പാതാളം, പരുദീസ, സ്വർഗം, നരകം ഇതിനെക്കുറിച്ചൊന്നു പറയാമോ? ഇത് ഒരു അവസ്ഥ അല്ലേ... പറുദീസയ്‌ക്ക് ഇപ്പൊൾ കെരൂബുകളുടെ കാവൽ ഉണ്ടോ? മശിഹ പാതളത്തെ തകർത്തെങ്കിൽ നിലവിൽ പാതളത്തിന് എന്ത് പ്രസക്തി?

 

ഉത്തരം: ബാർ യുഹാനോൻ റമ്പാൻ, പിറമാടം ദയറ


Part :1 

പറുദീസ്സ


ഈ ചോദ്യങ്ങൾക്ക് എന്റെ വ്യക്തിപരമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചെറിയ വിശദീകരണം നൽകാൻ ശ്രമിക്കാം. തെറ്റുണ്ടെങ്കിൽ സഭയുടെ ശ്രേഷ്ഠരായ മൽപ്പാന്മാർ തിരുത്തട്ടെ.


'പറുദീസ്സ' എന്ന പദം ഏദൻ തോട്ടത്തിന്റെ പര്യായമായി വന്നത് ഗ്രീക്ക് translation LXX മുതൽ ആണ്. യേശു തമ്പുരാൻ ഈ പദം ഉപയോഗിക്കുന്നുണ്ട്, അതുകൊണ്ട് ഈ പദം അംഗീകാര യോഗ്യമാണ്.


ഏദൻ തോട്ടം, പറുദീസ്സ, അബ്രഹാമ്യ മടി, മൂന്നാം സ്വർഗ്ഗം, മേഘപടലം or മൂടൽ മഞ്ഞു, മധ്യാകാശം, മഹാനഗരം എന്നിങ്ങനെ വിവിധ പര്യയങ്ങൾ ആദിമ നീതിജ്ഞരായ മാതാപിതാക്കൾക്കു ദൈവം കൊടുത്ത വാസസ്ഥലവും പിന്നീട് വിശ്വാസം മൂലം നീതിജ്ഞരായവർക്കു ലഭിച്ചതുമായ ആ ഭാഗ്യവിശ്രമ അവസ്ഥയെ പറ്റി പരാമർശിക്കുന്നുണ്ട്.


യേശു തമ്പുരാന്റെ ഉപമയിൽ ദരിദ്രനായ ലാസർ അബ്രഹാമിന്റെ മടിയിൽ ഇരിക്കുന്നു എന്ന് പറയുന്നു (ലൂക്കോസ് 16:19-31). അതായത് ലാസർ ഏദനിൽ അബ്രഹാമിന്റെ ഒപ്പം വസിക്കുന്നു. ദുഃഖവെള്ളിയാഴ്ച ക്രമത്തിലെ 'കള്ളന്മാരുടെ സംവാദം' ഗീതത്തിൽ ഇതിനു വിപരീതമാണ്. ഇതിൽ കള്ളൻ ആദ്യമായി പറുദീസ്സിൽ പ്രവേശിക്കുന്നു എന്നുള്ള ഒരു പ്രതീതി ഉണ്ടാകുന്നുണ്ട്. നമ്മുടെ പിതാവായ അപ്രേം മൽപ്പാന്റെ പേരിൽ ഉള്ളതും എന്നാൽ മറ്റാരോ എഴുതിയതുമായ ഒരു പദ്യസാഹിത്യം ആണ് ഇത്.


ഹെബ്‌റായ ലേഖനം 12:1 ൽ "ആകയാല്‍ മേഘംപോലെ നമ്മെ ചുറ്റിനില്‍ക്കുന്ന സാക്ഷികളുടെ സമൂഹം നമുക്കുള്ളതുകൊണ്ട് നാം സകല ഭാരവും, സദാ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്ന പാപവും വിട്ട് നമുക്കായി വച്ചിരിക്കുന്ന, ഈ പോരാട്ടത്തിങ്കലേക്ക് ക്ഷമയോടുകൂടി ഓടണം." എന്ന് എഴുതി ഇരിക്കുന്നു. ഈ "മേഘംപോലെ നമ്മെ ചുറ്റിനില്‍ക്കുന്ന സാക്ഷികളുടെ സമൂഹം" എന്നത് ഏദന്റെ അനുഭവം ആണ്. ഇവടെ നീതീകരണം പ്രാപിച്ച വിശ്വാസികളുടെ ആത്മാക്കൾ  'മേഘം' എന്നുള്ള പദത്താൽ സൂചിപ്പിക്കപ്പെടുന്നു. കർത്താവിന്റെ രണ്ടാം വരവിൽ അവൻ ഈ "മേഘ" വാഹനനായി ആണ് എഴുന്നുള്ളുന്നത് എന്ന് പൗലോസ് തെസ്സലോന്യർക്ക് എഴുതി "അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.

