(ബാർ യുഹാനോൻ റമ്പാൻ, ഗത്സീമോൻ ദയറ, പിറമാടം)
നമ്മുടെ സഭയുടെ കാനോനിക നോമ്പുകൾ 6 എണ്ണം ആകുന്നു. അവ യഥാക്രമം; 1. യൽദോ നോമ്പ്, 2. വലിയ നോമ്പ്, 3. ശ്ലീഹാന്മാരുടെ നോമ്പ്, 4. ശുനോയോ നോമ്പ്, 5. നിനുവേ നോമ്പ്, 6. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉള്ള നോമ്പ് എന്നിവയാകുന്നു. എന്നാൽ ഇതിൽ അവസാനത്തെ 4 എണ്ണം ആചരിക്കുന്നതിൽ പല തെറ്റായ കീഴ്വഴക്കങ്ങൾ, വേദശാസ്ത്രപരവും ആരാധനപരവുമായ പിഴവുകൾ നമുക്ക് സംഭവിക്കുന്നുണ്ട്. ആയതിനാൽ വളരെ കുറച്ചു മാത്രം ഈ കാര്യം ഈ ലേഖനത്തിൽ പരാമർശിക്കട്ടെ. കൂടുതൽ വ്യക്തതയും, റഫറൻസുകളും ഉള്ള ഒരു ലേഖനം പിന്നീട് ഒരിക്കൽ എഴുതാൻ ശ്രമിക്കുന്നത് ആണ്.
തെറ്റ് സംഭവിക്കുന്നത് പ്രധാനമായും നോമ്പിന്റെ വേദശാസ്ത്ര പരമായ ഒരു തത്വത്തിൽ ആണ്. പരിശുദ്ധ സഭ നോമ്പ് ആചരിക്കുന്നത് വിശുദ്ധ തൃത്വത്തിന്റെ പുകഴ്ചയ്ക്കും മഹത്വത്തിനും വേണ്ടി മാത്രം ആണ്. ഈ തത്വം മേൽപ്പറഞ്ഞ അവസാന മൂന്നു നോമ്പുകളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ളത് നമ്മൾ സ്വയം പരിശോധന നടത്തേണ്ടി ഇരിക്കുന്നു.
സഭയിൽ ഉളവായ ആദ്യ
കാനോനിക നോമ്പ് ശ്ലീഹന്മാരുടെ നോമ്പ് ആണ്. ശ്ലീഹമ്മാരുടെ നോമ്പ് പറഞ്ഞു പറഞ്ഞു ശ്ലീഹാ നോമ്പ് ആവുകയും പിന്നീട് ഓരോ ശ്ലീഹന്മാരെ ഓർക്കുന്ന അവരുടെ പുകഴ്ച കൊണ്ടാടുന്ന ഒരു നോമ്പ് ആയി പരിണാമം ചെയ്യുകയും ചെയ്തു. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് ഹൈമോനുത്തോ ചാനലിൽ ഞാൻ വിശദമാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ശ്ലീഹാന്മാരുടെ നോമ്പ് പരിശുദ്ധ റൂഹായുടെ നൽവര ദാനങ്ങൾക്കുള്ള കൃതജ്ഞത ആയിട്ട് നടത്തുന്ന ഒരു നോമ്പ് ആണ്. പത്രോസ് ശ്ലീഹായാൽ സ്ഥാപിതം എന്നു പാരമ്പര്യം പറയുന്നു. ഇതിന്റെ ദൈർഘ്യമെന്നത് പൂർവ്വകാലത്ത് 50 ദിവസം വരെയും എന്നാൽ പിന്നീട് 3 ദിവസം ആക്കി പുന ക്രമീകരിച്ചിട്ട് ഉള്ളതും ആകുന്നു. *ഇത് നോമ്പ് വെട്ടി കുറച്ചത് അല്ല മറിച്ചു സഭയുടെ ആകെയുള്ള കാനോനിക നോമ്പ്കൾ ആചരിക്കുന്നതിൽ ഉണ്ടായിരുന്ന ആശാസ്ത്രീയ കീഴ്വഴക്കങ്ങൾ മൂലം വിശ്വാസികൾ നേരിട്ട കാഠിന്യം കണക്കിലെടുത്ത് പരിശുദ്ധ ആകമാന സുന്നഹദോസ് പുന:ക്രമീകരണം ചെയ്തത് ആകുന്നു.*
