ആത്മീയ മൂല്യങ്ങളിൽ വിട്ടുവീഴ്ച ഒഴിവാക്കൽ (പുറപ്പാട് 32:1-35)


 *ആത്മീയ മൂല്യങ്ങളിൽ വിട്ടുവീഴ്ച ഒഴിവാക്കൽ (പുറപ്പാട് 32:1-35)*


(ബാർ യുഹാനോൻ റമ്പാൻ

ഗത്സീമോൻ ദയറ,പിറമാടം )


*[യാക്കോബായ സഭയുടെ സമകാലീന സാഹചര്യത്തിൽ എഴുതിയത്]*


ബൈബിളിൽ മനുഷ്യന്റെ ആത്മീയ വീഴ്ചകളുടെ വിവരണങ്ങൾ നൽകുന്ന അധ്യായങ്ങളിലൊന്നാണ് പുറപ്പാട് 32. ഇതിൽ ഇസ്രായേൽ ജനത്തിന് മഹാപുരോഹിതൻ വിഗ്രഹാരധാനയ്ക്കു കാളകുട്ടിയെ വാർത്തുണ്ടാക്കാൻ അനുവാദം കൊടുക്കുന്നത് കാണുവാൻ സാധിക്കും. ഇതുപോലെ തന്നെ യുള്ള മറ്റൊരു വീഴ്ചയുടെ ഭാഗം ആണ് 2 സാമുവേൽ 11-ലും കാണുന്നത്, അതിൽ ദൈവത്തിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മനുഷ്യനായ ദാവീദ് വ്യഭിചാരത്തിലും കൊലപാതകത്തിലും അകപ്പെട്ടത് എഴുതിയിരിക്കുന്നു. അപ്പോസ്തലനായ പത്രോസിന്റെ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞഭാഗങ്ങളും പുതിയനിയമത്തിലെ ഒരു വീഴ്ചയുടെ വിവരണം ആയിട്ട് കാണാം. ഇവിടെല്ലാം പ്രധാന ദൈവപുരുഷൻമാർക്ക് തെറ്റ് സംഭവിക്കുന്നത് മൂലം ഉള്ള വീഴ്ച ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുറപ്പാട് 32 ലെ വീഴ്ച വളരെ ഭയാനകമാണ്, കാരണം അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടക്കുന്നതിന് മുമ്പ് മറ്റു ആർക്കെങ്കിലും ഉണ്ടായിട്ടുള്ളതിനെക്കാൾ വളരെയേറെ ആത്മീയ അനുഭവങ്ങൾ അഹറൊന് ഉണ്ടായിട്ടുണ്ട്. ദൈവം ഈജിപ്തിൽ പത്തു ബാധകൾ കൊണ്ടുവരുന്നത് അവൻ കണ്ടു. ദൈവം ഇസ്രായേലിനു വേണ്ടി ചെങ്കടൽ വേർപെടുത്തുന്നതും പിന്നീട് പിന്തുടരുന്ന ഈജിപ്ഷ്യൻ സൈന്യത്തിനുമേൽ അത് തിരികെ കൊണ്ടുവരുന്നതും അവൻ കണ്ടു. മരുഭൂമിയിൽ ഇസ്രായേലിന്റെ സംരക്ഷണത്തിനായി ദൈവം നൽകിയ അഗ്നിസ്തംഭവും മേഘവും അവൻ കണ്ടു. ദിവസേനയുള്ള മന്ന തിന്നുകയും പാറയിലെ വെള്ളം കുടിക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ ക്ഷണപ്രകാരം, അഹരോനും അവന്റെ പുത്രന്മാരും യിസ്രായേൽമൂപ്പന്മാരും യിസ്രായേലിന്റെ ദൈവത്തെ കാണാനും അവന്റെ സന്നിധിയിൽ ഭക്ഷിക്കാനും പാനം ചെയ്യാനും മലമുകളിലേക്ക് പോയിരുന്നു (പുറ. 24:9-11). എന്നാൽ പിന്നീട്, ദൈവത്തിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ഈ ദർശനങ്ങൾക്കും അനുഭവങ്ങൾക്കും ശേഷം, മോശ പർവതത്തിൽ ദൈവവുമായുള്ള കൂടിക്കാഴ്ചയിൽ ആയിരിക്കുമ്പോൾ, അഹരോൻ പെട്ടെന്നുതന്നെ ആളുകളുടെ അഭ്യർത്ഥനയ്ക്ക് വഴങ്ങുകയും ഇസ്രായേലിന് ആരാധിക്കുന്നതിനായി സ്വർണ്ണ കാളക്കുട്ടിയെ രൂപപ്പെടുത്തുകയും ചെയ്തു എന്നതാണ് ഈ വീഴ്ചയെ ഭയാനകം എന്നു പറയാൻ കാരണം. ഒരു ദൈവപുരുഷൻ ആയ അഹാരോന് അത് എങ്ങനെ ചെയ്യാൻ കഴിയും? ദൈവവുമായി അത്ഭുതകരമായ കൂടിക്കാഴ്ചകൾ നടത്തിയിട്ടുള്ള ഒരു മനുഷ്യന് എങ്ങനെ ഇത്ര എളുപ്പത്തിൽ വിഗ്രഹാരാധനയിൽ വീഴാൻ കഴിഞ്ഞു?

ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം തേടിയപ്പോൾ 1 കൊരിന്ത്യർ 10 ലൂടെ അപ്പോസ്തൊലനായ പൗലോസ് പുറപ്പാട് 32 ഉം മരുഭൂമിയിലെ ഇസ്രായേലിന്റെ മറ്റ് പാപങ്ങളും ഉദ്ധരിക്കുന്നത് കാണുവാൻ സംഗതിയായി. അവൻ പുറപ്പാട് 32 ലെ കാര്യങ്ങൾ ആസ്പദമാക്കി നമ്മോട് ഉപദേശിച്ചു, 

"ഇതെല്ലാം അവര്‍ക്ക്‌ ഒരു താക്കീതായിട്ടാണു സംഭവിച്ചത്‌. *നമുക്ക്‌ ഒരു പാഠമാകേണ്ടതിന്‌ അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു.* യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്‌.

*ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്‌ഷിച്ചുകൊള്ളട്ടെ.*

(1 കോറിന്തോസ്‌ 10 : 11-12). മറ്റൊരു വിധത്തിൽ പറഞ്ഞാൽ പൗലോസ് പറയുന്നത് അഹറോൻ ചെയ്ത പോലുള്ള പാപം നമ്മുടെ സഭയിൽ ഒരിക്കലും ഉണ്ടാകില്ല എന്ന് നമ്മൾ കരുതുന്നുവെങ്കിൽ, തീർച്ചയായും നാം വീണ്ടും ഒന്ന് ചിന്തിക്കുന്നതാണ് നല്ലത്. നാമും നമ്മുടെ സഭയും, നമ്മുടെ പിതാക്കന്മാരും പുരോഹിതരും എല്ലാംതന്നെ ഇസ്രായേൽ മക്കളും പഴയനിയമ സഭയും ആഹാരോനെ പോലുള്ള അഭിഷിക്തരും എങ്ങനെയൊ അതിനേക്കാൾ മെച്ചപ്പെട്ടവർ ഒന്നും അല്ല എന്നുള്ള സത്യം ഒന്ന് ഓർക്കേണ്ടതുണ്ട്.

സ്വർണ്ണ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചത് ഒരു പൂർണ്ണമായ വിശ്വാസത്യാഗമായിരുന്നില്ല. ഇസ്രായേൽ ജനത്തിന്റെ മനസ്സിൽ കാളക്കുട്ടിയെ ഉണ്ടാക്കുമ്പോൾ ഉള്ള ധാരണ യഥാർത്ഥത്തിൽ പുറജാതീയ വിഗ്രഹങ്ങളെ പിന്തുടരാൻ വേണ്ടി സത്യദൈവത്തെ പൂർണ്ണമായും നിരാകരിക്കുക എന്നത് ആയിരുന്നില്ല. മറിച്ച്, അത് ഒരു സമന്വയമായിരുന്നു (syncretism). അതായത് സത്യദൈവത്തിന്റെ ആരാധന തങ്ങളുടെ ഇഷ്ടാനുസരണം കൂടുതൽ അനുയോജ്യമാക്കാൻ അവർ സഭയിൽ ആത്മീയ മൂല്യങ്ങൾക്ക് മാറ്റങ്ങൾ വരുത്തുകയായിരുന്നു. അഹരോൻ പൊൻ കാളക്കുട്ടിയെ ഉണ്ടാക്കിയ ശേഷം, ജനങ്ങൾ പ്രഖ്യാപിച്ചു , "ഇസ്രായേലേ, ഇതാ ഈജിപ്‌തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദൈവം"(പുറ. 32:4). അവരുടെ പാപം സമ്പൂർണ വിശ്വാസത്യാഗമായിരുന്നില്ല, മറിച്ച് ആത്മീയമായ വിട്ടുവീഴ്ചയായിരുന്നു. തങ്ങളുടെ “ദൈവം” മറ്റു ജാതികളിലെ ദൈവങ്ങളെപ്പോലെ കാണണമെന്ന് അവർ ആഗ്രഹിച്ചു. തീ, പുക, മിന്നൽ, ഇടിമുഴക്കം, ഭൂകമ്പം, ഉച്ചത്തിലുള്ള കാഹളം സ്ഫോടനങ്ങൾ എന്നിവയിൽ സീനായ് പർവതത്തിൽ ഇറങ്ങിവന്ന ഭയാനകമായ, പുറപ്പാട് 19-ലെ അദൃശ്യനായ ദൈവത്തെ അവർ ഇഷ്ടപ്പെട്ടില്ല. മറ്റ് ജാതികളെപ്പോലെ കൂടുതൽ ഉപയോക്തൃ സൗഹൃദ ദൈവത്തെ അവർ ആഗ്രഹിച്ചു. അങ്ങനെ അവർ ഒരു 'ഒത്തുതീർപ്പ്ദൈവ' ആശയം കൊണ്ടുവന്നു അതായിരുന്നു സ്വർണ്ണകാളക്കുട്ടി. മോശയെന്ന നിഷ്കളങ്കനും ശക്തനുമായ ഒരു നേതാവിന്റെ നേതൃത്വവും നിസ്വാർത്ഥ പ്രാർത്ഥനയും ആത്മീയ ശിക്ഷണവും ഇല്ലായിരുന്നുവെങ്കിൽ, ദൈവം ഇസ്രായേലിനെ പൂർണ്ണമായും നിരാകരിച്ച് മനുഷ്യരക്ഷയുടെ ആവിശ്യത്തിലേക്ക് മിശിഹായെ സ്വീകരിക്കുവാൻ തക്ക മൂല്യങ്ങൾ ഉള്ള ഒരു പുതിയ ജനതയെവാർത്തെടുക്കുമായിരുന്നു.


