ഏവൻഗേലിയോൻ ശുശ്റൂക്ഷയും കരിസ്മാറ്റിക് പ്രതിഭാസങ്ങളും*



(ബാർ യുഹാനോൻ റമ്പാൻ, ഗത്സീമോൻ ദയറ, പിറമാടം)



*ആമുഖം*

 "ഏവൻഗേലിയോൻ", "കരിസ്മാറ്റിക്" എന്നീ രണ്ട് പദങ്ങൾ വ്യത്യസ്തങ്ങൾ ആണെങ്കിലും തെറ്റിദ്ധാരണ മൂലം പലപ്പോഴും കൃത്യമായ അർത്ഥങ്ങളോടെ ഉപയോഗിക്കണമെന്നില്ല. "കരിസ്മാറ്റിക്" എന്ന പദം സാധാരണയായി പരിശുദ്ധ റൂഹയുടെ കൃപാദാനങ്ങളുടെ ദൃശ്യമായ പ്രതിഫലനങ്ങൾ കാണപ്പെടുന്നു എന്ന് അവകാശപ്പെടുന്ന സുവിശേഷയോഗങ്ങളെ ഉദ്ദേശിച്ച് ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ കരിസ്മാറ്റിക് എന്നത് കൃപ എന്നർത്ഥം ഉള്ള 'കാരിസ്' എന്നും വരം (gift)എന്ന് അർത്ഥം ഉള്ള 'മാറ്റ' എന്നും വിളിക്കുന്ന രണ്ടു ഗ്രീക്ക് പദങ്ങളുടെ സംയോജിത രൂപമാണ് അതായത് കൃപാവരം (grace-gift). കൃപ എന്നത് അർഹത കൂടാതെ ലഭിക്കുന്ന നന്മകൾ ആണ്. കൃപ പൂർണ്ണമായും ദൈവദാനമാണ്. പ്രത്യേകിച്ച് യഥാർത്ഥത്തിൽ ഉള്ള കൃപാവരം (Charismata) എന്നത് പരിശുദ്ധ ആത്മഫലങ്ങൾ പുറപ്പെടുവിക്കുന്ന മനുഷ്യരിൽ കാണുന്ന പ്രതിഫലനങ്ങൾ ആണ്. പരിശുദ്ധ റൂഹായുടെ ഫലങ്ങൾ എന്താണ് എന്ന് ഗലാത്യലേഖനം വിവരിക്കുന്നത് ഇപ്രകാരം ആണ് ; "എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,

സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല" (ഗലാത്തിയാ 5 : 22-23). എന്നാൽ ഈ ഫലങ്ങൾ ഉള്ള എല്ലാവരും വിവിധ കരിസ്മാറ്റ പ്രതിഫലിപ്പിക്കണം എന്ന് യാതൊരു നിബന്ധനയും ഇല്ല. പിതാവിന്റെ സ്നേഹം നിറഞ്ഞ മനുഷ്യൻ പുത്രന്റെ കൃപയാൽ ആത്മാവിൽ നിന്നും പ്രാപിക്കുന്ന ഏറ്റവും വലിയ കരിസ്മാറ്റ എന്നത് നിബന്ധന കൂടാതെ ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കാൻ ഉള്ള കഴിവ് ആണ്. ഈ സ്നേഹം ഗ്രീക്കിൽ അഗാപ്പെ എന്ന വാക്ക് കൊണ്ടു സൂചിപ്പിക്കുന്നു. സ്നേഹം കൂടാതെ ഉള്ള യാതൊരു കരിസ്മാറ്റയും യഥാർത്ഥത്തിൽ ആത്മീയമല്ല എന്ന് പൗലോസ് കോരിന്ത്യർക്കു എഴുതി, "ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.

എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല" (1 കോറിന്തോസ്‌ 13 : 1-2).


