സൺ‌ഡേ സ്കൂൾ സമാജത്തിന്റെ നവീകരണം, ഒരു ലഘു അവലോകനം


 *സൺ‌ഡേ സ്കൂൾ സമാജത്തിന്റെ നവീകരണം, ഒരു ലഘു അവലോകനം*


(ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ)


*ആമുഖം (Introduction)*


     ദ്രുതഗതിയിൽ, അല്ല അതിദ്രുതഗതിയിൽ മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ ആണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ക്രിസ്തീയ ധർമ്മം (christian ethics) കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് എന്നാൽ മൂല്യച്യുതി സംഭവിക്കാത്ത വിധത്തിൽ പരിപാലിക്കപെടുകയും ഓരോ ക്രൈസ്തവ വിശ്വസിയുടെയും ജീവിതത്തിൽ അത് പ്രായോഗിക തലത്തിൽ എത്തപ്പെടുകയും ചെയ്യുമ്പോൾ ആണ് ആത്മീയജീവിതം സാധ്യമാവുകയുള്ളു. ഇങ്ങനെ മശിഹായുടെ ഹൃദയം ലഭിച്ച ഒരു ആത്മീയമനുഷ്യനാകുവാൻ ഒരുവനെ പരിശീലിപ്പിക്കുന്ന ആത്മീയ കളരിയാണ് സൺ‌ഡേ സ്കൂൾ. മതപഠനം അല്ല സൺ‌ഡേസ്കൂൾ കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ചു യേശു ക്രിസ്തു ആരാണ്? അവന് എന്റെ വ്യക്തിപരമായ ജീവിതത്തിൽ എന്ത് സ്ഥാനം കൊടുക്കണം? അവന്റെ പഠിപ്പിക്കൽ എന്താണ്? ഞാൻ അവനോട് എങ്ങനെ ആയിരിക്കണം? തുടങ്ങി വ്യക്തവും സുശക്തവുമായ ക്രിസ്തീയ ജീവിത ദർശനങ്ങൾ കൊടുക്കുവാൻ സൺ‌ഡേസ്കൂളിന് കഴിയണം. സാധിക്കുന്നില്ല എങ്കിൽ അനേകം വെള്ള പൂശിയ കല്ലറകളിൽ ഒന്നായ് സൺ‌ഡേ സ്കൂളും എണ്ണപ്പെട്ടു പോകും.


സൺ‌ഡേസ്കൂൾ എന്ന് പറയുന്നു എങ്കിലും ഇത് സൺ‌ഡേ മാത്രം ആയിട്ട് ഒതുങ്ങേണ്ട ഒരു മേഖല അല്ല. വേനൽ അവധി പോലെ അനുയോജ്യമായ മറ്റു ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തി 'മോറാനായ സ്കൂൾ' പ്രവർത്തിപ്പിക്കേണ്ടത് ആണ്. പക്ഷെ എത്ര പ്രവർത്തി ദിവസം സ്കൂൾ നടത്തിയാലും, ദൈവവചനമാകുന്ന പാറയിൽ അടിസ്ഥാനമിട്ടു മുന്നോട്ട് പോയില്ലാ എങ്കിൽ ഒരു പ്രയോജനവും ഇല്ല. ദൈവവചനം സൺ‌ഡേ സ്കൂളിൽ പഠിപ്പിക്കുവാൻ അനുയോജ്യമായ എല്ലാം ശാസ്ത്രീയ വശങ്ങളും, ആധുനിക സൗകര്യങ്ങളും പരിഗണിക്കപ്പെടണം. ഇത്തരം ചില ചിന്തകളിൽ കൂടി ഒന്ന് സഞ്ചരിക്കാം.