(1 തെസലോനിക്കാ 4 : 17).


മേഘമെന്ന ഏദന്റെ അവസ്ഥ പ്രാപിച്ചവരെ പറ്റി എബ്രായ ലേഖനം 11 പറയുന്നുണ്ട്. അതിന് പ്രകാരം ഹാബേൽ മുതൽ നീതിജ്ഞർ മേഘത്തിൽ വഹിക്കപ്പെട്ടു. എന്നാൽ മനപ്പൂർവം ആദം, ഹവ്വ പേരുകൾ അവിടെ ഒഴിവാക്കപ്പെട്ടു. ആദാമിന്റെയും ഹവ്വയുടെയും വീഴ്ചയ്ക്ക് ശേഷം ശരീരത്തോട് കൂടി മേഘത്തിൽ എടുക്കപ്പെട്ടത് രണ്ടു പേര് മാത്രം ആണ് പഴയ നിയമത്തിൽ, അത് ഹാനോക്കും, ഏലിയാവും ആണ്. പുതിയ നിയമത്തിൽ മേഘത്തിലൂടെ മറഞ്ഞു സ്വർഗ്ഗത്തിൽ ആരോഹണം ചെയ്ത നമ്മുടെ മിശിഹായെ പറ്റി പറയുന്നുണ്ട്, "ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക്‌ സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന്‌ അവനെ അവരുടെ ദൃഷ്‌ടിയില്‍നിന്നു മറച്ചു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 9)


ബാർ എബ്രയ തന്റെ 'യൗനോ' എന്നുള്ള ഗ്രന്ഥത്തിൽ  പറുദീസ്സയുടെ അനുഭവത്തെ 'മൂടൽമഞ്ഞു' അഥവാ ലഘുമേഘത്തിന്റെ   വർണ്ണനയോട്‌ കൂടി പറയുന്നു. പൗലോസ് മൂന്നാം സ്വർഗ്ഗമെന്നു പറുദീസ്സാകുന്ന ഈ മേഘപടലത്തെപറ്റി പറയുന്നു, "പതിന്നാലു വര്‍ഷം മുമ്പു മൂന്നാം സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ട ഒരു മനുഷ്യനെ ക്രിസ്‌തുവില്‍ എനിക്കറിയാം. ശരീരത്തോടു കൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ.

ഈ മനുഷ്യന്‍ പറുദീസായിലേക്ക്‌ ഉയര്‍ത്തപ്പെട്ടു എന്ന്‌ എനിക്കറിയാം - ശരീരത്തോടുകൂടെയോ ശരീരം കൂടാതെയോ എന്നെനിക്കറിവില്ല; അതു ദൈവത്തിനേ അറിയൂ." (2 കോറിന്തോസ്‌ 12 : 2-3)


മരണാനന്തരം ശരീരത്തോട് കൂടി മേഘത്തിൽ എടുക്കപ്പെട്ടവരെ പറ്റി പറയുന്നുണ്ട്. മത്തായി എഴുതിയ സുവിശേഷത്തിൽ ശരീരത്തോട് കൂടി ഉയിർത്ത ശേഷം 'മഹാനഗരത്തിൽ' പ്രവേശിച്ച നീതിജ്ഞരെപറ്റി പറയുന്നു,

"നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു.

അവന്റെ പുനരുത്‌ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന്‌ വിശുദ്‌ധനഗരത്തില്‍ പ്രവേശിച്ച്‌ പലര്‍ക്കും പ്രത്യക്‌ഷപ്പെട്ടു. (മത്തായി 27 : 52-53) ഇവടെ വിശുദ്ധ നഗരം ആക്ഷരീകമായും, കൂടെ പ്രതീകപരമായും കാണണം. ആദ്യം ആക്ഷരീക യെരുശ്ശലേമിലും പിന്നീട് അവർ പറുദീസ്സ് ആകുന്ന യെറുശലെമിലും പ്രവേശിച്ചു എന്ന് വിശ്വസിക്കാം. ഇതിനു സമാനമായി മരിച്ചു അടക്കപ്പെട്ട ശേഷം ശരീരത്തോട് കൂടി പറുദീസ്സിലേക്ക് എടുക്കപ്പെട്ട ഭാഗ്യവതിയായ കന്യക മറിയാമിനെ പറ്റിയും വിശുദ്ധ സഭ പഠിപ്പിക്കുന്നുണ്ട്.