സാധാരണയായി കരിസ്മാറ്റിക് യോഗങ്ങളിൽ കരിസ്മാറ്റ അഥവാ കൃപാവരങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതായ അന്യഭാഷകളിൽ സംസാരിക്കുക, പ്രവചനങ്ങൾ, ഭാഷകളുടെ വ്യാഖ്യാനം, ചിലപ്പോൾ "അറിവിന്റെ വചനം" എന്നിങ്ങനെയുള്ള ദാനങ്ങളാണ്. ഈ പ്രത്യേക ആത്മീയ ദാനങ്ങൾ അടയാള വരങ്ങളായി പുതിയ നിയമ സഭയുടെ പ്രാരംഭകാലത്ത് നിലനിന്നിരുന്നതായി ഓർത്തഡോൿസ്‌ വേദശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു. എന്നാൽ അവ മൂന്നു നാല് നൂറ്റാണ്ടുകൾക്ക് ശേഷം അപൂർവ പ്രതിഭാസമായിക്കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു എന്നും അവ സാധാരണ ജാതികളുടെ ഇടയിലെ സുവിശേഷ ശുശ്റൂക്ഷകളിൽ മാത്രമായി ചിലപ്പോൾ പ്രത്യക്ഷപെടുകയും മറ്റു ചിലപ്പോൾ പക്വത പ്രാപിച്ച സഭയിൽ പീഡയുടെ കാലങ്ങളിൽ അപൂർവ്വമായി കടന്നു വരുകയും വീണ്ടും അപ്രത്യക്ഷമാകയും ചെയ്യുന്നു. ഇവ ഒരു വേള കഴിഞ്ഞു നീങ്ങി പോകുമെന്ന് പൗലോസ് സാക്ഷിക്കുന്നുണ്ട്, "സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. *പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും.നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്‌.*

പൂര്‍ണമായവ ഉദിക്കുമ്പോള്‍ *അപൂര്‍ണമായവ അസ്‌തമിക്കുന്നു"* (1 കോറിന്തോസ്‌ 13 : 8-10). 

അതേ സമയം ആത്മീയ അദ്ധ്യാപനം, ശുശ്റൂക്ഷ, സഭാഭരണം മുതലായ മറ്റ് ആത്മീയ ദാനങ്ങൾ ഇന്നും സഭയിൽ നിലനിൽക്കുന്ന കരിസ്മാറ്റകളാണെന്ന് കരിസ്മാറ്റിക്കും കരിസ്മാറ്റിക് അല്ലാത്തവരും ആയ ആളുകൾ സമ്മതിക്കും.


*കരിസ്മാറ്റിക് ശുശ്റൂക്ഷ*


കരിസ്മാറ്റിക് വിശ്വാസികൾക്കിടയിൽ സാധാരണയായി ഒരു പ്രത്യേക രീതിയിലുള്ള ആരാധനയുണ്ട്, അത് കൂടുതൽ ഊർജ്ജസ്വലവും കൂടുതൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നതുമാണ്. ഇത്തരം ആരാധനയിൽ മേൽപ്പറഞ്ഞവയും, അല്ലാത്തവയുമായ കരിസ്‌മാറ്റകൾ (എന്ന് അവർ അവകാശപ്പെടുന്നു) പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി കരിസ്മാറ്റിക്കുകാരിൽ മാത്രമായി നിലനിന്നിരുന്ന ചില ആചാരങ്ങളും ആരാധനാ രീതികളും ഇപ്പോൾ പക്വത പ്രാപിച്ചവർ എന്ന് വിളിക്കപ്പെടുന്ന പൗരാണിക സഭകളിലെ ഒരു വിഭാഗം മേൽപ്പട്ടക്കാരും പുരോഹിതരും സ്വീകരിച്ചതായി എനിക്ക് തോന്നുന്നു.


