പാളം തെറ്റുന്ന ആരാധനകൾ



(ബാർ യുഹാനോൻ റമ്പാൻ, ഗത്സീമോൻ ദയറ, പിറമാടം)


"വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട തെറ്റായ പാരമ്പര്യങ്ങൾ" എന്നുള്ള എന്റെ ലേഖനത്തിനു സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു. അതുകൊണ്ട് ആരാധന പാരമ്പര്യങ്ങളിൽ ഉണ്ടാകുന്ന വീഴ്ചകളിൽ കുറച്ചു കൂടി ചില കാര്യങ്ങൾ വ്യക്തത വരുത്തുവാൻ ഈ ലേഖനം ഉദ്ദേശിക്കുന്നു. സത്യം എപ്പോഴും പ്രിയകരമാകണം എന്നില്ല, പക്ഷേ സത്യം നമ്മെ സ്വതന്ത്രരാക്കും. അന്ധതയിൽ നിന്നുള്ള ഈ സ്വാതന്ത്ര്യം ദൈവാരാധനയ്ക്കു വളരെ അത്യാവശ്യം ആയ ഒരു ഘടകം ആണ്. ക്രിസ്തു കേന്ദ്രീകൃതമായ ത്രിത്വാരാധന മാത്രം ആണ് സത്യാരാധനയും ആരാധനയുടെ അടിസ്ഥാന പ്രമാണവും. ഈ സത്യാരാധനയുടെ ഒരു ഭാഗം മാത്രം ആണ് വാങ്ങിപ്പോയ വിശുദ്ധരോട് ചേർന്നു നിന്നുകൊണ്ടുള്ള ദൈവാരാധനയും.


പരിശുദ്ധ സഭയുടെ ആത്മീയ ആചാര്യനായിരുന്ന ഒരു വിശുദ്ധനാണ് മോർ അബ്രഹാം നഹർശിത്തോനോ. അദ്ദേഹം തയ്യാർ ആക്കിയ വിശുദ്ധ കുർബാന തക്സ മലങ്കരയിൽ വളരെ പ്രചാരണം നേടിയിട്ടുണ്ട്. ഈ തക്സയിൽ ഒരു പ്രാർത്ഥനയിൽ നമ്മുടെ അനിയന്ത്രിതമായ ആരാധനയേ നിയന്ത്രണവിധേയമാക്കുവാൻ വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്. സുറിയാനി ആരാധന ശാസ്ത്രത്തിന്റെ പ്രമാണങ്ങളിൽ ഒന്നാണ് മോർ അബ്രഹാം പിതാവ് പഠിപ്പിക്കുന്നത്, ആരാധന നമ്മുടെ ബോധമണ്ഡലങ്ങളാൽ നിയന്ത്രണ വിധേയമായിരിക്കണം. അനിയന്ത്രിതമായ ജൽപ്പനങ്ങൾക്ക് സത്യാരാധനയിൽ സ്ഥാനം ഇല്ല. ഹാലെലുയ്യ ആണെങ്കിലും, സ്തോത്രം ആണെങ്കിലും, ദൈവത്തിന്റെ വിവിധ നാമങ്ങൾ ആണെങ്കിലും ആരാധനയിൽ അവയുടെ ഉപയോഗം നിയന്ത്രണ വിധേയമാകണം. യേശു തമ്പുരാൻ പ്രാർത്ഥന പഠിപ്പിച്ചപ്പോൾ ഇപ്രകാരം പഠിപ്പിച്ചു, "നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടേണമേ." ദൈവനാമം വൃഥാ ഉപയോഗിക്കരുത് എന്നു ന്യായപ്രമാണവും പഠിപ്പിക്കുന്നു. കൂടാതെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും ആരാധിക്കുവാൻ വചനം നമ്മോട് കല്പ്പിക്കുന്നു. ഈ പൂർണ്ണമനസ്സ് എന്നതിൽ ബോധംമണ്ഡലത്തിൽ നിയന്ത്രണവിധേയമായ നമ്മുടെ ആരാധന ഉൾപ്പെടുന്നു. 


