പ്രവാസം നീളും, ദൈവത്തെ അന്വേഷിപ്പിൻ---പരീക്ഷകൾ, വിശ്വാസം വർദ്ധിക്കുവാൻ-


 1.പ്രവാസം നീളും, ദൈവത്തെ അന്വേഷിപ്പിൻ*


(ബാർ യുഹാനോൻ റമ്പാൻ )


ഇനിയും ഒരു സംഘർഷ കാലം. പ്രതീക്ഷയുടെ തിരി നാളം എങ്ങുമില്ല. നഷ്ടപ്പെടലിന്റെ, നീതി നിഷേധിക്കപ്പെടലിന്റെ, പുറത്താക്കലിന്റെ എല്ലാം തീവ്ര വേദനയിലേക്ക് കുറേ ആടുകൾ കൂടി. ഇത് അവസാനം അല്ല മറ്റുള്ളവർക്ക് മുന്നോടി ആയി ഒരു വഴി ഒരുക്കൽ മാത്രം. ഇനിയും സംഘർഷം. സാത്താൻ ഇതാ ദൈവപുരുഷന്മാരുടെ വേഷത്തിൽ വ്യഗ്രതയോടെ കുഞ്ഞാടുകളെ ആക്രമിക്കുവാൻ പതി ഇരിക്കുന്നു. ഹബക്കുക്ക്‌ 3 : 16a ൽ ഇപ്രകാരം എഴുതിയിരിക്കുന്നു ;


*"ഞാന്‍ കേട്ടു; എന്റെ ശരീരം വിറയ്‌ക്കുന്നു. മുഴക്കം കേട്ട്‌ എന്റെ അധരങ്ങള്‍ ഭയന്നു വിറയ്‌ക്കുന്നു. എന്റെ അസ്‌ഥികള്‍ ഉരുകി. എന്റെ കാലുകള്‍ പതറി."*


ഞാനോ ബലഹീനനും പാപിയുമായ ദാസൻ എന്ത് ചെയ്യേണ്ടു എന്ന് വ്യസനിച്ചു. ഒന്നും ചെയ്യാൻ ഇല്ല. ഞങ്ങളുടെ നേരെ വരുന്ന ദുഷ്ടന്റെ ദുഷ്ടത പെരുകി അവന്റെ മേൽ ന്യായവിധി പുറപ്പെടുന്നത് വരെയും ഇതെല്ലാം സംഭവിക്കേണ്ടതിനാൽ മൗനം ആയിരിക്കുന്നത് നല്ലത്. ഹബക്കുക്ക് (3:16b) വീണ്ടും പറയുന്നു ' 


*"ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്‌ടകാലം ഞാന്‍ നിശ്‌ശബ്‌ദനായി കാത്തിരിക്കും."*


സഭാഗാത്രം ആക്രമിക്കപ്പെടുമ്പോഴും കർത്താവിന്റെ ദാസനു ആനന്ദമായിരിക്കാൻ കല്പനയുണ്ട് എപ്രകാരമെന്നാൽ ഹബക്കുക്കിലൂടെ (3:17) ആത്മാവ് പറയുന്നു'


*"അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും."*


അതേ കർത്താവേ നിന്റെ ദാസൻ ആനന്ദിക്കുന്നു. ഈ അതിക്രമങ്ങൾ വർദ്ധിക്കുമാറാകട്ടെ, കൊള്ളക്കാർ ഇനിയും കൊള്ള ചെയ്യട്ടെ, വിശുദ്ധ ആലയങ്ങൾ കവർച്ച ചെയ്യപ്പെടട്ടെ. ഈ അനീതി അതിന്റെ പരിപൂർണതയിൽ വേഗം എത്തട്ടെ. 


