എന്താണ് മധ്യസ്ഥപ്രാർത്ഥന?

 

ബാർ യുഹാനോൻ റമ്പാൻ

പിറമാടം ദയറ


എന്താണ് മധ്യസ്ഥപ്രാർത്ഥന? ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്കോ സമൂഹത്തിനോ വേണ്ടി ദൈവസന്നിധിയിൽ അണയ്ക്കുന്ന പ്രാർത്ഥനകളെ നമുക്ക് മധ്യസ്ഥപ്രാർത്ഥന എന്ന് വിളിക്കാം. മധ്യസ്ഥപ്രാർത്ഥന നടത്താൻ സഭയെ പഠിപ്പിച്ചത് സ്വർഗ്ഗത്തിലെ ദൈവം ആണ്. ഇയോബിന്റെ പുസ്തകത്തിൽ 42 ആം അധ്യായത്തിൽ ഇങ്ങനെ കാണുന്നു, " എന്റെ ദാസനായ ജോബ്‌ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്‌ഥിക്കും. ഞാന്‍ അവന്റെ പ്രാര്‍ത്‌ഥന സ്വീകരിച്ച്‌ നിങ്ങളുടെ ഭോഷത്തത്തിന്‌ നിങ്ങളെ ശിക്‌ഷിക്കുകയില്ല. നിങ്ങള്‍ എന്റെ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല. " (യോബ് 42:8). തുടർന്ന് യോബിന്റെ മധ്യസ്ഥപ്രാർത്ഥന ദൈവം കേട്ടു എന്നുള്ളതും രേഖപ്പെടുത്തിയിരിക്കുന്നു ; കര്‍ത്താവ്‌ ജോബിന്റെ പ്രാര്‍ത്‌ഥന സ്വീകരിച്ചു."

(ജോബ്‌ 42 : 9). ദൈവമാണ് കല്പിച്ചത് നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നുള്ളത്, ദൈവം മധ്യസ്ഥപ്രാർത്ഥന സ്വീകരിച്ചു.


എപ്പോൾ ആണ് ദൈവം യോബിന്റെ മധ്യസ്ഥപ്രാർത്ഥന അംഗീകരിക്കാൻ തയ്യാർ ആയതു എന്നതും ശ്രദ്ധേയമാണ്. യോബിൽ ഒരു കുറവ് ഉണ്ടായിരുന്നു, അത് അവന്റെ 'സ്വയം നീ‌തീകരണം' എന്ന പാപാവസ്ഥ ആയിരുന്നു, അതിൽ നിന്നും അവൻ പച്ഛാത്തപിക്കുന്നത് വരെയും അവൻ കഷ്ടതകളിൽ കൂടി കടന്നു പോയി എന്ന് വിശുദ്ധ ലിഖിതങ്ങൾ പഠിപ്പിക്കുന്നു. യോബിന്റെ work righteousness attitude ആയിരുന്നു മധ്യസ്ഥപ്രാർത്ഥന നടത്തുവാൻ അവനു തടസ്സം ആയിരിന്നത്, എങ്കിലും വരുവാനുള്ള മിശിഹായുടെ പ്രവർത്തികളാൽ മാത്രം ആണ് താൻ നീതി പ്രാപിക്കുന്നത് എന്നുള്ള തിരിച്ചറിവിൽ സ്വയം നീതികരണ സ്വഭാവം ഉപേക്ഷിച്ചപ്പോൾ യോബ് നീതിമാൻ ആയി തീർന്നു. 

