പഴയ നിയമത്തിൽ എന്താ ദൈവം പല്ലിനു പകരം പല്ല് കണ്ണിനു പകരം കണ്ണ് എന്ന് ഉപദേശിക്കുന്നത് ? ചിലതൊക്ക വായിക്കുമ്പോൾ ക്രൂരതയുടെ പര്യായം ആയിട്ട് തോന്നും. പുതിയ നിയമത്തിലേക്ക് വരുമ്പോൾ സ്നേഹവനായ ദൈവം?

 


പഴയ നിയമത്തിൽ എന്താ ദൈവം പല്ലിനു പകരം പല്ല് കണ്ണിനു പകരം കണ്ണ് എന്ന് ഉപദേശിക്കുന്നത് ? ചിലതൊക്ക വായിക്കുമ്പോൾ ക്രൂരതയുടെ പര്യായം ആയിട്ട് തോന്നും. പുതിയ നിയമത്തിലേക്ക് വരുമ്പോൾ സ്നേഹവനായ ദൈവം?


ചോദ്യം:  Mrs. ജിബി പോൾ 

--------------------------------------


ദൈവഹിതം വിശുദ്ധ ഗ്രന്ഥം വഴി മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന നിരവധി വേദശാസ്ത്ര മാതൃകകൾ ഉണ്ട്. അതിൽ ഒന്നു ആണ്  ദൈവിക ഉടമ്പടികളെ പറ്റിയുള്ള പഠനം.


അനാദിയിൽ വിശുദ്ധ തൃത്വത്തിൽ മനുഷ്യരക്ഷയെ പ്രതിയുണ്ടായ  പദ്ധതിയെ കാരുണ്യ ഉടമ്പടി (Covenant of Mercy ) എന്നും ചിലപ്പോൾ വിടുതലിന്റെ ഉടമ്പടി (Covenant of Redemption) എന്നും വിളിക്കുന്നു. മനുഷ്യനുമായി ഏദനിൽ ഉണ്ടായ ഉടമ്പടി Edenic Covenant (ഏദൻ ഉടമ്പടി) അല്ലെങ്കിൽ പ്രവർത്തിയുടെ ഉടമ്പടി (Covenant of Work) എന്ന് വിളിക്കുന്നു. പാപവീഴ്ചയെ തുടർന്നു മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി ദൈവം സ്ഥാപിച്ച ഉടമ്പടി Covenant of Grace കൃപയുടെ ഉടമ്പടി എന്ന് അറിയപ്പെടുന്നു. ഇതുപോലെ യേശു പുതിയ നിയമ ഉടമ്പടി സ്ഥാപിക്കുന്നത് വരെയും പഴയ നിയമത്തിൽ ധാരാളം ഉടമ്പടികൾ കാണുവാൻ കഴിയും.


ഈ ഉടമ്പടി എല്ലാം രണ്ടു വ്യക്തികൾ തമ്മിൽ ആണ്. ഇതിൽ major party ദൈവം ആണ് minor party മനുഷ്യനും. ചിലപ്പോൾ മനുഷ്യൻ ഒരു representative ആയിട്ട് ആണ് ഉടമ്പടി വരുന്നത്. സിനായി ഉടമ്പടിയിൽ ദൈവവും ഇസ്രായേലിനെ പ്രതിനിധീകരിച്ചു മോശയും വരുന്നു. പുതിയ നിയമത്തിൽ പിതാവായ ദൈവവും പരിശുദ്ധ സഭയെ പ്രതിനിധീകരിച്ചു  യേശുവും വരുന്നു.


ഉടമ്പടികൾ എല്ലാം തന്നെ ഉണ്ടായ സാഹചര്യം, അതിന്റെ ഉള്ളടക്കം തുടങ്ങി അനേക കാര്യങ്ങൾ പഠിക്കേണ്ടത് ഉണ്ട്. ചുരുക്കി പറഞ്ഞാൽ ഉടമ്പടിയിൽ ഇരു കൂട്ടരും ചെയ്യേണ്ടത്, ചെയ്യരുതാത്തത് എന്നീ നിബന്ധനകൾ ഉണ്ട്, ഉടമ്പടി കൃത്യമായി ചെയ്യുമ്പോൾ ഉള്ള അനുഗ്രഹങ്ങൾ, തെറ്റിക്കുമ്പോൾ ഉള്ള ശിക്ഷകൾ എല്ലാം ഉടമ്പടിയിൽ വ്യക്തമാണ്.


