍മുഖേന അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌" (മത്തായി 1 : 22-23).  പഴയനിയമത്തിൽ നിന്ന് മത്തായിയുടെ സുവിശേഷത്തിലെ വാഗ്ദത്ത യഹൂദ മിശിഹായെ കുറിച്ചുള്ള ഏറ്റവും കുറഞ്ഞത് 40 ഉദ്ധരണികളിൽ ആദ്യത്തേതാണ് ഇത്.



വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഈ ഭാഗം വായിക്കുന്നയാൾ ഉടൻതന്നെ വിശ്വാസത്തിന്റെ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു: ഒരു മനുഷ്യപിതാവില്ലാതെ പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയത്തിൽ യേശു അത്ഭുതകരമായി ഗർഭം ധരിച്ചുവെന്ന് ഞാൻ വിശ്വസിക്കണോ, അതോ ഇത് ഒരു നിയമവിരുദ്ധനായ അല്ലെങ്കിൽ വിപ്ലവകാരിയായ ഒരു മനുഷ്യന്റെ ജനനത്തെ ചുറ്റിപ്പറ്റി വളർന്ന ഒരു പുരാതന മിഥ്യ മാത്രമാണോ? മനുഷ്യർ അന്ധവിശ്വാസികളും ശാസ്ത്രീയമായി അജ്ഞരുമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട വെറും കെട്ടുകഥകളാണെന്ന് കരുതുന്ന ലിബറൽ പണ്ഡിതന്മാർ, പുരാതന ലോകത്തിന് ചുറ്റും ധാരാളം "കന്യക ജനന ഇതിഹാസങ്ങൾ" ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.  എന്നാൽ ഇവയെല്ലാം കർശനമായി സമാന്തരമായിരുന്നില്ല, കാരണം അവയെല്ലാം ഒരു ദൈവത്തിന് ഒരു സ്ത്രീയുമായി ബന്ധം പുലർത്തുന്നതിന്റെ കഥകളായിരുന്നു, അതിന്റെ ഫലമായി അർദ്ധദൈവവും അർദ്ധ-മനുഷ്യനുമായ സൃഷ്ടി ഉണ്ടായി,  ഇവിടെ സുവിശേഷം അങ്ങനെയല്ല.  എന്നിരുന്നാലും, യേശുവിന്റെ കന്യകയുടെ ജനനത്തിന്റെ കഥ ഈ പുരാണ വിഭാഗവുമായി യോജിക്കുന്നുവെന്ന് ലിബറലുകൾ വാദിക്കുന്നു.



എന്നാൽ കന്യകയുടെ ജനനത്തെക്കുറിച്ച് ബൈബിൾ ഒന്നല്ല, രണ്ട് വ്യത്യസ്ത വിവരണങ്ങൾ രേഖപ്പെടുത്തുന്നു.  തന്റെ സുവിശേഷത്തിൽ (ലൂക്കാ 1:1-4) രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ സൂക്ഷ്മമായി അന്വേഷിച്ചതായി അവകാശപ്പെടുന്ന ലൂക്കോസ്, യേശുവിന്റെ ജനന കഥ മറിയത്തിൽ നിന്ന് നേരിട്ട് മനസ്സിലാക്കിയിരിക്കുന്നത് ആണ്, അവൾ ഒരു പുത്രനെ ഗർഭം ധരിക്കുമെന്നും അവനു യേശു എന്ന് പേരിടണമെന്നും ഒരു മാലാഖ അവളോട് പറഞ്ഞതെങ്ങനെയെന്ന് രേഖപ്പെടുത്തുന്നു. കന്യകയായതിനാൽ ഇത് എങ്ങനെ സംഭവിക്കുമെന്ന് മറിയ ചോദിച്ചപ്പോൾ, ദൂതൻ മറുപടി പറഞ്ഞു, "ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും"(ലൂക്കാ 1 : 35).