വിശുദ്ധരുടെ മധ്യസ്ഥപ്രാർത്ഥന നമുക്ക് സഭ ഭരമേൽപ്പിച്ച് തന്നിട്ടുണ്ട്. ഇത് പ്രധാനമായും നമ്മുടെ നൈതികത (ethics) യുടെ ഒരു ഭാഗം ആണ്. ഇത് വേദശാസ്ത്ര പരമായ ഒരു സത്യം ആണ്. വാങ്ങിപോയ വിശുദ്ധരുടെ ശ്രേഷ്ഠ അവസ്ഥ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അവർ ദൈവസന്നിധിയിൽ വെള്ളനിലയങ്കി ധരിച്ചു ആരാധന നടത്തുന്നു എന്നുള്ളത് അപ്പോസ്തോലാനായ മോർ യുഹാനോന്റെ വെളിപാട് നമ്മെ പഠിപ്പിക്കുന്നു. എന്നാൽ അനിയന്ത്രിതമായതോ തെറ്റായതോ ആയ ആരാധനയുടെ ഭവിഷത്തുകളും ബൈബിൾ വ്യക്തമാക്കുന്നുണ്ട്. വെളിപാട് 22 : 8-9 ൽ 

"യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്‌തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്‌തപ്പോള്‍ *ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു.*

അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്‌. ഞാന്‍ നിന്റെയും നിന്റെ സഹോദരന്‍മാരായ പ്രവാചകന്‍മാരുടെയും ഈ ഗ്രന്‌ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും *സഹദാസനാണ്‌. ദൈവത്തെ ആരാധിക്കുക."* വാങ്ങിപ്പോയ വിശുദ്ധർ ദൈവസന്നിധിയിൽ മാലാഖമാർ പോലെ ആണെന്ന് യേശു തമ്പുരാൻ പഠിപ്പിച്ചു, മാലാഖമാരെ പറ്റി ഹെബ്രായ ലേഖകൻ "രക്‌ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്കു ശുശ്രൂഷചെയ്യാന്‍ അയയ്‌ക്കപ്പെട്ട സേവകാത്‌മാക്കളല്ലേ അവരെല്ലാം?" (ഹെബ്രായര്‍ 1 : 14) എന്നു പഠിപ്പിച്ചു. അതുകൊണ്ട് വാങ്ങിപോയ വിശുദ്ധർ അതായത് ദൈവമാതാവായ മറിയം ഉൾപ്പെടെ എല്ലാ പരിശുദ്ധന്മാരും രക്ഷയുടെ അവകാശികൾ ആയ നമുക്ക് വേണ്ടി ദൈവസന്നിധിയിൽ ശുശ്രൂക്ഷ ചെയ്യുന്നവർ ആണ്. അവരുടെ ശുശ്രൂക്ഷ എന്നത് സത്യാരാധന ആകുന്നു. ഈ സത്യാരാധനയിൽ അവരോടൊപ്പം പങ്കെടുക്കുന്നതിനു നമ്മൾ പറയുന്ന പേരാണ് മധ്യസ്ഥപ്രാർത്ഥന എന്നത്.


ചുരുക്കി പറഞ്ഞാൽ ദൈവം സ്ഥാപിച്ച ആരാധന നിയമങ്ങൾ പാലിച്ച് നിത്യതയിൽ ആരാധന നടത്തുന്ന വിശുദ്ധർക്ക് ചേർന്ന രീതിയിൽ മാത്രം ആണ് വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാർത്ഥന ഉൾപ്പെടെ ഏതു ആരാധനയും നടത്തുവാൻ നമുക്ക് അവകാശം ഉള്ളു. അപ്രകാരമുള്ള ആരാധന മാത്രമേ സ്വർഗീയ സിംഹസനത്തിൽ അംഗീകരിക്കപ്പെടുകയുള്ളു. എന്നാൽ ഇന്ന് നമ്മുടെ മധ്യസ്ഥ പ്രാർത്ഥന ഏതൊക്ക ദിശയിലേക്ക് വഴിതെറ്റി പോയി എന്നുള്ളത് നമ്മൾ ഒരു ആത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു.


