ബിലീവേഴ്‌സ് ചർച്ചിന്റെ ആഗമനം സ്വാഗതാർഹമോ? : നിലപാടും, കരുതലും ഒരു ലഘുപഠനം...


ആമുഖം

മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത (മുമ്പ് കെ. പി. യോഹന്നാൻ എന്നറിയപ്പെട്ടിരുന്നു) അദ്ധ്യക്ഷൻ ആയിരിക്കുന്ന തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്  എന്നത് ഇന്ത്യൻ തദ്ദേശീയ സ്വഭാവം ഉള്ള എന്നാൽ ഇപ്പോൾ നിലവിൽ ഒരു പൌരസ്ത്യ ഓർത്തഡോസ് വേദശാസ്ത്ര ചായ്‌വുള്ള  പ്രൊട്ടസ്റ്റന്റ് (oriental protestant )സഭ ആണ്. ഈ സഭ അന്ത്യോക്യ സിംഹസനത്തിന്റെ കീഴിൽ ഉള്ള ഒരു സഭയായി രൂപാന്തിരപ്പെടുന്നത്തിനുള്ള  പ്രവർത്തനങ്ങളും ചർച്ചകളും നടക്കുന്നു എന്നൊരു വാർത്ത കുറച്ചു വർഷങ്ങൾ ആയിട്ട് പ്രചരിക്കുന്നു. ടി സഭ ഇപ്പോൾ ഏകദേശം എല്ലാ രീതിയിലും യാക്കോബായ വിശ്വാസ ആചാരങ്ങൾ സ്വീകരിച്ച് മാറി കൊണ്ടിരിക്കുന്നത് എല്ലാവർക്കും നേരിട്ട് അറിവ് ഉള്ളതും ആണല്ലോ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കേവലം പരീശസ്വഭാവം ഉള്ള നിലപാടുകളും സംസാരങ്ങളും ഒഴിവാക്കി കുറച്ചു കൂടി വസ്തുനിഷ്ഠമായ പഠനങ്ങളും ചർച്ചകളും നമ്മുടെ യാക്കോബായ സഭാ പുരോഹിത സ്ഥാനികളും, അൽമായരും നടത്തേണ്ടതുണ്ട്. എന്നാൽ ആരെങ്കിലും അത് തുടങ്ങി വച്ചാൽ കല്ലേറ് കിട്ടുമോ എന്നുള്ള ഭയത്താൽ പലരും പുറകോട്ട് പോകുകയും യവനികയ്ക്കു പിന്നിൽ ഉള്ള ഗെയിം മാത്രം ആയി ഒതുങ്ങുകയും ചെയ്യുന്നു. അൽമായ ഭീകരതയെ പേടിച്ചു പരിശുദ്ധ പ്രാദേശിക സിനഡ് പോലും വിഷയം ദമസ്‌കസ്സിലേക്ക് ഫോർവേഡ് ചെയ്തു എന്നത് വെള്ളം തൊടാതെ വിഴുങ്ങി വിശ്വസിച്ചാൽ പോലും നിലവിൽ ഉള്ള ബിലീവേഴ്‌സ് ഈസ്റ്റൺ ചർച്ചിന്റെ  സുറിയാനി വൽക്കരണം  അവരുടെ മാത്രം പ്രയത്നമാണ് എന്ന് വിശ്വസിക്കാൻ കുറച്ചു അധികം മസ്തിഷ്ക പ്രക്ഷാളനം വേണ്ടി വരും. അൽമായർ പലതും പറയും പക്ഷെ അവരുടെ ഭൂരിപക്ഷ എതിർപ്പ് അല്ല സിനഡ് ശ്രദ്ധിക്കേണ്ടത്. സിനഡ്  ദൈവത്തിന്റെ പരിശുദ്ധ റൂഹയുടെ പ്രചോദനം ഉൾക്കൊണ്ടു ആത്മാവ് നയിക്കുന്ന തീരുമാനം ധൈര്യപൂർവ്വം എടുക്കുകയും അത് വൈദികരെ പഠിപ്പിക്കുകയും വൈദികർ വിശദമായി അത് ഇടവകകളിൽ ബോധവൽക്കരണം നടത്തുകയും വേണം. വാട്സാപ്പ് പ്രചോദിത സിനഡിന് അത്തരം ധൈര്യപൂർവ്വമായ നിലപാട് സാധിക്കില്ല. അതു മാത്രമല്ല നല്ല കുത്തരി കഞ്ഞിയിൽ കുറച്ചു കല്ല് കൂടി ചേർന്നിട്ടുള്ളത് കൊണ്ട് കല്ല് കടിച്ചു പല്ല് പോകാൻ ഉള്ള സാധ്യതയും  ധൈര്യകുറവിനു കാരണം ആകാം.