അതിനാൽ, വിശ്വാസികൾക്ക് ഇവിടെ ഒരു തിരഞ്ഞെടുപ്പ് ഉണ്ട്: ഈ രണ്ട് എഴുത്തുകാരുടെയും സാക്ഷ്യം നമ്മൾ വിശ്വസിക്കുന്നുണ്ടോ? ഇരുവരും അക്കാലത്ത് ജീവിച്ചിരുന്നവരും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് അവരുടെ വിവരങ്ങൾ ലഭിച്ചവരുമാണ്. അതോ, എഴുതപ്പെട്ടിരിക്കുന്ന ഈ അത്ഭുതങ്ങളുടെ സാധ്യതക്കെതിരായ ഒരു മുൻവിധി കാരണം നിങ്ങൾ ഈ സുവിശേഷ സാക്ഷ്യത്തെ സംശയിക്കുന്നുണ്ടോ?  1970-ൽ , ക്രിസ്ത്യാനിറ്റി ടുഡേ  ജേർണൽ പ്രസിദ്ധീകരിച്ച ഒരു സർവേയിൽ 60% മെത്തഡിസ്റ്റുകളും 49% പ്രെസ്‌ബിറ്റേറിയൻമാരും 44 % എപ്പിസ്‌കോപ്പലിയൻമാരും 34% അമേരിക്കൻ ബാപ്‌റ്റിസ്റ്റുകളും 19% അമേരിക്കൻ ലൂഥറൻമാരും കന്യകാ ജനനം നിഷേധിക്കുന്നുവെന്ന് വെളിപ്പെടുത്തി.  കാലക്രമേണ ആ സംഖ്യകൾ മെച്ചപ്പെട്ടിട്ടില്ലെന്നത്  പ്രൊട്ടസ്റ്റന്റ്കാരുടെ കന്യകാ വിരോധത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു!  ഒരുപക്ഷേ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം, "കന്യക മാറിയാമിൽ നിന്നുള്ള ജനനത്തിൽ വിശ്വസിക്കുന്നത് പ്രധാനമാണോ?"  സുറിയാനി പിതാക്കന്മാർ ഉച്ചസ്വരത്തിൽ പറയുന്നു അതെ, അത് വളരെ പ്രധാനമാണ്.



 എന്തുകൊണ്ടാണിത്;

*A. യേശുവിന്റെ ദൈവത്വം സ്ഥിരീകരിക്കാൻ കന്യകയിൽ നിന്നുള്ള ജനനം വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്.*



സ്വാഭാവിക ജൈവ പ്രക്രിയകളിലൂടെ യേശുക്രിസ്തു ഒരു മനുഷ്യ പിതാവിന്റെയും മനുഷ്യമാതാവിന്റെയും പുത്രനാണെങ്കിൽ, അവൻ മനുഷ്യശരീരത്തിൽ ദൈവമല്ല.  അത്തരം സാഹചര്യങ്ങളിൽ അവൻ ദൈവം ഇറങ്ങി ആവസിക്കുന്ന ഒരു മനുഷ്യനോ അല്ലെങ്കിൽ ദൈവത്തിന്റെ ആത്മാവ് നിറഞ്ഞ ഒരു മനുഷ്യനോ ആകാം.  എന്നാൽ അപ്രകാരമായാൽ അവൻ ഒരു മനുഷ്യൻ മാത്രമായിരിക്കും.  അവന്റെ അസ്തിത്വം ഗർഭധാരണത്തിൽ നിന്നും മാത്രം തുടങ്ങുമായിരുന്നു.  മനുഷ്യശരീരത്തിൽ നിത്യദൈവമാകാൻ അവനു കഴിയില്ല.



 എന്നാൽ തിരുവെഴുത്തുകൾ കർത്താവായ യേശുക്രിസ്തുവിന്റെ സമ്പൂർണ്ണ ദൈവത്വത്തെ ആവർത്തിച്ച് സ്ഥിരീകരിക്കുന്നു, "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.

അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.... വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം" (യോഹന്നാന്‍ 1 : 1,14). എബ്രായർ 1:8 ൽ ഇപ്രകാരം കാണുന്നു, "എന്നാല്‍, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്‌." യേശു തന്നെ യഹൂദന്മാരോട് പറഞ്ഞു ," സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ്‌ ഞാന്‍ ഉണ്ട്‌" (യോഹന്നാന്‍ 8 : 58).  തോമാ ശ്ലീഹാ ഉയിർത്തെഴുന്നേറ്റ കർത്താവായ യേശുവിനെ കണ്ട്, "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന് നിലവിളിച്ചപ്പോൾ, യേശു ദൈവനിന്ദയുടെ പേരിൽ അവനെ ശാസിച്ചില്ല, മറിച്ച് അത്തരം ആരാധന സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു (യോഹന്നാൻ 20:28, 29).  വെളിപാട് 1:8-ൽ, കർത്താവായ ദൈവം പറയുന്നു, "ഞാൻ ആൽഫയും ഒമേഗയും ആകുന്നു."  വെളിപാട് 22:13-ൽ, "ഞാൻ ആൽഫയും ഒമേഗയും ആകുന്നു" എന്ന് യേശു പറയുന്നു.  അല്ലെങ്കിൽ, മത്തായി (1:23) ൽ എശയയിൽ നിന്നും ഉദ്ധരിക്കുന്നതുപോലെ, ഈ ശിശു , "ദൈവം നമ്മോടുകൂടെ" എന്നർത്ഥം   പൂർത്തിയാക്കിയ ദൈവപുത്രൻ ആണ്.



