ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ

 ബാർ യുഹാനോൻ റമ്പാൻ,പിറമാടം ദയറ

'കാനോൻ' (conon) എന്ന വാക്കിനു 'അളവ്കോൽ' (measuring rod) എന്നാണ് അർത്ഥം. വേദപുസ്തക കാനോൻ എന്ന് പറയുമ്പോൾ പഴയ നിയമം, പുതിയ നിയമം എന്നിവയിൽ ഏതൊക്കെ പുസ്തകങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നുള്ള സഭയുടെ ഔദ്യോഗിക ലിസ്റ്റ് ആണ്. പ്രാദേശികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ ചില പുരാതന സഭകളിൽ പ്രചാരത്തിൽ ഉണ്ടെങ്കിലും ഏക സർവ്വത്രിക അപ്പോസ്ത്തോലിക പരിശുദ്ധ സഭയിൽ എല്ലാം നിലവിൽ അംഗീകരിച്ചിരിക്കുന്ന ഒരു വേദപുസ്തക കാനോൻ നിലവിൽ ഉണ്ട്. അതിന് പ്രകാരം പഴയനിയമത്തിൽ 45 പുസ്തകങ്ങളും ദാനീയെലിനോടും, എസ്തറിനോടും കൂട്ടിചേർത്ത പരിശിഷ്ടങ്ങളും ഉണ്ട്. അതിൽ കൂടുതൽ ഉള്ളത് എല്ലാം ആ പ്രാദേശിക സഭയുടെ ദ്വിതീയകാനോൻ പ്രകാരം ആണ്. സുറിയാനി സഭയിൽ ദ്വിതീയകാനോൻ നിലവിൽ ഇല്ല. അബിസീനിയൻ സഭയിൽ എനോക്കിന്റെ പുസ്തകവും, റോമൻ കത്തോലിക്ക സഭയിൽ മനസ്സേയുടെ പ്രാർത്ഥന, 3&4 എസ്ദ്രദസ്സ് എന്നിവ കൂടുതൽ ഉണ്ട്. കത്തോലിക്ക സഭയിൽ ഹെബ്രായ കാനോനിൽ ഇല്ലാത്തതും LXX കാനോനിൽ ഉള്ളതുമായ കൂട്ടിചേർത്ത പുസ്തകങ്ങളെ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ (deuterocanonical) എന്നാണ് വിളിക്കുന്നത്. LXX കാനോൻ പ്രകാരം കൂട്ടി ചേർത്ത ഗ്രന്ഥങ്ങൾ സുറിയാനി സഭയിൽ യഥാർത്ഥ കാനോനിക ഗ്രന്ഥങ്ങൾ തന്നെ ആകുന്നു. എന്നാൽ മുൻപ് നമ്മുടെ ഇടയിൽ പ്രചാരത്തിൽ ഇരുന്ന ബൈബിൾ സൊസൈറ്റിയുടെ വിശുദ്ധ വേദപുസ്തകവുമായി നമ്മുടെ വിശുദ്ധഗ്രന്ഥത്തിൽ ഉള്ള കാനോൻ വ്യത്യാസം കാണിക്കുവാൻ മലങ്കര മൽപ്പാൻ കുര്യൻ വലിയ കോറിയുടെ തർജ്ജ്ജിമ പ്രകാരം ഉള്ള വിശുദ്ധ ഗ്രന്ഥത്തിൽ  അതിന്റെ എഡിറ്റൊറിയൽ വിഭാഗം നല്ല ഉദ്ദേശത്തോടെ ആണെങ്കിലും 'ഇതര കാനോനിക ഗ്രന്ഥങ്ങൾ' എന്നുള്ള തലക്കെട്ട് പ്രകാരം LXX കാനോൻ കൂട്ടിചേർത്ത ഗ്രന്ഥങ്ങൾ കൊടുത്തിരിക്കുന്നു. ഇതു മൂലം 'ഇതര കാനോൻ' എന്നുള്ള ഒരു ഉപയോഗം നമ്മുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സുറിയാനി സഭ ഗൗരവമായി കണ്ടു പിൻവലിക്കേണ്ടത് ആണ് എന്ന് ഞാൻ വ്യക്തിപരമായി അഭിപ്രായപെടുന്നു. 

