ദാമ്പത്യത്തെ/ കുടുംബത്തെ തകർക്കുന്ന അപകടങ്ങൾ (എഫെസ്യർ 5:15-17)


 ബാർ യുഹാനോൻ റമ്പാൻ, ഗത്സീമോൻ ദയറ, പിറമാടം

17 ഡിസംബർ 2023, ഇന്ന് യൗസേഫ് പിതാവിന് ഉണ്ടായ വെളിപാടിന്റെ ഞായറാഴ്ച. മോർ യൗസേഫ് കീനോ പലരും അധികം ശ്രദ്ധിക്കാതെ പോയ ഒരു വ്യക്തിത്വം ആണ് എന്ന് എനിക്കു തോന്നാറുണ്ട്. ഒരു യഥാർത്ഥ ക്രൈസ്തവ കുടുംബജീവിതം എങ്ങനെ നയിക്കപ്പെടണം എന്നുള്ളത് മോർ യൗസേഫിന്റെ നസ്രത്തിലെ കുടുംബത്തിൽ നിന്നും ഗ്രഹിക്കാൻ കഴിയും. ഭാര്യ മറിയാമിനെ സംശയിച്ചു എങ്കിലും അവൾക്കു ദോഷം ആഗ്രഹിച്ചില്ല. ദൈവിക വെളിപാട് മൂലം സംശയം നീങ്ങി പോയപ്പോൾ പൂർണ്ണഹൃദയത്തോടെ അവളെ ഭാര്യയായി സ്വീകരിച്ചു. അവളുടെ കുഞ്ഞിന്റെ വളർത്തു പിതാവായി അവളുടെ നിത്യകന്യാത്വത്തിന്റെ കാവൽപുരുഷൻ ആയി സ്വയം സമർപ്പിച്ച് തിരുകുടുംബ നാഥൻ ആയി യൗസേഫ് രൂപാന്തിരപെടുന്നു. വീണ്ടും, യൗസഫ് പല രീതിയിൽ വ്യത്യസ്തനായി മാറുന്നുണ്ട്. കന്യക മറിയാമിന്റെ കന്യാഗർഭകൃപാവരം അവൾക്ക് ശേഷം ആദ്യമായി വെളിപ്പെട്ടത് മോർ യൗസേഫിനാണ്. സ്വർഗത്തിലെ പിതാവിന് ശേഷം യേശു പിതാവേ എന്ന് വിളിച്ചത് മോർ യൗസഫിനെ മാത്രം ആണ്. ദൈവമാതാവിന്റെ ഏക ഭർത്താവായ നിത്യവ്രതക്കാരനായ  സന്യാസിയും മോർ യൗസേഫ് മാത്രം ആണ്. മോശയ്ക്ക് ശേഷം ദൈവം തന്റെ തൃക്കരങ്ങൾ കൊണ്ടു കബർ അടക്കിയ രണ്ടാമത്തെ മനുഷ്യ ശരീരം മോർ യൗസഫിന്റെ ആണ്. മോശയെ പിതാവാം ദൈവവും യൗസെഫിനെ പുത്രനാം ദൈവവും ആണ് കബറടക്കം ചെയ്തത്. എല്ലാ ക്രിസ്തീയ കുടുംബങ്ങൾക്കും കാവൽപിതാവ് ആണ് മോർ യൗസേഫ് കീനോ. എല്ലാം കന്യാസ്ത്രീ മഠങ്ങൾക്കും കാവൽ പുരുഷൻ നീതിമാനായ മോർ യൗസേഫ് ആണ്. എല്ലാ ഭർത്താക്കന്മാർക്കും ഗുരുവും വഴികാട്ടിയും മോർ യൗസേഫ്  പിതാവ് ആണ്. എല്ലാ കുഞ്ഞുങ്ങൾക്കും വളർത്തു പിതാവ് മോർ യൗസേഫ് ആണ്. യേശു ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രൻ എന്ന് തിരിച്ചറിഞ്ഞ ആദ്യ പുരുഷൻ മോർ യൗസേഫ് ആണ്, ആയതിനാൽ പഴയ നിയമത്തിൽ അബ്രഹാം കഴിഞ്ഞാൽ പുതിയ നിയമത്തിൽ വിശ്വാസികളുടെ പിതാവ് ആരെന്നു ചോദിച്ചാൽ നിസംശയം അത് മോർ യൗസേഫ് കീനോ എന്നു പറയാം. പരിശുദ്ധ പിതാവിന്റെ ഈ ഓർമ്മ ദിനം ക്രിസ്തീയ കുടുംബജീവിതം / ദാമ്പത്യജീവിതത്തെ പറ്റി ദൈവവചനത്തണലിൽ ചിന്തിക്കാം, ധ്യാനിക്കാം.

തന്റെ ദാമ്പത്യബന്ധം അല്ലെങ്കിൽ കുടുംബജീവിതം തകർക്കാൻ ആരും ഒരിക്കലും മനഃപൂർവം എന്തെങ്കിലും പ്രവർത്തിക്കുന്നില്ല. സന്തോഷകരവും സംതൃപ്തവുമായ ദാമ്പത്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.  എന്നാൽ നാം ഗ്രഹിക്കുന്നതിനേക്കാൾ സൂക്ഷ്മമായി നമ്മളെ സ്വാധീനിക്കുന്ന ഒരു ദുഷിച്ച ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ, ആത്മാർത്ഥതയുള്ള പല ക്രിസ്ത്യൻ ദമ്പതികളും തങ്ങളുടെ കുടുംബജീവിതം തകർക്കുകയോ ചിലപ്പോൾ നശിപ്പിക്കുകയോ ചെയ്യുന്ന നിരവധി അപകടങ്ങളിലേക്ക് നീങ്ങുന്നു.  ഒരു ദാമ്പത്യവും പരിപൂർണമല്ലെങ്കിലും, വിശ്വാസികൾ ലോകത്തിന്റെ വഴികൾ ഒഴിവാക്കുകയും ദൈവവചനത്തിലെ ജ്ഞാനം തങ്ങളുടെ കുടുംബത്തിൽ പ്രയോഗിക്കുകയും ചെയ്യുമ്പോൾ, അവരുടെ ദാമ്പത്യം അല്ലെങ്കിൽ കുടുംബം ആരോഗ്യകരമായി തീരുന്നു.

ക്രിസ്തീയ വിവാഹത്തിലൂടെയുള്ള കുടുംബജീവിതത്തിന്റെ പ്രധാന ലക്ഷ്യം നമ്മുടെ സുഖവും സന്തോഷവും മാത്രമല്ല, മറിച്ച് പരമപ്രധാനമായി ദൈവത്തിന്റെ മഹത്വമാണെന്ന് എന്നത് ഓർമ്മിക്കുക.  നമ്മുടെ ക്രൈസ്തവ വിവാഹങ്ങൾ എന്നത് ക്രിസ്തുവിന്റെയും അവന്റെ മണവാട്ടിയായ സഭയുടെയും പരസ്പര സ്നേഹവും ബന്ധവും വരച്ചുകാണിക്കുന്ന ഒരു ചിത്രമാണ് (എഫേ. 5:32).  ക്രിസ്തുവിന് തന്റെ സഭയോടുള്ള വിശ്വസ്തവും വിശുദ്ധവുമായ സ്നേഹം നാം നമ്മുടെ കുടുംബ ജീവിതം മുഖാന്തിരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കണം.  ജോൺ പൈപ്പർ എന്ന പശ്ചാത്യസുവിശേഷകൻ ചൂണ്ടിക്കാണിച്ചതുപോലെ, "നാം അവനിൽ ഏറ്റവും സംതൃപ്തരായിരിക്കുമ്പോഴാണ് ദൈവം നമ്മിൽ ഏറ്റവും മഹത്വപ്പെടുന്നത്."  അതിനാൽ ഓരോ ക്രിസ്ത്യൻ വിവാഹവും ദൈവത്തെ മഹത്വപ്പെടുത്തുന്ന കുടുംബജീവിതം ആണ് ലക്ഷ്യമിടുന്നത്.

