എന്തുകൊണ്ടാണ് യേശു ക്രൂശിക്കപ്പെട്ടത്?
ബാർ യുഹാനോൻ റമ്പാൻ,
ഗത്സീമോൻ ദയറ,പിറമാടം)
ഗ്രീസിലെ കൊരിന്ത് നഗരത്തിലുള്ള സഭയ്ക്കു എഴുതിയ ഒന്നാം ലേഖനത്തിൽ, അപ്പോസ്തോലനായ പൗലോസ് കുരിശുമരണത്തെ "യഹൂദന്മാർക്ക് ഇടർച്ചയും വിജാതീയർക്ക് വിഡ്ഢിത്തവും" എന്ന് വിളിച്ചു (1 കൊരിന്ത്യർ 1:23). വിജാതീയർ ഗ്രീസിലെ ദേവനായ സിയൂസിനെയോ റോമിലെ ജൂപിറ്റർ ദേവനെയോ പോലെയുള്ള വിഗ്രഹങ്ങളെ ദൈവമായി ആരാധിക്കുന്നത് പതിവായിരുന്നു. ക്രൂശിക്കപ്പെട്ടെങ്കിലും ക്രിസ്ത്യാനികൾ യേശുവിനെ ദൈവമായി ആരാധിക്കുന്നു എന്നുള്ള ആശയം അവർക്ക് ഉൾക്കൊള്ളാൻ വലിയ പ്രയാസമായിരുന്നു. ശത്രുക്കളാൽ വധിക്കപ്പെട്ട ഒരുവനെ എന്തിന് ദൈവമായി ആരാധിക്കുന്നു എന്നുള്ള ഒരു ചോദ്യം സ്വാഭാവികമായി അവരിൽ ഉണ്ടായിരുന്നു.
യഹൂദരെ സംബന്ധിച്ച് ഇത് വ്യത്യസ്തമായിരുന്നു. ഒരു മിശിഹാ വന്ന് തങ്ങളുടെ ശത്രുക്കളെ കീഴടക്കുമെന്ന് അവർ പ്രതീക്ഷിച്ചു കാത്തിരുന്നു. യേശു ദൈവത്തിന്റെ അഭിഷിക്തനായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവൻ ഇത്രയും ദാരുണമായ അന്ത്യത്തിൽ എത്തിച്ചേർന്നത് എന്നു അവർ ചിന്തിച്ചു. യഹൂദരുടെ രാഷ്ട്രീയ പ്രതീക്ഷകൾ യേശു നിറവേറ്റിയില്ല. യേശു യഥാർത്ഥത്തിൽ മിശിഹായാണെന്ന് വിശ്വസിക്കുന്നതിൽ നിന്ന് പല യഹൂദന്മാരെയും യേശുവിന്റെ കുരിശ് തടഞ്ഞു.
എന്തിനാണ് യേശുവിനെ ക്രൂശിച്ചത്? തിരുവെഴുത്ത് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.
1. നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു ക്രൂശിക്കപ്പെട്ടു
ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി ലോകത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംസാരിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ എല്ലാം നല്ലതായിരുന്നു, എന്നാൽ ആദ്യത്തെ രണ്ട് മനുഷ്യരായ ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേട് കാണിക്കാൻ തീരുമാനിച്ചു (ഉല്പത്തി 3:1-9). ഈ തീരുമാനം മനുഷ്യവർഗത്തെ പറുദീസയിൽ നിന്നുള്ള പ്രവാസത്തിലേക്കു നയിക്കുകയും പാപത്തെ ലോകത്തിലേക്കു കൊണ്ടുവരികയും ചെയ്‌തു. മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രവണതയും മോശമായ എന്തെങ്കിലും ചെയ്യുന്ന പ്രവൃത്തിയെയും ബൈബിളിൽ വിവരിക്കുന്നത് പാപമാർഗമെന്നാണ്. ആദാമിലൂടെയും ഹവ്വായിലൂടെയും മനുഷ്യരാശിക്ക് പരിചയപ്പെട്ട പാപമാർഗ്ഗത്തിന്റെ അനന്തരഫലം നമ്മുടെ ശാരീരികവും നിത്യവുമായ മരണമായിരുന്നു. ദൈവവുമായുള്ള മനുഷ്യരാശിയുടെ ബന്ധത്തിന് പാപം എന്നും ഒരു തടസ്സമാണ്. പഴയനിയമത്തിൽ ഉടനീളം, ഇസ്രായേലിന്റെ പാപങ്ങൾക്ക് വേണ്ടി ബലികൾ അർപ്പിച്ച് പ്രായശ്ചിത്തം ചെയ്തുവന്നിരുന്നത് കാണുവാൻ സാധിക്കുന്നു. പക്ഷേ അവർക്ക് ഇത്തരം ബാലികളിലൂടെ പൂർണ്ണമായും പാപമോചനം നേടാൻ കഴിഞ്ഞിരുന്നില്ല. എബ്രായ ലേഖനത്തിൽ കൂടി പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു:
നിയമം വരാനിരിക്കുന്ന നന്‍മകളുടെ നിഴല്‍ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്‌ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്‌ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്‌ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്‌ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചുയാതൊരു അവബോധ വും അവര്‍ക്കുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഈ ബലികള്‍ മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു.