പഴയനിയമ കാനോൻ മാനദണ്ഡങ്ങളുടെ രൂപീകരണം സംബന്ധിച്ച് സഭാ പിതാക്കൻമാർക്ക് വളരെ അധികം ബുദ്ധിമുട്ട് വേണ്ടി വന്നില്ല കാരണം അവർ ക്രിസ്തുവിന്റെ അപ്പോസ്തോലാൻമാരുടെ കാലഘട്ടത്തിൽ നിന്നും അധികം വിദൂരത്തിൽ അല്ലായിരുന്നു. പഴയനിയമ ഗ്രന്ഥങ്ങൾ അപ്പോസ്തോലർ എങ്ങനെ സ്വീകരിച്ചുവോ അതുപോലെ ഒരു കുറവും വരുത്താതെ സഭാപിതാക്കന്മാരും സ്വീകരിച്ചു. യേശു ക്രിസ്തുവും അപ്പോസ്തോലൻമാരും ഉപയോഗിച്ച സെപ്റ്റജെന്റ് കാനോൻ (LXX) ആയിരുന്നു, പുരാതന സഭയും പിന്തുടർന്നത്. നമ്മുടെ കർത്താവിന്റെയും അവന്റെ അപ്പോസ്തലന്മാരുടെയും പഠിപ്പിക്കലും മാതൃകയും സെപ്റ്റുജന്റ് കാനോൻ പ്രകാരം ഉള്ള തിരുവെഴുത്തുകൾ ഉപയോഗിച്ച് ആയിരുന്നത് മൂലം പഴയനിയമ കാനോൻ അതുപോലെ തന്നെ സഭ അംഗീകരിക്കുകയായിരുന്നു. പഴയനിയമ ഗ്രീക്ക് കാനോൻ രൂപീകരണത്തിന്റെ സമയം നിലവിലിരുന്ന ഹെബ്രായ കാനോനോട് കൂട്ടിചേർക്കൽ നടത്തിയാണ് LXX നിവർത്തി ആയതു. അതായത് അന്ന് നിലവിൽ ഉണ്ടായിരുന്ന ഹെബ്രായ കാനോൻ ഗ്രീക്ക് തർജ്ജ്ജിമ നിർവഹിച്ചപ്പോൾ ആ ഗ്രീക്ക് കാനോനിലേക്ക്  കൂട്ടിചേർക്കേണ്ട മറ്റു പുസ്തകങ്ങൾ ഏതെല്ലാം എന്നത് അന്നത്തെ ഹെബ്രായ സന്നിദ്രിമിന്റെ കൂടി അറിവൊടും സമ്മതതത്തോടും ആണ് നടന്നത്, അല്ലെങ്കിൽ LXX കാനോൻ പ്രകാരം ഉള്ള പുസ്തകങ്ങൾ ഹീബ്രൂ, അരമായ, ഗ്രീക്ക്  ഭാഷകളിൽ തങ്ങളുടെ സിനഗോഗുകളിൽ ഉപയോഗിക്കാൻ ഇസ്രായേൽ മതാദ്ധ്യക്ഷർ അനുവദിക്കില്ലായിരുന്നു.

LXX രൂപീകരണ കാലത്ത് നിലവിൽ ഇരുന്ന ഹെബ്രായ കാനോൻ പ്രകാരം ഉള്ള പുസ്തകങ്ങൾ ഏതെല്ലാം എന്ന് ഒന്നു പരിശോധിക്കാം ;

പഴയനിയമ ഹെബ്രായ കാനോൻ മൂന്നു ആയിട്ട് തിരിച്ചിരിക്കുന്നു, തോറ, നവിം, കെതുവിം.

തോറ എന്നത് മോശയുടെ പഞ്ചഗ്രന്ഥങ്ങൾ ആയ ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നിവയാണ്.

