സമവായ നേതൃത്വവും, തീരുമാന രൂപീകരണവും സിനഡിൽ: ചില വേദശാസ്ത്ര ചിന്തകൾ*
(ബർ യുഹാനോൻ റമ്പാൻ,
ഗത്സീമോൻ ദയറ, പിറമാടം)
--------------------------------------------
*ആമുഖം*
ദൈവത്തിന്റെ സഭയെ ഭരിക്കുന്നത് ക്രിസ്തു ആണ്. എന്നാൽ ക്രിസ്തുവിന്റെ ഭരണം സാധ്യമാകുന്നത് അവൻ സഭയിൽ സ്ഥാപിച്ച ഭരണ കാര്യാലയങ്ങൾ വഴി ആണ്. ഇതിൽ ഏറ്റവും ഉയർന്ന തലത്തിലുള്ള കാര്യാലയം ആണ് എപ്പിസ്കോപ്പൽ സിനഡ്. പരിശുദ്ധ റൂഹായാണ് സിനഡിനെ ക്രിസ്തു മാർഗ്ഗത്തിൽ ഭരണ നിരവഹണം നടത്തപ്പെടുവാൻ വഴി കാട്ടുന്നത്. ഇങ്ങനെ സഭ ആത്മീയ വളർച്ച പ്രാപിക്കുന്നു.
മലങ്കരയുള്ള നമ്മുടെ പ്രാദേശിക സഭയിൽ ഈ അടുത്ത കാലത്ത് രണ്ടു പ്രധാന സംഭവങ്ങൾ സഭയുടെ സഭാഭരണ വിജ്ഞാനീയ സംവിധാങ്ങൾക്ക് വിരുദ്ധമായി സംഭവിക്കുക ഉണ്ടായി. അവ ഏതെന്നു ഈ ലേഖനത്തിൽ നേരിട്ട് പറയുന്നില്ല എങ്കിലും വരികൾക്കിടയിൽ കൂടി നിങ്ങൾക്ക് അത് ഉൾകൊള്ളാൻ കഴിയും എന്നു പ്രത്യാശിക്കുന്നു. ഈ സാഹചര്യത്തിൽ സിനഡാലിറ്റിയുടെ മുഖമുദ്ര എന്താണ് എന്നും ഇതുമായി ബന്ധപ്പെട്ട ചില വേദശാസ്ത്ര അനുമാനങ്ങളും തത്വങ്ങളും ആണ് ഈ ലേഖനത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.
*സഹകരണ ഐക്യം*
സമവായ നേതൃത്വം എന്നത് വിശുദ്ധ സഭയിലെ എപ്പിസ്കോപ്പൽ സിനഡിന്റെ പ്രവർത്തനരീതി ആകുന്നു. ഇതേ രീതിയിൽ തന്നെ ആയിരിക്കണം താഴോട്ടുള്ള എല്ലാ കൗൺസിലുകളും പ്രവർത്തിക്കേണ്ടത്. ഈ പക്രിയ വിശുദ്ധ സഭയിൽ യഥാർത്ഥ സിനഡാലിറ്റി വളർത്തുന്നു, അതിലൂടെ മെത്രാൻമാർ "വ്യക്തി താൽപ്പര്യം" അല്ല മറിച്ച് കർത്താവിൻ്റെ മനസ്സ് അന്വേഷിച്ച് തീരുമാനങ്ങൾ എടുക്കുന്നു. ബൈബിളിനെയും, അതിനെ പൂർവ്വ പിതാക്കന്മാർ വ്യാഖ്യാനം ചെയ്തു തന്നിട്ടുള്ള നടപടിക്രമങ്ങളെയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ചർച്ചയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം എത്തിച്ചേരുന്ന മെത്രാൻമാർക്കിടയിലെ നിർബന്ധിത ഐക്യതയിലൂടെ പരിശുദ്ധ റൂഹ മുഖാന്തിരം മിശിഹായുടെ മനസ്സ് വെളിപ്പെടും. ചില തീരുമാനങ്ങളിൽ, വ്യക്തിഗതമായി ഏതാനും മെത്രാൻമാർക്ക് പൂർണ്ണ യോജിപ്പുണ്ടാകണമെന്നില്ല, എന്നിരുന്നാലും എപ്പിസ്കോപ്പൽ സിനഡിനെ നടപടിയെടുക്കുന്നതിൽ നിന്ന് തടയാൻ അവർക്ക് ശക്തമായ വിയോജിപ്പ് ഉണ്ടാകണമെന്നില്ല ആയതിനാൽ ആ തീർപ്പ് ചെറിയ വിയോജിപ്പോട് കൂടി ആണെങ്കിലും അംഗീകരിക്കപ്പെടുന്നു.