എഫെസ്യ ലേഖനത്തിൽ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും വ്യക്തമായ കൽപ്പനകൾ നൽകുന്നതിന് മുമ്പുള്ള ഖണ്ഡികയിൽ, പൗലോസ് ഈ പൊതുവായ കൽപ്പനകൾ നൽകുന്നു:

"അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.

ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്‌. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.

ഭോഷന്‍മാരാകാതെ കര്‍ത്താവിന്റെ അ ഭീഷ്‌ടമെന്തെന്നു മനസ്‌സിലാക്കുവിന്‍"(എഫേസോസ്‌ 5 : 15-17). ഞാൻ ഈ വാക്യങ്ങൾ വിശദമായി വിശദീകരിക്കാൻ പോകുന്നില്ല, പകരം ഞാൻ അവയെ പൊതുവായ രീതിയിൽ വിവാഹ ദാമ്പത്യ/ കുടുംബം ജീവിതത്തിന്റെ ഒരു പശ്ചാത്തലത്തിൽ വിവരിക്കാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ നാം ജീവിക്കുന്നത് ഒരു ദുഷിച്ച കാലത്തിൽ ആയതിനാൽ, ലോകപരമായ അപായങ്ങൾ ഒഴിവാക്കുകയും നിങ്ങളുടെ ദാമ്പത്യ/കുടുംബ ജീവിതത്തിൽ ദൈവത്തിന്റെ ജ്ഞാനം പ്രയോഗിക്കുകയും ചെയ്യുക.

First Point:. "നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ദാമ്പത്യത്തെ തകർക്കുന്ന നിരവധി അപകടങ്ങൾ ഈ ദുഷ്ടലോകം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നു."

ഇവയിൽ ചിലത് മറ്റുള്ളവയേക്കാൾ മാരകമാണ്.  നിങ്ങൾ ഒന്നിൽ വീണാൽ അത് മറ്റുള്ളവയിലേക്കും നിങ്ങളെ വീഴിച്ചു കൊണ്ടു കുടുബജീവിതത്തിന്റെ കേടുപാടുകൾ പലമടങ്ങ് വർദ്ധിക്കും.  നിങ്ങളുടെ ദാമ്പത്യത്തെ തകർക്കുന്ന "വൃത്തികെട്ട ഒരു ഡസൻ" ലൗകിക അപകടങ്ങൾ ഇവയാണ് ;

1) മോശം ആശയവിനിമയം നിങ്ങളുടെ കുടുംബം തകർക്കും.

2) കോപവും അധിക്ഷേപകരമായ സംസാരവും നിങ്ങളുടെ കുടുംബത്തെ തകർക്കും.

3) കയ്പേറിയ ജീവിതവും ക്ഷമയുടെ അഭാവവും നിങ്ങളുടെ കുടുംബം  തകർക്കും.

4) ലൈംഗിക അധാർമികത (ചിന്തയുടെ തലത്തിൽ നിന്നും ആരംഭിക്കുന്നത് പോലും ) നിങ്ങളുടെ ദാമ്പത്യത്തെ തകർക്കും.

5) മദ്യവും മയക്കുമരുന്നും ദുരുപയോഗം ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യത്തെയും കുടുംബജീവിതത്തെയും തകർക്കും.

6) സ്വാർത്ഥത നിങ്ങളുടെ കുടുംബത്തെ തകർക്കും.

7) സഹകരണത്തിന് പകരം മത്സരം നിങ്ങളുടെ കുടുംബം തകർക്കും.

8) സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മ നിങ്ങളുടെ കുടുംബം തകർക്കും.

9) നിങ്ങളുടെ സമയം തെറ്റായി കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ കുടുംബം തകർക്കും.

10) തെറ്റായ പ്രതീക്ഷകളും ലക്ഷ്യങ്ങളും നിങ്ങളുടെ കുടുംബത്തെ തകർക്കും.

11) ലൗകികത നിങ്ങളുടെ കുടുംബത്തെ തകർക്കും.

12) കർത്താവിൽ നിന്ന് അകന്നുപോകുന്നത് നിങ്ങളുടെ കുടുംബത്തെ തകർക്കും.

Second Point : ഈ ലൗകിക അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ജ്ഞാനം ദൈവവചനം നമുക്ക് നൽകുന്നു.

മേല്പറഞ്ഞവഎല്ലാം അൽപ്പമായി താഴെ വിശദീകരിക്കാൻ ശ്രമിക്കാം.  നിങ്ങളുടെ കുടുംബം ആണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത്. അത് തകർക്കാൻ പുറത്തു നിന്നും ആർക്കും കഴിയില്ല, നിങ്ങളുടെ കുടുംബജീവിതം തകർച്ചയിൽ ആണെങ്കിൽ അതിന് ഉത്തരവാദി നിങ്ങൾ മാത്രം ആണ്. നിങ്ങൾക്ക് രക്ഷ അകലെ അല്ല, നമ്മുടെ കർത്താവ് കൂടെ ഇരിക്കുന്ന, കൈ പിടിച്ച് നടത്തുന്ന ഒരു ദൈവം ആണ്. നിങ്ങൾ ആകെ ചെയ്യേണ്ടത് അവനെ സ്വീകരിക്കുവാൻ തക്ക വിധത്തിൽ മനസാന്തരത്തിന്റെ ഫലങ്ങൾ കായ്ക്കുക എന്നുള്ളത് മാത്രം ആണ്. ഈ wrtten sermon നിങ്ങള്ക്ക് വഴി കാണിക്കട്ടേ എന്ന് ഞാൻ മോർ യൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു പ്രാർത്ഥിക്കുന്നു.


1) മോശം ആശയവിനിമയം നിങ്ങളുടെ കുടുംബം തകർക്കും.


മോശം ആശയവിനിമയമാണ് ദാമ്പത്യ പ്രശ്‌നങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന്.  അതിന് പലതരത്തിലുള്ള രൂപങ്ങൾ എടുക്കാം. എഫെസ്യർ 4:15-ൽ,

 പൗലോസ് പറയുന്നു,

"പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട്‌ ശിരസ്‌സായ ക്രിസ്‌തുവിലേക്ക്‌ എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു."

ശിരസ്സ് എന്ന നിലയിൽ, നമ്മുടെ എല്ലാ ആശയവിനിമയങ്ങളുടെയും കർത്താവ് ക്രിസ്തുവാണ്.  കുടുംബകാര്യങ്ങൾ സംസാരിക്കുന്നതിനുമുമ്പ്, “എന്റെ വാക്കുകൾ കർത്താവായ യേശുക്രിസ്തുവിന് പ്രസാദകരമാകുമോ?” എന്ന് സ്വയം ചോദിക്കുക.  കൂടാതെ, എന്റെ ഇണയെ, എന്റെ മക്കളെ ക്രിസ്തുവിൽ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള എന്റെ വാക്കുകൾ, പ്രവർത്തികൾ സത്യവും സ്നേഹപരവുമാണോ? എന്ന് പരിശോധന നടത്തുക. നിങ്ങളുടെ കുടുംബാംഗങ്ങളെ സത്യത്തോടും സ്നേഹത്തോടും കൂടി ബഹുമാനിക്കുക.  കാരണം "എനിക്ക്  തോന്നുന്നത്" എന്നത് നിങ്ങൾക്ക് സത്യസന്ധമായിരിക്കാം, പക്ഷേ അത് സ്‌നേഹപരമാകണം എന്നില്ല. അതുപോലെ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നത് സത്യസന്ധതയില്ലാത്തതോ, ചിലപ്പോൾ സംഘർഷം ഒഴിവാക്കാൻ സത്യം പറയാതിരിക്കുകയോ ചെയ്യുന്നത് സ്നേഹമായി തോന്നിയേക്കാം, പക്ഷേ അത് സത്യസന്ധമല്ല അതുകൊണ്ട് ആ സ്നേഹം ശാശ്വതവും അല്ല, മാത്രമല്ല പിന്നീട് അസത്യം കുടുംബബന്ധത്തെ ദീർഘകാല അകൽച്ചയിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ ക്രിസ്തീയ വിശ്വാസം ഉൾക്കൊണ്ട്‌കൊണ്ടു സ്നേഹം, സത്യം എന്നിവ മുഖമുദ്ര ആക്കിക്കൊണ്ട് കുടുംബത്തിൽ ആശയവിനിമയം നടത്തുക. ഇത് എപ്പോഴും ശ്രദ്ധിക്കുക.