ആവിശ്യം

പൌരസ്ത്യ സുവിശേഷ സമാജം മാത്രം ആണ് സ്തുത്യർഹമായ രീതിയിൽ  evangelical സ്വഭാവം ഉള്ള ഒരു ക്രമത്തിൽ നമ്മുടെ സഭയിൽ പ്രവർത്തിക്കുന്ന ഏക വിഭാഗം. എന്നാൽ സുവിശേഷീകരണ ദൗത്യത്തിൽ ഒരു നൂറ്റാണ്ടിൽ അധികം പുറകോട്ടു പോയ യാക്കോബായ സഭയ്ക്ക് ഇന്ത്യ മുഴുവനും സുവിശേഷം അറിയിക്കാൻ തക്കവണ്ണം ഒരു evangelical order ലുള്ള ഒരു oriental സഭാ വിഭാഗം ആവിശ്യം ആണ്. സെന്റ് പോൾസ് മിഷന് അത് ദ്രുതഗതിയിൽ കൈവരിക്കാൻ സാധിക്കില്ല. യാക്കോബായ സഭയ്ക്ക് ഇപ്പോൾ ആവിശ്യം ഇന്ത്യയുടെ മറ്റു എല്ലാ സംസ്ഥാനങ്ങളിലും വേരുകൾ ഉള്ള ഒരു സുവിശേഷ പ്രസ്ഥാനം അല്ലെങ്കിൽ സഭയുമായുള്ള ഒരു ഐക്യ മുന്നേറ്റം ആണ്. ആയതിനു നമ്മുടെ വിശ്വാസവും ക്രമവും (faith & order) ഉൾകൊള്ളാൻ തയ്യാർ ഉള്ള ഒരു സമൂഹത്തെ അവരുടെ എല്ലാ ന്യൂനതയെയും കൃപയാൽ ക്രിസ്തുവിലുള്ള വിശ്വാസം നീതീയായി കണക്കിട്ട് കൊണ്ടു നമ്മുടെ  സഭാ ശരീരത്തിന്റെ ഭാഗം ആക്കുക എന്നുള്ളത് മാത്രം ആണ്. എന്നാൽ അങ്ങനെ ഒരു സഭാ സമൂഹത്തെ ഒത്തു കിട്ടുക എന്നുള്ളത് ദൈവിക പദ്ധതിയും ഹിതവും ആയെങ്കിൽ മാത്രം സാധിക്കുള്ളു. അങ്ങനെ ഒരെണ്ണം ഒത്തു വന്നാൽ അതു ദൈവവചനത്തിന്റെയും, സഭാപിതാക്കൻമാരുടെ വേദശാസ്ത്ര (patristic theology) വീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ എപ്പിസ്കോപ്പൽ സിനഡ് തീരുമാനം അനുസരിച്ചു സ്വീകരിക്കപ്പെടുന്നത് യുക്തവും ന്യായവും ആകുന്നു.