"നീതിമാന്റെ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌"

യാക്കോബ്‌ 5 : 16 ൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ എങ്ങനെ ആണ് നീതിമാൻ ആകുന്നത്? അത് ക്രിസ്തു യേശുവിലുള്ള വിശ്വാസം മൂലമത്രേ. നമ്മുടെ നീതിയുടെ ഉറവയും, അടിസ്ഥാനവും യേശു ക്രിസ്തു ആണ്. ക്രിസ്തു കേന്ദ്രീകൃതമായി അവനിലും അവന്റെ പിതാവിലും അവന്റെ ജീവനുള്ള പരിശുദ്ധ റൂഹായിലും ഉള്ള വിശ്വാസം  ആണ് മധ്യസ്ഥപ്രാർത്ഥനയുടെ അടിസ്ഥാന പ്രമാണം. യേശു ക്രിസ്തുവിൽ കൂടി അല്ലാതെ മധ്യസ്ഥപ്രാർത്ഥന അംഗീകാരയോഗ്യമല്ല.


രണ്ടാമത്, ആർക്കൊക്കെ വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്താം?

തീർച്ചയായും ജീവിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തുന്നതിൽ ആഗോള ക്രൈസ്തവ സമൂഹം യോജിപ്പിൽ ആണ്. അത് യോബിലൂടെ നാം കണ്ടു കഴിഞ്ഞു. എന്നാൽ വാങ്ങിപോയ വിശ്വാസികളുടെ ആത്മാകൾക്ക് പുനരുത്ഥാന നാളിൽ കരുണ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കേണ്ടത് ജീവിച്ചിരിക്കുന്ന ഓരോ വിശ്വാസികളുടെയും ധർമ്മം ആണ് എന്ന് പരിശുദ്ധ സുറിയാനി ഓർത്തഡോൿസ്‌ സഭ പഠിപ്പിക്കുന്നു. ഈ കാര്യത്തിൽ പ്രൊട്ടസ്റ്റന്റ്കാർ നമ്മെ എതിർക്കുന്നു. അവരുടെ എതിർപ്പിന് കാരണം മരണമടഞ്ഞവർക്ക് വേണ്ടിയുള്ള റോമൻ കത്തോലിക്ക സഭയുടെ ചില അംഗീകാര യോഗ്യമല്ലാത്ത പഠിപ്പിക്കലുകൾ മൂലം ആണ്. പ്രൊട്ടസ്റ്റന്റ്കാർക്ക്  സുറിയാനി സഭയുടെ സത്യവിശ്വാസം അറിയില്ല, അവർ റോമൻ കത്തോലിക്ക വിശ്വാസം പോലെ തന്നെ ആണ് നമ്മുടെ വിശ്വാസം എന്ന് കരുതുന്നു. അങ്ങനെ അവർ കത്തോലിക്ക സഭയെ എന്നത് പോലെ നമ്മെയും നമ്മുടെ "വിശ്വാസികളായ വാങ്ങിപ്പോയ"  പരേതർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളെയും കുർബാനകളെയും എതിർക്കുന്നു.


സുറിയാനി സുറിയാനി സഭയുടെ "വാങ്ങിപ്പോയ പരേതർക്ക് വേണ്ടിയുള്ള " പ്രാർത്ഥനകളും കുർബാനകളും പൂർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിൽ ഉള്ളതും, അത് അപ്പോസ്ത്തോലിക പാരമ്പര്യ പ്രകാരവും സഭയുടെ പിതാക്കൻമാരുടെ പഠിപ്പിക്കൽ പ്രകാരവും ആകുന്നു. എന്തുകൊണ്ടന്നാൽ റൂത്തിന്റെ പുസ്തകത്തിൽ നവോമി പറയുന്നത് പോലെ, " ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ്‌ അവനെ അനുഗ്രഹിക്കട്ടെ!"

(റൂത്ത്‌ 2 : 20) എന്നുള്ളത് സുറിയാനിക്കാരുടെ സത്യവിശ്വാസം ആകുന്നു. യേശു തമ്പുരാൻ തന്നെയും ഇപ്രകാരം പഠിപ്പിച്ചു പറയുന്നു, "ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ്‌ എന്നു മരിച്ചവരുടെ പുനരുത്‌ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട്‌ അരുളിച്ചെയ്‌തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ?