എന്നാൽ ഒന്നോ അതിലധികമൊ വരുന്ന മെത്രാൻമാരുടെ ഒരു ന്യുനപക്ഷം ഒരു പ്രത്യേക വിഷയത്തിൽ ശക്തമായി വിയോജിക്കുകയോ അല്ലെങ്കിൽ അവർ ശക്തമായ പിന്മാറ്റം കാണിക്കുകയോ ചെയ്യുകയും ആയത് തിരുവേഴുത്തുകളുടെയും, സഭാ നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നു അവർ ചൂണ്ടികാണിക്കുകയും ചെയ്‌തു എന്നു വിചാരിക്കുക. ഇങ്ങനെ സംഭവിച്ചാൽ ഭൂരിപക്ഷ തീരുമാനം കർത്താവിൽ നിന്നുള്ളതല്ല എന്ന ആന്തരിക ബോധത്തോടെ ആണ് ന്യുനപക്ഷ മെത്രാൻമാർ പ്രവർത്തിക്കുന്നത് എങ്കിൽ, ഭൂരിപക്ഷ മെത്രന്മാർ ന്യുനപക്ഷത്തിന്റെ വിയോജിപ്പോ മടിയോ കർത്താവിൽ നിന്നുള്ള ഒരു പരിശോധനയായി തിരിച്ചറിയണം. നടപടി തടയണം. തുടർന്ന്, കൂടുതൽ ചർച്ചകളിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവഹിതം അവൻ്റെ വചനത്തിലൂടെ അന്വേഷിക്കുന്നതിലൂടെയും സിനഡ് വിഷയത്തിൽ ഐക്യതയോടെ പ്രവർത്തിക്കണം. ഇതാകുന്നു വിശുദ്ധ സഭയുടെ സിനഡാലിറ്റിയുടെ പൊതു സ്വഭാവം. ജനാധിപത്യ മതേതര രാഷ്ട്രീയ സംവിധാനങ്ങളിലെ ഭൂരിപക്ഷ തീർപ്പ്പോലെയല്ല മറിച്ച് ആത്മാവിൽ ഉള്ള നിർബന്ധിത ഐക്യതയാണ് എപ്പിസ്കോപ്പൽ സിനഡ് ദൈവികമാണ് എന്നുള്ളതിന്റെ പ്രകടമായ മുദ്ര.
കർത്താവ് തൻ്റെ ഇഷ്ടം സഹമെത്രാൻ / മാർ വഴി വെളിപ്പെടുത്തുമ്പോൾ മറ്റു അംഗങ്ങൾക്ക് അവരോടുള്ള സഹകരണ സംവേദനക്ഷമതയാണ് സിനഡാലിറ്റിയിൽ പ്രധാനം. കർത്താവ് വാഗ്ദത്തം ചെയ്യുന്നു, "ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
നീ കുതിരയെയും കോവര്‍കഴുതയെയുംപോലെബുദ്‌ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവനിന്റെ വരുതിയില്‍ നില്‍ക്കുകയില്ല." (സങ്കീര്‍ത്തനങ്ങള്‍ 32 : 8-9)
*തിരുത്തപ്പെടേണ്ട മനോഭാവം*