പശ്ചാത്തലം

1982 ജനുവരിയിൽ പെറുവിന്റെ തലസ്ഥാന നഗരം ആയ ലിമയിൽ വച്ചു വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിലെ അംഗങ്ങൾ അംഗീകരിച്ച ഒരു ക്രിസ്ത്യൻ എക്യുമെനിക്കൽ രേഖയാണ് ലിമ ഡോക്യുമെന്റ് എന്നും അറിയപ്പെടുന്ന ബാപ്റ്റിസം, യൂക്കറിസ്റ്റ് ആൻഡ് മിനിസ്ട്രി (BEM) ഡോക്യുമെന്റ്.

വർഷങ്ങളായി നടത്തിയ എക്യൂമെനിക്കൽ ഒത്തുചേരലുകൾ മൂലം നേടിയെടുത്ത പുരോഗതിയുടെ ഫലമായി ഉണ്ടായ സൈദ്ധാന്തിക ഐക്യത പരമാവധി അളവിൽ സഭകളുടെ പ്രായോഗിക തലത്തിൽ പ്രകടിപ്പിക്കാൻ ഉള്ള ഒരു ചുവട് വയ്പ്പ് ആയി ഈ രേഖ എഴുതപ്പെട്ടു.  ഇത് എല്ലാ WCC യുടെ അംഗ സഭകളിലേക്കും അയച്ചു, പ്രതികരണങ്ങളുടെ ആറ് വാല്യങ്ങൾ സമാഹരിച്ചു.  ഡോക്യുമെന്റിൽ ഉപയോഗിച്ചിരിക്കുന്ന സമീപനത്തെ സഭൈക്യശാസ്‌ത്രം (ecclessiology of communion) എന്നാണ് വിളിക്കുന്നത് എക്യൂമെനിക്കൽ ദൈവശാസ്‌ത്രജ്ഞർ വിളിക്കുന്നത്. Baptism (മാമോദിസ), Holy Communion (വിശുദ്ധ കുർബാന), കൈവയ്പ്പ് ഉള്ള ശുശ്റൂക്ഷ (Ministry) എന്നീ മേഖലയിൽ കൂടുതൽ സഭാ ഐക്യം കൈവരിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് ഈ രേഖ അവതരിപ്പിക്കുന്നത്. ആയതിനാൽ ആണ് ലിമ ഡോക്യുമെന്റ്  പലപ്പോഴും BEM ഡോക്യുമെന്റ് എന്നും അറിയപ്പെടുന്നത്.

തൽഫലമായി, ചില സഭകൾ അവരുടെ ആരാധനാക്രമത്തിൽ മാറ്റം വരുത്തുകയും  പൂർവ്വിക അപ്പോസ്തോലിക സഭകളുമായി വേദശാസ്ത്ര ചർച്ചകളിൽ (theological dialogue) ഏർപ്പെടുകയും ചെയ്തു. ഇത് പിന്നീട് പരസ്പരം ഉള്ള വേദശാസ്ത്രപരമോ (dogmatic) കൗദാശികപരമോ(sacrament) ഒരുമിച്ചുള്ള ആലോചനാപരമോ (council) ആയുള്ള ഐക്യകരാറുകളിലേക്കും (common declaration) അങ്ങനെ ഒരു പരമാവധി ഐക്യത്തിലേക്കുള്ള ചുവടുകളിലേക്കും നയിച്ചു.  ഉദാഹരണത്തിന്, പ്രൊട്ടസ്റ്റന്റ് സഭകൾ പരസ്പരം തങ്ങളുടെ ശുശ്രൂഷകരുടെ സാധുത (ordination validity) അംഗീകരിക്കാൻ തുടങ്ങി.  കൂദാശ ദൈവശാസ്ത്രത്തിലെ സമാന ഉടമ്പടികൾ കത്തോലിക്ക-ഓർത്തഡോക്സ് ബന്ധങ്ങളെയും ഐക്യതയുടെ വഴിയിലേക്ക് നടത്തി. ഈ എക്യൂമെനിക്കൽ മുന്നേറ്റം സുറിയാനി ഓർത്തഡോൿസ്‌ - പ്രൊട്ടസ്റ്റന്റ് ബന്ധങ്ങളെയും ഗുണകരമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