നിനുവേ നോമ്പ് യഥാർത്ഥത്തിൽ പ്രേഷിതവേലയുടെ പിന്മാറ്റത്തിൽ നിന്നും സഭയുടെ പൊതുവായ പാപസ്വഭാവത്തിൽ നിന്നും അനുതപിച്ച് മാനസാന്തതരപ്പെട്ട് ദൈവത്തിൽ ശരണപെടുവാൻ ഉള്ളത് ആകുന്നു. എങ്കിലും തെറ്റായ കീഴ് വഴക്കങ്ങൾ മൂലം ഇപ്പോൾ ഈ നോമ്പ് യൗനാൻ നിബിയുടെ ഓർമ്മ മാത്രം ആയി മാറി ഇരിക്കുന്നു. തിങ്കൾ ആഴ്ച രാവിലെ ആരംഭിച്ചു ബുധൻ ഉച്ച നമസ്കാരം കഴിഞ്ഞു 40 കുമ്പിടീൽ പൂർത്തിയാക്കിയ ശേഷം വിശുദ്ധ കുർബാനയോടെ പൂർത്തിയാക്കേണ്ടത് ആകുന്നു. വ്യാഴാഴ്ച യൗനാൻ നിബിയുടെ ഓർമ്മ നടത്തുന്നു. അതായത് നോമ്പ് സത്യദൈവത്തെ പുകഴ്ത്തി മഹത്വം കൊടുത്തു കൊണ്ടുള്ള അനുതാപത്തിന്റെയും വ്യാഴാഴ്ച പെരുന്നാൾ യൗനാ നിബിയുടെ ഓർമ്മയുടെയും ആകുന്നു. നിനുവേ നോമ്പും അതിന്റെ വിശുദ്ധ കുർബാനയും, യൗനാ നിബിയുടെ ഓർമ്മകുർബാനയും രണ്ടും രണ്ടാണ്, അതു രണ്ടായി നടത്തണം, പക്ഷേ അടുത്ത് അടുത്ത് ഉള്ള ദിവസങ്ങൾ ആയിരിക്കണം.
ബുധൻ, വെള്ളിയാഴ്ച നോമ്പ്കളും ഇതുപോലെ അവസാനിക്കുന്നത് അന്നേ ദിവസം ഉച്ച നമസ്കാരം പൂർത്തി ആക്കിയ ശേഷം ഉള്ള വിശുദ്ധ കുർബാനയോടെ ആണ്. അന്നേ ദിവസം രാവിലെ വിശുദ്ധ കുർബാന യഥാർത്ഥത്തിൽ പാടില്ല എന്നുള്ളത് ആണ് സത്യം. കാരണം വിശുദ്ധ കുർബാനയ്ക്കു ശേഷം ഉപവാസം ഇല്ല എന്നത് കൊണ്ട് തന്നെ. എല്ലാ നോമ്പും ആരാധന അതിന്റെ സന്ധ്യയിൽ ആണ് തുടങ്ങുന്നത് എങ്കിലും വ്രത അനുഷ്ടാനങ്ങൾ പ്രഭാതത്തിൽ ആണ് ആരംഭിക്കുന്നത്. അതായത് ചൊവ്വ അസ്തമച്ചുള്ള രാത്രിയിലും, വ്യാഴം അസ്തമിച്ചുള്ള രാത്രിയിലും വ്രതം ഇല്ല. ബുധൻ, വെള്ളി പ്രഭാതം മുതൽ പരമാവധി അടുത്ത സന്ധ്യയ്ക്ക് മുൻപ് നോമ്പ് പൂർത്തി ആക്കുന്നു. കർമ്മങ്ങളുടെ ആന്തരീക അർത്ഥം ഗ്രഹിക്കാതെ പോയ ചില മൽപ്പന്മാരുടെ തെറ്റായ പഠിപ്പിക്കൽ മൂലം ഇവയെല്ലാം ഇപ്പോൾ വികലമായ ആരാധന പാരമ്പര്യങ്ങൾക്ക് കാരണം ആയിട്ടുണ്ട്. ചൊവ്വ രാത്രിയിലും, വ്യാഴം രാത്രിയിലും വ്രതം ഇല്ലാതിരിക്കെ വ്രതം ഉണ്ടെന്നു പഠിപ്പിച്ചത് മൂലം ചൊവ്വ, വ്യാഴം ദിവസങ്ങൾ വിവാഹ കൂദാശ്ശ ഇല്ലാതെ ആയത് ഉൾപ്പെടെ അനേകം പാർശ്വഫലങ്ങൾ നോമ്പ് ആചരണപിഴവു മൂലം ആവിർഭവിച്ചിട്ടുണ്ട്. ശീമയിലും മലങ്കരയും ഉള്ള മൽപ്പൻമാരുടെ പഠിപ്പിക്കൽ ഇതിനു വഴി തെളിച്ചു.