2) കോപവും അധിക്ഷേപകരമായ സംസാരവും നിങ്ങളുടെ കുടുംബത്തെ തകർക്കും.

പാപപൂർണമായ കോപം എല്ലായ്പ്പോഴും ആരോഗ്യകരമായ ബന്ധങ്ങൾക്ക് വിനാശകരമാണ്.  യാക്കോബ് 1:19-20 മുന്നറിയിപ്പ് നൽകുന്നു, "എന്റെ പ്രിയസഹോദരരേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്‌ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്‌ദഗതിക്കാരും ആയിരിക്കണം.

മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നില്ല."  പൗലോസ് കൽപ്പിക്കുന്നു (എഫെ. 4:29), "നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിൻ." എന്നിട്ട് ശ്ലീഹാ കൂട്ടിച്ചേർക്കുന്നു (എഫെ. 4:31), "സക ല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍. " സദൃശവാക്യങ്ങൾ 15:1 ഇപ്രകാരം പ്രസ്താവിക്കുന്നു, "സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു;

പരുഷമായ വാക്ക്‌ കോപം ഇളക്കിവിടുന്നു."

നിങ്ങൾ ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചാൽ നിങ്ങളുടെ കോപം നിയന്ത്രിക്കാൻ കഴിയുമെന്ന് മേൽപ്പറഞ്ഞ വാക്യങ്ങളെല്ലാം തെളിയിക്കുന്നു.  അതുകൊണ്ട്  "എനിക്ക് പെട്ടന്ന് ദേഷ്യം വരും, നിയന്ത്രണം കിട്ടില്ല" എന്നൊന്നും ഒരു ഒഴികഴിവ് ആയിട്ടു പറഞ്ഞു രക്ഷപെടാം എന്ന് വിചാരം വേണ്ട. ബൈബിളിലെ ആദ്യത്തെ "കൗൺസിലിംഗ്" രംഗത്തിൽ, കർത്താവ് കയീനോട് ചോദിക്കുന്നു (ഉൽപ. 4:6), "നീ എന്തിനാണ് ദേഷ്യപ്പെടുന്നത്?"  ആ ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് കർത്താവ് ആശ്ചര്യപ്പെട്ടില്ല!  തന്റെ കോപത്തിന്റെ മൂലകാരണത്തെക്കുറിച്ച് കയീൻ തന്റെ ഹൃദയം പരിശോധിക്കണമെന്ന് അവൻ ആഗ്രഹിച്ചു.  എല്ലാ കോപത്തിന്റെയും മൂലകാരണം സ്വാർത്ഥതയാണ്: "എനിക്ക് എന്റെ ഇഷ്ടം നടപ്പിൽ വേണം" ," എനിക്ക് എന്റെ ആഗ്രഹ പ്രകാരം കിട്ടിയില്ല" എന്നുള്ള ഒരു രീതിയിൽ കുടുംബം മുന്നോട്ടു പോകില്ല. "കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്‌; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക" എന്ന് സങ്കീര്‍ത്തനങ്ങള്‍ 4 : 4 ൽ പറയുന്നു. നമുക്ക് ദേഷ്യം വരുമ്പോൾ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിരാശാജനകവും പരീക്ഷണാത്മകവുമായ എല്ലാ സാഹചര്യങ്ങളെയും ദൈവത്തിന്റെ പരമാധികാരത്തിന് നാം വിധേയമാക്കുമ്പോൾ കോപം നീങ്ങി പോകുന്നു. വിവാഹത്തിൽ, പങ്കാളിയെ കോപം അല്ലെങ്കിൽ മറ്റു വൈകാരിക തന്ത്രം ഉപയോഗിച്ച് ഇണകളെ ഭയപ്പെടുത്താനോ അല്ലെങ്കിൽ നിയന്ത്രിക്കാനോ ശ്രമിക്കുന്നത് ദൈവഹിതം അല്ല. അത് എല്ലായ്പ്പോഴും ബന്ധങ്ങളിൽ അകലം സൃഷ്ടിക്കുന്നു, അത് എല്ലായ്പ്പോഴും വിനാശകരമായ ഫലം ഉളവാക്കും.


3) കയ്പേറിയ ജീവിതവും ക്ഷമയുടെ അഭാവവും നിങ്ങളുടെ കുടുംബം  തകർക്കും.


"സകല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍." എന്ന് 

എഫേസോസ്‌ 4 : 31ൽ പൗലോസ് ശ്ലീഹാ ആജ്ഞാപിച്ചതിന് ശേഷം,

"ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍." എന്ന് 

എഫേസോസ്‌ 4 : 32 ൽ പൗലോസ് കൂട്ടിച്ചേർക്കുന്നു കയ്‌പ്പിനും കോപത്തിനുമുള്ള മറുമരുന്ന് ക്ഷമയാണ്.  വർഷങ്ങളായി, വിവാഹിതരായ ദമ്പതികൾ പോലും അന്യോന്യം തെറ്റ് ചെയ്യും അത് മനുഷ്യ സഹജം ആണ്. എന്നാൽ ദൈവത്തിന്റെ വഴിയിൽ അവർ ആ തെറ്റുകൾ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ, അത് സാവധാനം നീരസത്തിന്റെയും കയ്പിന്റെയും ഒരു വിഭജന മതിൽ പണിയുന്നു.

ആയതിനാൽ നിങ്ങളുടെ ഇണയുമായി അല്ലെങ്കിൽ മക്കളുമായി അല്ലെങ്കിൽ മാതാപിതാക്കളുമായി ഉള്ള ബന്ധത്തിൽ വിള്ളൽ വീഴിക്കുന്ന നിങ്ങളുടെ ചെയ്തികളുടെ ഒരു കണക്ക് നിങ്ങൾ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.  നിങ്ങൾക്ക് ദേഷ്യം വന്ന് അവരോട് ആക്രോശിച്ചാൽ പിന്നീട് ദേഷ്യം പോകുമ്പോൾ "ഞാൻ നിന്നോട്/നിങ്ങളോട് ആക്രോശിച്ചതിൽ ഖേദിക്കുന്നു, പക്ഷേ നിങ്ങളുടെ ശാഠ്യം എന്നെ ദേഷ്യം പിടിപ്പിക്കുന്നു!" എന്ന രീതിയിൽ എസ്ക്യൂസ്‌ പറയരുത്.  നിങ്ങളുടെ പാപത്തിന് അവരെ കുറ്റപ്പെടുത്തുക എന്നതാണ് അതിന്റെ ഉദ്ദേശം. "ഞാൻ നിങ്ങളോട് ആക്രോശിച്ചതിൽ ക്ഷമിക്കണം" എന്ന് പോലും നിങ്ങൾ പറയരുത്.  അത് ശരിയായിരിക്കാം, അവർ ക്ഷമിക്കുകയും ചെയ്യുമായിരിക്കും പക്ഷെ നിങ്ങൾക്ക് ഖേദമുണ്ടെന്ന് പറയുന്നത് നിങ്ങൾക്ക്  എങ്ങനെ തോന്നുന്നുവെന്ന്ഉള്ള വികാരം മാത്രം പ്രകടിപ്പിക്കുന്നു, പക്ഷേ ആ വികാര പ്രകടനം നിങ്ങളുടെ പാപത്തിന്റെ ഉത്തരവാദിത്തം സ്വീകരിക്കുന്നില്ല. അത് വീണ്ടും ആവർത്തിക്കപെടുകയും ചെയ്യും. നിങ്ങളുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാർഗ്ഗം ഇങ്ങനെ പറയുക എന്നതാണ്, "എന്റെ പാപപൂർണമായ കോപത്തെക്കുറിച്ച് ദൈവം എന്നെ ബോധ്യപ്പെടുത്തി, ഞാൻ അവനോട് ക്ഷമ ചോദിച്ചു കുമ്പസാരിക്കുവാൻ ആഗ്രഹിക്കുന്നു. ആ പാപത്തെ മറികടക്കാൻ ഞാൻ പരമാവധി പ്രവർത്തിക്കാൻ ശ്രമിക്കും.  ഞാൻ നിങ്ങളോട് ചോദിക്കുകയാണ്, ‘നിങ്ങളും എന്നോട് ക്ഷമിക്കുമോ?’” ക്രിസ്ത്യാനികൾ എന്ന നിലയിൽ, ക്ഷമ ചോദിക്കുന്ന ഒരാളോട് ക്ഷമിക്കാതിരിക്കാനുള്ള ഓപ്ഷൻ നമ്മൾക്കില്ല (മത്താ. 6:14-15; 18:21-35).  "ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു" എന്ന് അവർ പറയുന്നതിലൂടെ കുടുംബബന്ധം പുനഃസ്ഥാപിക്കാൻ കഴിയും.