ക്ലാസിക്കൽ പെന്തക്കോസ്തലിസം ഒരു പ്രൊട്ടസ്റ്റന്റ് കരിസ്മാറ്റിക് ക്രിസ്ത്യൻ പ്രസ്ഥാനമാണ്. അത് ആവർത്തിച്ചുള്ള പരിശുദ്ധാത്മ സ്നാനത്തിലൂടെ ദൈവത്തിന്റെ നേരിട്ടുള്ള വ്യക്തിപരമായ അനുഭവം ലഭിക്കുമെന്ന് പഠിപ്പിക്കുന്നു. പെന്തെക്കോസ്ത് കരിസ്മാറ്റിസ്സിസം സൂചിപ്പിക്കുന്നത് പെന്തെക്കൊസ്തി പെരുന്നാൾ ദിവസത്തിലെ അപ്പോസ്തലന്മാരുൾപ്പെടെ കൂടിയിരുന്ന വിശ്വാസികൾക്കുണ്ടായ പരിശുദ്ധാത്മസ്നാനത്തിന്റെ അനുഭവങ്ങൾ ഇപ്പോഴും പ്രത്യക്ഷമായി തന്നെ ലഭിക്കും എന്നുള്ള വിശ്വാസം ആണ്. എന്നാൽ ഒരു പ്രസ്ഥാനം എന്നുള്ള നിലയിൽ ഇതിന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണം ചാൾസ് ഫോക്സ് പർഹാം എന്ന ഒരു സ്വതന്ത്ര Holiness Evangelist മൂവ്മെന്റ് പ്രവർത്തകൻ വഴി ആണ്. ഇയാൾ ആദ്യം ഒരു മെത്തഡിസ്റ്റ് സഭാ അംഗമായിരുന്നു. പിന്നീട് ഒരു ബൈബിൾ സ്കൂൾ സ്വന്തമായി തുടങ്ങി. പരിശുദ്ധാത്മ സ്നാനം സ്വീകരിക്കുന്നതിനുള്ള വേദപുസ്തക തെളിവാണ് *അന്യഭാഷകളിൽ സംസാരിക്കുന്നത്* എന്ന് അദ്ദേഹം അവിടെ പഠിപ്പിച്ചു. 1901 ജനുവരി 1 ന്, രാത്രിയിലെ ഒരു ജാഗരണ ശുശ്രൂഷയ്ക്ക് ശേഷം, തന്റെ വിദ്യാർത്ഥികൾ പരിശുദ്ധാത്മാവിനാൽ സ്നാനം സ്വീകരിച്ചതിന്റെ ഫലമായി അന്യഭാഷകളിൽ സംസാരിച്ചതിന്റെ തെളിവുകൾ പുറത്തുവിട്ടു. പരിശുദ്ധാത്മസ്നാനം (Spirit Baptism) പരിവർത്തനത്തിനും (Conversion) വിശുദ്ധീകരണത്തിനും (Sanctification) ശേഷമുള്ള മൂന്നാമത്തെ ക്രിസ്തീയ അനുഭവമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. വിശുദ്ധീകരണം വിശ്വാസിയെ ശുദ്ധീകരിക്കുന്നു എന്നാൽ ആത്മ സ്നാനം വിശ്വാസജീവിതത്തിനു ശക്തി നൽകുന്നു എന്നും ആയതിനാൽ പെന്തകോസ്ത് ആരാധനയിലൂടെ ആത്മസ്നാനം പ്രാപിക്കുന്നവർ കരിസ്മാറ്റിക് അനുഭവങ്ങൾ ലഭിച്ചവർ ആകുമെന്നും അത് അവർ പ്രകടിപ്പിക്കുകയും ചെയ്യാൻ അദ്ദേഹം പ്രേരിപ്പിച്ചു. പർഹാമിന്റെ മൂവ്മെന്റ് മറ്റുള്ള സ്വതന്ത്രസഭകളും ഏറ്റെടുത്തു. ഇത് അനേകം പെന്തകോസ്ത് കരിസ്‌മറ്റിക് സഭകളുടെ വളർച്ചയ്ക്കും കാരണമായി തീർന്നു.


കരിസ്മാറ്റിക് സുവിശേഷ പ്രസംഗവും പൗരാണിക അപോസ്ത്തൊലിക സഭകളുടെ ഓർത്തോഡോക്സ് സുവിശേഷ പ്രസംഗവും തമ്മിൽ ആനയും ആടും പോലെ വ്യത്യാസം ഉണ്ട്. കരിസ്മാറ്റിക് സുവിശേഷം ഒരു തൽക്ഷണ (instant result) നിവർത്തി ആണ് അതിന്റെ വിജയം ആയിട്ട് കണക്കാക്കുന്നത്. പ്രസംഗകന്റെ മേലുള്ള ആത്മഅഭിഷേകശക്തി (അങ്ങനെ അവകാശപെടുന്നു) ആണ് അവരുടെ വചനപ്രസംഗത്തിന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാന പ്രമാണം. തന്മൂലം കരിസ്മാറ്റ പ്രതിഭാസം ഉളവാകുന്നു- അല്ലങ്കിൽ അവർ ഉളവാക്കുന്നു.


*ഓർത്തോദുക്സൊ സുവിശേഷം*


സത്യസഭയുടെ സുവിശേഷം പൂർണ്ണമായും രണ്ടു സ്രോതസുകളിൽ നിന്ന് ആണ്. ഒന്ന് വിശുദ്ധ ഗ്രന്ഥവും രണ്ടാമത് അപ്പോസ്തോലിക പാരമ്പര്യവും ആണ് ആ ശ്രോതസ്സ്കൾ. ഇതിൽ വിശുദ്ധ ഗ്രന്ഥത്തിലെ ദൈവവചനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആണ് സുവിശേഷം ഘോഷിക്കപ്പെടുന്നത്. പക്ഷെ അതിന്റെ ശുശ്റൂക്ഷ കൃത്യമായും അപ്പോസ്ത്തോലിക പാരമ്പര്യം മുൻനിർത്തി ആയിരിക്കണം. ഇവിടെ അപ്പോസ്ത്തോലിക പാരമ്പര്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അപ്പോസ്ത്തോലിക സഭകളുടെ വ്യാഖ്യാനശാസ്ത്രം (Hermeneutics) ആണ്.