കാരണം, കാളകളുടെയും കോലാടുകളുടെയും രക്‌തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.(ഹെബ്രായര്‍ 10 : 1-4)
എന്നാൽ എല്ലാ പാപങ്ങൾക്കുമുള്ള പൂർണ്ണവും അന്തിമവുമായ യാഗമായി യേശു വന്നു.
ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്‌പ്രവൃത്തികള്‍വഴി മനസ്‌സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്രിസ്‌തു തന്റെ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്‌ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്‌ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരംചെയ്‌തത്. എന്നാല്‍, നിങ്ങള്‍ ശ്രവി ച്ചസുവിശേഷം നല്‍കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്‌ഥിരതയോടും ദൃഢനിശ്‌ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.
(കൊലോസ്യർ 1 : 21- 23).
പത്രോസ് ശ്ലീഹാ ഈ സത്യം കുറച്ചു കൂടി നമ്മെ ഉറപ്പിച്ച് പഠിപ്പിക്കുന്നു ; പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേ തുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്‌തം കൊണ്ടത്ര. അവനാകട്ടെ, ലോകസ്‌ഥാപനത്തിനുമുന്‍പു തന്നെ നിയോഗിക്കപ്പെട്ടിരുന്നവനും ഈ അവസാനകാലത്ത് നിങ്ങള്‍ക്കായി വെളിപ്പെടുത്തപ്പെട്ടവനുമാണ്. (1 പത്രോസ് 18-20).
യേശുവിന്റെ ക്രൂശിലെ മരണം മൂലം മനുഷ്യർക്ക് പാപമോചനം ലഭിക്കുന്നതിനും ദൈവവുമായുള്ള ഒരു പൂർണ്ണ ബന്ധത്തിലേക്ക് നമ്മെ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു മാർഗ്ഗം നൽകി. മുകളിൽ സൂചിപ്പിച്ച ആദാമിന്റെയും ഹവ്വായുടെയും വീഴ്ച അനുസ്മരിച്ചുകൊണ്ട് പൗലോസ് എഴുതുന്നു, "ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും" (1 കൊരിന്ത്യർ 15:22).
2. കുരിശുമരണം ദൈവസ്നേഹം പ്രകടമാക്കുന്നു
ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, അല്പനേരം ആ കുരിശിലേക്ക് നോക്കി ധ്യാനിച്ചാൽ മതി. അത്തരമൊരു ഭയാനകമായ സംഭവം എങ്ങനെയാണ് ദൈവസ്നേഹത്തിന്റെ അടയാളമാകുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? പൗലോസ് അപ്പോസ്തോലൻ റോമിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ അത് വിശദീകരിക്കുന്നു:
"നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്‌തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു."
(റോമാ 5 : 6-8).