4) ലൈംഗിക അധാർമികത (ചിന്തയുടെ തലത്തിൽ നിന്നും ആരംഭിക്കുന്നത് പോലും ) നിങ്ങളുടെ ദാമ്പത്യത്തെ തകർക്കും.


ഞാൻ ഊന്നിപ്പറയുന്നു, ചിന്തയുടെ തലത്തിൽ നിന്ന് മുതൽ വ്യഭിചാരം ആരംഭിക്കുന്നു, കാരണം എല്ലാ അധാർമികതയും ആരംഭിക്കുന്നത് ഹൃദയത്തിലാണ് (മർക്കോസ് 7:21-23; മത്താ. 5:27-28).  ഇതിനർത്ഥം, സുഹൃത്തുക്കളേ, നിങ്ങളുടെ ഇണ ഒഴികെയുള്ള വ്യക്തികളെ നിങ്ങൾ രഹസ്യമായി മോഹിക്കുകയാണെങ്കിലോ അശ്ലീലം (pronography) കാണുകയാണെങ്കിലോ, നിങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ/ കുടുംബജീവിതത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ മാനസികവും ശാരീരികവും ആത്മീയവും ആയ അധാർമികതയിലേക്ക് നയിക്കുന്ന വഴുവഴുപ്പിലാണ്.  കൂടുതൽ ഗൗരവമായി, നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഈ മോഹം ഇല്ലാതാക്കാൻ നിങ്ങൾ സമൂലമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ (കണ്ണ് പറിച്ചെടുക്കുക, കൈ വെട്ടുക) നിങ്ങൾ നരകത്തിലേക്കാണ് പോകുന്നതെന്ന് യേശു പറഞ്ഞു (മത്താ. 5:29-30  )!  ഞാൻ അത് അത്ര ശക്തമായി പറയുമായിരുന്നില്ല, പക്ഷേ യേശു അത് വ്യക്തമായി കല്പിച്ചതിനാൽ ഒഴിവ് കിഴിവ് ഇല്ലല്ലോ.

ക്രിസ്ത്യൻ പണ്ഡിതന്മാർ വ്യത്യസ്തരാണെങ്കിലും, എന്റെ ധാരണ (മത്താ. 5:31-32; 19:3-9) വിവാഹത്തിന് പുറത്തുള്ള ശാരീരിക ലൈംഗിക അധാർമികതയുടെ കാര്യങ്ങളിൽ (ചില ഉപദേഷ്ടാക്കൾ വാദിക്കുന്നതുപോലെ ഉള്ള മാനസിക വ്യഭിചാര കേസുകളിലല്ല) ദൈവം വിവാഹമോചനം അനുവദിക്കുന്നു.  .  പക്ഷേ, ദൈവത്തിന്റെ ഏറ്റവും മികച്ച ലക്ഷ്യം എന്നത് എപ്പോഴും ക്ഷമയും ദാമ്പത്യത്തിന്റെ പുനഃസ്ഥാപനവുമാണ്.  പഴയ നിയമത്തിൽ, ദൈവം പലപ്പോഴും തന്റെ ജനമായ ഇസ്രായേലിനെ തനിക്കെതിരെ ആത്മീയ വ്യഭിചാരം ആരോപിക്കുന്നു.  എന്നാൽ അവർ പശ്ചാത്തപിച്ച് അവനിലേക്ക് മടങ്ങുകയാണെങ്കിൽ അവൻ വീണ്ടും വീണ്ടും ക്ഷമ വാഗ്ദാനം ചെയ്യുന്നു.  ആവർത്തിച്ചുള്ള വ്യഭിചാരത്തിനു ശേഷം മാത്രമേ അവൻ അവരെ വിവാഹമോചനം ചെയ്യുകയുള്ളൂ (ജറെ. 3:6-10).  വിവാഹത്തിന്റെ ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതിനാൽ, വിവാഹബന്ധം അവസാനിപ്പിക്കുന്നതിനേക്കാൾ ക്ഷമയും വിവാഹബന്ധം പുനഃസ്ഥാപിക്കലും ദൈവത്തിന് മഹത്വം കൈവരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.  ഇത് ഒരിക്കലും എളുപ്പമല്ല, സമയമെടുക്കും, പക്ഷേ അത് ദൈവത്തിന്റെ ഏറ്റവും മികച്ച ലക്ഷ്യം ആണ്. ഹോസായ പ്രവാചകന്റെ ഭാര്യ വ്യഭിചാരം ചെയ്തപ്പോൾ അവളെ ഉപേക്ഷിച്ചു കളയുവാൻ അല്ല വീണ്ടെടുക്കാൻ ആണ് ദൈവം കല്പിച്ചത്. അതുകൊണ്ട് ദൈവത്തിന്റെ പരമമായ ലക്ഷ്യം പാപക്ഷമയും വീണ്ടെടുപ്പും ആണ്.

5) മദ്യവും മയക്കുമരുന്നും ദുരുപയോഗം ചെയ്യുന്നത് നിങ്ങളുടെ ദാമ്പത്യത്തെയും കുടുംബജീവിതത്തെയും തകർക്കും.