മറ്റൊരു വലിയ തെറ്റാണ് ഞാൻ മുകളിൽ കൊടുത്തിട്ടുള്ള *ശുനോയോ നോമ്പ്* എന്നുള്ള പേര് പോലും. ഇപ്പോൾ ഔദ്യോഗിക നാമം അങ്ങനെ ആണെങ്കിലും യഥാർത്ഥത്തിൽ ശുനോയോ നോമ്പ് എന്നൊരു നോമ്പ് മുൻപ് ഇല്ലായിരുന്നു. നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ടുള്ള ഒരു നോമ്പ് ആയിരുന്നു അത്. രൂപാന്തരീകരണം മുൻപ് ഈസ്റ്റെർ കഴിഞ്ഞു 13 ആം ഞായറാഴ്ച ആയിരുന്നു നടത്തിയിരുന്നത്. ഇത് പുതിയ കലണ്ടർ പ്രകാരം ഓഗസ്റ്റ് 6നും 19 നും ഇടയ്ക്ക് വരുമായിരുന്നു. അതുകൊണ്ട് രണ്ടു പെരുന്നാളുകൾ അതായത് രൂപാന്തരീകരണ പെരുന്നാളും ശുനോയോ പെരുന്നാളും ഇവ ഒരുമിച്ചു ഒരേ കാലത്ത് നടത്തപ്പെട്ടു. പിന്നീട് രൂപാന്തരീകരണ പെരുന്നാൾ ഓഗസ്റ്റ് 6 ൽ നടത്തുന്നതിന് നിച്ഛയം ചെയ്തു. എന്നാൽ ഇതിനോടകം നോമ്പ് എന്നത് ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ പെരുന്നാളുമായി ദൃഡമായി ബന്ധപ്പെട്ടു പോവുകയും പ്രത്യേക ആരാധന ക്രമങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇവിടെ യഥാർത്ഥത്തിൽ വലിയ ഒരു പിഴവ് സംഭവിച്ചു. അതായത് കത്തോലിക്ക സഭയുടെ പോലെ നമ്മൾ ദൈവമാതാവിന്റെ പേരിൽ നോമ്പ് ആചാരങ്ങൾ തുടങ്ങി.
ഇത് നമ്മുടെ ഡോക്ടറിനൽ തത്വത്തിനോട് തന്നെ വൈരുധ്യം കാണിക്കുന്നുണ്ട്. എന്താണ് യഥാർത്ഥത്തിൽ നമ്മൾ ആചാരിക്കുന്ന ശുനോയോ നോമ്പ്. ഇത് യഥാർത്ഥത്തിൽ നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണത്തിന്റെ പുകഴ്ചയ്ക്കു ഉള്ളത് ആണ്. അതായത് വിശുദ്ധ തൃത്വത്തിൽ ഒരുവൻ കന്യകയിൽ നിന്നും ജഡം ധരിച്ചു പൂർണ്ണമനുഷ്യൻ ആയി എങ്കിലും അവന്റെ ദൈവത്വത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു എന്നു നമ്മെ ഓർമ്മിപ്പിക്കുന്ന നോമ്പ്. കർത്താവിന്റെ പൂർണ്ണദൈവത്വവും പൂർണ്ണമനുഷ്യത്വും ഓർമ്മിപ്പിക്കുന്ന നോമ്പ്, വിശുദ്ധ കന്യകയിൽ വിശുദ്ധ ത്രിത്വം പ്രവർത്തിച്ച രക്ഷാകര നടപടികൾ ഓർത്തു വിശുദ്ധ തൃത്വത്തിന്റെ പുകഴ്ചയ്ക്കും മഹത്വത്തിനും വേണ്ടി കൊണ്ടടുന്ന നോമ്പ്. അബദ്ധവശൽ അതു ഇന്ന് വിശുദ്ധ അമ്മയുടെ വാങ്ങിപ്പിന്റെ മാത്രം ഓർമ്മ കൊണ്ടടുന്ന നോമ്പ് ആയി മാറ്റപ്പെട്ടു.