ഈ സംഭവത്തിൽ നിന്നും നമ്മൾ പഠിക്കുന്ന ദൈവഹിതം എന്നത് ഇതാണ്, *ആത്മീയ മൂല്യങ്ങളിൽ വിട്ടുവീഴ്ച ഒഴിവാക്കാൻ, ദൈവജനത്തിന് സത്യത്തോട് വിട്ടുവീഴ്ച ചെയ്യാത്ത, നിസ്വാർത്ഥമായി പ്രാർത്ഥിക്കുന്ന, ആവശ്യമായ ആത്മീയ അച്ചടക്കം പ്രയോഗിക്കുന്ന ശക്തരായ നേതാക്കൾ ആവശ്യമാണ്.* ഇതിന്റെ അഭാവത്തിൽ പരിശുദ്ധ സഭ തകർച്ചകൾ നേരിടുകയും, പ്രവാസത്തിലേക്കു വീഴുകയും ചെയ്യും.


*1. ആത്മീയ മൂല്യങ്ങളിൽ വിട്ടുവീഴ്ച ഒഴിവാക്കാൻ, ദൈവജനത്തിന് സത്യത്തോട് വിട്ടുവീഴ്ച ചെയ്യാത്ത ശക്തരായ നേതാക്കൾ ആവശ്യമാണ്.*


 അഹരോന്റെ ആത്മീയ കാര്യങ്ങളിലുള്ള ദൗർബല്യം ഇസ്രായേലിനെ ഈ ഭയാനകമായ ഒത്തുതീർപ്പിലേക്ക് വീഴാൻ അനുവദിച്ചു. തങ്ങൾക്ക് ഒരു ദൈവത്തെ ഉണ്ടാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ എതിർത്ത് അദ്ദേഹം ഉറച്ചുനിന്നിരുന്നെങ്കിൽ, ഈ സംഭവം മുഴുവൻ ഒഴിവാക്കാമായിരുന്നു. അഹരോന്റെ ഒത്തുതീർപ്പ് തിരുത്താനും ഇസ്രായേലിനെ തിരികെ കൊണ്ടുവരാനും മോശയ്ക്ക് ധീരമായ നടപടി സ്വീകരിക്കേണ്ടിവന്നു. സഭാപിതാക്കൻമാർ ബലഹീനരാണെങ്കിൽ, സഭയിൽ ദൈവജനത്തിന്റെ ഇടയിലേക്ക് ആത്മീയ കാര്യങ്ങളിൽ വീഴ്ചകൾ കടന്നുവരാൻ കുറഞ്ഞത് ഏഴ് വഴികളെങ്കിലും ഉണ്ടെന്നു പുറപ്പാട് 32 നമ്മോട് വെളിപ്പെടുത്തുന്നു:


*a) രക്ഷയെ ദൈവത്തിന്റെ പ്രവൃത്തി എന്നതിലുപരി മനുഷ്യപ്രയത്നമായി സഭ കാണുമ്പോൾ ആത്മീയവീഴ്ച സംഭവിക്കുന്നു.*


ഈജിപ്തിൽനിന്നുള്ള തങ്ങളുടെ വിടുതൽ മോശയിൽ ഏല്പിച്ചുകൊണ്ടാണ് ജനങ്ങൾ അഹരോനോടുള്ള തങ്ങളുടെ അപേക്ഷ ആരംഭിച്ചത്. അവർ മോശയെ പറ്റി പറയുന്നു (പുറ. 32:1), "ഞങ്ങളെ ഈജിപ്തിൽ നിന്നും കൊണ്ടുവന്ന മോശ" യഥാർത്ഥത്തിൽ ദൈവം എന്നു പറയേണ്ടിയിടത്തു അവർ മോശയെ പ്രതിഷ്ഠിച്ചു . പുറപ്പാട് 16-ൽ ആളുകൾ മോശെക്കും അഹരോനും എതിരെ പിറുപിറുത്തു, കാരണം അവർക്ക് ഭക്ഷണമില്ലായിരുന്നു. സ്വർഗത്തിൽനിന്ന് അപ്പം വർഷിക്കുമെന്നും അവർക്ക് ഭക്ഷിക്കാൻ മാംസം നൽകുമെന്നും ദൈവം കൃപയോടെ വാഗ്ദാനം ചെയ്തു. തൽഫലമായി, മോശ പറഞ്ഞു (പുറപ്പാട് 16:6), "കർത്താവ് നിങ്ങളെ ഈജിപ്തിൽ നിന്ന് കൊണ്ടുവന്നുവെന്ന് വൈകുന്നേരം നിങ്ങൾ അറിയും." ഇവിടെ യഥാർത്ഥ നേതാവ് പഠിപ്പിച്ചത് കർത്താവ് നിങ്ങളെ ഈജിപ്തിൽ നിന്നും കൊണ്ടുവന്നു എന്നാണ് പക്ഷേ അവർ പാഠം പഠിച്ചില്ല. അതുകൊണ്ട് ഇപ്പോൾ ഈജിപ്തിൽ നിന്നുള്ള തങ്ങളുടെ വിടുതൽ മോശെയുടേതാണെന്ന് അവർ പറയുന്നു. എന്നാൽ അത് കൂടുതൽ വഷളാകുന്നു. 4-ാം വാക്യത്തിൽ, സ്വർണ്ണ കാളക്കുട്ടിയെ പരാമർശിച്ചുകൊണ്ട് അവർ പറയുന്നു, "ഇസ്രായേലേ, ഇതാണ് നിന്റെ ദൈവം, ഈജിപ്തിൽ നിന്ന് നിന്നെ കൊണ്ടുവന്നത്." ഇവിടെ ദൈവവും അല്ല,മോശയും അല്ല തങ്ങളുടെ സമന്വയ ചിന്തയില് ഉരുവായ ഒത്തു തീർപ്പുദൈവം ആണ് ഈജിപ്തിൽ നിന്നും കൊണ്ടുവന്നത് എന്നു പറയുന്നു. സങ്കീർത്തനക്കാരൻ ഈ പരിഹാസത്തെ വിവരിക്കുന്നു: "അവര്‍ ഹോറബില്‍വച്ചു കാളക്കുട്ടിയഉണ്ടാക്കി; ആ വാര്‍പ്പുവിഗ്രഹത്തെഅവര്‍ ആരാധിച്ചു.

അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി.

ഈജിപ്‌തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്‌ത തങ്ങളുടെ രക്‌ഷകനായ ദൈവത്തെ അവര്‍ മറന്നു.

ഹാമിന്റെ നാട്ടില്‍വച്ചു വിസ്‌മയനീയമായ പ്രവൃത്തികളും ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്‌തവനെ അവര്‍ വിസ്‌മരിച്ചു." (സങ്കീര്‍ത്തനങ്ങള്‍ 106 : 19-22)


മോശയോ പൗലോസിനെയോ പോലെയുള്ള ഒരു മഹാനായ നേതാവിന്റെ സൃഷ്ടിയല്ല രക്ഷയെന്ന് ബൈബിൾ വ്യക്തമായി പ്രഖ്യാപിക്കുന്നു. ആത്മീയ നേതാക്കൾ ദൈവം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്,

"അപ്പോളോസ്‌ ആരാണ്‌? പൗലോസ്‌ ആരാണ്‌? കര്‍ത്താവു നിശ്‌ചയിച്ചുതന്നതനുസരിച്ച്‌ നിങ്ങളെ വിശ്വാസത്തിലേക്കു നയി ച്ചശുശ്രൂഷകര്‍ മാത്രം. (1 കോറിന്തോസ്‌ 3 : 5). തങ്ങളുടെ പാപങ്ങളിൽ മരിച്ചവർക്ക് ജീവൻ നൽകാനുള്ള ദൈവത്തിന്റെ വലിയശക്തി രക്ഷയ്ക്ക് ആവശ്യമാണ്. പൗലോസ് പറഞ്ഞതുപോലെ "എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണി ച്ചമഹത്തായ സ്‌നേഹത്താല്‍,

ക്രിസ്‌തുവിനോടുകൂടെ നമ്മെജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്‌ഷിക്കപ്പെട്ടു" (എഫേസോസ്‌ 2 : 4-5).

 അല്ലെങ്കിൽ (യോനാ 2:9) പറയുന്ന പ്രകാരം "രക്ഷ കർത്താവിൽ നിന്നുള്ളതാണ്." സഭയുടെ ഇപ്പോൾ ഉള്ള വീഴ്ച പരിഹരിക്കാൻ നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ ദൈവത്തിൽ ആണ് ആശ്രയിക്കേണ്ടത്. നമ്മുടെ സഭ ഇന്ന് അഭിമുഖീകരിക്കുന്ന തകർച്ചയുടെ യഥാർത്ഥത്ത കാരണം നമ്മുടെ ആത്മീയ വീഴ്ച ആണ്. അത് ആദ്യം തിരുത്തപ്പെടണം അപ്പോൾ സ്വർഗ്ഗം ഒരു നിയമനിർമ്മാണം നടത്തി നമ്മെ വിടുവിക്കും.


*b) സഭാപിതാക്കന്മാർക്കും ആത്മീയവീഴ്ച സംഭവിക്കാം*

 ഒരു സ്വർണ്ണ കാളക്കുട്ടിയെ നിർമ്മിക്കാനുള്ള സമ്മർദ്ദത്തെ ചെറുക്കാൻ മോശയുടെ സഹോദരനായ അഹരോൻ ശക്തനാകേണ്ടിയിരുന്നു എന്നു നമ്മൾ ചിന്തിച്ചേക്കാം. ശരിയാണ് അഹറോൻ തെറ്റാൻ പാടില്ലായിരുന്നു എങ്കിലും തെറ്റി പോയി. എന്നാൽ ഇതുപോലെ പുതിയ നിയമത്തിൽ, യഹൂദന്മാരെ സമാധാനിപ്പിക്കാൻ വിജാതീയരോടൊപ്പം ഭക്ഷണം കഴിക്കുന്നത് നിർത്തിയപ്പോൾ പത്രോസ് തെറ്റി പോകുന്നത് പൗലോസിന് തിരുത്തേണ്ടി വരുന്നത് നാം കാണുന്നുണ്ട്. ബർണബാസ് പോലും അവരുടെ കാപട്യത്താൽ മയങ്ങിപ്പോയി (ഗലാ. 2:11-13) എന്നു വചനം പഠിപ്പിക്കുന്നു. പത്രോസിന്റെയും ബർണബാസിന്റെയും ആത്മീയ നിലവാരമുള്ള ആളുകൾക്ക് പോലും സമ്മർദ്ദങ്ങൾ മൂലം തങ്ങളുടെ ശുശ്രൂക്ഷയില് 

വിട്ടുവീഴ്ച ചെയ്യാൻ കഴിയുമെങ്കിൽ, നാമെല്ലാവരും പ്രത്യേകിച്ച് സഭാ പിതാക്കന്മാരും വൈദികരും എല്ലാം ജാഗ്രത പാലിക്കേണ്ടതുണ്ട്!