യേശുവിന്റെ കുരിശ്ശിലെ മരണം മനുഷ്യകുലത്തിനു ദൈവ സന്നിധിയിലേക്കുള്ള പ്രവേശിക്കുവാനായുള്ള ഒരു പാലം ആയി സ്ഥാപിക്കപ്പെട്ടു. ദൈവത്തിൽ നിന്നും സമാധാനവും, പാപങ്ങൾക്ക് ക്ഷമയും കണ്ടെത്താൻ യേശുവിന്റെ കുരിശ് മനുഷ്യരെ അനുവദിക്കുന്നു. ഈ നിസ്വാർത്ഥ പ്രവൃത്തി മനുഷ്യരാശിക്ക് വേണ്ടിയാണ് നടത്തിയത് - അവരെല്ലാം ദൈവത്തിന്റെ ശത്രുക്കളായിരുന്നു! എന്നാൽ കുരിശ് മരണം മൂലം ദൈവത്തിൽ നിന്നുള്ള പാപക്ഷമ ക്രിസ്തു യേശുവിൽ വിശ്വാസമുള്ളവർക്ക് ദൈവം സൗജന്യമായി നൽകുന്ന ഒരു സമ്മാനമാണ്. ഇപ്രകാരം എഴുതപെട്ടിരിക്കുന്നു ;
"ആകയാല്‍, ഇപ്പോള്‍ അവന്റെ രക്‌തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്‌ഷിക്കപ്പെടുമെന്നതും തീര്‍ച്ച. മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നാംദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്‌ജനം സാധിച്ചിരിക്കുന്നത്."
(റോമാ 5 : 9-11).
ദൈവത്തിന്റെ ശ്രദ്ധയും ക്ഷമയും സ്നേഹവുമൊന്നും നേടാൻ മാത്രം പൊതുവെ നാം ആരും നല്ലവരല്ലായിരുന്നു എന്നാൽ നമ്മുടെ സ്രഷ്ടാവിനെതിരെ നമ്മൾ മത്സരിക്കുമ്പോൾ തന്നെ, നമ്മേ അവനുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മോടുള്ള അവന്റെ സ്നേഹം മൂലം നമുക്കായി ഒരു പദ്ധതി തയ്യാറാക്കുകയായിരുന്നു. ദൈവം തന്റെ സ്‌നേഹം ക്രൂശിൽ പ്രകടമാക്കിയതെങ്ങനെയെന്ന് നാം പരിഗണിക്കുമ്പോൾ, അവൻ നമുക്ക് നൽകിയ സ്നേഹത്തിന്റെ മൂല്യം നാം കണക്കിലെടുക്കേണ്ടതുണ്ട്.അപ്പോസ്തലനായ പൗലോസിന്റെ അഭിപ്രായത്തിൽ കുരിശിലെ ദൈവസ്നേഹത്തിന്റെ ഈ പ്രവൃത്തിയെ ഏറ്റവും വിലയേറിയത് ആയിട്ട് ആണ് കണക്കാക്കുന്നത്.
"വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്‌ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു."
(എഫേസോസ് 5 :1- 2)
എഫേസോസിലെ യേശുവിന്റെ അനുയായികളോട് സ്നേഹത്തിന്റെ വഴിയിൽ നടക്കാൻ പൗലോസ് പറയുമ്പോൾ, നമ്മോടുള്ള യേശുവിന്റെ കുരിശുമരണത്തോളം വിലയേറിയ സ്നേഹത്തിലേക്ക് നോക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തെപ്പോലെ സ്നേഹിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് യേശുവിൽ കാണുന്ന തരത്തിലുള്ള ആത്മത്യാഗം ചെയ്യേണ്ടി വരും. നമുക്കുവേണ്ടി കുരിശിൽ പോകാനുള്ള അവന്റെ സന്നദ്ധതയിൽ ആ ത്യാഗം യഥാർത്ഥ സ്നേഹത്തിന്റെ ശുദ്ധമായ ആവിഷ്കാരം പ്രകടമാക്കുന്നു. യേശു പറഞ്ഞതുപോലെ,"സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല." (യോഹന്നാൻ 15:13). യേശുവിന്റെ വചനം വെറും ശൂന്യമായ വാക്കുകളായിരുന്നില്ല. ഈ സത്യം അവൻ നമുക്കായി കുരിശിൽ തെളിയിച്ചു.