ഒരു മനുഷ്യ ഭർത്താവിന്റെയും ഭാര്യയുടെയും സ്വാഭാവികമായ ഒരു ദാമ്പത്യ ഐക്യത്തിനും ഒരിക്കലും സത്യഏകദൈവത്തിന്റെ പുത്രനെ ഈ ലോകത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ല. ദൈവം മനുഷ്യശരീരം സ്വീകരിക്കാൻ ഉപയോഗിച്ച മാർഗം കന്യകയായ മറിയത്തിന്റെ ഉദരത്തിൽ യേശുവിന്റെ അത്ഭുതകരമായ ഗർഭധാരണമായിരുന്നു.  യേശുക്രിസ്തുവിന്റെ സമ്പൂർണ്ണ ദൈവത്തെ സ്ഥിരീകരിക്കാൻ നമ്മൾ അവന്റെ അമാനുഷിക കന്യക ജനനം സ്ഥിരീകരിക്കണം.  യേശു പൂർണ ദൈവമല്ലെങ്കിൽ, അവൻ നമ്മുടെ രക്ഷകനാകില്ല.  ബിഷപ്പ് മൗൾ പ്രസ്താവിച്ചതുപോലെ, "A Saviour not quite God is a bridge broken at the farther end.”  അതായത്  രക്ഷകൻ ദൈവം അല്ല എന്നത് ഒരു അറ്റം തകർന്ന പാലം പോലെ ആണ്. (preface to Robert Anderson, The Lord from Heaven)



*B. യേശുവിന്റെ പാപരഹിതമായ മനുഷ്യത്വം സ്ഥിരീകരിക്കുന്നതിന് കന്യകയിൽ നിന്നുള്ള ജനനത്തിൽ വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്.*



തിരുവെഴുത്തുകൾ യേശുക്രിസ്തുവിന്റെ സമ്പൂർണ്ണ ദൈവത്തെ പഠിപ്പിക്കുന്നതുപോലെ, അവ അവന്റെ സമ്പൂർണ്ണ മനുഷ്യത്വത്തെയും വ്യക്തമായി പഠിപ്പിക്കുന്നു.  എന്നാൽ അതിന്റെ അർത്ഥം അവൻ ഒരു ഹൈബ്രിഡ് ദൈവ-മനുഷ്യനായിരുന്നു എന്നല്ല, അതായത് ഓരോരുത്തരുടെയും പകുതി വീതം ചേർന്നത് അല്ലായിരുന്നു. അവൻ വിശുദ്ധ തൃത്വത്തിലെ ഒരു വ്യക്തിയിൽ (ക്നൂമാ) എന്നെന്നേക്കുമായി ഏകീകൃതമായ  പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണ്.  എന്നാൽ സ്വാഭാവിക മാതാപിതാക്കളിൽ നിന്നാണ് യേശു ജനിച്ചതെങ്കിൽ, അവൻ മറ്റെല്ലാ മനുഷ്യരെയും പോലെ പാപിയായാണ് ജനിച്ചത് എന്ന് വരുമായിരുന്നു, തന്മൂലം അവനുതന്നെ ഒരു രക്ഷകനെ ആവശ്യമായി വരുമായിരുന്നു.  അവന് സ്വന്തം പാപമുണ്ടെങ്കിൽ, മറ്റുള്ളവർക്ക് പകരം വയ്ക്കാൻ വേണ്ടി തന്റെ ശരീരത്തിൽ മരിക്കാൻ കഴിയുമായിരുന്നില്ല.  ആദം മുതൽ മനുഷ്യരാശി മുഴുവനും പാപത്തിന്റെ ശാപത്തിൻ കീഴിലാണ് ജനിച്ചതെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു (റോമർ 5:12; എഫെ. 2:1-3 കാണുക).  ആ വംശത്തെ പാപത്തിൽ നിന്ന് വീണ്ടെടുക്കാൻ, ദൈവമായ ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിൽ നമ്മോടൊപ്പം പാപത്തിൽ ഒഴികെ തുല്യത പാലിച്ചു തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആയതിനാൽ അവൻ തന്നെ പൂർണ്ണമായും പാപരഹിതനായ മനുഷ്യൻ ആയിരിക്കണം.