മദ്യപാനവും മയക്കുമരുന്ന് ദുരുപയോഗവും മൂലം അനേകം ക്രിസ്ത്യൻ ഭവനങ്ങൾ തകരുന്നത് ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് 400 ൽ പരം ആളുകളുടെ substance addiction നിർത്താൻ തക്ക വിധത്തിൽ ശുശ്രൂക്ഷ ചെയ്യാൻ എനിക്കു ദൈവം ശക്തി നൽകിയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. മദ്യപാനവും മയക്കുമരുന്നിന് അടിമത്വവും രോഗങ്ങളാണെന്ന് പലരും വാദിക്കുന്നു. എന്നാൽ അത് പൂർണ്ണമായും ശരിയാകുവാൻ ഈ രോഗം പാപം മൂലം ആണ് ഉളവായത് എന്നുള്ളത് കൂടി കൂട്ടി ചേർക്കണം. Substance ദുരുപയോഗത്തിന്റെ ആത്മീയ വശം ഉൾപ്പെടെ രണ്ട് രൂപങ്ങളും പാപങ്ങളാണ്, എന്നാൽ അവയ്‌ക്ക് ഒരു ശാരീരിക- മാനസിക വശമുണ്ട്.  ആ വശം ആണ് ഇത് ഒരു രോഗം ആണ് എന്നുള്ള സത്യം അംഗീകരിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. ഒരു വ്യക്തി ഒരു പദാർത്ഥത്തിന് അടിമയായിക്കഴിഞ്ഞാൽ, അവന്റെ ശരീരം അതിനോട് ആസക്തി കാണിക്കുന്നു, ആ പദാർത്ഥം ലഭിക്കാൻ അവൻ പലപ്പോഴും കള്ളം പറയുകയോ മോഷ്ടിക്കുകയോ മോശമായി പറയുകയോ ചെയ്യും.  മദ്യവും മയക്കുമരുന്ന് ദുരുപയോഗവും പാപമാണെന്ന് നിഷേധിക്കുന്നത് തെറ്റാണ്, കാരണം അത് അയാളുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് വ്യക്തിയെ ഒഴിവാക്കുന്നു.  എന്നാൽ ആദ്യത്തെ പാനീയമോ മയക്കു മരുന്നിന്റെ ആദ്യ ഉപയോഗിമോ തിരഞ്ഞെടുക്കാതെ ആരും ഒരിക്കലും മദ്യത്തിനോ മയക്കുമരുന്നുകൾക്കോ ​​അടിമപ്പെട്ടില്ല.  മദ്യപാനത്തെ ജഡത്തിന്റെ പാപകരമായ പ്രവൃത്തിയായി ബൈബിൾ കുറ്റം വിധിക്കുന്നു (ഗലാ. 5:21).  പാപത്തിന്റെ മേൽ ദൈവം തന്റെ ജനത്തിന് വിജയം നൽകാനുള്ള വീണ്ടെടുപ്പിന്റെ ശുശ്രൂക്ഷയിൽ ആണ്. കാരണം, അത് പാപമാണെന്ന് അംഗീകരിക്കുന്നത് വഴി മാത്രം ആണ് അതിൽ നിന്നുള്ള വിടുതലിന്റെ ആദ്യപടി ഒരുവൻ ചവിട്ടി കയറുകയുള്ളു.

മിതമായ അളവിൽ മദ്യം കുടിക്കാൻ ബൈബിൾ അനുവദിക്കുന്നുണ്ടെന്ന ചിലരുടെ വാദം അപകടകരമാണ്.  സമ്മർദ്ദം ഒഴിവാക്കാനോ നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനോ നിങ്ങൾ മദ്യത്തിലേക്ക് തിരിയുകയാണെങ്കിൽ, നിങ്ങൾ പാപം ചെയ്യുന്നു, കാരണം നിങ്ങൾ ഈ കാര്യങ്ങൾക്കായി കർത്താവിനെ വിശ്വസിക്കുന്നില്ല.  മദ്യത്തിലേക്കോ മയക്കുമരുന്നിലേക്കോ തിരിയുന്നത് നിങ്ങളുടെ ദാമ്പത്യത്തെയും കുടുംബ ജീവിതത്തെയും തകർക്കുന്ന പാപമാണ്.

6. സ്വാർത്ഥത നിങ്ങളുടെ കുടുംബം തകർക്കും

ഞാൻ മുൻപ് പറഞ്ഞത് പോലെ സ്വാർത്ഥതയാണ് ദേഷ്യത്തിന്റെ മൂലകാരണം.

സ്വാർത്ഥത പല രൂപങ്ങൾ സ്വീകരിക്കുന്നു.    ഒരു സ്വാർത്ഥനായ ഭർത്താവ് താൻ ശരിയാണെന്ന് ശഠിക്കുന്നു, അവൻ മറ്റേതെങ്കിലും വീക്ഷണങ്ങൾ കേൾക്കുകയോ വഴങ്ങുകയോ ചെയ്യില്ല.  അവൻ തന്റെ ഭാര്യയുടെ ആവശ്യങ്ങളെക്കുറിച്ചോ അവൾക്ക് എങ്ങനെ തോന്നാം എന്നതിനെക്കുറിച്ചോ ചിന്തിക്കുന്നില്ല, മറിച്ച് അവന്റെ ആവശ്യങ്ങളെക്കുറിച്ചും അയാൾക്ക് എങ്ങനെ തോന്നുന്നുവെന്നും മാത്രം ചിന്തിക്കുന്നു.  അവൻ തനിക്കായി ആഗ്രഹിക്കുന്നതെന്തും വാങ്ങും, എന്നാൽ അതേ പദവി ഭാര്യക്ക് നിഷേധിക്കുന്നു.  അയാൾക്ക് ഇഷ്ടമുള്ളപ്പോൾ അവൻ തന്റെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും, എന്നാൽ തന്റെ ഭാര്യയെ അവളുടെ സുഹൃത്തുക്കളുമായോ അവളുടെ പിതൃഭവനവുമായോ സമയം ചെലവഴിക്കാൻ അനുവദിക്കില്ല, കാരണം അവന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം ആയി അവൾ ലഭ്യമാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. ഇത് തിരിച്ചും സംഭവിക്കുന്നു. ഭാര്യ കേമി ആകുമ്പോൾ മേല്പറഞ്ഞ തിക്താനുഭവങ്ങൾ പോലുള്ള പ്രയാസങ്ങൾ ഭർത്താവും അനുഭവിക്കേണ്ടി വരുന്നുണ്ട്.

മാർട്ടിൻ ലോയ്ഡ് ജോൺസ് എന്ന ക്രിസ്ത്യൻ ഫാമിലി കൗൺസിലിർ തന്റെ Life in the Spirit, in Marriage, Home & Work [Baker], p. 211) ൽ പറയുന്നു,  "ആത്യന്തികമായി, ദാമ്പത്യത്തിൽ എല്ലായ്‌പ്പോഴും പരാജയത്തിന്റെ യഥാർത്ഥ കാരണം,   'ഞാൻ' എന്ന ഭാവം തന്നെയാണ്, ഒപ്പം സ്വയത്തിന്റെ വിവിധ പ്രകടനങ്ങളും. തീർച്ചയായും അത് എല്ലായിടത്തും എല്ലാ മേഖലകളിലും കുഴപ്പങ്ങൾക്ക് കാരണമാകുന്നു.  സ്വയവും  സ്വാർത്ഥതയുമാണ് ലോകത്തിലെ ഏറ്റവും വലിയ വിഘടിപ്പിക്കുന്ന ശക്തികൾ."

 തന്നെ അനുഗമിക്കണമെങ്കിൽ നാം സ്വയം ത്യജിക്കുകയും അതിനെ അനുദിനം മരണത്തിന് വിധേയമാക്കുകയും ചെയ്യണമെന്ന് യേശു പറഞ്ഞു (ലൂക്കോസ് 9:23): "അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌്‌ അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ."

രണ്ടാമത്തെ ഏറ്റവും വലിയ കൽപ്പന (മത്താ. 22:39) ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ എന്റെ അയൽക്കാരനെ സ്നേഹിക്കുന്നു എന്നതാണ്.  ഒരു ഭർത്താവിന്റെ  ഏറ്റവും അടുത്ത "അയൽവാസി" അയാളുടെ ഭാര്യ, മക്കൾ തുടങ്ങി സ്വന്തം കുടുംബം തന്നെ ആണ്.  അവരെ സ്നേഹിക്കാൻ എല്ലാ ദിവസവും  അയാൾ തന്റെ സ്വാർത്ഥതയെ  കൊല്ലേണ്ടതുണ്ട്.

7) സഹകരണത്തിന് പകരം മത്സരം നിങ്ങളുടെ കുടുംബം തകർക്കും.