ഉദാഹരണം ആയി, 1993-2001 കാലയളവിൽ നമ്മുടെ സുറിയാനി ഓർത്തഡോൿസ്‌ സഭ ഉൾപ്പെടുന്ന  യാക്കോബായ വിശ്വാസം പിന്തുടരുന്ന ഓറിയന്റൽ ഓർത്തഡോൿസ്‌ ഫാമിലി ഓഫ് ചർച്ചസ്  ഉം  നവീകരണ വേദശാസ്ത്ര പാരമ്പര്യമുള്ള വേൾഡ് അലയിൻസ് ഓഫ് റിഫോമിഡ് ചർച്ചസും തമ്മിൽ ഉണ്ടായ നിരവധി ഡയലോഗുകളും അതുപോലെ അവസാനം അവതരിപ്പിക്കപ്പെട്ട കോമൺ ഡിക്ലറേഷനും പരിഗണിക്കാം. ഈ കോമൺ ഡിക്ലറേഷൻ അറിയപ്പെടുന്നത് Report of the international theological dialogue between the
Oriental Orthodox family of churches and the World Alliance of
Reformed Churches (1993-2001) എന്നാണ്. ഇതിൽ പേപ്പറുകൾ പ്രാധാനമായും അവതരിപ്പിച്ചിരിക്കുന്നത്  ക്രിസ്തുശാസ്ത്രം (christology), പാരമ്പര്യത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ഉള്ള ഒത്തുചേരലുകളും വ്യതിചലനങ്ങളും,
 ദൈവശാസ്ത്രവും, സഭയും ദൗത്യവും, പൗരോഹിത്യവും/ശുശ്രൂഷയും കൂദാശകളും (Convergences and divergences on tradition and holy scripture,
theology, church and mission, priesthood/ministry and sacraments)  എന്നീ വിഷയങ്ങളിൽ ആണ്. ഇവ അവതരിപ്പിച്ചിരിക്കുന്നതിൽ സുറിയാനി സഭയുടെ പ്രതിനിധികൾ ആയുള്ളവർ താഴെ പറയുന്നവർ ആണ്, അവരുടെ പേര് ബ്രാക്കറ്റിലും തുടർന്നു അവർ അവതർപ്പിച്ച വിഷയവും കൊടുക്കുന്നു ;

1) Introduction to the Oriental Orthodox churches (Bishop Matta Roham Mar Eustathius)

2) Introduction to the Sacraments: an Oriental Orthodox Perspective
(Metropolitan Yohanna Ibrahim Mar Gregorios) ഐസിസ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ആലപ്പോ മെത്രാൻ 

3) Tradition and its role in the Syrian Orthodox Church (Bishop Matta Roham
Mar Eustathius)

4) Ministry in the Orthodox Tradition (His Grace Archbishop Aphrem Karim
Mar Cyril) ഇപ്പോൾ ഉള്ള നമ്മുടെ പരിശുദ്ധ ബാവ.

5) Introduction to the Sacrament of Holy Liturgy/Eucharist (Geevarghese Mar
Coorilos) നിരണം ഭദ്രസനത്തിന്റെ Rtd. മെത്രാൻ