യേശുവിന് ഒരു മനുഷ്യ രക്ഷിതാവെങ്കിലും (human parent) ഉണ്ടായിരിക്കണം അല്ലെങ്കിൽ അവൻ നമ്മുടെ മനുഷ്യത്വം പങ്കിടുമായിരുന്നില്ല.  എന്നാൽ കന്യകയിൽ കൂടിയുള്ള ജനനത്തിൽ പിതാവിന്റെ ശക്തിയാൽ പരിശുദ്ധാത്മാവ് മുഖാന്തിരം  വചനമാം ദൈവത്തിനു യേശുവെന്ന പൂർണ മനുഷ്യനായി ജനിക്കാൻ കഴിഞ്ഞു അതും പാപരഹിതനായി.  നമ്മൾ വചനിപ്പിൽ കണ്ടതുപോലെ, പരിശുദ്ധാത്മാവ് അവളുടെ മേൽ വരുകയും അത്യുന്നതന്റെ ശക്തി അവളുടെ മേൽ നിഴലിടുകയും ചെയ്യുന്നതിനാൽ, "അതിനാൽ വിശുദ്ധ സന്തതിയെ ദൈവപുത്രൻ എന്ന് വിളിക്കും" (ലൂക്കാ 1:35) എന്ന് ദൂതൻ മറിയയോട് പറഞ്ഞു.



 മറിയം തന്നെ അമലോത്ഭവമായി ഗർഭം ധരിച്ചത് അല്ല.  ലൂക്കോസ് 1:47-ൽ മറിയ പരാമർശിക്കുന്നത്, "എന്റെ രക്ഷകനായ ദൈവം" എന്നാണ്.  കന്യക ഒരു പാപിയല്ലെങ്കിൽ അവൾക്ക് ഒരു രക്ഷകനെ ആവശ്യമില്ല.  ചില ദൈവശാസ്‌ത്രജ്ഞർ അനുമാനിക്കുന്നത്‌ പുരുഷനിലൂടെയാണ്‌ പാപസ്വഭാവം അറിയിക്കുന്നതെന്ന്‌, എന്നാൽ  സുറിയാനി പിതാക്കന്മാർ അതിനെക്കുറിച്ച്‌ ഉറപ്പ് പറയാൻ കഴിയില്ല എന്ന് പറയുന്നു . കാരണം, ഒരു രക്ഷകനെക്കുറിച്ചുള്ള ആദ്യകാല പ്രവചനം (ഉല്പത്തി 3:15) അവനെ സ്ത്രീയുടെ സന്തതിയായി പരാമർശിക്കുന്നു, പുരുഷന്റെ സന്തതിയല്ല (ഗലാ. 4:4, 5 കാണുക).  ദൂതൻ ഉറപ്പിച്ചുപറഞ്ഞത് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും: പരിശുദ്ധാത്മാവിലൂടെ മറിയ അത്ഭുതകരമായി ഗർഭം ധരിക്കുമെന്നതിനാൽ, അവളുടെ സന്തതി ദൈവത്തിന്റെ വിശുദ്ധ പുത്രനായിരിക്കും.  യേശുക്രിസ്തുവിന്റെ പാപരഹിതമായ മനുഷ്യത്വം സ്ഥിരീകരിക്കാൻ കന്യകയിലൂടെ ഉള്ള ജനനം ആവശ്യമാണ്. ദൈവത്തിനു യാതൊന്നും അസാധ്യം അല്ലല്ലോ.



യേശു മനുഷ്യശരീരത്തിൽ നിത്യനായ ദൈവമായതിനാൽ, നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുവാനായി നമുക്ക് അവന്റെ അടുക്കൽ വരാം, അവൻ നമ്മെ സഹായിക്കാൻ പ്രാപ്തനാണെന്ന് അറിഞ്ഞുകൊണ്ട് അവനെ ആരാധിക്കാം. നമ്മുടെ ആന്തരിക സംഘർഷങ്ങളും രഹസ്യങ്ങളും എല്ലാം അവനറിയാമെന്നതിനാൽ അവനിൽ പ്രത്യാശിക്കാം , എന്നിട്ടും അവൻ നമ്മെ സ്നേഹിക്കുകയും നമ്മോട് വ്യക്തിപരമായ ബന്ധം ആഗ്രഹിക്കുന്നു എന്നുള്ളതിന്നാൽ അവനെ നന്ദിയോടെ സ്തുതിക്കാം (യോഹന്നാൻ 21:15-19). അവൻ പൂർണ്ണമായും മനുഷ്യനായതിനാൽ, നമ്മുടെ ബലഹീനതകളിൽ സഹതപിക്കാൻ യേശുവിന് കഴിയും.  അവൻ കരുണയും അനുകമ്പയും ഉള്ള ഒരു മഹാപുരോഹിതനാണ്, അവൻ നമ്മുടെ എല്ലാ ആവശ്യങ്ങളും അവനിലേക്ക് കൊണ്ടുവരാൻ നമ്മെ ക്ഷണിക്കുന്നു (എബ്രാ. 4:14-16).  അതിനാൽ, “ആരാണ് ഈ ശിശു?” എന്ന നിർണായക ചോദ്യത്തിനുള്ള ഉത്തരം ഇതാണ് " പരിശുദ്ധ റൂഹയിൽ നിന്നും വിശുദ്ധ കന്യക മറിയാമിൽ നിന്നും ശരീരമെടുത്ത് മനുഷ്യനായി വെളിപ്പെട്ട ശിശു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണ്" ക്രിസ്തുമസ് ഈ ശിശുവായ ദൈവത്തെ ദർശിക്കാൻ ഉള്ള മനുഷ്യന്റെ സൗഭാഗ്യ കാലം ആണ്.



