നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണ പെരുന്നാളിലെക്കുള്ള 5 ചിന്തകൾ*


 *നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണ പെരുന്നാളിലെക്കുള്ള 5 ചിന്തകൾ*


(ബർ യുഹാനോൻ റമ്പാൻ,

ഗത്സീമോൻ ദയറ, പിറമാടം)


▪️ *(1) യേശുവിനെ ഇസ്രായേലിൻ്റെ മിശിഹായായി രൂപാന്തരീകരണം സ്ഥിരീകരിക്കുന്നു.*


 മറുരൂപ മലയിൽ വച്ച് പിതാവായ ദൈവം നസ്രായനായ യേശുവിനെ തൻ്റെ പുത്രനായി പ്രഖ്യാപിച്ചു പറഞ്ഞപ്പോൾ, ദൈവം തന്റെ പുത്രന്റെ ദൈവത്വത്തിലുള്ള മനുഷ്യരുടെ സംശയം എന്നെന്നേക്കുമായി പരിഹരിച്ചു. മുൻപ് പത്രോസ് നടത്തിയ ഏറ്റുപറച്ചിൽ ദൈവം സുദൃഡമായി സ്ഥിരീകരിച്ചു,


മുൻപ് യോർദാനിൽ യോഹന്നാനിൽ നിന്നും മാമോദിസ ഏറ്റപ്പോളും പിതാവ് യേശു തന്റെ പുത്രൻ ആണ് എന്നു പ്രഖ്യാപിച്ചിട്ടുണ്ട്.  


"അപ്പോള്‍ മേഘത്തില്‍നിന്ന്‌ ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍."

(ലൂക്കോസ് 9 : 35)


ഇവിടെ പുത്രൻ എന്നും തെരെഞ്ഞെടുക്കപ്പെട്ടവൻ എന്നും പ്രത്യേകമായി പറയുന്നുണ്ട്. അതുകൊണ്ട് ദൈവപുത്രൻ ആയ യേശു ആണ് മിശിഹാ എന്നു പിതാവ് തന്നെ സാക്ഷിച്ചിരിക്കുന്നു.


▪️ *(2) നമ്മുടെ കർത്താവും അവൻ്റെ അപ്പോസ്തലന്മാരും സുവിശേഷിച്ചതും, പഴയ നിയമത്തിൽ പ്രവചിച്ചിട്ടുള്ളതും, യഹൂദന്മാർ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ “രാജ്യത്തെ” രൂപാന്തരീകരണം സ്ഥിരീകരിക്കുന്നു.*


മോശൈക ഉടമ്പടിയിലൂടെ പുറപ്പാടിനുശേഷം ദൈവം പർവ്വതത്തിൽ പ്രഖ്യാപിച്ച "രാജ്യവും", രൂപാന്തരീകരണത്തിൻ്റെ മലയിൽ നടന്ന പ്രതിഭാസവും തമ്മിലുള്ള എല്ലാ സമാനതകളും ശ്രദ്ധിക്കുക. പുറപ്പാടിലെന്നപോലെ മോശ ഇവിടെയും ഉണ്ടായിരുന്നു. യേശു തന്റെ മൂന്നു ശിക്ഷ്യരെ ഉയർന്ന മലയിലേക്ക് കയറ്റിയതുപോലെ ദൈവം മോശയേയും അന്ന് പർവതത്തിൻ്റെ മുകളിൽ കയറ്റി (പുറ. 19:3). പുറപ്പാടിൽ (24:16-18) മോശയോട് പാർവ്വതത്തിൽ വച്ച് ദൈവം മേഘത്തിൽ നിന്നും സംസാരിച്ച പോലെ യേശുവിന്റെ രൂപാന്തരീകരണ മലയിലും ശോഭയുള്ള മേഘത്തിൽ നിന്ന് ദൈവം സംസാരിച്ചു.