വിശുദ്ധരോടുള്ള മധ്യസ്ഥപ്രാർത്ഥന സത്യാരാധനയുടെ ഒരു ഭാഗം മാത്രം ആണെന്ന് മുൻപ് പറഞ്ഞുവല്ലോ. ഒരു ഭാഗം മാത്രം ആയ ഈ ക്രമം ദ്വിതീയ (secondary) സ്ഥാനത്തുള്ള ആരാധന ക്രമം ആണ്. അതുകൊണ്ട് തന്നെ പ്രഥമമായതു മുന്നിട്ടു നിൽക്കണം. പ്രഥമമായതു ക്രിസ്തു കേന്ദ്രീകൃതമായ വിശുദ്ധ തൃത്വ ആരാധന മാത്രം. 


എവിടാണ്, അല്ലെങ്കിൽ എങ്ങിനെയാണ് ആരാധനയുടെ പാളം തെറ്റുന്നത്? തീർച്ചയായും അത് പ്രഥമമായതിനെ പുറകോട്ട് തള്ളി ഭാഗികമായതോ, ഐച്ഛികമായതോ (optional) ആയതിനെ അനിയന്ത്രിതമായ രീതിയിൽ മുന്നോട്ട് പ്രതിഷ്ഠിക്കുകയോ ചെയ്യുമ്പോൾ ആരാധനയുടെ പാളം തെറ്റുന്നു.


ആരാധന ആത്മാവിൽ ഉള്ളത് ആയിരിക്കണം. അതായത്, അതായത് ആരാധന ദൈവാത്മ പ്രചോദിതവും ആത്മീയ ഉണർവ്വ് നൽകുന്നതും ആയിരിക്കണം. അതുകൊണ്ട് ആത്മീയ അഭിവിന്യാസം (spiritual orientation) അതിന്റെ പ്രധാന മുഖമുദ്ര ആണ്. ഈ സ്ഥാനത്ത് പ്രതിഷ്ഠ നേടുന്ന ആരാധനയെ പാളം തെറ്റിക്കുന്ന ചില സംഗതികൾ ഉണ്ട് അവയിൽ ചിലത് ; സാമ്പത്തിക അഭിവിന്യാസം (Ecnomical Orientated), ശബ്ദകോലാഹലം (Noise Oriented), ആൾക്കൂട്ട അഭിവിന്യസം (Crowd Oriented), നിഗൂഢനുഭവ അഭിവിന്യാസം (Mystical Oriented) തുടങ്ങിയവ. 


▪️സാമ്പത്തിക അഭിവിന്യാസം (Ecnomical Orientated) ആണ് ഇന്നു ആരാധന നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇടവകയുടെ കമ്മിറ്റിക്കാർ ആയിട്ട് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട്, തങ്ങൾ ഇടവകയെ ഒരു ലാഭകേന്ദ്രം ആക്കുവാൻ നിയോഗിച്ചിട്ടുള്ളവർ ആണ് എന്നു. അതുകൊണ്ട് ഓരോ ആരാധനകൾ, ശുശ്രൂക്ഷകൾ തുടങ്ങി എല്ലാം സാമ്പത്തികമായ വീക്ഷണത്തോടെ അവർ നോക്കി കാണുന്നു. ഇതിപ്പോൾ സർവ്വ സാധാരണമാണ്. നിങ്ങൾ ആരാണ് എന്നു നിങ്ങളെ വൈദികർ പഠിപ്പിച്ചില്ല അതുകൊണ്ട് നിങ്ങൾ വഴി തെറ്റി പോയി. നിങ്ങൾ ജനത്തിന്റെ മൂപ്പന്മാർ ആണ്. പൊതുയോഗം തിരഞ്ഞെടുത്തവർ ആണ്. ദൈവത്തിന്റെ മൂപ്പനെ (പുരോഹിതൻ) സത്യാരാധന നടത്തുന്നതിന് ആവിശ്യമായ സഹായങ്ങൾ നൽകുവാനും, ജനത്തെ പരിപാലിക്കുന്നതിൽ പുരോഹിതനു ആവിശ്യമായ സഹകരണങ്ങൾ കൊടുക്കുന്നതിനും ദൈവലയം കള്ളന്മാരുടെ ഗുഹായാക്കാതെ കാത്തു സൂക്ഷിക്കുന്നതിനും ആയിരുന്നു നിങ്ങൾ വിളിക്കപ്പെട്ടത്. ഇവിടെ ആഡംബരമല്ല ആത്മീയർക്ക് ചേരുന്ന ഔനത്യമാണ് നിങ്ങൾ പുറപ്പെടുവിക്കേണ്ടത്. 