ഉടമ്പടികൾ ദൈവം ഒരു കാലത്തും ലംഖിച്ചില്ല. ലംഖിച്ചത് മനുഷ്യൻ മാത്രം ആണ്. ദൈവക്രോധം എന്നു നമ്മൾ പറയുന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ  ലംഘനത്തെ തുടർന്നു ഉടമ്പടിപ്രകാരം ദൈവം ചെയ്യുന്ന പ്രവർത്തനം ആണ്. അപ്രകാരം ചെയ്തില്ല എങ്കിൽ ദൈവത്തിന്റെ ഉടമ്പടിയ്ക്ക് വിലയില്ല എന്ന് വരും. അവൻ മാറ്റമില്ലാത്ത ദൈവം ആണ് ആകയാൽ ഉടമ്പടി അവൻ കൃത്യമായി പാലിക്കുന്നു.


ആയതു കൊണ്ട് പഴയ നിയമത്തിൽ ദൈവം വലിയ ക്രോധമുള്ള ദൈവം ആണ് എന്നുള്ള നമ്മുടെ ചിന്ത തെറ്റ് ആണ്. ദൈവം പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒന്ന് തന്നെ ആണ് പക്ഷെ മനുഷ്യനുമായുള്ള ഉടമ്പടി അഥവാ നിയമം വ്യത്യസ്തമാണ്. പഴയ നിയമത്തിൽ പരോക്ഷകൃപയുടെ മേൽ പ്രത്യക്ഷ നീതിയും, പുതിയ നിയമത്തിൽ കരുണയും കൃപയും അടിസ്ഥാനമാക്കിയുള്ള പരോക്ഷനീതിയും ആണ് ക്രമീകരിച്ചിരിക്കുന്നത്.


അതായത് പഴയ നിയമത്തിൽ അന്നത്തെ ഉടമ്പടി പ്രകാരം  കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും ജീവന് പകരം ജീവനും പ്രത്യക്ഷ നീതി എടുത്തപ്പോൾ അവരെല്ലാം ക്രിസ്തുവിൽ കൃപയാൽ പിന്നീട് രക്ഷ പ്രാപിച്ചു.

ഉദാഹരണം ആയിട്ട് നോഹയുടെ കാലത്ത് ദൈവത്തിന്റെ ക്രോധം മൂലം വെള്ളത്തിൽ മരിച്ചവരെ ക്രിസ്തു എങ്ങനെ രക്ഷിച്ചു എന്നു നോക്കാം;


"എന്തുകൊണ്ടെന്നാല്‍, ക്രിസ്‌തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു;


അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച്‌ ആത്‌മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്‌.


ആത്‌മാവോ ടുകൂടെചെന്ന്‌ അവന്‍ ബന്‌ധനസ്‌ഥരായ ആത്‌മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്‌ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്‌ഷപ്രാപിച്ചുള്ളു.

1 പത്രോസ് 3 : 18-20


മോശയുമായി ദൈവം ഉടമ്പടി സ്ഥാപിക്കുന്നതിന് മുൻപ് ദൈവം മോശയെ വിളിച്ചു വേർതിരിച്ചു. അവനെ തന്റെ ജനത്തിന്റെ അടുക്കലേക്കു വിട്ടു. മോശ   അന്ന് യഥാർത്ഥത്തിൽ അബ്രഹാമ്യ ഉടമ്പടിയുടെ ഉള്ളിൽ ആയിരുന്നു. അതു അവൻ പാലിക്കാത്ത പക്ഷം ഉടമ്പടി പ്രകാരം ദൈവ ക്രോധം അവന്റെ ജീവൻ എടുക്കുമായിരുന്നു. മോശ ഉടമ്പടി പാലിക്കാൻ മറന്നു പോയി, ദൈവം മറന്നില്ല അവൻ സംഹാര ദൂതനെ അയച്ചപ്പോൾ മോശയ്ക്കു വേണ്ടി ഭാര്യ ഉടമ്പടി പാലിച്ചു അങ്ങനെ മരണം നീങ്ങി പോയി. അതായത് മോശയാണ് ക്രോധത്തിനു കാരണം ദൈവം അല്ല. ദൈവം ക്രോധിക്കണം എന്നുള്ളത് ഉടമ്പടി ആണ് അതു ദൈവം ചെയ്തില്ല എങ്കിൽ അവൻ ദൈവം അല്ല എന്ന് വരും.