 ദൈവത്തിൻ്റെ മഹത്വം മോശയ്ക്ക് പർവതത്തിൽ ദൃശ്യമാക്കിയ പോലെ (പുറപ്പാട് 19:11) നമ്മുടെ കർത്താവിൻ്റെ മഹത്വം രൂപാന്തരീകരണ പർവതത്തിൽ ദൃശ്യമാക്കി. മോശ പർവതത്തിൽ നിന്ന് ഇറങ്ങിയപ്പോൾ അവൻ്റെ മുഖം തിളങ്ങി (പുറപ്പാട് 34:29-35) അതുപോലെ മലയിൽ യേശുവിൻ്റെ മുഖം തിളങ്ങി (മത്തായി 17:2), 

ചുരുക്കി പറഞ്ഞാൽ നമ്മുടെ കർത്താവ് സുവിശേഷിച്ച രാജ്യവും പഴയനിയമത്തിൽ സൂചിപ്പിച്ചിട്ടുള്ള വരുവാനുള്ള രാജ്യവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിഗമനം ചെയ്യാൻ കഴിയുന്നത്ര സമാനതകൾ താബോർ മലയിൽ വ്യക്തമാണ്.


കർത്താവിനു മാമോദിസ നൽകിയ യോഹന്നാൻ വിളിച്ചു പറഞ്ഞ രാജ്യത്തെ പറ്റി, അവനിൽ നിന്നും മാമോദിസ ഏറ്റ ശേഷം കർത്താവും വിളിച്ചു പറഞ്ഞു. അത് സ്വർഗസ്ഥനായ പിതാവിന്റെ രാജ്യം ആണെന്ന് കർതൃപ്രാർത്ഥനയിൽ കൂടി യേശു പഠിപ്പിച്ചു. ഈ സ്വർഗരാജ്യത്തിന്റെ രാജാവായ മിശിഹാ യേശു ആണ് എന്നു മറുരൂപ മലയിൽ ഉണ്ടായ സംഭവങ്ങൾ സാക്ഷിച്ചു.


▪️ *(3) യേശു ഏലിയാവോ മോശയോ അല്ല, മറിച്ച് ദൈവരാജ്യത്തിന്റെ അധിപൻ ആയ മിശിഹാ ആണ് എന്നു രൂപാന്തരീകരണം വ്യക്തമാക്കുന്നു.* 


ചിലർ യേശുവിനെ ഏലിയാ ആണെന്നും മറ്റുചിലർ അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ട പ്രവാചകനാണെന്നും കരുതിയിരുന്നതായി നമുക്കറിയാം (ലൂക്കാ 9:8, 19). മോശയും ഏലിയാവും വരാനിരിക്കുന്ന രാജ്യവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രണ്ട് പഴയ നിയമ വ്യക്തിത്വങ്ങൾ ആയിരുന്നു ആയതിനാൽ യേശുവുമായി ഉള്ള താരതമ്യം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. യേശുവിനെ മറ്റെല്ലാവരിൽ നിന്നും "പുത്രൻ" ആയി പിതാവ് പ്രഖ്യാപിച്ചു വേർതിരിക്കുമ്പോൾ, അവൻ മോശയിൽ നിന്നും ഏലിയാവിൽ നിന്നും വ്യത്യസ്തനായി 'മിശിഹാ' ആയി പിതാവിനാൽ തന്നെ സാക്ഷിക്കപ്പെടുന്നു.



 ▪️ *(4) സ്വർഗ്ഗസിംഹസനത്തിലേക്കും, ഗാഗുൽത്തയിലെ കുരിശിലേക്കും ഉള്ള ആരോഹണം പിതാവിന്റെ ഒറ്റ പദ്ധതിയുടെ ഭാഗമാണെന്ന് ഈ രൂപാന്തരീകരണ സംഭവങ്ങൾ തെളിയിക്കുന്നു.* 