അവിടുന്ന്‌ മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്‌." (മത്തായി 22 : 31-32). കർത്താവ് ഇത് അരുളി ചെയ്യുമ്പോൾ അബ്രഹാം പിതാവ് ശരീരപ്രകാരം മരിച്ചു ഏകദേശം 2000 വർഷം കഴിഞ്ഞിരുന്നു. അപ്പോഴും അബ്രഹാം ദൈവമുൻപാകെ ജീവിച്ചിരുന്നു. അതുകൊണ്ട് യേശു മിശിഹാ പഠിപ്പിച്ചതും നവോമി ഏറ്റു പറഞ്ഞതും ആയ വിശ്വാസം ആണ് സുറിയാനിക്കാരുടെ വിശ്വാസം. അതുകൊണ്ട് നമ്മുടെ വാങ്ങിപോയവർക്ക് "കരുണ" ലഭിക്കുവാൻ നമ്മൾ പ്രാർത്ഥന, കുർബാനകളിൽ അവർക്ക് വേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തുന്നു. അത് കത്തോലിക്ക വിശ്വാസം പോലെ അല്ല താനും. എന്തുകൊണ്ടന്നാൽ കത്തോലിക്ക മതം പഠിപ്പിക്കുന്ന പോലെ  പാപമോചന ചീട്ടോ (Indulgence), ശുദ്ധീകരണ സ്ഥലമോ (Purgatory) ഒന്നും ഇല്ലാതെ ദൈവത്തിന്റെ സൗജന്യ കൃപയാൽ ഉള്ള വിശ്വാസത്തിൽ മാത്രം ആണ് സുറിയാനി സഭയുടെ വാങ്ങിപോയവർക്ക് വേണ്ടിയുള്ള മധ്യസ്ഥപ്രാർത്ഥന കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടന്നാൽ ഇപ്രകാരം ഉള്ള സൽപ്രവർത്തികൾ ചെയ്യുവാൻ ആയിട്ടു ആണല്ലോ ദൈവം കൃപയാൽ ഉള്ള വിശ്വാസം മൂലം നമ്മെ നീതീകരിച്ചത് (എഫെസ്യർ 2:8-10).


മൂന്നാമതായി, യേശു ക്രിസ്തു ഏക മധ്യസ്ഥൻ എന്നുള്ളത് ബൈബിൾ പഠിപ്പിക്കുമ്പോൾ വാങ്ങിപ്പോയ വിശുദ്ധർ എങ്ങനെ മധ്യസ്ഥപ്രാർത്ഥന നടത്തും?

വിശുദ്ധ ലിഖിതങ്ങളിൽ 1 തിമോത്തേയോസ്‌ 2 : 5 ൽ ഇപ്രകാരം എഴുതപെട്ടിരിക്കുന്നു ; "എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു." ഈ വചന അടിസ്ഥാനത്തിൽ ആണ് പ്രൊട്ടസ്റ്റന്റ്കാർ  വിശുദ്ധരുടെ മധ്യസ്ഥ പ്രാർത്ഥന എതിർക്കുന്നതിന്റെ ഒരു കാരണം. ഇവിടെ അവരുടെ തിരുവചനത്തിന്റെ വ്യാഖ്യാനത്തിലുള്ള പിശക് മൂലം ആണ് അവർ സത്യം അറിയാതെ പോകുന്നത്. നമ്മുടെ കർത്താവും ദൈവവും ആയ യേശു ക്രിസ്തു എന്നുള്ള ഏക മനുഷ്യന്റെ മാത്രം "തിരുരക്തം" ആണ് ദൈവത്തിനും മനുഷ്യനും ഇടയിൽ ഏകമധ്യസ്ഥത എന്നുള്ള അർത്ഥം ആണ് ഇവിടെ. ഇത് നമ്മൾ നടത്തുന്ന മധ്യസ്ഥപ്രാർത്ഥനയെ പറ്റിയുള്ളത് അല്ല. ഇത് വാങ്ങിപ്പോയ വിശുദ്ധർ ദൈവസന്നിധിയിൽ നടത്തുന്ന മധ്യസ്ഥപ്രാർത്ഥനയെ പറ്റിയും അല്ല പറയുന്നത്. ഇത് കർത്താവിന്റെ ക്രൂശിലെ ബലി മാത്രം ആണ് മനുഷ്യകുലത്തിനു വേണ്ടി ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള ഏക മധ്യസ്ഥത എന്നാണ് പഠിപ്പിക്കുന്നത്.