മുകളിൽ പറഞ്ഞ ഡയലോഗുകളും മറ്റും സഭയിൽ പുരോഗമനത്തിന്റെയും ഐക്യത്തിന്റെയും ചുവട് വയ്പ്പുകൾക്കു കാരണം ആയിട്ടുണ്ട്. മേല്പറഞ്ഞ നമ്മുടെ പ്രതിനിധികൾ എല്ലാം നമ്മുടെ അന്നത്തെ  Great Patriarch Zaka Iwas ബാവയുടെ കല്പ്പന പ്രകാരം ആണ് ഈ പ്രവർത്തനങ്ങൾ എല്ലാം നടത്തിയിട്ടുള്ളത്. ദീർഘദർശിയായ പരിശുദ്ധ സാഖ ബാവ തന്നെ ആണ് ഇപ്പോൾ അനേകം ചെറുതും വലുതുമായ സഭാ വിഭാഗങ്ങൾ സുറിയാനി സഭയുടെ ഭാഗം ആയി പ്രവർത്തിക്കുവാൻ തക്ക വിധത്തിൽ മുന്നോട്ട് വന്നതിന്റെ കാരണഭൂതൻ. ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആ മഹാനായ പരിശുദ്ധ ബാവയുടെ കാലത്ത് തന്നെ ആണ് ബിലിവേഴ്‌സ് സഭ ഓറിയന്റൽ ഓർത്തഡോൿസ്‌ വിശ്വാസം സ്വീകരിക്കാൻ ഉള്ള ചർച്ചകളിലേക്കു ആകൃഷ്ടരായത്. അതുകൊണ്ട് തന്നെ ആ മഹത്തായ ദൗത്യം പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയാൽ ഒരിക്കൽ പൂർത്തിയാക്കപ്പെടുക തന്നെ ചെയ്യും.

നിലപാട്

മലങ്കര യാക്കോബായ സഭ കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകൾ ഉൾക്കൊണ്ടു നിലപാട്കളിൽ കൃത്യതയും,  സഭാഭരണത്തിൽ കൂടുതൽ സുതാര്യതയും കൈവരിച്ചു കൊണ്ടിരിക്കുന്നത് വളരെ സ്തുതിയർഹമായ കാര്യം ആണ്. തീർച്ചയായും മലങ്കരമെത്രാപോലീത ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നേതൃത്വം ആണ് ഇപ്പോൾ ഉള്ള മാറ്റങ്ങൾക്കു പിന്നിൽ എന്ന് നിരീക്ഷണ സ്വഭാവം ഉള്ള സഭാ സ്നേഹികൾക്കു മനസിലാകും. അന്ധമായ ഒരു സഭാസ്നേഹം അല്ല അദ്ദേഹം കാണിക്കുന്നത്. പ്രായോഗിക വേദശസ്ത്ര സമീപനം ആണ് മോർ ഗ്രോഗോറിയോസ് മുന്നോട്ട് വയ്ക്കുന്നത്. ഒന്നാമതായി, യാക്കോബായ സഭയുടെ നിയമപരമായ നിലനിൽപ്, പരമാവധി സമവായ രീതിയിൽ ഉള്ള പ്രശ്ന പരിഹാരം, ആകമാന സുറിയാനി ഓർത്തഡോൿസ്‌ സഭയുമായുള്ള വിശ്വാസപരമായ കീഴടക്കം,   പ്രാദേശിക സഭാ ഭരണത്തിൽ തദ്ദേശീയ സംവിധാനത്തിൽ ഉള്ള ഒരു  ecclesiastical polity എന്നിവയെല്ലാം അദ്ദേഹത്തിന്റെ നയങ്ങളിൽ ദർശിക്കാൻ കഴിയുന്നുണ്ട്. പരിഹസിക്കപ്പെട്ട കല്ല് മൂലക്കല്ല് ആയി മാറുന്ന കാഴ്ച ആണ് നിരീക്ഷകർക്ക് ദർശിക്കാൻ കഴിയുന്നത്.

മോർ ഗ്രിഗോറിയോസിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ സഭാ തർക്ക പ്രശ്നം കഴിഞ്ഞാൽ അടുത്തത് ബിലീവേഴ്‌സ് ഈസ്റ്റൺ ചർച്ച് നെ സ്വീകരിക്കുന്ന കാര്യത്തിൽ ഉള്ള നിലപാട് തന്നെ ആണ്. വന്ദ്യ തിരുമേനിയുടെ ആഭ്യന്തര ശത്രുക്കൾ ഈ വിഷയത്തിൽ അദ്ദേഹം എടുക്കുന്ന ഏതു നിലപാടിനെയും അൽമായ സമൂഹത്തിൽ വികൃതമാക്കി അവതരിപ്പിച്ചു കൊണ്ടു  അദ്ദേഹത്തെ കരി വാരി തേക്കുമെന്നുള്ള കാര്യത്തിൽ സംശയം ഒട്ടും വേണ്ട. എന്നാൽ സഭയുടെ evangelical മേഖലയിൽ  സമഗ്ര പുരോഗതി കൈവരിക്കാൻ അനുകൂല സാഹചര്യം ഒരുങ്ങി വരുമ്പോൾ വിശ്വാസ സമൂഹത്തെ അത് ബോധ്യപ്പെടുത്തി എപ്രകാരം നടപ്പിലാക്കും എന്നുള്ളതിൽ അദ്ദേഹം എടുക്കുന്ന നിലപാട് ചരിത്രപരമാകും.