*2. യേശു തന്റെ ജനത്തിന്റെ പാപങ്ങളിൽ നിന്നുള്ള രക്ഷകനാണ്.*



 കുടുംബം, സുഹൃത്തുക്കൾ, ഭൂമിയിലെ സമാധാനം എന്നിവയെക്കുറിച്ച് ഉന്മേഷവും ഊഷ്മളതയും തോന്നിപ്പിക്കുന്നതിനുള്ള ഒരു കഥ മാത്രമല്ല ക്രിസ്തുമസ്.  നമ്മുടെ പാപം നിമിത്തം മനുഷ്യവർഗ്ഗം പരിശുദ്ധനായ ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു എന്ന സത്യമാണ് ക്രിസ്തുമസ് സുവിശേഷത്തിന്റെ കാതൽ. സ്വപ്നത്തിൽ ദൂതൻ യൗസേഫിനോട് പറഞ്ഞു (മത്താ. 1:21), “അവൾ ഒരു പുത്രനെ പ്രസവിക്കും;  നിങ്ങൾ അവന്നു യേശു എന്നു പേരിടണം, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും.  "യഹോവ രക്ഷിക്കുന്നു" എന്നാണ് യേശു അർത്ഥമാക്കുന്നത്.  രക്ഷ എന്നത് ഒരു സമൂലമായ പദമാണ്.     അടിസ്ഥാനപരമായി നല്ലവരും എന്നാൽ ചില ധാർമ്മിക പുരോഗതി ആവശ്യമുള്ളവരും ആയ മനുഷ്യൻ ചില സഹായകരമായ വഴികാട്ടലിൽ നിന്ന് പ്രയോജനം നേടിയേക്കാം, എന്നാൽ തങ്ങളുടെ പാപങ്ങളിലും അകൃത്യങ്ങളിലും ആത്മാവിൽ മരിച്ചുപോയ (എഫെ. 2:1), പരിശുദ്ധ ദൈവവുമായുള്ള ശത്രുതയിലും തങ്ങളുടെ പാപങ്ങൾ നിമിത്തം അവന്റെ നീതിയുള്ള ക്രോധത്തിൻ കീഴിലും (യോഹന്നാൻ 3:36) മരിച്ചുപോയ പാപികൾക്ക് രക്ഷ ആവശ്യമാണ്!



യേശുവിന്റെ ജനന രാത്രിയിൽ മാലാഖമാർ ഇടയന്മാരോട് പ്രഖ്യാപിച്ചതാണ് ലോകത്തിലെ ഏറ്റവും വലിയ വാർത്ത (ലൂക്കോസ് 2:10-11), “ഭയപ്പെടേണ്ട;  ഇതാ, ഞാൻ നിങ്ങളോടു വലിയ സന്തോഷത്തിന്റെ സുവിശേഷം അറിയിക്കുന്നു;  ഇന്ന് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു, അവൻ കർത്താവായ ക്രിസ്തുവാണ്.അപ്പോസ്തലനായ പൗലോസ് സഭയെ പീഡിപ്പിക്കുന്നതിന് വേണ്ടി നടന്ന സ്വന്തം ഭൂതകാലത്തെക്കുറിച്ച് പറഞ്ഞതുപോലെ,    "യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. പാപികളില്‍ ഒന്നാമനാണു ഞാന്‍"(1 തിമോത്തേയോസ്‌ 1 : 15). ശ്ലീഹാ പോലും പാപികളിൽ ഒന്നാമൻ എന്ന് പറയുന്നു, ആയതിനാൽ എല്ലാ മനുഷ്യരും പാപികളുടെ പട്ടികയിൽ പെടുന്നു.