 നവിം എന്നത് യോശുവ, ന്യായാധിപന്മാർ, 1&2 ശമൂവേൽ, 1&2 രാജാക്കന്മാർ, യെറമിയ, എശയ, എസക്കിയേൽ, എന്നിവയും 12 ചെറിയ പ്രവാചകൻമാരുടെ പുസ്തകങ്ങളായ ഹോശയ, യോയേൽ, അമോസ്, ഒബാദ്യ, യോനാ, മിഖാ, നഹും, ഹബാക്കുക്ക്, സെഫാനിയ, ഹഗ്ഗായി, സഖാറിയ, മാലാഖി എന്നിവയും ആണ്.

കെത്തുവിം എന്നത് സങ്കീർത്തനങ്ങൾ, ഇയോബ്, മഗില്ലത്ത് (റൂത്, ഉത്തമഗീതം, സഭാപ്രസംഗി, എസ്തർ, വിലാപങ്ങൾ ) 1&2 ദിനവൃത്താന്തങ്ങൾ, സദൃശ്ശവാക്യങ്ങൾ, എസ്രാ -നേഹമിയ, ദാനിയൽ എന്നിവയും ആയിരുന്നു. ഇതിൽ മഗില്ലത്ത്  ഒറ്റ ചുരുൾ ആയിരുന്നു അതുപോലെ ഉം എസ്ര - നേഹമിയയും ഒറ്റചുരുൾ ആയിരുന്നു. 

LXX പ്രകാരം കൂട്ടിചേർത്ത ഗ്രന്ഥങ്ങൾ ഇവയാണ് ; തുബീദ്, യഹൂദിത്ത്, എസ്തർ പരിശിഷ്ടം, മഹാജ്ഞാനം, യേശു ബാർ ആസീറെ, എറമിയയുടെ ലേഖനം, 1&2 ബറൂക്കിന്റെ ലേഖനം, ദാനിയേൽ പരിശിഷ്ടം, 1&2 മക്കാബ്യർ   എന്നിവയാണ്. ഇവ നമ്മുടെ കർത്താവായ യേശുക്രിസ്തുവും ശ്ലീഹാന്മാരും ഉപയോഗിച്ചിരുന്നു.

[എസ്തർ, ദാനിയേൽ എന്നിവയുടെ പരിശിഷ്ടങ്ങൾ പിന്നീട് LXX കാനോൻ സമയം കൂട്ടി ചേർത്തു എന്നു കരുതുന്നു,  ഈ വിഷയം ഇനിയും  പഠിക്കേണ്ടിയിരിക്കുന്നു.]

പുതിയനിയമ തിരുവിഴുത്തുകൾ പരിശുദ്ധാത്മ പ്രേരിതമായ എഴുത്തുകൾ ആണോ അല്ലയോ എന്നെല്ലാം കണ്ടെത്താൻ സഭാപിതാക്കന്മാരുടെ സുന്നഹദോസ്സുകൾ ചില മാനദണ്ഡങ്ങൾ സ്വീകരിച്ചിരുന്നു. ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള തീരുമാനങ്ങളെടുക്കൽ പ്രക്രിയ മുഴുവൻ ക്രിസ്ത്യൻ ലോകത്തെയും നേരിട്ട് സ്വാധീനിച്ചു. കാനോൻ രൂപീകരണത്തിൽ ഉള്ള 

 അവരുടെ നിശ്ചയദാർഢ്യങ്ങളിൽ നമുക്ക് വിശ്വാസമുണ്ടാകാൻ വേണ്ടി ചില മാനദണ്ഡങ്ങൾ മനസ്സിലാക്കുക അത്യാവശ്യം ആണ്.

1. അപ്പോസ്തോലിക അധികാരം: ഒരു പുസ്തകത്തിലെ അല്ലെങ്കിൽ ലേഖനത്തിലെ രചനകൾ ഒരു അപ്പോസ്തലൻ എഴുതിയതാണോ?