മെത്രാൻമാരും ജഢികസ്വഭാവങ്ങൾ ഉള്ളവർ തന്നെയാണ് അതുകൊണ്ട് തന്നെ അവർ പലപ്പോഴും തങ്ങളുടെ ജഢികപ്രവണത മൂലം പ്രാർത്ഥനയിലും കർത്താവിനെ കാത്തിരിക്കുന്നതിനും വേണ്ടി അധ്വാനിക്കുന്നതിന് പകരം തങ്ങളുടെ മനുഷ്യബുദ്ധി പ്രകാരം പ്രവർത്തിക്കുന്നതിലേക്ക് വീണു പോകാറുണ്ട്. കർത്താവിനോടുള്ള പ്രാർത്ഥനയുടെയും സമർപ്പണത്തിൻ്റെയും, പരസ്പര സഹകരണത്തോടെയുള്ള തീർപ്പിന്റെയും ശ്രമകരമായ പ്രക്രിയയെ മറികടക്കാൻ അധികാര സ്ഥാനങ്ങൾ ചിലപ്പോൾ ചില നേതാക്കളെയോ അവരുടെ സംഘത്തെയോ പ്രാപ്‌തമാക്കുകയും അത് അവരുടെ അണികളാൽ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം മാനുഷിക ജ്ഞാനത്തിലും സ്വയമഹിമയാലും ഉള്ള തീർപ്പുകളിൽ കർത്താവ് ആഗ്രഹിക്കുന്ന പരിശോധന ഉണ്ടാകുന്നില്ല. എന്നാൽ ഓർത്തോഡോക്സിയുടെ യഥാർത്ഥ സിനഡാലിറ്റി മുന്നോട്ടു വയ്ക്കുന്ന സമവായ സമ്പ്രദായം കൂടുതൽ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണെങ്കിലും അത് ദൈവഹിതം വെളിപ്പെടുത്തുകയും യഥാർത്ഥ ആത്മീയത നിറഞ്ഞുള്ള തീർപ്പ് ആകുകയും ചെയ്യുന്നു.
സത്യസഭയുടെ സിനഡാലിറ്റി തങ്ങളുടെ ശാഠ്യത്തെ അഭിമുഖീകരിക്കാനും സഹമെത്രാൻമാർക്ക് കീഴ്പ്പെടാനും 'സ്വന്തഇഷ്ട' സ്വഭാവം പ്രകടിപ്പിക്കുന്ന സിനഡ് അംഗങ്ങളെ നിർബന്ധിക്കുന്നു. എല്ലാ അംഗങ്ങളുടെയും സമർപ്പിത മനോഭാവത്തോട് കൂടിയ സംയോജിത സഹകരണ ജ്ഞാനത്തിന് മുമ്പിൽ തീർപ്പുകൾ അംഗീകരിക്കപ്പെടേണ്ടതുണ്ട്. കനാനിലേക്കു അയയ്ക്കപ്പെട്ട 12 ഒറ്റുകാർ ഈ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ,യോശുവയുടെയും കാലേബിൻ്റെയും വീക്ഷണം അവർ പുനർവിചിന്തനം ചെയ്യുമായിരുന്നു. അവിടെ ന്യൂനപക്ഷത്തിന് ദൈവത്തിൻ്റെ വീക്ഷണമുണ്ടായിരുന്നു; ഭൂരിപക്ഷത്തിനു തെറ്റായ കാഴ്ചപ്പാടായിരുന്നു.
അതുകൊണ്ട് സെക്കുലർ മാതൃകയിലുള്ള ഭൂരിപക്ഷ തീരുമാനം അല്ല മറിച്ച് ദൈവഹിതമാരായുന്ന സമർപ്പിത മെത്രാൻമാരുടെ സംഘത്തിന്റ സഹകരണ മനോഭാവത്തോട് കൂടിയ നിർബന്ധിത ഐക്യമാണ് സുറിയാനി സഭയുടെ ആത്മീയ വളർച്ചയുടെ നട്ടെല്ല് ആകുന്നത്. ഇതിന്റെ അഭാവം സഭയെ വീഴ്ചയിലേക്ക് നയിക്കും.