വാങ്ങിപോയ വിശുദ്ധർ ദൈവമുൻപാകെ മധ്യസ്ഥപ്രാർത്ഥന നടത്തുന്നുണ്ടോ എന്നത് വിശുദ്ധ തിരുവെഴുത്തുകൾ പ്രകാരം നമുക്ക് പഠിക്കാം. വെളിപാട് പുസ്തകം ഇതിന് വ്യക്തമായ ഒരു ധാരണ സഭാമക്കൾക്കു നൽകുന്നുണ്ട്. സ്വർഗീയ രഹസ്യങ്ങൾ മനുഷ്യർക്ക് ഗ്രഹിക്കുവാൻ ഇത് ആലങ്കാരികമായ ഒരു സാഹിത്യശൈലി ഉപയോഗിച്ച് (apocaliptics) എഴുതിയിരിക്കുന്നു. വെളിപാട് പുസ്തകത്തിൽ അന്ത്യന്യായവിധിയ്ക്ക് ശേഷമുള്ള കാര്യം അതായത് നിത്യരക്ഷയുടെ സ്വർഗം നേടിയ ആത്മാക്കളുടെ വിവരണം 21 ആം അദ്ധ്യായം മുതൽ മാത്രം ആണ്. അതായത് അതിനു മുൻപുള്ള അധ്യായങ്ങളിൽ മരണാനന്തര ശേഷമുള്ള ആത്മക്കളുടെ കാര്യങ്ങൾ പറയുന്നത് എല്ലാം  വർത്തമാന കാല സംഭവം ആയിട്ട് വേണം കണക്കാക്കേണ്ടത്.


ദൈവസന്നിധിയിൽ എത്തിയ വിശുദ്ധരുടെ ആത്മാക്കളെ പറ്റി ഇങ്ങനെ എഴുതപെട്ടിരിക്കുന്നു, "അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്‌ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു." (വെളിപാട്‌ 6 : 9).  സ്വർഗീയ ബലിപീഠത്തിന്റെ ചുവട്ടിൽ എന്ന് പറയുന്നത് സ്വർഗ്ഗത്തിനും ഭൂമിയ്ക്കും മധ്യേയുള്ള പറുദീസ്സയുടെ അനുഭവത്തെ പറ്റിയാണ്. ഇവിടെ ആണ് വാങ്ങിപ്പോയ വിശുദ്ധർ വിശ്രമിക്കുന്നത്. ജ്ഞാനിയായ ശലോമോൻ പറയുന്നു, "ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ്‌ തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും." (സഭാപ്രസംഗകന്‍ 12 : 7), സങ്കീർത്തനക്കാരൻ പാടുന്നു, "തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌."(സങ്കീര്‍ത്തനങ്ങള്‍ 116 : 15). എബ്രയ ലേഖനം പറയുന്നു "കാരണം, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത്‌ എന്നു കണ്ട്‌ ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു. (ഹെബ്രായര്‍ 11 : 40) അതായത് നമ്മെ കൂടാതെ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കരുത്, അവസാനം എല്ലാവരും ഒരുമിച്ച് സ്വർഗീയ നാട്ടിൽ പ്രവേശിക്കാൻ വേണ്ടി ദൈവം "ബലിപീഠത്തിന്റെ ചുവട്ടിൽ" ആത്മാക്കൾക്ക് ഒരു വാസമൊരുക്കി. "നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍" എന്ന് 

ഹെബ്രായര്‍ 12 : 1 ൽ പഠിപ്പിക്കുന്ന പ്രകാരം ഈ വാങ്ങിപ്പോയ വിശുദ്ധർ പറുദീസ്സയെന്നു വിളിക്കപ്പെടുന്ന അബ്രഹാമിന്റെ മടിയിൽ, മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.