പല ക്രിസ്ത്യൻ കുടുംബങ്ങളിലും തങ്ങളുടെ  ആധിപത്യത്തിനും അധികാരത്തിനും വേണ്ടി ചില അംഗങ്ങൾ മത്സരിക്കുന്നു.  അവർ മൂർച്ചയുള്ള വാക്കുകളാലോ, ആശയം കൈമാറുന്ന രീതിയിലോ, മറ്റുള്ളവരെ താഴ്ത്താൻ ശ്രമിക്കുന്ന നർമ്മം ഉപയോഗിക്കുമ്പോഴോ ഇത്തരം  മത്സരം ഉടലെടുക്കുന്നു.  ഒരു ഫാമിലി കൗൺസിലിംഗ് നടക്കുകയാണെങ്കിൽ ഈ കാര്യം ചോദിക്കുമ്പോൾ അവർ പ്രതിഷേധിക്കും, "ഞങ്ങൾ തമാശ പറയുകയാണ് അത് പോലും മറ്റുള്ളവർ സീരിയസ് ആയിട്ട് കാണുന്നു, അത് എന്റെ കുഴപ്പമൽ അവരുടെ പ്രശ്നം ആണ് "  എന്നെല്ലാം അവർ അഭിപ്രായം പറയും. എന്നാൽ കുടുംബത്തിലായാലും സഭയിലായാലും  നമ്മൾ പരസ്പരം അംഗങ്ങളാണെന്നും പരസ്പരം കെട്ടിപ്പടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.  ആ ലക്ഷ്യത്തിന് എതിരാണ് പരസ്പരം ഉള്ള മത്സരം. (എഫേ. 5:28-30) ൽ പഠിപ്പിക്കും പോലെ നിങ്ങളുടെ ഭുജം ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കെതിരെ മത്സരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു വലിയ പ്രശ്നമുണ്ട്.  നിങ്ങളുടെ ശരീരത്തിലെ അംഗങ്ങളുടെ അവരുടെ പൊതുനന്മയ്ക്കായി നിങ്ങൾ സഹകരിക്കണം, മത്സരിക്കരുത്.

8) സാമ്പത്തിക ഉത്തരവാദിത്തമില്ലായ്മ നിങ്ങളുടെ കുടുംബം തകർക്കും.

പണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിന്റെ പ്രധാന കാരണമെന്ന് ഞാൻ വായിച്ചിട്ടുണ്ട്.  സ്ത്രീധനം നമ്മുടെ സഭയിൽ 'പിതൃസ്വത്ത് അവകാശം' എന്ന പേരിൽ നടപ്പിൽ ഉണ്ട്. പള്ളിക്കമ്മിറ്റി ഇത് പ്രോത്സാഹനം കൊടുക്കും കാരണം 'പസാരം' എന്ന പേരിൽ പിതൃസ്വത്ത് ആയി വാങ്ങുന്ന സ്ത്രീധനത്തിന്റെ ഒരു അംശം പള്ളിയ്ക്ക് ഉള്ളത് ആണ്. ദൈവത്തിന്റെ നീതിയ്ക്ക് ഇത് എതിരാണ്, ഈ പാരമ്പര്യം ഒഴിവാക്കേണ്ടത് തന്നെയാണ്. യഥാർത്ഥത്തിൽ ബൈബിൾ പറയുന്ന സ്ത്രീധനം എന്നത്, പുരുഷൻ സ്ത്രീയുടെ പിതാവിന് കൊടുക്കുന്ന ധനം ആണ്. അത് നടപ്പിൽ വന്നാൽ ഇവിടെ ഉള്ള പുരുഷ പ്രജകൾ സമ്മതിക്കുമോ, അവർക്ക് അത് വലിയ സങ്കടം ഉളവാക്കും ഇതേ പോലെ തന്നെ ആണ് തിരിച്ചും.

ചിലപ്പോൾ ഭർത്താവ് തന്റെ  വരുമാനം സ്വന്തം രീതിയിൽ ചിലവാക്കും, വരുമാനമുള്ള ഭാര്യ അത് ഭർത്താവിനെ ഏൽപ്പിക്കും. ഇതും വൈരുധ്യം ആണ്. ഇരുവരും സ്വന്തം നിലയിൽ ചിലവാക്കുന്നതും ശരിയല്ല. ഇവയൊക്കെ സ്വാർത്ഥത ഉളവാക്കുന്ന കാര്യം ആണ്. ഇരുവരും യോജിപ്പിൽ പ്ലാൻ ചെയ്തു വേണം പണം ചിലവാക്കാൻ. ഇരുവരുടെയും വരുമാനം കുടുംബ വരുമാനമാണ്. അത് എങ്ങനെ ചിലവഴിക്കണം എന്നുള്ളത് ഇരുവരും കൂടി ആലോചിച്ചു വേണം ചെയ്യാൻ. തങ്ങളുടെ വരുമാനം ഭർത്താക്കന്മാരെ  അറിയിക്കാതെ ചിലവഴിക്കുന്ന ഭാര്യമാരും അതുപോലെ ഭാര്യയെ അറിയിക്കാതെ ചിലവാക്കുന്ന ഭർത്താവും കുടുംബം തകർക്കുന്നതിൽ ആണ് പ്രവർത്തിക്കുന്നത്.

9) നിങ്ങളുടെ സമയം തെറ്റായി കൈകാര്യം ചെയ്യുന്നത് നിങ്ങളുടെ കുടുംബം തകർക്കും.

നാം ജ്ഞാനികളാണെങ്കിൽ, നമ്മുടെ സമയം പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൗലോസ് പഠിപ്പിക്കുന്നുണ്ട് എന്നാൽ നിങ്ങളുടെ കുടുംബത്തെ അവഗണിക്കുന്ന വർക്ക്ഹോളിക് കെണിയിൽ  നിങ്ങൾ വീഴുന്നത്  കുടുംബബന്ധം തകരാൻ കാരണം ആക്കുന്നു. നിങ്ങൾ ആരും ആയിക്കോളട്ടെ  ഒരു രാഷ്രീയ പ്രവർത്തകനോ, വ്യാപാരി വ്യവസായിയോ, ഒരു സർക്കാർ ഉന്നത ഉദ്യോഗസ്ഥനോ, ഗവേഷകനോ, ആതുരസേവകനോ, വൈദികനോ അല്ലെങ്കിൽ മറ്റു ഏതു മേഖലയിൽ ഉള്ള വ്യക്തിയോ ആയിക്കൊള്ളട്ടെ, നിങ്ങൾ നിങ്ങളുടെ കുടുംബവുമൊത്തു സമയം ചിലവഴിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് കുടുംബ തകർച്ചയ്ക്ക് കാരണം ആകുന്നു.

വെറുതെ വീട്ടിൽ ഉണ്ടായിരുന്നാൽ മാത്രം പോരാ, ഉള്ള സാഹചര്യം ബുദ്ധിപരമായ രീതിയിൽ വിനിയോഗിച്ച് കൊണ്ട് നിങ്ങളുടെ സാമീപ്യം കുടുംബത്തിനു സന്തോഷ കാരണം ആക്കി തീർക്കണം.

ഒരുമിച്ചു ഭക്ഷണം, പ്രാർത്ഥന, പള്ളിയിൽ പോക്ക്, സുവിശേഷം കേൾക്കാൻ ഒരുമിച്ചു ഇരിക്കുന്നത്, ഒരുമിച്ചു ഔട്ടിങ് നടത്തുന്നത്, ബന്ധുക്കളെ സന്ദർശിക്കുന്നത് എല്ലാം കുടുംബതോടൊപ്പം ആക്കി സമയം ചിലവഴിക്കുമ്പോൾ നിങ്ങളുടെ കുടുംബം ശക്തി പ്രാപിക്കുന്നു.

10) തെറ്റായ പ്രതീക്ഷകളും ലക്ഷ്യങ്ങളും നിങ്ങളുടെ കുടുംബത്തെ തകർക്കും.

പല ദമ്പതികളും അന്തമില്ലാത്ത പ്രതീക്ഷകളോടെയാണ് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്.  ഒരു പുരുഷന്റെ പ്രതീക്ഷ ചിലപ്പോൾ അവന്റെ ഭാര്യ വീട്ടിലിരിക്കുക, വീട് സൂക്ഷിക്കുക, കുട്ടികളെ പരിപാലിക്കുക എന്നിവയാണെന്നിരിക്കട്ടെ. അയാളുടെ ഭാര്യയുടെ പ്രതീക്ഷ വിജയകരമായ ഒരു കരിയർ ആണ് എന്നും കരുതുക. അവിടെ സംഘർഷം ഉറപ്പാണ്.  ഒരു ഭാര്യ തന്റെ ഭർത്താവ് പണത്തിന്റെ കൂമ്പാരം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുകയും, അതുവഴി അവർക്ക് ലോകത്തിലേക്ക് ഉയരാനും നല്ല ജീവിതം ആസ്വദിക്കാനും കഴിയും എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. എന്നാൽ അവളുടെ പ്രതീക്ഷ തകർത്ത് കൊണ്ട് അയാൾ ലളിതമായി ജീവിക്കുകയും ദാനധർമ്മ സ്വഭാവം മൂലം പണം ചാരിറ്റി കാര്യങ്ങൾക്ക് നൽകുകയും ചെയ്‌താൽ അവളിൽ അത് ഒരു തകർച്ച ഉണ്ടാക്കുന്നു.