*"ഞാന്‍ എന്റെ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന്‌ എന്നോട്‌ എന്തു പറയുമെന്നും, എന്റെ ആവലാതിയെക്കുറിച്ച്‌ അവിടുന്ന്‌ എന്തു മറുപടി നല്‍്‌കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു."*

ഹബക്കുക്ക്‌ 2 : 1

2.പരീക്ഷകൾ, വിശ്വാസം വർദ്ധിക്കുവാൻ*


(ബാർ യുഹാനോൻ റമ്പാൻ)


ഇന്നലെ ഹബക്കുക്കിൽ കൂടി ദൈവം സംസാരിച്ചു. ഈ പ്രതിസന്ധികൾ എത്രനാൾ എന്നു കർത്താവിനോട് ചോദിച്ചു. പത്രോസ്സിലൂടെ അവൻ ഉത്തരം അരുളി. അധികം നാൾ ഇത് ഇങ്ങനെ പോകില്ല. ഈ പരീക്ഷകൾ അല്പകാലത്തേക്ക് മാത്രം. നമ്മുടെ വിശ്വാസം കൂടുതൽ ശ്രേഷ്ഠമാകുവാൻ ഈ പ്രയാസങ്ങൾ നമ്മൾ സ്വീകരിക്കണം എന്നുള്ളത് ആകുന്നു ദൈവഹിതം.


*1 പത്രോസ് 1 : 3-12*

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ.

അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്‌തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്‌ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്‌ഷിക്കപ്പെടുന്ന അക്‌ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെവീണ്ടും ജനിപ്പിച്ചിരിക്കുന്നു.

അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്‌ഷയ്‌ക്കുവേണ്ടി ദൈവശക്‌തിയാല്‍ വിശ്വാസംവഴി നിങ്ങള്‍ കാത്തുസൂക്‌ഷിക്കപ്പെടുന്നു.

അല്‍പകാലത്തേക്കു വിവിധ പരീക്‌ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്‌ദിക്കുവിന്‍.

കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്‌ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത്‌ യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തില്‍ സ്‌തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും.

അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട്‌ അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു.

അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്‌മാവിന്റെ രക്‌ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയി ച്ചപ്രവാചകന്‍മാര്‍ ഈ രക്‌ഷയെക്കുറിച്ച്‌ ആരായുകയും അന്വേഷിക്കുകയും ചെയ്‌തു.

ക്രിസ്‌തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്‌തുവിന്റെ ആത്‌മാവ്‌ മുന്‍കൂട്ടി പ്രവചിച്ചു. അവരാകട്ടെ അത്‌ എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്‌തു.

അവര്‍ തങ്ങളെത്തന്നെയല്ല നിങ്ങളെയാണ്‌ ശുശ്രൂഷിക്കുന്നതെന്ന്‌ അവര്‍ക്കു വെളിപ്പെട്ടിരുന്നു. സ്വര്‍ഗത്തില്‍നിന്ന്‌ അയയ്‌ക്കപ്പെട്ട പരിശുദ്‌ധാത്‌മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക്‌ എത്തിനോക്കാന്‍ ദൈവദൂതന്‍മാര്‍പോലും കൊതിക്കുന്നു. (1 പത്രോസ് 1 : 3-12)


1. എന്തിനാൽ ആണ് നിങ്ങൾ വീണ്ടും ജനിച്ചത്? 


സ്വർഗ്ഗസ്ഥനായ പിതാവിന്റെ മഹാകരുണയാൽ ആണ് നമ്മൾ വീണ്ടും ജനനം പ്രാപിച്ചത്.


2. ആര് മുഖേന എങ്ങനെ നമ്മൾ വീണ്ടും ജനിച്ചു?


യേശു ക്രിസ്തു മുഖേന. മരിച്ചവരുടെ ഇടയിൽ നിന്നുള്ള അവന്റെ പുനരുതാനം വഴി. 


3. എന്തിലേക്ക് ആണ് നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നത്?


നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത് a) സജീവ പ്രത്യാശയിലേക്ക് (മരിച്ചാലും ഉയിർക്കും/ തകർക്കപ്പെട്ടാലും വീണ്ടും പണിയപ്പെടും), b) അവകാശത്തിലേക്ക് (സ്വർഗ്ഗത്തിൽ കാത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന മഹത്വമാണ് അത് )


4. പ്രയാസങ്ങൾ വരുമ്പോൾ എന്തുകൊണ്ട് ആണ് ആനന്ദിക്കാൻ പറയുന്നത്? 