അവിടെ അവരുടെ വിശ്രമസ്ഥലത്ത് സ്വർഗീയ ബലിപീഠത്തിന്റെ ചുവട്ടിൽ നിന്നും കൊണ്ട് അവർ പ്രാർത്ഥിച്ചു, "വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്‌ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ന്യായവിധി നടത്തി ഞങ്ങളുടെ രക്‌തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ്‌ എത്രത്തോളം വൈകും?"

(വെളിപാട്‌ 6 : 10) അവരുടെ പ്രാർത്ഥന അന്ത്യന്യായ വിധി നടത്തി സഭയെ സ്വർഗീയ സൗഭാഗ്യത്തിലേക്ക് ചേർത്തു 'പൂർണ്ണ' ആക്കുവാൻ ആയിരുന്നു. അതായത് പറുദീസ്സയിൽ വിശുദ്ധർ സഭയ്ക്ക് വേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തുന്നു.


യേശു തമ്പുരാൻ അവരുടെ മധ്യസ്ഥപ്രാർത്ഥന കേട്ട് മറുപടി നൽകുന്നു, "അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ധവളവസ്‌ത്രം നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി. (വെളിപാട്‌ 6 : 11). വെളിപാട് ദർശനത്തിൽ കണ്ട ഒരു ശ്രേഷ്ഠൻ ഈ വിശുദ്ധരെപറ്റി യോഹന്നാൻ ശ്ലീഹായോട് ഇപ്രകാരം ചോദിച്ചു, "ശ്രേഷ്‌ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞഇവര്‍ ആരാണ്‌? ഇവര്‍ എവിടെനിന്നു വരുന്നു?"

(വെളിപാട്‌ 7 : 13). അപ്പോൾ ശ്ലീഹ ഉത്തരമായി പ്രഭോ, അങ്ങേയ്ക്കു അറിയാമല്ലോ എന്ന് പറഞ്ഞു. ആ ശ്രേഷ്ഠൻ യോഹന്നാനു വെള്ളങ്കിക്കാരാം വിശുദ്ധരെ പറ്റി പഠിപ്പിച്ചു പറഞ്ഞു, " ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്‌തത്തില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍." (വെളിപാട്‌ 7 : 14). ഇപ്രകാരം വാങ്ങിപ്പോയ വിശുദ്ധരെപ്പറ്റി പറഞ്ഞു കൊണ്ടു അവരുടെ നിലവിലുള്ള ശുശ്റൂക്ഷ ആ ശ്രേഷ്ഠൻ വെളിപ്പെടുത്തുന്നു, "ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ആല യത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്‌ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക്‌ അഭയം നല്‍കും." (വെളിപാട്‌ 7 : 15).