അംഗങ്ങൾ വിഭാഗീയത തിരഞ്ഞെടുക്കുന്ന പക്ഷം എപ്പിസ്കോപ്പൽ സിനഡിനുള്ളിലെ നിസ്സഹകരണം സഭയുടെ അണികളിലുടനീളം വ്യാപിക്കും. വിശ്വാസികളിൽ അനേകർ തങ്ങൾ പൌലോസിന്റെ പക്ഷമെന്നും, കീപ്പായുടെ പക്ഷമെന്നും, അപ്പോളോസ്സിന്റെ പക്ഷമെന്നും എല്ലാം പ്രഖ്യാപിച്ചുകൊണ്ട് വേർതിരിയും. അതായത് "ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രി സ്‌തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്"(1 കോറിന്തോസ് 1 : 12). എന്നാൽ, ആത്മീയമായി പക്വതയുള്ള മെത്രാൻമാരുടെ ഏകകണ്ഠമായ തീരുമാനം, ദൈവവചനത്തെയും പ്രാർത്ഥനയെയും അടിസ്ഥാനമാക്കിയുള്ള തുറന്ന ചർച്ചയ്‌ക്കൊടുവിൽ, തെറ്റുപറ്റാത്തതല്ലെങ്കിലും, വളരെയധികം പ്രശ്നങ്ങൾക്ക് പരിഹാരം ഉളവാക്കും. അങ്ങിനെയുള്ള സിനഡ് തീരുമാനങ്ങൾ നിസ്സാരമായി വെല്ലുവിളിക്കപ്പെടില്ല. അത് സഭയിൽ ഐക്യം പ്രോത്സാഹിപ്പിക്കും ( 1 കൊരി. 1:10; എഫെ. 4:3; ഫിലി. 1:27; 2:2; 4:2-3).
*ചില അനുമാനങ്ങളും തത്വങ്ങളും*
▫️ക്രിസ്തു തൻ്റെ സഭയുടെ തലവനാണ്, പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിക്കുന്ന ആത്മീയമായി പക്വതയുള്ള ഒരു എപ്പിസ്കോപ്പൽ സിനഡിലെ അംഗങ്ങൾ ആയ ആചര്യന്മാരിലൂടെ അവൻ തൻ്റെ സഭയെ ഭരിക്കുന്നു.
▫️ മെത്രാൻമാർ ആത്മീയമായി പക്വതയുള്ളവരും സംവേദനക്ഷമത ഉള്ളവരുമായിരിക്കണം. അവർ 1 തിമോത്തിയോസ് 3 ലും തീത്തോസ് 1 ലും വ്യക്തമാക്കിയിട്ടുള്ള യോഗ്യതകൾ ഉള്ളവർ ആയി കണക്കാക്കുന്നു. വിശേഷിച്ചും, ഒരു മെത്രാൻ സ്വയേച്ഛാശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്നവനായിരിക്കരുത് (തീത്തോസ് 1:7), അങ്ങനെയേങ്കിൽ എല്ലായ്‌പ്പോഴും സ്വന്തം വഴി നിർബന്ധിച്ച് സിനഡിന്റെ മുഴുവൻ പ്രക്രിയയും തടസ്സപ്പെടുത്താൻ കാരണമാകാം. ഇത്തരം കേന്ദ്രീകൃത ഇച്ഛാ സ്വഭാവം സമവായ സംവിധാനത്തിൻ്റെ ദൗർബല്യമാണ്.
▫️ ദൈവത്തിന് തൻ്റെ സഭയെ സംബന്ധിച്ച് ഒരു ഹിതമുണ്ട്. ഓരോ മെത്രാൻന്മാരും സിനഡാകുന്ന ഏകശരീരത്തിന്റെ അവയവങ്ങൾ ആണ്. ഈ ശരീരത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തൻ്റെ സഭയുടെ സിനഡിനെ ഒരേ സമയം രണ്ട് ദിശകളിലേക്ക് നയിക്കില്ല.
▫️ക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭയുടെ മെന്റൽ ഫാക്കൽറ്റി അഥവാ മസ്തിഷ്കമാണ് സിനഡ്. അതിലെ അംഗങ്ങൾ പരസ്പരാശ്രിതരാണ്, സ്വതന്ത്രരല്ല. അവർക്ക് ഒരുമിച്ച് ദൈവത്തിൻ്റെ ജ്ഞാനമുണ്ട്, എന്നാൽ ആദ്യമായി പരസ്പരം കീഴടങ്ങാനും പരസ്പരം പഠിക്കാനും അവർ പഠിക്കണം. (ആദിമ സഭയിലെ പ്രവർത്തന തത്വത്തിനായി അപ്പോസ്‌തോല പ്രവൃത്തികൾ 15:1-29 വായിക്കുക.)