3. കുരിശ് മരണത്തെ കീഴടക്കി
യേശുവിന്റെ കുരിശുമരണവും പുനരുത്ഥാനവും പരസ്പരം ചേർച്ചയിൽ ആണ് പ്രവർത്തിക്കുന്നത്. ഒന്ന് മറ്റതിനോട് പരസ്പരം സ്വാധീനപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒന്നു മാത്രം കൊണ്ടു മനുഷ്യർക്കു രക്ഷയുണ്ടാകില്ല. തന്റെ രക്ഷകരമായ ആ സുപ്രധാന പ്രവൃത്തികളിലൂടെ, ആദ്യ പാപം മുതൽ മനുഷ്യരാശിയുടെ തലയിൽ ചുമത്തപ്പെട്ടിരുന്ന മരണത്തിന്റെ ഭാരം യേശു നീക്കം ചെയ്തു. വെളിപാടിൽ യേശു യോഹന്നാനോട് പറയുന്നു, "ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്." (വെളിപാട് 1 : 18). യേശു മരണത്തിന്റെ കവാടങ്ങൾ തകർത്ത് താക്കോൽ എടുത്തു എന്ന വസ്തുത പൗലോസിന് വെളിപ്പെട്ടിട്ടുണ്ട്, അത് അവൻ തിമോത്തിയോസ്സിനോട് വിശദീകരിച്ചു; "അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്‌തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്‌തുവില്‍ നമുക്കു നല്‌കിയ കൃപാവരമനുസരിച്ചുമാണ്. ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു." (2 തിമോത്തേയോസ് 1 : 9-10)
പറുദീസയിലേക്ക് ആദാമ്യ വീഴ്ചയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, അവിടെ വച്ച് തന്നെ ദൈവം നമുക്ക് രക്ഷ ആസൂത്രണം ചെയ്യുകയായിരുന്നു എന്നത് തിരിച്ചറിയാം. മരണത്തിന്റെ കോട്ടയെ നശിപ്പിക്കുകയും അതിന്റെ സ്ഥാനത്ത് ജീവൻ നൽകുകയും ചെയ്യുന്ന ഈ രക്ഷാ പദ്ധതി യേശുവിൽ കൂടി നമ്മിൽ ഫലവത്തായി. യേശുവിൽ വിശ്വാസമർപ്പിക്കുന്നവർക്ക്, "അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി." (വെളിപാട് 21 : 4)
മരണത്തിന്റെ പ്രശ്നത്തെ മിശിഹാ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങൾ കുരിശിൽ നിറവേറ്റപ്പെടുന്നു ;
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല.
(സങ്കീര്‍ത്തനങ്ങള്‍ 16 : 10);
അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചുമാറ്റും; തന്റെ ജനത്തിന്റെ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്.
(ഏശയ്യാ 25 : 8); പാതാളത്തിന്റെ പിടിയില്‍നിന്നു ഞാന്‍ അവരെ വിടുവിക്കുകയോ? മരണത്തില്‍നിന്നു ഞാന്‍ അവര്‍ക്കു മോചനമരുളുകയോ? മരണമേ, നിന്റെ മഹാമാരികളെവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പഎന്റെ കണ്ണില്‍നിന്നും അപ്രത്യക്‌ഷമായിരിക്കുന്നു.(ഹോസിയാ 13 : 14)
4. ക്രൂശീകരണം പിശാചിന്റെ പ്രവൃത്തികളെ നശിപ്പിച്ചു
തന്റെ പരസ്യശുശ്രൂക്ഷയിൽ ചില വാക്കുകളിലൂടെ യേശു തന്റെ മരണം പ്രവചിച്ചു പറഞ്ഞിട്ടുണ്ട് ; "യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്. ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും. ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും." (യോഹന്നാന്‍ 12 : 30-32)
തന്റെ മരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുമ്പോൾ, കുരിശു മരണത്തിലൂടെ താൻ ലോകത്തിന്റെ പ്രമാണിയായ സാത്താനെ പുറത്താക്കുകയാണെന്ന് യേശു എടുത്തുകാണിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. യേശുവിന്റെ ശുശ്രൂഷയുടെ കേന്ദ്രബിന്ദു ഇതായിരുന്നുവെന്ന് ബൈബിൾ വിശദീകരിക്കുന്നു, "ദൈവപുത്രൻ പ്രത്യക്ഷപ്പെട്ടതിന്റെ കാരണം പിശാചിന്റെ പ്രവൃത്തിയെ നശിപ്പിക്കാനാണ്" (1 യോഹന്നാൻ 3:8). എബ്രായ ലേഖനത്തിൽ ഇത് പ്രതിധ്വനിക്കുന്നു; "മക്കള്‍ ഒരേ മാംസത്തിലും രക്‌തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്." (ഹെബ്രായര്‍ 2 : 14-15)
യേശുവിന്റെ മരണവും പുനരുത്ഥാനവും മൂലം സങ്കീർത്തനം 110:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രവചനം താൻ നിവർത്തിച്ചുവെന്ന് തന്റെ ആദ്യ പ്രസംഗത്തിൽ പത്രൊസ് പറയുന്നു,
"ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്‌തില്ല. എങ്കിലും അവന്‍ പറയുന്നു:
കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനാവുക."(അപോസ്തോലപ്രവര്‍ത്തികൾ 2 : 34, 35). അതായത് ശത്രുവിനെ തന്റെ കാൽക്കീഴിൽ നിർത്താൻ കർത്താവിന്റെ ക്രൂശീകരണവും പുനരുത്ഥാനവും കാരണമായി.