വലിയ നോമ്പ് ആരംഭിക്കുമ്പോൾ ചിലർ ചോദിക്കുന്ന ഒരു സംശയം ആണ് കൊത്നെ ഞായറാഴ്ച അസ്തമിക്കുമ്പോൾ ഉള്ള രാത്രി വ്രതം ഉണ്ടോ എന്നുള്ളത്. മുമ്പ് സൂചിപിച്ച പ്രകാരം യഥാർത്ഥത്തിൽ ആരാധന നോമ്പിന്റെ ക്രമത്തിൽ തുടങ്ങുമെങ്കിലും വ്രതം ആരംഭിക്കുന്നത് തിങ്കലാഴ്ച പ്രഭാത നമസ്കാരത്തെ തുടർന്ന് ഉള്ള ശുബുഖോനോ ശുശ്രൂക്ഷയ്ക്ക് ശേഷം ആകുന്നു. ഇതേ തത്വമാണ് എല്ലാ നോമ്പിലും പാലിക്കുന്നത്. വീണ്ടും, മറ്റൊരു ചിന്ത മരണം അടഞ്ഞവർക്ക് വേണ്ടി നോമ്പ് ആചാരിക്കുന്നുണ്ടോ എന്നുള്ളത് ആണ്. ഉത്തരം കേരളത്തിൽ അങ്ങനെ ഒരു പാരമ്പര്യം ഉണ്ട്. ശീമയിൽ ഇപ്പോൾ ഉണ്ടെന്നും ഇല്ലന്നും പറഞ്ഞു കേൾക്കുന്നു. സത്യം അറിയാൻ അവിടെ ഉള്ളവരോട് തിരക്കേണ്ടി ഇരിക്കുന്നു. എന്നാൽ സുറിയാനി സഭയുടെ വേദശാസ്ത്ര തത്വങ്ങൾ പ്രകാരം വാങ്ങിപോയ മനുഷ്യർക്ക് വേണ്ടി നോമ്പ് ഇല്ല എന്നത് ആണ് യാഥാർഥ്യം. എന്നാൽ അവരെ മുടങ്ങാതെ പ്രാർത്ഥന, കുർബാനകളിൽ നാം ഓർക്കേണ്ടത് ഉണ്ട്. കാനോൻ പ്രകാരം 3,9,30,40 ദിവസങ്ങളിലും വാർഷികത്തിലും ആനീദ ഞായറാഴ്ചയിലും അവരെ ഓർത്തു വിശുദ്ധ കുർബാന അർപ്പിക്കണം. എന്നാൽ വാങ്ങിപോയവരെ ഓർത്തു ഉപവാസമോ നോമ്പോ മുൻപ് ഇല്ലായിരുന്നു. കുറെ നൂറ്റാണ്ടുകൾ ആയിട്ട് പ്രത്യേകിച്ച് ഉദയംപേരൂർ സുന്നഹദോസ് കാലങ്ങൾക്കു ശേഷം മലങ്കരയിൽ ഇങ്ങനെ ഒരു പാരമ്പര്യം ഉണ്ട്. പാലക്കുന്നത്ത് അത്താനാസിയോസ് ന്റെ നവീകരണ ശ്രമങ്ങളിൽ ഈ നോമ്പ്, ഉപവാസം എടുത്തു കളയാൻ ശ്രമിച്ചത് വൻ പ്രതിഷേധത്തിനു കാരണം ആയിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് ഇവിടെ നിലനിൽക്കുന്നുണ്ട്, മാതൃ സഭയിൽ ആചാരിക്കുന്നുണ്ടോ എന്നുള്ളത് അന്വേഷണം നടത്തി കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു.
ഒരു വാക്ക് മറ്റു രണ്ടു നോമ്പുകളെ പറ്റിയും പറയട്ടെ. ജനനപെരുന്നാൾ നോമ്പ് 1. കർത്താവിന്റെ ജഡധാരണ അത്ഭുതങ്ങൾ ധ്യാനിക്കുന്നു. 2. തന്റെ ഏകജാതനായ പുത്രനെ ലോകത്തിനു നൽകുവാൻ തക്കവണ്ണം നമ്മെ സ്നേഹിച്ച് അവനെ ജഡം ധരിക്കുവാൻ അയച്ച പിതാവാം ദൈവത്തോട് ഉള്ള കൃതജ്ഞത.