▫️പ്രാദേശിക സഭ എന്നുള്ള നിലയിൽ മലങ്കരയിലെ യാക്കോബായ സഭയെയും / ക്നാനായ സഭയെയും സംബന്ധിച്ച് ദൈവത്തിന് ഒരു ഹിതമുണ്ടെന്നും ഒരേ സമയം അവൻ പ്രാദേശിക സഭയെയും മാതൃസഭയായ അന്ത്യോക്യൻ സുറിയാനി ഓർത്തോഡോക്സ് സഭയെയും രണ്ട് ദിശകളിലേക്ക് നയിക്കുകയില്ലെന്നുമുള്ളത് വേദശാസ്ത്ര അടിസ്ഥാനത്തിൽ ഉള്ള ഒരു തത്ത്വമാകുന്നു.
ഇതിനെതിരെ പ്രവർത്തിക്കുന്ന മെത്രാൻ തന്റെ വിളി പ്രകാരമുള്ള നിയോഗത്തിനു ചേരുന്ന 'സഹകരണ മനോഭാവത്തോട് കൂടിയ നിർബന്ധിത ഐക്യതയ്ക്ക്' എതിരാകുന്നു നിൽക്കുന്നത്. അങ്ങനെ ഉള്ളവർ തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ ചാടുവാൻ ആണ് കർത്താവ് കൽപ്പിക്കുന്നത്. അവനെ അനുഗമിക്കുന്നവരും അങ്ങനെ തന്നെ.
▫️മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നത് ഒരു ശ്രേഷ്ഠ കാര്യം ആകുന്നു. എന്തുകൊണ്ടന്നാൽ പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതി, "മെത്രാന്‍സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നതു സത്യമാണ്" (1 തിമോത്തേയോസ് 3 : 1).
എന്നാൽ ഒരുവൻ തന്റെ സഹോദരൻമാരായ സ്ഥാനർഥികളെ അപകീർത്തി പെടുത്തുകയും, സ്ഥാനനേട്ടത്തിനായി കുൽസിത മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്ന പക്ഷം സ്വയം തന്റെ അയോഗ്യത തെളിയിക്കുന്നു. എന്തെന്നാൽ, സിനഡാലിറ്റിയുടെ മുഖമുദ്രയായ 'സഹകരണ മനോഭാവത്തോട് കൂടിയ നിർബന്ധിത ഐക്യം' എന്ന മനോഭാവം അവനിൽ ഇല്ല എന്നതിനാൽ തന്നെ. ആദ്യം അവൻ അനുതപിക്കേണ്ടിയിരിക്കുന്നു. അനുതാപം യോഗ്യതയിലേക്ക് നയിക്കുന്നു. ഇത് യോഗ്യതാ മാനദണ്ഡങ്ങളുടെ ഒരു അംഗീകൃത തത്വമാകുന്നു.
*ഉപസംഹാരം*
ക്രിസ്തുവിനെ കൂടാതെ സൂര്യനു കീഴിൽ ഉള്ള എല്ലാം വ്യർത്ഥമാകുന്നു എന്നു കൊഹ്‌ലത്തു നമ്മോട് സാക്ഷിക്കുന്നു. ക്രിസ്തുവില്ലങ്കിൽ സിനഡും വ്യർത്ഥമാകുന്നു. ക്രിസ്തുവിൽ പുതിയ സൃഷ്ടിയാകുക എന്നുള്ളത് തന്നെയാണ് യഥാർത്ഥത്തിൽ ഉള്ള വെല്ലുവിളി. ക്രിസ്തുവിനെ ഉപേക്ഷിച്ചു വ്യർത്ഥമായ മഹത്വത്തിനു പിന്നാലെ ഓടുമ്പോൾ സ്വയം നശിക്കുക മാത്രം അല്ല അനേകർക്ക് ഇടർച്ചയ്ക്ക് കാരണഭൂതനാകുകയും ചെയ്യുന്നു. നിയോഗത്തിനു ഉതകുന്ന സഹകരണം ആണ് വേണ്ടത്. വിഭാഗ്ഗീയത ക്രിസ്തുവിനെതിരെ ഉള്ളവരുടെ ആയുധം ആണ്. സഹകരണ മനോഭാവത്തൊടു കൂടിയ നിർബന്ധിത ഐക്യത ക്രിസ്തുവിൽ ഉള്ളവർക്ക് മാത്രം സാധിക്കുള്ളു. ക്രിസ്തുവിൽ ആകുക എന്നത് ആണ് കാര്യം. അനുതാപം ആണ് ക്രിസ്തുവിലേക്കു നയിക്കുന്നത്.
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