എത്തിയോപ്യക്കാരൻ ഷണ്ഡൻ തന്റെ തേരിൽ ഇരുന്നു തിരുവഴുത്തുകൾ വായിക്കുമ്പോൾ ഫിലിപ്പോസ് ശേമ്മാശനെ ദൈവം അവിടെ എത്തിക്കുകയും, "പീലിപ്പോസ്‌ അവന്റെ യടുക്കല്‍ ഓടിയെത്തി; അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്‌, ചോദിച്ചു: *വായിക്കുന്നതു നിനക്കു മനസ്‌സിലാകുന്നുണ്ടോ?*"

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 30). അതിന് അയാൾ മറുപടി ആയിട്ട്, "*ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്‌സിലാക്കുക?* രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ പീലിപ്പോസിനോട്‌ അവന്‍ അപേക്‌ഷിച്ചു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 31). സുവിശേഷ പ്രസംഗകന്റെ ചുമതല ഫിലിപ്പോസ് ചെയ്ത ശുശ്റൂക്ഷ ആണ്. വായിക്കുന്ന വചനഭാഗം വ്യാഖ്യാനിച്ച് കൊടുക്കണം.


ബൈബിൾ വ്യാഖ്യാനിച്ച് കൊണ്ടുള്ള പ്രസംഗം ആണ് യഥാർത്ഥത്തിൽ സുവിശേഷ പ്രസംഗം. ഇത് വളരെ പ്രധാനമായ ഒരു ശുശ്റൂക്ഷയാണ് കാരണം വിശ്വാസികൾക്ക് പരിശുദ്ധ സഭയുടെ പഠിപ്പിക്കലുകൾ ശരിയായി മനസ്സിലാക്കുന്നതിന് വചന പ്രസംഗം അത്യന്താപേക്ഷിതമാണ്. യേശുവിനെയും അവന്റെ ഏവൻഗേലിയൊനും അറിയുന്നതിന് വേണ്ടി തിരുവെഴുത്തുകൾ ആസ്പദമാക്കി സുവിശേഷ പ്രസംഗം നാം കേൾക്കണം. എങ്കിൽ മാത്രമേ വിശുദ്ധ ഏവൻഗേലിയോനിലെ നസ്രായനായ യേശുവിനെ "എന്റെ കർത്താവും എന്റെ രക്ഷിതാവും" എന്ന് വിളിക്കാൻ കഴിയുള്ളു. ബൈബിൾ വ്യാഖ്യാനത്തിൽ അപ്പോസ്ത്തോലിക പാരമ്പര്യം അനുസരിച്ചുള്ള വ്യാഖ്യാനരീതി ശ്രദ്ധിച്ചില്ലങ്കിൽ വിവിധ പ്രശ്നങ്ങൾ ഉണ്ടാകാം. ബൈബിൾ വിവരണങ്ങളും സമകാലിക സാഹചര്യങ്ങളും തമ്മിലുള്ള വിവിധ 'വിടവുകൾ' (gaps) കാരണം ഈ പ്രശ്നങ്ങൾ പുറത്തുവരാം. കാലക്രമ പ്രശ്നം (time gap), ഭൂമിശാസ്ത്ര പ്രശ്നം (space gap), സാംസ്കാരിക പ്രശ്നം (Custom gap), ഭാഷാ പ്രശ്നം (language gap), സാഹിത്യ പ്രശ്നം (literary gap) മതപരമായ പ്രശ്നം (spiritual gap) എനിങ്ങനെ നിരവധി വിടവുകളും അത് മൂലം ഉള്ള പ്രശ്നങ്ങളും ഉണ്ട്.വായിക്കുന്ന തിരുവേഴുത്തുകളിൽ നിന്നും മിശിഹായെ പറ്റി അല്ലെങ്കിൽ മിശിഹാ വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ പറ്റി നമുക്ക് അജ്ഞാതമായതും അറിഞ്ഞിരിക്കേണ്ടതും ആയുള്ള ദൈവിക വെളിപ്പെടുത്തലുകൾ സുവിശേഷകൻ വ്യാഖ്യാനിച്ച് പ്രഘോഷിക്കുന്നു.ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടു പ്രഘോഷിക്കുന്ന സുവിശേഷം വിടവുകൾ നികത്തി ഇന്നത്തെ സാഹചര്യത്തിനുൾക്കൊള്ളുന്ന വിധത്തിൽ ആയിരിക്കണം. എന്നാൽ സത്യത്തിൽ നിന്ന് ഒരണുവിട മാറി പോകുകയും അരുത്.