ദൈവം ആവശ്യപ്പെടുന്ന പാപരഹിതമായ ജീവിതം നയിക്കുകയും പിന്നീട് നാം അർഹിക്കുന്ന ശിക്ഷ നൽകുന്നതിന് തികഞ്ഞ പകരക്കാരനായി സ്വയം സമർപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു യേശുവിന് നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനുള്ള ഏക മാർഗം.  ദൈവം പിഴ നൽകാതെ എല്ലാ പാപങ്ങളും ക്ഷമിച്ചാൽ, അവൻ നീതിമാനായ ന്യായാധിപനാകില്ല.  അവൻ വിശുദ്ധനാകുമായിരുന്നില്ല.  തന്റെ നിത്യപുത്രനായ യേശുവിന്റെ ജനനം, പാപരഹിതമായ ജീവിതം, പകരമുള്ള മരണം എന്നിവയിലൂടെ, ദൈവത്തിന് യേശുവിൽ വിശ്വസിക്കുന്നവനെ നീതിമാനും നീതീകരിക്കുന്നവനുമായിരിക്കാൻ കഴിയും (റോമ. 3:26).  പൗലോസ് വിശദീകരിച്ചതുപോലെ (2 കൊരി. 5:21), "അവൻ [ദൈവം] പാപം അറിയാത്ത അവനെ [യേശുവിനെ] നമുക്കുവേണ്ടി പാപമാക്കി, അങ്ങനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു."  യേശുവിൽ ആശ്രയിക്കുന്ന ഓരോ പാപിക്കും തികഞ്ഞ നീതിയും പൂർണ്ണമായ ക്ഷമയും നിത്യജീവനും സൗജന്യ സമ്മാനമായി വാഗ്ദാനം ചെയ്യുന്നു!  പൗലോസ് ഉദ്ഘോഷിച്ചതുപോലെ (റോമ. 6:23), "പാപത്തിന്റെ ശമ്പളം മരണമാണ്, എന്നാൽ ദൈവത്തിന്റെ സൗജന്യ ദാനം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള നിത്യജീവനാണ്."  (യോഹന്നാൻ 3:16; എഫെ. 2:8-9.)



നിങ്ങൾക്ക് അസുഖം വന്ന് ഡോക്ടറിനെ കാണാൻ പോകുക ആണെന്നു വിചാരിക്കുക. ഡോക്ടർ നിങ്ങളെ പരിശോധിച്ച് നിങ്ങൾക്ക് ഗുരുതരമായ രോഗമുണ്ടെന്ന് നിർണ്ണയിക്കുന്നു.  നിങ്ങളുടെ അസുഖം ഭേദമാക്കാൻ തെളിയിക്കപ്പെട്ട ഒരു മരുന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.  നിങ്ങൾ വീട്ടിൽ പോയി ആണ് മരുന്ന് ഗൂഗിൾ സേർച്ച്‌ ചെയ്തു ഗവേഷണം നടത്തുകയും മരുന്ന് കഴിച്ച് സുഖം പ്രാപിച്ച ആളുകളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ വായിക്കുകയും ചെയ്യുന്നു. എന്നാൽ ആ അറിവ്, ശരിയാണെന്ന് തെളിയിക്കപ്പെട്ടാലും, നിങ്ങൾ വ്യക്തിപരമായി മരുന്ന് കഴിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല.



അതുപോലെ, "ആരാണ് ഈ ശിശു?" എന്ന നിർണായക ചോദ്യത്തിന് ശരിയായി ഉത്തരം നൽകിയാൽ മാത്രം പോരാ.  അവൻ കന്യകയായ മറിയത്തിൽ നിന്ന് അത്ഭുതകരമായി ജനിച്ചവനാണ്, പൂർണ ദൈവവും പൂർണ മനുഷ്യനുമാണ്.  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ കൂടിയാണ് അവൻ ജനിച്ചത്.  തങ്ങളുടെ പാപങ്ങളിൽ നിന്ന് യേശു തങ്ങളെ രക്ഷിച്ചുവെന്ന് ആയിരക്കണക്കിന് ആളുകൾക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും.  എന്നാൽ ഈ സത്യങ്ങൾ അറിയുകയോ ഈ സാക്ഷ്യങ്ങൾ കേൾക്കുകയോ ചെയ്താൽ മാത്രം പോരാ.  നിങ്ങളുടെ രക്ഷകനും കർത്താവും ആകാൻ യേശുക്രിസ്തുവിൽ വ്യക്തിപരമായി വിശ്വസിച്ചുകൊണ്ട് നമ്മളുടെ ജീവിതത്തിൽ അത് പ്രതിഫലിപ്പിക്കണം.  നാം അത് ചെയ്തിട്ടുണ്ടോ?  നമുക്ക് ദൈവം നിർദ്ദേശിക്കുന്ന യേശു എന്ന മരുന്ന് കഴിക്കുന്നതിൽ ശ്രദ്ധിക്കാം. കാരണം യേശു മനുഷ്യശരീരത്തിൽ നിത്യനായ ദൈവമാണ്.  അവൻ വന്നത് നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനാണ്.