മേൽപ്പറഞ്ഞ രീതിയിൽ വീണ്ടും ജനിച്ചവർക്ക്‌/ സഭയ്ക്കു ജീവിതത്തിൽ പ്രയാസങ്ങൾ നേരിടും. അത് മറ്റുള്ളവർക്ക് വരുന്നത് പോലെ അല്ല. വീണ്ടും ജനിച്ചവർക്ക്‌/സഭയ്ക്കു വരുന്ന പ്രയാസം ഭാവിയിൽ അവർക്ക് ലാഭം ഉണ്ടാക്കും. കാരണം ഒരിക്കൽ നമ്മൾ ഈ പ്രയാസം അഭിമുഖീകരിച്ച് അതിനെ കർത്താവിൽ അതിജീവിച്ചാൽ ഇപ്പോൾ ഉള്ള നമ്മുടെ വിശ്വാസം കൂടുതൽ മൂല്യമേറിയ വിശ്വാസം ആയി മാറും.


5. നിങ്ങൾക്ക് സന്തോഷം ഉണ്ടാകുന്നു എങ്കിൽ അതിന്റെ കാരണം എന്താണ്? 


നിങ്ങൾ വീണ്ടും ജനനം പ്രാപിച്ചവർ / സത്യമുള്ള സഭയുടെ മക്കൾ ആണ്. നിങ്ങൾക്ക് എന്തെങ്കിലും സന്തോഷം ഉണ്ടെങ്കിൽ or ഉണ്ടാകണം എങ്കിൽ മുന്നമേ നിങ്ങളിൽ യേശു ക്രിസ്തുവിനോടുള്ള സ്നേഹം ഉണ്ടായിരിക്കണം. യേശുവിനെ സ്നേഹിക്കും തോറും സഭാമക്കളുടെ സന്തോഷം വർധിക്കും.


6. ആത്മാവിന്റെ രക്ഷ എന്തിന്റെ ഫലമായി ഉളവാകുന്നു? 


യേശുവിനെ സ്നേഹിക്കുകയും യേശുവിൽ കൂടി നമ്മുടെ പ്രയാസങ്ങൾ നമ്മൾ അഭിമുഖീകരിക്കുകയും (അതായത്, പ്രയാസങ്ങൾ അത് എന്തായാലും രോഗം, അപമാനം, ദാരിദ്ര്യം, അനീതി, തുടങ്ങി എന്തായാലും അത് ഉപേക്ഷിച്ചു പോകരുത്. അത് എനിക്കു അർഹത പെട്ടത് ആണ്. അതിന് കാരണം എന്റെ കുറവുകൾ ആണ്. അത് ഞാൻ സ്വീകരിചേ പറ്റു. അത് ഞാൻ ഉൾക്കൊള്ളാൻ തയ്യാർ ആണ് എന്നിങ്ങനെ ഉള്ള മനോഭാവം.) ചെയ്യുമ്പോൾ വിശ്വാസം വിലയേറിയത് ആകും. ഇങ്ങനെ ഉള്ള വിശ്വാസത്തിന്റെ ഫലമായി നമ്മുടെ ആത്മാവിനു രക്ഷ വർദ്ധിക്കുന്നു.


7. ദൈവദൂതന്മാർ പോലും എത്തി നോക്കാൻ ആഗ്രഹിക്കുന്ന എന്താണ് നിങ്ങൾക്ക് ഉള്ളത്?


ദൈവദൂതൻമാർ പോലും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യം എന്നത്, നിങ്ങൾ നിങ്ങളുടെ പ്രയാസങ്ങളെ യേശുവിനോടുള്ള സ്നേഹം മൂലം അഭിമുഖീകരിക്കുന്നതും (അതായത് അതിൽ നിന്നും ഓടി ഒളിക്കാതെ സ്വീകരിച്ച് കൊണ്ട് നേരിടുന്നത് ) അങ്ങനെ വിശ്വാസം ശ്രേഷ്ഠമാകുന്നത് വഴി ഉളവാകുന്ന നിങ്ങളുടെ ആത്മവിന്റെ രക്ഷയും കാണാൻ ദൈവദൂതന്മാർ പോലും ആകാംഷയോടെ കാത്തിരിക്കുന്നു.