 അതോ അവരുമായി ബന്ധപ്പെട്ട ആരെങ്കിലും അവരുടെ നിർദേശങ്ങൾ പ്രകാരം എഴുതിയത് ആണോ ? എന്നത് ആണ് പ്രധാന മാനദണ്ഡമായി എടുക്കുന്നത്. കാരണം, അപ്പോസ്തോലൻമാരുടെ പേരിൽ പ്രചാരത്തിലുള്ള വിവിധ വ്യാജഗ്രന്ഥങ്ങൾ അന്ന് ലഭ്യമായിരുന്നു (ഉദാഹരണം: തോമസിന്റെ സുവിശേഷം). അതുകൊണ്ട് അവയെല്ലാം പരിശോധന നടത്തി അപ്പോസ്ത്തോലിക ആധികാരികത ഉറപ്പ് വരുത്തേണ്ടിയിരുന്നു. ഉദാഹരണം മാർക്കൊസ് എഴുതിയ സുവിശേഷം, ഇത് പത്രോസ്സിന്റെ അപ്പോസ്തോലിക അധികാരത്തിൻ കീഴിൽ എന്ന് കണ്ടെത്തിയത് സഭയുടെ പിതാക്കന്മാരുടെ കൗൺസിൽ ആണ്. മാർക്കൊസ് 16:9-20 ഭാഗം ബ്രാക്കറ്റ് ചെയ്തതും സഭാ സിനഡ് തീരുമാനം ആണ്. അതിന്റെ അർത്ഥം അത് അംഗീകാര യോഗ്യത ഉണ്ടെന്നുള്ളത് തന്നെ ആണ്.

2. പ്രാചീനത: അപ്പോസ്തോലിക കാലം അവകാശപ്പെടുവാൻ തക്ക പഴക്കമുണ്ടായിരുന്നോ?

ഓരോ ഗ്രന്ഥങ്ങളുടെയും പരമാവധി പ്രാചീന കൈയ്യെഴുത്ത് പ്രതി കണ്ടെത്തി സുദീർഘമായ പഠനങ്ങൾ നടത്തി പൂർണ്ണമായും അപ്പോസ്ത്തോലിക കാലാഘട്ടത്തോട് ചേർന്നു നിന്നിരുന്നവയെന്നു ബോധ്യപ്പെട്ടവ മാത്രം ആയിരുന്നു അംഗീകരിക്കാൻ സഭാ പിതാക്കന്മാർ തയ്യാർ ആയത്. എഴുത്തുകളുടെ ഒരു വള്ളിയോ, പുള്ളിയോ പോലും മാറാൻ അവർ അനുവദിച്ചില്ല. അത്രമേൽ കർക്കശമായിരുന്നു അവരുടെ പരിശോധന. ഉദാഹരണമായി 2 പത്രോസ്, 2&3 യോഹന്നാന്റെ ലേഖനം, യൂദായുടെ ലേഖനം, യോഹന്നാന്റെ വെളിപാട് എന്നിവ ദ്വിതീയ കാനോൻ ആയി ആണ് നൂറ്റാണ്ടുകളോളം സുറിയാനി 'പെശീത്ത കാനോൻ' കണ്ടിരുന്നത്. കാരണം മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പ് വരുത്തേണ്ടിയിരുന്നു. ഇവയോടൊപ്പം ഉണ്ടായിരുന്ന ഹെർമ്മാസ്സിന്റെ 'ഇടയൻ' എന്ന പുസ്തകം, ബാർണ്ണബസ്സിന്റെ പുസ്തകം, ക്ലിമീസിന്റെ പുസ്തകം ഇവയെല്ലാം പിന്നീട് തള്ളികളഞ്ഞു. എന്നാൽ മേല്പറഞ്ഞ ദ്വിതീയ കാനോനിൽ ഉൾപ്പെട്ടിരുന്ന 2 പത്രോസ്, വെളിപാട്, 2&3 യോഹന്നാൻ, യൂദാ എന്നിവ പൂർണ്ണമായും അംഗീകരിച്ച് കാനോനിൽ ഉൾപ്പെടുത്തി.