യാത്രാമധ്യേ അവര്‍ താമസിച്ചിരുന്ന സ്‌ഥലത്ത്‌ കര്‍ത്താവു പ്രത്യക്‌ഷനായി മോശയെ വധിക്കാനൊരുങ്ങി.

ഉടനെ സിപ്പോറാ ഒരു കല്‍ക്കത്തിയെടുത്ത്‌ തന്റെ പുത്രന്റെ അഗ്രചര്‍മം ഛേദിച്ചു. അതുകൊണ്ട്‌ മോശയുടെ പാദങ്ങളില്‍ സ്‌പര്‍ശിച്ചിട്ട്‌ അവള്‍ പറഞ്ഞു: നീ എനിക്കു രക്‌തഭര്‍ത്താവാകുന്നു.

പുറപ്പാട്‌ 4 : 24-25


ഇതുപോലെ അനേകം ഉദാഹരണങ്ങൾ ഉണ്ട്. പഴയ നിയമത്തിൽ ദൈവം ശിക്ഷ കൊടുത്തത് കാണാമെങ്കിലും അത് നിത്യശിക്ഷ അല്ല മറിച്ച് ക്രിസ്തു മുഖാന്തിരം ഉള്ള രക്ഷ പ്രാപിക്കാൻ ആയിരുന്നു. അതുകൊണ്ട് ദൈവക്രോധം എന്നത് അവരുടെ നിത്യജീവന് വേണ്ടി ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയുന്നു.


ഇനി പുതിയ നിയമം നോക്കുമ്പോൾ പ്രത്യക്ഷ ദൈവക്രോധം ഇല്ല എന്ന് തോന്നുന്നു. പക്ഷെ യഥാർത്ഥത്തിൽ ക്രിസ്തു നമുക്ക് വേണ്ടി ദൈവക്രോധം ശരീരത്തിൽ വഹിച്ചിരിക്കുന്നു എന്നുള്ളത് നാം ഓർക്കണം. അതായത് ഒരു പടയാളിയുടെ പരിച പോലെ ആണ് ക്രിസ്തു നമുക്ക്. നമ്മിൽ വരേണ്ട ക്രോധം ക്രിസ്തു എന്ന പരിച വഹിക്കുന്നു;


"പരിചകൊണ്ടെന്നപോലെകാരുണ്യംകൊണ്ട്‌ അവിടുന്ന്‌അവരെ മറയ്‌ക്കുന്നു."

സങ്കീര്‍ത്തനങ്ങള്‍ 5 : 12


അതായത് ദൈവം അന്നും ഇന്നും മാറ്റം ഇല്ലാത്തവൻ ആണ്. ദൈവക്രോധം (Wrath of God), ദൈവകരുണ (Mercy of God), ദൈവകൃപ (Grace of God) തുടങ്ങി എല്ലാം അന്നും ഇന്നും ഒരു പോലെ സംഭവിക്കുന്നു. പക്ഷെ നമ്മൾ അതു ദൈവം വചനത്തിന്റെ വീക്ഷണത്തിൽ തിരിച്ചറിയണം എന്ന് മാത്രം. അല്ലങ്കിൽ നമ്മൾ ദൈവത്തെ തെറ്റിധരിച്ചു പോകും.


 ബർ യുഹാനോൻ റമ്പാൻ

അഭിപ്രായങ്ങള്‍