നിങ്ങളുടെ വിവാഹ ജീവിതം ബൈബിളിലെ ദൈവത്തിന്റെ ജീവവചന ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ളത് ആണ്. നിങ്ങളുടെ പ്രതീക്ഷകളെ കുറിച്ചു നിങ്ങൾ പരസ്പരം സംസാരിക്കുകയും അത് ദൈവഹിത പ്രകാരം ആക്കി തീർക്കുകയും ചെയ്യുക എന്നതാണ് പരിഹാരം.  ദാമ്പത്യ വിജയത്തേക്കാൾ കരിയറിലെ വിജയം ഒരു തെറ്റായ ലക്ഷ്യമാണ്.  വലുതും മനോഹരവുമായ വീട്, പുതിയതും വിലകൂടിയതുമായ വാഹനം, അല്ലെങ്കിൽ കൂടുതൽ സാധനങ്ങൾ ശേഖരിച്ച് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിച്ച് ജീവിക്കുന്നത് എല്ലാം തെറ്റായ ലക്ഷ്യമാണ്.  പൗലോസ് മുന്നറിയിപ്പ് നൽകുന്നു (1 തിമൊ. 6:7-10): "കാരണം, നാം ഈ ലോകത്തിലേക്ക്‌ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന്‌ ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.

ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട്‌ നമുക്കു തൃപ്‌തിപ്പെടാം.

ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,

ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌."

വിജാതീയർ അന്വേഷിക്കുന്ന പോലെ ലോകപരമായ കാര്യങ്ങളുടെ പുറകെ അന്വേഷിച്ച് നടക്കുന്നതിന് പകരം, നമ്മുടെ ലക്ഷ്യം എന്തായിരിക്കണമെന്ന് യേശു പ്രസ്താവിച്ചു (മത്താ. 6:33): "മുമ്പേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ, എന്നാൽ ഇവയെല്ലാം നിങ്ങൾക്കു ലഭിക്കും."  ടൈം മാനേജ്‌മെന്റ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നിവയുടെ കാര്യത്തിൽ അത് എങ്ങനെയായിരിക്കുമെന്ന് ഓരോ ദമ്പതികളും പരസ്പരം സംസാരിക്കുകയും പ്ലാൻ അനുസരിച്ചു പ്രവർത്തിക്കുകയും വേണം.  ഇത് ഒരിക്കൽ മാത്രം ആയുള്ള ഒരു ജീവിത ചർച്ചാ വിഷയം അല്ല. എല്ലാ കാര്യങ്ങളിലും ആദ്യം ദൈവരാജ്യവും നീതിയും അന്വേഷിക്കുന്നത് കുടുംബ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്തമായ അനുഭവം ആയി കാണപ്പെടും.  എന്നാൽ അത് ഓരോ ഘട്ടത്തിലും ദമ്പതികളുടെ പ്രധാന ലക്ഷ്യമായിരിക്കണം. അങ്ങനെ ഉള്ളവർ മാത്രം ആണ് യഥാർത്ഥ ക്രൈസ്തവ കുടുംബം എന്ന് വിളിക്കപ്പെടാൻ അർഹത നേടുള്ളു.

11) ലൗകികത നിങ്ങളുടെ കുടുംബത്തെ തകർക്കും.

കുടുംബജീവിതത്തിൽ ദൈവവചനത്തിന്റെ മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, വഴികൾ എന്നിവയ്‌ക്ക് വിരുദ്ധമായി ലോകത്തിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും വഴികളും സ്വീകരിക്കുക എന്നതാണ് ലൗകികത.  നിങ്ങൾ കുടുംബകാര്യങ്ങൾ ആത്മീആയി ശ്രദ്ധിക്കാത്തപ്പോൾ ലൗകികത നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ വിള്ളലുകളിലേക്ക് ഒഴുകി എത്തുന്നു. അതിനാൽ കുടുംബത്തെ സ്നേഹിക്കുന്നവർ അതിന്റെ ആത്‍മീയ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കൊടുക്കണം. ലോകം പറയുന്നു, "വിവാഹം നിങ്ങളെ സന്തോഷിപ്പിക്കാനുള്ളതാണ്.  നിങ്ങളുടെ വിവാഹം നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ, നിങ്ങൾ വിവാഹമോചനം നേടുകയും നിങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റൊരാളെ കണ്ടെത്തുകയും വേണം.  ദൈവം പറയുന്നു, "ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് എന്നെ മഹത്വപ്പെടുത്തുന്നതിനാണ് നിങ്ങളുടെ ആജീവനാന്ത വിവാഹം."

ലോകം പറയുന്നു, വിവാഹത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ റോളുകൾ വ്യക്തിപരമാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ കുടുംബത്തിലെ മറ്റു അംഗങ്ങൾക്ക്  ഇടപെടൽ അവകാശം ഇല്ല.  ബൈബിൾ പറയുന്നു: “ഭർത്താക്കന്മാർ സ്‌നേഹപൂർവകമായ നേതൃത്വം നൽകണം;  ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്ക് ആദരവോടെ കീഴടങ്ങണം.”  ലോകം പറയുന്നു, "നിങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളൂ!"  ബൈബിൾ പറയുന്നു, "മറ്റുള്ളവന്റെ ആവശ്യങ്ങളും താത്‌പര്യങ്ങളും നിങ്ങളുടേതിനെക്കാൾ മീതെ പരിഗണിക്കുക" (ഫിലി. 2:3-8).  ലോകം പറയുന്നു, “കൂടുതൽ സാധനങ്ങൾ ശേഖരിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും!”  യേശു പറഞ്ഞു (മത്താ. 16:26) "മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം?"

12) കർത്താവിൽ നിന്ന് അകന്നുപോകുന്നത് നിങ്ങളുടെ കുടുംബത്തെ തകർക്കും.

വിവാഹങ്ങളിൽ ഞാൻ പലപ്പോഴും പ്രസംഗിക്കുമ്പോൾ ചൂണ്ടിക്കാണിക്കുന്ന ഒരു തത്വമുണ്ട്. വിവാഹം ഒരു ത്രികോണം പോലെയാണ്, മുകളിൽ ദൈവവും ദമ്പതികൾ താഴത്തെ മൂലയിലും.  ദമ്പതികൾ രണ്ടുപേരും കർത്താവിനോട് അടുക്കുമ്പോൾ, അവർ പരസ്പരം കൂടുതൽ അടുക്കുന്നു.  അല്ലെങ്കിൽ, അവർ വിപരീത ദിശയിൽ പോയാൽ, അവർ പരസ്പരം കൂടുതൽ അകന്നു വളരുന്നു.  ഓരോ പങ്കാളിയും ആത്മാവിന്റെ ഫലത്തിൽ വളരുമ്പോൾ (ഗലാ. 5:22-23), അവർ പരസ്പരം കൂടുതൽ അടുക്കും, കാരണം ആ ഗുണങ്ങൾക്കെല്ലാം ആപേക്ഷികമായ ഒരു മാനമുണ്ട്: “സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ  , വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം.”  മറുവശത്ത്, അധാർമികത, കലഹം, അസൂയ, കോപം, മദ്യപാനം എന്നിവ ഉൾപ്പെടുന്ന ജഡത്തിന്റെ പ്രവൃത്തികൾ (ഗലാ. 5:19-21), അവ സ്നേഹബന്ധങ്ങളെ നശിപ്പിക്കുകയും  ചെയ്യുന്നു.  അതിനാൽ കർത്താവിനോടൊപ്പമുള്ള നിങ്ങളുടെ നടത്തം ഉറപ്പ് വരുത്തികൊണ്ടു ലോകം നിങ്ങള്ക്ക് എതിരെ ഒരുക്കുന്ന അപായങ്ങളെ സൂക്ഷിക്കുക!  ഈ അപകടങ്ങൾക്കെല്ലാം മറുമരുന്ന് ദൈവവചനത്തിൽ കാണാം എന്നത് കൊണ്ട് കുടുംബ ജീവിതത്തിൽ വേദപുസ്തക വായന, പഠനം തുടങ്ങി നല്ല ആത്മീയ പ്രവണതകൾക്കും സ്ഥാനം കൊടുക്കുക.