വിശുദ്ധ സഭ എപ്പിസ്കോപ്പന്മാരുടെ സിനഡിനാൽ ഭരിക്കപ്പെടേണ്ടതിന്റെ ഒരു കാരണം ഇതാണ്. ഇതൊരു മണ്ടത്തരമായ സംവിധാനമല്ല. ചിലപ്പോഴൊക്കെ സഭയും ഈ സംവിധാനത്തെ തെറ്റിദ്ധരിക്കുന്നു, കാരണം സ്വാധീനമുള്ള ഒരു മെത്രാൻ വഴിതെറ്റുകയും മറ്റുള്ളവർ തങ്ങളിൽ പ്രധാനിയെ എതിർപ്പ് കൂടാതെ പിന്തുടരുകയും ചെയ്യേണ്ടി വരുന്നു. തന്മൂലം ജനങ്ങൾ മുഴുവൻ സംവിധാനവും ശരിയല്ല എന്നു തെറ്റിധരിച്ചു പോകുന്നു. എഫെസ്സിലെ കാശീശ്ശന്മാർക്ക് പൗലോസ് മുന്നറിയിപ്പ് നൽകി, "നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്‌ധാത്‌മാവ്‌ നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍.

എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്‌ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെ റുതെ വിടുകയില്ലെന്നും എനിക്കറിയാം.

ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.

അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍നിന്നു ഞാന്‍ വിരമിച്ചിട്ടില്ല എന്ന്‌ അനുസ്‌മരിക്കുവിന്‍.

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 28-31).

ആയതിനാൽ സഭയുടെ വളർച്ചയ്ക്കു എപ്പിസ്കോപൽ 

സിനഡ് നന്നായി പ്രവർത്തിക്കണം. അംഗങ്ങൾ വിഭാഗീയ ചിന്തകൾ വെടിയണം, പരസ്പരം സ്നേഹിക്കണം, ചർച്ചകൾ ചെയ്യണം, തീരുമാനങ്ങൾക്ക് കൂട്ട് ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ഇങ്ങനെ തന്നെ വൈദിക യോഗങ്ങളും, ഇടവക യോഗങ്ങളും പ്രവർത്തിക്കണം. ക്രിസ്തുവിൽ അധിഷ്ടിതമായ സിനഡ്കളിലൂടെ ദൈവത്തിന്റെ പരിശുദ്ധ റൂഹ പ്രവർത്തിക്കുന്നു. പൗലോസ് തിമൊഥെയൊസിന് മുന്നറിയിപ്പ് നൽകി (1 തിമൊ. 4:16), “നിങ്ങളെത്തന്നെയും നിങ്ങളുടെ പഠിപ്പിക്കലിനെയും ശ്രദ്ധിക്കുക.” നമ്മിൽ ആരും ആത്മീയ വിട്ടുവീഴ്ചയിൽ നിന്ന് മുക്തരല്ല, അതിനാൽ നാം എപ്പോഴും ജാഗ്രത പാലിക്കണം.


*c) സഭാപിതാക്കന്മാർ ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു പകരം ജനങ്ങളെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ ആത്മീയവീഴ്ച സംഭവിക്കുന്നു.*


മോശെയെക്കാൾ ചലനാത്മകമായ പ്രഭാഷകനായിരുന്നു അഹരോൻ, അതുകൊണ്ടാണ് ദൈവം അവനെ മോശയുടെ വക്താവായി നിയമിച്ചത്. എന്നാൽ ഒരു രീതിയിലും ഉള്ള ഏറ്റുമുട്ടലോ വാഗ്വാദങ്ങളോ ഒന്നും ഇഷ്ടപ്പെടാത്ത ഒരു "നല്ല" മനുഷ്യനായിരുന്നു അഹറോൻ. തന്മൂലം ഒരു നേതാവ് എന്നുള്ള നിലയിൽ 'അരുത്' എന്നു പറയേണ്ടിടത്ത് അപ്രകാരം പറയാൻ അവന്റെ സ്വാഭാവിക പ്രകൃതം മൂലം സാധിച്ചില്ല. തങ്ങൾക്കു മുമ്പേ പോകുന്ന ഒരു ദൈവത്തെ ഉണ്ടാക്കാൻ ആളുകൾ അവനോട് ആവശ്യപ്പെട്ടപ്പോൾ, അവൻ അവരുടെ ആവശ്യത്തോട് അനുസരിച്ചു. തങ്ങളെ ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന അവരുടെ ദൈവമാണ് ആ വിഗ്രഹം എന്നു അവർ പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ അവൻ ഒരു യാഗപീഠം പണിയുകയും ദൈവമായ കർത്താവിന് ഒരു വിരുന്ന് പ്രഖ്യാപിക്കുകയും ചെയ്തു (വാക്യം 5). ആളുകളെ അസ്വസ്ഥരാക്കാത്ത രീതിയിൽ ഒരു ഒത്തുതീർപ്പിനായി അവൻ ആഗ്രഹിച്ച് കൊണ്ടു വിഗ്രഹതോടൊപ്പം ദൈവമായ കർത്താവിനെ ആരാധിക്കാൻ അവൻ മൂല്യങ്ങൾ വിട്ട് കളഞ്ഞു.

ജനങ്ങളെ കൂടെ നിർത്താൻ, ജയ് വിളിക്കാൻ മൂല്യങ്ങൾ ഉപേക്ഷിച്ചു പ്രവർത്തിക്കുന്ന നേതൃത്വം തങ്ങളെ തന്നെയും സഭയെയും വീഴിക്കും. ഒരു സൈന്യം മുഴുവനും തങ്ങൾക്കു നേരെ വന്നാലും സത്യം മുറുകെ പിടിക്കാൻ ആത്മീയ നേതാക്കൾ സന്നദ്ധരാകണം. തിന്മയെ മറ്റൊരു തിന്മാ മാർഗ്ഗത്തിൽ കൂടി അല്ല ദൈവിക നന്മകൾ കൊണ്ടു നേരിടണം.