*ദൗത്യം (Mission)*

     പരിശുദ്ധനായ പൗലോസ് ശ്ലീഹാ കോരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ മനുഷ്യനെ മൂന്നു രീതിയിൽ വിവരിച്ചിരിക്കുന്നു ; ഒന്ന് പ്രാകൃതമനുഷ്യൻ (natural man) രണ്ട് ജഢിക മനുഷ്യൻ (carnal man) മൂന്ന് ആത്മീയമനുഷ്യൻ (spiritual man). ഇതിൽ ഒന്നാമത്തെ മനുഷ്യൻ സമ്പൂർണ കഴിവില്ലായ്മ (total enability) യിൽ കൂടി ജീവിക്കുന്നവൻ ആണ്, ഇവൻ ദൈവത്തെ അറിയുന്നില്ല. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും ഗണത്തിൽ പെട്ടിട്ടുള്ള മനുഷ്യർക്ക്‌ സത്യദൈവത്തെ വെളിപ്പെടുത്തപെട്ടിരിക്കുന്നു അവർ അവനിൽ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ രണ്ടാമത്തെ വിഭാഗം സമ്പൂർണ്ണ അധ:പതനാവസ്ഥ (total depravity)യിലൂടെ കടന്നു പോകുന്നവരും മൂന്നാമത്തെ വിഭാഗം ക്രിസ്തുവിൽഉള്ള സമ്പൂർണ്ണ വിശുദ്ധിയുടെ (total holiness) പാതയിൽ വളരെ ദൂരം സഞ്ചരിച്ച് ഇപ്പോഴും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നവരും ആണ്. ജഢികമനുഷ്യനും ആത്മീയമനുഷ്യനും ക്രിസ്തുവിൽ നീതീകരണം ഉണ്ട്. എന്നാൽ ജഢികാൻ വിശുദ്ധിയിൽ കുറവുള്ളവൻ ആണ് കാരണം അവൻ ആത്മാവിന്റെ കാര്യത്തെക്കാൾ ഉപരി ജഡത്തിന്റെ കാര്യങ്ങൾക്കു പ്രസക്തി കൊടുത്തിരിക്കുന്നു. ഈ ജഢികനെ ആത്മീകനാക്കുവാൻ വേണ്ടി ആത്മീയ വഴിയിൽ സഞ്ചരിപ്പിക്കുക എന്നുള്ള ദൗത്യം ആണ് ഒരു ഇടവകയിലെ സൺ‌ഡേസ്കൂൾ പ്രസ്ഥാനത്തിന് ഉള്ളത്.


     ആത്മീയ പാതയിൽ സഞ്ചരിക്കാൻ കുടുംബത്തിനു പുറത്തു ഒരു വിശ്വാസിയ്ക്കു ലഭിക്കുന്ന ആദ്യ വ്യവസ്ഥാപിത മാർഗ്ഗം കൂടി ആണ് സൺ‌ഡേ സ്കൂൾ. ഇവിടെ ഉണ്ടാകുന്ന ദൗത്യവീഴ്ച (Mission Fall) ഒരു പക്ഷെ കുട്ടികളിൽ ചിലരുടെ എങ്കിലും ആത്മാവ് തന്നെ നഷ്ടപ്പെടുന്നതിനു കാരണം ആയേക്കാം. തന്മൂലം സൺ‌ഡേ സ്കൂളിൽ പഠിപ്പിക്കുന്നതിനു മുന്നോട്ട് കടന്നു വരുന്ന അദ്ധ്യാപക മിഷണറിമാർ സൺ‌ഡേ സ്കൂളിന്റെ മിഷൻ തത്വങ്ങൾ (mission principles) അറിഞ്ഞിരിക്കുകയും പ്രവർത്തിപഥത്തിൽ എത്തിക്കുകയും വേണം. ആയതിനു ആവിശ്യമായ മിഷണറി ട്രെയിനിങ് എല്ലാ വർഷവും ലഭ്യമാക്കുക എന്നുള്ളത് വളരെ പ്രധാന കാര്യം ആണ്.


*രീതിശാസ്ത്രം (Methodology)*


     ക്രിസ്തീയ ധർമ്മം പരിപാലിപ്പിക്കപ്പെടണം അതുവഴി മാത്രം ആണ് ആത്മീയ ഔന്നത്യം ഉണ്ടാവുകയുള്ളൂ. ധർമ്മം പഠിപ്പിക്കപ്പെടണം എങ്കിൽ മാത്രം അത് നീതിയായി പ്രയോഗത്തിൽ വരുകയുള്ളു. പഠിപ്പിക്കപ്പെടാത്ത ക്രിസ്തീയ ധർമ്മം പറയിൻ കീഴിൽ വച്ചിരിക്കുന്ന വിളക്ക് പോലെയാകുന്നു. പക്ഷെ എന്താണ് ക്രിസ്തീയ ധർമ്മ പരിശീലനത്തിനു ആധുനിക ലോകത്ത് സ്വീകരിക്കേണ്ട രീതിശാസ്ത്രം (methodology). എവിടെയാണ് നമ്മുടെ സൺ‌ഡേസ്കൂൾ പരിശീലനം ഇടറി പോകുന്നത്, തീർച്ചയായും അത് സ്വീകരിച്ചിരിക്കുന്ന രീതിശാസ്ത്രത്തിൽ തന്നെ എന്നു പറയേണ്ടിയിരിക്കുന്നു.