നമ്മുടെ സഭ പീഡനങ്ങളെ യേശുവിനോടുള്ള സ്നേഹം മൂലം സ്വീകരിക്കണം.


8. ആ മഹത്തായ കാര്യം നിങ്ങൾക്കു ലഭിക്കാൻ എന്തെല്ലാം കാര്യങ്ങൾ ആണ് നിങ്ങൾക്കു മുൻപായി സംഭവിച്ചത്?



നമ്മൾ പ്രയാസം അനുഭവിക്കാനും, അത് അതിജീവിക്കാനും, അങ്ങനെ ശ്രേഷ്ഠമായ വിശ്വാസത്തിനു ഉടമ ആകുവാനും, അത്മാവിൽ രക്ഷ പ്രാപിക്കുവാനും വേണ്ടി നമ്മൾക്ക് വേണ്ടി മുൻപേ കുറേ പേര് കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവയിൽ 1) നമ്മൾക്ക് വേണ്ടി നിബിയന്മാർ ഈ കൃപയെ പ്രവചിച്ചു, അവർ നമ്മുടെ രക്ഷയെ പറ്റി ദൈവത്തോട് ആരാഞ്ഞു അന്വേഷിച്ചു. അവർ നമ്മൾക്കു വേണ്ടി അന്ന് മുതൽ ശുശ്രൂക്ഷ ചെയ്തു വരുന്നു, 2) യേശു തമ്പുരാൻ നമ്മുടെ പ്രയാസവും ശേഷം ഉണ്ടാകേണ്ട ആത്മീയ അഭിവൃദ്ധിയും നമ്മിൽ ഉറപ്പിക്കുവാൻ വേണ്ടി നമുക്ക് വേണ്ടി മുന്നമേ നമ്മുടെ പ്രയാസങ്ങൾ വഹിച്ചു, നാം മഹത്വം പ്രാപിക്കാൻ വേണ്ടി മുന്നമേ ആ മഹത്വത്തിലേക്ക് ആരോഹണം ചെയ്തു, 3) നമുക്ക് സഹായം നൽകാൻ സ്വർഗത്തിൽ നിന്നും പരിശുദ്ധ റൂഹാ അയയ്ക്കപ്പെട്ടു, 4) സുവിശേഷ പ്രസംഗകർ ഇത് നമ്മേ അറിയിച്ചു, ഇപ്പോൾ അറിയിച്ചു കൊണ്ടും ഇരിക്കുന്നു.


ഇതെല്ലാം പ്രയാസങ്ങൾ നമ്മൾ യേശുവിനോടുള്ള സ്നേഹം മൂലം സന്തോഷപൂർവ്വം സ്വീകരിച്ച്, അങ്ങനെ ശ്രേഷ്ഠ വിശ്വാസത്തിനു ഉടമകൾ ആകാൻ ആകുന്നു. അപ്പോൾ ഒരു അവകാശം സ്വർഗ്ഗത്തിൽ നമുക്കു ഉളവാകും. ആ അവകാശം കാണാൻ ദൂതന്മാർ പോലും ആകാംഷയോടെ കാത്തിരിക്കുന്നു.



അതുകൊണ്ട് ദൈവത്തിന്റെ ആത്മാവ് പത്രോസ് ശ്ലീഹായിൽ കൂടി അരുളി ചെയ്യുന്നു ; അല്പകാലത്തെക്കുള്ള ഈ സഹനങ്ങൾ നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുവിൻ. ഒരു സജീവ പ്രത്യാശ നമുക്കുണ്ട്, ഒരു മഹത്വം നമുക്ക് അവകാശം ആയിട്ട് കാത്തിരിക്കുന്നു.

അഭിപ്രായങ്ങള്‍