ഇതുപോലെ വലിയ നോമ്പ് ആചരിക്കുന്നത് പുത്രനോടുള്ള കൃതജ്ഞത ആയിട്ട് ആണ്, 1. നമുക്ക് വേണ്ടി വിജനതയിൽ 40 നാൾ നോമ്പ് നോറ്റ കർത്താവിന്റെ നോമ്പിൽ ഓഹരി പ്രാപിക്കുവാൻ, 2. അവൻ നമുക്ക് വേണ്ടി അനുഭവിച്ച കഷ്ടതയിൽ ഓഹരി പ്രാപിക്കുവാൻ.
എന്റെ ലേഖനങ്ങൾ വായിച്ച നമ്മുടെ സഭയിലെ ഒരു മാന്യ വ്യക്തിയുടെ വിമർശനം കൂടി ചേർത്ത് കൊണ്ടു ഞാൻ ഉപസംഹരിക്കട്ടെ. അദ്ദേഹം എനിക്കു അയച്ച മെസ്സേജിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു, *" ഇപ്പോൾ ഏകദേശം പൂർണമായും അങ്ങ് ഒരു പ്രൊട്ടസ്റ്റന്റ് ആയിക്കഴിഞ്ഞു. ഇനി ഒരു വിശ്വാസ സ്നാനത്തിന്റെ കുറവും കൂടിയെ ഉള്ളൂ. ഒരു കണക്കിന് നല്ലതാണ്. ഓർത്തഡോക്സി ഒരു പഴയ ആശയം ആണെന്നാണ് പല ഓർത്തഡോക്സ് പുരോഹിതർക്കും. ഇതിൽ വ്യത്യാസം ഞാൻ കണ്ടത് ചില സാധാരണ വിശ്വാസികൾക്കും പിന്നെ നന്നായി ഓർത്തഡോക്സി പഠിച്ചു 80 ആം വയസ്സിൽ സഭയിൽ ചേർന്ന സെബാസ്റ്റ്യൻ ബ്രൂക്ക് പോലെയുള്ള ആളുകളിലും ആണ്."* അതുകൊണ്ട് എന്റെ ലേഖനങ്ങൾ വായിക്കുന്ന എല്ലാവർക്കും ഇത് ഒരു മുന്നറിയിപ്പ് ആയിട്ട് എടുക്കാൻ ഞാൻ അപേക്ഷിക്കുന്നു. എന്റെ ലേഖനം അതുപോലെ നിങ്ങൾ വിശ്വസിക്കരുത് മറിച്ച് നന്നായി അന്വേഷിച്ച് പഠിച്ച് പരിശുദ്ധ സഭയുടെ പഠിപ്പിക്കൽ ആണോ എന്നു ഉറപ്പ് വരുത്തിയ ശേഷം അംഗീകരിക്കാൻ തയ്യാർ ആയാൽ മതി.
നമ്മുടെ ലേഖനം സമാപിപ്പിക്കട്ടെ, പരിശുദ്ധ സഭയിൽ നോമ്പ്, ഉപവാസം ഒരിക്കലും മണ്മയരായ മനുഷ്യരുടെ ഓർമ്മയ്ക്കോ പുകഴ്ചയ്ക്കോ വേണ്ടി നടത്താറില്ല മറിച്ച് അതു ദൈവത്തിന്റെ പുകഴ്ചയും മഹത്വവും ആണ് ലക്ഷ്യം വയ്ക്കുന്നത്. ശുനോയോ നോമ്പ് യഥാർത്ഥത്തിൽ കർത്താവിന്റെ രൂപാന്തരീകരണത്തിന്റെ പുകഴ്ചയും മഹത്വവും ആണ് ലക്ഷ്യം വയ്ക്കുന്നത്. അതിൽ ദൈവമാതാവായ വിശുദ്ധ കന്യക മറിയമിൽ കൂടിയുള്ള വിശുദ്ധ തൃത്വത്തിന്റെ അത്ഭുത പ്രവർത്തികൾ ധ്യാനിക്കുന്നു. ശ്ലീഹാന്മാരുടെ നോമ്പ് പരിശുദ്ധ റൂഹയോടുള്ള കൃതജ്ഞത ആണ്. ബുധൻ, വെള്ളി നോമ്പ്കൾ പ്രഭാതത്തിൽ ആരംഭിച്ചു സായാഹ്നത്തിൽ പൂർത്തി ആക്കുന്നു. നോമ്പ് സ്നേഹം നിറഞ്ഞത് ആകുന്നു. ദൈവം സ്നേഹം ആകുന്നു. നോമ്പ് നമ്മിൽ ദൈവത്തോടുള്ള സ്നേഹം നിറയ്ക്കുന്നു.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