3. ഓർത്തഡോക്സി: ക്രിസ്തുവിനെയും അവന്റെ ജീവിതത്തെയും അവന്റെ പഠിപ്പിക്കലുകളെയും കുറിച്ചുള്ള ശരിയായ ഉപദേശം  പഠിപ്പിക്കുന്നുണ്ടോ? ഉദാഹരണം ഏറെ പഠനവിധേയമായ ശേഷം ആണ് വെളിപ്പാട് പുസ്തകം വിശുദ്ധ യോഹന്നാൻ എഴുതിയത് ആണ് അത് സത്യവിശ്വാസം പഠിപ്പിക്കുന്നതും പ്രവചനഗ്രന്ഥവും ആണ് എന്ന് സഭാപിതാക്കന്മാരുടെ സിനഡ് അംഗീകരിച്ചത്. ഇങ്ങനെ അംഗീകാരം കിട്ടുന്നതിന് മുൻപുള്ള കാലഘട്ടങ്ങളിൽ ചില പിതാക്കന്മാർ ഇതിന്റെ പഠിപ്പിക്കലിനെ പറ്റി അവരുടെ എഴുത്തുകളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം സംശയങ്ങൾ എല്ലാം കൃത്യമായി പഠിച്ച് അവസാനം വെളിപാട് പുസ്തകം യോഹന്നാൻ ശ്ലീഹായ്ക്ക് ലഭിച്ച ദർശനമാണ് എന്ന് സഭ ഉറപ്പിച്ചു.

4. സാർവ്വത്രികത : പുസ്തകം സാർവത്രിക സഭ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തോ? ഉദാഹരണമായി കോരിന്ത്യർക്കു എഴുതിയ ലേഖനം സാർവ്വത്രിക സഭ അംഗീകരിച്ചിരുന്നു. അതുകൊണ്ട് ഇതര പ്രാദേശിക സഭയിൽ അവ ഉപയോഗിച്ചിരുന്നു. അതുപോലെ ആസ്സിയായിലെ ഏഴ് സഭകൾക്കു എഴുതിയ പ്രവചനം സാർവ്വത്രിക സഭായോടുള്ള പ്രവചനം ആയിട്ട് അംഗീകരിക്കപെട്ടിരുന്നു. ഇങ്ങനെ ഉള്ള സർവ്വത്രിക അംഗീകാരം ഉണ്ടായിരുന്ന പുസ്തകങ്ങൾ മാത്രം ആണ് പുതിയനിയമത്തിൽ ചേർക്കാൻ പിതാക്കന്മാരുടെ സുന്നഹദോസുകൾ തയ്യാർ ആയതു.

5. പരമ്പരാഗത ഉപയോഗം: പുസ്തകം സഭയിൽ പരമ്പരാഗതമായി കൈമാറി വരുകയും ഉപയോഗിക്കുകയും പ്രയോഗത്തിൽ ഇരിക്കുകയും ചെയ്തിട്ടുണ്ടോ?

 ഉണ്ടെങ്കിൽ അവ നിലനിന്നിരുന്ന കാലഘട്ടങ്ങൾ ഏവ? അപ്പോസ്ത്തോലിക കാലം മുതൽ പരിശുദ്ധ സഭയിൽ പ്രചാരത്തിൽ ഇരുന്നതും, തലമുറ ആയി കൈമാറി ഉപയോഗിച്ച് വന്നതും, അതിലെ പഠിപ്പിക്കൽ സഭാ ജീവിതത്തിൽ പ്രയോഗത്തിൽ ഇരുന്നവയും ആയിരുന്നു. അല്ലാത്ത ഒരു ഗ്രന്ഥം പോലും പുതിയ നിയമ കാനോൻ അംഗീകരിച്ചില്ല. ഉദാഹരണമായി പ്രസംഗങ്ങളിൽ സജീവമായിരുന്നുവെങ്കിലും വെളിപാട് പുസ്തകത്തിന്റെ പരസ്യ വായന ഉപയോഗം കുറവായിരുന്നു. എന്നാൽ വെളിപാട് പുസ്തകം സഭയുടെ ആരാധനകളെ അതിശക്തമായ രീതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ പുസ്തകം പരിശുദ്ധാത്മ പ്രേരിതമായ തിരുവചനം തന്നെ ആണ് എന്ന് പിതാക്കന്മാരുടെ സിനഡ് കണ്ടെത്തി.