സയൻസിനോടും വസ്തു നിഷ്ഠമായ ചരിത്രത്തോടും കാണിക്കുന്ന യാഥാസ്ഥിക മനോഭാവം മൂലം ആധുനിക സാധ്യതകൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ധർമ്മപരിശീലനം എന്നത് സൺ‌ഡേസ്കൂൾ പ്രസ്ഥാനത്തിനു ഇന്നും അകലെ തന്നെയാണ്. അതുപോലെ ധർമ്മപരിശീലനം ദൈവവചനത്തിൽ അധിഷ്ഠിതമാകേണ്ട ഒരു വസ്തുത ആയിരിക്കെ മത തത്വ ചിന്തകൾക്കും വ്യക്തിനിഷ്ഠമായ ചരിത്രവ്യാഖ്യാനങ്ങൾക്കും വിധേയമാക്കികൊണ്ടുള്ള മതപഠനശാലയാക്കി സൺ‌ഡേസ്കൂൾ തരം നമ്മൾ ഇതിനോടകം താഴ്ത്തിയിട്ടുണ്ട്. യാഥാർഥ്യം അംഗീകരിക്കാൻ ഉള്ള വിമുഖത പലപ്പോഴും തെറ്റിൽ ഉറച്ചു നിർത്താൻ കാരണം ആകുന്നു. ഉദാഹരണത്തിനു സൺ‌ഡേ സ്കൂൾ പ്രസ്ഥാനം എന്നത് പ്രോട്ടസ്റ്റന്റ് മിഷണറിമാരുടെ ആശയവും അതിന്റെ ആരംഭമെന്നത് അവരിൽ നിന്നുള്ള സംഭാവനകൾ മൂലവും ആണ് എന്നുള്ള യാഥാർഥ്യം നമ്മൾ പരസ്യമായി സമ്മതിക്കുന്നില്ല. തന്മൂലം ആദ്യകാലത്ത് സ്വീകരിച്ചു വന്ന രീതിശാസ്ത്രത്തിൽ നിന്നും കാലോചിതമായി പ്രോട്ടസ്റ്റന്റ് മിഷണറിമാർ കൊണ്ടുവന്ന പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ ഈഗോ നമ്മെ സമ്മതിക്കുന്നില്ല. സൺ‌ഡേസ്കൂൾ പ്രസ്ഥാനം മിഡിൽ ഈസ്റ്റിൽ ഏതോ ഒരു വിശുദ്ധൻ തുടങ്ങി വച്ചത് ആണ് എന്നു തെളിയിക്കുന്ന ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിക്കുവാനോ, ഭാവിയിൽ ഏതെങ്കിലും ഒരു സഭാ പിതാവിനെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ കാവൽ പിതാവ് ആക്കി പ്രഖ്യാപിക്കുവാനോ നമ്മൾ മടിക്കില്ല. പക്ഷെ സത്യം ഒരിക്കലും അസത്യം ആകുന്നില്ല എന്നതിനാൽ നമ്മുടെ രീതിശാസ്ത്രം മാറ്റമില്ലാതെ കപടഭക്തിയിൽ (hypocrasy) ബന്ധിക്കപ്പെട്ടു കിടക്കും, ഫലമോ ആധുനിക ലോക സാഹചര്യത്തിൽ ക്രൈസ്തവ ധർമ്മം പ്രായോഗിക ജീവിതത്തിൽ കൊണ്ട് വരുവാൻ കഴിയാത്ത പുതിയ തലമുറ സൃഷ്ടിക്കപ്പെടും.


*മനശാസ്ത്ര വീക്ഷണം (Psychological Perspective )*


കാലം വളരെ പ്രതികൂലമായി മാറിയിരിക്കുന്നു. നല്ല ക്രിസ്തീയ മാതാപിതാക്കളുടെ സംരക്ഷണത്തിൽ ക്രിസ്തീയ വിശ്വാസത്തിൽ ജീവിച്ച് വളർന്നിട്ടും കുഞ്ഞുങ്ങൾ അതി ഭീകരമായ കുഴികളിൽ വീണു പോകുന്നു. മദ്യ മയക്കുമരുന്ന് ഉപയോഗം മാത്രമല്ല മറിച്ചു അതിന്റെ വിപണനത്തിനു പോലും നമ്മുടെ കുട്ടികൾ തയ്യാർ ആകുന്നു. കൊലപാതകത്തിനോ ബലാത്കാരത്തിനോ അവർക്ക് ഭയമില്ല, ലൈംഗീക ആരാജകത്വത്തിന്റെ നീരാളി പിടുത്തത്തിൽ വീണിട്ട് ജൻഡർ ഐഡന്റിറ്റിയ്ക്കു പോലും മാറ്റങ്ങൾ സംഭവിക്കുന്നു. എന്റെ കുഞ്ഞുങ്ങൾ സുരക്ഷിതരാണ് എന്നു കരുതി ഇരിക്കുന്ന ആത്മീയ മനുഷ്യരായ മാതാപിതാക്കൾ പെട്ടന്ന് ഒരു ദിവസം മകന്റെ അല്ലെങ്കിൽ മകളുടെ ജഢികാവസ്ഥ കണ്ടു ഹൃദയം തകരുന്ന കാഴ്ച സഭയിൽ വർദ്ധിക്കുന്നു. എന്തുകൊണ്ട് ആണ് ഇതു എന്നു ആരും അന്വേഷിക്കുന്നില്ല.ക്രിസ്തീയ ധർമ്മം കാലോചിതമായ രീതിയിൽ മൂല്യം നഷ്ടപ്പെടാതെ പരിശീലിപ്പിക്കുന്നില്ല എന്നുള്ള ഒറ്റ കാരണം മൂലം അനേകം കുഞ്ഞുങ്ങളുടെ ആത്മാക്കൾ നഷ്ടപ്പെടുന്നു എന്നുള്ളത് സഭ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ആണ് ഏറെ ഖേദകരം.