 യേശുവിനെ വരാനിരിക്കുന്ന രാജാവായി (മിശിഹായായി) പത്രോസ് തിരിച്ചറിഞ്ഞപ്പോൾ, യേശു കുരിശിൽ മരിക്കുമെന്ന വസ്തുത അംഗീകരിക്കാൻ പത്രോസ് തയ്യാറായില്ല. കിരീടമുള്ള ഒരു രാജാവിനെ ലഭിക്കാൻ പത്രോസിന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കുരിശുള്ള രാജാവിനെ അംഗീകരിക്കാൻ തയ്യാറായില്ല. രൂപാന്തരീകരണം വരാനിരിക്കുന്ന സ്വർഗരാജ്യത്തിൻ്റെ മഹത്വത്തെ യെരൂശലേമിലെ യേശുവിൻ്റെ കുരിശുമായി ബന്ധിപ്പിക്കുന്നു. ഒടുവിൽ വ്യക്തമാകുന്നത്, സ്വർഗരാജ്യത്തിന്റെ സിംഹസനത്തിലേക്കുള്ള ആരോഹണത്തിലേക്കു പുത്രന് വേണ്ടി പിതാവ് നിശ്ചയിച്ച പാതയാണ് കുരിശ് എന്നുള്ളത് ആണ്.


▪️ *(5) മനുഷ്യരെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കാനും സ്വർഗരാജ്യം കൈവശമാക്കി അവർക്ക് നൽകാനും യേശുവിനു കഴിയും എന്നതിൻ്റെ സാക്ഷ്യമായിരുന്നു രൂപാന്തരീകരണം.*   


പത്രോസ് കുരിശ് നിരസിച്ചതിൻ്റെ കാരണം അത് രാജകിരീടവുമായി പൊരുത്തപ്പെടുന്നില്ല എന്നതായിരുന്നു. കാരണം മുൻപ് ഒരിക്കൽ യേശു താൻ മരണം അനുഭവിക്കുമെന്ന് അവനോട് പറഞ്ഞിരുന്നു. മരിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവരാജ്യത്തിൽ രാജാവായി ജീവിക്കാൻ കഴിയും എന്നു പത്രോസ് സംശയിച്ചത് കൊണ്ടു മരണത്തിൽ നിന്നും അതായത് കുരിശാരോഹണത്തിൽ നിന്നും യേശുവിനെ അവൻ വിലക്കാൻ ശ്രമിച്ചു. എന്നാൽ ജീവൻ ത്യജിക്കുന്നവൻ ജീവൻ നേടുമെന്ന് യേശു അവനെ പഠിപ്പിച്ചു. ഇപ്പോൾ ആകട്ടെ രണ്ട് പഴയനിയമ വിശുദ്ധന്മാരുടെ സാന്നിധ്യത്തിൽ യേശു നിൽക്കുന്നു. ഇരുവരും വാങ്ങിപ്പോയവർ ആയിരുന്നു. ഒരുവൻ മരണം വഴിയും മറ്റൊരുവൻ ജീവനോടെ ശരീരത്തോടും കൂടിയും വാങ്ങിപ്പ് പ്രാപിച്ചു. അവർ മലയിൽ ദൈവപുത്രന്റെ മുൻപിൽ ജീവിച്ചിരിക്കുന്നതും യേശുവിനോട് സംസാരിക്കുന്നതും, വരാനിരിക്കുന്ന ദൈവരാജ്യത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിശുദ്ധരെ മരണം തടഞ്ഞില്ല എന്നതിൻ്റെ സാക്ഷ്യമായിരുന്നു.


 നമ്മുടെ കർത്താവിൻ്റെ രൂപാന്തരീകരണം ദൈവത്തിൻ്റെ ക്രിസ്‌തു മുഖേനയുള്ള ദൈവത്തിൻ്റെ പദ്ധതിയും ലക്ഷ്യവും വെളിപ്പെടുത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. പഴയനിയമ വിശുദ്ധരുടെ പ്രതീക്ഷകളുടെ പൂർത്തീകരണമാണ് ക്രിസ്തുയേശുവെന്ന് ഇത് സ്ഥിരീകരിക്കുന്നു, അവൻ മിശിഹായാണ്.

അഭിപ്രായങ്ങള്‍