വെളിപാട് പുസ്തകത്തിൽ  പറുദീസ്സ  'ബലിപീഠത്തിന്റെ ചുവട്ടിൽ' എന്നുള്ള പ്രതീകം  ഉപയോഗിച്ച് കാണുന്നു. ഇത് നമ്മുടെ സുറിയാനി ആരാധന ക്രമത്തിൽ വളരെ സ്വാധീനം ഉള്ള അലങ്കാരഭാഷ ആണ്. നമ്മൾ വിശുദ്ധരുടെ ഓർമ്മ ആചരിക്കുമ്പോൾ 'മദ്ബഹായുടെ ചുവട്ടിൽ'  മെഴുകുതിരികളുടെ നടുവിൽ കുരിശ് വച്ച് ധൂപപ്രാർത്ഥന നടത്തുന്നത് ഈ അലങ്കാരഭാഷ മൂലം ആണ്, "അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്‌ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു." (വെളിപാട്‌ 6 : 9) തുടർന്നു പറുദീസ്സ് ആകുന്ന ഏദനിൽ മേഘങ്ങളിൽ എടുക്കപ്പെട്ട വിശുദ്ധർക്ക് അബ്രഹാമ്യ മടിയിൽ വിശ്രമിക്കുവാനും മധ്യാകാശ്ശ ശുശ്റൂക്ഷയിൽ പ്രവേശിക്കുവാനും വെള്ളനിലയങ്കി കൊടുക്കുന്നു, "അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ധവളവസ്‌ത്രം നല്‍കപ്പെട്ടു.

 അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ .അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി." (വെളിപാട്‌ 6 : 11)


ഒരു ഗീതത്തിൽ "വെള്ളങ്കിക്കാരാം സഹദേർ" എന്ന് പറുദീസ്സിലെ ആത്മക്കളെ പറ്റി ആരാധനാ ശാസ്ത്രം വർണ്ണിക്കുന്നു. വെളിപ്പാടിൽ വെള്ളങ്കിക്കാരുടെ ഭാഗ്യം വർണ്ണിക്കുന്നു, "ശ്രേഷ്‌ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞഇവര്‍ ആരാണ്‌? ഇവര്‍ എവിടെനിന്നു വരുന്നു?

ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു:

 ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്‌തത്തില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍.അതുകൊണ്ട്‌ ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും,അവിടുത്തെ ആല യത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്‌ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക്‌ അഭയം നല്‍കും.

ഇനിയൊരിക്ക ലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല. (വെളിപാട്‌ 7 : 13-16). ആയതിനാൽ മധ്യാകാശം രണ്ടാം വരവ് വരെയുള്ള വിശുദ്ധരുടെ വിശ്രമ സ്ഥലവും, ആരാധന സ്ഥലവും, ശുശ്റൂക്ഷ സ്ഥലവും, എല്ലാം ആണ് എന്ന് വിശുദ്ധ ഗ്രന്ഥവും പിതാക്കൻമാരും പഠിപ്പിക്കുന്നു. നിത്യതയിൽ കാലചക്രത്തിനു പുറത്തു നമ്മോട് ആത്മീയ സംസർഗ്ഗത്തിൽ തുടരാൻ കഴിയുന്ന അന്ത്യന്യായവിധിയ്ക്കു മുൻപുള്ള ഒന്നാം പുനരുത്ഥാന ഭാഗ്യം ലഭിച്ച നീതിമാൻമാരുടെ തോട്ടം. ഏദൻ തോട്ടം, സുവിശേഷത്തിന്റെ നാല് നദികൾ ഒഴുകുന്ന തോട്ടം, ജീവ വൃക്ഷഫലവും, നന്മ തിൻമകളുടെ തിരിച്ചറിവിന്റെ ഫലവും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കർത്താവിന്റെ കിഴക്കുള്ള തോട്ടം. പൗലോസ് പറയുന്നു മരിക്കുന്നത് ലാഭം ആണ് എന്ന്. എന്ന് എനിക്കു ലഭിക്കുമോ ആ ലാഭം. ആമീൻ... കർത്താവെ വേഗം വരണേ....

അഭിപ്രായങ്ങള്‍