കരുതൽ

പണ്ട് പാമ്പാടിയിലെ അന്തരിച്ച PC യോഹന്നാൻ റമ്പാൻ ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനം ഉണ്ട്. അതിൽ യോനയെ വിഴുങ്ങിയ തിമിംഗലത്തിന്റെ കഥ മെത്രാൻ കക്ഷിയിൽ ചേർന്ന മണ്ണുത്തിയിലെ മോർ മിലിത്തിയാസ്നെയും  ഓർത്തഡോൿസ്‌ സഭയെയും ചേർത്ത് പരാമർശിക്കുന്നു. മണ്ണുത്തി മെത്രാനെ തുപ്പാനും ഇറക്കാനും വയ്യാതെ ഉള്ള അവസ്ഥ മെത്രാൻകക്ഷിയ്ക്ക് ഉണ്ടായത് പോലെ നാളെ  നമ്മോട് ഇപ്പോൾ ഐക്യത്തിൽ വരുവാൻ ആഗ്രഹിക്കുന്ന ഒരു സഭാ വിഭാഗത്തിൽ നിന്നും ഉണ്ടാകരുത്. അഥവാ അങ്ങനെ ഉണ്ടാകാതിരിക്കുവാൻ ഉള്ള മുൻകരുതൽ എടുക്കാൻ നമ്മൾ പ്രതിജ്ഞ ബദ്ധരാണ്.

പ്രധാനമായും തണുപ്പ് കാലത്ത് സൗജന്യമായി കിട്ടുന്ന ചൂട് വെള്ളം പ്ലാസ്റ്റിക് പാത്രത്തിൽ ശേഖരിക്കാതെ ഇരിക്കുവാൻ നാം ശ്രദ്ധിക്കണം. അതായത് അവരെ സ്വീകരിക്കുമ്പോൾ  നമ്മുടെ സഭയുടെ നിലവിൽ ഉള്ള ആത്മീയത ക്ഷയിക്കുവാൻ ഇടയാകരുത്.  വ്യക്തമായ ഉടമ്പടി ബന്ധം സ്ഥാപിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഒരു patriarchal observer അവരുടെ സിനഡിൽh ഉണ്ടായിരിക്കണം. Faith & order അവസാന തീരുമാനം അന്ത്യോക്യ സിംഹാസനത്തിൽ നിന്നും ആയിരിക്കണം. വിശുദ്ധ മൂറോൻ, എപ്പിസ്കോപ്പ വാഴ്ച തുടങ്ങി എല്ലാം പരിശുദ്ധ സിംഹസനത്തിന്റെ കീഴിൽ ആയിരിക്കണം. എന്നാൽ നിലവിൽ ഉള്ള സിംഹസന പള്ളികളിലെ പോലെ  സിംഹസനത്തിൽ നിന്നുള്ള ഒരു ഡയറക്റ്റ് ആത്മീയ ഭരണം ആയിരിക്കരുത് മറിച്ച് യാക്കോബായ സഭയുടെ കാതോലിക്കറ്റ്ഉം, എപ്പിസ്കോപ്പൽ സിനഡും  വഴി മാത്രം ഉള്ള ഒരു administration ആയിരിക്കണം യോജിക്കുന്ന വിഭാഗത്തിനും അനുവാദം കൊടുക്കമുള്ളൂ.  അതായത്  പരിശുദ്ധ സിംഹാസനം നിലവിലുള്ള മലങ്കര യാക്കോബായ സഭയുടെ പ്രാദേശിക തലവനെ പുതിയ റീത്തിന്റെ കൂടി പ്രാദേശിക തലവൻ ആക്കി വേണം ഐക്യം ഉറപ്പിക്കാൻ. അത് ഭാവിയിൽ യഥാർത്ഥ ഐക്യം ഉളവാക്കും. നിലവിലുള്ള സിംഹസന പള്ളികളോ സമാജമോ പോലെ ഒരു ഡയറക്ട് ഭരണമോ അല്ലെങ്കിൽ അവരുടെ തന്നെ പൂർണ്ണമായ സ്വയംഭരണമോ കൊടുത്താൽ അതിന്റെ ദൂഷ്യം യാക്കോബയ സഭ നേരിടേണ്ടി വരാം.