*3. യേശു നമ്മോടു കൂടെയുള്ള ദൈവമാണ്.*



 നമ്മൾ മുൻപ് കണ്ടതുപോലെ, മത്തായി 1:23 ഏശയ്യാ 7:14 ഉദ്ധരിക്കുന്നു: “ഇതാ, കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവർ അവന് ഇമ്മാനുവൽ എന്നു പേരിടും, അതിന്റെ അർത്ഥം ‘ദൈവം നമ്മോടുകൂടെ’ എന്നാണ്.  '" യേശു മറ്റാരുമല്ല, നമ്മോടൊപ്പമുള്ള ജീവനുള്ള ദൈവമാണ്!  നിങ്ങൾ അവനിൽ ആശ്രയിക്കുന്നുവെങ്കിൽ, നിങ്ങൾ അവനിൽ വസിക്കുന്നുവെന്നും അവൻ നിങ്ങളിൽ വസിക്കുന്നുവെന്നും യേശു വാഗ്ദാനം ചെയ്തു (യോഹന്നാൻ 14:20, 23; 15:1-5; 17:20-23).  യേശു നമ്മോടൊപ്പമുള്ള ദൈവമാണെന്ന വാഗ്ദാനത്തോടെ മത്തായിയുടെ സുവിശേഷം  ആരംഭിക്കുന്നതുപോലെ, അവൻ യേശുവിന്റെ വാഗ്ദാനത്തോടെ അവസാനിക്കുന്നു (മത്താ. 28:20), "ഞാൻ എല്ലായ്‌പ്പോഴും, യുഗാന്ത്യം വരെ നിങ്ങളോടൊപ്പമുണ്ട്." ഭൗതിക സ്‌നേഹത്തിൽ നിന്ന് സ്വതന്ത്രരായിരിക്കാൻ നമ്മോട് കൽപ്പിച്ചതിനുശേഷം, എബ്രായർ 13:5 ലൂടെ നമുക്ക് ഉറപ്പുനൽകുന്നു, “‘ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല, ഒരിക്കലും ഉപേക്ഷിക്കയുമില്ല’ എന്ന് അവൻ തന്നെ പറഞ്ഞിരിക്കുന്നു.” യേശു—മനുഷ്യശരീരത്തിലുള്ള നിത്യദൈവം—ആണ്  അവനിൽ ആശ്രയിക്കുന്ന നമ്മുടെ കൂടെ എപ്പോഴും വസിക്കുന്ന ദൈവം.



റയാൻ ലിസ്റ്ററിന്റെ The Presence of God ൽ അദ്ദേഹം ഈ സുപ്രധാന ബൈബിൾ സത്യം വികസിപ്പിക്കുന്നു [Crossway Publications] (പേജ് 24): "ദൈവസാന്നിധ്യം നമ്മുടെ വീണ്ടെടുപ്പിലെ അടിസ്ഥാന ലക്ഷ്യവും അതേസമയം ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനുള്ള മാർഗവും ദൈവം തന്നെ ആണ്."  ബൈബിളിന്റെ കഥാസന്ദേശത്തിലുടനീളം (പേജ് 25) "ദൈവം തന്റെ സാന്നിധ്യത്തിനായി ഒരു ജനവും സ്ഥലവും സ്ഥാപിക്കാൻ പ്രവർത്തിക്കുകയാണ്" എന്ന് ഡോ. ലിസ്റ്റർ കാണിക്കുന്നു.  ദൈവം ആദാമിനോടും ഹവ്വായോടും കൂടെ തോട്ടത്തിൽ ഉണ്ടായിരുന്നു, എന്നാൽ അവരുടെ പാപം നിമിത്തം അവനുമായുള്ള അവരുടെ കൂട്ടായ്മ തകർന്നു.  എന്നാൽ അവന്റെ ഉടമ്പടി വാഗ്ദാനങ്ങളിലൂടെ യേശു നമ്മോടുകൂടെ വസിക്കാനായി മനുഷ്യശരീരം സ്വീകരിക്കുന്നതിനാൽ അവന്റെ മരണം, പുനരുത്ഥാനം, രണ്ടാം വരവ് എന്നിവയിലേക്ക് അത് ചെന്നു ചേരുന്നു. ബൈബിളിന്റെ അവസാനത്തിൽ നാം വായിക്കുന്നു, "സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്‌ അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്‌ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും" (വെളി. 21:3),  പുതിയ ആകാശവും പുതിയ ഭൂമിയും ദൈവത്തിന്റെ വാസസ്ഥലവും നിത്യതയിലുടനീളം അവനോടൊപ്പമുള്ള നമ്മുടെ വാസസ്ഥലവുമായിരിക്കും!