അപ്പോസ്ത്തോലിക വ്യാഖ്യാന പാരമ്പര്യം (Apostolic Hermeneutical Tradition) ഒരേ സമയം വേദശാസ്ത്രവും ആരാധനയുമാണ്. വേദശാസ്ത്രമെന്ന നിലയിൽ, അത് ദൈവികതത്വങ്ങൾ (divine principles)വിശദീകരിക്കുന്നു, മനുഷ്യചിന്തയുടെയും ഭാഷയുടെയും വഴിയിലൂടെ അത് അന്വേഷിക്കുകയും ലഭ്യമാകുന്ന വസ്തുതകളും(facts) ഫലങ്ങളും(results) ഈ ദൈവശാസ്ത്ര ജ്ഞാനം തരംതിരിക്കുകയും ചെയ്യുന്നു. ഒരു ആരാധന എന്ന നിലയിൽ, ഈ തത്ത്വങ്ങൾ എങ്ങനെ പ്രയോഗത്തിൽ വരുത്തേണ്ടിയിരിക്കുന്നതെന്ന് ഇത് പഠിപ്പിക്കുന്നു, കൂടുതൽ ബുദ്ധിമുട്ടുള്ള തിരുവെഴുത്തുകളുടെ വിശദീകരണത്തിനായി (elucidation) അവയുടെ പ്രായോഗിക മൂല്യം (practical value) ആരാധനയിലൂടെ കാണിക്കുന്നതിനാൽ അവയുടെ സുസ്ഥിരത നന്നായി സ്ഥാപിക്കുന്നു. അപ്പോസ്തോലിക വ്യാഖ്യാന പാരമ്പര്യം അങ്ങനെ ഒരു സാധുവായ സുവിശേഷനടപടിക്രമം വളർത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നു.


*ഉപസംഹാരം*

ഒരു പ്രബോധന സാഹചര്യത്തിൽകൂടി ദൈവവചനത്തിന്റെ അർത്ഥവും പ്രസക്തിയും വിശ്വാസികളിലേക്ക് ആശയവിനിമയം നടത്തുന്ന ദൈവിക തത്വാധിഷ്ടിതമായ ആരാധന തന്നെ ആണ് സുവിശേഷ പ്രസംഗം. ആയതു കൊണ്ടു പരിശുദ്ധ സഭ സുവിശേഷ പ്രഘോഷണത്തെ 'വചനത്തിന്റെ ആരാധന' (Liturgy of Word) എന്ന് വിളിക്കുന്നു. ഈ വചനാരാധനയിൽ പഴയ നിയമത്തിൽ പഞ്ചഗ്രന്ഥം, പദ്യ -വിജ്ഞാന പുസ്തകങ്ങൾ, ചരിത്ര പുസ്തകങ്ങൾ, പ്രവാചക പുസ്തകങ്ങൾ എല്ലാം വായിക്കുന്നു. പുതിയ നിയമത്തിൽ നിന്നും സാർവ്വത്രിക ലേഖനങ്ങൾ, പ്രവർത്തികൾ, പൗലോസിന്റെ ലേഖനങ്ങൾ എന്നിവയും നമ്മുടെ കർത്താവായ യേശു മിശിഹായുടെ വിശുദ്ധ ഏവൻഗേലിയോനും വായിക്കുന്നു. കൂടുതൽ ബുദ്ധിമുട്ട് ഉള്ള തിരുവേഴുത്തുകളിൽ ഒന്നായ വെളിപാട് പുസ്തകം അതിന്റെ വിശദീകരണത്തിനായി അതിന്റെ പ്രായോഗിക മൂല്യം മൂലം ആരാധനയിൽ ഉൾക്കൊള്ളിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരിശുദ്ധ സഭ യഥാർത്ഥത്തിൽ ഉള്ള ഒരു സത്യ 'കരിസ്മാറ്റ' അനുഭവം വിശ്വാസികൾക്ക് നൽകുന്നു. ഇവിടെ ഒരു തൽക്ഷണ സൗഖ്യം (instant heal) സഭ അവകാശപ്പെടുന്നില്ല. എന്നാൽ വിശ്വാസത്തോടെ ഈ ജീവന്റെ സുവിശേഷം സ്വീകരിക്കുന്ന ഏവരിലും പരിശുദ്ധ റൂഹ പ്രവർത്തിക്കുന്നു. അവർ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങള്‍