ക്രിസ്താബ്ദം 300-കളുടെ മധ്യത്തോടെ, പുതിയ നിയമത്തിന്റെ കാനോൻ ദൃഢമായി സ്ഥാപിക്കപ്പെട്ടു.

  എങ്കിലും ചെറിയ അഭിപ്രായവ്യത്യാസങ്ങളും കൗൺസിലുകളുടെ അവലോകനവും തുടർന്നുള്ള നൂറിൽപരം വർഷങ്ങൾ തുടർന്നു. AD 321ൽ നിഖ്യാ സുന്നഹദോസ്സിൽ സംബന്ധിച്ച പിതാവും പിന്നീട് അലക്സന്ത്രിയായുടെ പത്രിയർക്കീസും ആയിരുന്ന മോർ അത്താനാസ്സിയോസ്ന്റെ AD 367 ലെ ഒരു ഇടയലേഖനത്തിൽ പുതിയനിയമത്തിലെ 27 പുസ്തകങ്ങളുടെ പേരുകളും രേഖപ്പെടുത്തിയിരിക്കുന്നു.  വിശുദ്ധ ജെറോമിന്റെയും, വിശുദ്ധ ആഗസ്ഥീനോസ്സിന്റെയും അഭിപ്രായങ്ങൾ അതിനെ ശക്ഥീകരിക്കുന്നു. AD 508 ഓട് കൂടി പുതിയനിയമ കാനോൻ ഈ 27 പുസ്തകങ്ങൾ തന്നെ എന്ന് അന്തിമ തീരുമാനം ഉണ്ടായി. പ്രൊട്ടസ്റ്റന്റ് മൂവ്മെന്റ്കാലത്ത് മാർട്ടിൻ ലൂദർ  യാക്കോബിന്റെ ലേഖനവും, പിന്നീട് ജോൺ കാൽവിൻ വെളിപാടും തള്ളി പറഞ്ഞു എങ്കിലും നവീകരണ സഭകളുടെ കൗൺസിലുകൾ 27 പുസ്തകങ്ങൾ ദൈവാത്മ പ്രചോദനഫലമായി എഴുതപ്പെട്ടവ ആണെന്നു അംഗീകരിച്ചു. ഇന്ന് ലോകം മുഴുവനും ഉള്ള ക്രൈസ്തവ സഭകൾ എല്ലാവരും ഈ 27 പുസ്തകങ്ങൾ പുതിയനിയമം ആയിട്ട് അംഗീകരിച്ചിരിക്കുന്നു.

നൂറ്റാണ്ടുകൾ നീണ്ടു നിന്ന ഗവേഷണപഠനങ്ങൾ, സുന്നഹദോസ്സുകൾ, സൂക്ഷ്മ പരിശോധനകൾ എന്നിവയെല്ലാം അതിജീവിച്ച് ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന ഈ ജീവനുള്ള ദൈവത്തിന്റെ വചനം എഴുതപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥം എത്ര അമൂല്യമാണ് എന്ന് നാം തിരിച്ചറിയണം. വെളിപാട് പുസ്തകം 22:18-19 വാക്യങ്ങൾ വിശുദ്ധ ബൈബിളിലെ മുഴുവൻ തിരുവേഴുത്തുകൾക്കും ബാധകമാണ്, ഇപ്രകാരം എഴുതപെട്ടിരിക്കുന്നു, "

ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്‌ക്കും.

ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്റെ വൃക്‌ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും."

വെളിപാട്‌ 22 : 18-19

അഭിപ്രായങ്ങള്‍