എന്നാൽ നമ്മുടെ പാപങ്ങൾക്കുള്ള പ്രതിഫലം നൽകാൻ കുരിശിൽ അർപ്പിക്കാൻ വന്ന തന്റെ പുത്രന്റെ ശരീരത്തിൽ കൂടി ദൈവം നമ്മോടുകൂടെ വസിക്കുന്നു എന്ന സന്ദേശം, കർത്താവായ യേശുവിനെ നമ്മളുടെ പാപം ചുമന്നവനായി നമ്മൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാത്രം ഒരു നല്ല സുവാർത്തയാണ് (  യോഹന്നാൻ 1:12).  റോബർട്ട് റെയ്മണ്ട് (The Evangelical Dictionary of Theology [Baker], ed. by Walter Elwell, p. 550)  ചൂണ്ടിക്കാണിക്കുന്നത്, ദൈവം അനന്തമായ വിശുദ്ധനും നാമെല്ലാവരും അവന്റെ ക്രോധത്തിന് അർഹരായ പാപികളുമായതിനാൽ, “ദൈവം തന്റെ പുത്രനെ നമുക്ക് എതിരെ അല്ലെങ്കിൽ നമ്മെ എതിർക്കുന്നതിനു അയച്ചിരുന്നെങ്കിൽ നമുക്ക് ദൈവത്തെ കുറ്റപ്പെടുത്താൻ സാധിക്കുകയില്ലായിരുന്നു.  എന്നിരുന്നാലും, അവൻ തന്റെ പുത്രനെ 'ദൈവം നമ്മോടൊപ്പമുണ്ട്' എന്ന് വെളിപ്പെടുത്തുമ്പോൾ, കൃപയും രക്ഷയുടെ വാഗ്ദാനവും നിറഞ്ഞ മിശിഹൈക ദൗത്യം നിർദ്ദേശിക്കപ്പെടുന്നു.  നമ്മൾ യേശുവിനെ നമ്മളുടെ രക്ഷകനും കർത്താവുമായി സ്വാഗതം ചെയ്‌തിട്ടുണ്ടെങ്കിൽ, ദൈവം നിങ്ങൾക്ക് എതിരല്ല, നിങ്ങൾക്കുവേണ്ടിയാണ് (റോമ. 8:31). ക്രിസ്മസ് ദൈവം നമുക്ക് വേണ്ടി നമ്മോട് കൂടെ എന്നുള്ള സുവാർത്ത ആണ്.



*ഉപസംഹാരം*



 എല്ലാ വർഷവും ഈ സമയത്ത്, നമ്മുടെ സൗണ്ട് സിസ്റ്റങ്ങളിലൂടെ ഉച്ചത്തിൽ

"തെശുബഹത്തോ ല് അലോഹോ ബ്മറൗമേ..... അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ മനുഷ്യർക്ക് നല്ല ശരണവും സംതൃപ്തിയും" എന്നെല്ലാം ചൊല്ലി കുന്തിരിക്കം കാഴ്ച അർപ്പിച്ച്, തീജ്വാല ശുശ്റൂക്ഷയിൽ പങ്കെടുത്ത ശേഷം  യൽദോ പെരുന്നാളിന്റെ വിശുദ്ധ കുർബാന കഴിഞ്ഞു കേക്ക് മുറിച്ചു പങ്ക് വച്ചു പോകുമ്പോൾ തുടർന്നുള്ള ദിവസങ്ങളിൽ യേശു ആരാണെന്ന അഗാധമായ സത്യം പലരും കാണാതെ പോകുന്നു!  ഇത് സ്വയം നഷ്‌ടപ്പെടുത്തരുത്: യേശു പൂർണ്ണമായും ദൈവവും പൂർണ്ണ മനുഷ്യനുമാണ്, പാപികളുടെ രക്ഷകനാണ്, നമ്മോടുകൂടെയുള്ള ദൈവമാണ്.  അവനിൽ വിശ്വാസമർപ്പിക്കുക, സംശയത്തിന്റെയോ പരീക്ഷണങ്ങളുടെയോ കൊടുങ്കാറ്റുകൾ നിങ്ങളെ ആക്രമിക്കുമ്പോഴെല്ലാം നിങ്ങളുടെ ആത്മാവിന് ഒരു നങ്കൂരമുണ്ടാകും.

അഭിപ്രായങ്ങള്‍