എന്നാൽ ആളുകളെ കർത്താവിലേക്ക് തിരിയാൻ സഹായിക്കുന്നതിനുപകരംഅഹറോൻ വിട്ട്വീഴ്ച ചെയ്തപ്പോൾ സംഭവിച്ചത് എന്താണ് എന്നു ഇപ്രകാരം എഴുതപെട്ടിരിക്കുന്നു, "ജനത്തിന്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയില്‍ സ്വയം ലജ്‌ജിത രാകത്തക്കവിധം അഴിഞ്ഞാടുന്നതിന്‌ അഹറോന്‍ അവരെ അനുവദിച്ചിരുന്നു." (പുറപ്പാട്‌ 32 : 25)

ആത്മീയ നേതാക്കൾ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനേക്കാൾ ആളുകളെ പ്രീതിപ്പെടുത്തുന്നവരാകുമ്പോൾ കാര്യങ്ങൾ എത്ര പെട്ടെന്നാണ് താഴോട്ട് പോകുന്നത്.


*d) സുരക്ഷിതത്വവും ഉപയോക്തൃ-സൗഹൃദവുമായ ഒരു "ദൈവം" എന്ന നിലയിൽ സഭ ദൈവത്തോട് സമീപിക്കുമ്പോൾ ആത്മീയവീഴ്ച സംഭവിക്കുന്നു.*


 മോശെ മലയിൽ കയറുന്നതിനുമുമ്പ് ഇസ്രായേൽ കണ്ടുമുട്ടിയ ദൈവം ഭയങ്കരനായിരുന്നു! ദൈവഹിതമല്ലാത്ത ഒരു കാര്യം നമ്മൾ ആഗ്രഹിക്കുന്നത് നേടുന്നതിനായി ദൈവവുമായി ചർച്ച നടത്താനോ അവനെ സമ്മതിപ്പിക്കാനോ ആർക്കും കഴിയില്ല. അവന്റെ ഉടമ്പടികൾക്ക് പകരം പുതിയ മെച്ചപ്പെട്ട നിബന്ധനകൾ ഉണ്ടാക്കാൻ സഭയ്ക്കൊ സിനഡുകൾക്കോ കഴിയില്ല. ആകെ ചെയ്യാൻ ചെയ്യാൻ കഴിയുന്നത് അവന്റെ ഭയങ്കരമായ ശക്തിക്ക് മുന്നിൽ കീഴടങ്ങുകയും അവന്റെ ഉടമ്പടികൾ പാലിക്കുകയും ചെയ്യുക എന്നത് മാത്രമാണ്!


വേദശാസ്ത്രജ്ഞനായ R. C. Spoul ഇപ്രകാരം നിരീക്ഷിക്കുന്നു, "കാളകുട്ടി അവർക്ക് നിയമമൊന്നും നൽകിയില്ല, അനുസരണം ആവശ്യപ്പെടുന്നില്ല. അതിനെ ഭയക്കേണ്ട വിധത്തിലുള്ള ക്രോധമോ നീതിയോ വിശുദ്ധിയോ അതിനു ഇല്ലായിരുന്നു. അത് ബധിരനും ഊമയും ബലഹീനവുമായിരുന്നു. അവരുടെ വിനോദത്തിൽ കടന്നുകയറാനും അവരെ ന്യായവിധിയിലേക്ക് വിളിക്കാനും അതിന് കഴിഞ്ഞില്ല." ( cited by Philip Ryken, Exodus [Crossway], pp. 977).



സഭ പലപ്പോഴും ഒരു സ്വർണ്ണ കാളക്കുട്ടിയെപോലുള്ള സുരക്ഷിതവും കൂടുതൽ ഉപയോക്തൃ സൗഹൃദവുമായ ദൈവത്തെയാണ് ആഗ്രഹിക്കുന്നത്. സഭ ദൈവസ്ഥാനത്ത് പ്രതിഷ്ടിക്കുന്ന കാളക്കുട്ടി (ഒരു രാഷ്ട്രീയ പാർട്ടിയോ, നേതാവോ, ഭരണാധികാരിയോ ഒക്കെ കാളക്കുട്ടിയായി മാറാം) വേണ്ടത് ചെയ്തു തന്നില്ലെങ്കിൽ, അതിനെ മാറ്റിനിർത്തി മറ്റൊരു ദൈവത്തെ ഉണ്ടാക്കുകയും ചെയ്യാം. എന്നാൽ തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവത്തിന്റെ പ്രവർത്തികളിൽ സഭ സന്തുഷ്ടരല്ലാതിരിക്കുകയും അവനെ കൂടുതൽ ഉപയോക്തൃ സൗഹൃദമായി പുനർനിർമ്മിക്കുകയും ചെയ്യുമ്പോൾ, സഭ ക്രിസ്തുയേശുവിലുള്ള യഥാർത്ഥ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുകയാണ്.


സഭയ്ക്കു കഷ്ടത വന്നിട്ടുണ്ടെങ്കിൽ സത്യദൈവം അറിയാതെ വരില്ല. അതുകൊണ്ട് എന്തുകൊണ്ട് വന്നു ഞങ്ങൾക്ക് ഈ ദുരിതം എന്നു ചിന്തിച്ച് അനുതാപപ്പെട്ടു ദൈവ ഹിതം അന്വേഷിക്കുന്നത് ആണ് വിമോചന സാധ്യത നൽകുന്ന ഏക മാർഗ്ഗം. ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കണം, ചുമക്കെണ്ടത് കർത്താവിന്റെ കുരിശ് മാത്രം ആണ്.