 രീതിശാസ്ത്രത്തിൽ പുരോഗതി കൊണ്ടുവരുമ്പോൾ അതു നിച്ഛയമായും വിവിധ ശാസ്ത്രീയ മേഖലകളുടെ പിന്തുണയോട് കൂടി ആയിരിക്കണം. അത്തരം ഒരു മേഖലയാണ് മനഃശാസ്ത്ര മേഖല. ആധുനിക മനഃശാസ്ത്രത്തിനു സൺ‌ഡേസ്കൂൾ പ്രസ്ഥാനത്തിൽ വളരെ സംഭാവനകൾ നൽകുവാൻ കഴിയും. പ്രൊട്ടസ്റ്റന്റ് മിഷനറിമാർ ഇതു നടപ്പിലാക്കിയിട്ടുണ്ട്. സിഗ്മണ്ഡ് ഫ്രോയിഡിന്റെ സൈക്കോ-സെക്ഷ്വൽ തിയറിയും എറിക്സന്റെ സൈക്കോ- സോഷ്യൽ തിയറിയുമൊക്കെ ഉൾക്കൊണ്ടു കൊണ്ടുള്ള പുരോഗമനങ്ങൾ പ്രൊട്ടസ്റ്റന്റ് സൺഡേസ്കൂൾ പരിശീലനത്തിൽ പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട്. ഉദാഹരണമായി ഫ്രായിഡിന്റെ സിദ്ധാന്തമൊന്നു പരിശോധിക്കാം. ജനിച്ചു വീഴുമ്പോൾ മുതൽ ഏകദേശം ഒരു വയസ്സ് വരെയുള്ള പ്രായത്തിലും കുഞ്ഞു ലൈംഗീക ഊർജ്ജം (libido energy) പുറപ്പെടുവിക്കുകയും അതു വഴി ഭാവിയിൽ സ്വഭാവരൂപ വൽക്കരണത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വിധേയപെടുകയും ചെയ്യുന്നുണ്ട് എന്നു ഫ്രോയിട് അവകാശപ്പെടുന്നു. ഈ പ്രായത്തിൽ മുല കുടിക്കുന്നത് വഴിയും മുല കടിക്കുന്നത് വഴിയും എല്ലാം കുഞ്ഞിന്റെ ലിബിഡോ ഊർജ്ജം പ്രവർത്തിക്കുന്നു. ഇതിനെ ഓറൽ ഘട്ടം (oral stage )എന്നു വിളിക്കുന്നു. ഒരു വയസ്സ് മുതൽ മൂന്നു വയസ്സ് വരെ രണ്ടാം ഘട്ടം ആകുന്ന Anal stage ഉം മൂന്നു മുതൽ ആറു വയസ്സ് വരെ മൂന്നാം ഘട്ടമാകുന്ന phalic stage ഉം ആകുന്നു. മൂന്നാം ഘട്ടം മുതൽ വ്യവസ്ഥാപിത സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഗുണഭോക്താക്കൾ ആക്കി കുഞ്ഞുങ്ങളെ പ്രൊട്ടസ്റ്റന്റ് ചിന്തകർ കണക്കാക്കി കൊണ്ടു പരിശീലന രീതികൾ അവലംബിക്കുന്നു. അതുപോലെ അവർ ആദ്യ രണ്ട് ഘട്ടങ്ങളിൽ കുടുംബത്തിൽ കുഞ്ഞിന് ആത്മീയ പരിപാലനം ലഭ്യമാക്കുന്നു. സൈക്കോ സെക്ഷ്വൽ സ്റ്റേജിന്റെ മൂന്നാം ഘട്ടത്തിന്റെ ആരംഭം മുതൽ ആരംഭിക്കുന്ന സൺ‌ഡേ സ്കൂൾ പരിശീലനം നാലാം ഘട്ടമായ latent stage ന്റെ അവസാനം അതായത് ഒരു കുട്ടി ലൈംഗീക പക്വത (sexual maturity) ആകുന്നത് വരെ തുടരുന്നു.

