വിശുദ്ധരുടെയും മറ്റും ഓർമ്മ ആചരിക്കുമ്പോൾ ത്രോണോസ്സിന്റെ മുൻപിൽ താഴെ കുരിശു വച്ചിട്ട് രണ്ടു sideൽ തിരി കത്തിച്ച് ധൂപം വയ്ക്കാറുണ്ടല്ലോ, അതുപോലെ മരിച്ചു പോയവരുടെ ഓർമ്മയ്ക്കും താഴെ ഹൈക്കലയിൽ കുരിശു വച്ചു ഒരു തിരി കത്തിച്ച് വച്ചു ധൂപം വയ്ക്കാറുണ്ടല്ലോ. ഇതിന്റെ ഒക്കെ കാരണം അല്ലെങ്കിൽ അർത്ഥം പറഞ്ഞു തരാമോ?




(ബാർ യുഹാനോൻ റമ്പാൻ ഗത്സീമോൻ ദയറ, പിറമാടം)

ആദിമ സഭയുടെ വിവിധ ആരാധന രീതികൾ വിശുദ്ധ തിരുവെഴുത്തുകൾ ആധാരമാക്കി ആണ് വികസിച്ചു വന്നത്. ഇതിൽ യോഹന്നാൻ ശ്ലീഹായ്ക്ക് ഉണ്ടായ വെളിപാടിൽ ധാരാളം സ്വർഗ്ഗീയ ആരാധന രീതികൾ ദർശിക്കുവാൻ സാധിക്കും. അപ്പോകാലിപ്റ്റിക്സ് സാഹിത്യത്തിൽ എഴുതിയ ഇത്തരം പ്രതീകാത്മക ആരാധന വിവരണങ്ങൾ പിൽക്കാലത്ത് അതിന്റെ എല്ലാ അർത്ഥവും ഉൾക്കൊണ്ടു കൊണ്ടു സുറിയാനി സഭയുടെ ദയറകളിൽ സന്യസ്ഥസമൂഹം തങ്ങളുടെ ആരാധന പാരമ്പര്യത്തിൽ ഉൾപ്പെടുത്തികൊണ്ടു ആരാധന കൂടുതൽ ദൈവവചന അധിഷ്ഠിതമാക്കുന്നതിൽ ഉത്സാഹിച്ചു.

വെളിപാട് പുസ്തകത്തിൽ യേശുക്രിസ്തു ആകുന്ന അറുക്കപ്പെട്ട കുഞ്ഞാട്  സ്വർഗ്ഗത്തിൽ സിംഹസനത്തിൽ ഇരിക്കുന്നവന്റെ കൈയ്യിൽ ഉള്ള 7 മുദ്രകൾ ഇട്ട പുസ്തകം വാങ്ങി വായിക്കുവാൻ തക്കവണ്ണം ജയം പ്രാപിച്ചു എന്നുള്ള വിവരം കാണിക്കുന്നു. ഇപ്രകാരം എഴുതിയിരിക്കുന്നു ; "സിംഹാസനസ്‌ഥന്റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്‌തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്‌ത കച്ചുരുള്‍ ഞാന്‍ കണ്ടു.

ശക്‌തനായ ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്‌?

എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതി ലേക്കു നോക്കാനോ കഴിഞ്ഞില്ല.

ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോയോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു.

അപ്പോള്‍ ശ്രേഷ്‌ഠന്‍മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്‌തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.

അപ്പോള്‍, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്‌ഠന്‍മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന്‌ ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ട്‌; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്‌ക്കപ്പെട്ട ദൈവത്തിന്റെ സപ്‌താത്‌മാക്കളാണ്‌. അവന്‍ ചെന്നു സിംഹാസനസ്‌ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി."  (വെളിപാട്‌ 5 : 1-7)