*e) പൗരോഹിത്യം പാപം ക്ഷമിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ ആത്മീയവീഴ്ച സംഭവിക്കുന്നു.*


 4-ാം വാക്യം അഹരോൻ ആളുകളിൽ നിന്ന് ആഭരണങ്ങൾ എടുത്ത് കാളക്കുട്ടിയെ ഉണ്ടാക്കാൻ മൂശയിൽ ഉരുക്കി അതിനെ എങ്ങനെ രൂപപ്പെടുത്തി എന്ന് പറയുന്നത് രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാൽ മോശെ ദേഷ്യത്തോടെ അഹറോനെ സമീപിച്ചപ്പോൾ (മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്‌ക്കാന്‍ അവര്‍ നിന്നോട്‌ എന്തുചെയ്‌തു?

പുറപ്പാട്‌ 32 : 21) അഹരോൻ നിരുത്തരവാദപരമായ ഒരു മറുപടി പറഞ്ഞു, "ഞാന്‍ പറഞ്ഞു: സ്വര്‍ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെ. അവര്‍ കൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു." (പുറപ്പാട്‌ 32 : 24).

ഇത് തമാശയാണ്, പക്ഷേ വളരെ സങ്കടകരമാണ്! താൻ സ്വർണ്ണം തീയിലേക്ക് വലിച്ചെറിഞ്ഞതായി അദ്ദേഹം പ്രസ്ഥാവിക്കുന്നു, പിന്നീട് ഒരു അത്ഭുതം സംഭവിച്ചു എന്നുള്ള രീതിയിൽ പറയുന്നു അതായത് ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഈ കാളക്കുട്ടി പുറത്തുവന്നു പോലും. 


ആദാമും ഹവ്വായും പാപം ചെയ്‌തതുമുതൽ, പാപികൾ തങ്ങളുടെ പാപത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. തനിക്ക് ഹവ്വാ നൽകിയതിന് ആദം ഹവ്വയെയും ദൈവത്തെയും പോലും കുറ്റപ്പെടുത്തി. അവൾ സർപ്പത്തെ കുറ്റപ്പെടുത്തി. അത് ഇവിടെയും തുടരുന്നു! “ഹേയ്, ഈ പശുക്കുട്ടി അടുപ്പിൽ നിന്ന് പുറത്തുവരുമ്പോൾ ഞാൻ ഒരു നിരപരാധിയായിരുന്നു. എനിക്ക് എന്ത് ചെയ്യാൻ കഴിയും?" എന്നുള്ള മനോഭാവം ആണ് പലപ്പോഴും ആത്മീയനേതൃത്വം കാണിക്കുന്നത്. സഭയിലെ പാപങ്ങൾ ക്ഷമിക്കുമ്പോൾ തന്നെ ഇതിന്റെ ഉത്തരവാദിത്തം കൂടി തങ്ങളുടെ ആണ് എന്നു നേതൃത്വം അംഗീകരിക്കാൻ തയ്യാർ ആകണം. സഭ പാപമോചനം പ്രാപിക്കുവാൻ പൗരോഹിത്യ അധികാരികൾ പാപക്ഷമ നൽകുമ്പോൾ തന്നെ ഇവർക്കു ഇങ്ങനെ സംഭവിക്കുന്നതിൽ ഞങ്ങളുടെ ശുശ്രൂക്ഷയിലെ വീഴ്ചയും കാരണം ആണ് എന്നു ദൈവമുൻപാകെ ഏൽക്കുവാനും പരിഹാരം കണ്ടെത്താനും കഴിയണം.


പക്ഷെ പലപ്പോഴും തിരിച്ചാണ് സംഭവിക്കുന്നത്, മാത്യു ഹെൻറി നിരീക്ഷിച്ചതുപോലെ "പാപം ആരും സ്വന്തമാക്കാൻ തയ്യാറല്ലാത്ത ഒരു പിശാചാണ്." (Matthew Henry’s Commentary [Revell], 1:414). നമ്മുടെ സഭയുടെ ഇന്നത്തെ വീഴ്ചയ്ക്കു കാരണം വിശ്വാസികൾ അല്ല ആത്മീയ നേതൃത്വം മാത്രം ആണ്. അതുകൊണ്ട് തിരുത്തൽ തുടങ്ങേടത്തും മുകളിൽ നിന്നും തന്നെ.


*f) ദൈവിക ഇടപെടൽ കാത്തിരിക്കുന്നതിൽ അക്ഷമരാകുമ്പോൾ ആത്മീയ വിട്ടുവീഴ്ച സംഭവിക്കുന്നു.*


മോശെ നാല്പതു ദിവസം കർത്താവിനോടൊപ്പം മലയിൽ ചെലവഴിച്ചു, ആളുകൾ കാത്തിരുന്നു മടുത്തു. അവർ പറഞ്ഞു, "ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന്‌ എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല." (പുറപ്പാട്‌ 32 : 1) അവൻ ദൈവത്തെ കാണാൻ മലമുകളിൽ തീയിലും പുകയും മിന്നലും ഇടിമുഴക്കവും കയറിപ്പോയതായി അവർക്കറിയാമായിരുന്നു. അവൻ അവിടെ മരിച്ചുവെന്ന് അവർ കരുതിയിരിക്കാം, പക്ഷേ ആരും അന്വേഷിക്കാൻ അവിടെ പോയില്ല! അതിനാൽ, അവർ ദിവസവും മന്ന ഭക്ഷിക്കുകയും, പാറയിൽ നിന്ന് വെള്ളം കുടിക്കുകയും, സംരക്ഷകമായ മേഘത്തിൻ കീഴിൽ വേഗത്തിൽ സഞ്ചരിക്കണമെന്നും അവർ ആഗ്രഹിച്ചു. അതുകൊണ്ട് അവർ അഹരോനോട് ഒരു ദൈവത്തെ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു.