ശാരീരികമായും മാനസികമായും മാത്രം അല്ല കുട്ടി ലൈംഗീക പക്വത നേടേണ്ടത് മറിച്ച് ആത്മീയമായും കൂടി ആണ്. ഈ ആത്മീയമായ ലൈംഗീക പക്വതയ്ക്കു വേണ്ടി സൺ‌ഡേസ്കൂളിൽ ലൈംഗീക വിദ്യാഭ്യാസത്തിനുള്ള സാഹചര്യം അവർ ക്രമീകരിക്കുന്നു. ഇതു കൂടാതെ ലേറ്റൻസി സ്റ്റേജിൽ ലൈംഗീക ഊർജ്ജം നേരായ മാർഗ്ഗത്തിൽ വിനിയോഗിക്കുവാൻ സൺ‌ഡേസ്കൂൾ പ്രസ്ഥാനം കുട്ടികളിലെ കലാ -കായിക അഭിരുചികൾ വികസിപ്പിക്കുവാൻ വേണ്ട ക്രമീകരണം ചെയ്തു കൊടുക്കുന്നു. കൂടാതെ സൈക്കോളജി പഠിച്ചിട്ടുള്ള പാസ്റ്ററൽ കൗൺസിലർമാരുടെ സഹായം കുട്ടിക്ക് ലഭ്യമാക്കുന്നു.ചുരുക്കി പറഞ്ഞാൽ സൺ‌ഡേ സ്കൂളിൽ ക്രിസ്തീയ ധർമ്മ പരിശീലനം ശാസ്ത്രീയ മാർഗ്ഗങ്ങളുടെ സഹായത്തോടെ കാലോചിതമായ പുരോഗമനമുൾക്കൊണ്ട് നടത്തപ്പെടണം അതിൽ മനഃശാസ്ത്ര വിഭാഗത്തിനും വ്യക്തമായ പങ്ക് ഉണ്ട്.


4/14 ജാലകം (Four /Fourteen Window ) എന്നത് ചൈൽഡ് ഇവൻജലിസം മൂവ്മെന്റ് എന്നു പേരുള്ള സുവിശേഷ പ്രസ്ഥാനത്തിന്റെ ഒരു ഉപവിഭാഗമാണ്, 4 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ സുവിശേഷവത്കരിക്കുന്നതിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യൂറോപ്യൻ നാടുകളിൽ ആണ് 4 മുതൽ 14 എന്നത് പ്രായോഗികമാകുന്നത്. കാരണം 14 കഴിയുമ്പോൾ തന്നെ അവിടെ ഒരു കുട്ടി പക്വത പ്രാപിക്കുന്നു. എന്നാൽ ഇവിടെ 18 ലും പക്വത കൈവരിക്കാൻ കഴിയുന്ന കുട്ടികൾ വളരെ കുറവ് ആണ് അതുകൊണ്ട് 4/14 നു പകരം 4/18 window ആണ് നമുക്ക് ആവിശ്യം എന്നു തോന്നുന്നു. No പറയേണ്ട അവസരങ്ങളിൽ No പറയുവാനും, എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കുന്ന മനോഭാവം തിരുത്തുവാനും, മറ്റൊരാളുടെ വീക്ഷണം മനസ്സിലാക്കി അതിലൂടെ അപരനെ ഉൾക്കൊള്ളാൻ സാധിക്കുന്നതും എല്ലാം സൺ‌ഡേസ്കൂൾ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കാൻ കുട്ടികളെ പരിശീലനം കൊടുക്കേണ്ടി ഇരിക്കുന്നു. പലപ്പോഴും വ്യാജ മനഃശാസ്ത്രത്തിന്റെ (pseudo psychology) ഫലമായി ആത്മീയ വളർച്ച മുരടിച്ച് പോകുന്നത് നമ്മുടെ ഇടയിൽ സർവ്വ സാധാരണമാണ്. എന്നാൽ ശാസ്ത്രീയ അടിത്തറ ഉള്ള മനഃശാസ്ത്ര വീക്ഷണത്തിൽ കൂടി ആത്മീയപരിശീലനം നൽകുമ്പോൾ കുട്ടി കൂടുതൽ ആത്മീയ വളർച്ചയും ഒപ്പം വ്യക്തിത്വ വികസനവും നേടുന്നു.