ഈ 7 മുദ്രകൾ എന്നത് പുസ്തകം വളരെ പ്രധാനപ്പെട്ടത് ആണ് എന്നുള്ളത് സൂചിപ്പിക്കുന്നു. യഹൂദ സിനഗോഗ് പാരമ്പര്യത്തിൽ അവിടെ സൂക്ഷിച്ചു വച്ചിരുന്നു മുദ്ര ഇല്ലാത്ത പുസ്തകം ആർക്കും വായിക്കാം, എന്നാൽ മുദ്രഇട്ട പുസ്തകം  യോഗ്യത  ഉള്ളവർ മാത്രം വായിക്കുകയും വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നുന്നുള്ളു.  7 മുദ്ര ആ പുസ്തകം വളരെ പ്രധാനപ്പെട്ടതും യോഗ്യത നേടിയ ആൾ മാത്രം വായിക്കാൻ അനുവാദം ഉള്ളതും എന്ന് കാണിക്കുന്നു. വെളിപാടിൽ ഉടനീളം പറയുന്ന ഈ പുസ്തകത്തിന്റെ പേര് 'ജീവന്റെ പുസ്തകം' എന്നാണ്. "ജീവന്റെ ഗ്രന്‌ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു" (വെളിപാട്‌ 20 : 15)

ജീവന്റെ പുസ്തകം വായിച്ചു വ്യാഖ്യാനം ചെയ്യുവാൻ മരണത്തെ ജയിച്ചവന് മാത്രം യോഗ്യത ഉണ്ടായിരുന്നുള്ളൂ അത് ക്രിസ്തു ആയിരുന്നു. കർത്താവ് ഓരോ മുദ്രകൾ വീതം തുറന്ന് പുസ്തകം വായിക്കുന്നത് ആണ് 6 ഉം 7 ഉം 8:1-5 അധ്യായങ്ങൾ വിവരിക്കുന്നത്. ഓരോ മുദ്ര തുറക്കുമ്പോഴും ഓരോ  സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇത് ക്രിസ്തു തന്റെ രക്തത്താൽ സ്ഥാപിച്ച പുതിയ നിയമത്തിന്റെ സ്വർഗ്ഗരാജ്യ സ്ഥാപനം മുതൽ അന്ത്യന്യായവിധിയ്ക്കായുള്ള രണ്ടാമത്തെ വരവിനു തൊട്ട് മുൻപു വരെയുള്ള കാര്യങ്ങൾ ആണ് മുദ്രകൾ തുറക്കുമ്പോൾ വിശദമാക്കുന്നത്.

 ചോദിച്ച ചോദ്യം ഇതിൽ 5 ആം മുദ്ര തുറക്കുമ്പോൾ ഉള്ള ഒരു സംഭവവികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്‌ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.

വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്‌ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ന്യായവിധി നടത്തി ഞങ്ങളുടെ രക്‌തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ്‌ എത്രത്തോളം വൈകും?

അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ധവളവസ്‌ത്രം നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി. (വെളിപാട്‌ 6 : 9-11)

അഞ്ചാം മുദ്ര തുറന്നപ്പോൾ വിവരിക്കുന്ന ദർശനം സത്യവിശ്വാസത്തോടെ നിദ്രപ്രാപിച്ചവരുടെ മരണാനന്തര അവസ്ഥയെ പറ്റിയാണ്.  ദൈവത്തിന്റെ വചനം വിശ്വസിച്ച് അതിന്റെ സാക്ഷികൾ ആയി ജീവിച്ച് മരിച്ച സഹദേൻമാർ, നിദ്ദ്ര പ്രാപിച്ച വിശ്വാസികൾ തുടങ്ങി എല്ലാ പരിശുദ്ധന്മാരുടെയും ആത്മാക്കൾ തങ്ങളുടെ ഭൗതീക ശരീരവും ലോകവും വിട്ടു കാലചക്രവും,സ്ഥലപരിധിയും വിട്ടു സ്വർഗീയ സിംഹസനത്തിന്റെ അഥവാ ബലിപീഠത്തിന്റെ ചുവട്ടിൽ എത്തി നിന്നും കൊണ്ട് നീതിയ്ക്കായി നിലവിളിക്കുന്നത് ആണ് ദർശനത്തിന്റെ ആദ്യ ഭാഗം. ഇവിടെ ബലിപീഠത്തിന്റെ ചുവട്ടിൽ എന്നത് കൊണ്ടു അർത്ഥം ആക്കുന്നത് പറുദീസ്സയെ ആണ്. സ്വർഗ്ഗം പ്രാപിച്ച് കഴിഞ്ഞിട്ടില്ല അത് അന്ത്യന്യായവിധിയ്ക്ക് ശേഷം മാത്രം ആണ്. ഇപ്പോൾ മധ്യാകാശം ആകുന്ന അബ്രഹാമ്യ മടിയിൽ ആണ് ആത്മാക്കൾ. ഈ intermediate stage ആണ് പറുദീസ്സ, അബ്രഹാമിന്റെ മടി, ഏദൻതോട്ടം, മൂന്നാം സ്വർഗ്ഗം, മധ്യാകാശം, മേഘം, മൂടൽ മഞ്ഞ് എന്നിങ്ങനെ വിവിധ പേരുകളിൽ വിശുദ്ധ ഗ്രന്ഥത്തിൽ വിവരിക്കുന്നത്.