സഭയ്ക്ക് വിമോചനം അടിയന്തിമായി വേണം എന്നു ചിന്തിക്കുകയും സമയമെടുത്തേക്കാവുന്ന പ്രശ്‌നപരിഹാരങ്ങൾക്ക്പെട്ടെന്നുള്ള പരിഹാരം ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, വിശ്വാസികൾ സ്വയം ആത്മീയ പിശകിലേക്ക് വീഴുന്നു. വിശ്വാസികളുടെ ആവിശ്യം ഉടനെ നടക്കില്ല എന്നറിഞ്ഞിട്ടും അത്തരം വ്യാമോഹങ്ങൾ നൽകി അവരെ അനുനയിപ്പിക്കുന്ന നേതൃത്വവും ആത്മീയ പിശക് പ്രവർത്തിക്കുന്നു. ദൈവത്തെ കാത്തിരിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണ്. പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കുമെന്ന വാഗ്ദാനവുമായി പഴയ പാമ്പിന്റെ കൗശലവുമായി നേതൃത്വത്തെ സമീപിക്കുന്ന പലരും ഉണ്ട്. മിക്കവാറും എല്ലായ്‌പ്പോഴും അവർ വ്യാജന്മാർ ആണ്. നമ്മൾ മനസ്സിലാക്കേണ്ടത് ബൈബിളിലെ 'വളർച്ച' സമയമെടുത്തുള്ള പരിശീലനം വഴി ആണ് സംഭവിക്കുന്നത് (1 തിമൊ. 4:7). ദൈവഭക്തിയാൽ ഉള്ള വിമോചനത്തിനായി സഭയെ പരിശീലിപ്പിക്കേണ്ടത് ഉണ്ട് . കൂടാതെ, "കർത്താവിനായി കാത്തിരിക്കുക" (സങ്കീ. 27:14). ആത്മീയ കുറുക്കുവഴികൾ മിക്കവാറും എപ്പോഴും ആത്മീയ വിട്ടുവീഴ്ചയിലേക്ക് നയിക്കുന്നു.


*g) ദൈവത്തിന്റെ വഴികൾക്ക് കീഴടങ്ങാൻ വിസമ്മതിക്കുമ്പോൾ ആത്മീയവീഴ്ച സംഭവിക്കുന്നു.*


ദൈവം മോശയോട് പറഞ്ഞു (പുറപ്പാട്. 32:9), "ഞാൻ ഈ ജനത്തെ കണ്ടു, ഇതാ, അവർ ദുശ്ശാഠ്യമുള്ള ജനമാണ്." അക്ഷരാർത്ഥത്തിൽ, "അവർ നിർബന്ധബുദ്ധി കൂടുതൽ ഉള്ള ആളുകളാണ്." നുകത്തിനു കീഴടങ്ങാൻ വിസമ്മതിക്കുന്ന ദുശ്ശാഠ്യമുള്ള മൃഗത്തെപ്പോലെ, ദുശ്ശാഠ്യമുള്ള ആളുകൾ കർത്താവിനും അവന്റെ വഴികൾക്കും കീഴടങ്ങാൻ വിസമ്മതിക്കുന്നു. തങ്ങളുടെ വഴികൾ മാത്രം ആണ് ശരിയാണെന്നും മറ്റെല്ലാവരും തെറ്റാണെന്നും അവർ കരുതുന്നു. കർത്താവിന്റെ ആവർത്തിച്ചുള്ള, കൃപയുള്ള ഇടപാടുകൾക്കിടയിലും, അവർ ആവർത്തിച്ചുള്ള പിറുപിറുക്കലിൽ ഇസ്രായേലിന്റെ ദുശ്ശാഠ്യമുള്ള സ്വഭാവം കാണിക്കുന്നു.


 കർത്താവിന്റെ വഴിയിൽ സഞ്ചരിക്കുമ്പോൾ ബുദ്ധിമുട്ടുള്ള പരീക്ഷണങ്ങൾ നേരിടുമ്പോൾ ആത്മീയ വിട്ടുവീഴ്ചയ്ക്ക് സഭ പ്രത്യേകിച്ചും ഇരയാകുന്നു. പുറപ്പാട് 32 ൽ നമ്മൾ കണ്ടതുപോലെ, കർത്താവിനെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടാണ്. ചൂടുള്ള, വന്യമായ മരുഭൂമിയിൽ അലഞ്ഞുതിരിയാതെ നേരെ വാഗ്ദത്ത ദേശത്തേക്ക് പോകാനാണ് അവർ ആഗ്രഹിക്കുന്നത് എന്നാൽ 40 വർഷം മരുഭൂമിയിൽ നടത്താൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. ആത്മീയ വിട്ടുവീഴ്ച ഒഴിവാക്കാൻ, സഭയും നേതൃത്വവും ദൈവത്തിന്റെ വഴികൾക്ക് കീഴടങ്ങണം (1 പത്രോ. 5:6-11).

അഭിപ്രായങ്ങള്‍