പശ്ചാത്യ നാട്ടിൽ, 2015-ലെ ഒരു സർവേയിൽ 'നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ്' കണ്ടെത്തിയത് 63 ശതമാനം ക്രിസ്ത്യാനികളും 4 നും 14 നും ഇടയിൽ പ്രായമുള്ളപ്പോൾ യേശുക്രിസ്തുവിനെ തങ്ങളുടെ കർത്താവും ദൈവവുമായി സ്വീകരിച്ചുൾകൊണ്ടു എന്നാണ്. സമൃദ്ധമായ വിളവെടുപ്പ് സാധ്യത നിലവിലുള്ള നമ്മുടെ സഭയ്ക്ക് ഈ ജീവിത ഘട്ടം അതായത് നമ്മുടെ സാഹചര്യത്തിൽ 4/18 എന്നത് അവസരങ്ങളുടെ ഒരു ജാലകമാണ് (മത്താ. 9:37 ). ഇത് സൺ‌ഡേ സ്കൂൾ പ്രസ്ഥാനം വഴി മാത്രമേ സാധിക്കുള്ളു.


*സാമൂഹ്യ ശാസ്ത്ര വീക്ഷണം (Sociological Perspective)*


ഒരു നല്ല സമൂഹം സൃഷ്ടിക്കുന്നതിൽ സാമൂഹ്യ ശാസ്ത്രത്തിനു ശ്രേഷ്ഠമായ ഒരു പങ്ക് വഹിക്കുവാൻ ഉണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞർ കണ്ടെത്തിയ സാമൂഹ്യ ഘടകങ്ങൾ (Social Facts) നിസാരമല്ല. എമിൽ ഡർക്കാം എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ തന്റെ Suicide എന്ന പുസ്തകത്തിലൂടെ സാമൂഹ്യ ഘടകങ്ങളെ വിവരിച്ചു തന്നിട്ടുണ്ട്. ഇത്തരം സാമൂഹ്യ ശാസ്ത്ര സത്യങ്ങൾ തീർച്ചയായും സഭാ സമൂഹത്തിന്റെ വളർച്ചയ്ക്കും പ്രയോജനീഭവിക്കുന്നത് ആണ്. ഡർക്കാമിന്റെ സാമൂഹ്യ തോത് (social rate) എന്നുള്ള ഘടകം ഒന്നു സൺ‌ഡേ സ്കൂൾ സംവിധാനത്തിന്റെ പ്രവർത്തനവുമായി ബന്ധിപ്പിച്ച് ചിന്തിച്ചു നോക്കാം. ഡർക്കാം പറയുന്ന പ്രകാരം ഉദാഹരണമായി ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാരണം ആണെങ്കിൽ കൂടി സമൂഹത്തിൽ ഇങ്ങനെ വ്യക്തികളുടെ ആത്മഹത്യ സൃഷ്ടിക്കുന്ന സാമൂഹ്യ തോത് എന്നത് ഒരു തികച്ചും സാമൂഹ്യപരമായ ഒരു ഘടകം ആണ്. അതായത് ഒരു തികച്ചും വ്യക്തിപരമായ ആ പ്രശ്നത്തിനു പിന്നിൽ ഒരു സാമൂഹ്യ കാരണം ഒളിഞ്ഞു ഇരിപ്പുണ്ട്. അതുകൊണ്ട് ആ പ്രശ്നം കണ്ടു പിടിച്ചു പരിഹരിക്കാൻ തയ്യാർ ആയില്ല എങ്കിൽ സമൂഹത്തിൽ പ്രശ്നത്തിന്റെ ആവർത്തനവും അതുവഴി സാമൂഹ്യ തോത് (social rate) ന്റെ വർധനവും ഉണ്ടാകുന്നു.