ഇങ്ങനെ ബലിപീഠത്തിന്റെ ചുവട്ടിൽ അതായത് പറുദീസ്സയിൽ നിന്നും കൊണ്ട് നിലവിളിക്കുന്ന പരേതർക്ക് യേശു തമ്പുരാൻ ഒരു വെള്ളനിലയങ്കി കൊടുക്കുന്നു. ഇതാണ് കുഞ്ഞടിന്റെ കല്യാണവിരുന്നിൽ ധരിക്കാൻ ഉള്ള മഹത്വത്തിന്റെ വസ്ത്രം. ഇത് ലഭിച്ചവർ കർത്താവിന്റെ കല്പന പ്രകാരം മറ്റു സഹോദരങ്ങൾ കൂടി വന്നു തികയുവോളം അൽപ്പം വിശ്രമിക്കണം.  ഇങ്ങനെ അഞ്ചാം മുദ്ര തുറക്കുമ്പോൾ വിശ്വാസികളായി മരിച്ച പരേതരുടെ ആത്മാക്കളുടെ സൗഭാഗ്യ അവസ്ഥ വെളിപാട് പുസ്തകം വിവരിക്കുന്നു. വെളിപാട്‌ 7 : 11-12ൽ ഇവരുടെ വിശ്രമം കേവലം ഉറക്കം അല്ല മറിച്ച്  ശബത് നാളിനെ വിശുദ്ധീകരിക്കുക എന്നുള്ള കല്പന നിറവേറ്റുന്ന രീതിയിൽ ആരാധനയ്ക്ക് വേണ്ടി മാത്രം ഉള്ള വിശ്രമം ആണ് എന്ന് കാണാൻ സാധിക്കുന്നു, "അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്‌ന്നു വീണ്‌, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു, ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍."

തുടർന്നു വെള്ളനിലയങ്കി ധരിച്ച ഇവർ ആരെന്നു വചനം വ്യക്തമാക്കുന്നും ഉണ്ട് ; "ശ്രേഷ്‌ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞഇവര്‍ ആരാണ്‌? ഇവര്‍ എവിടെനിന്നു വരുന്നു?

ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്‌തത്തില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍.

അതുകൊണ്ട്‌ ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ആല യത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്‌ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക്‌ അഭയം നല്‍കും. (വെളിപാട്‌ 7 : 13-15)