Second Point : ഈ ലൗകീക അപകടങ്ങൾ ഒഴിവാക്കാൻ ആവിശ്യമായ ജ്ഞാനം ദൈവവചനം നമുക്ക് നൽകുന്നു.

പൗലോസിന്റെ കൽപ്പനകൾ നമ്മെ ദൈവത്തിന്റെ ഹിതം അറിഞ്ഞു ജ്ഞാനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നു, "അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.

ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്‌. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.

ഭോഷന്‍മാരാകാതെ കര്‍ത്താവിന്റെ അ ഭീഷ്‌ടമെന്തെന്നു മനസ്‌സിലാക്കുവിന്‍"

(എഫേസോസ്‌ 5 : 15-17)

 നിങ്ങളുടെ കുടുംബം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ശ്രദ്ധാലുവായിരുന്നാൽ നിങ്ങളുടെ അതിനെ തകർക്കുന്ന അപകടങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. നാം എവിടെയാണ് അതിനുള്ള ജ്ഞാനം കണ്ടെത്തുക?  സദൃശവാക്യങ്ങൾ 2:6 പറയുന്നു, "എന്തെന്നാല്‍, കര്‍ത്താവ്‌ ജ്‌ഞാനം നല്‍കുന്നു;

അവിടുത്തെ വദനത്തില്‍നിന്ന്‌ അറിവുംവിവേകവും പുറപ്പെടുന്നു." നിങ്ങളും നിങ്ങളുടെ കുടുംബവും എല്ലാ കാര്യങ്ങളിലും അവനെ പ്രസാദിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതാണ് കർത്താവിന്റെ ഇഷ്ടം (1 കൊരി. 10:31; എഫെ. 5:10).  അവന്റെ വചനത്തിലൂടെ നിങ്ങൾ അവനെ നന്നായി അറിയുമ്പോൾ അവനെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ തക്ക വിധത്തിൽ നിങ്ങളുടെ കുടുംബം വളരണമെന്നുള്ളത് അവന്റെ ഇഷ്ടം ആണ് (മത്താ. 22:37).  ചിന്താ തലത്തിൽ നിന്ന് ആരംഭിച്ച് നിങ്ങളുടെ വിശുദ്ധിയാൽ നിങ്ങൾ അവനെ മഹത്വപ്പെടുത്തണമെന്നാണ് അവന്റെ ഇഷ്ടം (1 പത്രോസ് 1:15-16; മർക്കോസ് 7:7-23).  അവൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും മറ്റുള്ളവരോടുള്ള സ്‌നേഹത്തിൽ വളരണമെന്നാണ് അവന്റെ ഇഷ്ടം (എഫെ. 5:1-2; ഫിലി. 1:9).  മറ്റുള്ളവർ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോട് പെരുമാറണമെന്നാണ് അവന്റെ ഇഷ്ടം (മത്താ. 7:12).  നിങ്ങളുടെ വിവാഹവും കുടുംബ. ജീവിതവുമാണ് അവന്റെ ഇഷ്ടം പ്രദർശിപ്പിക്കാനുള്ള  നിങ്ങളുടെ മാധ്യമം.

ഉപസംഹാരം

ഏതാനും പ്രവർത്തന മാർഗങ്ങൾ ഇതാ:

▪️നിങ്ങൾ ദൈവവചനത്തിൽ സ്ഥിരമായി ഒരു നിശ്ചിത സമയം ചെലവഴിക്കുന്നില്ലെങ്കിൽ ഉടനെ തുടങ്ങുക.  ഒരു വർഷത്തിനുള്ളിൽ ബൈബിൾ ഒരു തവണ വായിക്കാൻ പറ്റുന്ന ഒരു പ്ലാൻ തയ്യാർ ആക്കുക.


▪️ അല്ലെങ്കിൽ, ഈ വർഷം പല തവണയായി പരമാവധി ബൈബിൾ വായിക്കുക.  നിങ്ങൾ വായിക്കുമ്പോൾ, ദൈവത്തെ നിങ്ങൾക്ക് വെളിപ്പെടുത്താനും നിങ്ങളുടെ കുടുംബത്തിൽ വചനം പ്രയോഗിക്കാൻ സഹായിക്കാനും ദൈവത്തോട് അപേക്ഷിക്കുക.


▪️നിങ്ങളുടെ ഇണയോടൊപ്പം ഇരുന്ന് മേല്പറഞ്ഞ ഈ പന്ത്രണ്ട് അപകടങ്ങളിലൂടെ നിങ്ങളുടെ ദാമ്പത്യത്തെ വിലയിരുത്തുക.  പന്ത്രണ്ടിൽ പന്ത്രണ്ടും സ്കോർ ചെയ്തില്ല എങ്കിൽ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള മേഖല തിരഞ്ഞെടുത്ത് അവിടെ നിന്ന് തിരുത്തൽ ആരംഭിക്കുക.  അങ്ങനെ ഓരോ മേഖലയിൽ സ്കോർ ചെയ്തു കൊണ്ട് ക്രിസ്തുവിൽ മുന്നേറുക.

▪️വിവാഹത്തിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ സന്തോഷമല്ല, മറിച്ച് ദൈവത്തിന്റെ മഹത്വമാണെന്ന് ഓർമ്മിക്കുക.

▪️വിവരവും വിദ്യാഭ്യാസവും, കുടുംബജീവിതത്തിൽ മാതൃകയും കാണിക്കുന്ന ഒരു നല്ല വൈദികനെ നിങ്ങൾക്ക് വഴികാട്ടി ആയിട്ട് തിരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ നന്നായിരിക്കും.

▪️തത്കാലം സിദ്ധന്മാരെയും, ധ്യാനഗുരുക്കളെയും, എന്നെ പോലുള്ള ദയറ പട്ടക്കരെയും എല്ലാം ഒഴിവാക്കി കുടുംബജീവിതത്തിൽ ഉപദേഷ്ടാവ് ആയി നല്ല കുടുംബം ഉള്ള വൈദികരെ മാത്രം തിരഞ്ഞെടുക്കുക.

കാപ്പിപ്പൊടി അച്ചൻ പറയുന്നത് പോലെ ഞങ്ങളുടെ റോൾ ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു റെഫറിയുടെ പോലെ ആണ്. മുകളിൽ പറഞ്ഞ പോലെ റൂൾസ്‌ എല്ലാം പറയാൻ അറിയാം പക്ഷെ  പ്രായോഗിക ജീവിത പരിജ്ഞാനം ഇല്ല. അതുകൊണ്ട് ശ്രേഷ്ഠ കുടുംബ ജീവിതം നയിക്കുന്ന ഒരു വിവാഹിത പട്ടക്കാരൻ നിങ്ങളുടെ ഫാമിലി കൗൺസിലർ ആയിരിക്കുന്നത് ആണ് ഉചിതം.

അവസാനമായി പറയട്ടെ, പരസ്പരം സ്നേഹിക്കുക, ഒരുമിച്ചു ഇരുന്നു പ്രാർത്ഥിക്കുക, ഭക്ഷണം കഴിക്കുക.

ദൈവം അനുഗ്രഹിക്കട്ടെ.....

അഭിപ്രായങ്ങള്‍