 എമിൽ ഡർക്കാമിന്റെ ഉദാഹരണം ആത്മഹത്യ നിരക്ക് ആണ് എങ്കിൽ നമ്മുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം നേരിടുന്ന പ്രശ്ന നിരക്ക് വിവിധങ്ങൾ ആണ്. കുട്ടികളുടെ ഹാജർ നിരക്ക് എന്താണ് നമുക്ക് നൽകുന്ന സന്ദേശം. അബ്സന്റിസം വളരെ കൂടുതൽ ആയിരിക്കുന്നു എന്നത് നമ്മുടെ ഒരു social fact ആണ്. അതിന്റെ യഥാർത്ഥത്തിൽ ഉള്ള കാരണങ്ങൾ എന്തെല്ലാം ആണ്? സൺ‌ഡേ സ്കൂൾ പഠനത്തിന് വരാത്ത കുട്ടികളുടെ നിരക്ക് കൂടുന്നത് മറ്റൊരു social fact അല്ലേ, എന്താണ് കാരണം? ഇതുപോലെ ഓരോന്നും ചികഞ്ഞെടുത്ത് ഉത്തരം അന്വേഷിക്കുവാൻ നമ്മുടെ പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ട്. ഇതിനുള്ള പരിഹാരം കണ്ടെത്താൻ നിയോഗിക്കപ്പെടുന്നവർക്കു അതിനുള്ള പ്രാപ്തിയും ഉണ്ടായിരിക്കേണ്ടത് ആണ്. എന്നാൽ പ്രാപ്തി ഇല്ലാത്തവരുടെ 'നേതൃത്വ നിരക്ക്' കൂടുതൽ ആണെങ്കിൽ നമ്മൾ എന്തു ചെയ്യും എന്നത് ആണ് ഏറെ ഖേദകരം. സൺ‌ഡേ സ്കൂൾ പ്രസ്ഥാനം സമൂഹത്തിൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കണം അതുകൊണ്ട് തന്നെ സാമൂഹ്യ ശാസ്ത്ര വീക്ഷണം പുലർത്തേണ്ടിയിരിക്കുന്നു. അതിന് പ്രാപ്തിയുള്ളവരും ഇതിന്റെ മിഷൻ ബോർഡിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.


*സഭാഭരണ വിജ്ഞാനീയ വീക്ഷണം (Ecclesiastical Politi Perspective)*


ലോകമെമ്പാടും നിറഞ്ഞു നിൽക്കുന്ന ഒരു ആഗോള സഭ ഉണ്ട്, അതിൽ ഭൂരിപക്ഷം സഭയും സൺ‌ഡേ സ്കൂൾ അഥവാ കുട്ടികൾക്കുള്ള വേദപഠന സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്നുമുണ്ട്. അവരുടെ എല്ലാം വിജയത്തിന്റെ നല്ല സാക്ഷ്യങ്ങളും, മാതൃകകളും എല്ലാം നമ്മുടെ മുൻപിൽ നിരത്തി വച്ചിട്ടുമുണ്ട്. എന്നാൽ ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നുള്ള രീതിയിൽ ഉള്ള ഒരു ecclesiastcal polity അല്ലേ നമ്മുടെ സഭയിൽ നിലനിൽക്കുന്നത് എന്നു നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


നമ്മുടെ സഭയിൽ എത്ര വൈദികർ സ്ഥിരമായി സൺ‌ഡേസ്കൂൾ സന്ദർശിക്കുന്നുണ്ട്? സ്ഥിരമായി അദ്ധ്യാപക യോഗത്തിൽ വൈദികർ പങ്കെടുക്കാറുണ്ടോ? നമ്മുടെ ഇടവക കമ്മിറ്റികൾ വാർഷിക ബഡ്ജറ്റിൽ വരുമാനത്തിന്റെ എത്ര ശതമാനം ആണ് ഭാവി തലമുറയുടെ ആത്മീയ വളർച്ചയ്ക്ക് മാറ്റി വച്ചിട്ടുള്ളത്? എല്ലാ വീട്ടിലും 10 വയസ്സ് പൂർത്തിയായ എല്ലാ കുട്ടികൾക്കും ഒരു ബൈബിൾ സ്വന്തം ആയിട്ടുണ്ടോ? 10 വയസ്സിൽ താഴെ ഉള്ള കുഞ്ഞുങ്ങൾക്ക് നിങ്ങൾ ചിൽഡ്രൻസ് ബൈബിൾ കൊടുക്കാറുണ്ടോ? സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ ജയിച്ച് വരുമ്പോൾ അവരെ സന്തോഷിപ്പിക്കുന്ന ഒരു നല്ല മൂല്യമുള്ള സമ്മാനം കൊടുക്കാൻ നിങ്ങൾ മനസ് കാണിച്ചിട്ടുണ്ടോ? സൺ‌ഡേ സ്കൂൾ കുട്ടികളെ (അതായത് ഒരു ഇടവകയിൽ പരസ്പരം സ്നേഹിച്ചു കഴിയേണ്ട ഭാവി തലമുറയെ ) അവരുടെ കുടുംബത്തിനു സാമ്പത്തിക ഭാരം വരുത്താതെ ഒരു വിനോദയാത്ര ചെയ്യുവാനും അതുവഴി സാഹോദര്യം വർധിപ്പിക്കുവാനും നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചാൽ നിരുത്തരവാദിത്വപരമായ രീതിയിൽ ആണ് സഭാഭരണ സംവിധാനങ്ങൾ അടി മുതൽ മുടി വരെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തോട് പ്രവർത്തിക്കുന്നത് എന്നു പറയേണ്ടി വരും.