ചുരുക്കി പറഞ്ഞാൽ സ്വർഗത്തിൽ മഹാസിംഹസനത്തിനു മുൻപിൽ ബലിപീഠത്തിനു ചുവട്ടിൽ നിൽക്കുന്ന മരണം അടഞ്ഞ വിശുദ്ധരുടെ ആത്മാക്കൾ രാപകൽ വ്യത്യാസം കൂടാതെ ദൈവത്തെ ആരാധിക്കുന്നു, അവർ ദൈവമുൻപാൻകെ ഭൂമിയിലെ സഭയുടെ വിമോചനത്തിനായി പ്രാർത്ഥിക്കുന്നു. നീതിയ്ക്കായ് നിലവിളിക്കുന്നു. ഇതേ സ്വർഗ്ഗീയ ബലിപീഠത്തിന്റെ പ്രതീകം ആണ് നമ്മുടെ ദൈവാലയത്തിൽ നമ്മൾ ദൈവവചന കേന്ദ്രീകൃതമായി  ക്രമീകരിച്ചിരിക്കുന്നത്. ആയതിനാൽ സ്വർഗ്ഗത്തിലെ ബലിപീഠത്തിന്റെ ചുവട്ടിൽ നിൽക്കുന്ന വിശുദ്ധർ നമുക്ക് വേണ്ടി പ്രാർത്ഥന നടത്തുന്നു എന്നും അവരോടു കൂടി ചേർന്നു നമുക്കും പ്രാർത്ഥിക്കാം എന്നുള്ളതും ആണ് കുരിശും കത്തിച്ച മെഴുകുതിരികളും വച്ചുള്ള മധ്യസ്ഥപ്രാർത്ഥനയുടെ അർത്ഥം.

ബലിപീഠത്തിന്റെ ചുവട്ടിൽ എന്ന് പറയുന്നത്  ബലിപീഠത്തിന്റെ പടി 'ദർഗ' ആണ്. ഈ ദർഗയിൽ ആണ് അതുകൊണ്ട് കുരിശും കത്തിച്ച മെഴുകുതിരികളും വയ്ക്കുന്നത്.

Notes:

1) വിശുദ്ധന്മാരുടെയും, പുരോഹിത സ്ഥാനികളുടെയും ഓർമ്മകൾ നടത്തുമ്പോൾ കുരിശും കത്തിച്ച മെഴുകുതിരികളും ദർഗ്ഗയിൽ ക്രമീകരിക്കണം.

2) പായ വിരിച്ച് ഇടുന്നതും അതിൽ പൗരോഹിത്യ അംശവസ്ത്രം വിരിച്ച് നാലു ചുറ്റും തിരികൾ കത്തിച്ചു വയ്ക്കുന്നത് എല്ലാം  തെറ്റായ പാരമ്പര്യം ആണ്.

3)  ഹൈക്കലായും ബലിപീഠത്തിന്റെ ചുവട് ഭാഗം ആണ്. ഇവിടെ ആണ് പരേതരായ മറ്റു വിശ്വാസികളുടെ ഓർമ്മകൾക്കു കുരിശും കത്തിച്ച മെഴുകുതിരികളും വച്ചു പ്രാർത്ഥന നടത്തുന്നത്. ഒരു തിരി കത്തിക്കുന്നത് തെറ്റ് ആണ്. ഇരു സൈഡ്ലും തിരികൾ കത്തിച്ച് വയ്ക്കണം.

4) മരകുരിശിൽ ഊറാറ ഇടുവിച്ചിരിക്കണം. അത് ഉത്ഥിത മണവാളനെയും അവനിൽ ചേർന്ന പരേതരെയും ആണ് സൂചിപ്പിക്കുന്നത്.

5) മെത്രാൻ സ്ഥാനികൾ തുടങ്ങിയവരുടെ ഓർമ്മയ്ക്ക് കസേരയിൽ അംശവസ്ത്രം വിരിച്ചു  വച്ചു  പ്രാർത്ഥന നടത്തുന്നതും തെറ്റായ പാരമ്പര്യം ആണ്. 

മേല്പറഞ്ഞ തെറ്റ്ആയ ആരാധന പാരമ്പര്യങ്ങൾ കൽദായരിൽ നിന്നുള്ള അനുകരണം ആണ്. സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഔദ്യോഗിക ആരാധന പാരമ്പര്യം  West Syriac Liturgical Tradition ആണ് അത് west ഉം east ഉം ഉള്ള എല്ലാവരും നിർബന്ധമായും പാലിക്കാൻ ബാധ്യസ്ഥരാണ്.

അഭിപ്രായങ്ങള്‍