ഇതാണ് പരിശുദ്ധ സുറിയാനി സഭയുടെ വിശ്വാസം, സുറിയാനി സഭയുടെ വിശുദ്ധരോടുള്ള മധ്യസ്ഥപ്രാർത്ഥന വിശുദ്ധ കുർബാന മധ്യേ നടത്തുന്നത് ഈ ദൈവവചനങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ ആണ്. വിശുദ്ധരുടെ ഓർമ്മകൾ കൊണ്ടാടി കൊണ്ട് ധൂപമർപ്പിക്കുമ്പോൾ വിശുദ്ധ ബലിപീഠത്തിനു കീഴിൽ ഒരു കുരിശ് ഇരുവശത്തു കത്തിച്ച തിരികളോടു കൂടി വയ്ക്കുന്നു. കുരിശ് ആണ് മധ്യസ്ഥപ്രാർത്ഥനയുടെ ആയുധം. കർത്താവിന്റെ ജയമുള്ള സ്ലീബ വിശുദ്ധരുടെ പ്രതീകമാകുന്നത് അവരോടുള്ള മധ്യസ്ഥപ്രാർത്ഥനയിൽ ആണ്. ഇവിടെ ബലിപീഠത്തിനു ചുവട്ടിൽ വയ്ക്കുന്ന വിശുദ്ധ കുരിശ്, സ്വർഗ്ഗത്തിൽ ബലിപീഠത്തിനു ചുവട്ടിൽ വെള്ളനിലയങ്കി ധരിച്ചു കൊണ്ടു രാപകൽ ഭേദമില്ലാതെ ദൈവത്തെ ആരാധിച്ചു കൊണ്ട് ഭൗമിക സഭയ്ക്കു വേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്തുന്ന വിശുദ്ധരുടെ പ്രതീകമാകുന്നു. അതുകൊണ്ട് സുറിയാനിക്കാർ വിശുദ്ധരുടെ മധ്യസ്ഥപ്രാർത്ഥനയിൽ അഭയപ്പെടുന്നു.


ഏറെ പറയാൻ ഉണ്ട് എങ്കിലും വിസ്താരഭയത്താൽ നിർത്തുന്നു. ജീവിച്ചിരിക്കുന്നവർക്കും വാങ്ങിപ്പോയവർക്കും ഒരു പോലെ കരുണ ചൊരിയുന്ന ഒരു സ്വർഗീയ പിതാവിന്റെ മക്കൾ ആയ നമ്മൾ അവന്റെ കല്പന പ്രകാരം എല്ലാവർക്കും വേണ്ടി എല്ലായിടത്തും എല്ലായ്‌പോഴും മധ്യസ്ഥപ്രാർത്ഥന നടത്തുന്നതിന് കടപ്പെട്ടവർ ആകുന്നു. അതുപോലെ മരണാനന്തരവും വിശുദ്ധർ ദൈവസന്നിധിയിൽ തങ്ങളുടെ മധ്യസ്ഥപ്രാർത്ഥന തുടരുന്നതിനാൽ അവരുടെ പ്രാർത്ഥനയിൽ നമുക്കും ശരണപ്പെടാം. എല്ലാവിധ വ്യാജരീതികളും ഉപേക്ഷിച്ചു, സത്യവിശ്വാസം  മുറുകെ പിടിച്ചു കൊണ്ടു സത്യാരാധനയിൽ വിശുദ്ധർക്കൊപ്പം നിലകൊള്ളാം. നിങ്ങളെ ഞങ്ങൾ പഠിപ്പിച്ച സത്യസുവിശേഷം വിട്ടു മറ്റൊരു സുവിശേഷം കേൾക്കുമ്പോൾ ഓടി പോകുവാൻ തക്കവണ്ണം വിശ്വാസത്തിൽ നിങ്ങൾ ബലഹീനരാകരുത്. മധ്യസ്ഥപ്രാർത്ഥനയെ കച്ചവടവൽക്കരിക്കുകയോ, തെറ്റായ ക്രമങ്ങളിലൂടെ കാനോനിക വിരുദ്ധമായ രീതിയിൽ അനുഷ്ഠിക്കുകയോ ചെയ്യരുത്. അങ്ങനെ ഉള്ളവർ ദൈവത്തോട് മത്സരിക്കുന്നു, അവരുടെ നാശം അവരുടെ പ്രവർത്തികൾ ആകുന്നു.


ദൈവം അനുഗ്രഹിക്കട്ടെ!

അഭിപ്രായങ്ങള്‍