ഉപസംഹാരം
നെസ്തൊറിന്റെ കൂടെ പോയവർ പോലും തിരിച്ചു വന്നപ്പോൾ സ്വീകരിച്ച ദൈവവചന അടിസ്ഥാനത്തിൽ ഉള്ള ഒരു സഭാ പാരമ്പര്യം നമുക്കുണ്ട്. സൗൽ ഇന്നലെ എങ്ങനെ എന്നതല്ല പൗലോസ് ഇന്ന് എങ്ങനെ എന്നുള്ളത് ആണ് ശ്രദ്ധേയമാക്കേണ്ടത്. അല്ലെങ്കിൽ പൗലോസ് പഠിപ്പിക്കുന്നത് പോലെ, "എന്നാലെന്ത്‌? ആത്‌മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്‌തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്‌. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും" (ഫിലിപ്പി 1 : 18) എന്നുള്ള ഒരു നിലപാട് ആണ് ഇതിലും വേണ്ടത്. 430 വർഷം ഇസ്രായേൽ മക്കൾ മിസ്രയിമിൽ അടിമ വേല ചെയ്തു. അർഹമായ കൂലി ലഭിച്ചില്ല. പത്തു ബാധകളെ തുടർന്ന് വിമോചന സാഹചര്യം വന്നപ്പോൾ ദൈവം പറഞ്ഞത് മിസ്രയിമരുടെ കൈയ്യിൽ നിന്നും പരമാവധി വായ്പ്പ വങ്ങാൻ ആണ്, "ഓരോ പുരുഷനും തന്റെ അയല്‍ക്കാരനോടും ഓരോ സ്‌ത്രീയും തന്റെ അയല്‍ക്കാരിയോടും സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ചോദിച്ചു വാങ്ങണമെന്ന്‌ നീ ജനത്തോടു പറയണം. (പുറപ്പാട്‌ 11 : 2). ഇപ്രകാരം വായ്പ വാങ്ങിയത് തിരിച്ചു കൊടുക്കാൻ അല്ലായിരുന്നു, അത് അവരുടെ നഷ്ടപരിഹാരം ആയിരുന്നു. ബിലീവേഴ്‌സ് മുൻപ് നടത്തിയ ആട് മോഷണത്തിനുള്ള പലിശ സഹിതമുള്ള നഷ്ടപരിഹാരം ആയിട്ടു ആണെങ്കിലും കണ്ടാൽ മതി ഈ ഐക്യം (പുനരയിക്യം). കിട്ടിയ ആഭരണങ്ങൾ കൊണ്ടു കാളക്കുട്ടിയെ നിർമ്മിക്കാതെ അവരെ ഉപയോഗിച്ച് സ്വർഗ്ഗരാജ്യത്തിന്റെ വിപുലീകരണം നടത്തണം.  അത് അവർക്കും നമുക്കും ദൈവപ്രീതിയ്ക്ക് കാരണം ആകുമ്പോൾ ദൈവനാമം മഹത്വപ്പെടും.

നിലപാട് വേണം, കരുതൽ വേണം, ഐക്യം വേണം



അഭിപ്രായങ്ങള്‍