▪️ശബ്ദകോലാഹലം (Noise Oriented) ആണ് ഇന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യൻ ആരാധനയുടെ മറ്റൊരു മുഖമുദ്ര. പെന്തകോസ്ത് ആരാധനയെ കുറ്റം പറഞ്ഞു നടന്നവർ ആണ് യാക്കോബായക്കാർ എന്ന് ഓർക്കുക. ഇപ്പോൾ പെന്തകോസ്ത്കാർ ശബ്ദകോലാഹലം നടത്തുന്നതിന് യാക്കോബായക്കാരെ കണ്ടു പഠിക്കണം. വൈദിക സ്ഥാനത്തുള്ളവർ ചിലർ മൈക്ക് കൈയ്യിൽ കിട്ടിയാൽ കാണിക്കുന്ന കോപ്രായങ്ങൾ അസഹനീയം ആണ്. ചെറിയ കുട്ടികൾക്ക് കോൺ ഐസക്രീം വാങ്ങി കൊടുത്തിട്ടു നോക്കുന്നപോലെ ആണ്. നക്കിയും, തുപ്പിയും, മുഖത്തിട്ട് ഉരച്ചും, ചിലപ്പോ ഭാഗികമായോ മറ്റു ചിലപ്പോ പൂർണമായോ വായിലേക്ക് തള്ളി കയറ്റാൻ ശ്രമിച്ചുമുള്ള പരാക്രമമാണ്. അവർക്ക് പറ്റിയ കുറച്ചു ശുശ്രൂക്ഷക്കാരും കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. അസഹനീയമായ ആവൃത്തിയിൽ ഉള്ള ശബ്ദം ആണ് ഇന്ന് ഭൂരിപക്ഷം പള്ളിയിലും. ഓർക്കുക അനിയന്ത്രിത ആരാധന സത്യആരാധന അല്ല. 


▪️ആൾക്കൂട്ട അഭിവിന്യസം (Crowd Oriented) ആണ് മറ്റൊരു പ്രതിഭാസം. "എങ്ങനാ ആൾ ഉണ്ടായിരുന്നോ, അയ്യോ ഇപ്രാവശ്യം ആൾ കുറവാ.... പഴയ പോലെ അല്ല മൊത്തത്തിൽ മടുപ്പ് ആണ്." ഇങ്ങനെ ഒക്കെ ആണ് ഇപ്പോൾ അച്ചന്മാർ വരെ ആരാധനയെ പറ്റി സംസാരിക്കുന്നത്. പാവം കർത്താവു ' രണ്ടോ മൂന്നോ പേര് എന്റെ നാമത്തിൽ കൂടാൻ" പറഞ്ഞത് ഓർത്തു നാണിക്കുന്നുണ്ടാകും. ആളിന്റെ എണ്ണം എടുത്ത ദാവീദിന്റെ പരാജയം ഇപ്പോൾ സുറിയാനി വൈദികർ ദൈവത്തോട് ഇരന്നു വാങ്ങിക്കുകയാണ്. ആളെ കൂട്ടാൻ നല്ല ഒരു മാർഗ്ഗം പറഞ്ഞു തരാം, ദിവസവും നിങ്ങളുടെ ദൈവാലയത്തിനു സമീപമുള്ള ദേശങ്ങളിൽ ഉള്ള ആക്രൈസ്തവരായ ആളുകളുടെ ഇടയിൽ അല്പം നേരം സുവിശേഷം അറിയിക്കൂ. ദൈവത്താൽ വിളിക്കപ്പെട്ടവർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ആളുകൂടും. കുറഞ്ഞ പക്ഷം സ്വന്തം ഇടവകയിലെ എല്ലാ വീടുകളും വർഷം മൂന്നു പ്രാവിശ്യം സന്ദർശിക്കുക ആൾ കൂടും. അനിയന്ത്രിതമായ ജനക്കൂട്ടമല്ല ആരാധനയുടെ മുഖമുദ്ര. 