സാത്താനെയും അവന്റെ എല്ലാ പ്രവർത്തനങ്ങളെയും കീഴടക്കുന്ന യേശു ക്രിസ്തുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള ഈ ആശയം കൊലോസ്യ സഭയിലെ യേശുവിന്റെ അനുയായികൾക്ക് പൗലോസ് എഴുതിയ ലേഖനത്തിലൂടെ മനോഹരമായി വിവരിക്കുന്നു " നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃത രും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്‌ഷമിക്കുകയും ചെയ്‌തു. നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി" (കോലോസ്യർ 2 13-15)
ഉപസംഹാരം
യേശുവിന്റെ ക്രൂശീകരണത്തിലൂടെ ദൈവത്തിന് മനുഷ്യരോടുള്ള പൊതുവായ സ്നേഹവും, എന്നാൽ പ്രത്യേകാൽ നമ്മോടുള്ള വ്യക്തിപരമായ സ്നേഹവും പ്രകടമാക്കുന്നു എന്നതാണ് സുവിശേഷം. കുരിശുമരണത്തിലൂടെ, പാപത്തിൽ നിന്നുള്ള മോചനത്തിനും മരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും അനുരഞ്ജനത്തിനും ദൈവം ഒരു മാർഗ്ഗം നൽകുന്നു. ഈ മാർഗ്ഗം നാം എങ്ങനെ കണ്ടെത്തും? റോമാക്കാർക്കുള്ള തന്റെ കത്തിൽ പൗലോസ് ഇത് വിവരിക്കുന്നു:
എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്‌ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്‌ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്‌ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്‌ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ. ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. എന്നാല്‍, അവര്‍കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്‌ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍വരെയും.
(റോമാ 10 : 14-18)
യേശുവിലൂടെ എല്ലാവർക്കും രക്ഷ പ്രാപിക്കപ്പെടാൻ കഴിയുമെന്ന് വിശ്വാസികൾ മനസ്സിലാക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. രക്ഷ ഇസ്രായേല്യർക്ക് മാത്രമായിരുന്നില്ല. യേശുവിലൂടെ ദൈവം വിജാതീയരെ സഭാകൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു. യേശുവിനെ കർത്താവാണെന്ന് വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുക മാത്രമാണ് അതിനു അവർ ചെയ്യേണ്ടത്. കുരിശുമരണത്തിലും പുനരുത്ഥാനത്തിലും യേശുവിന്റെ കർതൃത്വം പ്രകടമാണ്. തന്റെ ക്രൂശീകരണത്തിൽ കൂടി നമ്മുടെ പാപങ്ങൾ നമുക്കെതിരെ കണക്കാക്കാതെ ദൈവമുമ്പാകെ നിൽക്കാൻ യേശു മുഖാന്തിരമായി സാധ്യമായി. ഇപ്പോൾ നാം യേശുവിന്റെ നീതി അണിഞ്ഞിരിക്കുന്നു. ഇനി മരണത്തെ നമുക്ക് ഭയപ്പെടേണ്ടതില്ല. കുരിശുമരണത്തിലൂടെ നമുക്ക് വേണ്ടി യേശു ഒരിക്കൽ എന്നെന്നേക്കുമായി മരണത്തെ കീഴടക്കി.
.jpg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