സഭാ ഭരണാധികാരികൾ സ്വയം തിരുത്തുവാൻ തയ്യാർ ആയാൽ തന്നെ ഇവിടെ ഒരു വലിയ മാറ്റം ഉളവാകും എന്നുള്ള കാര്യം വിസ്മരിക്കരുത്. വൈദികർക്ക് പട്ടം ഏൽക്കുന്നതിനു മുൻപ് വേദശാസ്ത്ര വിദ്യാഭ്യാസം മാത്രം പോരാ കുറഞ്ഞത് ഒരു വർഷം മിഷണറി പ്രവർത്തനം നിർബന്ധം ആക്കുകയും ഒരു നല്ല മിഷണറിയുടെ മനസ്സ് ഉണ്ടാക്കി എടുക്കാൻ സാഹചര്യം ഉണ്ടാകുകയും വേണം. വൈദികർക്കു കൂടുതലായി സുവിശേഷ വേലയിൽ ശ്രദ്ധിക്കുവാൻ വേണ്ടി സീറോ മലബാർ സഭ ഞായറാഴ്ച ദിവസം വിവാഹ കൂദാശ്ശ മാറ്റി വച്ചത് നാം ഓർക്കണം. ഞായറാഴ്ച ഒരു വൈദികനു പൂർണ്ണമായും വചനത്തിന്റെ സുവിശേഷ വേല ചെയ്യുവാനുള്ള ക്രമീകരണം ഉണ്ടാകേണ്ടി ഇരിക്കുന്നു. മലങ്കര സൺ‌ഡേ സ്കൂൾ സമാജത്തിനു ഒരു മുഴുവൻ സമയ മെത്രാപോലിതാ ഉണ്ടായിരിക്കുകയും, അദ്ദേഹത്തിന്റെ കീഴിൽ മുഴുവൻ സമയ പ്രവർത്തനം നടത്തുന്ന മിഷൻ പട്ടക്കാർ ഉണ്ടാവുകയും വേണം. വളരെ ഏറെ പണി ചെയ്യാൻ ഉള്ള ഒരു വയൽ ആണ് സൺ‌ഡേ സ്കൂൾ എന്നുള്ളത് സഭാ നേതൃത്വം തിരിച്ചറിഞ്ഞു ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു. ആയതിനു ആവിശ്യം ആയുള്ള നയങ്ങൾ രൂപീകരിക്കുവാനും, നടപ്പിൽ വരുത്തുവാനും സഭാ ഭരണത്തിനു സാധിക്കട്ടെ.


*ഉപസംഹാരം*


ബാലൻ നടക്കേണ്ട വഴി അവനെ അഭ്യസിപ്പിക്കുവാൻ കർത്താവ് കല്പിച്ചിട്ടുണ്ട്. സൺ‌ഡേ സ്കൂൾ ചെയ്യേണ്ടത് അത് തന്നെ ആണ്. യാന്ത്രികമായി കാര്യങ്ങൾ നടന്നു പോകുന്നതിന്റെ പിന്നിൽ ഉള്ള കാരണം നമ്മുടെ യഥാസ്തിക മനോഭാവം ആണ്. സഭാ ഭരണം നടത്തുന്നവർ സൺഡേ സ്കൂൾ പ്രസ്ഥനത്തെ കൂടുതൽ ശക്തിപെടുത്തണം. സൺ‌ഡേ സ്കൂൾ അധ്യാപകർക്കു വർഷം തോറും നിലവാരമുള്ള പരിശീലനം കൊടുക്കണം. രീതിശാസ്ത്രത്തിൽ പുതിയ സമീപനം ഉണ്ടാകേണം. വിവിധ ശാസ്‌ത്രീയ വീക്ഷണങ്ങളിൽ കൂടി മെച്ചപ്പെട്ട പരിശീലനം നൽകി പ്രസ്ഥാനം വളർച്ച പ്രാപിയ്ക്കണം. ഒരു കുട്ടി പോലും സൺ‌ഡേ സ്കൂൾ പഠിക്കാതെ വളരരുത് പക്ഷെ അത് നിർബന്ധം മൂലം അല്ല അവൻ / അവൾ അതിലേക്കു സ്വയം ആകർക്ഷിക്കപ്പെടുന്ന രീതിയിൽ ഉള്ള സമീപനം വഴി ആയിരിക്കണം. കുഞ്ഞുങ്ങൾ യേശുവിനെ അറിയട്ടെ ശേഷം മതി പഴംപുരാണം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