▪️ നിഗൂഢത (Mystical Oriented) ആണ് ഇപ്പോൾ കൂടുതൽ മാർക്കറ്റ് ഉള്ളത്. നിങ്ങളുടെ ഇടവക പള്ളിയിൽ കിട്ടാത്ത ഒരു നിഗൂഢ ആരാധന ഞങ്ങളുടെ ധ്യാന കേന്ദ്രത്തിൽ കിട്ടും. സുറിയാനിക്കാരെ ആകർഷിക്കാൻ ധ്യാനം എന്ന വാക്കിന്റെ മുൻപിൽ സുറിയാനി എന്നോ അന്ത്യോക്യ എന്നോ ഒക്കെ ചേർത്താൽ മതി. ഇവിടെ നമുക്ക് ഒരു അനുഭൂതി കിട്ടും. കാരണം അനിയന്ത്രിതമായ സ്തുതികളും, ആർപ്പുകളും, ഗാനങ്ങളും, പ്രസംഗവും എല്ലാം ഇവിടെ കിട്ടും. അനിയന്ത്രിതമായ പാപബോധം, അനിയന്ത്രിതമായ ഭക്തി, അനിയന്ത്രിതമായ വിധേയത്വം (ദൈവത്തോട് അല്ല) തുടങ്ങി കുറേ അധികം കിട്ടും. ശ്രദ്ധിക്കുക, നിയന്ത്രണ വിധേയമായ ആരാധന ഇല്ല എങ്കിൽ ധ്യാനം ആത്മാവിന്റെ ആരോഗ്യത്തിനു ഹാനികരം.


ചുരുക്കട്ടെ, ആരാധന പാളം തെറ്റുന്നുണ്ടെങ്കിൽ പുരോഹിതർ അതിനു ഉത്തരവാദികൾ ആണ്. സമയം നന്നായി ഉപയോഗിക്കുവാൻ നമ്മൾ കടപ്പെട്ടവർ ആണ്. ക്ലിപ്തമായ സമയ പരിധിയിൽ നിയന്ത്രണ വിധേയമായ ആരാധന ശ്രേഷ്ഠമായി നടത്താൻ ദൈവത്തിന്റെ പരിശുദ്ധ റൂഹാ വേർതിരിച്ചു മുദ്ര ഇട്ട സേവകർ ആണ് നമ്മൾ വൈദികർ. ഭീരുത്വമാണ് 'ഇത് ഇവിടെ പറ്റില്ല' എന്നു പറയാൻ നിങ്ങളെ തടയുന്നത്. പട്ടക്കാരൻ ഭീരു ആകുമ്പോൾ വിശ്വാസത്യാഗം സംഭവിക്കും. അറിയാത്തത് അല്ല ആരാധിക്കുന്നത് അറിയുന്നതിനെ ആണ്. സംഗീതത്തിലോ, വ്യാകരണത്തിലോ ഒക്കെ യുള്ള പ്രാഗൽഭ്യമൊന്നും അല്ല പ്രധാനം, ചെയുന്ന ശുശ്രൂക്ഷ എന്താണ് എന്തിനാണ് എന്നുള്ള വ്യക്തമായ ബോധ്യം ആണ് സത്യാരാധന നയിക്കാൻ പുരോഹിതനെ പ്രാപ്തനാക്കുന്നത്. സത്യം പറയുന്നവനെ കൊഞ്ഞനം കുത്തി കാണിക്കുന്നത് കൊണ്ട് കാര്യം ഇല്ല, കഷ്ടപ്പെടണം, സത്യത്തിനു വേണ്ടി നില കൊള്ളണം, സത്യം അഥവാ പട്ടം തലയിൽ ധരിക്കണം. സത്യാരാധന മഹത്വം പ്രാപിക്കട്ടെ.


മധ്യസ്ഥപ്രാർത്ഥന, തിരുശേഷിപ്പ് വണക്കം തുടങ്ങി എല്ലാം സത്യാരാധനയുടെ ഭാഗവും വേദപുസ്തകപരവും ആണ്. പക്ഷേ നിയന്ത്രണ വിധേയമല്ലങ്കിൽ ഇത് വിഗ്രഹാരധാനയുടെ ഫലം ഉളവാക്കും. നിയന്ത്രിക്കേണ്ടവർ ആരാണ്.

അഭിപ്രായങ്ങള്‍